scorecardresearch
Latest News

ശക്തർ അശക്തരെ വിഴുങ്ങുന്ന കാലം അടുത്തോ?

ഇരകളായിത്തീർന്ന കുട്ടികളുടെ മാതാപിതാക്കളുടെ കൊള്ളരുതായ്മയെ ഊന്നിക്കൊണ്ടുള്ള ചിത്രീകരണങ്ങൾ നടന്നുകഴിഞ്ഞിരിക്കുന്നു. ഇത് കേസന്വേഷണത്തെ ബാധിച്ചെന്നു വേണം കരുതാൻ. സത്യത്തിൽ ഈ കേസന്വേഷണത്തെ ഈവിധത്തിലാക്കിയ പോലീസ് അധികാരികളും വക്കിലന്മാരും ബാലാവകാശ ഉദ്യോഗസ്ഥരും കാട്ടിയ അധാർമ്മികതയെ മറച്ചുപിടിക്കാനല്ലേ അമ്മയുടെ സദാചാരമില്ലായ്മയെപ്പറ്റിയുള്ള കഥകൾ ?

ശക്തർ അശക്തരെ വിഴുങ്ങുന്ന കാലം അടുത്തോ?

കഴിഞ്ഞ മാസങ്ങളിൽ നാം കേട്ട മലപ്പുറത്തെ ബാലപീഡനക്കേസും ഇപ്പോൾ നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന വാളയാർ കേസും, അവയിൽ കുട്ടികളായ ഇരകൾ സഹിച്ച ഭയാനകമായ പീഡനവും കേരളത്തിൽ സമൂഹമേ ഇല്ല എന്ന തോന്നലിനെ ശക്തിപ്പെടുത്തുന്നു. ശക്തർ അശക്തരെ മടിയോ ഭയമോ കൂടാതെ വിഴുങ്ങുന്ന കാലം അകലെയല്ലെന്ന സൂചനകളാണ് ഇന്ത്യയിലെ ഹിന്ദുത്വഭരണം നൽകിക്കൊണ്ടിരിക്കുന്നത്. കേരളവും അതേ വഴിക്കുതന്നെ എന്നു തോന്നിപ്പോകുന്നു. പ്രത്യേകിച്ച് കേരളത്തിലെ ഏഴകൾ – അതിദരിദ്രർ – തീർത്തും അശരണരായതുപോലെയാണ് കാര്യങ്ങൾ.

മുപ്പതുവർഷത്തെ നവലിബറൽ ഭരണനയങ്ങളുടെയും ഉപഭോഗകേന്ദ്രിതമായ സംസ്കാരത്തിൻറെയും മദ്ധ്യവർഗാധിപത്യത്തിൻറെയും തീവ്രമായ വ്യക്തിവത്കരണത്തിൻറെയും ഒടുവിൽ സാമൂഹികജീവിതം തന്നെ ദ്രവിച്ച് കുറ്റിയറ്റുപോകുന്ന ലക്ഷണമാണ് കാണുന്നത്. അതിൻറെ തിക്തഫലങ്ങൾ ആദ്യം അനുഭവിക്കുന്നത് തീരെ പാവപ്പെട്ടവരാണ്. രാഷ്ട്രീയജീവിതത്തിൽ ഏഴകൾക്ക് ഇടമേ ഇല്ലാതായിരിക്കുന്നു. പഞ്ചായത്തീ രാജും കുടുംബശ്രീയും മറ്റും ഉണ്ടാക്കിയ ഗുണഫലങ്ങൾ ഇപ്പോഴും അധികവും അനുഭവിക്കുന്നത് കേരളത്തിലെ താണ-ഇടത്തരക്കാരാണ്. ഇങ്ങനെയുള്ള ഒറ്റപ്പെടലും പാർശ്വവത്കരണവും തീരെ പാവപ്പെട്ടവരുടെ ജീവിതങ്ങളെയും അവരുടെ സാമൂഹ്യബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി നമുക്ക് കാര്യമായ അറിവുമില്ല. ദിവസക്കൂലികൊണ്ട് കഴിയുന്നവർ, പ്രത്യേകിച്ച് വൃദ്ധരെയും രോഗികളെയും പരിപാലിക്കേണ്ടി വരുമ്പോൾ, അല്ലെങ്കിൽ മറുനാട്ടുകാർ എന്ന വിവേചനം അനുഭവിക്കുമ്പോൾ, ആ പ്രതിസന്ധികളെ എങ്ങനെ മറികടക്കുമെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?

ഈ രണ്ടു കേസുകളിലും പ്രതികൾ ഇരകളുടെ കുടുംബങ്ങളോട് അടുപ്പമുള്ളവരും ബന്ധുക്കളും മറ്റുമായിരുന്ന് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ന്യായമായും ഈ കുട്ടികളെ സംരക്ഷിക്കേണ്ടവർ. അങ്ങേയറ്റം ദരിദ്രമായ സാഹചര്യങ്ങളിൽ – നല്ലൊരു വീടില്ല, വിദ്യാഭ്യാസമോ നല്ല തൊഴിലോ ഇല്ല, രാഷ്ട്രീയബലമില്ല, ധനപരമായ സ്ഥിരത തീരെയില്ല, എന്നിങ്ങനെ ഇല്ലായ്മകളുടെ വലിയൊരു കൂട്ടം മാത്രം കൈമുതലായവർക്ക് സ്വസമുദായമോ കുടുംബവലയമോ കൂടി ഇല്ലെങ്കിൽ പ്രജനനം പോലും അസാദ്ധ്യമല്ലേ? അടിസ്ഥാനസുരക്ഷ പോലും ഇല്ലാത്തവർ എങ്ങനെ കുഞ്ഞുങ്ങളെ പോറ്റിവളർത്തും? അതാണ് സമൂഹം ഇല്ലാതാകുന്നു എന്നു പറഞ്ഞത്.j devika , opinion, child abuse, iemalayalam

കേരളത്തിൽ സമുദായസംഘടനകൾക്ക് യാതൊരു പഞ്ഞവുമില്ല. പലതരം ആനുകൂല്യങ്ങൾക്കായി നിരന്തരം പിടിവലി നടത്തിക്കൊണ്ട് അവരെല്ലാം മുന്നിലുണ്ട്. പക്ഷേ ഈ കുടുംബത്തിന് അവരുടെ താങ്ങ് പ്രതീക്ഷിക്കാനേ കഴിയില്ല. കാരണം സമൂഹത്തെ നിർമിക്കുകയെന്ന ലക്ഷ്യത്തെ അവ എന്നേ കൈവെടിഞ്ഞിരിക്കുന്നു. ഇവിടുത്തെ രാഷ്ട്രീയകക്ഷികൾ മുഴുവൻ ഇടത്തരക്കാരുടെയും ഉന്നത-മദ്ധ്യവർഗങ്ങളുടെ ജിഹ്വകൾ മാത്രമാണ്. ആധുനികപൂർവകാലത്തുണ്ടായിരുന്ന സാമുദായിക ബന്ധങ്ങൾ സമൂഹത്തിൻറെ കീഴ്ത്തട്ടുകളിൽ പലയിടങ്ങളിലും പാടെ പൊടിഞ്ഞുപോയിരിക്കുന്നു. പല പരമ്പരാഗത തൊഴിലുകളും അപ്രത്യക്ഷമായതോടെ, പൊതു ഇടങ്ങളും സ്ഥലങ്ങളും കൈവിട്ടുപോയതോടെ, പകരം പുതിയ സമുദായശക്തിയായി വളരാനുള്ള വിദ്യാബലമോ ധനശക്തിയോ ഇക്കൂട്ടർക്ക് ഇല്ലതാനും.

കേരളത്തിലെ മുറ്റിത്തഴച്ച ജാതീയതയെ പരാമർശിച്ചുകൊണ്ട് ഏതാനും വർഷം മുൻപ് സലീന പ്രക്കാനം കേരളത്തിൽ സമൂഹമില്ലെന്നു പറഞ്ഞപ്പോൾ പലർക്കും അതു മനസ്സിലായില്ല. ഇന്ന് സ്ഥിതി അന്നത്തതിലേറെ ഗുരുതരമായിരിക്കുന്നു. ഇനിയും മനസ്സിലാവുന്നില്ലെന്നാണ് ശഠിക്കുന്നതെങ്കിൽ നാശമല്ലാതെ മറ്റൊരു ഭാവി നമുക്കില്ല.
ഈ അവസ്ഥ ഇത്രയും രൂക്ഷമായതിൽ ഞാനടക്കമുള്ള സിവിൽ സമൂഹത്തിന് കാര്യമായ പങ്കുണ്ട്. ലിംഗപരമായ അനീതികളെ പ്രതിരോധിക്കാനുള്ള നയങ്ങൾക്കു വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ഈ കേസുകളുടെ വെളിച്ചത്തിൽ അർത്ഥശൂന്യങ്ങളല്ലേ എന്നു ശങ്കിച്ചു പോകുന്നു.

കഴിഞ്ഞ രണ്ടു വർഷമായി നടന്ന ചർച്ചയുടെ ഫലമായി ഇന്ന് ലൈംഗിക അതിക്രമം അനുഭവിക്കേണ്ടി വന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ വൈദ്യപരിശോധനയെ സംബന്ധിച്ച മെഡിക്കൽ പ്രോട്ടോക്കോൾ നാം തിരുത്തിയെഴുതിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പരിശോധനാ നിർദേശങ്ങളാണ് ഇന്ന് നമ്മുടേത്, ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതാം തീയതി പ്രകാശിപ്പിക്കപ്പെട്ടത്. ലൈംഗിക അതിക്രമം സഹിച്ചവരായ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ പൂർണമായി അംഗീകരിക്കുന്നു അത്. ഒരു വശത്ത് ഇതിനെ നേട്ടമായിക്കണ്ട് നാം ആശ്വസിക്കുന്നു. ഇതു നേട്ടമാകുന്നത് എന്തുകൊണ്ടാണ്? പണമോ സ്വാധീനമേ വഴി വൈദ്യപരിശോധനയെ സഹിക്കാവുംവിധമാക്കാൻ കഴിവില്ലാത്തവരുടെ അവകാശങ്ങൾ ഇതിലൂടെ മാനിക്കപ്പെടുമെ ന്ന പ്രത്യാശ കാരണം, സംശയമില്ല.j devika , iemalayalam

