യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അഖിലിനു നേരെ എസ്എഫ്ഐ നേതാക്കള്‍, പൊലീസ് ഭാഷയില്‍ കൊല്ലാനുള്ള ഉദ്ദേശത്തോടെ, നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ട് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് മാപ്പു പറഞ്ഞുകൊണ്ട് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി.സാനുവും നടത്തിയ പ്രസ്താവനകള്‍ ഒട്ടും സത്യസന്ധതയില്ലാതെ നടത്തിയ കപട നാടകങ്ങളാണ്.
അൽപം മുന്‍പ് ഇതേ യൂണിവേഴ്സിറ്റിയിലെ തന്നെ ഒരു വിദ്യാർഥിനി ഇതേ നേതൃത്വത്തിനെതിരെ ഒരു കുറ്റപത്രം തന്നെ എഴുതിവച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെപറ്റി ഈ കോളത്തില്‍ തന്നെ എഴുതിയിട്ടുള്ളതാണ്. അന്ന് അതിനു ഉത്തരവാദികളായവര്‍ക്കെതിരെ എല്ലാ തലത്തിലും കര്‍ക്കശ നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ആക്രമണം നടക്കുമായിരുന്നില്ലെന്നു തന്നെ പറയാം. പക്ഷെ നടപടികള്‍ കാര്യമായി ഉണ്ടായില്ലെന്ന് മാത്രമല്ല, നടപടികള്‍ ഒഴിവാക്കാനുള്ള ഇടപെടലുകളാണ് സംഭവിച്ചത്. അതിനു വേണ്ടി കുറ്റപത്രം മാറ്റി എഴുതുക വരെ ഉണ്ടായി. കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട നടപടികളൊന്നും ഉണ്ടായില്ല. വസ്തുതകള്‍ ഇവ്വിധം ആയതുകൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങള്‍ ആത്മാര്‍ഥത ഇല്ലാത്ത കപട നാടകങ്ങളാണെന്നു പറയേണ്ടി വരുന്നത്.
കൂടുതല്‍ ഗൗരവമുള്ള വിഷയം അക്രമരാഷ്ട്രീയത്തെ നെഞ്ചിലേറ്റുന്ന ഒരു പ്രത്യയശാസ്ത്രമാണ്. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യത്തിന്‍റെ പേരില്‍ നടക്കുന്ന താല്‍ക്കാലിക അക്രമങ്ങളാണ് ഇവയെല്ലാം എന്നുള്ളതാണ് ഒരു വാദം. കേരളത്തില്‍ നടന്നിട്ടുള്ള രാഷട്രീയ സംഘട്ടനങ്ങള്‍ ഭൂരിപക്ഷത്തിലും ഒരു വശത്തു സിപിഎം ആയിരുന്നു എന്നു കാണാം. അത് യാദൃശ്ചികമായി സംഭവിക്കുന്നതാവില്ലല്ലോ. ഇവിടെയാണ് പ്രത്യയശാസ്ത്രത്തിന്റെ പങ്ക് വ്യക്തമാവുന്നത്. മാനവികതയില്‍ ഊന്നുന്ന കമ്മ്യൂണിസം എങ്ങിനെയാണ് അക്രമരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രമാകുന്നത് എന്ന ചോദ്യം പ്രസക്തമാണ്.
കമ്മ്യൂണിസം നടപ്പിലാക്കണമെങ്കില്‍ ബലപ്രയോഗം അനിവാര്യമാണ്. തൊഴിലാളിവര്‍ഗസര്‍വാധിപത്യം എന്ന ഉദാത്തസങ്കല്‍പ്പത്തിന്‍റെ മറവിലാണ് അക്രമരാഷ്ട്രീയം നടപ്പിലാക്കപ്പെടുന്നത്. അവിടെ എതിരാളികള്‍ മുഴുവന്‍ ഉന്മൂലനം ചെയ്യപ്പെടണം. അതില്‍ വിട്ടുവീഴ്ചക്ക് പ്രസക്തിയില്ലതാനും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തിക മാനങ്ങള്‍ ഒന്നുമില്ലാതെ ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്ന പ്രയോഗ രൂപം എളുപ്പത്തില്‍ സ്വാംശീകരിക്കപ്പെടുന്നു. ശത്രുനിഗ്രഹം വിപ്ലവത്തിന്‍റെ അനിവാര്യഭാഗമായി മനസിലാക്കപ്പെടുന്നതോടെ അതിനൊരു പാവനത്വവും വന്നുചേരുന്നു. ഇത്തരം സങ്കല്‍പ്പങ്ങളുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് കൊലപാതകങ്ങള്‍ നടത്തുന്നവര്‍ക്ക് അൽപം പോലും കുറ്റബോധം തോന്നുകയില്ല. പാവനമായ കടമയാണ് തങ്ങള്‍ നിര്‍വഹിച്ചതെന്ന ചിന്തയാണ് അവരെ നയിക്കുന്നത്.
Read Also: മലയാളി സമൂഹവും വിദ്യാര്‍ഥി രാഷ്ട്രീയവും
എസ്എഫ്ഐയുടെ മാത്രമല്ല, എല്ലാ പ്രധാന വിദ്യാര്‍ഥി സംഘടനകളുടെയും ജില്ലാതല നേതൃത്വങ്ങള്‍ക്കു അധികാര രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ പ്രാഥമികതല പരിശീലനം ലഭിക്കുന്നുണ്ട്. കോളേജിലെ യൂണിയന്‍ ഓഫീസില്‍നിന്നും മുഖ്യപ്രതിയുടെ വീട്ടില്‍നിന്നും പൊലീസ് കണ്ടെടുത്ത പരീക്ഷാപേപ്പര്‍ കെട്ടുകളും ഔദ്യോഗിക സീലുമെല്ലാം വിരല്‍ചൂണ്ടുന്നത് ഇത്തരം ബന്ധത്തിലേക്ക് തന്നെയാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ മുന്പിലെത്തിയതിനു പിന്നിലും പ്രവര്‍ത്തിച്ചത് ഇത്തരം ബന്ധങ്ങളല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഈ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലെല്ലാം യൂണിവേഴ്സിറ്റി കോളേജില്‍ മാത്രമായി ഇപ്പോള്‍ നടന്ന ഒരു ഒറ്റപ്പെട്ട സംഭവം എന്ന രീതിയിലാണ് വിഷയം പരിഗണിക്കപ്പെടുന്നത്. ഈ സമീപനമാണ് ആദ്യം മാറേണ്ടത്. നാലഞ്ചു വര്‍ഷം മുന്‍പാണെന്നു തോന്നുന്നു ഇതേ കോളേജില്‍ അന്ന് പഠിച്ചു കൊണ്ടിരുന്ന ഒരു വിദ്യാര്‍ഥി എന്നെ ഫോണില്‍ വിളിച്ചിട്ട് നേരില്‍ സംസാരിക്കാന്‍ അനുവാദം ചോദിക്കുകയുണ്ടായി. ആ വിദ്യാര്‍ഥി തിരുവനന്തപുരത്തുനിന്നു രാവിലെ തന്നെ തൃശൂരിലെത്തി വൈകുന്നേരം വരെ സംസാരിച്ചതില്‍ മുഖ്യവിഷയം കോളേജിലെ രാഷ്ട്രീയാന്തരീക്ഷം തന്നെയായിരുന്നു. ആ വിദ്യാര്‍ഥിക്കു നല്ല രാഷ്ട്രീയബോധമുണ്ടായിരുന്നു. ഭേദപ്പെട്ട വിവരവും. അതുകൊണ്ടുതന്നെ നിലവിലുള്ള രാഷ്ട്രീയ പാർട്ടികളോടൊന്നും താല്‍പര്യമില്ലതാനും. അതാകട്ടെ എസ്എഫ്ഐക്കാരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കൂടെ ചേരാത്തതിന്റെ പേരില്‍ ഭീഷണിയും. ഈ ഭീഷണിയെക്കുറിച്ച് ഇടത് പക്ഷക്കാരല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള അധ്യാപകരോട് പരാതിപ്പെട്ടിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല. മിണ്ടാതിരിക്കുക, അഡ്ജസ്റ്റ് ചെയ്യുക എന്നെല്ലാമുള്ള ഉപദേശങ്ങള്‍ക്കപ്പുറം ഒന്നും ചെയ്യാന്‍ അവരാരും തയ്യാറായിരുന്നില്ല; അഥവാ ധൈര്യപ്പെട്ടിരുന്നില്ല.
പരിഹാര മാര്‍ഗങ്ങളൊന്നും എന്‍റെ പക്കലും ഇല്ലാതിരുന്നത് കൊണ്ട് എസ്എഫ്ഐക്കാരുടെ രാഷ്ട്രീയത്തിന് പിന്നിലുള്ള ഫാസിസ്റ്റ് സ്വഭാവം വിശദീകരിച്ചു കൊടുക്കാന്‍ മാത്രമേ എനിക്കും കഴിഞ്ഞുള്ളൂ. ഏതായാലും ആ വിദ്യാര്‍ഥി അന്ന് ആക്രമിക്കപ്പെടുകയുണ്ടായില്ല. യാദൃച്ഛികമെന്നോ ഭാഗ്യമെന്നോ ഒക്കെ പറയാവുന്ന ഒരവസ്ഥ മാത്രമായിരുന്നു അത്. ഏറെക്കുറെ ഇപ്പോള്‍ അഖിലിനു നേരെയുള്ള ആക്രമണത്തില്‍ എത്തിയ അതേ സാഹചര്യം തന്നെയാണ് അന്നും ഉണ്ടായിരുന്നത്. എന്നെ വന്നു കണ്ട വിദ്യാര്‍ഥി മറ്റൊരു അഖില്‍ ആകാനുള്ള സാധ്യത ഉണ്ടായിരുന്നു എന്നു ചുരുക്കം.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കുടുങ്ങി കഴിഞ്ഞിട്ടുള്ള, സായുധവിപ്ലവമൊന്നും അടിയന്തര അജണ്ടയിലില്ലാത്ത സിപിഎം ഈ അക്രമ രാഷ്ട്രീയം ഇപ്പോഴും തുടരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഒരു സാധാരണ തിരഞ്ഞെടുപ്പ് പാര്‍ട്ടി മാത്രമായി മാറിപ്പോയാല്‍ മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളുടെ കൂട്ടത്തില്‍ ഒന്ന് മാത്രമായി കണക്കാക്കപ്പെടാന്‍ ഇടയാകും എന്ന ആശങ്ക നേതൃത്വത്തെ ബാധിച്ചിട്ടുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ വിദ്യാര്‍ഥി, യുവജന സംഘടനകളെ ഉപയോഗിച്ചുകൊണ്ടുള്ള അക്രമസമരങ്ങളും അത്യാവശ്യം കൊലപാതക രാഷ്ട്രീയവും മുന്‍ നിര്‍ത്തി, അണികള്‍ക്കിടയിലെങ്കിലും പാർട്ടിക്കൊരു വിപ്ലവമുഖം നിലനിർത്താനാകുമെന്നു നേതൃത്വം കരുതുന്നുണ്ടത്രേ. കാലഹരണപ്പെട്ട വിപ്ലവ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഇത്തരം പാഴ്ശ്രമങ്ങള്‍ ജനങ്ങള്‍ക്കാണ് പീഡനമായി മാറുന്നത്.
ഇത് യൂണിവേഴ്സിറ്റി കോളേജിലെ മാത്രം ഒരു പ്രശ്നമെന്നു കാണാതെ ബഹുഭൂരിപക്ഷം സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും നിലനില്‍ക്കുന്ന സാഹചര്യമാണെന്ന് മനസിലാക്കി കൂടുതല്‍ ഗൗരവത്തോടെ മലയാളി സമൂഹം ഇതിനെ അഭിമുഖീകരിക്കേണ്ടതുണ്ട്. മലയാളി സമൂഹം നേടിയതായി പൊതുവില്‍ കണക്കാക്കപ്പെടുന്ന പുരോഗമന രാഷ്ട്രീയ വളര്‍ച്ചക്ക് പിന്നില്‍ ഇത്തരം പല വൈകൃതങ്ങളും മറഞ്ഞിരിക്കുന്നുണ്ടെന്നു തിരിച്ചറിയേണ്ടതുണ്ട്. മലയാളി സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണം ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നുള്ള പാഠമാണ് ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളില്‍ നിന്നു പഠിക്കാനുള്ളത്.