ജെയ്‌റ്റ്‌ലി ബജറ്റ് തുടങ്ങിയത് തന്നെ ഗ്രാമീണ- കൃഷി മേഖലയിലൂന്നിയാണ്. 2022 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നത് വീണ്ടും ആവർത്തിച്ചിട്ടുണ്ട്. പക്ഷെ, ഇപ്പോഴത്തെ നിലയിൽ പോയാൽ, 2022 ൽ കർഷകന്‍റെ വാർഷിക വരുമാനം ഇന്നത്തെ ദാരിദ്ര്യ രേഖയിൽ നിന്നും ഒരു പടി മുന്പിൽ നിന്നും ഏകദേശം 90000 രൂപ ആക്കാൻ എന്താണ് നൽകിയതെന്ന് നോക്കണം.

22000 റൂറൽ ഹാട്ടുകളെ ഗ്രാമീണ കൃഷി ചന്തകൾ ആക്കി, e-NAM നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിച്ചു ഉപഭോക്താവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനും, കൃഷിയെ MGNREGA യുമായി ബന്ധിപ്പിക്കും, ഹോൾട്ടികൾച്ചർ സ്കീം, ഓർഗാനിക് ഫാമിങ്, കിസാൻ ക്രെഡിറ്റ് കാർഡ് മത്സ്യ-കന്നുകാലി വളർത്തൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതും, ഒക്കെ നീക്കി നിർത്തിയാൽ ഒരു ‘ബിഗ് പുഷി’ നായി ജെയ്‌റ്റ്‌ലി കാർഷിക മേഖലക്ക് എന്ത് നൽകിയെന്നു ഈ ബജറ്റിൽ നിന്നും വ്യക്തമല്ല. കാരണം കാർഷിക മേഖലയുടെ മൊത്തം നീക്കിയിരുപ്പ് 12 ശതമാനം മാത്രമാണ്. അത് കഴിഞ്ഞ വർഷവും നൽകിയതാണ്.

കൃഷിയും അനുബന്ധ സേവനങ്ങളും (രൂപ കോടിയിൽ​)
2016-’17 (Actual) 50184
2017-’18 (RE) 56589
2018-’19 (BE) 63836

മാത്രമല്ല, ഒരു മേഖലയ്ക്ക് പ്രത്യക പരിഗണന നൽകുമ്പോൾ അതനുസരിച്ചുള്ള നീക്കിയിരുപ്പും കാണണം, എന്നാൽ കൃഷിയ്ക്കും അനുബന്ധ മേഖലയ്ക്കും കിട്ടിയത്, മൊത്തം ബജറ്റ് നീക്കിയിരുപ്പിന്‍റെ, വെറും 2.6 ശതമാനം മാത്രമാണ്. ബജറ്റ് പ്രസംഗത്തിന്‍റെ 10 ശതമാന സമയം ഉപയോഗിച്ചെന്ന് പറഞ്ഞാൽ അത് കർഷകർക്ക് ആശ്വാസം നൽകില്ല. കടക്കെണിയിലുള്ള കർഷകർക്ക് എന്ത് നൽകി, ലക്കും ലഗാനുമില്ലാതെ ഉയരുന്ന input prices നിയന്ത്രിക്കാൻ എന്ത് ഉപാധി, ഒപ്പം താങ്ങുവില നൽകാൻ എത്ര നീക്കിവച്ചു? ഇതെല്ലാം കണക്കിലാക്കിയാലേ ധനമന്ത്രിയും പ്രധാനമന്ത്രിയും ഉദ്‌ഘോഷിക്കുന്ന കാർഷിക സ്നേഹം കണക്കിൽ തെളിയുന്നില്ല എന്നു വ്യക്തം.

പ്രതീക്ഷയുണ്ടായിരുന്നു, ഇക്കണോമിക് സർവേയിൽ ഉയർന്നു വരുന്ന സ്ത്രീ കർഷകരുടെ എണ്ണവും എന്തിന്‍റെ കുടുംബത്തിലും, സമൂഹത്തിലും എന്തിന്‍റെ അനന്തര ഫലവും പറഞ്ഞു കൈയ്യടി നേടിയപ്പോൾ കരുതി, സ്ത്രീ കർഷകർക്കായി എന്തെങ്കിലും ധനമന്ത്രി കരുതുമെന്ന്. ധനമന്ത്രി, നിങ്ങൾ അവരെ തീർത്തും നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ.

ഇന്ത്യയുടെ ജിഡിപി വരുമാനത്തിന്‍റെ 16 ശതമാനം സംഭാവന ചെയ്യുന്ന കാർഷിക മേഖല, മൊത്തം തൊഴിലാളികളുടെ 46 ശതമാനത്തിന്‍റെ ഉപജീവനമാർഗമായ മേഖല കൂടിയാണ്. ശക്തമായ നീക്കിയിരുപ്പും ഉത്പന്നങ്ങളെ വേണ്ടരീതിയിൽ ശീതീകരിച്ചു സംരക്ഷിക്കാനും, ചന്തകളിലേക്കു യഥാസമയം എത്തിക്കാനും, നല്ല വില കിട്ടാനും, പിന്നെ ടെക്നോളജിയുടെ ഫലം കണക്റ്റിവിറ്റിക്കു അപ്പുറം ഉത്പാദന പ്രക്രിയയിൽ വ്യാപിപ്പിക്കാനുള്ള ഒന്നും തന്നെ ഈ ബജറ്റിൽ ഇല്ലായെന്ന് ഈ മേഖലയെ സംബന്ധിച്ചിടത്തോളം ഈ കാലഘട്ടത്തിൽ കനത്ത തിരിച്ചടിയാണ്. സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉത്പാദന വിപണന രംഗങ്ങളിൽ ലോകം മുഴുവൻ ഉപയോഗിക്കുമ്പോൾ നമ്മുടെ ബജറ്റിൽ പോലും അതേ കുറിച്ച് മൗനം എന്നത് ഈ മേഖലയെ കുറിച്ച് എത്രത്തോളം ആധുനികമാകേണ്ടതുണ്ട് നമ്മുടെ രാഷ്ട്രീയ സാമ്പത്തിക സാങ്കേതിക വിദ്യാ നേതൃത്വങ്ങൾ എന്നു കൂടി ഓർമ്മിപ്പിക്കുന്നുണ്ട്.

മാറ്റങ്ങൾ വരുന്നത് ‘ബിഗ് പുഷ്’ പ്രയത്നങ്ങൾ ഉണ്ടാവുമ്പോൾ ആണ്. ധനകമ്മി കുറക്കാനുള്ള ശ്രമത്തിൽ, ധനമന്ത്രി വീണ്ടും കർഷകരെയും, കാർഷികമേഖലയെയും സ്വപ്ന ലോകത്തിലേയ്ക്ക് കൊണ്ട് പോയി താഴേക്കിട്ട പ്രതീതിയാണ്, ബജറ്റ് അവതരണ പ്രസംഗവും, ബജറ്റിലെ അക്കം തിരിച്ച നീക്കിയിരുപ്പും നൽകുന്ന പാഠം.

പോളിസി അനലിസ്റ്റും സാമ്പത്തികശാസ്ത്ര ഗവേഷകയുമാണ് ലേഖിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook