കേരള രാഷ്ട്രീയത്തിൽ സംഭവിക്കുന്ന നിർണായകമായ ചില വഴിമാറ്റങ്ങളുടെ സാധ്യതയാണ് പ്രതിപക്ഷ നേതാവ് സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം. കേരള രാഷ്ട്രീയത്തിൽ അമിത ഇടപെടൽ നടത്തുന്ന വിവിധ മത, സാമുദായിക രാഷ്ട്രീയകക്ഷികളെ പ്രതിപക്ഷവും നിശ്ചിത അകലത്തിലേക്ക് മാറ്റുന്നു എന്ന സൂചനയാണ് പുതിയ തീരുമാനം നൽകുന്നത്. തോൽവി തുടർച്ച നേരിട്ട യു ഡി എഫിലെ പ്രധാന പാർട്ടിയായ കോൺഗ്രസിലെ തീരുമാനം ഏറെ ശ്രദ്ധയോടെയാണ് സി പി എം ഉൾപ്പടെയുള്ള മുഖ്യധാര പാർട്ടികളും വീക്ഷിക്കുന്നത്.
സതീശന്റെ വരവിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെ കളികൾ മാത്രമായി ചുരുക്കി കാണേണ്ടതുണ്ടോ. ഗ്രൂപ്പിനപ്പുറം കേരള രാഷ്ട്രീയത്തിൽ ഗൗരവമായി ഇടപെടാൻ തീരുമാനിച്ചതിന്റെ ലക്ഷണം കൂടെയായി ഈ നിയമനത്തെ കാണേണ്ടതുണ്ട് എന്ന് കരുതുന്നവർ എല്ലാ പാർട്ടികളിലും ഉണ്ട്.
കഴിഞ്ഞ രണ്ട് ദശകമായി കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന ഏറ്റവും വലിയ ആരോപണം ആ പാർട്ടി മത, സാമുദായിക കക്ഷികൾക്ക് കീഴടങ്ങുന്നുവെന്നതായിരുന്നു. ദേശീയ തലത്തിൽ കോൺഗ്രസിൽ ഉള്ള വിശ്വാസം മലയാളി വോട്ടർമാർ കാത്തുസൂക്ഷിച്ചപ്പോഴും സംസ്ഥാനതലത്തിൽ ആ വിശ്വാസം അങ്ങനെയല്ല എന്നാണ് കഴിഞ്ഞ 15 വർഷത്തെ തിരഞ്ഞെടുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിന് പ്രധാന കാരണമായി പറയുന്നത് കേരളത്തിൽ യു ഡി എഫ് പൊതുവിലും കോൺഗ്രസ് പ്രത്യേകിച്ചും സമുദായ സംഘടനകളുടെ താളത്തിനൊത്ത് തുള്ളുവെന്നതാണ്. ദേശീയ തലത്തിൽ ബി ജെ പിക്ക് എതിരെ ഉള്ള കക്ഷി എന്ന നിലയിലും കേന്ദ്രസർക്കാർ രൂപീകരിക്കാൻ സാധ്യതയുള്ള പാർട്ടി എന്ന നിലയിലും കോൺഗ്രസിന് അനുകൂല ഘടകങ്ങളുണ്ടായ ശേഷം സംസ്ഥാന തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. എൻ എസ് എസും ക്രൈസ്തവസഭകളും എസ് എൻ ഡി പിയുമാണ് യു ഡി എഫ് രാഷ്ട്രീയത്തിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂടുതലും ഇടപെടുന്നത്. മുസ്‌ലിം സംഘടനകളുടെ ഇടപെടലുകളെ തടഞ്ഞു നിർത്തുന്നത് പലപ്പോഴും മുസ്‌ലിം ലീഗ് തന്നെയാണ്. അതിനാൽ മറ്റ് സംഘടനകൾ അവരുടെ സ്വാധീനം കോൺഗ്രസിൽ ഉറപ്പിക്കാൻ ശ്രമിക്കാറുണ്ട്. കേരളാ കോൺഗ്രസ് വിവിധ ഗ്രൂപ്പുകളുണ്ടെങ്കിലും കോൺഗ്രസിനോട് ക്രൈസ്തവ സഭകൾക്ക് പഴയകാലം മുതൽ തന്നെയുള്ള രാഗദ്വേഷബന്ധം ഇപ്പോഴും ഉണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൻ എസ് എസ് ആണ് പ്രത്യക്ഷത്തിൽ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയ സമുദായകക്ഷി. ശബരിമലയും ആചാരവും ഒക്കെ പറഞ്ഞ എൻ എസ് എസ് നേതാവ് ജി സുകുമാരൻ നായർ എൽ ഡി എഫിനെതിരെ ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് ദിവസം പോലും ശബരിമല ഉയർത്തി സുകുമാരൻ നായർ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു. അത് സ്വാധീനിക്കും എന്ന വിശ്വാസത്തിൽ കോൺഗ്രസുകാർ മെയ് രണ്ട് വരെ ജീവിക്കുകയും ചെയ്തു. എന്നാൽ, ചിത്രം വേറെയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം കണ്ട് കേരളത്തിലെ അധികാരം സ്വപ്നം കാണുന്നത് അസംബന്ധമായിരിക്കുമെന്ന് കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. 2009 ലെയും 2014ലെയും ലോക്‌സഭയുടെയും 2011ലെയും 2016ലെയും നിയമസഭകളുടെ ഫലം നോക്കിയാൽ മനസിലാകുമായിരുന്നു. 2004ൽ കേരളത്തിലെ കോൺഗ്രസിലെ തമ്മിലടിയും യു ഡിഎഫിനെതിരെ ഉയർന്ന ആരോപണങ്ങളും കത്തിനിൽക്കെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടായി. ആ തുടർച്ചയിൽ കേരളത്തിൽ എൽ ഡി എഫ് അധികാരത്തിൽ വരുകയും ചെയ്തു. എന്നാൽ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ സീറ്റുകളും നേടിയത് യു ഡി എഫ് ആണ്. ആകെ നാല് സീറ്റ് എൽ ഡി എഫ് നേടിയപ്പോൾ യു ഡി എഫ് നേടിയത് 16 സീറ്റാണ്. എന്നാൽ, 2011ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ കഥ മാറി. യു ഡി എഫ് അധികാരത്തിലെത്തിയെങ്കിലും കഷ്ടിച്ച് കേവലഭൂരിപക്ഷം. 72 സീറ്റുകളിൽ മാത്രം ജയം. പിന്നെ സി പി എം നേതാവും നെയ്യാറ്റിൻകര എം എൽ എ യായിരുന്ന സെൽവരാജ് രാജിവച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചപ്പോഴാണ് ഒരു സീറ്റ് കൂടെ ഭൂരിപക്ഷം കൂടിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിലെല്ലാം സെൽവരാജ് തോൽക്കുകയും ചെയ്തു.
ഇത് കഴിഞ്ഞ് ഉമ്മൻചാണ്ടിയുടെ രണ്ടാം ഭരണകാലത്താണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ഇന്നസെന്റ് (ചാലക്കുടി), ജോയ്സ് ജോർജ് (ഇടുക്കി)എന്ന സ്വതന്ത്രസ്ഥാനാർത്ഥികളെ നിർത്തി ജയിപ്പിച്ചത് ഉൾപ്പടെ എൽ ഡി എഫിന് കിട്ടിയത് എട്ട് സീറ്റ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ എൽ ഡി എഫിന് ലഭിച്ചത് 91 സീറ്റ്, യു ഡി എഫിന് 47 സീറ്റും എന്നായി കണക്ക്. കോൺഗ്രസ് വോട്ട് കുത്തനെ ചോർന്ന് നേമം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായ ഒ രാജഗോപാൽ ജയിക്കുകയും ചെയ്തു.
ഇതേ കഥയുടെ ആവർത്തനമാണ് നടന്നത് 2019ലും 2021ലും നടന്നത്. 2019ൽ ലോക്‌സസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളം ഒട്ടേറെ പ്രതിസന്ധികൾ നേരിടുകയായിരുന്നു. ഓഖി, രണ്ട് പ്രളയം, കോഴിക്കോട് മാത്രമാണെങ്കിലും നിപ ഏൽപ്പിച്ച ആഘാതം എന്നീ പ്രശ്നങ്ങളിൽ നിന്നും കരകയറാനുള്ള പെടാപാടിലായിരുന്നു കേരളം. ഇതിന് പുറമെ പൊതുവിൽ ഇന്ത്യയിൽ ബി ജെ പി സർക്കാർ നടപ്പിലാക്കിയ നിയമങ്ങളും നടപടികളും ഗോഅക്രമങ്ങളുമൊക്കെ വലിയ തോതിൽ അരക്ഷിതത്വവും ഭയവും സൃഷ്ടിച്ചിരുന്നു പൊതുസമൂഹത്തിൽ പൊതുവായും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളിലും നിലനിന്നിരുന്ന മോദിപ്പേടി കേരളത്തെ സംബന്ധിച്ച് വളരെ വലുതായിരുന്നു. ഇന്നും ആ ആശങ്ക നിലനിൽക്കുകയും ചെയ്യുന്നു. ഇതിനിടയിൽ സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ ആദ്യം രംഗത്ത് വന്നത് രമേശ് ചെന്നിത്തലയാണ്. രമേശ് ചെന്നിത്തല ആചാരം സംരക്ഷണ വാദം ഉപയോഗിച്ച് കലക്കിയ വെള്ളത്തിലാണ് കേരളത്തിൽ സംഘപരിവാർ സീറ്റ് പിടിക്കാനിറങ്ങിയത്. എന്നാൽ, കേരളത്തിലെ പ്രധാന ജനകീയ പ്രശ്നങ്ങളിലൊന്നും തൊടാതെ ശബരിമല കയറിയാണ് യു ഡി എഫും ബി ജെ പിയും കേരളത്തിൽ ലോക്സഭയിൽ വോട്ട് തേടിയത്. ആ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടിയത് യു ഡിഎഫ് ആണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽ ഡി എഫ് ചരിത്രമെഴുതി തുടർഭരണം നേടി, അതും മുൻ വർഷത്തേക്കാൾ എട്ട് സീറ്റ് കൂടുതൽ നേടിക്കൊണ്ട്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽയു ഡി എഫ് നേടിയ വൻ ജയത്തിന് കാരണമായത് ശബരിമല അല്ലെന്നും കേന്ദ്രസർക്കാരിനെതിരായ വികാരവും ഭയവും ആശങ്കയും ആണെന്നും ഒക്കെ കണക്കളും വസ്തുതകളും നിരത്തി പറഞ്ഞിട്ടും കോൺഗ്രസ് നേതാക്കൾക്കോ അവരുടെ ഉപദേശകർക്കോ മനസിലായില്ല. അതിന് ഉദാഹരണായിരുന്നു തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ റാന്നിയും എൻ എസ് എസ് നേരിട്ട് ശക്തി കാണിക്കാനിറങ്ങി പിന്തുണച്ച വട്ടിയൂർക്കാവും എന്ന രണ്ട് സിറ്റിങ് സീറ്റുകൾ കോൺഗ്രസ് തോറ്റത്. എന്നിട്ടും ശബരിമലയിൽ പിടിച്ച് അധികാരത്തിലെത്താമെന്ന വ്യാമോഹമാണ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ നയിച്ചത്. ഇതിന് പ്രധാന കാരണം ശബരിമല വിഷയത്തിൽ എൻ എസ് എസ് സർക്കാരിനെതിരാണ്. ആ വികാരം കേരളത്തിലെ പൊതുവികാരമാണ് എന്ന ധാരണയായിരുന്നു അവരെ നയിച്ചത്. അതുകൊണ്ട് എൻ എസ് എസിനെ പ്രീണിപ്പിക്കുന്ന തരത്തിൽ ആചാര സംരക്ഷണം ആയുധമാക്കി പൊതുതിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങി. ആചാരം സംരക്ഷിക്കാൻ നിയമം കൊണ്ടുവരും ശിക്ഷ നടപ്പാക്കും തന്ത്രിക്ക് അതിനുള്ള അധികാരം നൽകുമെന്നൊക്കെ പറഞ്ഞ് നടന്നു. ജനം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ വിശപ്പിനെ കാണാതെ വിശ്വാസത്തിൽ വോട്ട് തേടി അഭയം പ്രാപിച്ച കോൺഗ്രസിന് വീണ്ടും അടി കിട്ടുകയായിരുന്നു.
ഈ വിഷയത്തിൽ രമേശ്, മുല്ലപ്പള്ളി, ഉമ്മൻചാണ്ടി ത്രയത്തിന്റെ ആചാര സംരക്ഷണ വാദത്തിനൊപ്പമായിരുന്നില്ല വി ഡി സതീശൻ. അത്തരം പ്രചാരണങ്ങൾക്കും വാദങ്ങൾക്കും സതീശൻ ഒരിക്കലും മുതിർന്നുമില്ല. മാത്രമല്ല, എൻ എസ് എസ് പോലുള്ള സാമുദായിക സംഘടനകളുമായി ഒരു കൈയകലം സൂക്ഷിക്കുന്ന നേതാവായിട്ടാണ് എന്നും സതീശൻ നിലകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകാനുള്ള അർഹതയുണ്ടായിട്ടും സതീശന് അത് കിട്ടാതെ പോയത്. അന്ന് എൻ എസ് എസ് ആവശ്യപ്രകാരമാണ് തിരുവനന്തപുരം സെൻട്രലിൽ നിന്നും ജയിച്ച വി എസ് ശിവകുമാറിനെ മന്ത്രിയാക്കിയത് എന്ന് പരക്കെ ഉയർന്ന ആക്ഷേപവുമാണ്. ഉമ്മൻചാണ്ടിയുടെ രണ്ടാം മന്ത്രിസഭയിൽ തിരുവഞ്ചൂരിനെ മാറ്റി കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കയതിന് പിന്നലെ ശക്തി. താക്കോൽ സ്ഥാന വിവാദം ഉയർന്നത് ഇതുമായി ബന്ധപ്പെട്ടായിരുന്നു.
2006 ലെ വി എസ് അച്യുതാനന്ദൻ സർക്കാർ ഭരണകാലത്താണ് എൻ എസ് എസ് ആദ്യമായി സമദൂരം എന്ന നിലപാട് മാറ്റുന്നത്. അന്ന് ശരിദൂരം എന്നായിരുന്നു ആദ്യം പറഞ്ഞത്. ഈ ദൂര വ്യത്യാസം പിന്നീട് പതുക്കെ അത് എൽ ഡി എഫ് വിരുദ്ധം എന്ന പ്രത്യക്ഷ നിലപാടിലേക്ക് വന്നു. ശബരിമല വിഷയത്തോടെ അത് പരസ്യമായി വലതുപക്ഷ രാഷ്ട്രീയ നിലപാടായി മാറി. എന്നാൽ എൻ എസ് എസിന് എസ് എൻ ഡി പിയുടെ അതേ ഗതിയാണ് കേരളത്തിൽ നേരിടേണ്ടി വന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കാരണം മനസിലാകാത്ത കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ എൻ എസ് എസ് വൻ ശക്തിയായി എന്നാൽ എൻ എസ് എസിന് ശക്തിയുണ്ടെന്ന് കരുതിയിരുന്ന പ്രദേശങ്ങളിലൊക്കെ കോൺഗ്രസ് തോൽക്കുകയോ ജയിച്ചാൽ തന്നെ ഭൂരിപക്ഷം കുറയുകയോ ചെയ്തു,
ആചാര സംരക്ഷണ വാദം ഉൾപ്പടെ എൻ എസ് എസിന്റെ വിഭാഗീയ വാദങ്ങളോട് ഒന്നും തന്നെ വി ഡി സതീശൻ പ്രത്യക്ഷത്തിൽ അനുകൂലിച്ച് വന്നിരുന്നില്ല.ഇത് എൻ എസ് എസിനോട് മാത്രം സതീശൻ സ്വീകരിക്കുന്ന നിലപാടല്ല, മറ്റ് മത, സാമുദായിക കക്ഷികളോടും രാഷ്ട്രീയത്തിൽ ഇടപെടാൻ സതീശൻ വഴിനൽകിയില്ല.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ സമരരംഗത്തിറങ്ങുകയും പി ടി തോമസിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ രംഗത്ത് വരുകയും ചെയ്ത ക്രൈസ്തവ സഭയോട് എതിരഭിപ്രായവുമായി രംഗത്തിയതും വി ഡി സതീശനായിരുന്നു. കോൺഗ്രസ് ആരെ സ്ഥാനാർത്ഥിയാക്കണെന്ന് സഭ തീരുമാനിക്കേണ്ടതില്ലെന്ന് വ്യക്തമായി തന്നെ സതീശൻ അന്ന് പറഞ്ഞിരുന്നു.
എസ് എൻ ഡി പി നേതാവായ വെള്ളപ്പള്ളി നടേശനും സതീശൻ കണ്ണിലെ കരടായിരുന്നു. അതിനാൽ ഒരു തിരഞ്ഞെടുപ്പിൽ സതീശനെ തോൽപ്പിക്കാൻ എസ് എൻ ഡി പി പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ കുത്തക അവകാശപ്പെടുന്ന പുത്തൻകൂറ്റ് രാഷ്ട്രീയ പാർട്ടികളോടും സതീശൻ സ്വീകരിച്ചിരുന്ന നിലപാടും ഇതുതന്നെയായിരുന്നു. ഒരു കൈ അകലം സൂക്ഷിച്ചും വിമർശന ബുദ്ധിയോടെയും ആണ് അവരോടും ഇടപെട്ടത്.
ഇതിന് പുറമെ ഭരണപക്ഷത്തിന് നേരെ പ്രതിപക്ഷത്തിന്റെ ചാട്ടൂളിയായിരുന്നപ്പോഴും അനാവശ്യ വിവാദങ്ങളോ വാക്കുകളോ സതീശൻ ഉന്നയിച്ചില്ല. ലോട്ടറി മുതൽ കിഫ്ബി വരെയുള്ള വിവാദങ്ങളിൽ സതീശൻ മുന്നോട്ട് വച്ചത് ക്രിയാത്മകമായ വിമർശനം ആയിരുന്നു.
അങ്ങനെ, മതസാമുദായിക സംഘടനകൾക്ക് കീഴടങ്ങാത്ത ഒരാളെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത് നിലവിലെ കോൺഗ്രസിനെ സംബന്ധിച്ച് ചരിത്രമാണ്. കേരളത്തിലെ സാമൂഹികരാഷ്ട്രീയ ചുവരെഴുത്ത് വായിച്ചായിരിക്കണം ഈ നിലപാട് എന്ന് വേണം കരുതേണ്ടത്.
കോൺഗ്രസ് എന്ന പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയ നിലപാടുകളിൽ സ്വാധീനം ചെലുത്തുന്നതിൽ നിന്ന് മത സാമുദായിക കക്ഷികളെ മാറ്റി നിർത്താനും മതേതര നിലപാടുകളിൽ ഉറച്ചുനിൽക്കാനും പുതിയ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശന് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.