പ്രത്യക്ഷത്തിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു പുനർനാമകരണം. “ആസാദി കാ അമൃത് മഹോത്സവ്” എന്ന പദ്ധതിയിൽ നിർദ്ദേശിക്കപ്പെടുന്ന ആഘോഷങ്ങളിൽ കൊളോണിയലിസത്തിന്റെ അവസാന അവശിഷ്ടങ്ങൾ വരെ ഒഴിവാക്കാനുള്ള നിശ്ചയദാർഢ്യമുള്ള ശ്രമവും ഉൾപ്പെടുന്നു. ഏറ്റവും ഒടുവിലായി മാറ്റം എത്തിനിൽക്കുന്നത്, മുഗൾ ഗാർഡനിലാണ്.
ഫെബ്രുവരിയിൽ നിറവും സുഗന്ധവും കൊണ്ട് ജാജ്വല്യമാനമാകുന്ന രാഷ്ട്രപതി ഭവനിലെ പുൽത്തകിടി, ഇനി അമൃത് ഉദ്യാനമെന്ന് അറിയപ്പെടും. വിരോധാഭാസമെന്നു പറയട്ടെ, അതിന്റെ ലേഔട്ട് പ്ലാൻ ചെയ്ത ബ്രിട്ടീഷുകാരൻ അതിനിട്ട പേരാണ് മുഗൾ ഗാർഡൻസ് എന്നത്. ജോമെട്രിക് പാറ്റേണുകൾ, ജലധാരകൾ, ടെറസ് പൂളുകൾ എന്നിവ അതിന്റെ സുവർണ്ണ കാലഘട്ടത്തിൽനിന്ന് രൂപകൽപ്പന ചെയ്തെടുത്തതാണ്.
ഡൽഹിയുടെ പൂക്കളുടെയും സൗന്ദര്യത്തിന്റെയും ക്ഷണികമായ വസന്തം (എപ്പോഴെങ്കിലും) ഈ പ്രതീകാത്മക പ്രവർത്തികളാൽ കുറയുന്നുവെങ്കിൽ, നാമകരണത്തിൽ സ്ഥലങ്ങളെക്കുറിച്ച് കാലങ്ങളായി നമ്മുടെ മനസ്സിൽ പതിഞ്ഞതൊന്നും അത്രപെട്ടെന്ന് മാഞ്ഞുപോകില്ലെന്ന് ആശ്വസിക്കാം.
ഭൂമിശാസ്ത്രപരമായ പുനർനാമകരണം ഇപ്പോൾ ട്രെൻഡ് ആയിരിക്കാം, എന്നാൽ പരിചിതമായ സംസാരഭാഷാ പ്രയോഗങ്ങൾ നിലനിൽക്കുന്നു. അവ തുടച്ചുമാറ്റാൻ പ്രയാസമാണ്. നമ്മളിൽ എത്ര പേർ ബർമ്മയെ മ്യാൻമർ എന്ന് പറയുന്നു? ചൈനയുടെ തലസ്ഥാനത്തിന്റെ പേര് ഇതര ഭാഷാ ലിപിയിലെഴുതി “ബീജിങ്” എന്ന് മാറ്റിയതിന് പതിറ്റാണ്ടുകൾക്ക് ശേഷവും, ഓരോ ചൈനീസ് റെസ്റ്റോറന്റും ഒരു പീക്കിങ് താറാവ് വിഭവം വിളമ്പുന്നത് തുടരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുംബൈക്കാർ ഒരിക്കലും ബോംബെക്കാരെ മാറ്റിസ്ഥാപിച്ചിട്ടില്ല. എന്നാൽ പേര് മാറ്റത്തിന് തൊട്ടുപിന്നാലെ തകർച്ച ആരംഭിച്ചതായി ദോഷൈകദൃക്കുകളായ പൗരർ വിശ്വസിക്കുന്നു.
“ഒരു പേരിലെന്തിരിക്കുന്നു?” റോമിയോ ആൻഡ് ജൂലിയറ്റിൽ ഷേക്സ്പിയർ ചോദിക്കുന്നു. പേരുകൾ വസ്തുക്കളെയും ആളുകളെയും വേർതിരിച്ചറിയാൻ സഹായിക്കുന്നു എന്നതിനപ്പുറം അതിന് ആന്തരികമായ മൂല്യം ഇല്ലെന്ന ആശയം ഷേക്സ്പിയർ മുന്നോട്ടുവച്ചു. മൊണ്ടേഗുകളുമായുള്ള ദീർഘകാല കുടുംബ വഴക്ക് കാരണം, ജൂലിയറ്റിന്, റോമിയോയുമൊത്ത് ജീവിക്കാനായില്ല. അവളുടെ പ്രിയപ്പെട്ടവന്റെ കുടുംബപ്പേര് ഇരുവരെയും ദുരന്തത്തിലേക്ക് തള്ളിവിടുന്നത് വിധിയുടെ യാദൃച്ഛികതയാണ്. “റോസാപ്പൂവിനെ നമ്മൾ മറ്റേതെങ്കിലും പേരിൽ വിളിച്ചാലും അതിന്റെ സവിശേഷമായ ശേഷിയിൽ മാറ്റമൊന്നും വരില്ലെന്നും” അവൾ ശരിയായി നിരീക്ഷിക്കുന്നു.
എന്നാൽ ഷേക്സ്പിയറിനോട്, ആദരവോടെ വിയോജിച്ച് കൊണ്ട് ഒരു പേര് ഒരു നിർണായക സ്വത്വ ബോധമാണെന്ന് പറയാൻ കഴിയും. നൂറ്റാണ്ടുകളായി അവയെ അങ്ങനെ വിളിക്കപ്പെടുന്നതിനാൽ ഒരു റോസാപ്പൂവിന് പെട്ടെന്ന് പെറ്റൂണിയ ആകുന്നത് അസാധ്യമാണ്. അങ്ങനെ, രാജ് പഥ്, കർത്തവ്യ പഥ് ആകുമ്പോൾ അല്ലെങ്കിൽ മുഗൾ ഉദ്യാനം അമൃത് ഉദ്യാനമാകുമ്പോൾ, ഇത് ഒരു പുതിയ അസ്തിത്വത്തിന്റെ സൃഷ്ടി പോലെ തോന്നുന്നു; ഒപ്പം യാദൃച്ഛികമായി നമ്മുടെ മൊത്തം ഭൂതകാലത്തിന്റെ നിരാകരണവും.
ഏറ്റവും കടുത്ത ദേശീയവാദികൾ പോലും, തങ്ങൾക്ക് അനുകൂലമല്ലാത്ത ചരിത്രത്തെ ഏകപക്ഷീയമായി ഉപേക്ഷിക്കുന്ന സർക്കാരുകളോട് മനസ്സില്ലാമനസ്സോടെ പ്രതികരിക്കുന്നു, ലോകത്തെയും അതിൽ നമ്മുടെ സ്ഥാനത്തെയും തിരിച്ചറിയാൻ അവയ്ക്ക് സാധിക്കുമെന്ന ലളിതമായ കാരണത്താലാണത്.
ആജ്ഞാപകമായ പുതിയ ആഖ്യാനങ്ങൾക്ക് അനുകൂലമായ ഈ മനോഭാവം അസ്തിത്വപരമായ ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു, സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതെല്ലാം തീർത്തും അവിശ്വസനീയമോ? അതോ, കാര്യങ്ങളുടെ ക്ഷണികമായ സ്വഭാവം ഡോക്യുമെന്റഡ് ആർക്കൈവുകളിലേക്കും വ്യാപിക്കുമോ – അമൃത് ഉദ്യാനിലെ ക്ഷണികമായ പൂക്കൾ പോലെ – നമ്മുടെ കൺമുന്നിൽ അപ്രത്യക്ഷമായേക്കാം? പുതിയ തലമുറ വ്യത്യസ്തമായ യാഥാർത്ഥ്യം കൊത്തിയെടുക്കാൻ വെമ്പുന്നതിനാൽ മാത്രം, ജീവിതത്തിന്റെ ലക്ഷ്യം സത്യാന്വേഷണമാണ് എന്ന അവ്യക്തമായ ബോധ്യം ഉൾക്കൊള്ളുന്നവർക്ക്, ഏറ്റവും മഹത്തായ നാഗരികതയെ ഓർമ്മയിൽ നിന്ന് മായ്ച്ചുകളയാൻ കഴിയുമെന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ലോകചരിത്രം ദൈവങ്ങളുടെയും വീരന്മാരുടെയും കഥകൾ, യുദ്ധങ്ങൾ, ഇതിഹാസങ്ങൾ, പുരാതനകാലത്തെ അത്ഭുതനിർമ്മിതികൾ, ഈ നിമിഷത്തിലേക്ക് നയിച്ച ദശലക്ഷക്കണക്കിനുള്ള മാറ്റങ്ങൾ എന്നിവയാൽ നിറഞ്ഞവയാണ്. തുറന്നുകാട്ടപ്പെട്ട നീചന്മാരാ രാജാക്കന്മാരെയും കൗശലക്കാരായ സാമ്രാജ്യത്വവാദികളെയും എല്ലാം ഉൾക്കൊള്ളുന്നതിലാണ് വിവേകം. അത് യുട്ടോപ്യൻ സമൂഹം എന്ന സ്വപ്നത്തിലേക്ക് നമ്മെ കുറച്ചുകൂടി അടുപ്പിക്കും.
‘കൊളോണിയൽ മാനസികാവസ്ഥ’യുടെ അവശേഷിക്കുന്ന അടയാളങ്ങള്‍ നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ശ്രമം പ്രക്ഷുബ്ധതമായ കാലം നൽകുന്ന പാഠങ്ങളെ അവഗണിക്കുന്നു. ജാപ്പനീസ് തത്ത്വചിന്ത കിന്റ്സുഗി പോലെയുള്ള ഒന്നാണിത്, അക്ഷരാർത്ഥത്തിൽ, ‘സ്വർണ്ണവുമായി ചേരുക’. സെൻ സൗന്ദര്യശാസ്ത്രത്തിൽ, തകർന്ന കളിമണ്‍ പാത്രങ്ങള്‍ വലിച്ചെറിയുകയോ കേടുപാടുകൾ മറയ്ക്കുകയോ ചെയ്യുന്നില്ല, പകരം, അവയിൽ സ്വർണ്ണ ലാക്വർ ഉപയോഗിക്കുന്നു. അവയുടെ തിളങ്ങുന്ന പിളർപ്പുകളും കേടുപാടുകളും അഭിമാനത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നു. അനുരഞ്ജനത്തിന്റെ ആ അടിസ്ഥാന വീക്ഷണത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ഭൂതകാലവുമായി സത്യസന്ധമായ സങ്കലനത്തിന് ശേഷം മാത്രമാണ് യഥാർത്ഥ ധാരണ ആരംഭിക്കുന്നത്.
- ഹട്‌കെ ഫിലിംസിന്റെ ഡയറക്ടറാണ് ലേഖിക