അവ്യക്തത കൊണ്ടും ഔചിത്യബോധമില്ലാത്തവരുടെ ഇടപെടൽ കൊണ്ടും വിവാദമായി മാറിയ വനിതാ മതിലിനെ അടിസ്ഥാനപരമായി പ്രതിരോധത്തിന്റെ പ്രതീകമായി കണക്കാക്കാവുന്നതാണ്. അത്തരമൊരു പ്രതിരോധം ആവശ്യമായി വന്നത് ശബരിമല വിധിയോട് കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകൾ കൈക്കൊണ്ട പിന്തിരിപ്പൻ നിലപാടു മൂലമാണ്. ആ നിലപാടിലേക്ക് അവരെയെത്തിച്ചത് കേരളത്തിൽ മെല്ലെ രൂപം കൊണ്ടു വരുന്ന വലതുപക്ഷ രാഷ്ട്രീയത്തിലെ ആണധികാരമാണ്. പുരുഷാധിപത്യ രാഷ്ട്രീയം ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരു പറഞ്ഞ് വലിയൊരു വിഭാഗം ഹിന്ദു സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയും അവർക്ക് വർഷങ്ങളായി നിഷേധിക്കപ്പെട്ടതും ഇപ്പോൾ സുപ്രീം കോടതി അനുവദിച്ചു കൊടുത്തതുമായ ഒരു മൗലികാവകാശത്തെ അവരെക്കൊണ്ട് തന്നെ തള്ളിപ്പറയിപ്പിക്കുന്നതിന്നും ഇടയാക്കി. ഇത് കേരളത്തിൽ സംഭവിക്കുമെന്ന് അധികമാരും കരുതിയതല്ല. മറിച്ചാണ് പ്രതീക്ഷിച്ചത്. ആചാരത്തിന്റെ പേരിൽ നഷ്ടപ്പെട്ട ആ അവകാശം കോടതി വിധിയുടെ പിൻബലത്തോടെ പ്രയോഗതലത്തിൽ കൊണ്ടു വരാൻ സ്ത്രീകളുടെ മുന്നേറ്റമുണ്ടാവുമെന്ന് കരുതിയയിടത്താണ് ഒരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇതിനു കാരണമാക്കിയ എല്ലാ സമൂഹ്യസാഹചര്യങ്ങളോടുള്ള സമഗ്രമായ പ്രതിരോധമാണ് ജനുവരി ഒന്നിന് നടക്കേണ്ടത്. ആ തലത്തിലേക്ക് അത് വളരുമോ എന്ന ചോദ്യം തൽക്കാലം അവിടെ നിൽക്കട്ടെ.

Read More: വനിതാ മതിൽ: അറിയേണ്ടതെല്ലാം

2019 ജനുവരി ഒന്നിന് നടക്കാൻ പോകുന്ന ഈ പ്രതിരോധത്തിനു പോലും നേതൃത്വം കൊടുക്കാൻ ഇരുപത്തിയോന്നാം നൂറ്റാണ്ടിലെ കേരളത്തിൽ സ്ത്രീകളുണ്ടായില്ല എന്നത് ഒരു ദു:സൂചനയാണ്. അതിനു നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിനു പോലും ഇന്ന് ശക്തരായ സ്ത്രീ നേതൃത്വങ്ങളില്ല. കെ.ആർ. ഗൗരിയും സുശീലാ ഗോപാലനുമൊക്കെ വളർന്ന മണ്ണിൽ ഇന്നിപ്പോൾ ആ നിലവാരമുള്ള സ്ത്രീ നേതാക്കൾ നേതൃത്വനിരയിലില്ല. പൊതുമണ്ഡലത്തിൽ പ്രവർത്തിക്കുന്നതിനോടൊപ്പം സ്വന്തം പ്രസ്ഥാനത്തിലെ പുരുഷാധിപത്യത്തോട് പോരടിച്ച്‌ മുന്നേറാനുള്ള നേതൃനിലവാരമാണ് അവരിൽ നമ്മൾ കണ്ടത്. മിടുക്കരായിരുന്നിട്ടും അവരെയും അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ എത്താതെ മാറ്റി നിർത്താൻ സി.പി.എമ്മിലെ ആണധികാരത്തിനു സാധിച്ചു. അതിന്നും വലിയ മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി എന്നത് അടുത്തെങ്ങും സംഭവിക്കാവുന്ന ഒന്നല്ലല്ലോ! പ്രാപ്തിയുള്ളവരുടെ അഭാവം എന്ന പ്രശ്നം പോലും ഇപ്പോൾ കേരളത്തിന്റെ മുന്നിലുണ്ട്. പ്രാപ്തിയുണ്ടായിരുന്നവരെ അവഗണിക്കുകയും മാറ്റി നിർത്തുകയും ചെയ്തതിന്റെ പാപഭാരം വേറെയും.

sabarimala ,protest

ഫൊട്ടോ : ഹരികൃഷ്ണന്‍ കെ.ആര്‍

സ്ത്രീകൾ ധാരാളമുള്ള പാർട്ടിയാണ് സി.പി.എം. അവരിൽ വലിയൊരു വിഭാഗം അയ്യപ്പഭക്തരുമാവാനിടയുണ്ട്. എന്നിട്ടും സുപ്രീം കോടതിയുടെ സുപ്രധാനമായ ശബരിമല വിധി അനാഥമായി നമ്മുടെ തെരുവിൽ കിടക്കുകയാണ്. അതും പല കാര്യങ്ങളിലും ലോക നിലവാരം അവകാശപ്പെടുന്ന കേരളത്തിൽ. അതിൽ കേരളത്തിലെ സ്ത്രീകളോ സ്ത്രീ കൂട്ടായ്മകളോ അസ്വസ്ഥരല്ല എന്നതും വേദനയോടെ നമ്മൾ അറിയണം. ആ വിധിയുടെ പേരിൽ ഒരു സ്ത്രീ സംഘർഷം ഇവിടെയുണ്ടായില്ല. കാരണം എതിർക്കുന്നവരും അനുകൂലിക്കുന്നവരും ആ വിഷയത്തിൽ സ്വന്തമായ നിലപാടുകൾ ഉള്ളവരായിരുന്നില്ല. ഇപ്പോൾ അത്ലോ വെറുമൊരു ‘ലോ ആന്റ് ഓർഡർ’ പ്രശ്നമായി തരംതാണു പോയിരിക്കുന്നു.

അനുവദിച്ചു കിട്ടിയ ഭരണഘടനാപരമായ അവകാശം നടപ്പിലാക്കപ്പെടാത്തതിൽ കേരളത്തിലെ സ്ത്രീ സമൂഹം അസ്വസ്ഥരാണോ? അല്ല എന്നതാണ് ആധുനിക കേരളം നൽകുന്ന ഉത്തരം. ആ ഉത്തരം ഒരു സമൂഹമെന്ന നിലയിൽ നമ്മളെ ലജ്ജിപ്പിക്കണം. ആഴത്തിൽ ചിന്തിപ്പിക്കണം.

Read More: പുതുവര്‍ഷം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുവോ?

അത് മറ്റ് പലതിന്റെയും സൂചനയാണ്. കേരളത്തിലെ സ്ത്രീകളുടെ സ്ഥാനം എവിടെ എന്ന ചോദ്യത്തെ ആത്മാർത്ഥമായി നേരിടേണ്ടിയിരിക്കുന്നു. സ്വന്തം അവകാശങ്ങളെ ചേർത്തു പിടിക്കാനുള്ള കരുത്ത് അവർക്കിപ്പോഴും ഇല്ല എന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ആദ്യം അതവർ തിരിച്ചറിയേണ്ടതുണ്ട്. അതിനുള്ള തയ്യാറെടുപ്പുകൾ അവർ ഇനിയും ധാരാളം നടത്തേണ്ടതുണ്ട്. ഇപ്പോഴും അവർ പൊതുമണ്ഡലത്തിൽ ഇടപഴകുന്നത്
ആണധികാരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെ മാത്രം പിൻതുടർന്നു കൊണ്ടാണ്. ശബരിമല വിധിയെ സ്ത്രീകൾ എതിർത്തത് പുരുഷാധിപത്യ തീരുമാനപ്രകാരമായിരുന്നു. ആ വിധി നടപ്പിലാക്കപ്പെടാനായി സ്ത്രീ മുന്നേറ്റമുണ്ടാവാതെ പോയതും പുരുഷാധിപത്യ തീരുമാനപ്രകാരമായിരുന്നു. ഇതിനാണ് മാറ്റം വരേണ്ടത്. സ്ത്രീകൾ സ്വന്തമായി ചിന്തിക്കാനും തീരുമാനങ്ങളിലെത്താനും പ്രാപ്തരാവണം. അതിനുള്ള ഒരു തടക്കമായി ഈ വനിത മതിലിനെ നോക്കി കാണാവുന്നതാണ്.

അടിമത്തം സ്വയം തിരഞ്ഞെടുത്ത വലിയൊരു കൂട്ടം സ്ത്രീകൾ കേരള സമൂഹത്തിലുണ്ട്. അവരെ ഉണർത്താനാണ് മറ്റുള്ളവർ ശ്രമിക്കേണ്ടത്. അത്തരം അടിമത്തത്തിനേയും വിധേയത്വത്തെയും പ്രതിരോധിക്കുന്ന ഒന്നാവണം വനിതാ മതിൽ. കക്ഷിരാഷ്ട്രീയത്തിനും ജാതി-മത വിഭാഗിയതയ്ക്കുമെതിരായി അത് വളരേണ്ടതുണ്ട്. തീർച്ചയായും ഇപ്പോഴതിൽ പിന്നോക്ക വിഭാഗക്കാരുടെ മേൽക്കോയ്മ കണ്ടേക്കും. കാരണം അവരാണ് സ്ത്രീ സമത്വത്തെ വിലമതിക്കുന്നവർ. മറിച്ച് ഉയർന്ന ജാതിയുടെ പേരിൽ അഹങ്കരിക്കുന്നവർ സമത്വത്തിൽ വിശ്വസിക്കുന്നതേയില്ല. സ്ത്രീ സ്വാതന്ത്യം ഇപ്പോഴും അവരുടെ പൊങ്ങച്ചത്തിന്റെ മാത്രം കൂട്ടാണ്. അധികാരം കൈവിടാൻ അവരുടെ ഫ്യൂഡൽ മനസ്സ് അനുവദിക്കുന്നതേയില്ല. ഈ ഫ്യൂഡൽ മനസ്സാണ് ശബരിമലയിൽ നിന്ന് യുവതികളെ അകറ്റി നിർത്തുന്നത്. സമൂഹത്തിൽ നിന്ന് സ്ത്രീകളെ ഇപ്പോഴും അകറ്റി നിർത്തുന്നത്. അതു കൊണ്ട് തന്നെ ഈ വനിതാ മുന്നേറ്റം അവർക്കെതിരായ ഒരു മുന്നേറ്റം കൂടിയാണ് .n e sudheer, vanitha mathil

അവസരോചിതമായി ഈ പ്രശ്നത്തെ മനസ്സിലാക്കാനും സാധ്യമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാനും ഇടതുപക്ഷ ശക്തികൾ മുന്നിട്ടിറങ്ങിയത് നന്നായി. അവർക്കു മാത്രമേ കേരളത്തിലിന്ന് ഇത്തരമൊരു മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാനാവൂ. ആത്മവിമർശനത്തിനുള്ള അവസരമായിക്കൂടി അവരിതിനെ കാണണം. സമൂഹത്തിന്റെ പൊതുധാരയിലേക്ക് സ്ത്രീകൾ സ്വതന്ത്രരായി കടന്നു വന്ന് പുരുഷാധിപത്യത്തെ നിരന്തരം ചോദ്യം ചെയ്യണം. സി.പി.എമ്മിൽപ്പോലും അതിന്നു സാധ്യമല്ല എന്നാണ് പല സമീപകാല സംഭവങ്ങളും വ്യക്തമാക്കുന്നത്. സ്ത്രീകളോടുള്ള അവഗണനയും വിരുദ്ധതയും അവിടെയും നിലനിൽക്കുന്നു. സ്ത്രീകളെ രണ്ടാം തരം പൗരരായി കാണുന്ന നേതാക്കളെ ഒറ്റപ്പെടുത്തണം. അത്തരക്കാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടണം. സ്ത്രീകൾ നിശ്ശബ്ദരാക്കപ്പെടരുത് . പൊതു ചിന്താധാരയിലേക്ക് അവരെ കൈ പിടിച്ച് കൊണ്ടു വരണം. സ്ത്രീ പങ്കാളിത്തത്തിലൂടെ മാത്രമെ ഒരു സമത്വാധിഷ്ഠിത സമൂഹം സാധ്യമാവൂ എന്ന ബോധ്യം വേണം. അതൊക്കെ ഓർക്കാനും ഓർമ്മിപ്പിക്കാനുള്ള ഒരു പ്രതീകമായി വനിതാ മതിലിനെ നോക്കിക്കാണണം.

നമ്മൾ ഇപ്പോഴും ലക്ഷ്യത്തിൽ നിന്ന് വളരെ അകലെയാണ്. ചുരുക്കം ചില സ്ത്രീ ശബ്ദങ്ങൾ ഉയർന്നു വരുന്നതു കൊണ്ട് സ്ത്രീ ശാക്തീകരണം നടന്നു കഴിഞ്ഞു എന്ന് വീമ്പിളക്കരുത്. സ്ത്രീകൾ ഏറെ മുന്നേറാനുണ്ട്. പൊതു മണ്ഡലത്തിൽ വിഹരിക്കാനായി അവരിനിയും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ആണധികാരമോ പെണ്ണവസ്ഥയോ ഇരുട്ടിവെളുക്കും മുമ്പ് മാറുന്നതോ മാറ്റാവുന്നതോ അല്ല. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ മനസ്സിലാക്കി മാറ്റത്തിന് തടസ്സം നിൽക്കുന്ന പ്രതിസന്ധികളെ ആദ്യമേ പിഴുതു മാറ്റണം. ഈ തിരിച്ചറിയൽ സന്ദേശമാണ് ജനുവരി ഒന്നിന് വനിതാ മതിലെന്ന പ്രതീകത്തിലൂടെ കേരളം ഏറ്റെടുക്കേണ്ടത്. ഇങ്ങനെ നോക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കൊച്ചു കൊച്ചു വിവാദങ്ങൾ കണ്ടില്ലെന്നു നടിക്കാവുന്നതേയുള്ളൂ. തീരുമാനമെടുക്കുന്നവരുടെയും നടത്തിപ്പുകാരുടെയും പിടിപ്പുകേടും വകതിരിവില്ലായ്മയും മാത്രമാണ് അതിന്റെയൊക്കെ കാരണം. കേരളത്തിലെ ആണധികാരികളുടെ പ്രാപ്തി കുറവായും ഇതിനെ വായിച്ചെടുക്കാവുന്നതാണ്.

സ്ത്രീകളാൽ നയിക്കപ്പെടുന്ന കേരളം ഈ നൂറ്റാണ്ടിൽ സാധ്യമാവണം. അതിന് ഫെമിനിസത്തിന്റെ പ്രചാരം മാത്രം പോര. സമത്വബോധവും പൗരബോധവും സ്ത്രീകളിൽ വളർന്നു വരണം. പുരുഷൻ തീരുമാനിക്കട്ടെ എന്ന മനോഭാവം മാറണം. എല്ലാ തരം ആധിപത്യത്തെയും നിരന്തരം ചോദ്യം ചെയ്യുന്ന, എന്തും ഏറ്റെടുക്കാൻ കഴിവുള്ള സ്ത്രീകൾ നിറഞ്ഞ കേരളം. അതിനൊരു നിമിത്തമായി ശബരിമലയിലെ താൽക്കാലിക പരാജയത്തെ കണ്ടാൽ മതി. ഈ പ്രതീക മതിലിലൂടെ പുതിയൊരു ലോകം കെട്ടിപ്പടുക്കുവാനുള്ള ഊർജ്ജം കേരളത്തിലെ സ്ത്രീകൾ നേടാനിടയാവട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook