scorecardresearch

ഹിന്ദുവാണ്, പക്ഷേ സനാതനി അല്ല, ഹിന്ദുവിന് വേണ്ടി ഒരു ഐ ഐ ടി പ്രൊഫസറുടെ സത്യവാങ്മൂലം

വർണ്ണ വ്യവസ്ഥയും ലിംഗ അസമത്വവും ഒരുപക്ഷേ സനാതന ധർമ്മത്തിന്റെ ഏറ്റവും അപ്രതിരോധമായ സ്വഭാവമാണ്. ഇന്നും അത് തുടരുന്നു

വർണ്ണ വ്യവസ്ഥയും ലിംഗ അസമത്വവും ഒരുപക്ഷേ സനാതന ധർമ്മത്തിന്റെ ഏറ്റവും അപ്രതിരോധമായ സ്വഭാവമാണ്. ഇന്നും അത് തുടരുന്നു

author-image
Milind Sohoni
അപ്‌ഡേറ്റ് ചെയ്‌തു
New Update
ÍE Malayalam | Sanatan Dharmi | The varna system and gender inequality

സനാതന സമൂഹത്തിന് വർണ്ണം എന്ന് വിളിക്കപ്പെടുന്ന റോളുകളുടെ ഒരു നിർണ്ണിത ശ്രേണി ഉണ്ട്, ഓരോന്നിനും ഒരു നിശ്ചിത ചുമതലകൾ ഉണ്ട്. ഒരു വ്യക്തിയുടെ വർണ്ണം സാധാരണയായി ജനനം കൊണ്ടാണ് തീരുമാനിക്കുന്നത്

ഐഐടി-ബോംബെയിലെ പ്രൊഫസറും ഡെവലപ്‌മെന്റ് പ്രാക്‌ടീസിന്റെ അദ്ധ്യാപകനുമായ ഞാൻ യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂറിനോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, എന്തു കൊണ്ട് ഞാൻ ഒരു ഹിന്ദുവാണ്, പക്ഷേ സനാതന ധർമ്മി അല്ല എന്നതാണ് ആ കാര്യം.

Advertisment

ഭഗവദ് ഗീതയുടെയും മനുസ്മൃതിയുടെയും സത്തയെ നമ്മുടെ സമൂഹത്തിന് മാർഗദർശനമായി കണക്കാക്കുന്ന ഒന്നാണ് സനാതന ധർമ്മത്തിന്റെ ഞാൻ നൽകുന്ന പൊതുവായ നിർവചനം. ഈ ഗ്രന്ഥങ്ങൾ സംസ്കൃതത്തിലാണെന്ന് കൂടി ഞാൻ വ്യക്തമാക്കിക്കൊള്ളട്ടേ. അതിനാൽ, മുൻകാലങ്ങളിലെ നമ്മുടെ സാക്ഷരതാ നിലവാരം കണക്കിലെടുക്കുമ്പോൾ, സാധാരണ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയുള്ള ഒരു വരേണ്യ വിഭാഗത്തിന് അവർക്ക് മാത്രം പ്രാപ്യമായ ഒന്നായിരുന്നു ഇത്. ഈ വരേണ്യവർഗത്തിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഇവ വ്യാഖ്യാനിക്കുകയും ഇതിന് പുറത്തുള്ള ബഹുഭൂരിപക്ഷത്തിലേക്ക് ആശയസംക്രമണത്തിന് വഴിയൊരുക്കുകയും ചെയ്തു.

ഇന്ന് ഇന്ത്യൻ സമൂഹത്തിന്റെ വലിയൊരു ഭാഗവും അതിലുപരി ഇൻഡോ-ഗംഗാ പ്രദേശങ്ങളും സനാതന ചിന്തയുടെ വിവിധ രൂപങ്ങളുടെ കീഴിലാണ്. ഇത് അവർ ജീവിക്കാനും സ്വയം ഭരിക്കാനും തിരഞ്ഞെടുക്കുന്ന രീതിയെ ബാധിക്കുന്നു. ഭാഗ്യവശാൽ, പ്രബലമായ വിശ്വാസങ്ങളെക്കുറിച്ചും ഭൗതിക സാംസ്കാരിക സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താരതമ്യ ഡാറ്റ ഇപ്പോൾ ലഭ്യമാണ്, അവ പഠിക്കേണ്ടതാണ്. എന്നാൽ സനാതന വിശ്വാസ സമ്പ്രദായങ്ങളെ കുറിച്ച് സൈദ്ധാന്തികവും വ്യവസ്ഥിതവുമായ സംവാദങ്ങളും ആവശ്യമാണ്.

അതിലെ പ്രധാനപെട്ട വാക്ക് തീർച്ചയായും "സനാതൻ" (സനാതനം) ആണ് - എന്താണ് ശാശ്വതമോ കാലാതീതമോ. സനാതന ധർമ്മം അറിവിനെപ്പറ്റിയുള്ള സുപ്രധാനമായ അവകാശവാദങ്ങൾ നടത്തുന്നു, പഠിപ്പിക്കപ്പെടുന്ന ഒന്ന്, കർമ്മം, അല്ലെങ്കിൽ പ്രവൃത്തികൾ, കടമകൾ, ഒടുവിൽ, വർണ്ണം ഉൾപ്പെടുന്ന സാമൂഹിക സംഘടന. നമുക്ക് ഇവ ഓരോന്നും വിശദമായും അവയുടെ നിലവിലെ പ്രസക്തിയും നോക്കാം.

Advertisment

ആദ്യത്തേത് അറിവിന്റെ സ്വഭാവമാണ്. രണ്ട് ഗ്രന്ഥങ്ങളിലും, അറിവിനോട് ഏറ്റവും അടുത്തത് ജ്ഞാനം എന്ന വാക്കാണ്. വിദ്യ, ശാസ്ത്രം തുടങ്ങിയ മറ്റു വാക്കുകളുടെ അർത്ഥം സാധാരണയായി വേദങ്ങളിലോ ആചാരങ്ങളിലോ ഉള്ള പ്രാവീണ്യം എന്നാണ്. സനാതന ധർമ്മത്തിലെ ജ്ഞാനം എന്നത് മാറുന്ന ഭൗതിക ലോകത്തിന് വിരുദ്ധമായി ആത്മാവിനെയും മാറ്റമില്ലാത്ത പ്രപഞ്ചത്തെയും അല്ലെങ്കിൽ ബ്രഹ്മത്തെയും കുറിച്ചുള്ള ആത്മീയ ധാരണയാണ്. മാത്രമല്ല, ശാരീരിക ഇന്ദ്രിയങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും ഈ ഭൗതിക ലോകം മായയുടെ ക്ഷണികമായ ലോകമാണ്, യഥാർത്ഥ ജ്ഞാനം നേടുന്നതിന് അതിനെ മറികടക്കേണ്ടതുണ്ട്.

വിരോധാഭാസമെന്നു പറയട്ടെ, ആധുനിക കാലത്തെ ശാസ്ത്രീയ അറിവ് അല്ലെങ്കിൽ ശാസ്ത്രം തികച്ചും ഇതിന് മറുവശത്താണ്. ഭൗതിക മാറ്റങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും പ്രവചന മൂല്യമുള്ള സിദ്ധാന്തങ്ങളുടെ രൂപീകരണത്തെക്കുറിച്ചും പഠിക്കുന്നു. ഇവ അനുഭവപരമായ അളവുകളിൽ വേരൂന്നിയതും അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്നതും പുനരുപയോഗസാധ്യവുമാണ്. ഇത് ആധുനിക ശാസ്ത്രത്തെ ഒരു സാമൂഹിക സംരംഭമാക്കുകയും അതിന്റെ രീതികളായ നിരീക്ഷണം, ഡോക്യുമെന്റേഷൻ, വാദങ്ങൾ എന്നിവ എല്ലവർക്കും പ്രാപ്യമാക്കുകയും ചെയ്യുന്നു. അത്തരമൊരു ശാസ്ത്രം അതത് മേഖലകളിലുയർന്ന വ്യവഹാരങ്ങൾ അവയുടെ ജനാധിപത്യവൽക്കരണത്തിനും അതിന്റെ കണ്ടെത്തലുകളെക്കുറിച്ചുള്ള അവകാശം പൊതുഉടമസ്ഥതയിലാകുന്നതിനും കാരണമായി. ഇത് ആത്യന്തികമായി ശാസ്ത്ര സമൂഹങ്ങൾക്കുള്ളിലെ ഭൗതിക ക്ഷേമത്തിനും പ്രകൃതി, സമൂഹം, സുസ്ഥിരത എന്നിവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും കാരണമായി.

