1947ന്റെ ആദ്യ പാതി ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക നാളുകള്‍ ആയിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ അന്ത്യവും ഇന്ത്യാവിഭജനവും ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു എങ്കിലും ഒന്നോ അതിലധികമോ വിഭജനങ്ങള്‍ നടക്കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. സാധനവില കുതിച്ചുയരുക, ഭക്ഷ്യക്ഷാമം അനുഭവപ്പെടുക തുടങ്ങിയ വലിയ പ്രതിസന്ധികള്‍ക്കും അപ്പുറമായിരുന്നു ഇന്ത്യയുടെ ഐക്യം നേരിട്ടിരുന്ന ഭീഷണി.

ഈ സാഹചര്യം നിലനില്‍ക്കേയാണ് 1947ന്റെ മധ്യത്തോടെ സ്‌റ്റേറ്റ്‌സ് ഡിപ്പാർട്ട്മെന്റ് നിലവില്‍ വന്നത്. വലിപ്പംകൊണ്ടും ജനസംഖ്യകൊണ്ടും ഭൂപ്രകൃതികൊണ്ടും ധനശേഷികൊണ്ടും മറ്റും വ്യത്യസ്ത തലങ്ങളിലായിരുന്ന 550 നാട്ടുരാജ്യങ്ങളുമായി ഇന്ത്യ ഏതു വിധത്തിലുള്ള ബന്ധം നിലനിര്‍ത്തണമെന്ന വിഷയം കൈകാര്യം ചെയ്യുക എന്നതായിരുന്നു ഈ വകുപ്പു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. അക്കാലത്ത്, നാട്ടുരാജ്യങ്ങളെ സംബന്ധിച്ച പ്രശ്‌നം അത്രത്തോളം ഗൗരവമാര്‍ന്നതാണ് എന്നും അതു താങ്കള്‍ക്കേ പരിഹരിക്കാന്‍ സാധിക്കൂ എന്നും ഒരു വ്യക്തിയോട് മഹാത്മാഗാന്ധി നേരിട്ടു പറയുകയുണ്ടായി.

കുലീനമായ സര്‍ദാര്‍ പട്ടേല്‍ ശൈലിയില്‍ സൂക്ഷ്മതയോടും ദൃഢതയോടും ഭരണപാടവത്തോടുംകൂടി അദ്ദേഹം മുന്നോട്ടുനീങ്ങി. കുറഞ്ഞ സമയംകൊണ്ട് ചെയ്തുതീര്‍ക്കാനുള്ളത് ഏറെ കാര്യങ്ങള്‍ ആയിരുന്നു. പക്ഷേ, ചെയ്യുന്നത് ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നില്ല; തന്റെ രാജ്യം പിന്നോക്കം പോകരുതെന്ന നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്ന സര്‍ദാര്‍ പട്ടേലാണ്. നാട്ടുരാജ്യങ്ങള്‍ ഓരോന്നിനോടായി ചര്‍ച്ച നടത്തി, അവയൊക്കെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിത്തീരുന്നു എന്ന് അദ്ദേഹവും ഒപ്പമുള്ളവരും ഉറപ്പുവരുത്തി.

ഇന്ത്യയുടെ ഭൂപടം ഇന്നത്തെ രീതിയില്‍ ഇരിക്കാന്‍ കാരണം സര്‍ദാര്‍ പട്ടേലിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ്. സ്വാതന്ത്ര്യം ലഭിച്ച ഉടന്‍ ഗവണ്‍മെന്റ് ജോലിയില്‍നിന്നു വിരമിക്കാന്‍ താല്‍പര്യപ്പെട്ട വി.പി.മേനോനോട് ഇതു വിശ്രമിക്കാനോ വിരമിക്കാനോ ഉള്ള സമയമല്ല എന്നു സര്‍ദാര്‍ പട്ടേല്‍ ഉപദേശിച്ചു. ഉറച്ച തീരുമാനമായിരുന്നു സര്‍ദാര്‍ പട്ടേലിന്റേത്. വി.പി.മേനോനെ സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്രട്ടറിയാക്കി. ‘ദ് സ്റ്റോറി ഓഫ് ദ് ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്‌സ്’ എന്ന തന്റെ പുസ്തകത്തില്‍ സര്‍ദാര്‍ പട്ടേല്‍ എങ്ങനെ നേതൃത്വം നല്‍കി എന്നും ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ പ്രോല്‍സാഹനമേകി എന്നും വി.പി.മേനോന്‍ വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ഇന്ത്യന്‍ ജനതയുടെ താല്‍പര്യമാണെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ആയിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ഉറച്ച നിലപാടെന്നും പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1947 ഓഗസ്റ്റ് 15 നമ്മെ സംബന്ധിച്ചിടത്തോളം പുതുമയാര്‍ന്ന പ്രഭാതമായിരുന്നു എങ്കിലും രാഷ്ട്രനിര്‍മാണം തീര്‍ത്തും അപൂര്‍ണമായിരുന്നു. ദൈനംദിന ഭരണമോ ജനങ്ങളുടെ, വിശേഷിച്ച് ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കലോ ഉള്‍പ്പെടെ രാഷ്ട്രസേവനത്തിനായുള്ള ഭരണപരമായ ചട്ടക്കൂടൊരുക്കിയത് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ അദ്ദേഹമായിരുന്നു.

Read in English Logo Indian Express

പരിണിതപ്രജ്ഞനായ ഭരണാധികാരിയായിരുന്നു സര്‍ദാര്‍ പട്ടേല്‍. 1920കളില്‍ അഹമ്മദാബാദ് മുനിസിപ്പാലിറ്റി ഭരണനിര്‍വഹണം നടത്തിയതുവഴി ലഭിച്ച അനുഭവജ്ഞാനം സ്വതന്ത്ര ഇന്ത്യയുടെ ഭരണപരമായ ചട്ടക്കൂടൊരുക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിനു വളരെയധികം സഹായകമായി. അഹമ്മദാബാദ് നഗരം ശുചിത്വമാര്‍ന്നതാക്കുന്നതിനായി പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ സര്‍ദാര്‍ പട്ടേല്‍ നടത്തിയിട്ടുണ്ട്. ശുചീകരിക്കപ്പെട്ടതും തടസ്സമില്ലാത്തതുമായ ഓടകള്‍ അദ്ദേഹം ഉറപ്പാക്കി. റോഡുകള്‍, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി നഗര അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുകയും ചെയ്തു.

ഇന്ന് ഇന്ത്യയിൽ സജീവമായ സഹകരണ മേഖല ഉണ്ടാകാനുള്ള പ്രധാന കാരണം സര്‍ദാര്‍ പട്ടേലിന്റെ പ്രവര്‍ത്തനമാണ്. ഗ്രാമീണരെ, വിശേഷിച്ച് സ്ത്രീകളെ ശാക്തീകരിക്കാനുള്ള അദ്ദേഹത്തിന്റെ വീക്ഷണമാണ് അമുലിന്റെ അടിവേരുകള്‍ എന്നു കാണാം. എത്രയോ പേര്‍ക്കു പാര്‍പ്പിടവും അന്തസ്സും ഉറപ്പാക്കുംവിധം സഹകരണ ഭവന സംഘങ്ങള്‍ എന്ന ആശയം പ്രചരിപ്പിച്ചതും മറ്റാരുമല്ല.

വിശ്വാസ്യതയുടെയും ആത്മാര്‍ഥതയുടെയും ആള്‍രൂപമായിരുന്നു സര്‍ദാര്‍ പട്ടേല്‍. ഇന്ത്യന്‍ കര്‍ഷകര്‍ അദ്ദേഹത്തില്‍ അതുല്യമായ വിശ്വാസം അര്‍പ്പിച്ചിരുന്നു. എല്ലാറ്റിനുമുപരി, ബര്‍ദോളി സത്യാഗ്രഹം മുന്നില്‍നിന്നു നയിച്ച കര്‍ഷകപുത്രനായിരുന്നു അദ്ദേഹം. അധ്വാനവര്‍ഗത്തെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രതീക്ഷയുടെ വെളിച്ചമായിരുന്നു സര്‍ദാര്‍ പട്ടേല്‍. ഇന്ത്യയുടെ സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയെക്കുറിച്ചു കാഴ്ചപ്പാടുള്ള അതികായന്‍ എന്ന നിലയില്‍ ബഹുമാനിച്ചിരുന്ന അദ്ദേഹത്തിനൊപ്പം നിലകൊള്ളാന്‍ വ്യാപാരികളും വ്യവസായികളും ഇഷ്ടപ്പെട്ടിരുന്നു.

രാഷ്ട്രീയ കൂട്ടാളികളും സര്‍ദാര്‍ പട്ടേലിനെ വിശ്വസിച്ചിരുന്നു. ഒരു പ്രശ്‌നമുണ്ടാവുകയും മാര്‍ഗനിര്‍ദേശം തേടാന്‍ ബാപ്പു അടുത്തില്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ സര്‍ദാര്‍ പട്ടേലിനോടാണ് ഉപദേശം തേടിയിരുന്നത് എന്ന് ആചാര്യ കൃപലാനി പറഞ്ഞിട്ടുണ്ട്. 1947ല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ, സരോജിനി നായിഡു അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘തീരുമാനങ്ങള്‍ കൈക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവ്’ എന്നായിരുന്നു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും എല്ലാവരും വിശ്വാസത്തിലെടുത്തു. ജാതി, മത, വിശ്വാസ, പ്രായ ഭേദമന്യേ സര്‍ദാര്‍ പട്ടേല്‍ ബഹുമാനിച്ചുവരുന്നു.

ഈ വര്‍ഷത്തെ സര്‍ദാര്‍ ജയന്തി സവിശേഷതയാര്‍ന്നതാണ്. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹങ്ങളോടെ ‘സ്റ്റാച്യു ഓഫ് യൂനിറ്റി’ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. നര്‍മദാതീരത്തുള്ള ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയാണ്. നമ്മെയെല്ലാം നയിക്കാനും നമുക്കെല്ലാം പ്രചോദനമേകാനുമായി ‘ഭൂമിപുത്ര’നായ സര്‍ദാര്‍ പട്ടേല്‍ ഉയരെ നില്‍ക്കും.

സര്‍ദാര്‍ പട്ടേലിനുള്ള ശ്രദ്ധാഞ്ജലിയായ ഈ മഹാപ്രതിമ യാഥാര്‍ഥ്യമാക്കുന്നതിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ സ്വപ്‌ന പദ്ധതിക്കു തറക്കല്ലിട്ട 2013 ഒക്ടോബര്‍ 31ലേക്ക് എന്റെ ഓര്‍മകള്‍ മടങ്ങിപ്പോവുകയാണ്. വളരെ കുറഞ്ഞ കാലംകൊണ്ട് ഇത്ര വലിയ ഒരു പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടു എന്നത് ഓരോ ഇന്ത്യക്കാരനിലും അഭിമാനം സൃഷ്ടിക്കുന്നു. വരുംനാളുകളില്‍ ‘സ്റ്റാച്യു ഓഫ് യൂനിറ്റി’ സന്ദര്‍ശിക്കണമെന്ന് നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്.

‘സ്റ്റാച്യു ഓഫ് യൂനിറ്റി’ ഹൃദയങ്ങളുടെ ഐക്യവും മാതൃരാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഏകീകരണവും അടയാളപ്പെടുത്തുന്നു. വിഘടിച്ചുനിന്നാല്‍ പരസ്പരം അഭിമുഖീകരിക്കാന്‍ നമുക്കു തന്നെ സാധിക്കാതെ വരുമെന്ന് ഓര്‍മിപ്പിക്കുകകൂടി ചെയ്യുന്നു ഈ പ്രതിമ. ഒരുമിച്ചുനിന്നാല്‍ നമുക്കു ലോകത്തെ അഭിമുഖീകരിക്കാനും വളര്‍ച്ചയുടെയും യശസ്സിന്റെയും പുതിയ ഉയരങ്ങള്‍ താണ്ടാനും സാധിക്കും.
സാമ്രാജ്യത്വത്തിന്റെ ചരിത്രം ഇടിച്ചുപൊളിച്ച് ഇല്ലാതാക്കാനും ദേശീയതയുടെ ഊര്‍ജത്താല്‍ ഏകതയുടെ ഭൂമിശാസ്ത്രം കെട്ടിപ്പടുക്കാനും അദ്ഭുതപ്പെടുത്തുന്ന വേഗത്തില്‍ സര്‍ദാര്‍ പട്ടേല്‍ പ്രവര്‍ത്തിച്ചു. അദ്ദേഹം ഇന്ത്യയെ ബാള്‍ക്കനൈസേഷനില്‍നിന്നു രക്ഷപ്പെടുത്തുകയും ഏറ്റവും ദുര്‍ബലമായ ഘടകത്തെപ്പോലും ദേശീയ ചട്ടക്കൂടിന്റെ ഭാഗമാക്കിത്തീര്‍ക്കുകയും ചെയ്തു.

ഇന്ന്, 130 കോടി വരുന്ന ഇന്ത്യക്കാരായ നാം കരുത്തുറ്റതും അഭിവൃദ്ധി നിറഞ്ഞതും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ളതുമായ ഇന്ത്യ സൃഷ്ടിക്കാനായി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ഓരോ തീരുമാനവും കൈക്കൊള്ളുന്നത്, വികസനത്തിന്റെ ഫലങ്ങള്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചതുപോലെ സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക്, അഴിമതിയോ സ്വജനപക്ഷപാതമോ ഇല്ലാതെ എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook