ഒന്നും ചെയ്യാതിരിക്കുക എന്നത് ഒരുപാട് കാര്യങ്ങൾ ചെയ്യുക എന്നതിന്റെ വിപരീതമല്ല. ലോകം നന്നാവാൻ എന്താണ് വേണ്ടത് എന്ന് രമണ മഹർഷിയോട് പണ്ടാരോ ചോദിച്ചപ്പോൾ ചുമ്മാതിരുന്നാൽ മതി എന്നായിരുന്നത്രേ അദ്ദേഹത്തിന്റെ ഉത്തരം. ലോകനായകന്മാർക്ക് വരട്ടുചൊറി പിടിച്ചാൽ ലോകത്ത് സമാധാനം ഉണ്ടാവും എന്ന് ബഷീർ പറഞ്ഞു. കൊണ്ട വെയിലുകളാണ്, ഇരുന്ന തണലുകളല്ല ബഷീർ എന്ന് വിജയൻ മാഷ് എഴുതിയത് വളരെ ശരിയെങ്കിലും കൊണ്ട വെയിലുകളെ എഴുതാൻ ബഷീറിന് തണലത്ത് ഇരിക്കേണ്ടതുണ്ടായിരുന്നു.
വെറുതെ ഒന്നും ചെയ്യാതെ ഇരുന്ന എത്ര നിമിഷങ്ങൾ, എത്ര മണിക്കൂറുകൾ. അവയെ തിരിഞ്ഞുനോക്കി ഖേദിക്കുക സാധാരണമാണ്. സമയം യഥാവിധി ഉപയോഗപ്പെടുത്തിയിരു ന്നുവെങ്കിൽ ഇന്ന് എവിടെ എത്തിയേനെ എന്ന ഒരു ചോദ്യത്തിന്റെ വേര് തിരിച്ചറിയുമ്പോഴും അറിയാത്ത മറ്റ് വേരുകളുടെ പടർച്ചകളുണ്ടാകാം. അത് മടിയന്റെ വേദപ്രമാണത്തിൽ നിന്ന് ഉദ്ധരിക്കുന്നതല്ല. പണിയെടുത്തു കൊണ്ടേ ഇരുന്ന മണിക്കൂറുകളാകാം നമ്മളെന്ന സാമൂഹിക പ്രമാണിയെ സൃഷ്ടിച്ചത്. അതിനപ്പുറത്ത് എന്നിലെ ഞാൻ ഉണ്ടായത്, അന്തം വിട്ട് ഞാനിരുന്ന, ഒഴുക്കിക്കളഞ്ഞ സമയനദിയുടെ കരയിൽ നിന്നാവാം. അവയെ ഉപയോഗപ്പെടുത്തിയിരുന്നു വെങ്കിൽ ഇന്ന് എവിടെ എത്തിയേനെ എന്ന ചോദ്യം കാർട്ടൂണിസ്റ്റ് ടോംസ് എഴുതിയ ഒരു കുറിപ്പ് ഓർമ്മിപ്പിക്കുന്നു. കുറുവിലങ്ങാട്ടെ പഴയ ഒരു കപ്യാരുടെ കഥ. ഏറെക്കാലം ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്ത കപ്യാർ ശമ്പളക്കൂടുതൽ ആവശ്യപ്പെട്ടപ്പോൾ വികാരി അയാളുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാനിടയായി. പുളളിക്ക് എഴുത്തും വായനയും അറിയില്ലെന്ന സത്യം മനസ്സിലായി. ശമ്പളം കൂട്ടിക്കൊടുക്കുന്നതിന് പകരം കപ്യാരെ ഉടനെ പിരിച്ചു വിട്ടു. പിരിഞ്ഞു പോകുന്നേരം അത്രയും കാലത്തെ സേവനത്തിന് മാനുഷിക പരിഗണനവെച്ച് കുറച്ച് പണം കൊടുക്കുകയും ചെയ്തു. കപ്യാര് ആ പണം കൊണ്ട് ഒരു കൊച്ചു ചായക്കട തുടങ്ങി. അയാളുടെ സാമർത്ഥ്യം കൊണ്ടോ ഭാഗ്യം കൊണ്ടോ കച്ചവടം പടർന്ന് പന്തലിക്കുകയും ഒരു ഹോട്ടൽ ആയി മാറുകയും ചെയ്തു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ബാങ്ക് മാനേജർ കപ്യാർ നിരക്ഷരനാണെന്ന സത്യം ഉൾക്കിടിലത്തോടെ മനസ്സിലാക്കുന്നു. മാനേജർ പകുതി കർത്താവിനോടും പകുതി കപ്യാരോടുമായി ചോദിച്ചുപോയി. ഇക്കണക്കിന് ഇയാൾക്ക് വിദ്യാഭ്യാസം കൂടി ഉണ്ടായിരുന്നെങ്കിൽ എന്തായേനെ. എന്താവാനാ, കപ്യാർ തിരിച്ചു ചോദിച്ചു. ഒന്നും ആവില്ല, കുറുവിലങ്ങാട്ടെ കപ്യാരായി ഞാനിപ്പോഴും മണിയടിക്കുന്നുണ്ടാവും. ഒരുപക്ഷേ, നഷ്ടപ്പെടുത്തിയ സമയങ്ങളെ ഈ കപ്യാർ ന്യായത്തിന് കീഴെ എഴുതി ചേർക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
സമയം കളയുക എന്ന പ്രയോഗത്തിന് ധനാത്മകവും ഋണാത്മകവുമായ അർത്ഥങ്ങളാണ് നാം കൊടുക്കാറ്. സാഹചര്യങ്ങൾക്ക് അനുസൃതമായാണ് അർത്ഥ വിവക്ഷകൾ മാറുന്നത്. അയാൾ വെറുതെ എന്റെ സമയം മുഴുവൻ കളഞ്ഞു എന്നും കുറച്ച് സമയം ടിവി കണ്ട് കളയാമെന്ന് കരുതി എന്നും സമയം കളയാൻ വളരെ നല്ലതാണ് അത് എന്നും അല്ലെങ്കിൽ ഇത് സമയം കൊല്ലിയാണെന്നും മാറി മാറിപ്പറയാമല്ലോ. ടൈം ഈസ് മണി എന്നത് ഒരു ആപ്തവാക്യവും ആപൽവാക്യവും ആകുന്നു. ഓടിയെത്തുന്ന സ്ഥലം മുഴുവൻ സ്വന്തമാക്കാമെന്ന ദുരാഗ്രഹത്താൽ പകലന്തിയോളം തടിമറന്ന് ഓടിയ ടോൾസ്റ്റോയിയുടെ കഥാപാത്രത്തിന് ആറടി മണ്ണ് മാത്രമേ ഒടുവിൽ ലഭിക്കുന്നുളളൂ. സമയത്തിന് മൂല്യമുണ്ടാകുന്നത് എന്തുതരം സമയമാണത് എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. കൂട്ടുകാരോടൊത്ത് കളിച്ചു ചിരിച്ച് ആർത്തുല്ലസിച്ചപ്പോൾ സമയത്തെ ദുർവ്യയം ചെയ്യുകയായിരുന്നു എന്ന് പറയാനാവുമോ. ആ സമയത്തിനകത്ത് ജീവൻ ഉണ്ടായിരുന്നു. തിരക്കിട്ട് പോകുന്നതിനിടയിലം വഴിയിൽ അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ വിനിയോഗിച്ച സമയത്തിനകത്തും ജീവൻ ഉണ്ടായിരുന്നു. ആ സമയം കൂടി വർധിപ്പിച്ച ലാഭമാകട്ടെ ശവംപോലെ തണുത്തതാണ്. ഒരാൾക്ക് ആയുസ്സായി അനുവദിക്കപ്പെട്ട സമയം ഇത്രയാണെന്ന മുന്നറിവുണ്ടായിരുന്നെങ്കിൽ ലോകം ആക്രാന്തത്തിന്റെ നഗരത്തെരുവായി മാറുമായിരന്നല്ലോ. അനിശ്ചിതത്വമാണ് ഭൂഗോള ജീവിതത്തിന്റെ മാരക സൗന്ദര്യം. ലോകാവസാനം വരെയും എനിക്ക് മരണമില്ല എന്നും മരണം മറ്റുളളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണെന്നും ഉളള ഒരു വിചാരമൗഢ്യം ഉണ്ടായിരിക്കുന്നതിൽ തെറ്റൊന്നും ഇല്ല.
സമയത്തെ ഉപയോഗിക്കുന്ന ഒരാൾ സ്വന്തം ശരീരത്തെയും ഉപയോഗിക്കുക തന്നെയാവും. ഉപയോഗം എന്ന വാക്ക് പോലെ മനപ്രയാസമുണ്ടാക്കുന്ന മറ്റൊരു വാക്കില്ല. ശരീരവും സമയം തന്നെയാണല്ലോ. ആദ്യം പറഞ്ഞ വെറുതെയിരുപ്പിൽ പോലും സമയശരീരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്ന പ്രാർത്ഥനാഗാനത്തെ ഒരു ജീവശാസ്ത്രജ്ഞന്റെ കാതിലൂടെ കേൾക്കുക. ഉരുവം കൊളളുമ്പോൾ മുതൽ മിടിച്ചു കൊണ്ടിരിക്കുന്ന ജീവഘടികാരമാകുന്നു ശരീരം. സമയം ഒരിക്കൽ പോലും വിശ്രമിക്കുന്നില്ല എന്നതും നിങ്ങൾ എടുക്കുന്ന വിശ്രാന്തി വെറുമൊരു പ്രതീതി മാത്രമാകുന്നു എന്നതും ആഴത്തിൽ ആലോചിക്കാൻ തുടങ്ങുമ്പോൾ സംഭ്രമജനകമാണ്. ശരീരത്തിനകത്ത് അനുനിമിഷം നടക്കുന്ന കാര്യങ്ങൾ. ചലനം, വേഗത, ശബ്ദം, ഇവയൊക്കെ നാം അറിഞ്ഞുകൊണ്ടിരിക്കുകയാണെങ്കി ൽ ഭ്രാന്ത് പിടിച്ചുപോകും എന്ന് പറയപ്പെടുന്നു. നിശ്ചലമായ തടാകക്കരയിൽ അങ്ങകലെ അനങ്ങാതെ നിൽക്കുന്ന നീലമലകളെ നോക്കി, മന്ദമായി ചലിക്കുന്ന തെന്നലേറ്റ്, ഏറ്റവും ശാന്തിയോടെ നമ്മൾ വിശ്രമിക്കുമ്പോഴും നമ്മുടെ ധ്യാനസ്ഥമായ വിശ്രാന്തിയെ ഒക്കത്തേറ്റി ഭൂമി മണിക്കൂറിൽ ആയിരത്തി അറുന്നൂറ് കിലോമീറ്റർ വേഗതയിൽ കറങ്ങുകയാണ്. ശരീരത്തിനകത്തും വേഗങ്ങൾ കുതിക്കുകയാണ്.
വർത്തമാനകാല നിമിഷം- പ്രസന്റ് ടൈം എന്ന ഒന്ന് ഇല്ല എന്നിരിക്കിലും നിരന്തരമായ ഒഴുക്കിനെ പുഴ എന്നേ വിളിക്കാനാവൂ. ഏതു പുഴ, ഇറങ്ങുമ്പോഴത്തെയോ കയറിയപ്പോഴത്തെയോ എന്ന ചോദ്യത്തെ സൗകര്യപൂർവ്വം വിസ്മരിച്ചുകൊണ്ട്.
സമയവുമായുളള ഏതൊരിടപാടും ആപേക്ഷികതയുടെ സഹായത്തോടെ മാത്രമേ മനസ്സിലാക്കാനാവൂ. കാമുകിയുമായി ഇരുന്നപ്പോൾ കഴിഞ്ഞുപോയ ഒരു മണിക്കൂറും അവളെ കാത്തിരുന്ന ഒരു മണിക്കൂറും തമ്മിലുളള ദൈർഘ്യ വ്യത്യാസം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഒരു ഫുട്ബോൾ ഗ്രൗണ്ടിലെ അരമണിക്കൂർ ഓപ്പറേഷൻ തീയേറ്ററിന് മുന്നിലെ അരമണിക്കൂറിനേക്കാൾ എത്ര ചെറുതാണ്. അതുകൊണ്ടാണ് നമുക്ക് മുൻപേ പോയ തലമുറയ്ക്ക് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ആയുസ്സ് കുറവായിരുന്നുവെങ്കിലും ആപേക്ഷികമായി ഈ തലമുറയേക്കാളും കൂടുതലാണെന്ന് പറയേണ്ടി വരുന്നത്. എത്ര പെട്ടെന്നാണ് ഇപ്പോൾ കാലം കുതിയ്ക്കുന്നത്.
മനുഷ്യൻ കണ്ടുപിടിച്ച എല്ലാ ഉപകരണങ്ങളും യഥാർത്ഥത്തിൽ സമയത്തിനെതിരായ യുദ്ധോപകരണങ്ങളാകുന്നു. വിനാഴികകൾ ചെലവഴിച്ച് കല്ലുകൾ കൂട്ടിയുരച്ച് തീയുണ്ടാക്കുന്നതിന് പകരം, അര നിമിഷം കൊണ്ട് തീപ്പെട്ടിയുരച്ച് സാധിക്കുന്നിടത്ത് സമയം തോൽപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ, ഇങ്ങനെ ലാഭിച്ചെടുക്കുന്ന സമയം എവിടേയ്ക്കാണ് പോയത്. എന്തുകൊണ്ടാണ് എന്നിട്ടും പഴയ ആളുകൾക്ക് ഉണ്ടായിരുന്ന അത്രയും സമയം നമുക്ക് ഇല്ലാതെ പോകുന്നത്.
സമയവുമായുളള മനുഷ്യന്റെ പോരാട്ടത്തിൽ നിന്നാവാം ശാസ്ത്രവും സാങ്കേതിക വിദ്യയും മതവും കലയുമെല്ലാം ഉടലെടുത്തത്. ശാസ്ത്രസാങ്കേതികവിദ്യയും അതിന്റെ സൃഷ്ടികളായ യന്ത്രോപകരണങ്ങളും സമയത്തെ പരാജയപ്പെടുത്താൻ അതിവേഗതയെ സൃഷ്ടിച്ചു. ദൂരങ്ങളെ വെട്ടിക്കുറച്ചു. അകലങ്ങളെ അടുപ്പിച്ചു. അധ്വാനം ലാഭിച്ച് അങ്ങനെ പടവെട്ടിയെടുത്ത സമയമത്രയും മനുഷ്യരുടെ കാൽക്കീഴിൽ കൊണ്ടുവന്നിട്ടു. പക്ഷേ അത് പ്രയോജനപ്പെട്ടില്ല. യുദ്ധോപകരണങ്ങളിൽ പലതും മനുഷ്യന്റെ സമയത്തെ തിരിച്ചുപിടിച്ചു. അവയിൽ മിക്കതും ശത്രുപക്ഷത്ത് ചേർന്ന് മനുഷ്യനെ തോൽപ്പിച്ചുകളഞ്ഞു. സമയയുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാനമായതും ഐച്ഛികവുമായ ഉപയോഗത്തെ വന്നു മൂടുന്ന നിരവധി അനുബന്ധ ഉപയോഗങ്ങൾ ഉപകരണത്തെ സൃഷ്ടിയുടെ അസംബന്ധത്വത്തിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. ഈ അനുബന്ധ ഉപയോഗങ്ങൾ ഉപകരണത്തെ സൃഷ്ടിയുടെ ആദിമ ലക്ഷ്യത്തിന് നേർ വിപരീതമാക്കി. ഉദാഹരണത്തിന് സ്മാർട്ട് ഫോണുകൾ, സമയമെത്രയോ വേണ്ടി വരുന്ന ഒരുപാട് പ്രവൃത്തികൾ അതുപയോഗിച്ച് നൊടിയിടയിൽ ചെയ്യാം.L അപ്പോൾ തന്നെ അതിനകത്തുളള ചാറ്റ് മൂലകളും നിരർത്ഥകങ്ങളായ ഗെയിമുകളും നിസ്സാര വിനോദമൂല്യം മാത്രമുളള ആപ്പുകളും മറ്റും നിങ്ങൾ ലാഭിച്ച സമയത്തെയും അതിലേറെയും കവരുകയും ചെയ്യുന്നു.
സമയം എന്ന പ്രഹേളികയെ കുറിച്ചുളള അജ്ഞത, ഭയങ്ങൾ അതോടൊപ്പം ഭാവനയും സങ്കൽപ്പങ്ങളും കൂടിച്ചേർന്നുണ്ടായ മതവിശ്വാസങ്ങൾ മനുഷ്യരെ തിരുത്തുന്നതിന് ശ്രമപ്പെട്ടിരിക്കുമ്പോൾ തന്നെ വിമാനുഷികമായി സ്ഥാപനവൽകൃതമാവുന്നതും മനുഷ്യകുലത്തിനകത്ത് അന്തഛിദ്രം വരുത്തുന്നതുമായി മാറുന്നു. ആത്മാവിന്റെ മോചകമായിത്തീരേണ്ടിടത്ത് അത് തടവറകൾ സൃഷ്ടിക്കുന്നു. യാഥാസ്ഥിതിയെ നിലനിർത്തുക എന്ന അസാധ്യമായ ഒരു സമരമാണ് അവയ്ക്ക് സമയത്തിന് നേരെ ചെയ്യുവാനുളളത്.
Read More: കോവിലന്‍- ഗോത്രപ്പശിമയുളള വാക്കിന്റെ തോറ്റങ്ങള്‍- കോവിലനെ കുറിച്ച് റഫീക്ക് അഹമ്മദ് എഴുതിയ ലേഖനം
ഓരോ കലാസൃഷ്ടിയും നശ്വരതയ്ക്ക് എതിരെ നടത്തപ്പെട്ട മന്ത്രവാദ ഏലസ്സുകളോ തകിടുകളോ ആണ്. കാലാതീതത്വം എന്ന ഒന്നില്ല എന്ന സത്യത്തിന് മുന്നിൽ അവയും ഒരർത്ഥത്തിൽ പാഴ് യുദ്ധങ്ങളാകുന്നു. ഏതൊരു വിശ്വോത്തര കലാസൃഷ്ടിയുടെയും അനശ്വരത എന്നത് ഒരു സംസ്കൃതിയുടെ, ഭാഷയുടെ, ഏറ്റവുമൊടുവിൽ ഈ ഗോളത്തിന്റെ ആയുഷ്കാലത്തോളം മാത്രമാണ്. സമയം ചന്തുവിനെ പോലെ ആരാലും തോൽപ്പിക്കാനാവാതെ അധൃഷ്യനായി തുടരുകയും ചെയ്യും.
മനുഷ്യാധ്വാനത്തെ ലഘൂകരിക്കുക, കൂടുതൽ സ്വസ്ഥ്യം നൽകുക, സമയം ലാഭിച്ചെടുക്കുക തുടങ്ങിയവ മാത്രമായിരുന്നിരിക്കാം ആദിയിൽ ആയുധങ്ങളുടെ, ഉപകരണങ്ങളുടെ ജന്മലക്ഷ്യം. കാണെക്കാണെ അത് അങ്ങനെ അല്ലാതായിത്തീർന്നു. മുതലാളിത്തത്തിന്റെ സൗകര്യത്തിന് വേണ്ടിയായി അത്. തൊഴിലിന്റെ വണ്ണം കൂട്ടുക, തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്നതായി അതിന്റെ ഉദ്ദേശ്യം. ട്രാക്ടറിനെതിരെ, കംപ്യൂട്ടറിനെതിരെ ആദ്യകാലത്ത് തൊഴിൽ സംഘടനകളും ചില രാഷ്ട്രീയപ്രസ്ഥാനങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നത് ഇന്നും പരിഹാസപൂർവ്വം പരാമർശിക്കപ്പെടാറുണ്ട്. മനുഷ്യനാണ് പ്രധാനം എന്ന ഒരു വിചാരം, വേവലാതി, ഉത്കണ്ഠ അതിന് പിറകിലുണ്ടായിരുന്നു. ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങൾക്കെതിരെയുളള ഏതൊരു പോരാട്ടവും ക്വിക്സോട്ടിയൻ നിഴൽയുദ്ധമാണെന്നിരിക്കിലും ആത്യന്തികമായി ഈ പരിണതികൾ എവിടെ ചെന്നു നിന്നും എന്ന് പരിശോധിക്കുന്നതിൽ തെറ്റൊന്നുമില്ല. നാം പറയുന്ന ഈ വമ്പിച്ച കുതിച്ചുചാട്ടങ്ങളുടെ, വളർച്ചയുടെ, വികാസത്തിന്റെ ശരിയായ ലഭിതാക്കൾ വളരെ ചുരുക്കം പേരാണെന്നുളളതല്ലേ സത്യം. കോടാനുകോടിയായ മനുഷ്യരാശിയിൽ എത്ര പേർക്ക് ജെറ്റ് വിമാനങ്ങൾ ആവശ്യമുണ്ട്. എത്ര പേർക്ക് കിട്ടുന്നുണ്ട് ശീതീകരിണിയുടെ സുഖ ശീതളിമ. യുദ്ധം എന്ന ബ്രഹ്മാണ്ഡ അസംബന്ധത്തിന് വേണ്ടി ചെലവഴിക്കപ്പെടുന്ന ക്രയശേഷിയും കർമ്മശേഷിയും എത്ര. ഇങ്ങനെ അർത്ഥവിപര്യയത്തിന്റെ ഈ നൂറ്റാണ്ടിൽ മുഴുവട്ടായി മാത്രം വിലയിരുത്തപ്പെടാവുന്ന ചോദ്യങ്ങൾക്കൊടുവിലും ചിലത് അവശേഷിക്കുന്നുണ്ട് മറുപടിയില്ലാതെ.
മനുഷ്യ സാധ്യമെന്ന് പറയാനാവാത്ത കൂറ്റൻ എടുപ്പുകളും പിരമിഡുകളും നിർമ്മിച്ച കാലത്തിന്, വായിക്കാൻ പോലും ഒരു പുരുഷായുസ്സ് പോരാത്ത ഇതിഹാസങ്ങൾക്ക് ജന്മം നൽകിയ ലോകത്തിന് എത്രമാത്രം സാങ്കേതിക വികാസം ഉണ്ടായിരുന്നു. ഒരു നിമിഷാർദ്ധം കൊണ്ട് ഭൂമിയുടെ മറ്റേയറ്റം വരെ പോയി വരാൻ വരെ വളർന്ന ശാസ്ത്രം നമുക്ക് തന്ന മിച്ച സമയം എവിടെപ്പോയി?