scorecardresearch
Latest News

വാരിയംകുന്നത്ത്, രഹനാ ഫാത്തിമ എന്നിവരെ ആർക്കാണു പേടി?

വാരിയംകുന്നത്തു ഹാജിയെ ശുദ്ധദേശാഭിമാനിയും സ്വാതന്ത്ര സമരമുഖ്യധാരയുടെ നഷ്ടപുത്രനുമായി ചിത്രീകരിക്കുംവിധമുള്ള തെളിവുകളല്ല മാപ്പിളലഹളയെപ്പറ്റി ലഭ്യമായ ചരിത്രപഠനങ്ങളിലുള്ളത്. പക്ഷേ നേരെ തിരിച്ച്, അദ്ദേഹത്തെ അന്ധനായ മുസ്ലിം തീവ്രവാദിയും ഹിന്ദുവിരോധിയുമായി ചിത്രീകരിക്കാനുതകുന്ന യാതൊന്നും അതു തരുന്നുമില്ല

j devika, ie malayalam

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന സ്വാതന്ത്ര്യസമരപ്പോരാളിയെപ്പറ്റി വരാനിരിക്കുന്ന സിനിമകൾ കേരളത്തിലെ ഹിന്ദുത്വ വലതുപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നു. ഇതിൽ അപ്രതീക്ഷിതമായി യാതൊന്നുമില്ല. കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ ഹാജിയെപ്പറ്റിയും മാപ്പിള ലഹളയെപ്പറ്റിയുമുള്ള ആഖ്യാനങ്ങൾ കാര്യമായി മാറിയിട്ടുണ്ട്, അക്കാദമിക ചരിത്രത്തിലും അതിനു പുറത്തും. വെറും വർഗ്ഗീയലഹള ആയിരുന്നില്ല അതെന്ന് ഒരുവിധത്തിലും നിഷേധിക്കാനാവാത്ത വിധത്തിലുള്ള തെളിവുകൾ ഉണ്ട്, അവ മലയാളത്തിലും ഇംഗ്ളിഷിലും എഴുതപ്പെട്ട പല പഠനങ്ങളിലൂടെയും നമുക്ക് ലഭ്യവുമാണ്. മാപ്പിളലഹള ഏതൊരു ചൂഷകവിഭാഗത്തെയാണോ ഉന്നംവച്ചത്, അവരുടെ പിൻമുറക്കാരാണ് ഇന്ന് കേരളത്തിലെ ഹിന്ദുത്വ വലതുപക്ഷത്തിൻറെ സാംസ്കാരിക നട്ടെല്ല്.

Read More: ‘നാട് വിപത്തിലേക്കാണ്! സിനിമയെ ആർക്കാണ് പേടി?’ വാരിയംകുന്നന് പിന്തുണയുമായി സിനിമാ ലോകം

മലബാറിൽ ഹിന്ദുമത വർഗീയത രൂപമെടുത്തു തന്നെ മാപ്പിള ലഹളയെ സവിശേഷമായ രീതിയിൽ വ്യാഖ്യാനിച്ചും മലബാർ മുസ്ലിം എന്ന തന്മയെ ചിന്താശൂന്യമായ ഹിംസയോട് അതുവഴി ചേർത്തും മറ്റുമാണ്. മലപ്പുറം എന്ന ജില്ലയെ വീണ്ടുംവീണ്ടും ആക്രമിക്കാൻ കേരളത്തിന് അകത്തും പുറത്തുമുള്ള സംഘികൾക്ക് പ്രേരണയാകുന്നത് ഈ ഭൂതകാലനിർമ്മിതിയാണ്. കേരളമെന്നാൽ എന്താണെന്ന ചോദ്യത്തിനു ചുറ്റും ഇന്നു നടന്നുവരുന്ന യുദ്ധങ്ങളിൽ ഇവിടുത്തെ സവർണ്ണ-മേലാള സമുദായങ്ങളുടെ ചൂഷണചരിത്രത്തെ മറച്ചുവയ്ക്കാൻ എളുപ്പമാണ്– ആ ചൂഷണകാലത്തിൻറെ സജീവമായ ഓർമ്മകൾ തലമുറകളുടെ ഒഴുക്കിൽ മാഞ്ഞുകൊണ്ടിരിക്കുന്നതിനാൽ. അതു വിജയകരമായി മറച്ചുപിടിച്ചുകൊണ്ടാണ് അവർ ശബരിമല ശൂദ്രലഹളയൊക്കെ കാര്യമായി നടത്തിയെടുത്തതും. ആ സ്ഥിതിക്ക് തങ്ങളുടെ ഇര-കളി തുടരണമെങ്കിൽ വാരിയംകുന്നത്തു ഹാജിയെയും മാപ്പിള ലഹളയെയും പറ്റിയുള്ള വരേണ്യ ആഖ്യാനങ്ങൾക്ക് ഉടവുതട്ടാതെ നോക്കിയല്ലേ പറ്റൂ? അതിനു വേണ്ടി കുമാരനാശാനെയും നവോത്ഥാന മുഖ്യധാരയുടെ മുസ്ലിം അപരനിർമ്മിതിയെയും വരെ അവർ കൂട്ടുപിടിച്ചുകളയും.

Read More: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച ഖിലാഫത്ത് നേതാവ്

എന്നാൽ ഈ ചർച്ചയിൽ എനിക്ക് കൗതുകം തോന്നിയത് കേരളത്തിൽ ഹിന്ദുത്വവാദപ്രചാരകയായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അംബിക എന്നു പേരുള്ള ഒരു സ്ത്രീ – അഭ്യസ്തവിദ്യയും വളരെക്കാലം കേരളത്തിനു പുറത്ത് ഉദ്യോഗം വഹിക്കുകയും സാഹിത്യരചനയും മറ്റും നടത്തുകയും ചെയ്ത വ്യക്തിയാണ് അവർ എന്നു പറഞ്ഞുകേൾക്കുന്നു – പൃഥ്വിരാജ് എന്ന നടനെതിരെ നടത്തിയ പരാമർശത്തിൻറെ സൂചനകളിലാണ്. അദ്ദേഹത്തിൻറെ മാതാവിൻറെ ചില ജീവിതാനുഭവങ്ങളെ കച്ചവടത്തിനു പറ്റിയ രീതിയിൽ പുനരാഖ്യാനം ചെയ്തു പരസ്യമാക്കുന്നതാണ് വാരിയംകുന്നത്ത് ഹാജിയായി അഭിനയിക്കുന്നതിലും ഭേദമെന്ന് പൃഥ്വിരാജിനോട് ഈ സ്ത്രീ അസഭ്യമായ ഭാഷയിൽ പറഞ്ഞു. സൂക്ഷ്മമായി പറഞ്ഞാൽ പൃഥ്വിരാജിൻറെ അമ്മയുടെ ആദ്യവിവാഹം അസഹ്യമായ തെറ്റോ ആഭാസമോ സംസ്കാരശൂന്യമായ പ്രവൃത്തിയോ ആണെന്ന സൂചനയായിരുന്നു (പിന്നീട് അവർ അത് മായ്ച്ചു എന്നും കേൾക്കുന്നു) അതിൽ. ഇത് എവിടെ നിന്നാണ് വരുന്നതെന്ന് ആലോചിക്കേണ്ടതാണ്.

j devika, ie malayalam

പലതും മായ്ച്ചു കളഞ്ഞല്ലാതെ കേരളത്തിലെ ഹിന്ദുത്വ വലതുപക്ഷത്തിന് നിൽക്കക്കള്ളിയില്ല എന്ന് വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു പരാമർശമാണ് ഈ സ്ത്രീ നടത്തിയിരിക്കുന്നത്. സവർണ്ണ-മേലാളരുടെ ചൂഷണ ചരിത്രത്തെ മറച്ചുപിടിക്കുംപോലെ കേരളത്തിലെ ശൂദ്രസ്ത്രീകൾ പാലിച്ചിരുന്ന സ്ത്രീധർമ്മത്തെയും അവർക്ക് മറച്ചുപിടിക്കേണ്ടിവരുന്നു. എന്നാൽ മാത്രമേ വടക്കേയിന്ത്യൻ ബ്രാഹ്മണരുടെ സാംസ്കാരിക മേധാവിത്വത്തിൻറെ നിർമ്മിതിയായ ഇന്ത്യൻ സംസ്കാരത്തിൻറെ ഭാഗമാണ് തങ്ങളെന്ന് അവർക്ക് അവകാശപ്പെടാനാവൂ. മലയാളി ശൂദ്രസ്ത്രീകൾക്ക് വൈധവ്യമില്ലായിരുന്നു. വിവാഹം വേർപെടുത്താനും വീണ്ടും സംബന്ധത്തിലേർപ്പെടാനും കഴിയുമായിരുന്നു. പാണ്ഡവാചാരം – സഹോദരന്മാർ ഒരു സ്ത്രീയെത്തന്നെ ഭാര്യയാക്കുന്ന രീതി – കേരളത്തിൻറെ പല ഭാഗങ്ങളിലും ഇരുപതാം നൂറ്റാണ്ടിൻറെ മദ്ധ്യദശകങ്ങൾ വരെയെങ്കിലും കാണാനുണ്ടായിരുന്നു. ആ കണക്കിനു നോക്കിയാൽ പൃഥ്വിരാജിൻറെ അമ്മയുടെ ആദ്യവിവാഹം ഇത്ര ഭയങ്കര പ്രശ്നമായി അനുഭവപ്പെടേണ്ടതില്ല. യാതൊരു നാണക്കേടും അതിൽ അനുഭവപ്പെടേണ്ടതില്ല. എന്നാൽ കേരളത്തിലെ ഹിന്ദുത്വവാദികളുടെ ഹിന്ദുമതവും സമുദായവും വിക്ടോറിയൻ സാമൂഹ്യധാരണകളുടെയും വടക്കേയിന്ത്യൻ ബ്രാഹ്മണമേധാവിത്വത്തിൻറെ മുൻവിധികളുടെയും ദുഷ്ടസന്തതിയാണ്– മലയാളി സാംസ്കാരിക ചരിത്രധാരയുടേത് എന്നു വിശേഷിപ്പിക്കാവുന്ന വളരെ കുറച്ചു മാത്രമേ അവയിൽ കാണാനുള്ളൂ. അതായത്, അധിനിവേശകരുടെയും വടക്കേയിന്ത്യൻ വരേണ്യമേധാവിത്വത്തിൻറെയും ആശയ അടിമകളാണ് ഇന്ന് കേരളചരിത്രത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും നമ്മെ പഠിപ്പിക്കാൻ വരുന്നത്. നാം കരുതിത്തന്നെ ഇരിക്കണം.
അതുപോലെ കൗതുകകരമാണ് അവർ പൃഥ്വിരാജിൻറെ (അദ്ദേഹത്തിൻറെ അമ്മയുടെ) ഭൂതകാലം തേടിപ്പോകുന്നതും.

Read More: ഇതിലും വലുത് കണ്ടിട്ടുണ്ട്; ആക്രമണങ്ങൾ പൃഥ്വിയെ ബാധിക്കില്ലെന്ന് ആഷിഖ് അബു

നാട്ടുവർത്തമാനത്തിൽ ആരെയെങ്കിലും നിന്ദിക്കണമെങ്കിൽ അവരുടെ ‘ചരിത്രം’ തോണ്ടിയെടുക്കുന്നത് വളരെ സാധാരണമാണ്. ഇവിടെ ‘ചരിത്രം’ എന്ന പ്രയോഗത്തിന് മറച്ചുപിടിക്കേണ്ട, നാണംകെട്ട, പാതി മാത്രം കാണാനാവുന്ന ഭൂതകാലമാണ്, സാധാരണഗതിയിൽ വ്യക്തികളുടേത്. കേരളത്തിലെ ഹിന്ദുത്വവാദികളെ സംബന്ധിച്ചിടത്തോളം ഭൂതകാലമെന്നത് ഇത്തരം ‘ചരിത്ര’ങ്ങളുടെ കൂട്ടം മാത്രമാണ്. വർഷങ്ങളോളമുള്ള ഗവേഷണപഠനത്തിൻറെയും സൂക്ഷ്മമായ എഴുത്തിൻറേയും ഫലമായി സൃഷ്ടിക്കപ്പെട്ടതും പണ്ഡിതലോകത്തിൻറെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമായ ശേഷം മാത്രം അംഗീകരിക്കപ്പെടുന്ന ചരിത്രവിജ്ഞാനം അവർക്ക് വലിയ തടസ്സമാണ്. തത്ക്കാലം വാരിയംകുന്നത്തു ഹാജിയെ ശുദ്ധദേശാഭിമാനിയും സ്വാതന്ത്രസമരമുഖ്യധാരയുടെ നഷ്ടപുത്രനുമായി ചിത്രീകരിക്കുംവിധമുള്ള തെളിവുകളല്ല മാപ്പിളലഹളയെപ്പറ്റി ലഭ്യമായ ചരിത്രപഠനങ്ങളിലുള്ളത്. പക്ഷേ നേരെ തിരിച്ച്, അദ്ദേഹത്തെ അന്ധനായ മുസ്ലിം തീവ്രവാദിയും ഹിന്ദുവിരോധിയുമായി ചിത്രീകരിക്കാനുതകുന്ന യാതൊന്നും അതു തരുന്നുമില്ല. അതുകൊണ്ടുതന്നെ ഈ തെളിവുകൾ എങ്ങനെയുപയോഗിക്കും, അവ കാണിച്ചുതരുന്ന സങ്കീർണവ്യക്തിത്വത്തെ സിനിമയിൽ എങ്ങനെ പുനരുജ്ജീവിപ്പിക്കും എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ഹിന്ദുത്വവാദിക്കു മാത്രമല്ല, ഈ സിനിമകളുടെ സ്രഷ്ടാക്കൾക്കു പോലും ഉടൻ പ്രത്യക്ഷമായിരിക്കാൻ ഇടയില്ല. മാത്രമല്ല, ഈ സിനിമകളെല്ലാം വരാനിരിക്കുന്നതേയുള്ളൂ. ആ സ്ഥിതിക്ക് ഈ സിനിമകളിൽ ഉൾപ്പെട്ടവരുടെ ‘ചരിത്ര’ത്തെ പിടികൂടാനേ പറ്റൂ. അതാണ് ഇതിൽ നിന്നെല്ലാം ദൂരെയിരിക്കുന്ന പൃഥ്വിരാജിൻറെ മാതാവ് ഇതിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത്.

j devika, ie malayalam

തങ്ങൾക്കു മനസ്സിലാകാത്തതിനെ അവയുടെ സ്രഷ്ടാക്കളുടെ ഹ്രസ്വകാല ചരിത്രങ്ങളുപയോഗിച്ച് തല്ലിക്കൊഴിച്ചുകളായാൻ നോക്കുക, തങ്ങളുടെ തന്നെ ചരിത്രത്തെ മറച്ചുപിടിക്കുക, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുക– ഈ തന്ത്രങ്ങൾ, പക്ഷേ, ഹിന്ദുത്വവലതുപക്ഷത്തിൻറേതു മാത്രമല്ല, ഇവിടുത്തെ സാമൂഹ്യ-യാഥാസ്ഥിതിക പക്ഷത്തിൻറേതുതന്നെയാണ്. കേരളത്തിലിന്ന് ചൂടുപിടിച്ച് ചർച്ചചെയ്യപ്പെടുന്ന രഹനാ ഫാത്തിമയുടെ ബോഡി ആർട്ട് വിവാദം തന്നെയെടുക്കുക. അവരുടെ ശരീര ചിത്രീകരണം അശ്ളീലമാണെന്ന് ആദ്യം സ്ഥാപിച്ചെടുത്ത ശേഷം അതു കുട്ടികളുടെ അവകാശങ്ങളെ ലംഘിക്കുന്നു എന്നാണ് വാദം.

Read More: രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാൻ പൊലീസ്, വീട്ടിൽ റെയ്ഡ്

സ്ത്രീശരീരത്തിൻറെ നഗ്നത അശ്ളീലമല്ലായിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നെന്നും അക്കാലങ്ങളിൽ അമ്മമാരുടെ നഗ്നത കണ്ടതുകൊണ്ടു മാത്രം മനുഷ്യർക്ക് മാനസികപ്രശ്നങ്ങളുണ്ടായതായി തെളിവൊന്നുമില്ലെന്നും രഹനയെ ആക്രമിക്കാൻ ഒരുങ്ങിനിൽക്കുന്നവർ സൌകര്യപൂർവ്വം മറക്കുന്നു. അവരുടെ പ്രവൃത്തിയുടെ മാനങ്ങളെന്തെന്നു മനസ്സിലാക്കാതെ അവരുടെ ‘ചരിത്ര’ത്തെ പൊക്കിപ്പിടിച്ച് അട്ടഹസിക്കുന്നു. ഇടതേത് വലതേത് എന്നു തിരിച്ചറിയാൻ പറ്റാത്ത, ചിരിക്കണോ കരയണോ എന്നറിയാത്ത, വല്ലാത്ത കാലം!

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Variamkunnan movie rehana fathima body art j devika