പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്തെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എന്താണ്? ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ സംഭവിക്കുന്നതെന്ത്. എ ബി വാജ്‌പേയിയുടെ മന്ത്രിസഭയിൽ ധനമന്ത്രിയും ബി ജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ പ്രധാനമന്ത്രിയുടെ വാദങ്ങളെ പരിശോധിക്കുന്നു

സെപ്റ്റംബർ ഒന്നാം തീയതി ‘ ഇന്ത്യൻ പോസ്റ്റ് പെയ്‌മെന്റ്സ് ബാങ്ക്” ഉദ്ഘാടനം ചെയ്യുന്ന വേളയിൽ, നടപ്പു സാമ്പത്തികവർഷത്തിന്റെ ഒന്നാം പാദത്തിൽ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നതിൽ തനിക്ക് സ്വയമൊരു സ്വർണ്ണമെഡൽ സമ്മാനിച്ചതിന് ശേഷം, കോൺഗ്രസ്സിനെ ആക്രമിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. വലിയ കിട്ടാക്കടങ്ങളിൽ 12 അക്കൗണ്ടുകൾ 2014 നു മുൻപ് നൽകിയവയാണെന്നും അവയുടെ ആകെ കടത്തുക 20 ലക്ഷം കോടി വരുമെന്നുമാണ് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ( എൻ പി എ) കളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “അതുപോലെ, ഒരു ലക്ഷം കോടി വരുന്ന 27 വൻ വായ്പാ അക്കൗണ്ടുകളുമുണ്ട്, അവ, തിരികെ പണം ലഭിക്കുക എന്നത് ദുഷ്കരമാണെന്നറിഞ്ഞു കൊണ്ടുതന്നെ ചില “പ്രത്യേക” വ്യക്തികൾ ആ “കുടുംബ”ത്തിന്റെ നിർദ്ദേശമനുസരിച്ചു നൽകിയവയാണ്. അതു മാത്രമല്ല, ഈ കടക്കാർ പണമടയ്ക്കാതെ വന്നപ്പോൾ, അവർക്കു കൂടുതൽ തുക കടമായി നൽകുവാൻ ബാങ്കുകളുടെ മേൽ സമ്മർദ്ദവുമുണ്ടായി. വായ്പാ അക്കൗണ്ടുകളെ പുനഃക്രമീകരിക്കുക എന്ന പേരിലായിരുന്നു ഈ തട്ടിപ്പു നടത്തിയത്. നാംധാർ കുടുംബത്തിൽ നിന്നുള്ള ഒരു ഫോൺ സന്ദേശം നിയമങ്ങളെയും നിയന്ത്രണങ്ങളെയും മാറ്റിമറിച്ചു. 2014 ൽ ഞങ്ങൾ സർക്കാർ രൂപീകരിച്ചപ്പോൾ ഈ തട്ടിപ്പ് വെളിച്ചത്തു വന്നു. കോൺ‌ഗ്രസ്സ് കുഴിബോബിനുമേലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്ഥാപിച്ചിരിക്കുന്നതെന്നു ഞങ്ങൾക്ക് മനസ്സിലായി. ഇതിനെപ്പറ്റി ഞങ്ങൾ രാജ്യത്തോടോ ലോകത്തോടോ പറഞ്ഞിരുന്നുവെങ്കിൽ, ആ കുഴി ബോംബ് പൊട്ടിത്തെറിക്കുമായിരുന്നു. വളരെ ശ്രദ്ധാപൂർവ്വം, രാജ്യത്തെ അതിൽ നിന്നു മോചിപ്പിക്കുകയാണ് ഞങ്ങൾ ചെയ്തത്.” അദ്ദേഹം പറഞ്ഞു.

ഈ പ്രസ്താവന പല ചോദ്യങ്ങളും ഉയർത്തുന്നു. അധികാരമേറ്റെടുത്ത പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും, ഉടൻ തന്നെ, ബാങ്കിങ് രംഗം വളരെയധികം തകർന്നിരിക്കുകയാണെന്നും അതു വെളിപ്പെടുത്തുന്നത് ഒരു വിസ്ഫോടനത്തിനു കാരണമാകുമെന്നുമുള്ള വിധി നിർണ്ണയത്തിലെത്തുകയും അതിനാൽ ഈ സത്യം രാജ്യത്തെ ജനങ്ങളോടോ ലോകത്തോടോ വെളിപ്പെടുത്തേണ്ടതില്ലെന്ന് രണ്ടുപേരും ചേർന്ന് ബോധപൂർവ്വം തീരുമാനമെടുക്കുകയും ചെയ്തിരുന്നോ? അങ്ങനെയാണെങ്കിൽ,സാമ്പത്തിക സർവേയിലും ധന മന്ത്രിയുടെ ജൂലൈ 2014 ലെ ബജറ്റ് പ്രസംഗത്തിലും രാജ്യത്തെ സാമ്പത്തികാവസ്ഥയെപ്പറ്റി പൊതുവായും നിഷ്‌ക്രിയ ആസ്തികളെപ്പറ്റി പ്രത്യേകമായുമുള്ള യാഥാർത്ഥ്യങ്ങൾ പ്രസ്താവിച്ചതെന്തുകൊണ്ട്? ആ പ്രസ്താവനകളാകട്ടെ, രാജ്യസമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയുടെ പേരിൽ, യു പി എ സർക്കാരിന് ജാമ്യമനുവദിക്കുകയാണ് ചെയ്തത്.

സാമ്പത്തിക സർവേ ബാങ്കിങ് രംഗത്തെക്കുറിച്ചു ഇങ്ങനെ പറയുന്നു : ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഉടനടിയുള്ള പ്രത്യാഘാതത്തിൽ ഗണ്യമായ അളവിൽ പിന്നോക്കം പോയ ഇന്ത്യൻ ബാങ്കിങ് രംഗം, കഴിഞ്ഞ രണ്ടുവർഷമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ആഗോളവും ദേശീയവുമായ സാമ്പത്തിക മാന്ദ്യത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. 2012- 13 കാലയളവിൽ, ആസ്തികളുടെ ഗുണനിലവാരത്തകർച്ച ബാങ്കിങ് മേഖലയിലെ പ്രധാന ആശങ്കയായി മാറി. നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തിൽ കുത്തനെയുള്ള വളർച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയത്. മാർച്ച് 2011ൽ ആകെ കൊടുത്ത കടത്തിന്റെ 2.36 ശതമാനമായിരുന്ന മൊത്തം നിഷ്‌ക്രിയ ആസ്തി, മാർച്ച് 2014 ആയപ്പോൾ ആകെ കടത്തിന്റെ 3.9 ശതമാനമായി ഉയർന്നു (താൽക്കാലിക കണക്കുകൾ). ടെക്സ്റ്റൈൽസ്, കെമിക്കൽസ്, ഇരുമ്പും ഉരുക്കും, ഭക്ഷ്യ വസ്തുക്കളുടെ സംസ്ക്കരണം, നിർമ്മാണം, ടെലികമ്യൂണിക്കേഷൻസ് എന്നിങ്ങനെ ചില വ്യവസായങ്ങളിലും ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലും നിഷ്‌ക്രിയ ആസ്തി കളുടെ വളർച്ച വളരെയധികമായി ബാധിച്ചു. ഡിസംബർ 2013 ലെ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് മേഖലകളെ പ്രശ്നബാധിത മേഖലകളായി കണ്ടെത്തിയിരുന്നു, ഇൻഫ്രാ സ്ട്രക്ച്ചർ, ഇരുമ്പും ഉരുക്കും, ടെക്സ്റ്റൈൽ, വ്യോമയാനം, ഖനനം . പൊതുമേഖലാ ബാങ്കുകൾക്ക് ( പി എസ് ബി) വ്യാവസായിക രംഗത്ത് പൊതുവായും മേല്പറഞ്ഞ പ്രശ്നബാധിത മേഖലകളിൽ സവിശേഷമായും കൂടുതൽ ഇടപാടുകളുണ്ടായിരുന്നു. പൊതുമേഖലാബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPAs) നാല് മടങ്ങായി വർദ്ധിക്കുന്ന പ്രവണതയാണ് കാണാൻ കഴിഞ്ഞത്.  പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി മാർച്ച് 2010 ൽ 59,972 കോടി രൂപ ആയിരുന്നത്   പ്രൊവിഷണൽ കണക്കുകൾ പ്രകാരം മാർച്ച് 2014 ൽ 2,04,249 കോടി രൂപയായി ഉയർന്നു. നൽകിയ വായ്പകളുടെ ശതമാനക്കണക്കിൽ, മാർച്ച് 2014 ൽ നിഷ്‌ക്രിയ ആസ്തികൾ 4.4 ശതമാനമായിരുന്നു. 2008-09 ലാകട്ടെ ഇത് 2.09 മാത്രവും.“

ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ, സമ്പദ്‌വ്യവസ്ഥയെ വെല്ലുവിളിയിലാക്കിയ രണ്ടുവർഷക്കാലത്തെ അഞ്ചു ശതമാനത്തിൽ കുറഞ്ഞ വളർച്ചാ നിരക്കിനെക്കുറിച്ച് പറഞ്ഞതിനുശേഷം, യു പി എ സർക്കാരിനെ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മോചിപ്പിക്കുകയാണ്  ചെയ്തത്. ധനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ഇന്ത്യയിലെ മാന്ദ്യം മറ്റു പല രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. സമ്പദ്വ്യവവസ്ഥകളുടെ വളർച്ചയുടെ പുനഃസ്ഥാപനം പ്രധാന പരിഗണന നേടിയ 2008 -09 വരെയുള്ള പ്രതിസന്ധിയുടെ ആഘാതത്തിൽ നിന്നും വിരുദ്ധമായി, പല വികസിത രാജ്യങ്ങളും സാക്ഷിയാകുന്ന നിരന്തര മാന്ദ്യം, സുസ്ഥിരമായ ആഗോള പുനഃസ്ഥാപനത്തിനു ഭീഷണിയാകുന്നു. ഭാഗ്യവശാൽ, ആഗോള സമ്പദ് വ്യവസ്ഥയിൽ തിരിച്ചുവരവിന്റെ പച്ച നാമ്പുകൾ കാണുന്നുണ്ട്.”

നിഷ്‌ക്രിയ ആസ്തികളെക്കുറിച്ച് , ധനമന്ത്രിയ്ക്ക് തന്റെ ബജറ്റ് പ്രസംഗത്തിൽ ഇത്രയുമാണ് പറയാനുണ്ടായിരുന്നത്, “ ബാങ്കുകളിലെ വർദ്ധിച്ചു വരുന്ന നിഷ്‌ക്രിയ ആസ്തി, സർക്കാരിനു ആശങ്കയുളവാക്കുന്ന കാര്യമാണ്. ചണ്ഡിഗഡ്, ബെംഗലുരു, എറണാകുളം, ഡെറാഡൂൺ, സിലിഗുരി, ഹൈദ്രബാദ് എന്നീ ആറ് സ്ഥലങ്ങളിൽ പുതിയ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകൾ സ്ഥാപിക്കപ്പെടും. മറ്റു കടങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കും.” നിഷ്‌ക്രിയ ആസ്തികൾ ഗുരുതരമായ പ്രശ്നമാണെന്നോ, ഗൗരവമായ ആശങ്കയുളവാക്കുന്നുവെന്നോ ധനമന്ത്രി പറഞ്ഞില്ല, ആശങ്കയുളവാക്കുന്നുണ്ട്, അത്ര മാത്രം. അങ്ങനെയാണ് സാഹചര്യങ്ങളെന്തെന്ന് ലോകം മുഴുവനറിഞ്ഞത്. ആരിൽ നിന്നാണ് പ്രധാനമന്ത്രി സത്യം ഒളിപ്പിച്ചുവയ്ക്കാൻ ശ്രമിച്ചത്? ആരെയാണ് കബളിപ്പിക്കുവാൻ ശ്രമിച്ചത്?

രണ്ടാമതായി, രാജ്യത്തെ ആ അവസ്ഥയിൽ നിന്നും വളരെ ശ്രദ്ധാപൂർവ്വം മോചിപ്പിച്ചതായി പ്രധാനമന്ത്രി അവകാശപ്പെടുന്നു. എന്നാൽ, മാർച്ച് 2014 അവസാനം പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 2,04,249 കോടി രൂപയിൽ നിന്നിരുന്നത്, 2018 മാർച്ച് 31 ആയപ്പൊഴേയ്ക്കും റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച്, അതിന്റെ ബഹുഗുണിതങ്ങളായി 9,00,063 കോടി രൂപ എന്ന സംഖ്യയിലേയ്ക്ക് വർദ്ധിക്കുകയാണുണ്ടായത്. ഇതിലാണെങ്കിൽ, നിഷ്‌ക്രിയ ആസ്തികളെ സംബന്ധിച്ച റിസർവ് ബാങ്ക് നിയമങ്ങളെ ഈ വിഷയത്തിൽ സർക്കാർ എതിർത്തതിന്റെ ഫലമായി ഊർജ മേഖലയിലെ നിഷ്‌ക്രിയ ആസ്തികൾ ഉൾപ്പെടുത്തിയിട്ടുമില്ല. അതു കൂടി ഉൾപ്പെടുത്തിയാൽ ഇനിയുമിത് രണ്ട്, മൂന്ന് ലക്ഷം കോടി രൂപ കൂടി വർദ്ധിക്കും. ഇങ്ങനെയാണ് സർക്കാർ രാജ്യത്തെ ആ അപകടാവസ്ഥയിൽ നിന്നും മോചിപ്പിച്ചത്.

ഇക്കഴിഞ്ഞ മാസങ്ങളിലായി, പ്രധാനമന്ത്രി, “ഫോൺ ബാങ്കിങ്ങി’ നെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു. നാംധാർ കുടുംബം, അതായത് ഗാന്ധി കുടുംബം, ചില പ്രത്യേക വ്യക്തികൾക്കോ കമ്പനികൾക്കോ വായ്പകൾ നൽകുന്നതിനായി ഫോൺ കോളുകളാണുപയോഗിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നുണ്ട്. ഇതൊരു ഗുരുതര കുറ്റാരോപണമാണ്. ഇങ്ങനെയൊരാരോപണം നടത്തി ഒഴിഞ്ഞുമാറാൻ അദ്ദേഹത്തിനാകില്ല. “ പണത്തട്ടിപ്പ്” എന്നത് ക്രിമിനൽ കുറ്റമാണ്. ഗാന്ധി കുടുംബത്തിലെ ആരെങ്കിലുമോ അഥവാ മറ്റാരെങ്കിലുമോ ഇത്തരത്തിലൊരു വഞ്ചന ചെയ്തിട്ടുണ്ടെങ്കിൽ അവ പുറത്തു കൊണ്ടുവരുക മാത്രമല്ല നിയമത്തിന് മുൻപിൽ എത്തിക്കേണ്ടതുമുണ്ട്.

സാമ്പത്തിക വളർച്ചയുടെ കാര്യം പറഞ്ഞാൽ, 8.2 എന്ന ഉയർന്ന വ്യാവസായിക വളർച്ചാ നിരക്കിന്റെ വാസ്തവികതയെ , റിസർവ് ബാങ്കിന്റെ മോണിട്ടറി പോളിസി കമ്മിറ്റിയിലെ അംഗമായ രവീന്ദ്ര ധൊലാകിയ ചോദ്യം ചെയ്യുന്നു. എന്തടിസ്ഥാനത്തിലാണ് ഇത് കണക്കാക്കിയതെന്ന് അദ്ദേഹം ചോദിക്കുന്നു. എന്തായാലും പാദ വാർഷിക വളർച്ച ഓട്ടമത്സരത്തിന്റെ ആദ്യ ഹീറ്റ്സ് പോലെയാണ്. ഹീറ്റ്സിൽ ഒന്നാമത് വന്നതിനായി ആർക്കെങ്കിലും നിങ്ങളൊരു സ്വർണ്ണമെഡൽ നൽകുമോ?

2013 ൽ, രൂപയുടെ മൂല്യം കുറയുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് ഓർമ്മിക്കുന്നുണ്ടോ? ഇന്ന് രൂപ 73 ൽ എത്തിയതിനെക്കുറിച്ച് അദ്ദേഹം ഒരു വാക്കുപോലും പറയുന്നില്ല. നോട്ട് നിരോധനത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിന്റെയും കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടും അതു തന്നെ.

Read More: പ്രിയ സുഹൃത്തേ, ധൈര്യം വീണ്ടെടുക്കൂ, സംസാരിക്കൂ: ബി ജെ പി എം പി മാരോട് യശ്വന്ത് സിൻഹ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook