scorecardresearch

ചൈന എന്തുകൊണ്ട് ജെയ്ഷ്-ഇ-മുഹമ്മദിനെ സംരക്ഷിക്കുന്നു?

അസറിനെ ആഗോളതലത്തിൽ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ തീരുമാനം നടപ്പിലാകാത്തത്, ബെയ്‌ജിങ് ആ തീരുമാനത്തിനോടൊത്തു പോകാൻ വിമുഖത കാണിക്കുന്നതുകൊണ്ടാണ്

masood azhar, masood azhar pulwama, pulwama terror attack, pulwama attack azhar, jem masood azhar, jem azhar listing, global terrorist masood azhar, mea, mea india

ജമ്മു കശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14-ന് 40 ഇന്ത്യൻ ജവാന്മാർ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ആ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ജെയ്ഷെ മുഹമ്മദ് എന്ന സംഘടന ഇന്ത്യയിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നുണ്ട്, എന്നാൽ അവരുടെ തലവനായ മൗലാന മസൂദ് അസർ രാജ്യാന്തര ഉപരോധത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ്.

അതിന്റെ കാരണം ചൈനയാണ്. അസറിനെ ആഗോളതലത്തിൽ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ തീരുമാനം നടപ്പിലാകാത്തത്, ബെയ്‌ജിങ് ആ തീരുമാനത്തിനോടൊത്തു പോകാൻ വിമുഖത കാണിക്കുന്നതുകൊണ്ടാണ്. യുഎൻ സുരക്ഷാ കൗൺസിലിന്റെ തീരുമാനപ്രകാരം ഭീകരവാദികളെയും ഭീകരവാദ സംഘടനകളെയും പ്രതിരോധിക്കാൻ ഒരു ഉപരോധം നിർദേശിക്കുന്നുണ്ട്. പത്താൻകോട്ട് ആക്രമണത്തിന് ശേഷം 2016 ഫെബ്രുവരി മാസം, അസറിനെ യുഎൻ ഭീകരവാദ നിയമപ്രകാരം ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന നാല് തവണയാണ് എതിർത്തത്, ഏറ്റവും ഒടുവിൽ 2017 ജനുവരി മാസത്തിലായിരുന്നു.

ചൈന എന്തുകൊണ്ടാണ് അസറിനെ സംരക്ഷിക്കുന്നത്, പാക്കിസ്ഥാന്റെ നിർദേശപ്രകാരം രാജ്യാന്തര പൊതുസമ്മതിക്ക് തടസം നിൽക്കുകയാണോ? ചൈനയുടെ പൊതുവായുള്ള നിലപാട് ഭീകരവാദത്തിന് എതിരെയുള്ള യുഎന്നിന്റെ 1267 നിയമത്തിന് ഒപ്പം നിൽക്കുമെന്നതാണ്. എന്നാൽ ചൈനയുടെ ശരിക്കുമുള്ള കാരണങ്ങൾ ശ്രേഷ്ഠമായ ലക്ഷ്യങ്ങളിൽ നിന്നും ഒരുപാടകലെയാണ്. ദക്ഷിണ ഏഷ്യയിലെ തങ്ങളുടെ സഖ്യ കക്ഷിയെ സംരക്ഷിക്കുക, ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) മുഖാന്തിരമുള്ള വ്യവസായ താൽപര്യങ്ങൾ നിലനിർത്തുക, അതോടൊപ്പം തന്നെ ചൈനയുടെ ഏഷ്യൻ പ്രതിയോഗിയായ ഇന്ത്യയുടെ കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കാനും, യുഎസ് പോലെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു സൂചന നല്‍കുക എന്നതുമാണ് ചൈനയുടെ യഥാർത്ഥ ലക്ഷ്യം.

ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) എങ്ങനെയാണ് പ്രാധാന്യമുള്ളത് ആകുന്നത്?

റോഡ്, റെയിൽ, കടൽ മാർഗമുള്ള ഗതാഗതം വഴി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധപ്പെടുത്തിയുള്ള ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) എന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഏറ്റവും പ്രിയപ്പെട്ട പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമാണ് CPEC (China Pakistan Economic Corridor). പാക്കിസ്ഥാൻ ഇറാൻ അതിർത്തിക്ക് സമീപം, അറബിക്കടലിലെ ഗ്വാഡർ ആഴക്കടൽ തുറമുഖത്തെയും, ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലെ കശ്‍ഗറിനെയും ബന്ധിച്ചു പാക്കിസ്ഥാനിൽ ഉടനീളം വ്യാപിച്ചു കിടക്കുന്നതാണ് CPEC. നാൽപത്തഞ്ചോളം വരുന്ന CPEC പ്രോജക്ടുകളിലായി ചൈനയിലെ നിരവധി കമ്പനികൾ നാൽപതു ബില്യൺ രൂപ മുടക്കിയിട്ടുണ്ട്, അവയിൽ പകുതിയോളം പൂർത്തിയാകാറുമായി. ചൈന ഈ മുതൽമുടക്കിനെ എന്ത് കൊടുത്തും സംരക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ്. ഗ്വാഡർ വഴി കടലിലേക്ക് തുറക്കുന്ന പാത കാരണം, ചൈന സ്ഥിരമായി ഉപയോഗിക്കുന്ന മലാക്ക കടലിടുക്ക് വഴി, ഇന്ത്യയെ ചുറ്റി, ഹോർമുസ്‌ കടലിടുക്കിലൂടെ എണ്ണ ഷിപ്പ് ചെയുന്ന പാതകളിലേക്ക് എത്തിച്ചേരാൻ എടുക്കുന്ന നീണ്ട യാത്ര ഒഴിവാക്കാം.

ഇസ്‌ലാമാബാദുമായിട്ടുള്ള നല്ല ബന്ധവും, പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെ പ്രതിനിധിയായ ജെയ്ഷെയെപ്പോലുള്ള സംഘടനകൾക്ക് സംരക്ഷണം നൽകുന്നതുവഴി CPEC ഘടനകൾക്കും അതിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥർക്കും ഭീകര ആക്രമണങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കും. ചൈനയുടെ കിഴക്കൻ മേഖലയായ ഷിൻജിയാങിലെ മുസ്‌ലിം ന്യൂനപക്ഷമായ വീഗുറിനോട് കാണിക്കുന്ന അനീതിക്ക് എതിരായി ബലോച് വിഘടനവാദികളും പാകിസ്ഥാനിലെ താലിബാൻ ഭീകരസംഘടനയും CPEC-യെ ലക്ഷ്യം വച്ചിട്ടുണ്ട്. CPEC-യുടെ സുരക്ഷയെ കുറിച്ചു പാക്കിസ്ഥാൻ ചൈനയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. 2015-ൽ തദ്ദേശ പൊലീസിന്റെ സഹായം കൂടാതെ, മേജർ-ജനറൽ പദവിയിലുള്ള ഓഫീസറുടെ കീഴിൽ സൈന്യത്തിൽ നിന്നും, അർധ സൈനിക വിഭാഗത്തിൽ നിന്നുമായി ഇരുപതിനായിരത്തോളം വരുന്ന പ്രത്യേക വിഭാഗത്തെയും CPEC-യുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും

സുരക്ഷ നൽകിയിട്ടുണ്ടെങ്കിൽ പിന്നെ ചൈന എന്തുകൊണ്ട് അസറിനെപറ്റിയുള്ള നിലപാട് മാറ്റുന്നില്ല?

അഫ്‌ഗാൻ താലിബാനുമായി, അവരുടെ മുൻഗാമികളുടെ കാലഘട്ടം (1970കൾ) മുതൽ ചൈനയ്ക്ക്  ധാരണയുണ്ടെന്നു, ജെഎൻയു ഇന്റർനാഷണൽ സ്റ്റഡീസിലെ, കിഴക്കൻ ഏഷ്യൻ പഠനവിഭാഗത്തിലെ പ്രൊഫസർ ശ്രീകാന്ത് കൊണ്ടപ്പള്ളി അഭിപ്രായപ്പെടുന്നു. മുജാഹിദീനുകളെ സോവിയേറ്റിനു എതിരെ പരിശീലിപ്പിച്ചത് ചൈനയാണ്. അതേത്തുടർന്ന് താലിബാനുമായി (നേരത്തെ മുജാഹിദീനിലെ നേതാക്കന്മാരായ ഒമർ മുല്ല ഉൾപ്പെട്ട) സ്വീകരിച്ച നിലപാട് ഇപ്രകാരമാണ്, ‘ഷിൻജിയാങ്ങിലെ മുസ്‌ലിമുകളെ താലിബാൻ പിന്തുണയ്ക്കാത്തിടത്തോളം, ചൈന താലിബാനേയും ഉപദ്രവിക്കില്ല’. ‘വീഗുറുകളെ പരിശീലിപ്പിക്കാതിരുന്നാൽ ഞങ്ങൾ ഇടപെടില്ല’ എന്ന നിലപാട് ഇപ്പോഴും നിലനിൽക്കുന്നെന്നു പ്രൊഫസർ ശ്രീകാന്ത് പറയുന്നു.

ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ്, ഷിൻജിയാങ് സ്‌ഫോടനത്തിനു കാരണക്കാരൻ എന്ന് ആരോപിക്കപ്പെട്ട ഇസ്‌ലാമിസ്റ് വീഗുർ ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്‌ലാമിക് മൂവ്മെന്റിന്റെ നേതാവ് പാക്കിസ്ഥാനിലേക്ക് കടന്നിട്ടുണ്ടെന്നറിഞ്ഞപ്പോൾ, പാക്കിസ്ഥാൻ അയാളെ തടവിലാക്കി ബെയ്‌ജിങ്ങിന് കൈമാറി. “ഇത് ഇന്ത്യയിൽ പ്രതികളായ ഭീകരവാദികളെ പാക്കിസ്ഥാൻ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു ലഭിച്ച മറുപടിയുമായി താരതമ്യം ചെയ്തു നോക്കൂ. വിശാലമായി വീക്ഷിച്ചാൽ ഇതാണ് അവസ്ഥ.” പ്രൊഫസർ ശ്രീകാന്ത് പറഞ്ഞു.

അസറിന്റെ കാര്യത്തിൽ, അദ്ദേഹത്തെ ഭീകരവാദിയായി പ്രഖ്യാപിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലായെന്നാണ് ചൈനയുടെ നിലപാട്, ബാക്കിയുള്ള  സുരക്ഷ കൗണ്‍സില്‍ അംഗങ്ങളുടെ നിലപാട് മറിച്ചാണെങ്കിലും. “ഇത്തരം സംഘടനകളുമായി ചൈനയ്ക്കുള്ളൊരു ധാരണയുടെ ഭാഗമായിട്ടാണ് ഈ  വ്യത്യസ്തമായ നിലപാട് ചൈന സ്വീകരിക്കുന്നത്. നിങ്ങൾ എന്നെ ശല്യപ്പെടുത്താത്തിടത്തോളം ഞാൻ നിങ്ങളെ ശിക്ഷിക്കില്ല. നിങ്ങൾ നിങ്ങളുടെ രാജ്യാന്തര അടിത്തറ വികസിപ്പിക്കുകയാണെങ്കിൽ അത് ഞങ്ങളുടെ ചിലവിൽ ആകരുത്. ഇതാണ് ചൈനയുടെ നയം” പ്രൊഫസർ ശ്രീകാന്ത് പറയുന്നു.

