കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ സര്‍വതല സ്പര്‍ശിയും സമഗ്രവുമാണെന്നെ വിദഗ്ധാഭിപ്രായങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് സമീപകാലത്തൊന്നുമില്ലാത്ത വിധം പിന്നോട്ടടിച്ചിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ തയാറാക്കിയ ബജറ്റ് പ്രതിസന്ധി തരണംചെയ്യാന്‍ എത്രത്തോളം സഹായകമാകുമെന്ന് കണ്ടറിയണം. അത്തരമൊരു പരിശോധന ഇവിടെ ഉദ്ദേശിക്കുന്നില്ല. ഈ ബജറ്റ് കേരളത്തെ എങ്ങിനെ ബാധിക്കുന്നുവെന്നതാണ്  അന്വേഷണ വിഷയം.

പ്രളയം കൊണ്ട് ദുരിതത്തിലാണ്ട കേരളത്തിന് യുഎഇ. ഭരണാധികാരികള്‍ 700കോടി രൂപ സഹായ വാഗ്ദാനം ചെയ്തപ്പോള്‍ അത് സ്വീകരിക്കാന്‍ നിയമപരവും സാങ്കേതികവുമായ ചില കാരണങ്ങള്‍ പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍  അനുവദിച്ചില്ല. ഇതിനെതിരെ കുറച്ച് പ്രതിഷേധങ്ങളുണ്ടായെങ്കിലും ആരും അത് ഗൗരവത്തിലെടുത്തില്ല. കേരളത്തിന് അര്‍ഹമായ ജിഎസ്‌ടി വിഹിതം നൽകുന്നില്ലെന്നും കടമെടുക്കുന്നതില്‍ കേന്ദ്രം അമിത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും കേരളത്തിന്‍റെ ധനമന്ത്രിയും മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു പരാതിപ്പെടാറുണ്ടെങ്കിലും പൊതുസമൂഹം അതിനെ രാഷ്ട്രീയ വിമർശനം എന്നതിനപ്പുറം കൂടുതല്‍ പ്രാധാന്യത്തോടെ സമീപിക്കുകയുണ്ടായില്ല.

ഇപ്പോള്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിന് യാതൊരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് കാണുമ്പോള്‍ ധനമന്ത്രിയും മറ്റും ഉന്നയിച്ചത് ഗൗരവമുള്ള വിഷയമായി കാണേണ്ടിയിരിക്കുന്നു. നടപ്പു വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തിന് അനുവദിച്ചത് 16400 കോടി ആയിരുന്നെങ്കില്‍ ഇത്തവണ 15200 കോടിയാണ് അനുവദിച്ചത്. മറ്റ് ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും ബജറ്റ് വിഹിതം വര്‍ധിപ്പിച്ചപ്പോഴാണ് കേരളത്തോട് ഈ ചിറ്റമ്മനയം. മാത്രമല്ല കേരളത്തിന്‍റെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് കേരളീയര്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഒന്നിന് പോലും ഈ ബജറ്റില്‍ തുക അനുവദിച്ചില്ലെന്നത് പോട്ടെ പരാമര്‍ശിക്കുക പോലും ചെയ്തില്ലെന്നതാണ് ദയനീയമായ അവസ്ഥ.

കേരളത്തിന് സബര്‍ബന്‍ റെയില്‍പാത അനുവദിക്കണമെങ്കില്‍ പകുതി ചെലവ് കേരളം വഹിക്കണമെന്ന് കേന്ദ്രം നിര്‍ബന്ധം പിടിക്കുമ്പോഴാണ് കര്‍ണാടകത്തിന് 18600 കോടിയുടെ സബര്‍ബന്‍ പാതയ്ക്ക് അനുമതി നല്‍കിയത്. ചെലവിന്‍റെ ഇരുപത് ശതമാനം കേന്ദ്രവിഹിതം അനുവദിക്കുകയും അറുപതു ശതമാനം വിദേശസഹായം തേടാന്‍ പച്ചക്കൊടി കാട്ടുകയും ചെയ്തു. കേരളത്തിലെ ദേശീയപാതാ വികസനത്തിലെ മെല്ലെപ്പോക്ക് പരിഹരിക്കുക, അങ്കമാലി-ശബരി റെയില്‍പാത, ഗുരുവായൂര്‍- കുറ്റിപ്പുറം റെയില്‍ പാത എന്നിവ ആരംഭിക്കുക, പ്രവാസി പുനരധിവാസം, സ്വപ്നപദ്ധതിയായ എയിംസ് തുടങ്ങി അനവധി വികസന പദ്ധതികള്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിസഭ തന്നെയും രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായുമെല്ലാം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നവയാണ്. അതിനോടെല്ലാം പൂര്‍ണമായ അവഗണനയുടെ സമീപനമാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും മറ്റും കേരളം നേടിയ വളര്‍ച്ചയാണത്രേ ഇത്തരമൊരു തിരിച്ചടിക്ക് കാരണമെന്നാണ് ചില വിദഗ്ദ്ധരുടെ അഭിപ്രായം. സ്വയംഭരണ സ്വഭാവമുള്ള ഒരു ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമ്മിഷന്‍റെ ഇടപെടലാണ് ഈ അവസ്ഥക്ക് കാരണമത്രേ. പന്ത്രണ്ടാമത് ധനകാര്യ കമ്മിഷന്‍റെ കാലം വരെ ബജറ്റ് വിഹിതം നിശ്ചയിച്ചിരുന്നത് 1971-ലെ ജനസംഖ്യാ കണക്ക് അനുസരിച്ചായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പതിനാലാമത് ധനകാര്യ കമ്മിഷന്‍ മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നതാകട്ടെ 2011-ലെ ജനസംഖ്യാ കണക്കും. 1971 മുതല്‍ 2011 വരെയുള്ള കാലയളവില്‍ മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ ജനസംഖ്യ വന്‍തോതില്‍ വളര്‍ന്നപ്പോള്‍ കേരളത്തില്‍ പഴയ അവസ്ഥ തന്നെ തുടരുകയും ചെയ്തു. ജനസംഖ്യ വർധിച്ച സംസ്ഥാനങ്ങള്‍ക്ക് വര്‍ദ്ധിച്ച വിഹിതം കിട്ടിയപ്പോള്‍ ജനസംഖ്യ അങ്ങിനെ വര്‍ദ്ധിക്കാതിരുന്ന കേരളത്തിന് വിഹിതവും വര്‍ദ്ധിച്ചില്ല. ഇതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ലെന്നാണ് ഇത്തരം വിദഗ്ധർ വാദിക്കുന്നത്.

പക്ഷേ മുകളില്‍ ചൂണ്ടിക്കാട്ടിയത് പോലെ നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍നിന്ന് പുതു വര്‍ഷത്തെ വിഹിതത്തിലേക്ക് എത്തിയപ്പോഴേക്കും 1160 കോടിയുടെ കുറവ് വരുന്നത് എങ്ങിനെയെന്ന് മനസിലാവുന്നില്ല. ജനസംഖ്യാ കണക്കിന് ഒരു പ്രസക്തിയുമില്ലതാനും. അടുത്ത ജനസംഖ്യാ കണക്ക് വരാനിരിക്കുന്നത് 2021-ലാണ്. അതെന്തായാലും ഒരു വർഷം കൊണ്ട് ജനസംഖ്യ ഇത്രയധികം കുറയുകയില്ലല്ലോ. അപ്പോള്‍ ജനസംഖ്യയിലെ വ്യത്യാസത്തെ ആസ്പദമാക്കിയല്ല ബജറ്റ് വിഹിതം തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്.

കേരളത്തിന്‍റെ ബജറ്റ് ഫെബ്രുവരി 7-നു അവതരിപ്പിക്കാനായി പണിപ്പുരയിലുള്ള
തോമസ്‌ ഐസക് ചോദിക്കുന്നത് കേന്ദ്രബജറ്റില്‍ കേരള വിഹിതമായി ഇരുപതിനായിരം
കോടി പ്രതീക്ഷിച്ചിരുന്നപ്പോള്‍ ഇത്രയധികം കുറവ് വന്ന സാഹചര്യത്തില്‍ അത്
നികത്താനായി നാലയ്യായിരം കോടി രൂപ എവിടെ നിന്ന് കണ്ടെത്തുമെന്നാണ്. ഇവിടെ
നിന്ന് പിരിച്ചു കേന്ദ്രത്തിനു അയച്ചുകൊടുക്കുന്ന ജിഎസ്ടിയില്‍നിന്ന്
കേരളത്തിന് ന്യായമായും തിരിച്ചു ലഭിക്കേണ്ട നഷ്ടപരിഹാര വിഹിതം പോലും
നല്‍കാതെ കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പശ്ചാത്തലത്തിലാണ് ബജറ്റ് വിഹിതത്തിലും ഇങ്ങിനെ കുറവ് വരുത്തിയിരിക്കുന്നത്. രാജ്യത്തെ 12 ലക്ഷം റബര്‍ കര്‍ഷകരില്‍ 10 ലക്ഷത്തെയും പേറുന്ന കേരളം റബര്‍ വിലസ്ഥിരതാ പദ്ധതിയിലേക്ക് കേന്ദ്രം 500 കോടി വകയിരുത്തുമെന്ന് പ്രതീക്ഷിച്ചതും അസ്ഥാനത്തായി. അതുകൊണ്ടാണ് സ്ഥിതി ഏറെ ഗുരുതരം തന്നെയാണെന്ന് തോമസ്‌ ഐസക് സൂചിപ്പിക്കുന്നത്.

ബിജെപിക്കു രാഷ്ട്രീയ പിന്തുണ നല്‍കാത്ത മലയാളികളെ ഒരു പാഠം പഠിപ്പിച്ചു കളയാമെന്നു അവരുടെ നേതൃതലത്തില്‍ ചിലരെങ്കിലും ചിന്തിക്കാന്‍ ഇടയായതിന്‍റെ ഫലമാണ് ഈ സ്ഥിതിവിശേഷമെന്ന് ആരെങ്കിലും ചിന്തിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കേരളത്തിലെ പൊതുസമൂഹത്തിലേക്ക് അവര്‍ക്കു കടന്നു കയറാന്‍ കഴിയുന്നില്ലെന്നത് രാഷ്ട്രീയമായി വലിയൊരു ദൗര്‍ബല്യമാണെന്നു ബിജെപി അഖിലേന്ത്യാ നേതൃത്വം തന്നെ തുറന്നുസമ്മതിച്ചിട്ടുള്ളതാണ്. അപ്പോള്‍ ഇങ്ങിനെ ഒരു പ്രതികാരചിന്ത സ്വാഭാവികമാണെന്ന് വാദിക്കാം. പക്ഷെ കേന്ദ്രാധികാരം കയ്യാളുന്ന ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനു ചേര്‍ന്നതല്ല ഈ സമീപനം. അത്തരമൊരു താഴ്ന്ന നിലവാരത്തിലേക്ക് അവര്‍ നിപതിക്കുകയില്ലെന്നു പ്രതീക്ഷിക്കാം.

വര്‍ണജാതി വ്യവസ്ഥക്കെതിരായി കേരളത്തില്‍ അടിത്തട്ടില്‍നിന്ന് തന്നെ
ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച ജനാധിപത്യാന്തരീക്ഷമാണ്
കേരളത്തെ ഏറെ വ്യത്യസ്തമാക്കിയത്. ബിജെപിയുടെ മതാധിഷ്ഠിത രാഷ്ട്രീയം
ഇവിടെ വേരു പിടിക്കാത്തതും അതുകൊണ്ടുതന്നെ. ഈ യാഥാര്‍ത്ഥ്യം  തിരിച്ചറിഞ്ഞുകൊണ്ടുള്ള പക്വതയോടു കൂടിയ സമീപനം അവരുടെ ഭാഗത്തുനിന്നു
ഉണ്ടാകുമെന്ന് കരുതാം. കേന്ദ്ര ബജറ്റിന് അന്തിമരൂപം തയാറാകുമ്പോള്‍ കേരളത്തോടുള്ള ഈ തികഞ്ഞ അവഗണന ഭാഗികമായിട്ടെങ്കിലും തിരുത്താനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook