ഇറാന്റെ പ്രമുഖ സൈനിക മേധാവി ആയിരുന്ന മേജര്‍ ജനറല്‍ ഖാസി സുലൈമാനിയെ അമേരിക്ക ആസൂത്രിതമായ സൈനിക നീക്കത്തിലൂടെ വധിച്ചതിനെത്തുടര്ന്ന് ഇറാനിലുണ്ടായ വൈകാരികാന്തരീക്ഷത്തെ ശമിപ്പിക്കാനായി ആയത്തുള്ള ഖമേനി നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് അമേരിക്കയെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെ ഇറാന് വലിയൊരു ആക്രമണം നടത്തുകയാണെങ്കില്‍ അതൊരു യുദ്ധമായി മാറാനുള്ള സാധ്യതയെക്കുറിച്ചാണ് ലോകം ആകുലപ്പെട്ടത്. ഇറാഖിലെ ചില സൈനികത്താവളങ്ങളില്‍ ആള്‍നാശമില്ലാത്ത ചില ആക്രമണങ്ങളില്‍ ഇറാന്റെ പ്രതികാരം പരിമിതപ്പെടുത്തിയതോടെ യുദ്ധാന്തരീക്ഷം താല്ക്കാ
ലികമായിട്ടാണെങ്കിലും നീങ്ങിയെന്ന് ലോകം ആശ്വസിച്ചത് അസ്ഥാനത്തായോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമാണ് ദിനംപ്രതി രൂപം കൊണ്ടു വരുന്നത്.
സുലൈമാനി വധിക്കപ്പെട്ട് ആറാം ദിവസം ഇറാനിലെ ടെഹ്റാന് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന 176 യാത്രക്കാരുള്ള യുക്രെയ്ന് വിമാനം മിസൈല്‍ ആക്രമണത്തിലെന്ന പോലെ തകര്‍ന്നു കത്തിവീഴുകയും യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെടുകയുമുണ്ടായി. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞു കൈകഴുകാനാണ് ഇറാന് സൈനികമേധാവികളും ഭരണകൂടവും ആദ്യഘട്ടത്തിൽ ശ്രമിച്ചത്. പക്ഷേ ഓരോ ദിവസം പിന്നിടും തോറും മൂടിവയ്ക്കപ്പെട്ട വസ്തുതകള്‍ പുറത്തുവരുകയും വിമാനദുരന്തം സംഭവിച്ചത് തങ്ങളുടെ ചില ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പിഴവ് മൂലമാണെന്ന് സമ്മതിക്കാന്‍ ഇറാന് നേതൃത്വം നിര്‍ബന്ധിതമാകുകയും ചെയ്തു. സ്വാഭാവികമായും ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇറാന് അല്പം പിന്നോട്ടടിക്കുമെന്നാണ് ആരും കരുതുക. പക്ഷേ ഇറാഖലെ അമേരിക്കന്‍ സൈനികത്താവളത്തിനുനേരെ ഇറാന് വീണ്ടും പുതിയ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം ലഭ്യമായത്.
വിമാനാപകടത്തില്‍ കൊല്ലപ്പെടാനിടയായ സാധാരണ മനുഷ്യരോടുള്ള അനുഭാവ സൂചകമായി ഇറാന് തെരുവുകളില്‍ ആരംഭിച്ച ബഹുജന പ്രകടനങ്ങള്‍ ഖമേനി രാജി വ /യ്ക്കണമെന്ന് വരെ ആവശ്യപ്പെടുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന വലിയൊരു ജനമുന്നേറ്റമായി വളരുന്ന കാഴ്ചയാണിപ്പോൾ. മതമേധാവികള്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം ഇറാനില്‍ ഇതുപോലൊരു ബഹുജന മുന്നേറ്റമുണ്ടായിട്ടില്ല. മതഫാസിസ്റ്റ് ഭരണത്തിനെതിരായി ജനങ്ങള്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രതിഷേധ വികാരങ്ങളാണ് ഇപ്പോള്‍ അണപൊട്ടിയൊഴുകുന്നതെന്നു കാണാവുന്നതേയുള്ളൂ. ഇത് സൃഷ്ടിക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പ്രവചിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. കാത്തിരുന്നു കാണുകയെ നിര്‍വാഹമുള്ളൂ.
പശ്ചിമേഷ്യയിലെ സംഘർഷം ലോകയുദ്ധമായൊന്നും വളരുകയില്ലെങ്കിലും ലോക സമ്പദ്ഘടനയെ അത് ഗണ്യമായി ബാധിക്കുമെന്നത് ഉറപ്പാണ്. യൂറോപ്പിനെ ഏഷ്യന്‍, കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന നിർണായകമായ ഇടനാഴിയാണ് ഈ മേഖല. എണ്ണവിപണിയുടെ കേന്ദ്രമാണ് ഈ പ്രദേശമെന്നതും ഗൗരവമേറിയ വിഷയമാണ്. ഇതു കൊണ്ടെല്ലാമാണ് ഈ മേഖല സംഘര്‍ഷഭരിതമായാല്‍ അത് ലോക വ്യാപാരത്തെതന്നെ ഗുരുതരമായി ബാധിക്കുമെന്ന് പറയുന്നത്. സുലൈമാനി വധത്തെത്തുടര്‍ന്ന് ആരംഭത്തിലുണ്ടായ സംഘര്‍ഷാവസ്ഥ ലോകസമൂഹത്തെ മുഴുവന്‍ ഉത്കണ്ഠാകുലരാക്കിയതും ഇതുകൊണ്ടുതന്നെ.
യു.എസ്-ഇറാന് ബന്ധത്തിന് വലിയൊരു ചരിത്രമുണ്ട്. 1979-ല്‍ ഇസ്ലാമിക വിപ്ലവം നടക്കുന്നതിനു മുന്‍പ് ഇറാന് ഭരിച്ചിരുന്ന ഷാ പാശ്ചാത്യ അധികാരി വര്‍ഗവുമായി നല്ല ബന്ധത്തിലായിരുന്നു. പാശ്ചാത്യ സംസ്കാരത്തോട് അഭിനിവേശം പുലര്‍ത്തിയിരുന്ന ഷായുടെ ഭരണകാലത്ത് മിനി സ്കർട്ടിട്ട യുവതികളെ ഇറാന് തെരുവുകളിലെങ്ങും കാണാമായിരുന്നു. നഗരങ്ങളില്‍ പൊതുവില്‍ പാശ്ചാത്യസംസ്കാരം അനുകരിക്കപ്പെടുന്നത് സാധാരണമായിരുന്നു. എന്നാല്‍ വിപ്ലവത്തെത്തുടര്‍ന്ന് ഇസ്ലാമിക മതമേധാവികളുടെ കയ്യില്‍ അധികാരമെത്തിയതോടെ അന്തരീക്ഷമാകെ മാറിമറിഞ്ഞു. യാഥാസ്ഥിതിക സമ്പ്രദായങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. കമ്യൂണിസ്റ്റുകാർ വേട്ടയാടപ്പെട്ടു. ചിലര്‍ വധിക്കപ്പെട്ടു. മറ്റു പലരും ജയിലിലുമായി. പുരോഗമനവാദികളും ജനാധിപത്യ വിശ്വാസികളുമെല്ലാം പല രീതിയില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലും വലിയ പൊളിച്ചെഴുത്ത് സംഭവിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായിട്ടാണ് ഇറാന് ഏറ്റവുമധികം അകന്നത്. കുറച്ചു കാലത്തേക്ക് അമേരിക്ക ഇറാന്റെ മുഖ്യ ശത്രുപോലുമായിരുന്നു. പാശ്ചാത്യ അധികാരി വര്‍ഗവുമായി ഇറാനിലെ അധികാരികള്‍ ഗണ്യമായി അകന്നുപോയി.
ഈ അവസ്ഥക്ക് കാര്യമായ മാറ്റമുണ്ടാകുന്നത് അമേരിക്കന്‍ പ്രസിഡന്റായി ഒബാമ അധികാരത്തിലെത്തിയപ്പോഴാണ്. ഒബാമയുടെ മുന്‍കയ്യില്‍ യു.എസ്-ഇറാന് ആണവകരാര്‍ 2015-ല്‍ ഒപ്പുവയ്ക്കുകയുണ്ടായി. അതുപ്രകാരം ഇറാന് സ്വന്തം നിലയ്ക്ക് അണുവായുധങ്ങള്‍ നിര്‍മിക്കുന്നത് തടഞ്ഞിരുന്നു. അതിനു പകരമായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനെതിരായി നിലനിര്‍ത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ക്ക് അയവ് വരുത്തുകയാണുണ്ടായത്. ഏറെക്കുറെ സാധാരണനിലയിലുള്ള സാമ്പത്തികബന്ധങ്ങള്‍, പൂര്‍ണതോതിലല്ലെങ്കിലും നിലവില്‍ വരുകയും ചെയ്തു.
അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള നയതന്ത്ര ബന്ധം ഉണ്ടായിരുന്നില്ല. മറ്റു രാജ്യങ്ങളെ മധ്യസ്ഥരാക്കി നിര്‍ത്തിയാണ് രണ്ടു രാജ്യങ്ങളും തമ്മില്‍ നയതന്ത്രപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഒബാമയുടെ കാലത്ത് ആ അവസ്ഥയ്ക്കും കാര്യമായ മാറ്റമുണ്ടായി.
ട്രംപ് അധികാരമേറ്റതോടെ ഈ അവസ്ഥക്ക് മാറ്റം വരാന്‍ തുടങ്ങി. ആണവകരാറില്‍ നിന്ന് 2016-ല്‍ അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങി. ഇറാനെതിരായ പ്രഖ്യാപനങ്ങളും കരുനീക്കങ്ങളും പതിവായി. 2018 മുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമായ രീതിയില്‍ പുനസ്ഥാപിക്കപ്പെട്ടു. ട്രംപ് ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരുന്ന കരുനീക്കങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ നടന്ന സുലൈമാനി വധവും.
ട്രംപ് തന്റെ ശൈലി ഈ രീതിയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് യുദ്ധസംബന്ധമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രസിഡന്റിന്റെ അധികാരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന നിയമം അമേരിക്കന്‍ പാര്‍ലമെന്റ് പാസാക്കിയത്. ട്രംപിനെപ്പോലുള്ള ഒരു പ്രസിഡന്റിനെ കയറൂരി വിട്ടാലുള്ള അപകടം ബോധ്യപ്പെട്ടതിന്റെ പ്രതിഫലനം കൂടിയാവാം ഇത്. അമേരിക്കന്‍ പ്രസിഡന്റിനു നിലവിലുള്ള അമിതാധികാരത്തില്‍ ചെറുതെങ്കിലുമായ നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നത് നല്ല കാര്യം തന്നെയാണ്. ലോകരാഷ്ട്രീയാന്തരീക്ഷത്തിനു അത് ഏതായാലും ഗുണമല്ലാതെ ദോഷമൊന്നും ചെയ്യില്ല.
യുക്രെയ്ന് വിമാനം വെടിവച്ചിട്ട സംഭവത്തിൽ തെറ്റ് ഏറ്റുപറയാന്‍ വൈകിയതിനെതിരെ വൻ ജനകീയ പ്രക്ഷോഭമാണ് ഇറാനിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും സർക്കാരിനുമെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തിൽ വിമാനദുരന്തത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരിൽ ചിലരെ അറസ്റ്റ് ചെയ്യാനും വിഷയം അന്വേഷിക്കാൻ പ്രത്യേക കോടതി സ്ഥാപിക്കാനും ഇറാൻ നിർബന്ധിതമായി. അതേസമയം, ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ ഭരണകൂടം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് അന്തരീക്ഷം നിയന്ത്രണാതീതമാവുന്നതിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാണ്. ഈ സംഭവ വികാസങ്ങള്‍ ഇറാന്റെ ഭാവിയെ എങ്ങിനെ ബാധിക്കാന്‍ പോകുന്നുവെന്ന് കാണാനിരിക്കുന്നതേയുള്ളൂ.