അതുപോലെതന്നെ, പാക്കിസ്ഥാനിലെ തെരുവുകളിൽ ചൈനയ്ക്ക് ശക്തമായ ജനപ്രീതിയുണ്ട്. ഇന്ത്യയെ അനുകൂലിക്കുന്നവരുടെ 33 ശതമാനവുമായി താരതമ്യം ചെയ്താൽ ചൈനയെ അനുകൂലിക്കുന്നത് 88 ശതമാനം ആളുകളാണ്. അസറിനെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ആവർത്തിക്കുന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനിലെ ഇത്രയും വലിയ ഭൂരിപക്ഷത്തെ കണ്ടില്ലെന്നുവയ്ക്കാൻ ബെയ്‌ജിങ്ങിന് ആകില്ല. 2002-ൽ അമേരിക്കൻ പത്രപ്രവർത്തകൻ ഡാനിയേൽ പേർളിന്റെ  പാക്കിസ്ഥാനിലെ കൊലപാതകവും, 2011-ൽ യുഎസ് സ്പെഷ്യൽ ഫോഴ്‌സെസ് ഒസാമ ലാദനെ കൊലപ്പെടുത്തിയതും, പാക്കിസ്ഥാൻ അമേരിക്കൻ ബന്ധത്തെ ബാധിച്ചിട്ടുണ്ടെന്നു ചൈനയ്ക്ക് അറിയാമെന്നു, വിദഗ്‌ധർ പറയുന്നു.

ഒരു പ്രതിയോഗി എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് ചൈനയുടെ നിലപാടുമായി ബന്ധമുണ്ടോ?

അതെ. BRI-യുമായി സഹകരിക്കാൻ വിസമ്മതം പ്രകടിപ്പിച്ച വളരെ ചുരുക്കം സാമ്പത്തിക അതികായരിൽ ഒരാൾ ഇന്ത്യയാണ്. പാക് അധിനിവേശ കശ്മീർ വഴി CPEC കടന്നുപോകുന്നതാണ് ന്യൂഡൽഹിയുടെ ഭാഗത്തുനിന്നും എതിർപ്പുണ്ടാകാനുള്ള പ്രധാന കാരണം. കൂടാതെ ഇന്ത്യയെ ഒരു പ്രതിയോഗിയായി ചൈന കാണുന്നത് കാരണം, അസറിനെപോലെയുള്ള വിഷയങ്ങൾ ന്യൂഡൽഹിയെ ദക്ഷിണേഷ്യയിൽ കെട്ടിയിടാൻ ആണ് ബെയ്‌ജിങ്‌ ആലോചിക്കുന്നത്. യുഎൻ ഭീകരവിരുദ്ധ നയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ചും, ന്യൂക്ലിയർ സപ്പ്ളൈയേർസ് ഗ്രൂപ്പിലേക്ക് ഇന്ത്യയുടെ വരവ് തടയാൻ  പാക്കിസ്ഥാനോടൊപ്പം കൂടുകയും ചെയ്ത് ചൈന ഇന്ത്യയ്ക്ക് ഇച്ഛാഭംഗം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്തോ-പസഫിക്കിൽ ചൈനയെ നിയന്ത്രിക്കാൻ ഇന്ത്യയോടൊപ്പം കൂട്ടുകൂടുന്ന യുഎസിനു ഒരു താക്കീത് കൂടെ നൽകുകയാണ് ചൈനയുടെ ഈ നിലപാട്.

എപ്പോഴും ചൈനയുടെ നിലപാട് ഇതായിരുന്നോ?

അസറിനു മുൻപ്, ജമാത് അത്തുവ തലവനായ ഹാഫിസ് സയീദിനെ തീവ്രവാദിയായി മുദ്രകുത്താനുള്ള ഇന്ത്യയുടെ നീക്കം മൂന്ന് തവണ ചൈന എതിർത്തു. പക്ഷേ 2008 നവംബർ മാസത്തിൽ നടന്ന മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ആഗോള രോഷം തീവ്രമായപ്പോൾ, സയീദിനെതിരായ രാജ്യാന്തര നിലപാടിനെ ബെയ്‌ജിങ്ങിന് ശരിവയ്ക്കേണ്ടി വന്നു. എന്നാൽ മുംബൈ ഭീകരാക്രമണം ഒരു അസാധാരണ സംഭവമായിരുന്നു. പുൽവാമയുടെ അടിസ്ഥാനത്തിൽ ചൈനയെ അസറിനു എതിരെ നിലപാടെടുപ്പിക്കാൻ ഉതകുന്ന രീതിയിൽ രാജ്യാന്തര പിന്തുണ ഇന്ത്യയ്ക്ക് നേടാൻ കഴിയുമോ എന്നത് കണ്ടറിയണം.

ബെയ്‌ജിങ്ങിന് വഴങ്ങാൻ തക്കവണ്ണ കാരണമുണ്ടോ?

അസറിന്റെ വിഷയത്തിൽ ചൈന വഴങ്ങാതെയിരിക്കുന്നത് ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ല. പൊതുജനാഭിപ്രായത്തിലുള്ള മാറ്റങ്ങളുടെ നേരിയ പ്രത്യാഘാതങ്ങൾ ബെയ്‌ജിങ്‌ നേരിടേണ്ടി വരും. പൊതുസമ്മതം ചൈനയ്‌ക്കെതിരെ തിരിയുകയാണെങ്കിൽ കഴിഞ്ഞ വർഷത്തെ വുഹാൻ ഉച്ചകോടിയിലെ നേട്ടങ്ങൾ ക്ഷയിച്ചുപോകാൻ സാധ്യതയുണ്ട്. “ഇത്തവണ പ്രതിരോധിക്കാൻ പറ്റുന്നൊരു സാഹചര്യമല്ല, ആക്രമണത്തിന് പിന്നിൽ ജെയ്ഷെ തന്നെയാണെന്ന് അവർ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈനയുടെ പ്രതിച്ഛായയെ ഇത് ബാധിക്കാനും, ഇന്ത്യൻ പൊതുസമൂഹം ചൈനയോട് നിഷേധാത്മക നിലപാട് എടുക്കാനും സാധ്യതയുണ്ട്” പ്രൊഫസർ  ശ്രീകാന്ത് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ ചൈനയുടെ സ്റ്റേറ്റ് കൗൺസിലറും, വിദേശകാര്യ മന്ത്രിയുമായ വാങ് യി, ഉന്നത തലത്തിലുള്ള ജനസമ്പർക്ക പരിപാടിക്കും, സാംസ്കാരിക വിനിമയ സംവിധാനത്തിനുവേണ്ടിയും ഇന്ത്യ സന്ദർശിച്ചിരുന്നു. “അവർക്ക് ചൈനയുടെ കഥ ഇന്ത്യൻ മാർക്കറ്റിൽ വിറ്റ് നേട്ടമുണ്ടാക്കണം… ഇത് അവർക്ക് തന്നെ തിരിച്ചടിക്കാം. നയതന്ത്രത്തിൽ, ഇത് അളക്കാനാകില്ല, പക്ഷേ ഇത് സുപ്രധാനവുമാണ്.” പ്രൊഫസർ  ശ്രീകാന്ത് വ്യക്തമാക്കി.

ഇന്ത്യ ചൈനയ്‌ക്കെതിരെ ശബ്ദം ഉയർത്താൻ ആഗ്രഹിക്കുന്നില്ലായെങ്കിൽ, അമേരിക്കന്‍ മാതൃക സ്വീകരിച്ച് , ചൈനീസ് കമ്പനിയായ വാവെയ്ക്കെതിരെ നടപടിയെടുക്കാം. “ഇത് ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കില്ല, പക്ഷേ ചൈനയെ കുറിച്ചുള്ള ഇന്ത്യയിലെ സംസാരം കുറയ്ക്കാൻ സഹായിക്കും. ട്രംപ് ചെയ്തത് പോലെ, പൊതുസമൂഹത്തിൽ നിഷേധാത്മക അഭിപ്രായം ഉണ്ടായാൽ, ചില കമ്പനികളിൽ നിയന്ത്രണമുണ്ടാകും,” അദ്ദേഹം പറഞ്ഞു നിർത്തി.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Why is china shielding masood azhar and his jaish e mohammad pulwaa attack