കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ പൊതുസമൂഹത്തിൽ മുസ്‌ലിങ്ങൾക്കിടയിൽ ജാതിയെക്കുറിച്ചുള്ള ചർച്ചകൾ മന്ദഗതിയിലാണെങ്കിലും സുസ്ഥിര സ്വാഭവത്തോടെ ഉയർന്നു വരുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിന് വഴിയൊരുക്കിയതിന് പിന്നിൽ സംഭവങ്ങളുടെ പരമ്പര തന്നെയുണ്ട്. മുസ്‌ലിം സംഘടനകളിൽ മണ്ഡൽ രാഷ്ട്രീയത്തിന്റെ സ്വാധീനവും മഹാരാഷ്ട്രയിലെ താഴ്ന്ന ജാതിയായി മുദ്രകുത്തപ്പെട്ടതും അതുപോലെ ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ “പസ്മന്ദ” (കൈയ്യൊഴിയ്പെട്ട) എന്ന ബാനറിൽ മുസ്‌ലിം ഗ്രൂപ്പുകളുടെ ഒരുമിച്ചുചേരൽ; യുപിഎ സർക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റിയുടെയും രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ടുകളുടെയും; മുസ്‌ലിംകൾക്കിടയിൽ ജാതിയുടെ വിവിധ വശങ്ങളിൽ അക്കാദമിക് പഠനത്തിലെ വർദ്ധനവും ഇതിലുൾപ്പെടുന്നു.
മുസ്‌ലിങ്ങളെയും ജാതി ബാധിക്കുന്നുവെന്ന തിരിച്ചറിവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു: മുസ്‌ലിങ്ങളെയും “മുസ്‌ലിം പ്രശ്‌നങ്ങളെയും” ഇന്ത്യയിൽ എങ്ങനെ കാണുന്നു, പ്രത്യേകിച്ച് അവരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നവർ എങ്ങനെ കാണുന്നു എന്നതിന്റെ ചുരുളഴിക്കാൻ ഇതിന് സാധിക്കും. ഇന്ത്യയിലെ ഭൂരിഭാഗം മുസ്‌ലിങ്ങളും പിന്നാക്ക ജാതിയിൽ പെട്ടവരാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇംതിയാസ് അഹമ്മദും ഖാലിദ് അൻസാരിയും ഈ കണക്ക് 85 ശതമാനമാണെന്ന് നിരീക്ഷിക്കുന്നു – ഈ സംഖ്യ, കൃത്യമാണെങ്കിൽ, താഴ്ന്ന സാമൂഹിക-സാമ്പത്തിക സൂചകങ്ങൾ ഉൾപ്പെടെ ജാതി ഘടകങ്ങളിൽ നിന്ന് ഉണ്ടാകുന്ന നിരവധി “മുസ്‌ലിം പ്രശ്നങ്ങൾ” ഇത് ഉയർത്തിക്കാണിക്കും
എന്നിരുന്നാലും, വിവരങ്ങളുടെ അഭാവം മുസ്‌ലിങ്ങൾക്കിടയിലെ ജാതിയെയും അവരുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയെയും കുറിച്ചുള്ള സമഗ്രമായ പഠനങ്ങളെയും പ്രമാണീകരമങ്ങളെയും ബാധിച്ചു. രാജ്യത്തെ മുസ്‌ലിങ്ങൾക്കിടയിലെ ജാതി വിഭാഗങ്ങളുടെ അനുപാതത്തെക്കുറിച്ച് വിശ്വസനീയമായതും കാലികവുമായ കണക്കുകളൊന്നുമില്ല. 1871 ലെ സെൻസസിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം 19 ശതമാനം ഉയർന്ന ജാതിയും 81 ശതമാനം താഴ്ന്ന ജാതി മുസ്‌ലിങ്ങളും എന്ന അനുപാതമാണ്.
എന്തൊക്കെയാലും, സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ എൻ എസ് എസ് ഒ ഡാറ്റയെ അടിസ്ഥാനമാക്കി, മുസ്‌ലിം ജനസംഖ്യയുടെ 40 ശതമാനം താഴ്ന്ന ജാതിക്കാരായിട്ടാണ് കണക്കാക്കുന്നത്. . മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും ഇത് 52 ശതമാനം മാത്രമാണെന്ന് (ദലിത് മുസ്‌ലിം ജനസംഖ്യ കണക്കാക്കിയിട്ടില്ല).
സ്വാതന്ത്ര്യാനന്തരം (പട്ടികജാതി ഒഴികെയുള്ള) സെൻസസിലെ ജാതി തിരിച്ച് കണക്കാക്കുന്നത് നിർത്തലാക്കിയത് ഇന്ത്യയിലുടനീളമുള്ള സമുദായങ്ങളുടെയും ജാതികളുടെയും സ്ഥിതി മനസ്സിലാക്കുന്നതിന് പ്രതികൂലമായി. എന്നാൽ മുസ്‌ലിങ്ങളുടെ കാര്യത്തിൽ – ഭരണകൂടവും വരേണ്യ മുസ്‌ലിം പ്രതിനിധികളും “സമത്വ ഗ്രന്ഥങ്ങളും” ജാതിയുടെ സാന്നിധ്യം തന്നെ വളരെ എളുപ്പത്തിൽ അവഗണിക്കുന്നിടത്ത് – ഇരട്ട നിഷേധമുണ്ട്.
ജാതി സെൻസസിന്റെ അഭാവം മുസ്‌ലിങ്ങളെ മനസ്സിലാക്കുന്നതിനുള്ള ഒരു ഘടകമെന്ന നിലയിൽ ജാതിയെ ഇല്ലാതാക്കുന്നു – അവരുടെ ദാരിദ്ര്യം, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ അല്ലെങ്കിൽ തൊഴിൽപരമായ അനിശ്ചിതത്വം.
ഉദാഹരണത്തിന് ദാരിദ്ര്യത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട, , 1983-ലെ ഗോപാൽ സിങ് കമ്മിറ്റി റിപ്പോർട്ട്, “കലകളിലും കരകൗശലങ്ങളിലും പ്രതിഭാസമ്പന്നരായ” മുസ്‌ലിം സമുദായത്തിൽപ്പെട്ട കരകൗശലത്തൊഴിലാളികൾ ഇപ്പോഴും ഭൂരഹിതരും ദരിദ്രരും ചൂഷണം ചെയ്യപ്പെടുന്നവരുമാണ് എന്ന വസ്തുതയിൽ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. മുസ്‌ലിം സമുദായങ്ങൾക്കിടയിലെ “കല” എന്നത് ചരിത്രപരമായ കാഴ്ചപ്പാടില്ലാതെ സാന്ദർഭികവൽക്കരിക്കപ്പെട്ട “വൈഭവം” ആയിട്ടല്ല, മറിച്ച് ജാതി ഘടനകളിൽ ബന്ധിതമായ പരമ്പരാഗത തൊഴിലായി കമ്മീഷൻ മനസ്സിലാക്കിയിരുന്നെങ്കിൽ, അവർക്ക് മുസ്‌ലിംകൾക്കിടയിലെ ദാരിദ്ര്യം നന്നായി മനസ്സിലാക്കാൻ കഴിയുമായിരുന്നു.
ഈ പശ്ചാത്തലത്തിൽ, ഈ വർഷം പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങൾ മുസ്‌ലിങ്ങൾക്കിടയിലെ ജാതിയെ കൂടുതൽ നന്നായി മനസ്സിലാക്കാനും ചില കണക്കുകൾ കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ആദ്യത്തേത്, ചവി തിവാരി, ശ്രീനിവാസ് ഗോലി, മുഹമ്മദ് സാഹിദ് സിദ്ദിഖി, പ്രദീപ് എസ്. സാൽവെ എന്നിവർ ചേർന്ന് ജേണൽ ഓഫ് ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം യുപിയിലെ 7,000 വീടുകളിൽ ഭൂവുടമസ്ഥത, ദാരിദ്ര്യം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സൂചകങ്ങൾ ഹിന്ദു, മുസ്‌ലിം സമുദായങ്ങൾക്കിയിടിൽ ജാതികൾക്കുള്ള തലംഎന്നിവ താരതമ്യം ചെയ്യുന്നു.
