എന്റെ വല്യമ്മ (അച്ഛന്റെ അമ്മ) പറഞ്ഞ സംഭവമാണ്. ‘സഹോദരന്‍ അയ്യപ്പന്‍ ഒരുതവണ നിന്റെ വല്യച്ഛന്‍െറ കൂടെ ഇവിടെ വീട്ടില്‍ വന്നു. ഞാന്‍ പുട്ടു പുഴുങ്ങി കൊടുത്തു. സഹോദരന്‍ ആസ്വദിച്ച് കഴിച്ചുകൊണ്ടു പറഞ്ഞു, ചോവന്റെ പലഹാരമാണെന്ന്. പിന്നീട് വല്യച്ഛനയച്ച കത്തില്‍ പുട്ടിന്റെ സ്വാദിനെകുറിച്ച് എഴുതുകയും ചെയ്തു.‘ ഭക്ഷണത്തിന്റെ ജാതി തിരിച്ചറിഞ്ഞിരുന്ന സഹോദരന്‍ കമ്പം തൂറിയെന്ന ഓമനപ്പേരുണ്ടായിരുന്ന പുട്ടിനെകുറിച്ച് ചോവന്റെ പലഹാരം എന്നല്ലാതെ മറ്റെന്ത് റിമാര്‍ക്ക് പാസാക്കാനാണ്.
untouchability, vishnuram, kerala,
ആലുവ അദ്വൈതാശ്രമത്തില്‍ നിത്യസന്ദര്‍ശകനായിരുന്ന അയ്യപ്പന്‍ അവിടെനിന്ന് ഭക്ഷണം കഴിക്കാതെ പുറത്ത് ഹോട്ടലിനെ ആശ്രയിക്കുന്നത് ചില അന്തേവാസികള്‍ ശ്രീനാരായണ ഗുരുവിന്റെ ശ്രദ്ധയില്‍പെടുത്തി. അതെന്തെന്ന് അന്വേഷിച്ച ഗുരുവിന് കിട്ടിയ മറുപടി മത്സ്യമാംസാദികള്‍ കൂട്ടി ഊണ്‍കഴിക്കാന്‍ എന്നായിരുന്നു. എങ്കില്‍ അയ്യപ്പന്റെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ആശ്രമത്തില്‍നിന്ന് കൊടുക്കാനായിരുന്നു ഗുരുവിന്റെ കല്‍പന എന്ന് കേട്ടിട്ടുണ്ട്. നൂറ്റാണ്ടു മുമ്പ് സസ്യാഹാരിയായ ഗുരു, ശിഷ്യന് മാംസഭക്ഷണം വാങ്ങിക്കൊടുക്കുന്ന നാട് എന്തൊരു നാടാണ്. ഉള്ളൂരിനോടും കുറ്റിപ്പുഴ കൃഷ്ണപിള്ളയോടും എ.ഡി ഹരിശര്‍മയോടും പന്തിയില്‍ ഒന്നിച്ച് ഊണുകഴിക്കാനിരിക്കുമ്പോള്‍ നാരായണഗുരു ഒന്നേ ചോദിച്ചിട്ടുള്ളു. ‘പോയോ’ എന്ന്. ഒറ്റച്ചോദ്യത്തിലൂടെ ഉള്ളിലുറഞ്ഞുകിടന്ന ജാതിക്കറ ഒറ്റയടിക്ക് ഒഴുകിപ്പോയതായി മൂവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഗുരുവിന് സന്യാസത്തിന്റെ പരിരക്ഷയുണ്ടായിരുന്നു. പക്ഷെ അതില്ലാത്ത ശിഷ്യന്‍ തന്‍െറ സ്വന്തം നാട്ടിലാണ് തൊട്ടുണ്ണാന്‍, അന്നത്തെ നിലയില്‍ തന്നില്‍ കൂടിയവരെയല്ല, താഴ്ന്നവരെന്ന് പറഞ്ഞുറപ്പിച്ചവരെ, ഇറങ്ങിപ്പുറപ്പെട്ടത്.

ഞാന്‍ കോളജിലേക്ക് പോകുകയാണ്. ഗൗരിച്ചേടത്തി മക്കളോടൊപ്പം വേഗത്തില്‍ എതിരെ നടന്നുവരുന്നുണ്ട്. ചോദിക്കുന്നതിനു മുമ്പ് മാതൃസമാനയായ ആ വൃദ്ധ പറഞ്ഞു. ഇന്നൊരു നെറച്ചൂണൊണ്ട് മോനെ. സഹോദരന്റെ മകന്റെ കല്യാണത്തിന് പോകുന്ന പോക്കാണ്. പക്ഷെ ആ വാക്ക്, നെറച്ചൂണ്, പൊള്ളിപ്പോയി. വിവാഹം. സ്വന്തം വീട്ടിലെ ആയാല്‍പോലും നെറച്ചൂണ് എന്ന വാക്കുകൊണ്ട് രേഖപ്പെടുത്തേണ്ടിവന്ന തലമുറ അനുഭവിച്ച പട്ടിണി ഒറ്റയടിക്ക് തെളിഞ്ഞുവന്നു.

കേരകേദാര കേരളം എന്നൊക്കെ പറയുമെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഉണ്ണാനില്ലാത്തവരായിരുന്നു കേരളത്തിലെ എല്ലാ പുലയനും പറയനും അടക്കം ദലിതരും മിക്കവാറും ഈഴവരടക്കം മറ്റ് താണജാതികളും. ഉള്ളവന് ഇല്ലാത്തവന് കൊടുക്കണം എന്നുണ്ടെങ്കില്‍പോലും 64 അടിയും 128 അടിയും തീണ്ടാപ്പാട് കര്‍ശനമായി പാലിച്ച സമൂഹത്തില്‍ ആര് ആര്‍ക്ക് എന്തുകൊടുക്കാന്‍.

ആ കേരളത്തിലാണ് കുമാരനാശാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആദര്‍ശക്കൊടുമുടിയില്‍ കയറിനിന്ന് കീഴ്ക്കാംതൂക്കായി താഴേക്ക് ചാടാന്‍ പുലയനയ്യപ്പനെന്ന് സ്വസമുദായം പട്ടംചാര്‍ത്തിക്കൊടുത്ത സഹോദരന്‍ അയ്യപ്പന്‍ തയാറായത്. ചെറായിയിലെ തുണ്ടിട പറമ്പില്‍ നടന്ന പരസ്യ മിശ്രഭോജനത്തിന് നൂറു വയസ്സു തികഞ്ഞിരിക്കുന്നു. അന്ന് കീറ്റിലയില്‍ വിളമ്പിയത് എന്തായിരുന്നാലും അതില്‍ വെന്തലിഞ്ഞത് ജാതിയുടെ കരിങ്കല്‍ കഷണങ്ങളായിരുന്നു. കേരളത്തില്‍ സദ്യക്ക് ഇന്നുകാണുന്ന ക്രമം ഉണ്ടാക്കിയത് നാരായണഗുരുവാണെന്ന് ചിലര്‍ എഴുതിക്കണ്ടിട്ടുണ്ട്. എന്തായാലും മുഖ്യമന്ത്രി പങ്കെടുത്ത ഒൗദ്യോഗിക മിശ്രഭോജന വാര്‍ഷികത്തിന് പഴയിടം മോഹനന്‍ നമ്പൂതിരിയാണത്രെ സദ്യയൊരുക്കിയത്.  സ്കൂൾ കലോത്സവങ്ങളിലും പഴയിടമാണ് സദ്യയിലെ താരം.  ചോവനും പുലയനും നമ്പൂതിരി സദ്യ വെച്ചുണ്ടാക്കി കൊടുക്കേണ്ടിവന്നത് കലികാലവൈഭവം എന്നല്ലാതെ എന്തുപറയാന്‍. നൂറു വര്‍ഷം മുമ്പ് ഇങ്ങനെയൊന്ന് വിദൂരസ്വപ്നമായെങ്കിലും സഹോദരന്‍ കണ്ടിരുന്നോയെന്ന് സംശയമാണ്.

ആദ്യമിശ്രഭോജനത്തിന് മത്സ്യമാംസങ്ങള്‍ ഇല്ലായിരുന്നുവെന്നും പുഴുക്കാണ് ഉണ്ടായിരുന്നതെന്നും ചിലര്‍ പറയുന്നു. വാര്‍ധക്യത്തിലത്തെിയ എന്റെ വല്യമ്മ പറയുമായിരുന്നു പണ്ട് ചുട്ടുതിന്ന കിഴങ്ങിന്റെ ബലം കൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്ന്. പ്രകൃതിയില്‍ നിന്ന് പെറുക്കിത്തിന്നാണ് കേരളത്തിലെ അന്തരാള ജാതികള്‍ പുലര്‍ന്നതെന്ന് പി.കെ ബാലകൃഷ്ണന്‍ തന്റെ കേരളചരിത്ര രചനയില്‍ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. 1917ല്‍ ജാതിയില്‍താണ മലയാളിക്ക് സുഭിക്ഷമായി കിട്ടിയിരുന്നത് കരയിലും വെള്ളത്തിലും വളരുന്ന കിഴങ്ങുകള്‍ മാത്രമായിരുന്നു. സംശയം തീരാത്തവര്‍ തകഴിയുടെ രണ്ടിടങ്ങഴി വായിക്കൂ. ആയിരക്കണക്കു പറ നെല്ല് വിളഞ്ഞ പാടം കൊയ്യുന്ന ദലിത് സ്ത്രീ മടിക്കുത്തില്‍ ഇടങ്ങഴി നെല്ല് ഒളിപ്പിച്ച് കടത്തിക്കൊണ്ടു പോയി കുത്തി കഞ്ഞിവെച്ച് കുടിക്കുന്നത് എഴുതിവെച്ചിട്ടുണ്ട്. തകഴി നേരിട്ട് കണ്ടറിഞ്ഞതു തന്നെയാകും.

ഇങ്ങനെ അന്നത്തെ പുഴുക്കിന്റെയും ഇന്നത്തെ സദ്യയുടെയും രാഷ്ട്രീയം ശരിയാക്കുന്ന തിരക്കിനിടയില്‍ ദാ പാലക്കാടുനിന്നു വരുന്നു ദലിതര്‍ക്ക് അയിത്തം കല്‍പിച്ചിരിക്കുന്നുവെന്ന ‘നടുക്കുന്ന’ വാര്‍ത്ത.  പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ ചക്ളിയര്‍ക്ക് വീടിന് പിന്നാമ്പുറത്ത് ഭക്ഷണം കൊടുത്തെന്ന് ആക്ഷേപം ഉയര്‍ത്തുന്നവരേ, അത് ചെയ്യുന്നവര്‍ക്ക് അതില്‍ അസ്വാഭാവികത തോന്നില്ല. കാലങ്ങളായി തുടരുന്നത് അവര്‍ നിലനിര്‍ത്തുന്നുവെന്ന് മാത്രം. കേരളത്തിലെ എത്ര സവര്‍ണ്ണ ഭൂ ഉടമാ വീടുകളില്‍ ദലിത് തൊഴിലാളികളെ വീടിനകത്ത് ഇരുത്തി ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് കണക്കെടുക്കാമോ. പത്തെണ്ണം തികഞ്ഞാല്‍ നിങ്ങളുടെ ഭാഗ്യം.

ayitham, anup rajan, govindapuram colony,

സത്യസന്ധമായി പറഞ്ഞാല്‍ ‘ആധാരം’ എന്ന സിനിമയില്‍ സുകുമാരി അവതരിപ്പിച്ച കഥാപാത്രത്തിന്‍െറ ഗതികേടിലാണ് മലയാളി. മകളെ സഹായിച്ച, മുരളി അവതരിപ്പിച്ച മുസ്ലിം കഥാപാത്രത്തെ ചോറുണ്ണാന്‍ വിളിക്കുന്നുണ്ട് സുകുമാരി. മുരളി വേണ്ടെന്ന് പറഞ്ഞു പോകുന്നു. സുകുമാരി പറയുകയാണ്, ‘ഹോ ഞാന്‍ പേടിച്ചുപോയി അവനെങ്ങാന്‍ ചോറുണ്ണാന്‍ വരുമോന്ന്. സുധീഷിന്റെ വേഷം തിരിച്ചുചോദിക്കുന്നുണ്ട്, പിന്നെ അമ്മയെന്തിനാ അവനെ ചോറുണ്ണാന്‍ വിളിച്ചതെന്ന്. അതിനുള്ള മറുപടി മനോഹരമായിരുന്നു! ‘ഉണ്ണാന്‍ വിളിക്കേണ്ടത് നമ്മുടെ മര്യാദ, വേണ്ടെന്ന് പറയേണ്ടത് അവരുടെ മര്യാദ.’

ഇങ്ങനെ സ്വയം ശീലിച്ച മര്യാദകളിലാണ് കേരള സമുദായം ഇന്നും തട്ടു കേട് കൂടാതെ സമാധാനമായി പുലരുന്നത്. സവര്‍ണ്ണന്‍ വീട്ടിനകത്തേക്ക് കയറിയിരിക്ക് എന്ന് ക്ഷണിച്ചാലും ദലിതന്‍ പറയും, ഓ വേണ്ട, ഞാനിവിടെ നിന്നോളാം എന്ന്. ചോറുണ്ണാന്‍ വിളിച്ചാല്‍ പറയും, ദേഹത്തൊക്കെ ചെളിയാണ്, ഇങ്ങു തന്നേരെ ഞാനിവിടെ ഇരുന്ന് കഴിച്ചോളാം എന്ന്. ദലിതന് തിരിച്ചറിവുണ്ടായിട്ടു തന്നെയാണ് അങ്ങനെ പറയുന്നത്. സവര്‍ണ്ണത്തമ്പുരാക്കന്മാര്‍ വെറുതെ ഉപചാരം പറയുന്നതാണെന്നും മനസ്സിലിരിപ്പ് തങ്ങളൊന്നും വീടിനകത്ത് കാലുകുത്തരുത് എന്നതു തന്നെയാണെന്നും.

ഇന്നും ഒട്ടുമിക്ക മലയാളി ജാതി ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വീടുകളില്‍ അന്നാട്ടിലെയൊരു ദലിതന് ഊണുമേശയില്‍ ഇരുത്തി ഭക്ഷണം കൊടുക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയല്ലാത്തത് ഒന്നുകില്‍ ദലിതന്‍ വഹിക്കുന്ന സ്ഥാനത്തെ മാനിച്ചാകും, അല്ളെങ്കില്‍ രാഷ്ട്രീയ ഗതികേടുകൊണ്ട്.

ദലിതന്റെ വീട്ടില്‍പോയി ഭക്ഷണം കഴിക്കുന്ന അമിത് ഷാ പരിഹാസ്യനാകുന്നത് രാഷ്ട്രീയ നിവര്‍ത്തികേടാണ് ആ തീറ്റക്ക് പിന്നില്‍ എന്നതുകൊണ്ടാണ്. പക്ഷെ കൈകൊട്ടിച്ചിരിക്കുന്ന മലയാളി മഹാരഥന്മാര്‍ ഒന്നുപറയണം, എത്ര ദലിത് സുഹൃത്തുക്കളുടെ, എന്നുവെച്ചാല്‍ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍, വീട്ടില്‍ പോയി നിങ്ങള്‍ ചോറുണ്ടിട്ടുണ്ട്? സത്യം പറയണം. അറിയാതെ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കാലുതെറ്റി കക്കൂസുകുഴിയില്‍ വീണ അവസ്ഥയില്‍ ആയിട്ടുണ്ടാവും നിങ്ങള്‍.

മിശ്രഭോജനത്തിന്റെ രാഷ്ട്രീയ ശരികള്‍ ചര്‍ച്ചക്കു വെക്കുമ്പോള്‍ ജാതി മത ഭേദമില്ലാതെ ഒന്നിച്ചുണ്ണുന്ന, ഒന്നിച്ചു നടക്കുന്ന, അവസര സമത്വം കളിയാടുന്ന കേരള സമൂഹത്തെകൂടി ചര്‍ച്ചക്കു വെയ്ക്കണം.

dalit students, kerala, dropout

ഈയാഴ്ചയും രണ്ടു വിദ്യാര്‍ഥികള്‍ സര്‍വകലാശാല നേരിട്ടു നടത്തുന്ന എഞ്ചിനീയറിംഗ് കോളജില്‍നിന്ന് പാതിവഴി പഠനം നിര്‍ത്തി പടിയിറങ്ങി. ഒരാളുടെ പത്താംക്ളാസ് സര്‍ട്ടിഫിക്കറ്റില്‍ പുലയന്‍ എന്നും മറ്റെയാളുടേതില്‍ ചെറുമന്‍ എന്നുമാണ് അച്ചടിച്ചിരുന്നത്. ഈ വര്‍ഷം എഞ്ചിനീയറിംഗ് സ്വപ്നം ഉപേക്ഷിച്ച ദലിതരുടെ എണ്ണം ഈ കോളജില്‍ മാത്രം ഇതോടെ ഏഴായി.

ആദ്യദിനം മുതല്‍ ക്ളാസിലെ പിന്‍ബഞ്ചില്‍ ഒതുങ്ങിപ്പോയവരായിരുന്നു ആദ്യം പറഞ്ഞ ഇരുവരും. ഒരാള്‍ കമ്പ്യൂട്ടര്‍ സയന്‍സ്, രണ്ടാമന്‍ ഇലക്ട്രോണിക്സ്. എത്ര ആഞ്ഞു പിടിച്ചിട്ടും പൊതുവിദ്യാലയങ്ങളില്‍ അവരെ പഠിപ്പിച്ച കണക്കും സയന്‍സും ഇരുവരെയും തുണച്ചില്ല. നിങ്ങള്‍ക്ക് പാസ് മാര്‍ക്ക് മതിയല്ലോ അഡ്മിഷന്‍ കിട്ടാന്‍, അതുകൊണ്ട് ഇതൊക്കെ ചെയ്തു പഠിച്ചാല്‍ മതി. പ്രയാസമുള്ള ടോപിക്കൊക്കെ അവിടെ നില്‍ക്കട്ടെ എന്നായിരുന്നു ഗുരുനാഥന്മാരുടെ തീരുമാനം. അതുവെച്ച് എഞ്ചിനീയറിംഗ് പഠനം സാധ്യമല്ലെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കോളജിലത്തെി രണ്ടാഴ്ചയേ വേണ്ടിവന്നുള്ളു. എങ്കിലും തങ്ങളെ പ്രതീക്ഷിക്കുന്ന വലിയൊരു സമൂഹത്തെയോര്‍ത്ത് ഇരുവരും രണ്ടുവര്‍ഷം പൊരുതിനോക്കി. എഴുതിയെടുക്കേണ്ട വിഷയങ്ങളും മനപ്രയാസവും ഒന്നിച്ചു കൂടി വന്നതു മിച്ചം.
പഠനം നിര്‍ത്തിയതുകൊണ്ട് ഒരു ഗുണമുണ്ടായി. രണ്ടു വർഷമല്ലേ പോയുള്ളു. രണ്ടുവര്‍ഷം രക്ഷപെട്ടു കിട്ടിയെന്നൊരു ആശംസ സൗജന്യമായി കൂടെപ്പോന്നു. ഇവനൊക്കെ എന്തു സൗജന്യം കൊടുത്തിട്ടെന്താ കാര്യം. ഇതിനൊക്കെ ഒരു ബുദ്ധിയൊക്കെ വേണ്ടെ. സര്‍ക്കാര്‍ ഇതു നിര്‍ത്തേണ്ട സമയം കഴിഞ്ഞു. ഇവര്‍ക്കൊക്കെ ഓരോപണി പറഞ്ഞിട്ടുണ്ടല്ളോ. അതിനൊക്കെ പോയാല്‍ പോരെ. എന്തിനു വെറുതെ സമയം മിനക്കെടുത്തുന്നു. തുടങ്ങിയ അന്തമില്ലാത്ത ഒളിഞ്ഞതും തെളിഞ്ഞതുമായ പിറുപിറുക്കലുകളില്‍നിന്ന് മോചനവുമായി.

എന്റെ നാട്ടില്‍ ഒരു ചിറ പ്രദേശമുണ്ട്. വയലുകള്‍ക്ക് നടുവില്‍ വെള്ളക്കെട്ട് നിറഞ്ഞ തുരുത്ത്. താമസക്കാര്‍ ദലിത്, ഈഴവ കുടുംബങ്ങള്‍. മഴക്കാലത്ത് വള്ളത്തിലോ നീന്തിയോ വേണം അവര്‍ക്ക് കര പിടിക്കാന്‍. അടുത്തിടെ ജില്ലാ പഞ്ചായത്ത് അവിടേക്ക് റോഡിനും പാലത്തിനുമായി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചു. പണിയും തുടങ്ങി. അപ്പോള്‍ ദാ വരുന്നു ഒരു വക്കീല്‍ നോട്ടീസ്. ഈ പാലം ചെന്നു മുട്ടുന്നത് പാടത്തിന്റെ പുറം ബണ്ടിലാണ്. അത് സര്‍ക്കാറിന്റെ വക. പക്ഷെ പാലത്തില്‍ നിന്ന് അങ്ങോട്ടിറങ്ങുന്ന സ്ഥലം ഇപ്പോള്‍ എറണാകുളത്ത് താമസമാക്കിയിരിക്കുന്ന ഒരു ഉന്നതകുലജാത വക്കീലിന്റെ വകയാണ്. അദ്ദേഹമാണ് പണി ഉടന്‍ നിര്‍ത്തണമെന്ന് കാട്ടി ഇണ്ടാസ് അയച്ചിരിക്കുന്നത്. പഞ്ചായത്ത് അംഗവും നാട്ടുകാരും പലതവണ കാണാന്‍ ചെന്നിട്ടും അദ്യം പിടികൊടുത്തില്ല. നാട്ടുകാരെ അറിയിക്കാന്‍ അനുചരനോട് വളരെ സൗജന്യമായി ഇങ്ങനെയൊരു പ്രസ്താവന നടത്തിപോല്‍. “കണ്ട പൂച്ചയും കൊട്ടിയുമൊന്നും എന്റെ സ്ഥലത്തുകൂടി നടക്കണ്ട.”

ഇപ്പോഴും പാര്‍ലമെന്‍റംഗമായ കൊടിക്കുന്നില്‍ സുരേഷിന്റെ ആദ്യ പ്രഭാവ കാലത്ത് ആ ദേശത്തെ പ്രമാണി നേതാവ് പരിഭവിക്കുമായിരുന്നു പോല്‍, ” ഇപ്പോള്‍ എല്ലാവരും ആ കൊറവന്റെ അടുത്തല്ലേ പോകുന്നത്.” സുരേഷിന്റെ ഭാര്യ ബിന്ദുവിനെ കുറിച്ച് തറവാട്ടമ്മമാര്‍ ഇപ്പോഴും പറയുമത്രേ, ” അവന്റെ കൊറത്തി രണ്ടു കാറിലല്ലേനടക്കുന്നത്” എന്ന്.

അടൂരുകാര്‍ക്ക് സങ്കടം ഇപ്പോഴും തീര്‍ന്നിട്ടില്ല. എന്നും സംവരണ മണ്ഡലമാകാനാണല്ലോ വിധി എന്നോര്‍ത്തിട്ട്. മുമ്പ് പാര്‍ലമെന്‍റ് മണ്ഡലം സംവരണം. ഇപ്പോര്‍ നിയമസഭാ മണ്ഡലം സംവരണം. ആ കൊടിയ നിരാശയാണ് സി.പി.ഐ നേതാവ് മനോജ് ചരളേലിനെക്കൊണ്ട് “ആ പന്നപ്പുലയന്‍െറ മുഖം കണ്ടാല്‍ പിന്നെ വെള്ളം കുടിക്കാന്‍ തോന്നില്ല” എന്ന് പ്രതിശ്രുത വധുവിനോട് പറയിച്ചത്.

ഭരണഘടനാ പരിരക്ഷ. ഉന്നമനത്തിന് പ്രത്യേക സര്‍ക്കാര്‍ വകുപ്പ്. കോടിക്കണക്ക് രൂപയുടെ സാമ്പത്തിക സഹായം. കെ.പി.എം.എസ് എന്ന പരമ്പരാഗതി ശക്തി. സാംബവമഹാസഭയടക്കം ഓരോ ഹൈന്ദവ ഉപവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യ സംഘടനകള്‍. സി.എസ്.ഡി.എസ് എന്ന ആള്‍ബലമുള്ള പുതിയ സംഘടന. നിരവധി ദലിത് ക്രൈസ്തവ കൂട്ടായ്മകള്‍. സഭ തിരിച്ച്. തെളിമയാര്‍ന്ന ചിന്തയുമായി ഒട്ടേറെ ദലിത് ബുദ്ധിജീവികള്‍. എന്നിട്ടും എം.ജി യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന്‍ ഒറ്റയാള്‍ പോരാട്ടം നടത്തേണ്ട ഗതികേടിലായതെങ്ങനെ. ‘പൊതു’ സംവിധാനവും ‘പൊതു’ സംഘടനകളുമാണ് ദീപയോട് പക വെക്കുന്നത്. ആ പക കേരള സമൂഹം പൊതുവെ കൊണ്ടുനടക്കുന്നതാണ്. ഇടവും കാലവും കഥാപാത്രങ്ങളും മാത്രം മാറും.

dalil, untouchability, kerala

ബസില്‍ തൊലികറുത്തവര്‍ക്കൊപ്പം ഇരിക്കാന്‍ മടിക്കുന്നവരെ ഞാന്‍ ഇന്നും കാണുന്നുണ്ട്. എന്റെ വീടിനുമുന്നിലെ ഇടവഴിയില്‍ സൈക്കിള്‍ ചവിട്ടി കളിക്കുന്ന കുട്ടികള്‍ക്കിടയില്‍ ദലിതന്റെ മക്കളെ ഞാന്‍ കാണുന്നില്ല. ദലിതരുടെ കല്യാണത്തിന് സദ്യപ്പന്തിയില്‍ നാട്ടുപ്രമാണിമാരെ ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല. കുടിലിന്റെ ഇറയത്ത് കിടത്തിയിരിക്കുന്ന ദലിത് ക്രൈസ്തവന്റെ മൃതദേഹത്തിലേക്ക് കച്ച അകലെനിന്ന് വലിച്ചെറിയുന്ന കന്യാസ്ത്രീയുടെ ദൃശ്യത്തിന് പക്ഷെ എന്റെ കണ്ണില്‍ പഴക്കം ഒട്ടുമില്ല. പ്രധാന റോഡിന്റെ അരികില്‍ വീടുള്ള ദലിതരെ എന്നിക്കറിഞ്ഞുകൂടാ. ദലിതന് വീടുവെക്കാന്‍ മുടിഞ്ഞുപോയ തറവാട്ടു പുരയിടത്തിന്റെ ഒരറ്റമെങ്കിലും വിലക്കു കൊടുത്തവരെ ഞാന്‍ കേട്ടിട്ടില്ല. ചായക്കട നടത്തുന്ന, ബേക്കറി ഉടമയായ, പലചരക്കു കടക്കാരനായ ദലിതന്‍ എന്റെ നാട്ടിലില്ല. ദൈവാനുഗ്രഹത്താല്‍ ദലിതന്റെ കടയില്‍നിന്ന് ഉടുതുണി വാങ്ങേണ്ട ഗതികേട് നമുക്കാര്‍ക്കും ഇല്ലല്ലോ. (തുണിവ്യാപാരികളായ റെഡ്യാര്‍മാര്‍ തമിഴ്നാട്ടില്‍ ചിലയിടങ്ങളില്‍ പട്ടികജാതിയില്‍പെട്ടവരാണെന്ന് കേട്ടിട്ടുണ്ട്). ദലിതന്റെ ബസില്‍ സഞ്ചരിച്ച് ദലിതന്റെ കമ്പനിയില്‍ ജോലിക്കുപോകേണ്ട കാലം മലയാള നാട്ടില്‍ അടുത്തൊന്നും വിരുന്നുവരുമെന്ന് തോന്നുന്നില്ല.

നിവര്‍ത്തികേടുകൊണ്ടു മാത്രമാണ്  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദലിത് സഹജീവനക്കാരനെ സഹിക്കുന്നത്. ദലിതനാണ് മേലാവിയെങ്കില്‍ തീര്‍ന്നു. ഒന്നുകില്‍ വിരട്ടി അടിമയാക്കും. നിവര്‍ന്നുനില്‍ക്കുന്നവനെങ്കില്‍ പുകക്കും. ഒരടി പിന്നില്‍ നടക്കാന്‍ അനുവദിക്കണമെങ്കില്‍ സ്വന്തം സ്വത്വത്തെ തള്ളിപ്പറഞ്ഞവനാകണം.

രാഷ്ട്രീയ ശരികള്‍ വാഗ്വാദങ്ങളില്‍ മരിക്കുകയാണ് പതിവ്. അത് ജീവിതത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ച അനവധിപേര്‍ കേരളനാട്ടില്‍ ജീവിച്ച് മരിച്ചു പോയിട്ടുണ്ട്. ഓലമേഞ്ഞ വീട് ഓടിടീക്കാന്‍ അവര്‍ക്കായി. പക്ഷെ ഇന്നും കേരളജാതി ഭവനത്തിന്റെ ആധാരശിലകള്‍ അതുപടി തുടരുകയാണ്. ഒറ്റ വാക്കില്‍പറഞ്ഞാല്‍ അയിത്തം.

മുൻ മാധ്യമ പ്രവർത്തകനാണ് ലേഖകൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