Latest News

ഭാഷകളുടെ സംരക്ഷണവും ജനാധിപത്യത്തിന്റെ വികാസവും

തദ്ദേശീയമായ നിരവധി ഭാഷകൾ ഇന്ന് നിലവില്ല, പലതും മരണാസന്നമായിരക്കുന്നു. ഭാഷകളുടെയും ഭാഷാഭേദങ്ങളുടെയും ബഹുസ്വരത സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനാവശ്യമാണ്. വരുൺഗാന്ധി എഴുതുന്നു

varun gandhi

പെറുവിലെ ആമസോൺ തീരത്തെ തൗഷിരോ ഭാഷ സംസാരിക്കുന്ന ഒരാൾ മാത്രമാണ്​ അവശേഷിക്കുന്നത്. ഇതേ പ്രദേശത്തെ മറ്റൊരു ഭാഷയായ റെസിഗാരൊ ഭാഷയും ഇതേ വിധിയിലൂടെയാണ് കടന്നു പോകുന്നത്. സ്പാനിഷ് ഭാഷയുടെ സാംസ്കാരിക ശക്തി പുരാതനമായ ഇൻകാ പ്രദേശത്തെ ഏകജാതീയമായ ഒന്നാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ ഇംഗ്ലീഷ് ഭാഷ എവിടെയൊക്കൊ വ്യാപിച്ചുവോ അവിടെയെല്ലാം തദ്ദേശീയമായ ഭാഷകള്‍ തുടച്ചു നീക്കപ്പെട്ടു. ഓസ്ട്രേലിയയിലെ നൂറിലേറെ തദ്ദേശീയ ഭാഷകളാണ് അപ്രത്യക്ഷമായത്. സമാന കഥകൾ ഇന്ത്യയിലും ഒട്ടേറെയുണ്ട്. 1961ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ1,652 ഭാഷകളാണുണ്ടായിരുന്നത്. എന്നാൽ 1971 ആയപ്പോഴേയ്ക്കും ഭാഷകളുടെ വൈവിധ്യം 808 ആയി കുറഞ്ഞു. കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ 220 ഭാഷകൾ അപ്രത്യക്ഷമായി. ഇതിന് പുറമെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷകളുടെ പട്ടികയിൽ 197 എണ്ണം കൂടെ ഉൾപ്പെടുന്നുവെന്ന് പീപ്പിൾസ് ലിഗ്വിസ്റ്റിക് സർവ്വേ ഓഫ് ഇന്ത്യയുടെ 2013ലെ കണക്കുകൾ വ്യക്തമാക്കുന്നു. നാനാത്വത്തിലുളള നമ്മുടെ വിശ്വാസം നിലനിൽക്കെതന്നെ, ഭാഷകളെയും ഭാഷാഭേദങ്ങളെയും കണക്കാൻ പോലും ആയിട്ടില്ല. ഭാഷ മരിക്കുക എന്നതില്പരം ഹൃദയഭേദകമായ മറ്റെന്തുണ്ട്? വിലാപത്തിനോ പുനര്‍നടപടിയ്ക്കോ പോലും പ്രേരകമാകാതെ നമ്മളെ കടന്ന് പോകുന്നു അത്.

ബ്യൂറോക്രസിയുടെ ചെറിയൊരു നടപടി മതി, ഒരു ഭാഷയുടെയോ ഭാഷാഭേദത്തിന്റെയോ വംശഹത്യയ്ക്ക് കാരണമാകാന്‍. കൊളോണിയൽ ഭരണാധികാരികൾ 1871ൽ നടപ്പകാക്കിയ കുറ്റവാളി ഗോത്രനിയമം (ക്രിമിനൽ ട്രൈബൽ ആക്ട്) പ്രകാരം ചില വിഭാഗങ്ങൾ (ഭൂരിപക്ഷവും നാടോടികൾ) ജന്മം കൊണ്ട് കുറ്റവാളികൾ ആണെന്ന് മുദ്ര കുത്തുകയും അവരുടെ സ്വത്വത്തെയും സംസ്കാരത്തെയും ഒളിപ്പിച്ചു വെയ്ക്കാൻ അവരെ ബലാൽക്കാരമായി പ്രേരിപ്പിക്കുകയും അവരുടെ ഭാഷയെ അടിച്ചമർത്തുകയും ചെയ്തു. (​1952ലാണ് ഈ നിയമം പിൻവലിച്ചത്). ഇന്ത്യാ ഗവൺമെന്റ് നിലവിൽ ഒരു ഭാഷയെ അടയാളപ്പെടുത്തുന്നത് അതിന്റെ ലിഖിത രൂപത്തിലാണ്; ഈ നിലപാട് വായ്‌ മൊഴികള്‍ കണക്കിലെടുക്കപ്പെടാതെ പോകുന്നു. നിലവിൽ ഇന്ത്യ അംഗീകരിച്ചിട്ടുള്ളത് 122 ഭാഷകളാണ്. പീപ്പിൾസ് ലിംഗ്വിസ്റ്റിക് സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരമുളള 780 ഭാഷകളേക്കാൾ വളരെ കുറവാണ് ഈ സംഖ്യ. (ഈ 780നൊപ്പം നിലനിൽക്കുന്നുവെന്ന് കരുതപ്പെടുന്ന നൂറ് ഭാഷകൾ​ വേറെയുമുണ്ട്.) ഈ വലിയ വ്യത്യാസത്തിന് കാരണം 10,000 പേരെങ്കിലും സംസാരിക്കാത്ത ഭാഷയെ ഇന്ത്യ ഭാഷയായി അംഗീകരിക്കില്ല എന്ന സര്‍ക്കാര്‍ നിലപാടാണ്. ഈ​ ഭാഷകളുടെ നിലനിൽപ്പിന് ധനസഹായം ലഭ്യമാകാത്തതും പ്രധാനമാണ്. പ്രാദേശിക ഭാഷകളുടെ വളർച്ചയ്ക്കായി 6.7 ബില്യൺ ഡോളറാണ് ജർമ്മനി ചെലവാക്കുന്നത്. ദശകങ്ങളോളം അവഗണിച്ച വെൽഷ് ഭാഷയുടെ കാര്യത്തില്‍ ബ്രിട്ടന്‍ എടുക്കുന്ന നിലപാടും ശ്രദ്ധേയമാണ്. വെൽഷ് സ്കൂളുകളെയും വെൽഷ് ഭാഷാ മാധ്യമങ്ങള്‍ക്കുമായി 201 മില്യൺ ഡോളറാണ് ഇപ്പോള്‍ യു.കെ. ചെലവഴിക്കുന്നത്.

നാശോന്മുഖമായിരിക്കൊണ്ടിരിക്കുന്ന 197 ഭാഷകളിൽ ‘ബോറോ’, ‘മെയ്തെയി’ എന്നീ രണ്ട് ഭാഷകൾക്ക് മാത്രമാണ് ഇന്ത്യയില്‍ ഔദ്യോഗിക അംഗീകാരമുളളത്. ലിഖിത രൂപം ഉണ്ടെന്നുളളതിനാണ് ഈ​ രണ്ട് ഭാഷകൾക്കും ഔദ്യോഗിക അംഗീകാരം ലഭിച്ചത്. വിശുദ്ധ ഗ്രന്ഥങ്ങളും ഇതിഹാസ കൃതികളുമൊക്കെ ആദ്യം വാമൊഴിയിലായിരുന്നുവെന്നും നൂറ്റാണ്ടുകൾക്ക് ശേഷമാണ് അവ വരമൊഴിയിലേയ്ക്ക് മാറിയെതെന്നുമൊക്കെ മറന്നിട്ടാണ് ഇത്തരമൊരു നടപടി. അത്തരം മെത്തഡോളജികൾ കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെടണം, വിവിധ ഭാഷകളിലെ വാമൊഴി പാരമ്പര്യത്തിന് അംഗീകാരം നൽകണം. 1969ല്‍ സര്‍ക്കാര്‍ സ്ഥാപിച്ച മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് ഭാഷാ ഗവേഷണത്തിലും ഡോക്ക്യുമെൻറ്റേഷനിലും അനുകരണീമായ ഒരു മാതൃകയാണ്. ഭാരത് വാണി പോർട്ടല്‍ 121ലേറെ ഭാഷകളിൽ നിന്നുളള​ കന്റെന്റ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഭാഷാ കോഴ്സുകളും അവര്‍ നടത്തി വരുന്നു. ഇന്ത്യയിലെ നാശോന്മുഖമാകുന്ന ഭാഷകളുടെ സംരക്ഷണവും പരിപാലനവും (Scheme for Protection and Preservation of Endangered Languages of India) എന്ന പദ്ധതിക്ക് പുറമെയാണിത്. ഇതിന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇന്ത്യൻ ഭാഷകളുടെ ഡിജിറ്റൈസേഷന് നേരിടുന്ന മറ്റ് ചില വെല്ലുവിളികളും ഉണ്ട്. ഡിജിറ്റൈസേഷന്റെ കാര്യത്തിൽ ഇന്ത്യൻ ഭാഷകൾ ഇപ്പോഴും പുരാതനമായ അവസ്ഥയിലാണെന്ന് കെ വി ഭരദ്വാജ് വ്യക്തമാക്കുന്നുണ്ട്. പ്രൂഫ് റീഡിങ്ങിന് വേണ്ടി വരുന്ന ഭീമമായ അധ്വാനത്തിന് പുറമെയാണ് ഈ പ്രശ്നങ്ങള്‍.

ഈ​​ ഭാഷകൾ സംസാരിക്കുവാൻ ആളുകളെ പ്രാപ്തരാക്കിക്കൊണ്ട് ഭാഷയെ പരിപാലിക്കാനും വികസിപ്പിക്കാനും സാധിക്കുന്ന തരത്തിൽ ഭാഷകളുടെ അതിജീവനത്തിനായി സ്കൂളുകളിൽ അവ പഠിപ്പിക്കുകയെന്നത് ഫലപ്രാപ്തിയിലെത്തിയ രീതിയാണ്. നമുക്ക് പുതിയൊരു ‘പ്രോജക്ട് ടൈഗർ’ പദ്ധതി ആവശ്യമുണ്ട് – ഇന്ത്യയിലെ നാശോന്മുഖ ഭീഷണി നേരിടുന്ന ഭാഷകളെ സംരക്ഷിക്കാൻ വിശാലമായൊരു ഡിജിറ്റൽ പദ്ധതി നടപ്പാക്കണം – ഇത്തരം ഭാഷകളുടെ കാര്യത്തിൽ ഓഡിയോ വിഷ്വൽ ഡോക്യുമെന്റേഷൻ നടത്തണം. കഥ പറച്ചിൽ, നാടോടി സാഹിത്യം, ചരിത്രം എന്നിവ ഉൾപ്പെടുത്തി തുടങ്ങുന്നതാകും അഭികാമ്യം. (പാണിഗ്രാഹി, ശുഭാഷിഷ്, ജൂണ്‍ 2017).

ഉച്ചാരണ ലൈബ്രറി രൂപീകരണത്തിന് സഹായകമാം വണ്ണം ക്രോസ് ലാംഗ്വേജ് ഓപ്പണ്‍ സോര്‍സ് ടൂള്‍സ് ഉപയോഗിക്കണം. ആഗോളതലത്തില്‍ വിജയം കണ്ട ‘ഗ്ലോബല്‍ ലാംഗ്വേജ് ഹോട്ട് സ്പോട്ട് പോലെയുള്ള പദ്ധതികളുടെ പ്രവര്‍ത്തനങ്ങളേയും ഇത്തരം ഭാഷാ ഡോക്ക്യുമെന്റെഷന്‍ ശ്രമങ്ങളില്‍ ഉപയോഗപ്പെടുത്താം. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ (സിഎസ്ആർ) അഞ്ച് ശതമാനം ഭാഷ, കൈത്തൊഴിൽ എന്നിവ സംരക്ഷിക്കുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനും വിനിയോഗിക്കുന്നത് പ്രോത്സഹിപ്പിക്കുന്നതിനെ കുറിച്ച് എഴുത്തുകള്‍ ഉണ്ടായിട്ടുണ്ട് (വിശ്വനാഥന്‍, ശിവ്, കോംപോസ്റ്റ്‌ ഹീപ്, മാര്‍ച്ച്‌ 2018). ഇത്തരം ഡാറ്റാബെയ്സുകള്‍ പിന്നീട് ഭാഷാ ഗവേഷണം, ഒരേ കുടുംബത്തിലെ ഭാഷകൾ തമ്മിൽ ബന്ധിപ്പിക്കുക ( ഉദാഹരണത്തന് ഒഡിയ ഭാഷയെ ഹോ, മുണ്ട, ഖാദിയ, കുയി). ഇടപെടലുകളിലും സംസാരിക്കുമ്പോഴും സ്വന്തം ഭാഷ ഉപയോഗിക്കാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുക, ആപ്പ്, പോഡ്കാസറ്റ്‌ എന്നിവയിലൂടെ ഭാഷയെ വളര്‍ത്താനും പരിപാലിക്കാനും ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താണ് അമേരിക്കയിലെ ട്വിലിങ്റ്റ്, ചോകറ്റാവാ ഗോത്ര വര്‍ഗ്ഗങ്ങള്‍ അവരുടെ ഭാഷയെ നിലനിര്‍ത്തിയത്.

ഭാഷ ഡോക്യുമെന്റേഷൻ കൊണ്ട് മാത്രം കാര്യമില്ല. ജനങ്ങൾ നിത്യോപയോഗത്തില്‍, ക്രയവിക്രയങ്ങളില്‍ നിരന്തമായി പ്രയോഗിക്കപ്പെടുമ്പോഴാണ് ഒരു ഭാഷ കാര്യമായി സംരക്ഷിക്കപ്പെടുന്നത്. സ്റ്റേറ്റിന്റെ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ പിന്തുണയും അത്യാവശ്യമാണ്. വളരുന്ന ഭാഷയായ ഭോജ്പുരിയ്ക്കും, നശിച്ചു കൊണ്ടിരിക്കുന്ന ഭാഷകളായ മെഹാലി (മഹാരാഷ്ട്ര), സിദി (ഗുജറാത്ത്), മാജ്ഹി (സിക്കിം) എന്നിവയ്ക്കുമോന്നും തന്നെ സ്ഥാപനപരമായ ഒരു പിന്തുണയുമില്ല. ഭാഷ സംസാരിക്കുന്നവരുടെ ജീവിത മാര്‍ഗ്ഗം ഉറപ്പു വരുത്തുന്നതില്‍ ആവണം ഭാഷകളുടെ പുനരുജ്ജീവന പ്രവർത്തനത്തിന്റെ തുടക്കം.

ഭാഷാ വൈവിധ്യങ്ങളാൽ​ സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (പപ്പുവാ ന്യൂഗനിയയിൽ 1,100 ഭാഷകളുണ്ട്, ഇന്തോനേഷ്യയിൽ​ 800ലേറെ ഭാഷകളും). ഒരു ഭാഷ നഷ്ടപ്പെട്ടുമ്പോൾ നഷ്ടമാകുന്നത് ഒരു ലോകമാണ് , ഭാഷ പ്രതിനിധാനം ചെയ്യുന്ന സംസ്കാരവും അതില്‍ ഉള്‍പ്പെട്ട ഐതിഹ്യങ്ങളും ആചാരങ്ങളും ഒക്കെത്തന്നെ നഷ്ടമാകുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ ജൈവികത നിലനിർത്തുന്നതില്‍ പ്രധാനമാണ് ഭാഷകളുടെയും ഭാഷാഭേദങ്ങളുടെയും സംരക്ഷണം, പ്രത്യേകിച്ചും മരണാസന്നമായ ഭാഷകളുടെ കാര്യത്തിൽ. കുറച്ചു പേർ മാത്രം സംസാരിക്കുന്ന ഭാഷയാണെന്ന് കരുതി അവഗണിക്കാൻ പാടില്ല. ഹിന്ദി പോലൊരു ഭാഷയിൽ 126 ഭാഷകളുടെ ലയനം ഉണ്ട്. ഇത്തരം ഭാഷകളെ ഇല്ലാതാക്കുന്നത് വലിയ ഭാഷകളുടെ വേരുകൾ മുറിച്ച് കളയന്നിതന് തുല്യമാണെന്ന് ഡേവിഡ് ലെയിമാൽസാവ്മ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇപ്പോഴും ഒരു പ്രതീക്ഷ അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങൾക്കുളളിൽ ഭിൽ പോലൊരു ഭാഷ സംസാരിക്കുന്നവരുടെ കാര്യത്തിൽ 85 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത് (ദാസ്, ബിജയ്താ, 2013). ഭാഷകളുടെ വാമൊഴിയും വരമൊഴിയും ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുന്നതിന് ഒരു പുതിയ സാമൂഹികമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയെ സജീവമാക്കാനും സംരക്ഷിക്കാനും ഇത്തരം പ്രവൃത്തികൾ വഴി തുറക്കും. യൂറോപ്പിലെ പലയിടങ്ങളിലും (ഉദാഹരണം: കാറ്റലോണിയ, ബാസ്ക്യൂ) സമീപകാലത്ത് രൂപപ്പെട്ട സംഘർഷങ്ങളുടെയും വംശീയദേശീയതയുടെയും പിന്നിൽ ഭാഷയുമായി ബന്ധപ്പെട്ട ആവലാതികളായിരുന്നു. ഒരു ജനതയെന്ന നിലയില്‍ നമ്മള്‍ ആധുനികവൽക്കരിക്കപ്പെടുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ജനാധിപത്യത്തില്‍ ഏകസ്വരത കടന്നു വരരുത് എന്നതാണ്. ഭാഷാബഹുസ്വരതയെ അതിന്റെ എല്ലാ രൂപങ്ങളിലും അംഗീകരിച്ചു കൊണ്ടാകണം വികസനം.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Varun gandhi on preserving languages

Next Story
അത് ഒന്നിച്ച് മരിക്കലായിരുന്നില്ല, കൊലപാതകമായിരുന്നു; അയാളൊരു വഞ്ചിക്കപ്പെട്ട കാമുകനായിരുന്നില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com