scorecardresearch

പ്രൈംടൈമില്‍ ഇടം പിടിക്കാത്തവര്‍

‘നൂറുകണക്കിനു കിലോമീറ്റര്‍ അകലെ നിന്നു വീട്ടിലേക്കു നടക്കാന്‍ ശ്രമിക്കുന്ന ഹതാശരായ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും പറയാന്‍ തങ്ങളുടേതായ കഥയുണ്ട്,’ തവ്ലീന്‍ സിംഗ് എഴുതുന്നു

Corona, കൊറോണ, Covid-19, കോവിഡ്-19, ie malayalam, ഐഇ മലയാളം, barkha dutt, tavleen singh,

കോവിഡ്-19 മഹാമാരിയുടെ യഥാര്‍ത്ഥ ചിത്രം വിവരിക്കുന്ന കഥകള്‍ ഇനിയും പറയപ്പെട്ടിട്ടില്ല. നൂറായിരക്കണക്കിനു ഹൃദയഭേദകമായ കഥകളുണ്ട്. നൂറുകണക്കിനു കിലോമീറ്റര്‍ അകലെ നിന്നു വീട്ടിലേക്കു നടക്കാന്‍ ശ്രമിക്കുന്ന ഹതാശരായ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും പറയാന്‍ തങ്ങളുടേതായ കഥയുണ്ട്.

ഈ കഥകള്‍ പുറത്തു വന്നിട്ടില്ലെങ്കില്‍ അതിനു കാരണം മാധ്യമങ്ങള്‍ അവരോട് സംസാരിക്കാത്തതിനാലാണ്. വളരെക്കുറച്ചു പേര്‍ മാത്രമേ അത് ചെയ്യുന്നുള്ളൂ. ആ കൂട്ടത്തില്‍ എടുത്തു പറയേണ്ടത് ബര്‍ഖാ ദത്തിനെയാണ്. പലായനം ചെയ്യുന്നവരുടെ കഥകള്‍ ആദ്യം പറഞ്ഞതും ആ ചിത്രങ്ങള്‍ പുറത്തു കൊണ്ടു വന്നതും ബര്‍ഖയാണ്. അത് കണ്ടു ലജ്ജിച്ച് ചില ടെലിവിഷന്‍ ചാനലുകള്‍ അവരുടെ റിപ്പോര്‍ട്ടര്‍മാരെ അയയ്ക്കാന്‍ നിര്‍ബന്ധിതരായി. വളരെ കുറച്ചു പേര്‍ മാത്രമേ അതും ചെയ്തുള്ളൂ.

ലോക്ക്ഡൗണ്‍ കാലത്ത് ഞാന്‍ ഇതിനെക്കുറിച്ച് ആലോചിക്കുകയും അതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഒരു കാലത്ത്, ഡല്‍ഹി പൊലീസിന്റെ ദൈനംദിന പത്രക്കുറിപ്പുകളില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടികള്‍ മരിക്കുന്ന വാര്‍ത്ത നിരന്തരം വരുമായിരുന്നു. എന്റെ തലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ അത് ശ്രദ്ധിച്ചിരുന്നു എങ്കിലും ഇത്തരം വാര്‍ത്തകള്‍ പതിവായിരുന്നതിനാല്‍ പത്രങ്ങളുടെ ഉള്‍താളുകളില്‍ ഒരു ഖണ്ഡികയിലപ്പുറം ഇടംപിടിച്ചില്ല. പലപ്പോഴും പെണ്‍കുട്ടികളുടെ പേരുകള്‍ പോലും വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെട്ടില്ല. ദേശീയ പത്രങ്ങളില്‍ വളരെ കുറച്ച് വനിതാ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടായിരുന്ന സമയമായിരുന്നു ഇത്. പക്ഷേ മരിച്ച പെണ്‍കുട്ടികളുടെ കഥകള്‍ ഞങ്ങളില്‍ ചിലര്‍ അന്വേഷിക്കാന്‍ തുടങ്ങി. ഞങ്ങള്‍ അവരുടെ കുടുംബങ്ങളുമായും ഭര്‍ത്താക്കന്മാരുടെ കുടുംബങ്ങളുമായും അഭിമുഖങ്ങള്‍ നടത്തി. ഈ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് സ്ത്രീധനമരണങ്ങള്‍ ഇല്ലാതാക്കാനുള്ള നിയമങ്ങള്‍ വന്നത്.

കൊച്ചു പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗത്തിനിരയാവുന്ന സംഭവങ്ങള്‍ ദേശീയപത്രങ്ങളില്‍ ഒരു ഖണ്ഡികയില്‍ കൂടുതല്‍ ഇടംപിടിക്കാത്ത കാലം കൂടിയായിരുന്നു ഇത്. പൊലീസ് സ്റ്റേഷനുകളില്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീകള്‍ക്കു കഴിയാത്തത് എന്തു കൊണ്ടാണെന്നും അവരില്‍ ചിലര്‍ സഹായത്തിനു പോയ പോലീസുകാരാല്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടത് എന്തു കൊണ്ടാണെന്നും അറിയാന്‍ വിദൂരഗ്രാമങ്ങളിലേക്കു യാത്ര ചെയ്തവരില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു എന്നതില്‍ അഭിമാനിക്കുന്നു. ഇത്തരം സ്റ്റോറികളുടെ പിന്നാലെ പോവുക എന്നത് ‘ഒബ്സെഷന്‍’ പോലെയായി മാറി പിന്നീട്. ഗ്രാമങ്ങളില്‍ സ്ത്രീകളെ ‘നഗ്‌നനായി പരേഡ്’ ചെയ്യിക്കുന്ന വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം അതിന്റെ പിന്നാലെ പോയി എന്ന് ഞാന്‍ ഉറപ്പു വരുത്തിയിരുന്നു. സത്യം അന്വേഷിച്ചു കണ്ടുപിടിക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ ആര്‍ജ്ജവം കാണിച്ചത് കൊണ്ടാണ് ഈ നാട്ടിലെ ബലാത്സംഗ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായത്.

കോവിഡ് കാലത്ത് ഇതിനു നേരെ വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് ദുഖത്തോടെ പറയട്ടെ. താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ അടയ്ക്കപ്പെട്ട അല്ലെങ്കില്‍ വീട്ടിലേക്കു കാല്‍നടയായി പോകാന്‍ ശ്രമിച്ചതിനു ശിക്ഷിക്കപ്പെട്ട ആളുകളുടെ കഥകള്‍ വളരെ കുറച്ചു റിപ്പോര്‍ട്ടര്‍മാര്‍ മാത്രമാണു പറഞ്ഞത്. അത് കൊണ്ട് തന്നെ നമ്മുടെ രാഷ്ട്രീയ വര്‍ഗത്തിന്റെ ഭാഗത്ത്‌ നിന്നും വരുന്നത് ചെവിയടപ്പിക്കുന്ന മൗനം മാത്രമാണ്. എവിടെയാണ് നമ്മുടെ ജനപ്രതിനിധികള്‍ ഒളിച്ചിരിക്കുന്നത്? എന്തു കൊണ്ടാണ് ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ സഹായിക്കാന്‍ അവര്‍ മുന്നോട്ടു വരാത്തത്? തെരഞ്ഞെടുത്തവരാല്‍ വഞ്ചിക്കപ്പെട്ട ആ പാവപ്പെട്ടവരുടെ അടുത്തേക്ക് പോയി അടുത്ത തെരഞ്ഞെടുപ്പിന് വോട്ടു ചോദിക്കുന്നതെങ്ങനെ?

രാഷ്ട്രീയവര്‍ഗത്തിന്റെ പെരുമാറ്റം അപമാനകരമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ മാധ്യമരംഗത്തുള്ള നമ്മള്‍ എന്ത് കൊണ്ട് അപമാനകരമായ രീതിയില്‍ പെരുമാറി എന്നത് സ്വയം കണ്ടെത്തേണ്ട ഒന്നാണ്. ശബ്ദമില്ലാത്തവര്‍ക്കുവേണ്ടി സംസാരിക്കേണ്ടതു മാധ്യമപ്രവര്‍ത്തകരുടെ പ്രാഥമിക കടമയാണ്. മാധ്യമപ്രവര്‍ത്തനത്തെ ഞാന്‍ കാണുന്നത്, ആവര്‍ത്തന വിരസമായ ആ പഴയ ശൈലി(ക്ലീഷേ)യുടെ ഭാഷയില്‍ പറഞ്ഞാല്‍, അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ചു പറയുക എന്നതാണ്. ഇത് ചെയ്യുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയുടെ തിളങ്ങുന്ന പ്രതിച്ഛായയെ തകര്‍ക്കുന്നതിനായി സൃഷ്ടിച്ച വഴിതെറ്റിക്കുന്ന പ്രചാരണം (ഹൈപ്പ്) എന്നതിലപ്പുറം ഒന്നുമല്ലെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യപ്പെട്ട ശബ്ദഭരിതമായ ഉച്ചഭാഷിണികള്‍ നമുക്കിടയിലുണ്ട്. ഡല്‍ഹിയിലെയും മുംബൈയിലെയും ടിവി സ്റ്റുഡിയോകളുടെ സംരക്ഷണത്തില്‍ നിന്ന്, സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അവര്‍ ദിനംപ്രതി നമ്മളോട് ഉപദേശിക്കുകയും ‘വീട്ടില്‍ തന്നെ തുടരാന്‍’ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

കോവിഡ്-19നെ സംബന്ധിച്ച ഇന്നത്തെ വാര്‍ത്തകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Bihar migrants, Bihar coronavirus, Bihar COVID-19 cases, Bihar news, Bihar deaths, Indian express
എന്തു കൊണ്ടാണ് ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ സഹായിക്കാന്‍ ജനപ്രതിനിധികള്‍ മുന്നോട്ടു വരാത്തത്?

അവരുടെ ഈ ശബ്ദകോലാഹലം, വീടുകളില്ലാത്തവര്‍ക്കും സാമൂഹിക അകലം അസാധ്യമായവര്‍ക്കും എത്ര മാത്രം പരിഹാസ്യമാണെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ടോ? ഒരുപക്ഷേ മനസ്സിലാവുന്നുണ്ടാവാം. എന്റെ ചില ട്വീറ്റുകളോടുള്ള പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്, ഇന്ത്യന്‍ മധ്യവര്‍ഗത്തിന് ഈ ലോക്ക് ഡൗണില്‍ നമ്മുടെ തൊഴിലാളിവര്‍ഗത്തിനുണ്ടായ ദുരിതം ഒരു പ്രശ്‌നമല്ലെന്നാണ്. തൊഴിലാളികളെ മനുഷ്യരായല്ല, മറിച്ച് ജീവിതത്തില്‍ ദുരിതം അനുഭവിക്കേണ്ടുന്ന മനുഷ്യരാശിയുടെ ചില ഉപജാതികളായാണു മധ്യവര്‍ഗം കാണുന്നത്. വൈറസ് വ്യാപനം നിര്‍ത്തുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ ഈ ആളുകള്‍ വീട്ടിലേക്ക് പോകുന്നതു തടയണമെന്ന് വരെ നിര്‍ദേശിച്ചവരുണ്ട്‌.

ഒരു കുട്ടിയും നടക്കാന്‍ പാടില്ലാത്തത്ര ദൂരം നടക്കുന്ന ദുര്‍ബലരായ കുട്ടികളോട് അനുകമ്പയുടെ ഒരു ചെറുകണിക പോലും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെങ്കില്‍ അതിനു കാരണം ദുരിതമനുഭവിക്കുന്നവരുടെ കഥകള്‍ നമ്മള്‍ മാധ്യമങ്ങള്‍ പറയാന്‍ പരാജയപ്പെട്ടതിനാലാണ്. ചില ആശുപത്രി കിടക്കയ്ക്കടുത്തുള്ള പനി ചാര്‍ട്ട് പോലെയാണ് നമ്മളുടെ റിപ്പോര്‍ട്ടുകള്‍. അതില്‍ രോഗികളുടെ താപനിലയുടെ ഉയര്‍ച്ചയും താഴ്ചയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമാണ്, പക്ഷേ ആരും പറയാത്ത കഥകളും അത്ര തന്നെ പ്രധാനമാണ്.

വൈറസ് മൂലം ദുരിതമനുഭവിക്കുന്നവരുടെ വാര്‍ത്തകള്‍ സിഎന്‍എന്‍, ബിബിസി എന്നിവ ദിവസേന നല്‍കുന്നു. അവര്‍ രോഗബാധിതരെ മനുഷ്യരായിട്ടാണു കാണുന്നത്, അക്കങ്ങളായിട്ടല്ല. ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തനജീവിതത്തില്‍ എന്റെ തൊഴിലിനെക്കുറിച്ച് എനിക്ക് ഇത്രയധികം ലജ്ജ തോന്നിയ സാഹചര്യം മറ്റൊന്നില്ല എന്ന് തോന്നുന്നു. ഇതെല്ലാം അവസാനിക്കുമ്പോള്‍, ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ വന്‍ മരങ്ങള്‍ ആത്മപരിശോധനയ്ക്കായി അല്‍പനേരം നീക്കിവയ്ക്കുന്നത് നല്ലതാണ്. ഞാന്‍ റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങിയ സമയത്ത് (1975) ‘മീഡിയ’ എന്നാല്‍ കുറച്ചു പത്രങ്ങള്‍ മാത്രമായിരുന്നു. ഇന്നത്തെ മാധ്യമലോകം വൈവിധ്യമാര്‍ന്നതും വിശാലവും ശക്തവുമാണ്. സത്യം പറയുക എന്നത് ഒരു പ്രശ്നമാവേണ്ട കാര്യമില്ല.

Read Here: When all this is over, it really is important that big bosses of Indian journalism urge season of introspection

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: When all this is over it really is important that big bosses of indian journalism urge season of introspection