76 ശതമാനം മുസ്‌ലിങ്ങളും താഴ്ന്ന ജാതിക്കാരാണെന്നും മുസ്‌ലിം ജനസംഖ്യയുടെ 24 ശതമാനം ദളിത് മുസ്‌ലിങ്ങളാണെന്നും പഠനം കണക്കാക്കുന്നു. തൊട്ടുകൂടായ്മ (അയിത്തം) നേരിടുന്ന, എന്നാൽ (ദലിത് ക്രിസ്ത്യാനികൾക്കൊപ്പം) പട്ടികജാതി വിഭാഗമായി കണ്ടുകൊണ്ടുള്ള ഒരു സംരക്ഷണവും ലഭിക്കാത്ത ഈ വിഭാഗവുമായി ബന്ധപ്പെട്ട് നയപരമായി കാര്യമായ തീരുമാനങ്ങൾ ഒന്നുമെടുക്കാത്തതിനാൽ ദളിത് മുസ്‌ലിങ്ങളുടെ ശതമാനം വളരെ പ്രാധാന്യമർഹിക്കുന്നു.
ഉയർന്ന ജാതിയിലും താഴ്ന്ന ജാതിയിലും ഉള്ള മുസ്‌ലിങ്ങളുടെ സൂചകങ്ങളിലെ വ്യത്യാസം പഠനം ആവർത്തിക്കുന്നു. ഗ്രാമീണ മേഖലയിലെ ദളിത്, ഒബിസി മുസ്‌ലിങ്ങൾക്കിടയിലെ ദാരിദ്ര്യം യഥാക്രമം 53 ശതമാനവും 42 ശതമാനവുമാണ്, ഉയർന്ന ജാതി (ജനറൽ) മുസ്‌ലിങ്ങളിൽ ദാരിദ്ര്യത്തിലെ തോത് 31 ശതമാനമാണ്.ദളിത് മുസ്ലീങ്ങൾക്കിടയിൽ 80 ശതമാനവും ഭൂരഹിത കുടുംബങ്ങളാണെങ്കിൽ ഉയർന്ന ജാതിയിലുള്ള മുസ്‌ലിങ്ങൾക്കിടയിൽ ഇത് 44 ശതമാനമാണ്. ദളിത്, ഒബിസി മുസ്‌ലിങ്ങളിൽ ബാങ്കുകളിൽ നിന്നുള്ള വായ്പ പോലുള്ള ഔപചാരിക സാമ്പത്തിക സേവനങ്ങളിൽ നിന്ന് ഇവർ രണ്ട് മടങ്ങ് അധികം ഒഴിവാക്കൽ നേരിടുന്നു.
ഉയർന്ന ജാതിയിലും താഴ്ന്ന ജാതിയിലും ഉള്ള മുസ്‌ലിംകൾക്കിടയിൽ വലിയ നിലയിലുള്ള സാമൂഹിക-സാമ്പത്തിക അസമത്വവും താഴ്ന്ന ജാതി മുസ്‌ലിംകളുടെ എണ്ണത്തിൽ മുൻ പഠനങ്ങൾ കണക്കാക്കിയതിനേക്കാൾ ഉയർന്ന ശതമാനം ഈ പഠനം സൂചിപ്പിക്കുന്നു.
“മതം”, “സോഷ്യൽ ഗ്രൂപ്പ്” എന്നീ തലക്കെട്ടുകൾക്ക് കീഴിലുള്ള മറുപടികൾ ക്രോസ് ടാബുലേറ്റ് ( വ്യത്യസ്ത ഘടകങ്ങൾ പര്സപരതുലനം ചെയ്യുന്നത്) ചെയ്തുകൊണ്ട് എൻ എസ് എസ് ഒ മുസ്‌ലിങ്ങളെ കുറിച്ചുള്ള ജാതി ഡാറ്റയെ അടിസ്ഥാനമാക്കി സർവേ സമീപിക്കുന്നത്. ഈ പഠനം താഴെത്തട്ടിൽ നടത്തുന്ന സമീപനമാണ് അനുവർത്തിച്ചിട്ടുള്ളത്, സർവേയിൽ ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കുമിടയിലെ പരമ്പരാഗത ജാതി-തൊഴിൽ ഘടന സംബന്ധിച്ച് “ബിരാദാരികളോട്” (സമുദായങ്ങൾ) നേരിട്ട് ചോദിക്കുകയും അവയെ താരതമ്യം ചെയ്യുകയും ചെയ്യുന്നു.
എന്നിരുന്നാലും, സാമൂഹിക, സാമ്പത്തിക സൂചകങ്ങളുടെ സ്പെക്‌ട്രത്തിലുടനീളമുള്ള ഹിന്ദു മേൽജാതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ജാതി മുസ്‌ലിങ്ങൾ ഇപ്പോഴും ഗണ്യമായ പോരായ്മയിലാണെന്നും പഠനം ആവർത്തിച്ച് പറയുന്നു.
ഉദാഹരണത്തിന്, സവർണ ഹിന്ദുക്കൾക്ക് ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ അനുപാതം 14 ശതമാനമാണ്, അതേസമയം മുസ്‌ലിം സമുദായത്തിലെ ഉയർന്ന ജാതിക്കാർക്കിടയിൽ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം 31 ശതമാനമാണ്. നഗര ദാരിദ്ര്യം, ഭൂമി, സമ്പത്ത് എന്നിവയിലും സമാനമായ അസമത്വം കാണാം. മൊത്തത്തിൽ, രാജ്യത്തെ മറ്റേതൊരു വിഭാഗത്തെ അപേക്ഷിച്ച് ഉയർന്ന ജാതി ഹിന്ദുക്കൾക്ക് കൂടുതൽ നേട്ടമുണ്ടെന്നും പഠനം പറയുന്നു.
ജൂലിയൻ ലെവെസ്‌ക്യൂ, ലോറൻസ് ഗൗട്ടിയർ, നിക്കോളാസ് ബെലോർഗി എന്നിവർ അടുത്തിടെ നടത്തിയ പഠനം ശ്രദ്ധേയമാണ്. മുസ്‌ലിം നേതാക്കൾ കൈവശപ്പെടുത്തുന്ന “സാമൂഹിക ഇടങ്ങൾ” മാപ്പിംഗ്, പഠനം മുസ്‌ലിം നേതൃത്വത്തെക്കുറിച്ച് സാരവത്തായ ചില ഉൾക്കാഴ്ചകൾ നൽകുന്നു.
അലി അൻവറിന്റെ 2000-ൽ പുറത്തിറങ്ങിയ “മസാവത് കി ജങ്” എന്ന പുസ്തകത്തിൽ ബീഹാറിലെ നിരവധി മുസ്‌ലിം സംഘടനകളിൽ സയ്യിദ്, ഷെയ്ഖ് എന്നിവരുടെ അമിത പ്രാതിനിധ്യം ഊന്നിപ്പറയുന്നു (ഉദാഹരണത്തിന്, അക്കാലത്ത്, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിലെ (മുസ്‌ലിം വ്യക്തിഗത നിയമ ബോർഡ്) 39 എക്‌സിക്യൂട്ടീവ് അംഗങ്ങളിൽ 36 പേരും ഉയർന്ന ജാതിക്കാരായിരുന്നു) .
വലിയൊരു ഭൂമികയെ, ഇന്ത്യയിലുടനീളമുള്ള 164 മുസ്‌ലിം നേതാക്കളിലേക്ക് ചുരുക്കിയിരിക്കുന്നതിലേക്ക് ഈ പഠനം നിരീക്ഷിക്കുന്നു, മുസ്‌ലിം നേതാക്കളിൽ 70 ശതമാനവും ഉയർന്ന ജാതിയിൽപ്പെട്ടവരാണെന്ന് അതിൽ പറയുന്നു. കൂടാതെ, കഴിഞ്ഞ 30 വർഷമായി ഈ അവസ്ഥ മാറിയിട്ടില്ല.
ഈ പഠനങ്ങൾ സ്വാഗതാർഹവും അനിവാര്യവുമാണ്. മതങ്ങൾക്കപ്പുറമുള്ള ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായി ജാതി നിലനിൽക്കുന്നു വെന്നും അധികാരം, പ്രാതിനിധ്യം, “പ്രീണനം” എന്നിവയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ജാതി സെൻസസ് അനാവരണം ചെയ്യുമെന്നും ഈ പഠനങ്ങൾ ഊന്നിപ്പറയുന്നു.
- ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ 2022 മെയ് രണ്ടിന് ‘മുസ്‌ലിങ്ങൾക്കിടയിലെ ജാതി’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പംക്തിയുടെ പരിഭാഷ. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഡിഫിൽ( DPhil) ഗവേഷകനും ഇക്കണോമിക് & പൊളിറ്റിക്കൽ വീക്കിലിയുടെ മുൻ അസിസ്റ്റന്റ് എഡിറ്ററുമാണ് ആസം, ജെഎൻയുവിലെ പോപ്പുലേഷൻ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറുമാണ് ഗോലി