നിർഭാഗ്യവശാൽ, അറിവിന്റെ സനാതന ധർമ്മ വീക്ഷണം ശാശ്വത പ്രാധാന്യമുള്ള അമൂർത്ത വിഷയങ്ങളിൽ ഋഷികളുടെയും മുനിമാരുടെയും നേതൃത്വത്തിൽ പ്രതിഭാധനരായ വിദ്യാർത്ഥികളുടെ സന്യാസ പഠനമാണ്. മെച്ചപ്പെട്ട പൊതു സേവനങ്ങൾക്കും ഭരണത്തിനും അല്ലെങ്കിൽ തൊഴിലുകളുടെയും വൈദഗ്ധ്യത്തിന്റെയും വികസനത്തിന് നവീനവും ലോകാനുഭവമുള്ള അറിവ് ആവശ്യമാണെന്ന് അത് തിരിച്ചറിയുന്നില്ല. എന്നാൽ ഈ വരേണ്യ വീക്ഷണം ഇപ്പോഴും നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെയും നമ്മുടെ സമൂഹത്തിൽ ശാസ്ത്രത്തിന്റെ ഭാവനയെയും നയിക്കുന്നു. ചന്ദ്രയാന്റെ ചന്ദ്രനിലേക്കുള്ള യാത്ര ഞങ്ങൾ ആഘോഷിക്കുന്നു, എന്നാൽ സാധാരണ യാത്രക്കാരന്റെ ദൈനംദിനപ്രയാസങ്ങൾ പഠനയോഗ്യമായ ഒരു യാഥാർത്ഥ്യമായി കാണുന്നതിൽ പരാജയപ്പെടുന്നു.

ശാസ്ത്രത്തെക്കുറിച്ചുള്ള ഈ വീക്ഷണം നമ്മുടെ സമൂഹത്തിന്റെ നിലവിലെ അവസ്ഥയെ അഭിമുഖീകരിക്കുന്നതിനോ നമ്മുടെ ജനങ്ങളുടെ അടിസ്ഥാനപരമായ ഭൗതിക ക്ഷേമം പ്രദാനം ചെയ്യുന്നതിനോ അത് ആസൂത്രണം ചെയ്യുന്നതിനോ സാധിക്കാത്തവിധം നമ്മുടെ ശാസ്ത്ര സാങ്കേതിക ഏജൻസികളെ ദയനീയമായ പരാജയത്തിലേക്ക് നയിച്ചു.

നമ്മുടെ കാർഷിക ഉൽപ്പാദനക്ഷമത ഒട്ടുമിക്ക ജി20 രാജ്യങ്ങളേക്കാൾ പിന്നിലാണ്. ലോകത്തിലെ ഏറ്റവും മലിനമായ നദികളും വായുവും ഇവിടെയാണ്, ഏറ്റവും അടിസ്ഥാനപരമായ ചില എഞ്ചിനീയറിംഗ് ഗാഡ്‌ജെറ്റുകൾ നിർമ്മിക്കാൻ നമ്മൾക്ക് കഴിയില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി ഉയർന്നുവരുന്നു, പക്ഷേ നമ്മൾ അതിനെ അഭിസംബോധന ചെയ്യാൻ തയ്യാറല്ല. മാത്രമല്ല, യഥാർത്ഥ ലോകത്തിന്റെ അനുഭവപരമായ അറിവുകളിൽ നിന്നും ഡോക്യുമെന്റേഷനിൽ നിന്നുമുള്ള ഈ വേർപെടൽ ഉപജീവന ലക്ഷ്യം മാത്രമുള്ള ശേഷി കൈവരിച്ച ബിരുദധാരികളുടെ ഒരു വലിയ സമൂഹത്തെ സൃഷ്ടിച്ചു.

നമുക്ക് സനാതന ധർമ്മത്തിന്റെ രണ്ടാമത്തെ സ്വഭാവവിശേഷത്തിലേക്ക് വരാം - കർമ്മം അല്ലെങ്കിൽ കടമ. സനാതന സമൂഹത്തിന് വർണ്ണം എന്ന് വിളിക്കപ്പെടുന്ന റോളുകളുടെ ഒരു നിർണ്ണിത ശ്രേണി ഉണ്ട്, ഓരോന്നിനും ഒരു നിശ്ചിത ചുമതലകൾ ഉണ്ട്. ഒരു വ്യക്തിയുടെ വർണ്ണം സാധാരണയായി ജനനം കൊണ്ടാണ് തീരുമാനിക്കുന്നത്, വിധേയത്വമുള്ളവരായിരിക്കുക, നിർദ്ദേശിച്ച ചുമതലകളിൽ ഉറച്ചുനിൽക്കുക എന്നതാണ് ഇതിലെ അനുശാസനം. പൗരൻ, പൗരി, സർഗാത്മക പ്രതിഭ, പൊതു ബുദ്ധിജീവി തുടങ്ങിയ പൗരസമൂഹമോ സാംസ്കാരിക റോളുകളോ ഇല്ല. തത്ഫലമായുണ്ടാകുന്ന സാംസ്കാരിക ദാരിദ്ര്യവും തൊഴിൽ നിർവചനങ്ങളുടെ അപര്യാപ്തതയും ഇന്നും തുടരുന്നു.

മാത്രമല്ല, സനാതന സമൂഹത്തിന്റെ പ്രാഥമിക ജാഗ്രത സാമൂഹിക മാറ്റത്തേക്കാൾ സ്ഥിരതയാണ്. പൊതുജനാരോഗ്യത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ ആധുനിക വികസന അജണ്ടയുടെ ഭൂരിഭാഗവും സനാതന ധർമ്മത്തിന് പുറത്ത് നിന്നാണ്. സനാതന ധർമ്മത്തിന്റെ മറ്റൊരു സിദ്ധാന്തം പുനർജന്മ സിദ്ധാന്തവും സഞ്ചിത കർമ്മത്തിനുള്ള പ്രതിഫലങ്ങളുടെയും ശിക്ഷകളുടെയും പ്രപഞ്ച സമ്പ്രദായവുമാണ്.

ഒരാൾ ചേരിയിൽ ജനിക്കുന്നു എന്നത് അയാളുടെ മുൻ ജന്മങ്ങളിലെ മോശം കർമ്മത്തിനുള്ള ശിക്ഷയായിട്ടാണ് ഇത് വ്യാഖ്യാനിക്കുന്നത്. തീർച്ചയായും, പാവപ്പെട്ടവരെ അവരുടെ അവസ്ഥയ്ക്ക് കുറ്റപ്പെടുത്താനും താഴ്ന്ന വിഭാഗങ്ങൾക്കെതിരെ നിയമം കൊണ്ടുവരാനും ഇത് എളുപ്പമാക്കുന്നു. ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം ഒരു ബന്ധുവിന്റെ മരണം മോശമായ ഭരണം കാരണമല്ല, വിധിയായി കാണുകയെന്നപോലെയുള്ള നിർഭാഗ്യകരമായ വിധേയത്വമാണ്.

സനാതന സമൂഹത്തിലെ സാമൂഹിക കാർക്കശ്യം ഛേദനത്തിനും കുത്തകയ്ക്കും വഴിവെക്കുന്നു, അത് ഇന്നും കാണപ്പെടുന്നു. ഈ കാഴ്ചയിൽ സമ്പത്തിന്റെ പുനർവിതരണം ദാനധർമ്മത്തിലൂടെയാണ് സംഭവിക്കുന്നത്, മാത്രമല്ല ദാനം ചെയ്യുന്നതും സ്വീകരിക്കുന്നതും നല്ല കർമ്മമാണ്. നമ്മുടെ കർഷകർക്ക് നല്ല ജലസേചന സേവനങ്ങൾ ആവശ്യപ്പെടുന്നതിനുപകരം യാതൊരു മാനക്കേടും കൂടാതെ ദാനമോ കൈനീട്ടമോ ആയി സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വ്യക്തമാക്കുന്നു. കുലീനനായ രാജാവ് അതിനെ ഒരു ബഹുമതിയായി സമ്മാനം എന്ന് വിളിക്കുന്നു.

അവസാനമായി, വർണ്ണ വ്യവസ്ഥയും ലിംഗ അസമത്വവും ഒരുപക്ഷേ സനാതന ധർമ്മത്തിന്റെ ഏറ്റവും അപ്രതിരോധ്യമായ സവിശേഷതകളാണ്. മതപരവും രാജകീയവുമായ കൽപ്പനകളിലൂടെയും കർശന നടപടികളിലൂടെയും ഏറ്റവും കഠിനമായി നടപ്പിലാക്കിയതും ഇവയായിരുന്നു. അത് ഇന്നും നടപ്പാക്കിപ്പോരുന്നു. നമ്മുടെ സമൂഹത്തിൽ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അഭാവമാണ് വർണ്ണ സമ്പ്രദായത്തിന്റെ ആഴത്തിലുള്ള അനന്തരഫലം.

ജാതി ഉന്മൂലനം (1936) എന്ന തന്റെ മൗലികമായ കൃതിയിൽ അംബേദ്കർ ഇത് ചൂണ്ടിക്കാട്ടി. അത്തരം ഒരു സമൂഹം ബാഹ്യ ആക്രമണകാരികളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിൽ മാത്രമല്ല, പൊതുവായ സാമൂഹിക ഉത്കണ്ഠകൾ എന്താണെന്ന് തീരുമാനിക്കുന്നതിലും അവയെ അഭിസംബോധന ചെയ്യുന്ന സിവിൽ സൊസൈറ്റികളെ രൂപപ്പെടുത്തുന്നതിലും പരാജയപ്പെടുന്നു. ചരിത്രപരമായി, അത്തരം കൂട്ടായ പ്രവർത്തനങ്ങളുടെ അഭാവം അങ്ങേയറ്റത്തെ അസമത്വങ്ങൾക്കും അവയുടെ സ്വീകാര്യതയ്ക്കും കാരണമായി. അഞ്ച് ശതമാനം മാത്രം വരുന്ന അതിസമ്പന്നരായ വരേണ്യവർഗം - അത് അതിസമ്പന്നരായ വ്യാപാരി കുടുംബങ്ങളോ മുഗൾ അധികാരികളോ ഉന്നത ഉദ്യോഗസ്ഥന്മാരോ ഉൾനാടുകളിലെ തടിമിടുക്കുള്ള പ്രമാണിമാർ ആകട്ടെ - എന്നും അധഃസ്ഥിതരായി കഴിയുന്ന വിഭാഗത്തെ അനായസവും ഉത്തരാവാദിത്തരഹിതവുമായി ഭരിക്കും.

നമ്മുടെ ഭരണഘടനയുടെ ആമുഖത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ്, നമ്മുടെ എല്ലാ പൗരന്മാർക്കും അത് ലഭിക്കുക എന്നതാണ് പ്രധാന അജണ്ട.ഇവ ഉടലെടുക്കുന്നത് സനാതന ധർമ്മത്തിൽ നിന്നല്ല, അന്നു പ്രബലമായിരുന്നതും ലോകത്തിനു വഴികാട്ടിയായി നിലകൊള്ളുന്നതുമായ പ്രബുദ്ധതയുടെയും പ്രത്യാശയുടെയും ചൈതന്യത്തിൽ നിന്നാണ്. ഈ വാക്കുകൾ കേവലം ലിബറൽ വായ്ത്താരികളല്ല, മറിച്ച് ഒരു ജനതയ്ക്ക് ഭൗതികമായും ആത്മീയമായും സാംസ്കാരികമായും വികസിക്കാനുള്ള മൂർത്തമായ നിർവ്വഹണ ഉപാധികളാണ്. ഒരു പൊതു ഭാവി രൂപപ്പെടുത്തുന്നതിന് ഒന്നിച്ച്, ഒരുമയോടെ കൈകോർക്കാൻ അവർ നമ്മുടെ യുവാക്കളെ പ്രേരിപ്പിക്കും. ഒപ്പം മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാനുള്ള ചൈതന്യവും ശാസ്ത്ര സംസ്കാരവും വളർത്തിയെടുക്കാനും.

Hindu Iit

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: