ബഷീറില്‍ രണ്ടു തരം യാത്രകള്‍ സമ്മേളിക്കുന്നുണ്ട്. രാഷ്ട്രീയ യാത്രകളും ആത്മീയ യാത്രകളും. മനോയാത്രകളും ഭൗതിക യാത്രകളും അദ്ദേഹത്തിലുണ്ട്. പലപ്പോഴും ടെറെയ്ന്‍ അല്ല മനുഷ്യരാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. മാര്‍ക്‌സിനെക്കുറിച്ച് 1939 മാര്‍ച്ച് 16ന് ബഷീര്‍ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രകളുടെ മാനിഫെസ്റ്റോ ആയിക്കൂടി ഇന്ന് വായിക്കാം. താന്‍ കണ്ടിട്ടില്ലാത്ത ഒരാളെക്കുറിച്ച്, മാര്‍ക്‌സിനെക്കുറിച്ച് എഴുതുമ്പോള്‍ ബഷീര്‍ ധാരാളമായി ഉദ്ധരണികള്‍ ഉപയോഗിക്കുന്നത് കാണാം. ആ ലേഖനം ആരംഭിക്കുന്നത് മിഖായേൽ അലസ്കാൻഡ്രോവിച്ച് ബകൂനിന്‍ മാര്‍ക്‌സിനെക്കുറിച്ച് പറഞ്ഞിട്ടുള്ള ഉദ്ധരണിയുമായാണ്. അവസാനിക്കുന്നത് ഹെയിന്‍ എന്ന കവിതയുടെ ഉദ്ധരണിയുമാണ്. എന്നാല്‍ 1920 ആഗസ്റ്റ് 18ന് ഗാന്ധി വൈക്കം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ പോയി തൊട്ടതായി ബഷീര്‍ പറഞ്ഞിട്ടുണ്ട്. ‘ഉമ്മാ ഞാന്‍ ഗാന്ധീനെ തൊട്ട്’ എന്ന് എഴുതിയിട്ടുള്ള ബഷീറിനെ മലയാളിക്ക് നല്ല പരിചയമുണ്ട്. മാര്‍ക്‌സ് ലേഖനത്തില്‍ നിരീക്ഷകനായ, ഉദ്ധരണികളിലും മറ്റുള്ളവരുടെ അഭിപ്രായങ്ങളിലും അഭയം തേടുന്ന ബഷീറിനെയാണ് നാം കാണുന്നത്. എന്നാല്‍ ഗാന്ധിയുടെ കാര്യത്തില്‍ ബഷീറിന് ആ പ്രശ്‌നമില്ല. പോയി നേരില്‍ തൊടുകയാണ്. കണ്ടിട്ടില്ലെങ്കിലും ഭഗത്‌സിംഗിന്റെ കാര്യത്തിലും കണ്ട്, തൊട്ട നില ബഷീറിനുണ്ട്.

‘മതിലുകള്‍’ എന്ന നോവലും ‘ടൈഗര്‍’ എന്ന കഥയും നോക്കുക. സ്വാതന്ത്ര്യത്തെ ബഷീര്‍ എങ്ങിനെ കണ്ടുവെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. നാരായണിയെ കാണാനാകുന്ന ദിവസമാണ് ‘മതിലുകളി’ലെ നായകന്‍ ജയില്‍ മോചിതനാകുന്നത്. അന്ധാളിപ്പോടെയാണ് ആ കഥാപാത്രം ‘ഹൂ വാണ്ട്‌സ് ഫ്രീഡം’ എന്നു ചോദിക്കുന്നത്. ‘ടൈഗറില്‍’ ആ നായയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്തു ഭാഗ്യമായിരുന്നു എന്ന് പറയുന്ന കഥാപാത്രം ‘മതിലുകളി’ലെ അതേ ആള്‍ തന്നെയാണ്. പക്ഷെ അയാള്‍ക്ക് സ്വാതന്ത്ര്യം വേണം. ലോക്കപ്പില്‍ നിന്ന് മോചിതനാകണം. ഈ രണ്ടു സ്ഥലത്തും ബഷീര്‍ കഥാപാത്രം നിരീക്ഷകനല്ല. ഗാന്ധിയെ തൊട്ടതു പോലെയാണ് ആ കഥാപാത്രങ്ങള്‍. രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ചും വൈകാരിക സ്വാതന്ത്ര്യത്തെക്കുറിച്ചും അവര്‍ക്ക് കൃത്യമായ ധാരണകളുണ്ട്. ബഷീറിന്റെ രാഷ്ട്രീയ സമീപനം, പ്രത്യയശാസ്ത്ര സമീപനം ഇത്തരത്തിലുള്ളതാണ്, കൃത്യമായ തെളിച്ചമുള്ളത്. അതു തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രകളേയും നിര്‍ണ്ണയിച്ചിട്ടുള്ളത്. ഫസ്റ്റ് ഹാന്റ് എക്‌സ്പീരിയന്‍സിനുള്ള അന്തര്‍ദാഹം ബഷീറിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലും വളരെ വളരെ കൂടുതലാണ്. ഗാന്ധിയില്‍ എത്തുന്നതും മാര്‍ക്‌സിനെ നിരീക്ഷിക്കുക മാത്രം ചെയ്യുന്നതും ഇതേ അന്തര്‍ദാഹ പ്രശ്‌നത്താല്‍ തന്നെ.

യു.എ.ഖാദറിനെക്കുറിച്ച് ബഷീര്‍ എഴുതിയിട്ടുള്ള ‘മാമൈദിയുടെ മകന്‍’ എന്ന ലേഖനത്തില്‍ ഇങ്ങിനെ കാണാം: അവരങ്ങിനെ ജീവിക്കുന്നതിനിടയില്‍ മാമൈദി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. പെറ്റ ദിവസം മാമൈദി മരിച്ചു! യു.എ.ഖാദര്‍ ജനിച്ചത് ബര്‍മയില്‍ ഐരാവതി നദീതീരത്തെ ബില്ലീന്‍ ഗ്രാമത്തില്‍.: ഇതിനെ ബഷീര്‍ തന്റെ ജീവിതവുമായി, താന്‍ പിറന്നു വീണ സ്ഥലവുമായി ബന്ധപ്പെടുത്തുന്നു. മൂവാറ്റുപുഴ ആറിന്റെ തീരം. മണകുന്നം-തലയോലപ്പറമ്പ്. ഇങ്ങിനെയാണ് ബഷീര്‍ യു.എ.ഖാദറും താനും തമ്മിലുള്ള സാമ്യങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. ബഷീറിന്റെ സാഹിത്യത്തില്‍ ഒരു വായനക്കാരന് കണ്ടെത്താന്‍ കഴിയുന്നത് വിവിധ മനുഷ്യ വിഭാഗങ്ങള്‍ തമ്മിലുള്ള സമാനതയാണ്. അതായത് എല്ലാ തരത്തിലും പെട്ട മനുഷ്യരുടെ നിരവധി കാര്യങ്ങളില്‍ സമാനതകളുണ്ട്. ലക്ഷദ്വീപുകാരനായ കടല്‍-ഭാഷ പണ്ഡിതന്‍ അലി മണിക്ക് ഫാന്‍ ഒരിക്കല്‍ പറഞ്ഞു, പല ഭാഷകളും തമ്മിലുള്ള ചില സാമ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം, എല്ലാ വിഭാഗം മനുഷ്യരും തമ്മില്‍ വൈജാത്യക്കാള്‍ സാമ്യങ്ങളാണുള്ളതെന്നതിനാല്‍ വിവിധ ഭാഷകളിലും സാമ്യം ഇല്ലാതിരിക്കാന്‍ ഒരു വഴിയുമില്ലെന്ന്. ബഷീര്‍ ഇത് നേരത്തെ മനസ്സിലാക്കി. അത് സ്ഥിരീകരിക്കാനായി യാത്രകള്‍ നടത്തി. മനുഷ്യന്റെ സ്‌നേഹവും ദുരയും ലോകമെങ്ങും ഒരേ പോലെ തന്നെയെന്ന് സ്ഥിരീകരിക്കാനായിരുന്നു ബഷീറിന്റെ യാത്രകള്‍. അത് തിട്ടപ്പെടുത്താന്‍ എട്ടു പത്തു കൊല്ലം പലയിടങ്ങളില്‍ അലഞ്ഞു. അത് നൂറിലധികം ശതമാനവും ശരിയെന്ന് ഉറപ്പായപ്പോള്‍ ബഷീര്‍ അലച്ചില്‍ അവസാനിപ്പിച്ചു. സ്വസ്ഥനായി. എഴുത്തുമാത്രമാക്കി. ബഷീറിന്റെ യാത്രകളുടെ സ്വഭാവം അതു തന്നെയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാം. ബഷീറിന് നേരത്തെ പറഞ്ഞ പോലെ, എല്ലാം ഫസ്റ്റ്ഹാന്‍ഡ് എക്‌സ്പീരിയന്‍സ് ആക്കി സ്വാംശീകരിക്കുക തന്നെ വേണമായിരുന്നു.muhammed asad

ആത്മീയത തീര്‍ച്ചയായും ബഷീറിന്റെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നു തന്നെയായിരുന്നു. സൂഫികള്‍ക്കും വേദാന്തികള്‍ക്കും സന്യാസിമാർക്കുമിടിയില്‍ അലഞ്ഞതിനെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും ഒരിക്കലും അദ്ദേഹം വിശദമാക്കിയിട്ടില്ല. എന്നാല്‍ ഒരു കൂടിക്കാഴ്ച അല്‍പ്പം അദ്ദേഹം വിശദമാക്കിയിട്ടുണ്ട്. ‘മക്കയിലേക്കുള്ള പാത’യും ‘ഇസ്‌ലാം അറ്റ്‌ ദ് ക്രോസ് റോഡ്‌സും’ എഴുതിയ മുഹമ്മദ് അസദിനെയും വിഖ്യാത ഖുര്‍ആന്‍ പരിഭാഷകന്‍ യൂസഫ് അലിയേയും കശ്മീരില്‍ വെച്ച് കണ്ടതിനെക്കുറിച്ച് ഓര്‍മയുടെ അറകളില്‍, ‘ദാല്‍തടാകത്തിലെ കുളിയും ചില കഥകളും’ എന്ന ലേഖനത്തില്‍ അദ്ദേഹം പറയുന്നുണ്ട്.യൂസഫലി ഒരു ടെന്റില്‍ ഇരുന്ന് ഹദീസുകള്‍ വിവര്‍ത്തനം ചെയ്യുന്നു, അതില്‍ സഹകരിക്കാനും സഹായിക്കാനുമാണ് മുഹമ്മദ് അസദ് എത്തിയിരിക്കുന്നത്. അസദ് ബഷീറിന് ‘ഇസ്ലാം ഓണ്‍ ക്രോസ് റോഡ്‌സി’ന്റെ ഒരു കോപ്പി നല്‍കുന്നുണ്ട്. 1934ലാണ് ഈ പുസ്തകത്തിന്റെ ആദ്യ എഡീഷന്‍ ഇറങ്ങുന്നത്. തീര്‍ച്ചയായും ഈ കൂടിക്കാഴ്ച്ചയും ബഷീര്‍ തന്റെ ഫസ്റ്റ് ഹാന്റ് എക്‌സ്പീരിയന്‍സ് ശേഖരത്തിലേക്ക് തന്നെയാണ് എടുത്തുവെയ്ക്കുന്നത്.

ഇത്രയും പറഞ്ഞത്, ബഷീറിന്റെ യാത്രകളില്‍ മനുഷ്യരായിരുന്നു പ്രധാനം എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്. അത് രാഷ്ടീയ യാത്രയായാലും ആത്മീയ യാത്ര ആയാലും. എല്ലായിടത്തും ലോകത്തിലെ ഏറ്റവും മനോഹരമായ ലാന്‍ഡ് സ്കേപ്പുകള്‍ മനുഷ്യന് ഇരിക്കാനുള്ള, നടക്കാനുള്ള, തനിക്ക് ആ മനുഷ്യരെ കാണാനുള്ള സ്ഥലങ്ങളായാണ് ബഷീര്‍ മനസ്സിലാക്കുന്നത്. ബഷീറിന്റെ യാത്രയുടെ ഉദ്ദേശവും പ്രത്യയശാസ്ത്രവും അതായിരുന്നു. ഏറെ വിശദീകരണം അര്‍ഹിക്കുന്ന ഇക്കാര്യം വിശദമാക്കുന്ന നൂറു കണക്കിന് സന്ദര്‍ഭങ്ങള്‍ ബഷീര്‍ സാഹിത്യത്തിലുണ്ട്. ഈ ചെറുകുറുപ്പില്‍ ആ ഫിനോമിനെനെ അവതരിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്.basheer ,muhammed asad,u a khader,gandhiji

എന്നാല്‍ ഈ യാത്രകള്‍ക്കും അലച്ചിലുകള്‍ക്കുമൊടുവില്‍ ഗൃഹസ്ഥനായിക്കഴിഞ്ഞ ബഷീറിനെ ഏറ്റവും കൂടുതലായി അലട്ടിയത് ഈ ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണെന്ന പ്രശ്‌നമാണ്. കാതോര്‍ക്കുക അന്തിമ കാഹളം, ഈ ഭൂഗോളം മരിച്ചു കൊണ്ടിരിക്കുകയാണ് തുടങ്ങിയ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഇക്കാര്യത്തിന് അടിവരയിടുന്നു. അത് ഒരു യാത്രികന്റെ അടിസ്ഥാന പ്രശ്‌നമാണ് ഭൂമിയില്ലാതായാല്‍ എവിടെ യാത്ര ചെയ്യും എന്നത്. ബഷീര്‍ തന്റെ ജീവിതത്തിന്റെ അവസാന പാദത്തില്‍ യാത്രക്കിടയില്‍ താന്‍ കണ്ട മനുഷ്യരെ മറക്കുകയും താന്‍ കണ്ട ലാന്‍ഡ് സ്‌കേപ്പുകളുടെ ഓര്‍മകളിലേക്ക് മാനസിക സഞ്ചാരം നടത്തുകയുമാണെന്ന് ഒരു സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം എന്നോട് പറയുകയുണ്ടായി. ഏറ്റവും സജീവമായി യാത്ര ചെയ്യുകയും അലയുകയും ചെയ്ത കാലത്തെ ഭൂമിയുടെ പല രൂപം, മുഖഭാവങ്ങള്‍ ഓര്‍ക്കാനാണ് അദ്ദേഹം അപ്പോള്‍ ആഗ്രഹിച്ചത്. പക്ഷെ അതിനെ ആവിഷ്‌കരിക്കാന്‍ അദ്ദേഹം വലുതായി ശ്രമിച്ചതുമില്ല. അതിന് അദ്ദേഹത്തിന് തന്റേതായ കാരണങ്ങളുണ്ടാകും.

ഭൂമി മരിക്കുകയും മനുഷ്യ സഞ്ചാരികള്‍ ഇനി എന്തു ചെയ്യുമെന്നുമുള്ള വേവലാതി പിടികൂടിയ കാലത്ത് ബഷീര്‍ രോഗമൂര്‍ച്ഛകളില്‍ കൂടിയായിരുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍കള്‍ക്കു നടുവില്‍. ആസ്തമ മൂര്‍ച്ഛിച്ച് ശ്വാസം കിട്ടാതെ പരക്ലേശത്തിലായി ബഷീര്‍. അദ്ദേഹത്തിന്റെ ‘പൂവമ്പഴ’ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘പൂവന്‍ ബനാന’യുടെ പ്രകാശനം അങ്ങിനെയൊരു ദിവസമാണ് വൈലാലില്‍ നടക്കുന്നത്. കുറച്ചു ആഴ്ച്ചകള്‍ കഴിഞ്ഞ് ബഷീര്‍ അന്തരിച്ചു.

ബഷീര്‍ മരിച്ച വാര്‍ത്തകള്‍ക്കൊപ്പം അന്നത്തെ ചില പത്രങ്ങളില്‍ ബഷീറിന്റെ മുറിയില്‍ നിന്നും കണ്ടെടുത്ത, അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ഒരു വരി കവിതയെക്കുറിച്ചുള്ള വാര്‍ത്ത ഉണ്ടായിരുന്നു. സിഗരറ്റ് പാക്കിലെ ഉള്ളിലെ വെള്ള മടക്കില്‍ ആ വരി ഇങ്ങിനെ- കാലമേ എനിക്ക് ഓക്‌സിജന്‍ തരൂ- മരിച്ചു കൊണ്ടിരുന്ന ഭൂമിയില്‍, തനിക്കുള്ള ഓക്‌സിജനായി ബഷീര്‍ കാലത്തോട് അവകാശ വാദമുന്നയിക്കുകയായിരുന്നു. ദൗത്യം പൂര്‍ത്തിയായിട്ടില്ല എന്ന തോന്നലുള്ള ഒരു യാത്രികന്റെ അവകാശമാണത്. ബഷീര്‍ തന്റെ അവസാന വരികളില്‍ അതാണ് ചെയ്തത്. ഒരിക്കല്‍ താന്‍ തന്നെ ഉപേക്ഷിച്ചുവെന്ന് പില്‍ക്കാലത്ത് അദ്ദേഹത്തിന് തോന്നിയ ലാന്‍ഡ് സ്‌കേപ്പുകള്‍ കാണാന്‍ തീര്‍ച്ചയായും ആ വലിയ എഴുത്തുകാരന്‍ ആഗ്രഹിച്ചിരിക്കണം.

യാത്രകളില്‍ പ്രകൃതിയും മനുഷ്യരും ഇതര ചരാചരങ്ങളും ഒന്നിച്ചു ചേരുന്നില്ലെന്ന് തോന്നുമ്പോള്‍, അങ്ങിനെയുള്ള യാത്രകള്‍ വിഫലമാകുമെന്ന് ഭയപ്പെടുമ്പോള്‍, ഞാന്‍ ആ വരികള്‍ ഓര്‍ക്കും, കാലമേ ഞങ്ങള്‍ക്ക് ഓക്‌സിജന്‍ തരൂ എന്ന ചെറിയ തിരുത്തലോടെ.

Read More: ബഷീറിന്റെ ആദ്യ ചുംബനം അജയ് പി മങ്ങാട്ട് എഴുതുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