ട്വിറ്റർ സി ഇ ഒ, ജാക്ക് ഡോഴ്സി, കൈയിലൊരു പോസ്റ്ററുമായി ചില ഇന്ത്യൻ മാധ്യമപ്രവർത്തകരോടും ദലിത്- ബഹുജൻ ആക്ടിവിസ്റ്റുകളോടുമൊപ്പം നിൽക്കുന്ന ഒരു ഫൊട്ടോ ബി ജെ പി /ആർ എസ് എസ് മണ്ഡലത്തിൽ നിന്നുള്ള ബ്രാഹ്മണിക്കൽ ശക്തികൾ ഒരു വലിയ വിവാദപ്രശ്നമാക്കി വളർത്തിയെടുത്തിരിക്കുകയാണ്. ആ പോസ്റ്ററിൽ എഴുതിയിരിക്കുന്നത് “ ബ്രാഹ്മണിക്കൽ പാട്രിയാർക്കി (ബ്രാഹ്മണിക്കൽ പിതൃമേധാവിത്വം) തകരട്ടെ” എന്നാണ്. ടി വി മോഹൻദാസ് പൈയ്ക്കും മറ്റു ചിലർക്കുമൊപ്പം കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറും ഇക്കാര്യത്തെ പരിഭ്രാന്തി സൃഷ്ടിക്കുന്ന ഒരു വിഷയമായി മാറ്റിയിരിക്കുന്നു. ചിലരിതിനെ മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ഭയപ്പെടുത്തുന്നതിനുള്ള അവസരമായും ഉപയോഗിച്ചു.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിൽ വേണം ഈ പോസ്റ്ററിനെ നോക്കിക്കാണുവാൻ. 10 നും 50 നും ഇടയിൽ പ്രായമുള്ള, അതായത് ആർത്തവകാലമുള്ള സ്ത്രീകൾക്ക് ശബരിമല പ്രവേശനം നിഷേധിക്കുന്നു എന്നത് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിഷയമായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീ വിരുദ്ധ സമരത്തെ പിന്തുണയ്ക്കുന്നത് ആർ എസ് എസ്/ ബി ജെപി ആണെന്നറിയുന്നു. ഇതാണെങ്കിലോ, സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി വന്നതിനുശേഷവുമാണ്. ഇതേ സംഘമാണ് മുത്തലാഖിനെതിരായി മുസ്ലിം സ്ത്രീകളെ സംഘടിപ്പിച്ചത്. എന്നാൽ, ശബരിമല വിഷയത്തിൽ, അവർ സവർണ്ണ സ്ത്രീകളെ അവരുടെ തന്നെ അവകാശങ്ങൾക്കെതിരായി സംഘടിപ്പിക്കുന്നു. നിലപാടിലെ ഈ മാറ്റം ലോകം മനസ്സിലാക്കുമോ?
സ്ത്രീകളുടെ ആത്മീയകാര്യങ്ങളിൽ കൂടുതൽ സ്വതന്ത്രനിലപാടുള്ള പാശ്ചാത്യരാജ്യങ്ങൾ ഇതിനെ താലിബാനി പാട്രിയാർക്കിയുടെ ഇന്ത്യൻ പതിപ്പായി കാണുന്നു. പൊതുസ്ഥലങ്ങളിൽ മുസ്ലിം സ്ത്രീകളുടെ ശരീരം പുരുഷന്മാരുടെ കണ്ണുകളിൽ നിന്നും പൂർണ്ണമായും മറഞ്ഞിരിക്കണമെന്ന് താലിബാനി പുരുഷാധിപത്യം ആവശ്യപ്പെടുന്നു. ഈ സാഹചര്യങ്ങളിൽ നിന്നാണ് പാകിസ്ഥാനിലെ മലാല യൂസഫ്സായ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും പുരുഷന്മാർക്കും ആൺകുട്ടികൾക്കുമൊപ്പമുള്ള തുല്യാവകാശങ്ങൾക്കുള്ള പോരാട്ടങ്ങളുടെ ആഗോളപ്രചാരകയായി ഉയർന്നുവന്നത്.
ഇതിന് സമമായ ഒരു ഭീകര ചിത്രമാണ് ആർത്തവ പ്രായത്തിലൂള്ള സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കുന്നതിലൂടെ ഇന്ത്യയിലെ ബ്രാഹ്മണിക്കൽ പാട്രിയാർക്കിയും സൃഷ്ടിക്കുന്നത്. പ്രത്യേക ശരീരദ്രവമായ രേതസ്സ് അഥവാ ശുക്ലമടങ്ങുന്ന പുരുഷ ശരീരം എല്ലായിടത്തും സ്വീകാര്യമാണ്, അയാൾക്കെല്ലാ അവകാശങ്ങളും അനുവദിച്ചിട്ടുമുണ്ട്, എന്നാൽ ആർത്തവരക്തമുള്ള സ്ത്രീയുടെ ശരീരം അനുവദനീയമല്ലാ ത്തതായി കരുതപ്പെടുന്നു. പുരുഷനുള്ള അവകാശങ്ങൾക്ക് അവൾക്ക് ലഭിക്കുന്നില്ല. ഇത് അത്യന്തം ഹീനമായ നിലപാടാണ്. ഡോഴ്സി, പോസ്റ്ററിനെ ആ കാഴ്ചപ്പാടിലാണ് നോക്കുന്നതെന്നും ഈ രീതിയിലുള്ള പാട്രിയാർക്കിയെ എതിർക്കണമെന്നാഗ്രഹിക്കുന്നുണ്ടെന്നും നമുക്ക് സങ്കൽപ്പിച്ചു നോക്കാം. എന്താണതിലെ തെറ്റ്? ശബരിമലയിൽ സംഭവിക്കുന്ന കാര്യങ്ങളെ നമുക്ക് ലോകത്തിന്റെ കണ്ണുകളിൽ നിന്നും മറച്ചുവയ്ക്കാനാകുമോ?
താലിബാനി പാട്രിയാർക്കിയെ ലോകം വെറുക്കണമെന്നും എന്നാൽ ബ്രാഹ്മണിക്കൽ പാട്രിയാർക്കിയെ ആ വിധത്തിൽ കാണരുതെന്നുമാണ് ഹിന്ദുത്വ- ബ്രാഹ്മണിസം കൂട്ടുകെട്ട് കരുതുന്നത്. ഈ രീതിയിലുള്ള പാട്രിയാർക്കി എന്തുകൊണ്ടാണു ബ്രാഹ്മണിക്കൽ എന്നു വിളിക്കപ്പെടുന്നത്? എന്തുകൊണ്ടാണിത് ശൂദ്ര/ ദലിത്/ ആദിവാസി പാട്രിയാർക്കിയെന്ന് മുദ്ര കുത്തപ്പെടാത്തത്? ഇതാണ് ചോദ്യം. ചരിത്ര പരമായി, ആദ്ധ്യാത്മികമായും, സ്ത്രീയുടെ ശരീരവും അതിലെ അശുദ്ധിയും ഒരു ബ്രാഹ്മണിക്കൽ നിർമ്മിതിയാണ്. ശൂദ്ര/ ദലിത്/ ആദിവാസി ജനതകളിലെ ആത്മീയസംവിധാനങ്ങളിൽ ഇത്തരം ആൺ/ പെൺ വ്യത്യാസങ്ങളില്ല. ഉദാഹരണത്തിന്, അയ്യപ്പൻ ഒരു ആദിവാസി/ ദലിത്/ ശൂദ്ര ദേവനായിരുന്നു, ആണ്. അവരാണ് കൂടുതലായും മാലയിട്ട് കറുത്ത വസ്ത്രങ്ങളുമണിഞ്ഞ് മലയ്ക്കു പോകുന്നത്. ബ്രാഹ്മണർ പൊതുവെ മലയ്ക്ക് പോകാറില്ല. പക്ഷേ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവർ, കാവിയെ ഹിന്ദുവിന്റെ നിറമായി ആദരിക്കുന്നവരാണ്, അല്ലാതെ, കറുത്ത വേഷവിധാനമോ ദലിത് -ബഹുജൻ നിറങ്ങളോ അംഗീകരിക്കുന്നവരല്ല.
ഭർത്താക്കന്മാരോടോ മക്കളോടോ സഹോദരന്മാരോടൊ ഒപ്പം സ്ത്രീകൾ ക്ഷേത്രങ്ങളിൽ പോകുന്നത് ശബരിമലയിലെ ആത്മീയാനുഭവങ്ങളുടെ ഭാഗമായിരുന്നു. അത് ശൂദ്രരുടെയും ദലിതുകളുടെയും ആദിവാസികളുടെയും രീതി കൂടിയാണ്. ആദിവാസി പുജാരിമാരെ പുറന്തള്ളി, കേരളബ്രാഹ്മണർ, ക്ഷേത്രം ഏറ്റെടുത്തതിനു ശേഷമാണ് സ്ത്രീകളെ വിലക്കുന്ന പുതിയ നിയമം നടപ്പിൽ വരുത്തിയത്.
തെലുങ്കാനയിൽ ആഘോഷിക്കപ്പെടുന്ന പ്രശസ്തമായ ഒരു ആദിവാസി ഉത്സവമായ സമ്മാക്ക/ സരാക്ക ജടാരയുടെ ആചാരങ്ങൾ മാറ്റി മറിക്കുന്നതിനും സമാനമായ ഒരു ശ്രമം നടന്നു. ഉത്സവ വേളയിൽ മദ്യം പാനം ചെയ്യുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്ന ആദിവാസി പൂജാരികളെ പുറന്തള്ളി ക്ഷേത്രം ബ്രാഹ്മണ പുരോഹിതന്മാരെ ഏൽപ്പിച്ചു കൊടുക്കുന്നതിനും അതൊരു സസ്യാഹാര ഇടമാക്കി മാറ്റിയെടിക്കുന്ന തിനും വിശ്വഹിന്ദു പരിഷത്ത് ശ്രമിക്കുന്നു. ശുദ്രരുടെയും ദലിതുകളുടെ യും ആദിവാസികളുടെയും ക്ഷേത്രങ്ങൾ ബ്രാഹ്മണ അഥവാ ഹിന്ദുക്ഷേത്ര ങ്ങളാക്കി മാറ്റുന്നതിന് യോജിച്ച നിർമ്മിതികൾ ആർ എസ് എസ് ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം വളരെ പ്രാകൃതമായ ആചാരങ്ങൾ ഭക്തരിൽ അടിച്ചേല്പ്പിക്കുകയും ചെയ്യുന്നു.
ബ്രാഹ്മണിക്കൽ പാട്രിയാർക്കിയും ശൂദ്ര/ ദലിത്/ ആദിവാസി പാട്രിയാർ ക്കിയും തമ്മിലുള്ള ചരിത്രപരമായ വ്യത്യാസം, സതി, ശൈശവവിവാഹം, വിധവാ വിവാഹനിരോധനം എന്നിവ ഒന്നാമത്തേതിൽ ഉണ്ടായിരുന്നു എന്നതാണ്. എന്നാൽ ദലിത്- ബഹുജൻ പാട്രിയാർക്കി എന്നു ഞാൻ വിളിക്കുന്ന രണ്ടാമത്തേതിൽ അത്തരം ആചാരങ്ങളൊന്നുമില്ല.
ബ്രാഹ്മണ പരിഷ്കർത്താക്കളായ രാജാ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ (ബംഗാൾ) ഗുറജട അപ്പാറാവു, തങ്കൂട്ടി പ്രകാശം പന്തുലു ( ആന്ധ്ര) എന്നിവർ ബ്രാഹ്മണിക്കൽ പാട്രിയാർക്കിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനു ശ്രമിച്ചു. തന്മൂലം ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഹിന്ദു പരമ്പരയുടെയും സംസ്കൃതിയുടെയും പ്രമാണം പറഞ്ഞ് അത്തരം പരിഷ്കാരങ്ങളെയെല്ലാം നിഷേധിക്കുകയും സമൂഹത്തെ പരിഷ്കാര പൂർവ്വ കാലഘട്ടത്തിലേയ്ക്ക് പിന്നാക്കം കൊണ്ടുപോകുക യുമാണ് ആർ എസ് എസ് ചെയ്യുന്നത്. അത് ഇന്ത്യൻ ഇസ്ലാം മതത്തിൽ പരിഷ്കരണങ്ങൾ ( മുത്തലാഖ് നിരോധനവും മറ്റും) ആവശ്യപ്പെടുന്നു, പക്ഷേ ഹിന്ദു സമൂഹത്തെ പിന്നോക്കം കൊണ്ടു പോകുന്നതിനാഗ്രഹി ക്കുകയും ചെയ്യുന്നു. ശൂദ്രരൂടെയും ദലിതുകളുടെയും ആദിവാസികളു ടെയും സംസ്കാരവും പാരമ്പര്യവും ( അവരുടെ ഭാഷയിൽ, പരമ്പര) ജനാധിപത്യരീതിയിലുള്ള സ്ത്രീ – പുരുഷ ബന്ധത്തെ പ്രതിഫലിപ്പിക്കു ന്നുണ്ട്. അതിന്റെ കാരണം, ആ സമൂഹങ്ങളിൽ സ്ത്രീകളും പുരുഷന്മാരും, ഹാരപ്പ സംസ്കാര കാലം മുതൽ, നൂറ്റാണ്ടുകളായി പാടത്ത് പണിയെടു ക്കുന്നവരായിരുന്നു എന്നതാണ്. അതായത് ഋഗ്വേദം എഴുതപ്പെടുന്നതി നും 1500 വർഷങ്ങൾക്ക് മുൻപ്. പക്ഷേ, ആർ എസ് എസ്സും അവരുടെ ആശയങ്ങൾ പിൻപറ്റുന്നവരും ബ്രാഹ്മണിക് പരമ്പരയും സംസ്കൃതിയും മാത്രമാണ് ഇന്ത്യനായിക്കരുതുന്നത്. ബ്രാഹ്മണിക്കൽ പരമ്പരയെക്കാൾ വളരെ പുരാതനമായ ഉൽപ്പാദക കർഷക സമൂഹത്തിന്റെ സംസ്കാര ത്തെ അവർ നിരാകരിക്കുന്നു.
രണ്ട് സംസ്കാരത്തിലും പിതൃമേധാവിത്വം (പാട്രിയാർക്കി) നിലനിൽക്കു ന്നുവെങ്കിലും ബ്രാഹ്മണിക്കൽ പാട്രിയാർക്കി കൂടുതൽ ദുസ്സഹവും ജനാധിപത്യ വിരുദ്ധവുമാണ്. ഉദാഹരണത്തിന്, ശൂദ്ര, ദലിത് ആദിവാസി സമൂഹങ്ങളിൽ സ്ത്രീകൾക്ക് പുനർവിവാഹത്തിനുള്ള അവകാശമു ണ്ടായിരുന്നു. പക്ഷേ ബ്രാഹ്മണ, വൈശ്യ, ക്ഷത്രിയ സമൂഹങ്ങളിൽ അതിപ്പോഴും ഒരു പ്രശ്നം തന്നെയാണ്. ഇത് ചർച്ച ചെയ്യപ്പെടേണ്ടതും മാറ്റം വരുത്തപ്പെടേണ്ടതുമാണ്.
ശബരിമല ലോകശ്രദ്ധയാകർഷിക്കുന്നതോടെ, ഇന്ത്യയിലെയും ലോകത്തിലെയും പൊതുമണ്ഡലങ്ങളിൽ പാട്രിയാർക്കി ചർച്ചാ വിഷയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന ഈ ശക്തികൾ, താലിബാനിസത്തിന്റെ നിയമങ്ങളെ എതിർക്കുവാൻ ലോകത്തോട് ആവശ്യപ്പെടുമ്പോൾ, അതേ ശക്തികൾക്കെങ്ങനെയാണ് ബ്രാഹ്മണിക്കൽ പാട്രിയാർക്കിയെ എതിർക്കുന്നതിൽ നിന്നും ആഗോള സമൂഹത്തെ തടയാനാകുന്നത്?
Read More: ‘ബ്രാഹ്മണിക്കൽ പാട്രിയാർക്കി’ പോസ്റ്ററിൽ പുകഞ്ഞ് ട്വിറ്റർ