പാർലമെന്റ് ഒരു പുതിയ കെട്ടിടം മാത്രമല്ല; ഇത് വലിയ പാരമ്പര്യവും മൂല്യങ്ങളും കീഴ്‌വഴക്കങ്ങളും നിയമങ്ങളും ഉള്ള സ്ഥാപനമാണ് – ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് മനസിലാകുന്നില്ല. അങ്ങനെ മനസ്സിലായിരുന്നുവെങ്കിൽ, കഴിഞ്ഞ ഒമ്പത് വർഷമായി അദ്ദേഹം എന്തിനാണ് പാർലമെന്റിനെ നിർലജ്ജമായി പരിഹസിച്ചത്. ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ചരിത്രപരവുമായ കെട്ടിടത്തിനുള്ളിൽ 2014 നും 2023 നും ഇടയിൽ മാത്രം സംഭവിച്ച സംശയാസ്പദമായ ആറ് സംഭവങ്ങൾ ഞാൻ മുന്നോട്ട് വെക്കുന്നു.
“ഡിവിഷൻ” വഴിയുള്ള എംപിമാരുടെ വോട്ടവകാശം നിഷേധിച്ചു: ലോക്‌സഭയിലും രാജ്യസഭയിലും ഒരു ബിൽ പാസാക്കുമ്പോൾ, ഓരോ അംഗത്തിനും “ഡിവിഷൻ” വഴി വോട്ട് ചോദിക്കാനുള്ള അവകാശമുണ്ട്. ഒരു എംപി (അതെ, ഒരാൾ മാത്രം) തന്റെ ഇരിപ്പിടത്തിൽ എഴുന്നേറ്റ് “ഡിവിഷൻ” എന്ന് പറഞ്ഞാലും, പ്രിസൈഡിങ് ഓഫീസർ ( സഭാ അധ്യക്ഷൻ) ആ നിർദ്ദിഷ്ട വിഷയത്തിൽ വോട്ടിങ് നടത്താൻ ബാധ്യസ്ഥനാണ്. ഇത് ഇലക്‌ട്രോണിക് അല്ലെങ്കിൽ പേപ്പർ സ്ലിപ്പുകളിൽ രേഖപ്പെടുത്തേണ്ടതുണ്ട്, എംപിമാർ യെസ് അല്ലെങ്കിൽ നോ എന്ന് പറയുന്ന ശബ്ദ (വോയ്‌സ്) വോട്ടിൽ നിന്ന് വ്യത്യസ്തമാണിത്.
2020-ൽ മൂന്ന് കാർഷിക നിയമങ്ങൾ പാസാക്കിയ സമയത്ത്, നിരവധി അംഗങ്ങൾ തങ്ങളുടെ അവകാശം വിനിയോഗിക്കുകയും “ഡിവിഷൻ” ആവശ്യപ്പെടുകയും ചെയ്തിട്ടും രാജ്യസഭയിൽ ഇത് അനുവദിക്കാതെ ശബ്ദ വോട്ടെടുപ്പാണ് നടത്തിയത്. പ്രിസൈഡിങ് ഓഫീസർ (അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അപ്പോൾ ചെയറിലുണ്ടായിരുന്നില്ല) സകല നിയമങ്ങളെയും എല്ലാ കീഴ്‌വഴക്കങ്ങളെയും അവഗണിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. അംഗങ്ങൾക്ക് പലപ്പോഴും “ഡിവിഷൻ” വഴിയുള്ള വോട്ട് അവകാശം നിഷേധിക്കപ്പെടുന്നു.
2021 ജൂലൈ 27 ന്, സിപിഎമ്മിന്റെ എളമരം കരീം മറൈൻ എയ്ഡ്‌സ് ടു നാവിഗേഷൻ ബില്ലിൽ “ഡിവിഷൻ” വഴി വോട്ട് ആവശ്യപ്പെട്ടു. 2021 ജൂലൈ 28-ന്, ഡിഎംകെയുടെ തിരുച്ചി ശിവ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിരക്ഷയും സംരക്ഷണവും) ഭേദഗതി ബില്ലിൽ “ഡിവിഷൻ” ആവശ്യപ്പെട്ടു. 2021 ഓഗസ്റ്റ് മൂന്നിന്, നിരവധി അംഗങ്ങളാണ് ഇൻസോൾവെൻസി ആൻഡ് ബാങ്ക്കറപ്റ്റസി കോഡ് (ഭേദഗതി) -(പാപ്പർ നിയമം) ബില്ലിൽ “ഡിവിഷൻ” വഴി വോട്ട് ആവശ്യപ്പെട്ടു. എന്നാൽ അഭൂതപൂർവ്വമായ രീതിയിൽ എം പി മാരുടെ അവകാശം നിഷേധിച്ചുകൊണ്ട് ഈ ബില്ലുകൾ ബുൾഡോസ് ചെയ്തു,
നോമിനേറ്റഡ് എംപിയെ അതേ കാലയളവിൽ തന്നെ വീണ്ടും നോമിനേറ്റ് ചെയ്തു
2016-ൽ രാജ്യസഭയിലേക്ക് നോമിനേറ്റഡ് അംഗമായി ഒരു വ്യക്തിയെ നിയമിച്ചു (12 അംഗങ്ങളെ ഇന്ത്യൻ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം). തന്റെ ആറ് വർഷത്തെ കാലാവധിയിൽ അഞ്ച് വർഷമായപ്പോൾ, 2021 ലെ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യസഭയിലെ നോമിനേറ്റഡ് അംഗത്വം അദ്ദേഹം രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട് ഏതാനും ആഴ്ചകൾക്ക് ശേഷം, അതേ വ്യക്തിയെ മൂന്ന് മാസം മുമ്പ് അദ്ദേഹം രാജിവച്ച് ഒഴിഞ്ഞ അതേ സീറ്റിലേക്ക് രാഷ്ട്രപതി വീണ്ടും രാജ്യസഭയിലേക്ക് വീണ്ടും നോമിനേറ്റ് ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് നിർദ്ദിഷ്ട കാലയളവിനുള്ളിൽ ഒരേ വ്യക്തിയെ രണ്ട് തവണ നോമിനേറ്റ് ചെയ്യുന്നത്, ഇതിനിടയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി രാജിവെച്ച് പോയത് അഭൂതപൂർവ്വമായ കാര്യവും
ക്വിസ് ചോദ്യം: ആ വ്യക്തിയുടെ പേര് പറയാമോ?
ട്രഷറി ബെഞ്ച് (ഭരണപക്ഷം) മുദ്രാവാക്യം വിളിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു
ബജറ്റ് സെഷൻ അതിന്റെ രണ്ടാം പാദത്തിനായി വീണ്ടും ചേർന്നതിന് ശേഷം, അഞ്ച് മന്ത്രാലയങ്ങൾക്കുള്ള ഗ്രാന്റിനുള്ള അഭ്യർത്ഥന ലോക്‌സഭ ചർച്ച ചെയ്യുന്നു. ഇവയ്‌ക്കായുള്ള ബജറ്റുകൾ വിശദമായി ചർച്ചചെയ്യുന്നു, അതേസമയം ശേഷിക്കുന്ന മന്ത്രാലയങ്ങൾ ക്ലബ് ചെയ്‌ത് (ഗില്ലറ്റിൻ) ഒരുമിച്ച് വോട്ടുചെയ്യുന്നു. ഈ വർഷം, എല്ലാ മന്ത്രാലയങ്ങൾക്കും ഇത് ചർച്ചകളില്ലാതെ പാസാക്കി. 2004-05 ലും 2013-14 ലും ഇത് സംഭവിച്ചു, പക്ഷേ വലിയ വ്യത്യാസമുണ്ട്.2004-05ൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം പാസായി. 2013-14ൽ, ആസന്നമായ സംസ്ഥാന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, ലോക്‌സഭയുടെ ബിസിനസ് ഉപദേശക സമിതിയാണ് ബജറ്റ് മുഴുവനും ഗില്ലറ്റിൻ ചെയ്യാനുള്ള തീരുമാനം എടുത്തത്.
എന്നിരുന്നാലും, ഈ വർഷം ഇത് ഗില്ലറ്റിൻ ചെയ്യാനുള്ള കാരണം വിശദീകരിക്കാനാകാത്തതാണ്. പ്രതിപക്ഷമല്ല, മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം, ഭരണപക്ഷമാണ് (ട്രഷറി ബെഞ്ച്) രാജ്യസഭയിൽ മുദ്രാവാക്യം വിളിച്ചതും ബജറ്റ് സമ്മേളനത്തെ അലങ്കോലമാക്കിയതും.
ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത ലോക്‌സഭ
സ്പീക്കറുടെ രാജി രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള നിർദ്ദേശത്തെ എതിർത്തുകൊണ്ട് , എക്സിക്യൂട്ടീവിൽ നിന്ന് സ്പീക്കറുടെ സ്വാതന്ത്ര്യം നിലനിർത്തുന്നതിൽ ഡെപ്യൂട്ടി സ്പീക്കറുടെ പങ്കിന്റെ പ്രാധാന്യം ബി ആർ അംബേദ്കർ, ഊന്നിപ്പറഞ്ഞു. ഭരണഘടനയുടെ 93-ാം അനുച്ഛേദം പറയുന്നത്, ഒരു സർക്കാർ അധികാരമേറ്റതിന് ശേഷം ലോക്‌സഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഉടൻ തിരഞ്ഞെടുക്കണം എന്നാണ്. എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം നാല് വർഷമായിട്ടും ഡെപ്യൂട്ടി സ്പീക്കറില്ല.
ധനകാര്യ ബില്ലുകളിൽ പണേതര വിഷയങ്ങൾ (നോൺ മണി മാറ്റേഴ്സ്) പാസാക്കുന്നു
ഓരോ വർഷവും ബജറ്റ് സമ്മേളനത്തിൽ ധനകാര്യ ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നു. ഇത് ഒരു മണി ബില്ലായി തരംതിരിച്ചിരിക്കുന്നു, ലോക്‌സഭയുടെ വോട്ടെടുപ്പ് മാത്രമാണ് ഇത്, ഒരു സമിതിക്കും സൂക്ഷ്മപരിശോധനയ്ക്ക് അയയ്‌ക്കില്ല. രാജ്യസഭ ബില്ലിൽ വോട്ട് ചെയ്യുന്നില്ല, ഭേദഗതികളൊന്നും കൊണ്ടുവരാൻ കഴിയില്ല.
പണേതരമായകാര്യങ്ങൾ (നോൺ മണി മാറ്റേഴ്സ് ) ധനകാര്യ ബില്ലിലേക്ക് ഒളിച്ചു കടത്തുന്ന അവിശുദ്ധ സമ്പ്രദായം മോദി സർക്കാർ ആരംഭിച്ചിരിക്കുന്നു. പാർലമെന്ററി പരിശോധന ഒഴിവാക്കാൻ ഇത്തരം വളഞ്ഞവഴിയിലുള്ള നിയമനിർമ്മാണങ്ങലൂടെ സാധിക്കുന്നു. ഉദാഹരണത്തിന്, 2016ലെ ധനകാര്യ ബില്ലിൽ 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017ലെ ധനകാര്യ ബില്ലിൽ നിലവിലുള്ള ട്രൈബ്യൂണലുകളിലെ ഘടനാപരമായ മാറ്റങ്ങളും ഇലക്ടറൽ ബോണ്ട് സ്കീമിന് വഴിയൊരുക്കുന്നതിന് വിവിധ നിയമങ്ങളിലെ ഭേദഗതികളും സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭൂതപൂർവ്വമായ മറ്റൊരുകാര്യം, 2018ലെ ധനകാര്യ ബില്ലിലെ പകുതിയോളം വ്യവസ്ഥകളും നികുതിയുമായി ബന്ധമില്ലാത്തവയായിരുന്നു.
റെയിൽവേ ബജറ്റില്ല
2017ൽ മറ്റൊരു കീഴ്‌വഴക്കം ബിജെപി ഒഴിവാക്കി. ആദ്യമായി റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി. ഇത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല.പാർലമെന്റിൽ അവതരിപ്പിക്കുന്ന (പ്രത്യേക) റെയിൽവേ ബജറ്റ് ഇപ്പോൾ ചവറ്റുകുട്ടയിലായി. എന്നാൽ അപ്പോൾ നമ്മൾ അത്ഭുതപ്പെടുന്നുണ്ടോ? പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടെ, പാർലമെന്റിലെ സെൻട്രൽ ഹാൾ പോലും ഒരു മ്യൂസിയമാക്കി മാറ്റുകയാണ് ടീം മോദി.
ലേഖകൻ പാർലമെന്റ് അംഗവും അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി (രാജ്യസഭ) നേതാവുമാണ്. അങ്കിത ദിനകറും ഷെയ്ൻ ബാപ്റ്റിസ്റ്റും നടത്തിയ ഗവേഷണത്തിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയതാണ് ലേഖനം