അയോധ്യയിലേയ്ക്ക് ഇനി എത്ര ദൂരം, ഉത്തർപ്രദേശിലെ വിധി ചരിത്രം തിരുത്തുമോ?

ഉത്തർപ്രദേശിൽ കിട്ടിയ വൻ വിജയം, ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും നിർത്താതെ നേടിയ വിജയം. കേന്ദ്രത്തിലും സംസ്ഥാനത്തും ഭൂരിപക്ഷമുളള ബി ജെ പി അയോദ്ധ്യയും സംവരണ വിരുദ്ധ അജണ്ടയും പുറത്തെടുക്കമോ?

ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പുകളുടെ ഫലമാണ് കഴിഞ്ഞത്. അധികം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മണിപ്പൂരിൽ നിന്നുമാത്രമാണ് കുറച്ചുപേരെയെങ്കിലും ഞെട്ടിക്കുന്ന വാർത്തൾ വന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയനീക്കങ്ങൾ ശ്രദ്ധിച്ചവർക്ക് അതിൽ വലിയ അത്ഭുതങ്ങളൊന്നും ഉണ്ടാകാനിടിയില്ല. എന്നാൽ ഈ തിരഞ്ഞെടുപ്പ് ഫലം മൂന്ന് കാര്യങ്ങളാണ് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നത്. ഒന്ന് വികസനത്തിന്റെ പേരിൽ നടപ്പാക്കുന്ന നയങ്ങളും അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളും. രണ്ടാമത്തേത് ​അയോധ്യയിലേയ്ക്ക് ഇനി എത്ര ദൂരം എന്നതാണ്. മൂന്നാമത്തേത് സംവരണ വിരുദ്ധ നിലപാട് എത്രത്തോളം മുന്നോട്ട് കൊണ്ടുപോകും എന്നതാണ്. നിലവിൽ തന്നെ വിഭാഗീയതുടെ വേരുകൾ പടർന്നിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ അതെത്രത്തോളം വളരും എന്ന് മാത്രമാണ് പുതിയ തിരഞ്ഞെടുപ്പ് സൂചകങ്ങൾ പകരുന്ന ഭയം.

ഭരണവിരുദ്ധ തരംഗവും എല്ലാ സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ഒപ്പം മുന്നണി സംവിധാനങ്ങളിലെയും പാർട്ടികളിലെയും ഉൾപ്പോരുകളും ഫലത്തെ കയറിയും ഇറങ്ങിയും സ്വാധിനിച്ചിട്ടുണ്ട്. പഞ്ചാബിൽ അകാലിദൾ -ബിജെപി സഖ്യം തോറ്റമ്പി മൂന്നാം സ്ഥാനത്തേയ്ക്കുപോയി. അതു തിരിച്ച് ബിജെപിക്ക് അനുകൂലമായ കുറച്ചുകൂടെ ശക്തമായി ഉത്തർപ്രദേശിൽ അരങ്ങേറി. ഉത്തരാഖണ്ഡിലും കോൺഗ്രസ് ഭരണത്തോട് അതിശക്തമായ ഭരണവിരുദ്ധവികാരം പടർന്നു. ഗോവയിലും മണിപ്പൂരിലും ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ പ്രതിപക്ഷത്തിന് കാര്യമായി സാധിച്ചില്ലെന്നതാണ് അവിടെ ഇഞ്ചോടിഞ്ച് ​എന്ന അവസ്ഥ സംജാതമായത്. മോദി തരംഗമോ കേന്ദ്രഭരണത്തോടുളള ഐക്യമോ ആയിരുന്നുവെങ്കിൽ അത് എല്ലായിടത്തും ഒരുപോലെ സംഭവിക്കേണ്ടതല്ലേ. കേരളത്തെ ഉദാഹരണമായി കണ്ടാൽ യുഡിഎഫിനെ മടുക്കുമ്പോൾ മറ്റൊരാളില്ലാത്തതിനാൽ എൽഡിഎഫും എൽഡിഎഫിനെ മടുക്കുമ്പോൾ യുഡിഎഫും എന്നുവരുന്നത്. ആ വിരുദ്ധ വികാരം മുതലെടുക്കാൻ നിലവിലുളള സംവിധാനങ്ങൾ ഇല്ലാത്തുതകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതു മാത്രമാണ് ഇത്തവണ അഞ്ച് സംസ്ഥാനങ്ങളിലും സംഭവിച്ചത്. അതിൽ കൂടുതൽ വലുതൊന്നും ഉണ്ടായിട്ടില്ല.

എല്ലാ സംസ്ഥാനങ്ങളിലും അരങ്ങേറിയതും വിഭാഗീയതയുടെ ഏകോപനങ്ങളായിരുന്നുവെന്ന് തിരിച്ചറിയാൻ സൂക്ഷ്മമായ രാഷ്ട്രീയബോധം പോലും ആവശ്യമില്ല. ഓരോടിയത്തും അരങ്ങേറിയ പ്രചാരണങ്ങളിലൂടെ കണ്ണോടിച്ചാൽ മാത്രം മതിയാകും. നോട്ട് ബന്ദിയിൽ നിന്നും റംസാനും ദീപാവലിയും തമ്മിലുളള, ഖബറടക്കവും ശവസംസ്കാരവും തമ്മിലുളള താരതമ്യങ്ങൾ ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കുന്നതിന്റെ മനസിലിരിപ്പ് അറിയാൻ പാഴൂർ പടിപ്പുര വരെ പോകണ്ടതില്ല.​ അതിന്റെ ലക്ഷ്യങ്ങളിലുടെയും ഫലങ്ങളിലൂടെയും കടന്നുപോയാൽ മാത്രം മതിയാകും.

ഒരു കാലത്ത് മായവതിയും കൻഷിറാമും പരീക്ഷിച്ച് വിജയിച്ച സോഷ്യൽ എൻജിനിയറിങിന്റെ മറ്റൊരു പാഠമാണ് മോദിയും അമിത് ഷായും ഉത്തർപ്രദേശിൽ സ്വീകരിച്ചത്. അത് വിജയം കാണുകയും ചെയ്തു. നിലനിന്ന ഭരണവിരുദ്ധ വികാരത്തിനു മേൽ സവർണ വോട്ടുകൾക്കു പുറമെ വിവിധ പിന്നാക്ക വിഭാഗങ്ങളെ ഒന്നിപ്പിച്ച് തങ്ങൾക്കൊപ്പം ചേർക്കാനുളള ബിജെപിയുടെ ശ്രമം ഒരു പരിധിവരെ വിജയം കണ്ടു എന്നതാണ് യുപിയിലെ പടുകൂറ്റൻ വിജയത്തിന് പിന്നില്ലെന്ന് ഉറപ്പിക്കാം. യാദവവരല്ലാത്ത പിന്നാക്ക വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിലും മറുവശത്തേ്യ്കു പോകുന്ന വോട്ട് ബാങ്ക് ഭിന്നിപ്പിക്കുന്നതിലും ഒരു പോലെ വിജയം കണ്ട തന്ത്രം. കല്യാൺ സിങ്ങിന് ശേഷം യാദവരല്ലാത്ത പിന്നാക്ക വിഭാഗത്തിൽ നിന്നും സംസ്ഥാന പ്രസിഡന്റായി എത്തിയ കേശവ് പ്രസാദ് മൗര്യ ഈ ഏകോപനത്തിൽ നിർണായക റോൾ വഹിച്ചു. ആർഎസ്എസ് പ്രവർത്തകനായി രംഗത്ത് വന്ന അദ്ദേഹം രാമജന്മഭൂമി വിഷയത്തിൽ സജീവമായിരുന്നു. സംഘപരിവാർ സംഘടനകളുടെ സജീവ പ്രവർത്തനായിരുന്ന കേശവ് പ്രസാദ് ഇപ്പോൾ എംപിയാണ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന പ്രധാന പേരും കേശവ് പ്രസാദ് മൗര്യയുടേതാണ് എന്നതും ശ്രദ്ധേയമാണ്. കേരളത്തിലും ബിജെപി നടത്തിയ ഇതേ നീക്കം അവരുടെ വോട്ട് വർദ്ധിപ്പിക്കാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഹായകമായി എന്നു കാണാം. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി പിന്നിൽ നിന്നും സംഘടിപ്പിച്ച “ഹിന്ദു ഐക്യ” വോട്ടുകൂട്ടം ഒരുപരിധിവരെ ബിജെപിയെ കേരളത്തിൽ സഹായിച്ചു. ഇതിന് പുറമെ കേരളത്തിലെ സ്ഥിരം മുന്നണി സംവിധാനത്തോട് എതിർപ്പുളള വോട്ടുകളും അവർക്ക് ലഭിച്ചു. അതിനെ കുറച്ചു കൂടെ വിപുലവും സംഘടിതവുമാക്കിയാണ് യുപിയിൽ അവർ നടപ്പാക്കിയത്.

യുപിയിൽ ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളും നടന്നത് മുസ്‌ലിം ഭൂരിപക്ഷമുളള പ്രദേശങ്ങളിലായിരുന്നു. അവിടെ വികസനത്തിന്റെ രാഷ്ട്രീയമാണ് പ്രാചരണ മുദ്രാവാക്യമായിരുന്നതെങ്കിൽ പിന്നീടുളള തിരഞ്ഞെടുപ്പുഘട്ടങ്ങളിൽ വർഗീയതയുടെ വിപണനമാണ് നടന്നത്. വിവിധ പിന്നാക്ക വിഭാഗങ്ങളെ ഒപ്പം കൂട്ടുകയും ഹിന്ദു ഐക്യം എന്ന സങ്കൽപ്പത്തിലേയ്ക് അവരെ നയിക്കുകയും ചെയ്തു. ആ വോട്ടുകൂട്ടം ഉത്തർപ്രദേശിൽ ബിജെപിയെ ജയിപ്പിച്ചത്. എന്നാൽ ഉത്തരാഖണ്ഡിൽ തികഞ്ഞ ഭരണവിരുദ്ധ വികാരം തന്നെയായിരുന്നു ബിജെപിയുടെ ഏറ്റവും വലിയ അനുകൂല ഘടകമായി മാറിയത്.

മണിപ്പൂരിലും ഗോത്രവർഗങ്ങൾക്കിടയിലേയ്ക്ക് ബിജെപി തന്ത്രം പയറ്റികയറുമ്പോൾ അസ്സം അനുഭവമുളള കോൺഗ്രസും മറ്റ് ചെറുകക്ഷികളും നോക്കി നിൽക്കുകയായിരുന്നു. എന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരാൻ ഭരണകക്ഷിയായ കോൺഗ്രസിന് മണിപ്പൂരിൽ സാധിച്ചു. ഗോവയിൽ ഭരണത്തിലുണ്ടായിരുന്ന ബിജെപിയെ രണ്ടാംസ്ഥാനത്തേയ്ക്കു തളളി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് മാറി. പഞ്ചാബിൽ കോൺഗ്രസ് വ്യക്തമായ മുൻതൂക്കം നേടിയപ്പോൾ ആദ്യമായി കളത്തിലിറങ്ങിയ ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്ത് എത്തി. ഭരണത്തിലിരുന്ന അകാലി ദൾ- ബിജെപി സഖ്യം മൂന്നാം സ്ഥാനത്തേയ്ക് പിന്തളളപ്പെട്ടു. ഇത് കാണിക്കുന്നത് മോദി പ്രഭാവമോ കേന്ദ്രഭരണാനുകൂല വികാരമോ ആണ് തിരഞ്ഞെടുപ്പ് ഫലം എന്നല്ല. മറിച്ച് പ്രാദേശികമായ പ്രശ്നങ്ങളും അവിടെ രൂപം കൊണ്ട വിഭാഗീയതകളുമാണ് എന്നതുമാത്രമാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ രണ്ടിൽ വിജയം കണ്ട ബിജെപി മണിപ്പൂരും ഗോവയും രണ്ടാംകക്ഷിയാണെങ്കിലും തങ്ങളായിരിക്കും ഭരിക്കുകയെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ജനാധിപത്യത്തിനെതിരായ കുതിരക്കച്ചവടമായിരിക്കും ഇനി ഈ രണ്ട് സംസ്ഥാനങ്ങളിലും അരങ്ങേറുകയെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രഖ്യാപനം.
bjp, narendra modi

ഉത്തർപ്രദേശിലെ വൻജയവും കേന്ദ്രഭരണവും കൈവശമുളള​ ബിജെപിയും സംഘപരിവാറും ഇനി കണ്ണ് വെയ്ക്കുന്നത് രണ്ട് സീറ്റിൽ നിന്നും തങ്ങളെ അധികാരത്തിലെത്തിച്ച രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനാവുമോ?. മണ്ഡൽ വിരുദ്ധ​രാഷ്ട്രീയവും അയോദ്ധ്യയുമാണ് രണ്ട് സീറ്റിൽ മാത്രം ഒതുങ്ങിയിരുന്ന ബിജെപിയെ ഇന്ത്യയുടെ രാഷ്ട്രീയ മുഖ്യധാരയിലേയ്ക്കു കൊണ്ടുവന്ന രണ്ട് വിഷയങ്ങൾ. സംവരണം സംബന്ധിച്ചും ബാബ്റി മസ്ജിദ് തകർത്തതിന് 25 വർഷം പൂർത്തിയാകുമ്പോൾ ഈ അജണ്ട വീണ്ടും നടപ്പാക്കാൻ ബിജെപി ഇറങ്ങാനുളള സാധ്യത പൂർണമായും ആരും തളളിക്കളയുന്നില്ല. ഉത്തർപ്രദേശിൽ ഒരു മുസ്‌ലിമിനെ പോലും സ്ഥാനാർത്ഥിയാക്കാതെ ഇത്രവലിയ വിജയം നേടിയത്. അതുതന്നൊയാണ് ഈ സാധ്യത തളളിക്കളയാൻ പലരും തയാറാകാതിരിക്കുന്നത്. 90കൾ മുതൽ ബാബറി മസ്ജിദ്, സംവരണ വിരുദ്ധതയും ഉയർത്തി വിഭാഗീയത സൃഷ്ടിച്ച് വോട്ട് ബാങ്ക് രൂപപ്പെടുത്തിയെടുത്ത ബിജെപിയും സംഘപരിവാർ സംഘടനകളും അതേ വഴി തന്നെയാണ് തുടർന്നത്.

എല്ലാ തിരഞ്ഞെടുപ്പുകൾ വരുമ്പോഴും അയോധ്യ വിഷയം ഉയർത്തി തിരഞ്ഞെടുപ്പിലേയ്ക്ക് ഇറങ്ങുന്നത് പുതുമ ഇല്ലാത്ത കാഴ്ചയായി മാറിയിരുന്നു. ബിജെപി അധികാരത്തിൽ വന്ന കാലത്ത് ഒറ്റയ്ക്കായിരുന്നില്ലെന്നത് അവരെ ഈ അജണ്ട നടപ്പാക്കാൻ തടസ്സപ്പെടുത്തിയിരുന്നു. ഇനി രാജ്യസഭയിലെ ഭൂരിപക്ഷം കൂടി നേടിയെടുക്കുന്നതു വരെ കാത്തിരുന്നാൽ മാത്രം മതി. അവരുടെ അജണ്ടകൾ നടപ്പാക്കാൻ. അയോധ്യയും സംവരണവിരുദ്ധ നിലപാടുകളും എത്രത്തോളം മുന്നോട്ട് എത്രവേഗം കൊണ്ടുപോകും എന്നതാണ് ഒറ്റുനോക്കുന്ന പ്രധാന വിഷയങ്ങൾ.

Web Title: Up elections results 2017 will huge mandate prompt bjp to revive ayodhya temple end reservation

Next Story
പൊറമ്പോക്കിലെ റ്റി.എം.കൃഷ്ണ
The moderation of comments is automated and not cleared manually by malayalam.indianexpress.com