എന്നാൽ ആ നേട്ടങ്ങളെല്ലാം ഏട്ടിൽ മാത്രമല്ലേ? സമുദായശക്തിയോ ധനശക്തിയോ വിദ്യാഭ്യാസത്തിൽ നിന്നുണ്ടാകുന്ന അറിവോ സാമൂഹ്യ-സാംസ്കാരിക ബന്ധങ്ങളോ ഇല്ലാത്തവർക്ക് അത്താണിയാകേണ്ട സർക്കാർ വ്യവസ്ഥ – പോലീസ്, ഭരണാധികാരികൾ, രാഷ്ട്രീയക്കാർ, സമുദായനേതാക്കൾ തുടങ്ങിവർ – ഏഴകളോടുള്ള തങ്ങളുടെ കടമയെ പാടെ ഉപേക്ഷിച്ച നാട്ടിൽ ആ നേട്ടം എങ്ങനെ സഫലമാകും? മറുവശത്ത് കേരളത്തിൽ പോക്സോ കേസുകളിൽ കുറ്റവാളികൾ വളരെ അനായാസം രക്ഷപ്പെടുന്നത് സംബന്ധിച്ചു വളരെ വിഷമകരമായ സൂചനകളാണുള്ളത്. വാളയാർ കേസിലെ പോലീസിൻറെ അനാസ്ഥ, നിയമസംവിധാനത്തിൻറെ ഭീകരമായ ഉപേക്ഷ, ഇതെല്ലാം എന്തു തരം ഹൃദയശൂന്യതയെയാണ് കാണിക്കുന്നത്?

രണ്ടു കേസിലും ഇരകളായിത്തീർന്ന കുട്ടികളുടെ മാതാപിതാക്കളുടെ കൊള്ളരുതായ്മയെ ഊന്നിക്കൊണ്ടുള്ള ചിത്രീകരണങ്ങൾ നടന്നുകഴിഞ്ഞിരിക്കുന്നു. ഇത് കേസന്വേഷണത്തെ ബാധിച്ചെന്നു വേണം കരുതാൻ. സത്യത്തിൽ ഈ കേസന്വേഷണത്തെ ഈ വിധത്തിലാക്കിയ പോലീസ് അധികാരികളും വക്കീലന്മാരും ബാലാവകാശ ഉദ്യോഗസ്ഥരും കാട്ടിയ അധാർമികതയെ മറച്ചുപിടിക്കാനല്ലേ അമ്മയുടെ സദാചാരമില്ലായ്മയെപ്പറ്റിയുള്ള കഥകൾ? ഇനി ആ പറഞ്ഞതു ശരിയാണെങ്കിൽ തന്നെ മതിയായ തെളിവുകളോടെ നീതിപൂർവം നടത്തിയ അന്വേഷണത്തിൻറെ ഒടുവിൽ അവരെ കുറ്റക്കാരിയാക്കേണ്ടതല്ലേ? അതിനു പകരം കഥകൾ മെനഞ്ഞു പ്രചരിപ്പിക്കുന്നത് അധികാരികളുടെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയമുണർത്തുന്നു. അമ്മയും അച്ഛനുമാണ് കുട്ടികളെ ബോധപൂർവം അപായപ്പെടുത്തിയതെങ്കിൽ അവരെ നിയമപരമായ ശിക്ഷയ്ക്കു വിധേയരാക്കേണ്ടതല്ലേ ?

കേരളത്തിലിന്ന് ഫെമിനിസം ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് ദുർബലമാണ്. ഫെമിനിസം ഒരു ലൈഫ്സ്റ്റൈൽ തെരെഞ്ഞെടുപ്പെന്ന നിലയിൽ നവലിബറൽ വ്യക്തിവത്കരണത്തിന് അലങ്കാരം പോലുമാണിന്ന്. ആരുടെയും കുറ്റമല്ല. മുപ്പതു വർഷത്തെ നവലിബറൽ ജീർണത മറ്റെല്ലാത്തിനെയും പോലെ ഫെമിനിസത്തെയും ബാധിച്ചു. എന്നാൽ കേരളത്തിലിന്ന് രക്തബന്ധങ്ങൾക്കുപരിയായി പുതിയ സമൂഹബന്ധങ്ങളെ വിഭാവനം ചെയ്യാനും യാഥാർത്ഥ്യമാക്കാനും ത്രാണിയുള്ള ഫെമിനിസമാണ് ആവശ്യം, കേവലം ഉന്നതവൃത്തങ്ങളിൽ നയമാറ്റമുണ്ടാക്കിയിട്ടു കാര്യമില്ല.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Walayar case no justice for poor and marginalised