മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ടിട്ട് നാലു ദിവസം തികയുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സംഘപരിവാറാണ് എന്ന ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ല. ഗൗരി ലങ്കേഷിനുനേരെയുള്ള സംഘപരിവാറിന്റെ വധഭീഷണി ഏറെ കാലമായി നിലനില്‍ക്കുന്നുണ്ട് എന്നാണ് ദി ഹൂട്ടുമായി നടത്തിയ സംഭാഷണത്തില്‍ അവരുടെ അഭിഭാഷകനായ ബിടി വെങ്കടേഷ് വെളിപ്പെടുത്തിയത്. ഡെയിലിഓ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തില്‍ മാധ്യമാപ്രവര്ത്തകയും ‘ഗുജറാത്ത് ഫയല്‍സ്’ ഗ്രന്ഥകര്‍ത്താവുമായ റാണാ അയൂബും ഇതേ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. സംഘപരിവാറില്‍ നിന്നും നിരന്തരമായി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്ന ഇരുവരും തമ്മില്‍ നടത്തിയൊരു സംഭാഷണത്തെ അതിനായി റാണാ അയൂബ് ചൂണ്ടിക്കാണിക്കുന്നു ” പ്രിയപ്പെട്ടവളെ, ഞാനീ വിഡ്ഢികളെക്കാള് (Nincompoop) കരുത്തയാണ്” എന്നു പറഞ്ഞ ഗൗരിയെ രാണ അയൂബ് ഓര്‍ത്തെടുക്കുന്നു. അതിനാല്‍ തന്നെ ഒരു ആന്റി എസ്റ്റാബ്ലിഷ്മെന്റ് മാധ്യമപ്രവര്‍ത്തകയായ ഗൗരി വധഭീഷണിയെ കുറിച്ച് പൊലീസില്‍ അറിയിക്കാത്തത്തില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ലെന്ന് പറയുന്ന റാണാ അയൂബ് ലേഖനം ചുരുക്കുന്നത്. “അവരെ അര്‍ഹിക്കാത്ത രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ് ഗൗരി മരിച്ചത് എന്നു പറഞ്ഞാണ്.
പ്രചാരവേലകളും നക്സലൈറ്റ് ബാന്ധവവും
റാണാ അയൂബിന്റെ ഈ വാചകങ്ങളുടെ പ്രതിഫലനം തന്നെയാണ് ആദ്യ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഗൗരിയുടെ മരണത്തെ വലിയൊരു വിഭാഗം സംഘപരിവാര്‍ പ്രചാരകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിച്ചത് വിദ്വേഷം വിളമ്പിയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും ട്രോളുകള്‍ ഉണ്ടാക്കിയുമൊക്കെയാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകം സാമൂഹ്യമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും സംഘപരിവാറിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് കണ്ട ബിജെപി ഐടി സെല്‍ അതിനെ പ്രതിരോധിച്ചത് അതൊരു കൊലപാതകമാണ് എന്നതില്‍പോലും ഒട്ടും അതിശയോക്തിയില്ലാതെ ഔചിത്യമില്ലാത്ത വ്യക്തിഹത്യ നടത്തിക്കൊണ്ടാണ്.
ഗൗരി വധിക്കപ്പെട്ടിട്ട് ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നതിനു മുന്‍പ് തന്നെ ബിജെപി അനുകൂല ദൃശ്യമാധ്യമങ്ങള്‍ ‘ഗൗരി ലങ്കേഷിന്റെ നക്സലൈറ്റ് ബന്ധം’ വാര്‍ത്തകളാക്കുകയും. ഗൗരിയെ നക്സലൈറ്റുകള്‍ കൊന്നിരിക്കാനുള്ള സാധ്യതകള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. അതിനുള്ള സാധ്യതകളെ ബലപ്പെടുത്താന്‍ അവരുപയോഗിക്കുന്നത് ഗൗരിയുടെ തന്നെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷിനെയാണ്. വളരെ വിശ്വസിനീയമെന്നു തോന്നുന്ന രീതിയില്‍ കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ഇന്ദ്രജിത്തിനെതിരെ ഗൗരി ജീവിച്ചിരുന്നപ്പോള്‍ വധശ്രമത്തിനു പരാതികൊടുത്തതും. സിനിമാസംവിധായകനും നിര്മാത്താവുമായ ഇന്ദ്രജിത്ത് കഴിഞ്ഞ ജൂലൈയില്‍ ബിജെപിയില്‍ ചേരാന്‍ താത്പര്യം അറിയിച്ചിരുന്നു എന്നതും അവര്‍ സൗകര്യപൂര്‍വ്വം മറച്ചുവെച്ച കാര്യങ്ങളാണ്. ദൃശ്യ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്ത ഈ ‘സാധ്യത’ പിന്‍പറ്റികൊണ്ട് തന്നെ കൊലപാതകത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം സംഘപരിവാര്‍ അനുകൂല നവ മാധ്യമങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിലെ ഗറില്ലകളും മുറപോലെ ആവര്‍ത്തിക്കുകയും ചെയ്തു. ഗൗരി വധിക്കപ്പെട്ട ദിവസം ഗൗരിയുടെ ജീവനു ഭീഷണിയുണ്ടോ എന്നാരാഞ്ഞപ്പോള്‍ ആരുടേയും ഭീഷണിയില്ല എന്ന് ഇന്ദ്രജിത്ത് പറഞ്ഞതായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി പറയുന്നു. എന്താണ് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മാറിമറഞ്ഞത് എന്നും രാജ്ദീപ് ട്വിറ്ററിലൂടെ ചോദിക്കുന്നുണ്ട്.
ട്വിറ്ററിലും ഫെയ്സ്ബുക്കിലും സംഘപരിവാര്‍ അനുയായികള്‍ ഗൗരി ലങ്കേഷിന്റെ മരണത്തെ ആഘോഷിക്കുക മാത്രമല്ല. ഇനി കൊല്ലപ്പെടേണ്ടവരെ എണ്ണിയെണ്ണി പറയുക കൂടി ചെയ്യുന്നുണ്ട്. ശോഭാ ഡേയും അരുന്ധതി റോയിയും സാഗരിക ഘോഷും കവിതാ കൃഷ്ണനും ഷെഹലാ റഷീദും അടങ്ങുന്ന ദേശദ്രോഹികളെ വധിക്കണം എന്നു വരെ ആവശ്യമുയര്‍ത്തി. ഇത്തരത്തില്‍ വിദ്വേഷവും വധഭീഷണിയുമായി സാമൂഹ്യ മാധ്യമങ്ങള്‍ നിറഞ്ഞപ്പോഴാണ് ഇത്തരം പ്രചാരവേലകള്‍ ചുക്കാന്‍ പിടിക്കുന്ന, നിരന്തരം അസഭ്യങ്ങള്‍ പറഞ്ഞുപരത്തുന്ന, സ്ത്രീവിരുദ്ധരായ, മതഭ്രാന്തരായ, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പലരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ട്വിറ്ററില്‍ പിന്തുടരുന്നു എന്ന വാര്‍ത്ത ആള്‍ട്ട് ന്യൂസ് പുറത്തുവിടുന്നത്. പലഘട്ടങ്ങളിലായി ഈ പ്രോഫൈലുകള്‍ നടത്തിയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങളുടെ സ്ക്രീന്‍ഷോട്ട് അടക്കമായിരുന്നു വാര്‍ത്ത. സ്വാഭാവികമെന്നോണം എന്തുകൊണ്ടാണ് ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന് പ്രതിജ്ഞ എടുത്തിട്ടുള്ള പ്രധാനമന്ത്രി ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ള പ്രൊഫൈലുകള്‍ പിന്തുടരുന്നത് എന്ന ചോദ്യവും വന്നുതുടങ്ങി.
#ബ്ലോക്ക് നരേന്ദ്ര മോദി
വ്യാഴാഴ്ച ഏഴാം തീയ്യതിയാണ് ഈ വിദ്വേഷ കാമ്പൈനു മറുപടി വന്നു തുടങ്ങിയത്. ഗൗരി ലങ്കേഷിനെതിരായ വ്യക്തിഹത്യ തുടര്‍ന്നപ്പോള്‍ തന്നെ #BlockNarendraModi എന്ന ഹാഷ്ടാഗ് ഇന്ത്യയിലുടനീളം ട്രെന്‍ഡ് ആയി. അതിനെ പിന്‍പറ്റി തന്നെ ഐടി മന്ത്രിയായ രവി ശങ്കര്‍ പ്രസാദിന്റെ ട്വീറ്റും ബിജെപി ഐടി ചീഫ് അമിത് മാളവീയയുടെ പ്രസ്താവനയും വന്നു. ” ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സന്തോഷം രേഖപ്പെടുത്തുന്നതിനെ ഞാന്‍ ശക്തമായി അപലപിക്കുകയും അതില്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു ” എന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തപ്പോള്‍. “പ്രധാനമന്ത്രി സാധാരണക്കാരെയാണ് ട്വിറ്ററില്‍ പിന്തുടരുന്നത്. ചില വ്യക്തികളെ പിന്തുടരുന്നു എന്നതിന്റെ അര്‍ഥം പ്രധാനമന്ത്രി അവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കി എന്നല്ല. കൊള്ളക്കാരനും വഞ്ചകനുമായ രാഹുല്‍ഗാന്ധിയേയും പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്നുണ്ട് ” എന്നായിരുന്നു അമിത് മാളവീയയുടെ പ്രസ്താവന.
ഇതിനു പിന്നാലെ തന്നെ കോണ്‍ഗ്രസ് എംപിയും എഴുത്തുകാരനുമായ ശശി തരൂറും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുന്നോട്ടു വന്നു. “ഇത് ഏറെ നിരാശാജനകമാണ്. നരേന്ദ്രമോദി ആരെയൊക്കെയാണ് പിന്തുടരുന്നത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് പരിശോധിക്കണമെന്നും അതില്‍ മോശപ്പെട്ടതേതൊക്കെയെന്നു അവര്‍ പരിശോധിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു” എന്നായിരുന്നു ശശി തരൂറിന്റെ ട്വീറ്റ്. ” പ്രധാനമന്ത്രി പിന്തുടരുന്ന ബലാത്സംഗഭീഷണിക്കാരും വധഭീഷണിക്കാരുമായ 26 ട്വിറ്റര്‍ പ്രൊഫൈലുകള്‍” എന്ന അടിക്കുറിപ്പോടെ ഡെയിലി ഓയുടെ ഒരു ലേഖനം സഹിതമായിരുന്നു ശശി തരൂറിന്റെ ട്വീറ്റ്.
ശശി തരൂറിന്റെ ട്വീറ്റ് വന്നിട്ട് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. നരേന്ദ്ര മോദിയെ ബ്ലോക്ക് ചെയ്യാനുള്ള ആഹ്വാനം ട്രെന്‍ഡ് അല്ലാതായിരിക്കുന്നു. ഈ പ്രൊഫൈലുകളില്‍ നിന്നും വമിക്കുന്ന വിദ്വേഷങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. നാളെയും ഈ പ്രോഫൈലുകള്‍ നിന്നും ഭീഷണിയും വെറുപ്പും വിതയ്ക്കുമായിരിക്കും. എതിര്‍ശബ്ദങ്ങളെ വ്യക്തിഹത്യയിലൂടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിലൂടെയും സൈബര്‍ തെരുവുകളില്‍ വെടിയുതിര്‍ത്തു കൊല്ലുമ്പോള്‍ പ്രധാനമന്ത്രി അവരെ പിന്തുടര്ന്നുകൊണ്ട് മൗനം തുടരുമോ ?
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സംഘപരിവാറിനു പങ്കുണ്ടോ ഇല്ലയോ എന്നത് അന്വേഷണത്തില്‍ തെളിയേണ്ട കാര്യമാണ്. ” ഗൗരി ലങ്കേഷ് മാവോയിസ്റ്റുകളെ കീഴടങ്ങാന്‍ സഹായിക്കുകയായിരുന്നുവെങ്കില് എന്തുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താഞ്ഞത് ? ” എന്നാണ് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രവി ശങ്കര്‍ പ്രസാദ് ഇന്നു നടത്തിയൊരു പ്രസ്താവന. ഗൗരി ലങ്കേഷിന്റെ കൊലപാതകം തങ്ങള്‍ക്ക് നേരെ ആരോപണമായി ഉയര്‍ന്നപ്പോള്‍തന്നെ മുന്നോട്ടുവച്ച ‘സാധ്യതകളെ’ അപ്പോഴേക്കും ഒരു അഭിപ്രായമായി രൂപപ്പെടുത്താന്‍ സ്വതന്ത്രമെന്നു തോന്നിക്കുന്ന മാധ്യമങ്ങളുടെയും ആജ്ഞാനുവര്‍ത്തികളായ സൈബര്‍ പോരാളികളുടെയും ബലത്തില്‍ കഴിയുമെന്നതു കൂടിയാണ് ഈ പ്രസ്താവന കാണിച്ചുതരുന്നത്. പഴക്കം വരാത്ത ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ എത്രത്തോളം ഫലവത്താവുമെന്ന് വരും ദിവസങ്ങളില്‍ അരിയാം. ഗൗരി ലങ്കേഷിന്റെ ജീവനു എക്കാലത്തും ഭീഷണിയായി നിന്ന സംഘപരിവാറിനെ ചിത്രത്തില്‍ നിന്നും മായ്ച്ചു കളയുക എളുപ്പമാകില്ല. പ്രത്യേകിച്ച്, മരിച്ചത് ശക്തമായി എഴുതുകയും ഉറക്കെ ശബ്ദിക്കുകയും നിരന്തരമായി വലതുപക്ഷ രാഷ്ട്രീയത്തോട് പോരടിക്കുകയും ചെയ്ത ഒരു പത്രപ്രവര്‍ത്തകയാണ് എന്നതിനാല്‍ തന്നെ. എന്തിരുന്നാലും മരിച്ചിട്ടും ഗൗരി ലങ്കേഷിനു നേരെ തുടരുന്ന സംഘപരിവാറിന്റെ ഈ പകപോക്കലുകള്‍ക്ക് യാതൊരു കുറവുമില്ല. അതവരെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്. മരിച്ചുകഴിഞ്ഞിട്ടും ഗൗരി അവരെ ഭയപ്പെടുത്തികൊണ്ടിരിക്കുന്നുണ്ട്.