scorecardresearch

വടയമ്പാടിയില്‍ സംഭവിച്ചത് ഇതാണ്

വടയമ്പാടിയിലെ ജാതിമതില്‍ വിഷയത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ആത്മാഭിമാന കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് സംഭവിച്ച ദൃശ്യങ്ങളും വാക്കുകളും. സംഭവത്തിന്‍റെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നു.

വടയമ്പാടിയില്‍ സംഭവിച്ചത് ഇതാണ്

കാലത്ത് ഒമ്പതേ നാല്‍പ്പത്തിയഞ്ചോടുകൂടിയാണ് വടയമ്പാടിയിലെ ജാതിമതില്‍ വിഷയത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ആത്മാഭിമാന കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി എറണാകുളം- മൂവാറ്റുപുഴ റോഡിലെ ചൂണ്ടിക്കവലയില്‍ ബസ്സിറങ്ങുന്നത്. ചൂണ്ടിക്കവലയില്‍ നിന്നും എതാണ്ട് ഒരു കിലോമീറ്ററിലേറെ ദൂരമുണ്ട് ഭജനമഠത്തിലേക്ക്. അവിടേക്ക് ചെല്ലാന്‍ ഓട്ടോ പിടിക്കാം എന്ന് കരുതി നടക്കുമ്പോള്‍ ഒരു സംഘം ആളുകള്‍ ഫ്ലെക്സ് കെട്ടുന്നത് ശ്രദ്ധയില്‍ പെട്ടു. സ്വാഭാവികമായും അത് അന്ന് അവിടെ നടക്കാനിരിക്കുന്ന പരിപാടിയുടേതാണോ എന്നായിരുന്നു എന്‍റെ ചോദ്യം. എന്നാല്‍ മറുപടി പകരം, ചില ചോദ്യങ്ങളുമായി എന്നെ വളയുകയാണ്‌ ആ സംഘം ചെയ്തത്.

“നിങ്ങള്‍ എവിടെ നിന്നാണ് ?” ” ഞങ്ങളുടെ നാട്ടില്‍ നിങ്ങൾക്ക്  എന്താണ് കാര്യം?”  “ഒരു പ്രശ്നവുമില്ലാത്ത ഇവിടെ പ്രശ്നമുണ്ടാക്കാന്‍ വന്നതാണോ?” എന്നൊക്കെയായിരുന്നു അവരുയര്‍ത്തിയ ചോദ്യങ്ങള്‍. മാധ്യമപ്രവര്‍ത്തകനാണ് ഏറണാകുളത്ത് നിന്നും വരികയാണ് എന്ന് അറിയിച്ചപ്പോള്‍ അത് തെളിയിക്കുന്ന കാര്‍ഡ് കാണിക്കുക എന്നതായി അവരുടെ ആവശ്യം. ഒന്നിലേറെപ്പേര്‍ കാര്‍ഡ് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം അവര്‍ അടുത്ത ആവശ്യം മുന്നോട്ട് വച്ചു. റിപ്പോര്‍ട്ട് ചെയ്യുകയാണ് എങ്കില്‍ ഇവിടുത്തുകാർ മതിലിനോ ഭജനമഠത്തിനോ എതിരാണ് എന്നോ എഴുതരുത് എന്നായിരുന്നു ആ ആവശ്യം. ‘അതാണ്‌ മാധ്യമധര്‍മം’ എന്നും പറയാൻ അവർ മറന്നില്ല. വലിച്ചുകെട്ടുകയായിരുന്ന ഫ്ലെക്സിന്‍റെ ഫൊട്ടോ എടുക്കുവാനും ആവശ്യപ്പെട്ടു.  അവർ പറഞ്ഞ പടം എടുത്തു. ആ പടമാണ് ഈ കാണുന്നത്.

“നിന്റെയൊക്കെ പണി നിന്‍റെ നാട്ടില്‍ മതി. വടയമ്പാടിയില്‍ വേണ്ട. ഇവിടെ പ്രശ്നമുണ്ടെങ്കില്‍ തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം.
“ഇനിയും ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് എന്ന് ചൂണ്ടിക്കാരന്‍.”
ചൂണ്ടിക്കവലയില്‍ ഉയര്‍ത്തിയ ഫ്ലെക്സ്

അതിനുശേഷം ഭജനമഠത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. ചൂണ്ടിക്കവലയില്‍ നിന്നും ഇടത്തോട്ടുള്ള റോഡില്‍ നൂറ് മീറ്റര്‍ പിന്നിട്ടപ്പോഴേക്കും തടഞ്ഞുനിര്‍ത്തിയത് നിയമപാലനത്തിന് ചുമതലയുളള പൊലീസാണ്. പ്രസ് കാര്‍ഡ് ആവശ്യപ്പെട്ട പൊലീസ് അതിന്‍റെ ഫൊട്ടോയെടുത്ത് സൂക്ഷിക്കുകയും വീട്ടുവിലാസം, ഫോണ്‍ നമ്പര്‍, അച്ഛന്‍റെ പേര് തുടങ്ങി വ്യക്തിഗത വിവരങ്ങളും ചോദിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് മുറയുടെ ആദ്യ പാഠമായിരുന്നു അത്.  ‘ഒരു അരമണിക്കൂറിനുള്ളില്‍ വാര്‍ത്തയൊക്കെ എടുത്തിട്ട് മടങ്ങിപോകണം’ എന്ന ഉത്തരവും നല്‍കിയാണ്‌ സിവിൽ പൊലീസ് ഓഫീസറായ  നിയാസ്,   ഭജനമഠം ഭാഗത്തേക്ക് പോകാന്‍ അനുവദിച്ചത്. അതിനിടയില്‍ ദലിത് കണ്‍വെന്‍ഷന് പങ്കെടുക്കാന്‍ വന്നതാണ് എന്ന് അറിയിച്ച ഒരു ചെറു സംഘത്തെ വണ്ടിയടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനും സാക്ഷിയായി.  വടയമ്പാടിയില്‍ എന്തോ സംഭവിക്കാൻ പോകുന്നു എന്ന് അവിടെയെത്തിയ ഓരോരുത്തരെയും തോന്നിപ്പിക്കുന്ന തരത്തിലാണ്  പൊലീസുകാരുടെ ഇടപെടലും ചോദ്യം ചെയ്യലും.

ഭജനമഠത്തിലെ എന്‍എസ്എസ്സിന് പറയാനുള്ളത്, പൊലീസിനും

ഭജനമഠത്തിനടുത്തേയ്ക്കുളള വഴിയില്‍വച്ച് രണ്ട് തവണയാണ് ‘നാട്ടുകാര്‍’ എന്ന് വിശേഷിപ്പിച്ച ബൈക്ക് സംഘങ്ങള്‍ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തത്. പൊലീസിനെ ‘ബോധിപ്പിച്ചാണ്’ മുന്നോട്ടു പോകുന്നത്, മാധ്യമപ്രവര്‍ത്തകനാണ് എന്നുള്ള വിശദീകരണങ്ങള്‍ അവര്‍ക്കും തൃപ്തികരമായിരുന്നു. ഭജനമഠത്തിന്  തൊട്ടടുത്ത് വച്ച് സിഐ സാജന്‍ സേവ്യര്‍ ഒരു വട്ടം കൂടി തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തു.

ജാതിമതില്‍ പൊളിച്ച മൈതാനത്ത് മനുഷ്യരെയൊന്നും കാണാനില്ലായിരുന്നു.  ഭജനമഠത്തിലെത്തിയപ്പോൾ  തൊഴാന്‍ വന്ന സ്ത്രീകള്‍ക്ക് പുറമേ ഒരു കൂട്ടം മനുഷ്യര്‍ ഭജനമഠത്തിന് മുന്‍പില്‍ കസേരയിട്ട് ഇരിക്കുന്നുണ്ടായിരുന്നു. എന്‍എസ്എസുകാരാണ് തങ്ങള്‍ എന്നാണ് അവര്‍ പരിചയപ്പെടുത്തിയത്. ഇരുപതോളം പേരടങ്ങിയ ചെറുപ്പക്കാരുടെ സംഘം ഭജനമഠത്തിന്‍റെ ഇടത് വശത്തായും തമ്പടിച്ചിട്ടുണ്ട്. ഭജനമഠത്തിലെ പ്രശ്നത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ‘ചെറിയൊരു വിഷയത്തെ പുറത്തുനിന്നും വന്ന മാവോയിസ്റ്റുകള്‍ ആണ് ഊതി വീര്‍പ്പിച്ചത്’ എന്നായിരുന്നു എന്‍എസ്എസ്സുകാരനെന്ന് അവകാശപ്പെട്ടവരുടെ  ആദ്യത്തെ മറുപടി.

ഭജനമഠത്തിലേക്ക് പോകുന്ന വഴിയില്‍ ഹിന്ദു ഐക്യവേദി പതിപ്പിച്ച പോസ്റ്ററുകള്‍

“ആകെ അഞ്ചോ ആറോ ദലിതരാണ് ഇവിടെ ഉള്ളത്. ചെല്ലും ചെലവും കൊടുത്ത് അവരില്‍ നാല് പേരെ കൂടെകൂട്ടി തങ്ങള്‍ക്കൊരു പേരുണ്ടാക്കുക എന്നാണ് ചിലരുടെ താത്പര്യം. അവരാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ പിന്നില്‍” എന്‍എസ്എസ് പുത്തന്‍കുരിശ് പ്രസിഡന്റ് എന്ന് പരിചയപ്പെടുത്തിയ ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.” ഇത്തരത്തിലാണ് ആളുകള്‍ നേതാവാകുന്നത്. ജാനുവൊക്കെ ഉയര്‍ന്നുവന്നത് ഓര്‍മയില്ലേ? അതുപോലൊരു അജണ്ടയാണിത്. അല്ലാതെ മുസ്ലീംങ്ങള്‍ക്കും വിശ്വാസമില്ലാത്ത മാവോയിസ്റ്റുകള്‍ക്കും എന്താണ് ഇവിടെ കാര്യം,” മുന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ എന്ന് പരിചയപ്പെടുത്തിയ ഗോപാലകൃഷ്ണന്‍ ചോദിച്ചു. “അവരുടെ പ്രശ്നം എന്‍എസ്എസുമായിട്ടാണ്. എന്നാല്‍ ഈ ക്ഷേത്രം നേരിട്ട് എന്‍എസ്എസ് നടത്തുന്നതല്ല. എന്‍എസ്എസ്സിലുള്ള ഓരോ കുടുംബങ്ങളും മാസം നൂറ് രൂപ കൊടുത്തിട്ടാണ് ഇവിടത്തെ ശാന്തിക്കാരന് ശമ്പളം വരെ കൊടുക്കുന്നത്,” എന്നും അവർ വിശദീകരിച്ചു.

കാര്യമായ വരുമാനമില്ലാതെയാണ് ഭജനമഠം മുന്നോട്ട് പോകുന്നത്. സംഘർഷാവസ്ഥ കാരണം   കാരണം ഈ വര്‍ഷത്തെ ഉത്സവത്തിന് ആളുകള്‍ കുറഞ്ഞതായും ഉത്സവത്തിനെത്തിയവരെ ദലിതര്‍ തെറിവിളിച്ചതായും എൻ എസ് എസ്സുകാരെന്ന് അവകാശപ്പെട്ട ഒരാൾ  ആരോപിച്ചു.

ഭജനമഠത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ ചെന്നുപെട്ടത് നേരത്തെ എന്നെ തടഞ്ഞുനിര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനായ നിയാസിന്‍റെ മുന്നിലാണ്. ‘ഇവിടെ യാതൊരു സംഭവവുമില്ല’ എന്ന് പറഞ്ഞ അദ്ദേഹം ‘പുറത്തുനിന്നും വന്നവരാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നത്. ആ പ്രശ്നങ്ങളില്‍ നിന്നും പേരെടുക്കാനാണ് അവരുടെ ഉദ്ദേശം’ എന്ന എന്‍എസ്എസ് ഭാഷ്യം  പൊലീസ് രീതിയിൽ പരാവർത്തനം ചെയ്തു. വാര്‍ത്ത എടുത്തുകഴിഞ്ഞുവെങ്കില്‍ തിരിച്ചുപോകാനും അദ്ദേഹം ആവശ്യപ്പെട്ടു.

മധ്യവയസ്സുകഴിഞ്ഞ ഒരു നാട്ടുകാരന്‍റെ ബൈക്കിലാണ് തിരിച്ച് ചൂണ്ടിക്കവലയിലേക്ക് പോകുന്നത്. താന്‍ വിശ്വകര്‍മ്മ വിഭാഗത്തില്‍ നിന്നാണ് എന്ന് പരിചയപ്പെടുത്തിയ അദ്ദേഹം ഭജനമഠത്തിനനുബന്ധിച്ചുള്ള സ്കൂളില്‍ ഇരുന്നൂറോളം ആർ എസ് എസ് പ്രവര്‍ത്തകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട് എന്നും പറഞ്ഞു.

“ഈ പ്രശ്നത്തില്‍ ഞാന്‍ ദലിതരുടെ  കൂടെയാണ്. നാട്ടുകാര്‍ ഉപയോഗിക്കുന്ന ഭൂമി തട്ടിയെടുത്തിട്ട് ജയിൽ പോലെ മതിലും കെട്ടിവെച്ചാല്‍ അത് പൊളിക്കണ്ടേ? സ്ഥലം സ്വന്തംപേരില്‍ ആക്കണം എന്നല്ല, പൊതുമുതലായി നിലനിര്‍ത്തണം എന്നാണ് ദലിതരുടെ ആവശ്യം.” ചൂണ്ടിക്കവലയില്‍ ഇറക്കിവിടുന്നതിനിടയില്‍ വടയമ്പാടിയിലെ ആര്‍എസ്എസ് സാന്നിധ്യത്തെ കുറച്ച് മറ്റൊരു സൂചനയായിരുന്നു അത്.

‘ആത്മാഭിമാനം’ സംഘപരിവാരിന് മാത്രമോ ?

ദലിത് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ചൂണ്ടിക്കവലയില്‍ എത്തിയത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് ദലിത് ആക്റ്റിവിസ്റ്റുകളാണ്. റോഡിന്‍റെ ഒരു വശത്തായി അവര്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആദ്യം അവിടെയുയര്‍ന്ന മുദ്രാവാക്യങ്ങള്‍ അംബേദ്‌കറിസ്റ്റ് രാഷ്ട്രീയത്തിന്‍റെതായിരുന്നില്ല. ഏകദേശം 10:30 ആകുമ്പോഴേക്കും നാട്ടുകാര്‍ എന്ന് വിശേഷിപ്പിച്ച നാല്‍പതിൽ താഴെ ആളുകൾ  അങ്ങോട്ട്‌ കടന്നുവരുകയും മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. നേരത്തെ പല തവണയായി തങ്ങളെ  തടഞ്ഞുനിര്‍ത്തിയവരാണ് ആ സംഘത്തിലുണ്ടായിരുന്നത് എന്ന്  മാധ്യമ പ്രവർത്തകർ   തിരിച്ചറിഞ്ഞു.

സംഘപരിവാരിന്‍റെ പ്രതിഷേധം, ദലിത് കണ്‍വെന്‍ഷന്‍കാരെ അപഹസിക്കുന്നതും കാണാം

ജനകീയ പ്രതിഷേധം എന്ന പേരില്‍ ആരംഭിച്ച മുദ്രാവാക്യം പിന്നീട് സംഘപരിവാര്‍ മുദ്രാവാക്യംമായി മാറുന്ന കാഴ്ചയാണ് കണ്ടത്. ‘ഭാരത്‌ മാതാ കി ജയ്‌’കൊപ്പം അത് ‘ഹിന്ദുത്വത്തിന്‍ പ്രതിഷേധമായും’ മാറി. “ഞങ്ങള്‍ക്കിവിടെ ജാതിയില്ല, ഞങ്ങള്‍ക്കിവിടെ വര്‍ഗമില്ല. ഒരേ സ്വരത്തില്‍ പറയുന്നു. ഹിന്ദുത്വത്തിന്‍ പ്രതിഷേധം” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ചൂണ്ടിക്കവലയില്‍ മുഴങ്ങികേട്ടു. പതിനൊന്ന് മണിയോടെ മാത്രമാണ് ദലിത് കണ്‍വെന്‍ഷന്‍കാര്‍ മുദ്രാവാക്യം തുടങ്ങിയത്. ‘ജയ്‌ ഭീം’, ‘ആസാദി’ മുദ്രാവാക്യങ്ങള്‍ ഹിന്ദുത്വ മുദ്രാവാക്യത്തെക്കാള്‍ ഉച്ചത്തില്‍ ആയതോടുകൂടി സംഘപരിവാര്‍ തങ്ങളുടെ മുദ്രാവാക്യം വിളികള്‍ നിര്‍ത്തുകയും തിരിച്ച് കൂക്കിവിളിക്കുകയും അധിക്ഷേപം ചൊരിയുകയും അപഹസിക്കുകയും ചെയ്ത് തുടങ്ങി. ഇടയില്‍ ചിലര്‍ ഭജനമഠത്തിലേക്ക് ചെല്ലാന്‍ വെല്ലുവിളിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ആക്രോശിക്കുകയും  ചെയ്യുന്നുണ്ടായിരുന്നു.

ഇതിനിടയിലാണ് സംഘപരിവാരുകാരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകള്‍ മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുന്നത്. ചില മാധ്യമ പ്രവർത്തകർ അത് പകര്‍ത്തുന്നത് കണ്ടതോടുകൂടി പ്രതിഷേധക്കാര്‍ അത് പരമാവധി ഒളിച്ചുവെക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. അതില്‍ കല്ലോ ആയുധങ്ങളോ ആകാം എന്ന് സംശയിച്ച അനിഷ്ട സംഭവം ഒഴിവാക്കാം എന്ന് കരുതി സിഐ സാജന്‍ സേവ്യറടക്കം പല പൊലീസുകാരെയും ഇത് അറിയിക്കുകയും ചെയ്തു. “അതൊക്കെ ഞങ്ങള്‍ക്കറിയാം” എന്നായിരുന്നു ബാഗിനെകുറിച്ചു പറഞ്ഞപ്പോള്‍ ഉത്തരാവദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻെറ   മറുപടി.

മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ സംഘപരിവാറുകാര്‍ ഒളിച്ചുവെച്ചത് എന്തായിരുന്നു ?

അതിനിടയില്‍ പൊലീസുകാര്‍ ദലിത് നേതാക്കളുമായി സംസാരിക്കുന്നത്തിനും ഞങ്ങള്‍ സാക്ഷിയാവുന്നുണ്ടായായിരുന്നു. അവരോട് ‘സ്ഥലം വിട്ട് പോകണം’ എന്നൊരൊറ്റ കാര്യമാണ് പൊലീസിന് പറയാനുണ്ടായിരുന്നത്. ‘സ്ഥലത്ത് നിരോധനാജ്ഞ ഇല്ലല്ലോ’ എന്ന് ചോദിച്ച ദലിത് നേതാക്കളോട് ‘കളക്ടറുടെ ഉത്തരവ് ഉണ്ട്’ എന്നായിരുന്നു പൊലീസ് ഭാഷ.  ‘വടയമ്പാടിയില്‍ നിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള ചൂണ്ടിക്കവലയിലും ഉത്തരവുണ്ടോ,’ എന്നുള്ള മറുചോദ്യങ്ങളും ഉയര്‍ന്നു. ‘ഇല്ലേല്‍ നാട്ടുകാര്‍ നിങ്ങളെ ശരിയാക്കും,’ എന്ന മറുപടിയാണ് നിയമപാലകർ നല്‍കിയത്.

ചൂണ്ടിക്കവലയില്‍ നടന്ന ദലിത് കണ്‍വെന്‍ഷനെത്തിയവര്‍ നേരിടേണ്ടി വന്നത് 

പ്രകോപനമൊന്നും ഇല്ലാതിരിന്നിട്ടും ദലിത് സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കുന്നതാണ് പിന്നീട് കണ്ടത്. സിഎസ് മുരളിയും ജെന്നിയും സന്തോഷ്‌കുമാറും അടക്കമുള്ള പ്രധാന നേതാക്കളെ ആദ്യം അറസ്റ്റ് ചെയ്ത പൊലീസ് പിന്നെ ഓരോരുത്തരേയും എണ്ണിപ്പിടിച്ച് വണ്ടിയിലേക്ക് വലിച്ചു കയറ്റി. പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പടെ  ഈ പൊലീസ് ഭീകരത അനുഭവിച്ച ഏതാനും മണിക്കൂറിനാണ് പിന്നീട് ചൂണ്ടിക്കവല സാക്ഷ്യംവഹിച്ചത്. റോഡില്‍ കണ്ടവരെ നിങ്ങൾക്കെന്താ ഈ നാട്ടിൽ കാര്യം എന്ന് ചോദിച്ച്   അറസ്റ്റ് ചെയ്തു. റോഡിൽ നടന്ന അറസ്റ്റിന് ശേഷം അടുത്തുള്ള കടകളില്‍ വരെ കയറി ‘വരത്തന്‍മാരെ’ തേടുകയായിരുന്നു പൊലീസ്. അതിന് അകമ്പടിയായി തുടക്കം മുതല്‍ പ്രകോപനം സൃഷ്ടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൈയടിക്കുകയും അറസ്റ്റ് ചെയ്യുന്നവരെ കൂക്കി വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചിലരെ പിടിച്ചു പൊലീസിന് ഏല്‍പ്പിക്കുന്ന ചുമതലയും സംഘപരിവാര്‍ ഏറ്റെടുത്തു.

മാധ്യമപ്രവർത്തകർക്ക്  നേരെയുണ്ടായ അതിക്രമം

തുടര്‍ന്ന് പൊലീസ് നടപടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ദലിതർക്കെതിരെ സംഘടിച്ചതെത്തിയ സംഘപരിവാര്‍ സംഘം  ഭീഷണി മുഴക്കി തുടങ്ങി. ആസൂത്രിതമായിരുന്നു ഓരോ പിന്നീട് അരങ്ങേറിയ ഓരോ ആക്രമണവും. ആദ്യം ഭീഷണി വന്നത് മീഡിയാ വണ്‍  ചാനലിനായിരുന്നു. സ്ഥലത്തുവച്ച് ലൈവ്  റിപ്പോർട്ട് പാടില്ല എന്നായിരുന്നു ചാനലിന് ലഭിച്ച   അക്രമി സംഘത്തിന്രെ  തിട്ടൂരം. മാധ്യമപ്രവര്‍ത്തകരുമായി അവർ ആക്രോശിച്ച് തുടങ്ങിയപ്പോൾ  നിയമപാലനത്തിന് നിയോഗിക്കപ്പെട്ട  സിഐ സാജന്‍ സേവ്യറും   അക്രമി സംഘത്തെ പിന്തുണച്ച്  അതേ  ആവശ്യം ആവര്‍ത്തിച്ചു.

വാര്‍ത്താ വെബ്സൈറ്റായ സൗത്ത് ലൈവിന്‍റെ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന   സംഘപരിവാർ പ്രവര്‍ത്തകന്‍

തൊട്ടുപിന്നാലെ ‘താടിവെച്ചു’ എന്നാരോപിച്ച് സൗത്ത് ലൈവിന്‍റെ റിപ്പോര്‍ട്ടര്‍, തേജസ് ദിനപത്രത്തിന്‍റെ ഫൊട്ടോഗ്രാഫര്‍ എന്നിവരെ ആസൂത്രിതമായി ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍  ഫോണില്‍ വീഡിയോ എടുക്കുകയായിരുന്ന എന്നെയും കൈയ്യേറ്റം ചെയ്തു. ആക്രമികളായ സംഘപരിവാറുകാരെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യമായി ഞങ്ങള്‍ സിഐ സാജന്‍ സേവ്യറെ സമീപിച്ചു. “അവര്‍ക്കെതിരെ പരാതി തരൂ ഞാന്‍ കേസെടുക്കാം,” എന്നായിരുന്നു അതിനോട് സിഐയുടെ പ്രതികരണം. “പ്രശ്നം നടക്കും എന്നാണ് എങ്കില്‍ ഇരുസംഘങ്ങളേയും അറസ്റ്റ് ചെയ്തു നീക്കുന്നതല്ലെ ന്യായം, തുടക്കം മുതല്‍ പ്രകോപനപരമായി പെരുമാറുന്നത് സംഘപരിവാറുകാര്‍ അല്ലേ എന്നുള്ള ചോദ്യത്തിന് “അവര്‍ പ്രദേശവാസികളാണ്. അവരെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല” എന്നായിരുന്നു സിഐ മറുപടി.

വാര്‍ത്ത ഷൂട്ട്‌ ചെയ്യുകയായിരുന്ന എനിക്കുണ്ടായ അനുഭവം

മാധ്യമപ്രവര്‍ത്തകരെ മാവോയിസ്റ്റ് എന്ന് ആരോപിച്ച് അക്രമി സംഘത്തിനൊപ്പം   പൊലീസും ചേരുകയായിരുന്നു പിന്നീട്. പൊലീസും സ്പെഷ്യല്‍ ബ്രാഞ്ച് എന്ന് അവകാശപ്പെട്ട ചിലരും  ചേര്‍ന്ന് അവിടെയുണ്ടായിരുന്ന പല മാധ്യമപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കുറിച്ചെടുക്കുകയും  ഐഡി കാര്‍ഡ് പരിശോധിക്കുകയും ചെയ്തു. രൂപം വസ്ത്രധാരണം ഇവയൊക്കെ  മാധ്യമ പ്രവർത്തകരെ പൊലീസിൻെറ നോട്ടപുളളികളാക്കി.  ഡൂള്‍ ന്യൂസിന്‍റെ മാധ്യമപ്രവര്‍ത്തകയെ ചോദ്യംചെയ്ത സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ഒഫീസ് ഐഡിയില്‍ തൃപ്തി വന്നില്ല. ‘അങ്ങനെയൊരു കാര്‍ഡ് ആര്‍ക്കും അടിച്ചിറക്കാം’ എന്ന് പറഞ്ഞ പൊലീസുകാരന്‍ മറ്റ് എന്തെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുവാനും ആവശ്യപ്പെട്ടു. വയനാട് മാനന്തവാടിക്കാരിയായ മാധ്യമപ്രവര്‍ത്തകയ്ക്ക് പക്കലുണ്ടായിരുന്ന ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞത്. “മാനന്തവാടിക്കാരിയാണ്  എങ്കില്‍ ശ്രദ്ധിക്കണം” എന്നാണ്. ശേഷം അവരെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് വണ്ടിയില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഏതാണ്ട് ഒരുമണിയോടെയാണ് ചൂണ്ടിക്കവലയില്‍ നാട്ടുകാരോ പൊലീസിന് ‘ബോധ്യപ്പെട്ട’ മാധ്യമപ്രവര്‍ത്തകരും അല്ലാത്ത ആരുമില്ല എന്ന് ഉറപ്പിച്ച ശേഷമാണ് പൊലീസ് സ്ഥലമൊഴിയുന്നത്. പൊലീസിന് കരഘോഷം മുഴക്കുകയും മാധ്യമങ്ങളെ മര്‍ദ്ദിക്കുകയും ചെയ്ത നാല്‍പതോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിജയാഘോഷത്തിനും പൊലീസ് അകമ്പടിയുണ്ടായിരുന്നു.

സ്റ്റേഷനില്‍ നടന്നത് 

പുത്തന്‍കുരിശ്, രാമങ്കലം, മുളന്തുരുത്തി എന്നീ മൂന്ന് സ്റ്റേഷനുകളിലായാണ് ദലിത് കണ്‍വെന്‍ഷന്‍കാരെ കൊണ്ടുപോയത്. പൊലീസ് വണ്ടിക്ക് പിന്നാലെ പോയവർ  കാണുന്നത് അറസ്റ്റ് ചെയ്ത  ഡോ. പി ജി  ഹരിയെ സ്റ്റേഷനില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗമാണ്.  അറസ്റ്റ് ചെയ്ത സ്ത്രീകളോട് സ്റ്റേഷനിൽ വച്ച് പൊലീസ് അപമര്യയാദയായി  പെരുമാറിയതിനെതിരെ   പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഹരിയെ മറ്റൊരു സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണ് എന്നാണ് ലഭിച്ച വിശദീകരണം. പൊലീസ് അറസ്റ്റിനിടയില്‍ കൈക്കുഴ തെറ്റിയ പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ചികിത്സ ആവശ്യപ്പെട്ടുവെങ്കിലും പൊലീസ് ആദ്യം അത് നിഷേധിച്ചു. അറസ്റ്റുവരിച്ചവരുടെ പ്രതിഷേധം തുടര്‍ന്നപ്പോള്‍ മാത്രമാണ് പൊലീസ് അവര്‍ക്ക് ചികിത്സ നല്‍കാന്‍ തയ്യാറായത്. അറസ്റ്റിലായവരെ സ്റ്റേഷനുള്ളില്‍ വച്ച് ജാതീയമായി ആക്ഷേപിച്ചു എന്നും ആരോപണമുണ്ട്. ” ദൂരെ മാറിനില്‍ക്ക്, നിന്‍റെ ശരീരത്തിന് എന്ത് നാറ്റമാണ്.” എന്നും ” നിന്‍റെ ചരിത്രം എന്നെക്കൊണ്ട് ഇവിടെ വിളമ്പിക്കരുത്” എന്നൊക്കെയായിരുന്നു  പൊലീസിൻെറ അധിക്ഷേപങ്ങൾ ഉയർന്നത്.

പുത്തന്‍ കുരിശ് സ്റ്റേഷനിലെ ഒരു മണിക്കൂര്‍

ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതിരിക്കുകയും ദലിത് കണ്‍വെന്‍ഷന്‍ പ്രതിനിധികളെ അറസ്റ്റു ചെയ്യുകയും ചെയ്ത പൊലീസ് നടപടിയും സ്റ്റേഷനിലും പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചു. അറസ്റ്റിലായ നൂറോളംപേരെയാണ് പുത്തന്‍കുരിശ് സ്റ്റേഷന്‍റെ ഗ്രില്ലിനകത്തടച്ചിട്ടിരുന്നത്. അതിന് പുറത്തു നിന്നുകൊണ്ട് അവരോട് സംസാരിച്ചതിനും ഉള്ളില്‍ നടക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചതിനും മാധ്യമങ്ങള്‍ക്ക് നേരെ വീണ്ടും പൊലീസ് ഭീഷണി ഉയര്‍ന്നു.

” താന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സല്ലേ, എനിക്കവിടെ പലരെയും അറിയാം. നാരായണ മൂര്‍ത്തിയോട് ഞാന്‍ പറയുന്നുണ്ട്” ഗ്രില്ലിന് അകത്ത് അടച്ചിട്ടിരുന്നവരോട്   സംസാരിച്ച്  റിപ്പോർട്ട് തയ്യാറാക്കാൻ ശ്രമിച്ച  എന്നോട് സിഐ സാജന്‍ സേവ്യര്‍ പറഞ്ഞത്.

പൊലീസ് പീഡനത്തെക്കുറിച്ച് ജെന്നി സംസാരിക്കുന്നു

രണ്ടുമണിയോട് കൂടി പൊലീസ് ഓരോരുത്തരെയായി സ്വന്തം ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഘപരിവാറിന് വഴങ്ങി പ്രവര്‍ത്തിക്കുകയാണ് പൊലീസ് എന്നാരോപിച്ചുകൊണ്ട് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം അരങ്ങേറുകയും ഉണ്ടായി. ബിഎസ്‌പി അടക്കം വരുന്ന മറ്റ് ചില ദലിത്- ബഹുജന്‍ സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുകയും പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്തു. നാല് മണിയോടുകൂടി ചൂണ്ടിക്കവലയില്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെതന്നെ ദലിത് ആത്മാഭിമാന കണ്‍വെന്‍ഷനും നടന്നു. കാലത്ത് പൊലീസും സംഘപരിവാറും തടഞ്ഞ  അതേ സ്ഥലത്ത് കണ്‍വെന്‍ഷന്‍ നടന്നു. ഒരു സംഘർഷവും ഉണ്ടായില്ല. രാവിലെ മുതൽ വന്നവർക്കൊപ്പം സംഘടനാ ശക്തിയുളള സംഘടനകൾ കൂടെ എത്തിയപ്പോൾ സംഘപരിവാർ മുദ്രാവാക്യങ്ങൾ മുഴങ്ങിയില്ല. ആരെയും ആ പ്രദേശത്ത് കണ്ടതുമില്ല. പൊലീസുകാരിൽ നിന്ന് വന്നവരോട്  എവിടുത്തുകാരാണ് എന്ന് ചോദ്യം  ഉണ്ടായില്ല. രാവിലെ സമാധാനപരമായി നടക്കുമായിരുന്ന യോഗമാണ് ഇത്തരം ബഹളങ്ങൾക്ക് ശേഷം വൈകുന്നേരം സമാധപരമായി നടന്നത്.

 

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Vadayambady dalit atmabhimana convention february 4th police atrocities sangh nss parivar dalit activists