ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരി സ്വന്തം ജീവനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു. സംഭവം നടന്ന് രണ്ടു വർഷം കഴിഞ്ഞപ്പോൾ അവൾക്ക് മഹാനഷ്ടങ്ങളുടെ പട്ടിക മാത്രം. യോഗി ആദിത്യനാഥിൻറെ ഔദ്യോഗിക വസതിക്കു മുന്നിൽ സ്വന്തം ശരീരത്തിനു തീ കൊളുത്തി പ്രതിഷേധിക്കാൻ ശ്രമിച്ചതു കൊണ്ടു മാത്രം മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞു. കഠ്വാ കേസിനൊടൊപ്പം അതു ചർച്ച ചെയ്യപ്പെട്ടു. പിതാവിൻറെ പേരിൽ കള്ളക്കേസുണ്ടാകുകയും അദ്ദേഹം ജയിലിൽ വച്ച് കൊല്ലപ്പെടുകയും ചെയ്തു
അതിനു ശേഷം ഉന്നതരുടെ ആക്രമണം അവളുടെ ബന്ധുക്കൾക്കു നേരെയായി. ഒടുവിൽ പരാതിക്കാരി തന്നെ ആക്രമണവിധേയയായി. കുറ്റകൃത്യങ്ങൾക്കു നേതൃത്വം നൽകിയ ബലാത്സംഗി ജയിലിൽ ആണെങ്കിലും അയാളെ ന്യായീകരിക്കാനും ഇതു ഗൂഢാലോചനയാണെന്നു വാദിക്കാനും അയാളുടെ ജാതിക്കാരായ നാട്ടുകാർ മുന്നോട്ടു വന്നിരിക്കുന്നു. അയാളെ ബിജെപി ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുന്നുവെങ്കിലും ആ കക്ഷിയുടെ പല നേതാക്കന്മാരും അയാളെ ഇപ്പോൾ പോലും ന്യായീകരിച്ചു കൊണ്ടിരിക്കുന്നു.
ഇപ്പറഞ്ഞ വ്യക്തിയുടെ രാഷ്ട്രീയജീവിതചരിത്രവും ശ്രദ്ധേയമാണ്. ഉത്തർ പ്രദേശിലെ മിക്ക പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും കൂടെ, അവയുടെ സുവർണകാലങ്ങളിൽ പറ്റിക്കൂടി സ്വയം വളർന്ന ഒന്നാന്തരം അവസരവാദിയാണ് ഈയാൾ. ആ ബന്ധങ്ങൾ ഇന്നും സജീവമാകാനാണിട. ഇത്തരക്കാരെയാണ് ഇന്ത്യൻ ജനാധിപത്യം സഹായിക്കുന്നത്, വളർത്തുന്നത്. അയാൾക്കെതിരെ പരസ്യമായി പരാതിയുമായി ഇറങ്ങിയ, തിരിച്ചടി വീണ്ടും വീണ്ടും ഉണ്ടായിട്ടും ഉറച്ചു നിന്ന പതിനേഴുകാരി അസാമാന്യ ധൈര്യശാലിയാണ്. ഭാരതീയധാർമ്മികതയെപ്പറ്റി ഊണിലും ഉറക്കത്തിലും പ്രസംഗിച്ചു നടക്കുന്നവർക്ക് അതു കാണാനാവില്ലെന്നു മാത്രം.
കഠ്വാ കേസും ഉന്നാവോയിൽ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്ന ഈ സംഭവവും എന്താണ് സൂചിപ്പിക്കുന്നത്? ഒരു കാര്യം എന്തായാലും വ്യക്തമാണ് — കൊച്ചു പെൺകുട്ടികളും കൌമാരക്കാരികളും ഹിന്ദുത്വവാദികളുടെ കണക്കിൽ ലൈംഗിക കരുക്കളാണ്. അവരെ ദുരുപയോഗം ചെയ്യുന്നതിൽ കാര്യമായ തെറ്റൊന്നും അവർ കാണുന്നില്ല. മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കാതിരിക്കുകയും മനുവാദത്തെ പുണരുകയും ചെയ്യുന്നതു കൊണ്ട് മുതിർന്ന സ്ത്രീകൾക്കു പോലും പൌരാവകാശങ്ങൾ ആവശ്യമാണെന്നു അവർ കരുതുന്നില്ല.
ഹിന്ദു സ്ത്രീകൾ മതാചാരസംരക്ഷണത്തിനു വേണ്ടി മാത്രം തെരുവിലിറങ്ങിയാൽ മതിയെന്നു തന്നെയാണ് അവരുടെ പക്ഷം. ഇതു പോലൊരു സംഭവത്തിൽ നിങ്ങൾ എന്തു കൊണ്ടു പ്രതികരിക്കുന്നില്ല എന്നു ചോദിച്ചാൽ ഉടനെ മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ ആക്രമിക്കുന്നു, അതിനോട് നിങ്ങളാരും പ്രതിഷേധിക്കുന്നില്ലല്ലോ എന്നാവും ഹിന്ദുത്വവാദി സ്ത്രീകളുടെ മറുപടി. ഇതിൽ യുക്തിയോ മനുഷ്യത്വമോ ഇല്ല എന്നതു സുവ്യക്തം.
മുസ്ലിം പുരുഷന്മാർ മറ്റു സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അവ പ്രതിഷേധാർഹങ്ങളുമാണ്, എന്നു വച്ച് ഹിന്ദുത്വവാദികൾ കൊച്ചു പെൺകുട്ടികളെയും കൌമാരക്കാരികളെയും തങ്ങളുടെ അധികാരക്കളിയിൽ കരുക്കളാക്കുന്നതോ, മനുവാദം അനുവദിക്കുന്ന അധികാരശ്രേണിയിൽ അവരെ തളച്ചിട്ട് ലൈംഗികമായി ഉപയോഗിക്കുന്നതോ ന്യായീകരിക്കാം എന്നു വരുന്നില്ല. താരതമ്യം ചെയ്യാനാവാത്തവയെ താരതമ്യം ചെയ്യുന്നതിനെ ഒരു ലളിതകലയാക്കി മാറ്റുന്നവരാണ് ഹിന്ദുത്വവാദികളുടെ വക്താക്കൾ.
ലഖ്നൌവിൽ നടന്ന ഒരു ബാലപീഡനസംഭവത്തിലെ പ്രതി മുസ്ലിം ആണെന്നു കണ്ടെത്തിയതോടെ കഠ്വാ കേസിലെ ഇരയോടു കാട്ടിയ സ്നേഹം ലഖ്നൌ കേസിലെ ഇരയോട് ഫെമിനിസ്റ്റുകളും മറ്റുള്ളവരും എന്തു കൊണ്ടു കാട്ടുന്നില്ല എന്ന ചോദ്യവുമായി കേരളത്തിലെ ചില ഹിന്ദുത്വവാദിനികൾ ഫേസ്ബുക്കിൽ രോഷം കൊള്ളുന്നതു കണ്ടു. കഠ്വാ കേസിൽ ഈ ഹിന്ദുത്വവാദിനികളുടെ സഹോദരൻ ഒരു കൊച്ചുകുട്ടിയെ കരുതിക്കൂട്ടി സ്വന്തം അധികാരക്കളിയിൽ കരുവാക്കുകയായിരുന്നെന്നും, അതിനെ ന്യായീകരിച്ചു കൊണ്ട് ഭാരതീയസംസ്കാരത്തിൻറെ കുത്തക അവകാശപ്പെടുന്നവർ തെരുവിലിറങ്ങിയെന്നും കാണാൻ കൂട്ടാക്കാതെയാണ് ഈ രോഷം.
ലഖ്നൌ സംഭവത്തിലെ പ്രതിയെ ന്യായീകരിക്കാൻ ഒരു മുസ്ലിം സംഘടനയും കൂട്ടാക്കിയിട്ടില്ല. അയാൾ ഒരു ഹിന്ദു ബാലികയെ മനഃപ്പൂർവം തെരെഞ്ഞെടുത്തതായി തെളിവുമില്ല. എങ്കിലും കേരളത്തിലെ മേൽജാതിക്കാരുടെ ചീഞ്ഞളിഞ്ഞ ജാതിബോധത്തിൽ നിന്നു മുളച്ചു പൊന്തിയ ഹിന്ദുത്വവാദ രോഷത്തിന് ഇതും വളമാണ്.
കൊച്ചുപെൺകുട്ടികളുടെയും കൌമാരക്കാരികളുടെയും ലൈംഗികവത്ക്കരണം മറ്റു പല വിധത്തിലും നടത്താം. വടക്കേയിന്ത്യയിൽ –ഗംഗാനദീതട സംസ്കാരശൂന്യതയിൽ – അത് പച്ചയായിത്തന്നെ നടക്കുന്നുവെങ്കിൽ കേരളസംഘികൾക്കിടയിൽ അതു കുറേക്കൂടി ഗോപ്യമായ വിധത്തിലാണ് നടക്കുന്നത്.
കേരളത്തിൽ ശബരിമലയെ ചുറ്റിപ്പറ്റി കഴിഞ്ഞ വർഷം നടന്ന സവർണ ലഹളയിൽ ഉന്നയിക്കപ്പെട്ട ഒരു പ്രധാന വാദം, പത്തു വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീ ശരീരക്കാരുടെയും ലൈംഗിക സാദ്ധ്യതയെപ്പറ്റിയായിരുന്നു. സന്യാസിയായ അയ്യപ്പൻറെ ചാരിത്ര്യം ഇളക്കാൻ പത്തു വയസ്സുകാരിയായ ബാലിക മതി എന്ന് ഇവിടുത്തെ സാമൂഹ്യവികസനത്തിൻറെ ഫലങ്ങളായ അഭ്യസ്തവിദ്യകളും ഉദ്യോഗസ്ഥകളുമായ വരേണ്യസ്ത്രീകൾ വരെ അലറിവിളിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പല കൊച്ചു പെൺകുട്ടികളെയും കൊണ്ട് സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പത്തു വയസ്സു കഴിഞ്ഞാൽ ശബരിമലയിൽ പോകില്ലെന്ന് വീഡിയോ പ്രഖ്യാപനങ്ങൾ നടത്തിക്കാൻ അവരുടെ ‘റെഡി-ടു-വെയിറ്റ്’ അമ്മമാർ തയ്യാറായി.
കൊച്ചുപെൺകുട്ടികളെ തങ്ങളുടെ അധികാരക്കളിയുടെ കരുക്കളാക്കുകയായിരുന്നു ഇവിടുത്തെയും ഹിന്ദുത്വവാദികൾ. ഉത്തർ പ്രദേശിലെ നിയമരാഹിത്യം സത്യത്തിൽ നിയമരാഹിത്യമല്ല – അവിടുത്തെ നിയമം മനുവാദമാണ്, ഇന്ത്യൻ ഭരണഘടനയല്ല എന്നു മാത്രം. എന്നാൽ മനുവാദം മൂത്താൽ എന്തുണ്ടാകും എന്നു കൂടിയാണ് ഉന്നാവോ സംഭവം നമ്മെ പഠിപ്പിക്കുന്നത് എന്നു ‘റെഡി-ടു-വെയ്റ്റ്’ പക്ഷപാതികൾ കണ്ടാൽക്കൊള്ളാം.
മനുവാദത്തിൻറെ ഇരകൾ എല്ലായ്പ്പോഴും കീഴ്ജാതിക്കാരായിരിക്കും എന്നു കരുതിക്കളയരുത് നിങ്ങൾ. ഉന്നാവോയിലെ പെൺകുട്ടി പ്രതിയുടെ ജാതിക്കാരിയാണ്. അവൾ പക്ഷേ ആവശ്യക്കാരിയായിപ്പോയി. പത്തു വയസ്സുകാരി ലൈംഗികവാസന ഉണർത്തിയേക്കാം എന്നു സ്ഥാപിക്കാനുള്ള നിങ്ങളുടെ ശ്രമം നിങ്ങളുടെ പെൺമക്കളെയും അപകടപ്പെടുത്തുമെന്ന് ഓർക്കുക.
മലയാളുടെ ഓർമ്മയിലേക്ക് ഉന്നാവോ കേസ് കൊണ്ടു വരുന്നത് സൂര്യനെല്ലി സംഭവത്തെയാണ്. ഉന്നതന്മാരുടെ കരുണയില്ലായ്മയും ആർത്തിയും അധികാരപ്രയോഗവും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തകർക്കാനുള്ള നിരന്തരശ്രമവും, തെറ്റുകാരെ ന്യായീകരിക്കാനും രക്ഷിക്കാനുമുള്ള കൂട്ടായ ആണധികാരശ്രമം, ഇതെല്ലാം നമ്മൾ പണ്ടേ കണ്ടതാണ്. എന്നാൽ സൂര്യനെല്ലി സംഭവത്തെ അതിജീവിച്ചവൾ ഇന്നും ജീവിക്കുന്നു. എത്രതന്നെ വേദനാജനകമാണെങ്കിലും, എത്രയേറെ കരുണയറ്റതാണെങ്കിലും ഒരു ജീവിതം അവർക്കുണ്ട്. അവരുടെ പക്ഷം ചേർന്ന, ഇന്നും കൂടെ നിൽക്കുന്നവർ അവരുടെ സ്വന്തക്കാരോ ജാതിക്കാരോ മാത്രമല്ല.
ബലാത്സംഗിയെ പരസ്യമായി തള്ളിക്കളയാൻ തയ്യാറായ ഒട്ടനവധിപ്പേർ ഇന്നും കേരളത്തിലുണ്ട്. എത്ര ലഘുവായാണെങ്കിലും ജനാധിപത്യത്തിൻറെ സാന്നിദ്ധ്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.
ഈ സാന്നിദ്ധ്യത്തെ തകർക്കാനാണ് കേരളത്തിലെ സംഘികൾ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. റെഡി-ടു-വെയിറ്റുകാരുടെ ഇംഗ്ളിഷ് മൊഴിയും ആധുനിക വസ്ത്രധാരണവും ആഗോളീകൃത ജീവിതശൈലിയും കണ്ട് ആരും അവരുടെ ആത്മഹത്യാപരമായ വിഡ്ഢിത്തത്തെ കാണാതിരിക്കരുത്.