scorecardresearch

സർവകലാശാലകളെ തളർത്തുന്ന യു ജി സി

നിലവിൽ ഏറെ വിവാദമായിരിക്കുന്ന യു ജി സിയുടെ നിയമ ഭേദഗതികൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് രാജ്യസഭാംഗമായ മനോജ് ഝാ എഴുതുന്നു

നിലവിൽ ഏറെ വിവാദമായിരിക്കുന്ന യു ജി സിയുടെ നിയമ ഭേദഗതികൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് രാജ്യസഭാംഗമായ മനോജ് ഝാ എഴുതുന്നു

author-image
WebDesk
New Update
education

വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട യുജിസി നിയമം 2025ലെ കരടിലെ വ്യവസ്ഥകൾ സർവകലാശാലകളുടെ സ്വയംഭരണം, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ, ഫെഡറലിസത്തിന്റെ തത്വം എന്നിവയിൽ വെള്ളം ചേർക്കുന്നതിനാൽ ന്യായമായും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഈ കരട് തയ്യാറാക്കുന്നതിലൂടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ (എച്ച്ഇഐ) നിയന്ത്രിക്കാനൊരുങ്ങുമ്പോൾ പ്രധാന ലക്ഷ്യങ്ങൾ അധികാരികൾ മറന്നുപോയതായി തോന്നുന്നു.

Advertisment

വ്യവസ്ഥാപരമായ വെല്ലുവിളികളെ നേരിടാൻ ചില പരിഷ്കാരങ്ങൾ ആവശ്യമാണ്. എന്നാൽ, ഒരു കേന്ദ്ര സർവകലാശാലയിലെ അധ്യാപകൻ എന്ന നിലയിൽ, ഫാക്കൽറ്റി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കുമുള്ള വ്യവസ്ഥകളിൽ കരട് ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന വ്യാപകമായ മാറ്റങ്ങളെ എടുത്തുകാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തവും സുതാര്യവും സ്ഥിരതയുള്ളതുമായ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിലൂടെ, രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് സർവകലാശാലകളെ സംരക്ഷിക്കുന്നതിനും, ഭരണപരമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും, സ്ഥാപനപരമായ സ്വയംഭരണം ഉയർത്തിപ്പിടിക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ ഉദ്ദേശിക്കുന്നത്. പക്ഷേ, അവ ഇപ്പോഴത്തെ രൂപത്തിൽ സ്വീകരിച്ചാൽ, 2025ലെ ചട്ടങ്ങൾ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക്  കനത്ത ആഘാതമായിരിക്കും ഏൽപ്പിക്കുക.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) ഉത്തരവ് പാഠ്യപദ്ധതികൾക്കായുള്ള അജണ്ടകൾ നിശ്ചയിക്കുന്നതിലേക്ക് വ്യാപിക്കുന്നില്ല. എന്നാൽ, കരട് ചട്ടങ്ങളുടെ ക്ലോസ് 3.8, വ്യക്തമായ പ്രത്യയശാസ്ത്രാധിഷ്ഠിതവും വിപണി നിയന്ത്രിതവുമായ ലക്ഷ്യങ്ങളിലേക്കുള്ള അക്കാദമിക് ശ്രദ്ധയുടെ പുനഃക്രമീകരണത്തെ സൂചിപ്പിക്കുന്നു. "ഇന്ത്യൻ ജ്ഞാന സംവിധാനങ്ങളിലെ അധ്യാപന-പഠനവും ഗവേഷണവും," "സ്റ്റാർട്ടപ്പുകൾ" തുടങ്ങിയ മേഖലകളിലെ സംഭാവനകൾക്ക് അവ ഊന്നൽ നൽകുന്നു. ക്ലോസ് 4.1 (iii) പ്രകാരം കുറഞ്ഞത് മൂന്ന് വർഷത്തേക്ക് അസോസിയേറ്റ് പ്രൊഫസർമാരായി സേവനമനുഷ്ഠിച്ചില്ലെങ്കിൽ 10 വർഷത്തിൽ കൂടുതൽ പരിചയമുള്ള അസിസ്റ്റന്റ് പ്രൊഫസർമാരെ പ്രൊഫസർഷിപ്പുകൾക്ക് നേരിട്ട് അപേക്ഷിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്നു.

നിലവിൽ അവരുടെ അധ്യാപന, ഗവേഷണ സംഭാവനകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽപ്രൊഫസർഷിപ്പിന് യോഗ്യതയുള്ള അസിസ്റ്റന്റ് പ്രൊഫസർമാർക്ക് ഇത് തിരിച്ചടിയാകുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇത് ഒരു അധിക തടസ്സം സൃഷ്ടിക്കുകയും അവരുടെ  പണ്ഡിതോചിതമായ സംഭാവനകൾക്ക് അംഗീകാരം ലഭിക്കാതെയാകുകയും ചെയ്യുന്നു. ലെവൽ 14ലെ പ്രൊഫസർമാരിൽ 10 ശതമാനം പേർക്ക് മാത്രമേ ലെവൽ 15ലേക്ക് സ്ഥാനക്കയറ്റം നൽകാൻ കഴിയൂ. ഈ വ്യവസ്ഥ ഒരു കൃത്രിമ ക്വാട്ടയും ഏകപക്ഷീയതയുമാണ് മുന്നോട്ട് വെക്കുന്നത്. പ്രൊഫസർമാർക്കിടയിൽ അനാവശ്യമായ ഒരു മേൽക്കോയ്മാ ശ്രേണി സൃഷ്ടിക്കാൻ ഇത് ഇടയാക്കും, അത് സഹവർത്തിത്വത്തെയും ഫാക്കൽറ്റിയുടെ മനോവീര്യത്തെയും തകർക്കുന്നതിന് കാരണാകും.

Advertisment

നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം (CAS) അപേക്ഷകൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണം.  വിലയിരുത്തലിന് ശേഷം സ്ഥാനക്കയറ്റം ഏറ്റവും  മിനിമം യോഗ്യതാ തീയതിയിലേക്ക് മാറ്റണം. ഇത് ന്യായയുക്തത ഉറപ്പാക്കുകയും സ്ഥാപനപരമായ കാലതാമസത്തിൽ നിന്ന് ഫാക്കൽറ്റിയെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ, ക്ലോസ് 5.6 പിൽക്കാല പ്രാബല്യ (ബാക്ക്ഡേറ്റിങ്) വ്യവസ്ഥ നീക്കം ചെയ്യുന്നു, ഇത് സർവകലാശാലകൾക്ക് ഉത്തരവാദരാഹിത്യത്തോടെ  സ്ഥാനക്കയറ്റം വൈകിപ്പിക്കാൻ വഴിയൊരുക്കുന്നു. ഈ മാറ്റം ഫാക്കൽറ്റിക്ക് അന്യായമായ ശിക്ഷയായി മാറുന്നു. ഭരണപരമായ കാര്യക്ഷമത സീനിയോറിറ്റി, ശമ്പളം, പ്രൊഫഷണൽ അംഗീകാരം എന്നിവയുടെ കാര്യത്തിൽ ഇത് കരിയർ തിരിച്ചടികൾക്ക് കാരണമാകും.

2018ലെ ചട്ടങ്ങൾ ഗവേഷണവുമായി  പുസ്തകങ്ങളും പുസ്തകങ്ങളിലെഴുതിയിട്ടുള്ള അധ്യായങ്ങളും സ്ഥാനക്കയറ്റത്തിനുള്ള  അർഹതയിൽ നിന്ന് ഒഴിവാക്കിയിരുന്നു, എന്നാൽ കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകരിൽ നിന്ന് അത്രയും തന്നെ പ്രസിദ്ധീകരണങ്ങൾ ജേണലുകളില്‍ വേണമെന്ന് നിർബന്ധമാക്കി. 2025ലെ കരട് ചട്ടങ്ങൾ മുൻ മാനദണ്ഡങ്ങൾ പുനഃസ്ഥാപിക്കുകയും കോളേജ് അധ്യാപകരെ ലെവൽ 14ലേക്കുള്ള പ്രമോഷനുകൾക്കുള്ള പ്രസിദ്ധീകരണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. വിമർശനങ്ങൾക്കിടയിലും യുജിസി 2018 ലെ നയം നടപ്പിലാക്കിയിരുന്നു. അക്കാദമിക് ജേണലുകളുടെ കൺസോർഷ്യം ഫോർ അക്കാദമിക് ആൻഡ് റിസർച്ച് എത്തിക്സ് (CARE ലിസ്റ്റ്) പട്ടിക അടുത്തിടെ ഇല്ലാതാക്കിയതിനൊപ്പം  ഈ  പിൻവലിക്കലുകളും ഗവേഷണ പ്രസിദ്ധീകരണ മാനദണ്ഡങ്ങളോടുള്ള പൊരുത്തമില്ലാത്തതും ഉത്തരവാദിത്തരഹിതവുമായ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

