scorecardresearch
Latest News

സഹതാപത്തിലും നുരയുന്ന മലയാളിയുടെ വംശീയത

ക്ഷേമം എന്ന മുൻഗണന മാറ്റി, ശാക്തീകരണം എന്ന മുൻഗണന മുന്നോട്ട് വെയ്ക്കുന്നതിനെ കുറിച്ച്. നമ്മുടെ വംശീയത കൂടി പ്രശ്നവൽക്കരിക്കാനുള്ള അവസരമാവട്ടെ ഈ കൊലപാതകം നമ്മളിൽ സൃഷ്ടിച്ച ഈ ‘കുറ്റബോധം’

സഹതാപത്തിലും നുരയുന്ന മലയാളിയുടെ വംശീയത

ആൾക്കൂട്ട കൊലപാതകത്തിന്റെ ഇരയായ മധുവെന്ന ആദിവാസി യുവാവിനെ കുറിച്ച് വളരെ പ്രിവിലേജ്ഡ് ആയ ഒരു ഇടത്തിൽ ഇരുന്നു നോക്കുമ്പോൾ ഉണ്ടാവുന്ന സഹതാപനോട്ടങ്ങൾ (എന്റേതടക്കം) കൂടി പ്രശ്നവത്കരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. പലപ്പോഴും ഒരു ആന്ത്രോപോളോജിക്കൽ ആയ ഒരു നോട്ടമായി മാറുന്നുണ്ട് നമ്മുടെ സഹതാപങ്ങൾ. ഫെയ്‌സ്‌ബുക്കിൽ കണ്ട ചില പ്രതികരണങ്ങളാണ് ഈ ചിന്തയുടെ അടിസ്ഥാനം. പല പ്രതികരണങ്ങളും ആദിവാസികളുടെ ഏജൻസി പോലും അംഗീകരിക്കാൻ വിസമ്മതിക്കുന്നവയാണ്.

പലപ്പോഴും നമ്മൾ സംസാരിക്കുന്നത് ഐക്യദാർഢ്യത്തിന്റെ ഭാഷയിൽ അല്ല.രക്ഷകർതൃത്വത്തിന്റെ ഭാഷയിലാണ് എന്ന് കൂടി തോന്നി.ശാക്തീകരണമല്ല, ചാരിറ്റിയാണ് ആദിവാസി പ്രശ്നങ്ങൾക്ക് പ്രതിവിധിയായി ചിലർ കാണുന്നത്. ക്ഷേമ പദ്ധതികൾ ഇല്ലാത്തതല്ല വിഭാവാധികാരമില്ലാത്തതാണ് ആദിവാസി നേരിടുന്ന പ്രധാന പ്രശ്നമെന്ന് മനസിലാക്കിയാൽ ചാരിറ്റിയും ശാക്തീകരണവും തമ്മിലുള്ള പ്രകടമായ വ്യത്യാസം തിരിച്ചറിയാവുന്നതേ ഉള്ളൂ. ആദിവാസികൾക്ക് സ്വയം നിർണയത്തിനുള്ള കഴിവുണ്ട് എന്ന് അട്ടപ്പാടിയിലെ പ്രതിഷേധത്തിൽ അടക്കം അവർ തെളിയിക്കുമ്പോഴാണ് പാവങ്ങൾ,നിഷ്കളങ്കർ, തുടങ്ങിയ വാക്കുകൾ എഴുതി അവരുടെ മേൽ നമ്മുടെ രക്ഷകർതൃത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

സ്വന്തം സ്വത്വാനുഭവങ്ങൾക്ക് പുറത്തുള്ള വിഷയങ്ങളിൽ സംസാരിക്കുമ്പോഴെല്ലാം രക്ഷകർതൃത്വത്തിന്റെ ഭാഷ സംസാരിക്കാതെ ഐക്യദാർഢ്യത്തിന്റെ ഭാഷയിലാണ് സംസാരിക്കേണ്ടത് എന്നാണ് വിശ്വാസം. എന്നാൽ അത് എത്രത്തോളം അങ്ങനെയാണ് എന്ന് സ്വയം തന്നെ സംശയമുണ്ട്.വികസനമെന്നാൽ ചാരിറ്റിയല്ലെന്നും ശാക്തീകരണമാണ് എന്നും കരുതുന്നത് കൊണ്ട് തന്നെ ഇത്തരം സന്ദർഭങ്ങളിൽ സഹതാപത്തിന്റെ ഭാഷ ഉപയോഗിക്കാതിരിക്കാനും ശ്രമിക്കാറുണ്ട്. ശാക്തീകരണത്തിന് ഭൂമിയും വിഭവങ്ങളും അവരിലേക്ക് എത്തുന്ന വികസന മാതൃകകൾ ഉണ്ടാവണം.പട്ടിണിയെ തുടർന്ന് അരി മോഷ്‌ടിച്ചത് കൊണ്ടാണ് ആദിവാസി യുവാവായ മധുവിന് ഇത്തരം ആൾക്കൂട്ട അക്രമം നേരിടേണ്ടി വന്നത് എന്ന തീർപ്പാണ് പല ഐക്യദാർഢ്യങ്ങളിലും കണ്ടത്.

ആദിവാസി ഊരുകളിലെ പട്ടിണി മരണങ്ങളെ കുറിച്ചുള്ള ഡോക്ടർ ഡോ.ബി. ഇക്ബാലിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പ്രത്യേക പഠനം നടത്തിയ റിപ്പോർട്ട് ഉണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ ആദിവാസി മേഖലയിൽ ശിശുമരണങ്ങൾ വ്യാപകമായ കാലത്തായിരുന്നു ഈ പഠനം നടന്നത്. കാലം തികയാത്ത പ്രസവം, തൂക്കം കുറഞ്ഞ നവജാത ശിശുക്കള്‍ പട്ടിണി മരണത്തിന് മുഖ്യകാരണം എന്ന് റിപ്പോർട്ട് പറയുന്നു. നവജാത ശിശുക്കളില്‍ മിക്കവരുടെയും തൂക്കം 600 മുതല്‍ 800 ഗ്രാം വരെ മാത്രമാണ്.

sabloo thomas , madhu ,tribal,kerala

പരമ്പരാഗതമായി റാഗി, ചാമ, ചോളം, കുവരക്, തുവര, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ തനത് ഭക്ഷ്യവിളകള്‍ കൃഷിചെയ്ത് ജീവിച്ചവരായിരുന്നു ആദിവാസികള്‍. ഇരുമ്പും അന്നജവും മാംസ്യവുമെല്ലാം ആവശ്യാനുസരണം അടങ്ങിയിരുന്ന സന്തുലിത പോഷകാഹാരം തനത് ഭക്ഷ്യവിളകളിലൂടെ ആദിവാസികള്‍ക്കു ലഭ്യമായിരുന്നു.പരമ്പരാഗതമായ അവരുടെ കൃഷി രീതി നശിച്ചു പോയപ്പോൾ ഇവയുടെ ലഭ്യത കുറഞ്ഞു.

റേഷൻ കടകളിൽ നിന്നും വാങ്ങുന്ന റേഷൻ അരി അവർക്ക് ലഭ്യമാണ്.എന്നാൽ മട്ടയരിയാണെങ്കിൽ അവർ കടയില്‍ നിന്നു വാങ്ങുക പോലുമില്ല. വേവാന്‍ മൂന്നു മണിക്കൂറെങ്കിലും അതിനു വേണം. അരി വേകുന്നതുവരെ കാത്തിരുന്നാൽ അവർക്ക് ജോലിക്ക് പോകാനാവില്ല.പോരെങ്കിൽ മട്ടയരി കഴിച്ചാൽ വയറുവേദന വരുമെന്നൊരു വിശ്വാസവും അവർക്കുണ്ട്. വയറുവേദന വന്നാൽ ആ ദിവസം ജോലിക്കു പോകാന്‍ കഴിയില്ലെന്നത് അവരെ വീണ്ടും ആ അരിയെ അകലെ നിർത്താൻ പ്രേരിപ്പിക്കുന്നു.

ഒന്നിടവിട്ട മാസങ്ങളിൽ മട്ടയരിയാണ് വിതരണം ചെയ്യുന്നത്. ആ മാസങ്ങളിൽ ആരും റേഷൻ വാങ്ങാറില്ല. അതിനാൽ 30 കിലോ വെള്ളയരി കൊണ്ടു രണ്ടു മാസം കഴിച്ചു കൂട്ടേണ്ടി വരും. ചോറിനു പകരം കഞ്ഞിയാണു വെക്കുക. കറിയെന്നു പറയുന്നത് തക്കാളിയിട്ടു വെക്കുന്ന മുളകു വെള്ളമാണ്.വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണി കൊണ്ട് ഇറച്ചിയും മീനുമൊന്നും വാങ്ങി കുട്ടികൾക്കു കൊടുക്കാനുമാവില്ല എന്ന് ആ റിപ്പോർട്ട് പറയുന്നു.

ഇത്തരം സാഹചര്യങ്ങൾ പഠിക്കാതെ വെറും പട്ടിണിയുടെ കഥ പറഞ്ഞിരുന്നത് കൊണ്ടും അതിൽ സഹതപിച്ചത് കൊണ്ടും ആദിവാസികളുടെ പ്രശ്നം തീരില്ല.പരമ്പരാഗതമായ കൃഷി രീതി തിരിച്ചു കൊണ്ടുവരികയാണ് അവരുടെ ഈ സ്ഥിതി മാറ്റാനുള്ള മാർഗം. നമ്മുടെ ഐക്യദാർഢ്യങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള ചിന്തകൾ എന്നെ അയ്‌മേ സെസൈർ ഹിറ്റ്‌ലറിനെ കുറിച്ച് പറഞ്ഞത്ഓർമിപ്പിക്കുന്നു. ഹിറ്റ്‌ലറും ഹിറ്റ്‌ലറിസവും എന്താണ് ചെയ്ത് കൂട്ടിയത് എന്ന് നാമാദ്യം വിദഗ്ദ്ധമായും വിശദമായും പഠിക്കുകയും എന്നിട്ട് മാനവവാദിയായ യൂറോപ്യൻ ക്രിസ്ത്യൻ ബുർഷ്വാസിയ്ക്ക് ഹിറ്റ്‌ലറും ഹിറ്റ്‌ലറിസവും നിന്റെയുള്ളിൽത്തന്നെ അന്തർലീനമാണ്; അത് നീയറിയുന്നില്ല എന്നേയുള്ളൂ എന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് അയ്‌മേ സെസൈർ (Aime Cesaire) “ഡിസ്കോഴ്സ് ഓൺ കൊളോണിയലിസം” എന്ന കൃതിയിൽപറഞ്ഞിട്ടുണ്ട്‌.

 

ഹിറ്റ്‌ലിറിനോട് അയാൾക്ക് (യൂറോപ്യൻ ക്രിസ്ത്യൻ ബൂർഷ്വാസിക്ക്) പൊറുക്കാൻ കഴിയാത്തത് മനുഷ്യവർഗ്ഗത്തിനെതിരെ ഹിറ്റ്‌ലർ ചെയ്ത കുറ്റകൃത്യങ്ങൾ കാരണമല്ല. വെളുത്ത മനുഷ്യനെതിരായി ചെയ്ത കുറ്റകൃത്യത്തിനു മാത്രമാണ്. മുൻപ് അൾജീരിയയിലെ അറബികൾക്കും ആഫ്രിക്കയിലെ കറുത്തവർക്കും ഇന്ത്യയിലെ കൂലികൾക്കും എതിരെ മാത്രമായി സംവരണം ചെയ്തിരുന്ന യൂറോപ്യൻ കൊളോണിയൽ പ്രക്രിയകൾ തങ്ങൾക്ക് നേരെ കൂടി പ്രയോഗിച്ചത് കൊണ്ടാണ് എന്ന് അയാളോട് പറഞ്ഞു കൊടുക്കേണ്ടതുണ്ട് എന്നും സെസൈർ പറയുന്നു. പുറത്തു നിന്നുള്ള ഫാസിസത്തിനെതിരെ കൃത്യവും ശക്തവുമായ നിലപാട് എടുക്കുമ്പോൾ തന്നെ പുരോഗമനകരവും ജ്ഞാനോദയ മൂല്യ ബോധമുള്ളതുമായി അവകാശപ്പെടുന്ന മലയാളി പൊതുബോധം ആഭ്യന്തര `അപരർക്കെതിരെ’ (ഇതര ഭാഷ തൊഴിലാളികൾ, ആദിവാസികൾ, ദളിതർ, ട്രാൻസ്‌ജൻഡറുകൾ,ലൈംഗിക ന്യൂനപക്ഷങ്ങൾ, ഭാഷ ന്യൂനപക്ഷങ്ങൾ തുടങ്ങി ധാരാളം പേരെ നമ്മൾ ആഭ്യന്തര അപരരായി അടയാളപ്പെടുത്തി കഴിഞ്ഞു.കേരളത്തിൽ വേരുറപ്പിക്കുന്ന ഇസ്ലാമോഫോബിയയും ഈ അപരവത്കരണത്തിന്റെ അടയാളമാണ്.)എത്രയും ഹിംസാത്മകമായിരുന്നു എന്ന് കൂടി തിരിച്ചറിയുന്നത് നല്ലതാവും. അത് ഫാസിസ്റ്റ് വിരുദ്ധവും മാനവികപക്ഷവുമായ നമ്മുടെ തന്നെ തിരിച്ചറിവുകൾക്ക് പുതിയ ദിശ നൽകിയേയ്ക്കും.

നമ്മുടെ തന്നെ വംശീയതയെ കുറിച്ച് ചിന്തയിലേയ്ക്ക് കടന്നുവരുന്നത് ഡിഗ്രി കഴിഞ്ഞു നിൽക്കുമ്പോഴാണ്. ഈ അടുത്ത കാലത്ത് അന്തരിച്ച കെ പാനൂരിന്റെ `കേരളത്തിലെ ആഫ്രിക്ക’,’കേരളത്തിലെ അമേരിക്ക’ എന്നീ കൃതികൾ ആദ്യം വായിക്കുമ്പോഴാണ് ഈ ചിന്ത ഉണ്ടാകുന്നത്.പുരോഗമനകാരിയും വിഭാഗിയത ഇല്ലാത്തവനും മാനവവാദിയുമായി കരുതപ്പെട്ടുന്ന പൊതു മലയാളി സ്വത്വം എന്ന നവോത്ഥാന മാനവ ബോധം ആഭ്യന്തര കുടിയേറ്റങ്ങൾ വഴി നടത്തിയത് ആദിവാസികൾക്ക് നേരെയുള്ള ഒരു ഹിംസയാണ് എന്നും അതാണ് വംശഹത്യയുടെ വക്കോളം ആദിവാസികളെ കൊണ്ട് വന്നു എത്തിച്ച ആദിവാസി അപരവത്കരണത്തിനു കാരണമായത് എന്നും ബോധ്യമാക്കിയത് ആ പുസ്തകം വായിച്ചിട്ടാണ്.

ഇത്തരം ബോധ്യങ്ങളിലൂടെ നോക്കുമ്പോൾ ആൾക്കൂട്ട അക്രമത്തെ കുറിച്ച് ചിലത് കൂടി ചിന്തിക്കേണ്ടി വരുന്നു.ഈ അടുത്ത കാലത്ത് നടന്ന ആൾക്കൂട്ട അക്രമങ്ങളെ കുറിച്ച് ചിലത് ആലോചിക്കാം. ഇതര സംസ്ഥാന തൊഴിലാളികളെയും ട്രാൻസ്ജെൻഡഴ്സിനെയും ഭിക്ഷാടകരെയും മറ്റും പിള്ളേരെ പിടുത്തക്കാരായി ചിത്രീകരിച്ച് ആക്രമിച്ച സംഭവങ്ങൾ നടന്നത് ഈ അടുത്ത കാലത്താണല്ലോ. തങ്ങളിൽ ഒരാളായി തോന്നാതെ, നിറം. വർണം, വംശം, ദേശം, ഭാഷ, വർഗം, തുടങ്ങിയവയുടെ പേരിൽ അപരരായി അടയാളപ്പെട്ടവരെയാണ് ഇവിടെയെല്ലാം ആക്രമിച്ചത് എന്ന് മനസിലാവുമ്പോഴാണ് മലയാളി വംശീയത പൂർണമായി ബോധ്യമാവുന്നത്.

ഇനി മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള വ്യവഹാരങ്ങളിലേയ്ക്ക് മടങ്ങി വരാം. ആക്രമിച്ചത് നാട്ടുകാരാണ് എന്നാണ് പറയുന്നത്. 15 വർഷം മുമ്പ് മുത്തങ്ങയിൽ ആദിവാസി സമരത്തെ തുടർന്ന് ജാനുവിനെയും ഗീതാനന്ദനെയും ആക്രമിച്ചതും ‘നാട്ടുകാർ’ ആയിരുന്നു അത്രേ. സമതലങ്ങളിൽ നിന്നും ആദിവാസി

മേഖലയിലേക്ക് കുടിയേറിയവർ നാട്ടുകാരും അവിടെ മുൻപ് തന്നെ ഉണ്ടായിരുന്നവർ ബഹിഷ്കൃതരും എന്നു പറഞ്ഞുവെക്കുന്ന ദ്വന്ദ്വം നിഷ്കളങ്കമല്ല. അത് ആദിവാസിയെ ഉത്പാദനക്ഷമമായ ഭൂമിയിൽ നിന്നും പുറത്താക്കിയ ആഭ്യന്തര കുടിയേറ്റങ്ങളുടെ ഹിംസയെ നോർമലൈസ് ചെയ്യുന്നു.(ഇത് മുത്തങ്ങയിലെ മാത്രം കാര്യമല്ല. ചെങ്ങറ മുതൽ വടയമ്പാടിവരെ ഈ ‘നാട്ടുകാരെ’ കാണാം. ഡി എച്ച് ആർ എം പ്രവർത്തകരെ ആക്രമിച്ചപ്പോഴും അക്രമികളെ അനുകൂലിച്ച് മാധ്യമങ്ങളും പൊലീസും ‘നാട്ടുകാർ’ എന്ന ലേബൽ ആണ് ഉപയോഗിച്ചത്. അക്രമിക്കപ്പെട്ടവരെല്ലാം അതേ നാട്ടുകാരാകുമ്പോൾ പോലും നാട്ടുകാർ എന്ന ലേബൽ ചില പ്രവിലേജ് ഉളളവർക്ക് മാത്രമായി മാറുന്നത് കാണാം)

ഡോക്ടർ നല്ലതമ്പി തേരാ കൊടുത്ത കേസിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കൽ ആവശ്യപ്പെട്ട ഹൈക്കോടതി വിധി മറികടക്കാൻ എൽ ഡി എഫും യു ഡി എഫും കൂടി ഏകകണ്ഠമായി കൊണ്ട് വന്ന കേരള പട്ടികവർഗ്ഗ (ഭൂമി കൈമാറ്റനിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും)ഭേദഗതിനിയമം 1999(Kerala Scheduled Tribes (Restriction on Transfer of Landand Restoration of Alienated Lands) Amendment Bill, 1999 act)ത്തിന്റെ ഹിംസാത്മകതയെ അത് മറച്ചു വെയ്ക്കുന്നു .

1975ലെ ആദിവാസി ഭൂ നിയമം അട്ടിമറിച്ചു കൊണ്ടുവന്ന 1996ലെ നിയമം, കോൺഗ്രസ്, കേരളകോൺഗ്രസ് എന്നിവയ്‌ക്കൊപ്പം പാസാക്കിയതിൽ മുഖ്യധാര ഇടതിനും പങ്കുണ്ട്.1988 ഡോ നല്ലതമ്പി തേരാ കൊടുത്ത കേസിൽ ആദിവാസികൾക്ക് അനുകൂലമായി വിധി വന്നത് അട്ടിമറിക്കാൻ ആണ് ഈ നിയമം കൊണ്ടുവന്നത് എന്നത് കൂടി ഓർക്കണം .

1975ലെ നിയമം 1982 മുതൽ ആദിവാസി ഭുമി കൈമാറ്റം നിരോധിച്ചു. ഇതു കുടാതെ 1960 -1982 കാലത്തെ ഭുമി കൈമാറ്റം ഈ നിയമം അസാധുവാക്കി.ഡോ നല്ലതമ്പി തേര കൊടുത്ത കേസിൽ ആറ് മാസത്തിന്നകം ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കാൻ കോടതി വിധിച്ചു. ഇതു നടപ്പാക്കാൻ സർക്കാർ നടപടി എടുത്തില്ല. 1996 തിരഞ്ഞെടുപ്പിന് മുൻപ് യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഗവർണർ അനുവദിച്ചില്ല. തുടർന്നു തിരഞ്ഞെടുപ്പിൽ ജയിച്ചു അധികാരത്തിൽ വന്ന എൽ ഡി എഫ് ഒരു നിയമം കൊണ്ടുവന്നു. യു ഡി എഫ് പാർട്ടികളിൽ ഗൗരിയമ്മ മാത്രം ബില്ലിനെ എതിർത്തു.

അന്യാധിനപ്പെട്ട ഭുമിക്ക് പകരം ഭുമി എന്ന ആശയമാണ് ഈ നിയമം മുന്നോട്ട് വെച്ചത്. (പകരം ഭൂമി നിയമം നടപ്പാക്കി കാലം വളരെ കഴിഞ്ഞും ഇന്നും കൊടുത്തുമില്ല) അതായത് ആദിവാസികൾക്ക് അന്യാധിനപ്പെട്ട ഭുമിയിൽ നിയമപരമായ അവകാശം നഷ്ടപെടും. ഈ നിയമം ശരിക്കും ആദിവാസികൾക്ക് നേരെ നടന്ന അക്രമങ്ങളെയും ഭുമി കൈയേറ്റങ്ങളെയും സാധുകരിക്കുന്നു. കേരളത്തിലെ ആഭ്യന്തര കുടിയേറ്റത്തിന്റെ ഹിംസകൊണ്ട് വംശഹത്യയുടെ വക്കിലാണ് ആദിവാസികൾ. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ആദിവാസി മേഖലകളെ Panchayat (Extension to the Scheduled Areas) Act, 1996 (PESA) പെസ നിയമത്തിൽ പറഞ്ഞിട്ടുള്ള ഷെഡ്യുൾ ഏരിയയിൽ ഉൾപ്പെടുതേണ്ടതുണ്ട് എന്നും ഈ മേഖലകളിൽ വനാവകാശ നിയമം കർശനമായി നടപ്പാക്കണം എന്നും പറയുന്നു. ഷെഡ്യുൾ അഞ്ചിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ആദിവാസിക്കൾക്കല്ല ആർക്കും ഭുമി കൈവശം വെയ്ക്കാന്നാവില്ല. അത് ഭുമിയിൽനിന്നുമുള്ള ആദിവാസിക്കളുടെ അന്യവത്ക്കരണത്തിനെ തടയാൻ സഹായിക്കും ആദിവാസികൾ പുറന്തള്ളപ്പെടുന്നത് (ഡിസ്‌പ്ലെയ്‌സ് ചെയ്യപ്പെടുന്നത്) ചരിത്രപരമായി തന്നെ `അവരുടേതായ’ ഇടത്തിൽ നിന്നാണ്. ഈ ഇടത്തിൽ നിന്നും അവരെ പൂർണമായി പുറത്താക്കുന്ന ഒരു വ്യവഹാരമാണ് അവരെ ആക്രമിച്ചവരെ നാട്ടുകാർ എന്ന് അടയാളപ്പെടുത്തുന്നതിലൂടെ സംഭവിക്കുന്നത്.

Read More: സിവിക് ചന്ദ്രൻ എഴുതുന്നു ആദിവാസിക്ക് ഇനിയെങ്കിലും ഭൂമിയും ജീവിതവും സ്വയംഭരണവും നൽകൂ 

മധുവിന്റെ കൊലപാതകം നമ്മുക്ക് മറ്റു ചില കാര്യങ്ങളെ കുറിച്ച് കൂടി ചിന്തിക്കാനുള്ള അവസര കൂടി തുറന്നു തന്നിട്ടുണ്ടെന്ന് കരുതുന്നു. ഉത്പാദന ക്ഷമമായ ഭൂമിയുടെ മേലുള്ള അവകാശം എന്ന അജണ്ടയെ കുറിച്ച്, അവരുടെ സ്വയംഭരണം ഉറപ്പു വരുത്തുന്ന പെസ നിയമം നടപ്പിലാക്കുന്നതിന് കുറിച്ച്.

ക്ഷേമം എന്ന പ്രയോറിട്ടിയുടെ പരിമിതിയെ കുറിച്ച്. ക്ഷേമം എന്ന മുൻഗണന മാറ്റി, ശാക്തീകരണം എന്ന മുൻഗണന മുന്നോട്ട് വെയ്ക്കുന്നതിനെ കുറിച്ച്. നമ്മുടെ വംശീയത കൂടി പ്രശ്നവൽക്കരിക്കാനുള്ള അവസരമാവട്ടെ ഈ കൊലപാതകം നമ്മളിൽ സൃഷ്ടിച്ച ‘കുറ്റബോധം’.

Read More: മൃദുലദേവി ശശിധരൻ എഴുതുന്നു തല്ലിക്കൊല്ലിക്കുന്ന കേരളാ മോഡൽ 

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Welfare measures adivasi rights madhu