മാനദണ്ഡങ്ങളിലെ ഈ പരസ്പരം പൊരുത്തപ്പെടാത്തതും തോന്നുപടിയുള്ളതുമായ മാറ്റങ്ങൾ അക്കാദമിക് കരിയർ പദ്ധതികളെ തടസ്സപ്പെടുത്തുകയും അധ്യാപനത്തിലും ഗവേഷണത്തിലുമുള്ള ദീർഘകാല പദ്ധതികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.  മൂല്യധിഷ്ഠതമായതും വിവേചനരഹിതമായതും നീതിപൂർവ്വകവുമായ പരിഗണന ഉറപ്പാക്കിയില്ലെങ്കിൽ, ഫാക്കൽറ്റി ഭരണാധികാരികളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങി തുടരും, കൂടാതെ നിയന്ത്രണങ്ങൾ  ഒരുതരം സെൻസർഷിപ്പിനും ശിക്ഷയ്ക്കും സമാനമാണ്. ഒരു റെഗുലേറ്ററി സംവിധാനം നീതി, നിശ്ചിതത്വം, ദീർഘവീക്ഷണം, ഭാവിയെ മുൻകൂട്ടികാണാനുള്ള പ്രവചനാത്മകത എന്നിവയുടെ തത്വങ്ങൾ ഉൾക്കൊള്ളണം.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (HEI) നിയന്ത്രണത്തിൽ പ്രധാന മാറ്റങ്ങൾ നിർദ്ദേശിച്ചു, അതിൽ യു ജി സി (UGC) പിരിച്ചുവിടുകയും പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ (HECI) സ്ഥാപിക്കുന്നതിനും ശിപാർശ ചെയ്തു.

ദേശീയ വിദ്യാഭ്യാസ നയം (NEP) ഉന്നതമായ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ചു, എന്നാൽ ആവശ്യമായ നിയമനിർമ്മാണപരവും ഘടനാപരവുമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലെ കാലതാമസം കാരണം ഇവ യാഥാർത്ഥ്യമാകാതെ തുടരുന്നു. അതേസമയം, അത്തരം നടപടികളെ പിന്തുണയ്ക്കുന്നതിനുള്ള നിയമനിർമ്മാണ ചട്ടക്കൂടില്ലാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ യു ജി സി  തുടർന്നും അധികാരം പ്രയോഗിക്കുന്നു.

കേന്ദ്ര ശമ്പള കമ്മീഷനുകളുടെ ശുപാർശകളെത്തുടർന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റികളുടെ നിയമനം, സ്ഥാനക്കയറ്റം, സേവന വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള നിയന്ത്രണങ്ങൾ ചരിത്രപരമായി ശമ്പള ഘടന പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2025ലെ കരട് ചട്ടങ്ങളുടെ ക്ലോസ് 1.3 ൽ ഇങ്ങനെ പറയുന്നു, “ഇവ വിജ്ഞാപന തീയതി മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, ശമ്പള പരിഷ്കരണം നടപ്പിലാക്കുന്ന തീയതി 2016 ജനുവരി 1 ആയിരിക്കും.” ഇവിടെ പരാമർശിച്ചിരിക്കുന്ന നടപ്പാക്കൽ തീയതി ഏഴാം ശമ്പള കമ്മീഷന്റേതാണ്, ഇത് കോപ്പി-പേസ്റ്റിന്റെ ദയനീയമായ അവസ്ഥ വെളിപ്പെടുത്തുന്നു.

എന്തുകൊണ്ടാണ് ഈ തിടുക്കം?

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റി ഒഴിവുകൾ നികത്തണമെന്ന ആവശ്യം വളരെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ ജനാധിപത്യത്തിന്റെയും മികവിന്റെയും ചാലകശക്തിയായി വിദ്യാഭ്യാസത്തെ കരുതുന്നവരിൽ വിവിധ സർവകലാശാലകളിലെ നിയമനങ്ങൾ ആഴത്തിലുള്ള അസ്വസ്ഥത ഉളവാക്കുന്നു. അതുപോലെ, പ്രത്യേകിച്ച് എസ്‌സി, എസ്ടി, ഒബിസി ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ, എൻ‌എഫ്‌എസിന്റെ (ഉചിതമല്ലെന്ന് കണ്ടെത്തല്‍ അഥവാ Not Found Suitable ) എന്ന പതിവ് ഉപയോഗം പ്രാതിനിധ്യത്തിന്റെയും വ്യവസ്ഥാപരമായ വിവേചനത്തിനെതിരായ നടപടികളും സ്വീകരിക്കുക എന്ന് ആശയത്തിന് ഗുരുതരമായി ദോഷം ചെയ്യുന്നു. പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ മുൻകാല വ്യക്തിത്വത്തിന്റെ മങ്ങിയ നിഴലായി ചുരുക്കപ്പെടുന്നതിൽ എനിക്ക് വേദനയുണ്ട്. ക്യാമ്പസ് സംസ്കാരം ആക്രമണങ്ങളിലും ശിക്ഷാനടപടികളിലും മുങ്ങിത്താഴുകയാണ്.

നിലവിലെ ഭരണകൂടം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യയശാസ്ത്രപരമായ താൽപ്പര്യാധിഷ്ഠിത നിയമനങ്ങൾ നടത്തുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്, യോഗ്യരായ സ്ഥാനാർത്ഥികളുടെ കുറവിനെക്കുറിച്ചുള്ള പരാതികൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഭരണകൂടവുമായും അതിന്റെ അനുബന്ധ ഗ്രൂപ്പുകളുമായും പ്രത്യയശാസ്ത്രപരമായി യോജിക്കുന്നില്ലെന്നതാണ് ഈ ഉദ്യോഗാർത്ഥികളുടെ   കുറവ്. യോഗ്യതയില്ലാത്ത വ്യക്തികളുടെ ചെറിയ നിക്ഷിപ്ത ഗ്രൂപ്പുകൾ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നിലധികം ഭരണപരമായ സ്ഥാനങ്ങൾ വഹിക്കുന്നു എന്നതും ചില സന്ദർഭങ്ങളിൽ, ചില വ്യക്തികൾ ഒന്നിലധികം സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നതും ഇതിൽ നിന്ന് വ്യക്തമാണ്. ഭരണകൂടം, തങ്ങൾക്ക് അനുയോജ്യമെന്ന് കരുതുന്നവരുടെ യോഗ്യതയുടെ അടിസ്ഥാനത്തെ മാത്രം കണ്ടുകൊണ്ട് ലക്ഷ്യങ്ങൾ മാറ്റുന്നു. 2025 ലെ കരട് നിയന്ത്രണം ലക്ഷ്യങ്ങൾ മാറ്റുന്നതിനുള്ള മറ്റൊരു ശ്രമമാണ്. ഭരണഘടനാ മാനദണ്ഡങ്ങളിൽ അടിസ്ഥാനമാക്കി നിർദ്ദിഷ്ട കരട് ചട്ടങ്ങൾ വിലയിരുത്തുക എന്നതാണ് സർക്കാരിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ കാര്യം.

മനോജ് ഝാ രാഷ്ട്രീയ ജനതാദളിന്റ രാജ്യസഭാഗംമാണ്

Higher Education Teachers Ugc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: