scorecardresearch
Latest News

മനുഷ്യാവകാശങ്ങൾ കഴിഞ്ഞിട്ടേയുളളൂ സങ്കൽപ്പങ്ങൾക്ക് വില: പൂരത്തിന് ഒരു എതിര്‍ സത്യവാങ്ങ്മൂലം

ആനകളോടും സ്ത്രീകളോടും കാണിക്കുന്ന അനീതിയും വിവേചനവും പരിസര മലിനീകരണവും നിറയുന്ന പ്രാകൃതമായ ആചാരങ്ങള്‍ക്കാണ് കുട മാറ്റം വേണ്ടത്

മനുഷ്യാവകാശങ്ങൾ കഴിഞ്ഞിട്ടേയുളളൂ സങ്കൽപ്പങ്ങൾക്ക് വില: പൂരത്തിന് ഒരു എതിര്‍ സത്യവാങ്ങ്മൂലം

ആദ്യമേ തന്നെ പറയട്ടെ, ഞാനൊരു പൂര പ്രേമിയില്ല. തൃശൂർ പൂരമെന്നല്ല, ഒരു പൂരത്തോടുമില്ല പ്രേമം. അതു കൊണ്ട് തന്നെ ഇതൊരു എതിർ സത്യവാങ്‌മൂലമാണ്. തൃശൂർ സ്വദേശിനിയായ ഞാൻ ഇവിടെ പത്തു മുപ്പത്തിനാല് വർഷമായി ജീവിക്കുന്നു. ജീവിതത്തിലെ അധിക കാലവും തൃശൂർ തന്നെയായിരുന്നു. അങ്ങനെയുളള ഒരാൾ, പുറത്തുനിന്നും നോക്കുന്ന ഒരാളെ സംബന്ധിച്ച് പൂരപ്രേമിയാകണം. എന്നാൽ ഞാനതല്ല. എനിക്ക് പൂരം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് എന്‍റെതായ കാരണങ്ങളുണ്ട്.

പൂരത്തിന്‍റെ ആസ്വാദനം എന്‍റെ ശൈലി അല്ലാത്തു കൊണ്ടായിരിക്കാം എന്ന് ആശ്വസിക്കാം. പക്ഷേ, അതിന് മറ്റ് ചില കാരണങ്ങൾ​ കൂടിയുണ്ട്. അതിൽ എന്‍റെ ജീവിതം കൊണ്ട് ഞാൻ സമൂഹത്തോട് പുലർത്തേണ്ടുന്ന ചില സാമൂഹിക പ്രതിജ്ഞാബദ്ധമായ വസ്തുതകളാണ് ആ ആസ്വാദനത്തിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.

പൂരത്തിനെ പൂർണമായും കലയായി കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്നാൽ അതിൽ കലയുടെ അംശങ്ങളുണ്ട്. അതില്ല എന്ന് പറയുന്നില്ല. പാണ്ടിയുണ്ട് പഞ്ചാരിയുണ്ട്. താളം അടിസ്ഥാനമാക്കിയ, സംഗീതത്തെ ആധാരമാക്കിയുളളവയെ കലയെന്ന് അംഗീകരിക്കാം. അതിൽ സർഗാത്മകതയുണ്ട്. മേളത്തിൽ മാത്രമല്ല, പൂര ചമയങ്ങളിലും സർഗാത്മകതയുണ്ട്, കലയുണ്ട്. അതിനെയൊന്നും ഞാൻ നിഷേധിക്കുന്നില്ല. എന്നാൽ പൂരത്തിന് അതിന്‍റെതായ നെഗറ്റീവ് സൈഡ് ഉണ്ട്.

തൃശൂർ പൂരം മാത്രമല്ല, അതിനേക്കാൾ വലുതും ചെറുതുമായ പുരങ്ങളും നിറമാല, വേല തുടങ്ങിയ ചെറിയ പൂരങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയോടുമൊക്കെ എനിക്ക് എന്‍റെതായ വിയോജിപ്പുകൾ ഉണ്ട്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇതിന്‍റെ ആസ്വാദനത്തിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നത്. ഒന്ന് മലിനീകരണം നടത്തുന്ന വെടിക്കെട്ട്. രണ്ട് ആനകളോടുളള ക്രൂരത, മൂന്ന് സ്ത്രീകളെ രണ്ടാം കിടയാക്കി വിവേചനത്തോടെ കാണുന്നത്. ഇത് മൂന്നും ഏത് പൂരത്തിലും ഉണ്ടാകുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസവും അനുഭവവും.

കുഞ്ഞുനാൾ മുതലേ എനിക്ക് വെടിക്കെട്ട് ഭയങ്കര പേടിയായിരുന്നു, ഇന്നും അത് തന്നെ. പക്ഷേ, പേടിയേക്കാൾ അധികം അത് സൃഷ്ടിക്കുന്ന ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങളാണ് ഇന്ന് അവയോട് എനിക്കുളള എതിർപ്പിന്‍റെ അടിസ്ഥാനഘടകം. ഉത്സവത്തിന്, ആഘോഷത്തിന് വെടിക്കെട്ട് എന്നത് അനാവശ്യമായ സംഗതിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് യൂണിവേഴ്സിറ്റി പരീക്ഷയൊക്കെ നടക്കുന്ന കാലത്ത് നടക്കുന്ന ഈ ശബ്ദമലിനീകരണം വിദ്യാർത്ഥികൾക്കാണ് ദോഷകരമായി ബാധിക്കുന്നത്. സ്കൂൾ കാലത്ത് പരീക്ഷ കഴിയുമ്പോഴായിരിക്കും ഉത്സവങ്ങൾ എത്തുക. എന്നാൽ കോളജ് പഠനകാലമാകുമ്പോൾ സ്ഥിതി മാറും. പരീക്ഷാക്കാലത്താണ് ഉത്സങ്ങളുടെ കുട നിവരുക. അപ്പോഴുളള വെടിക്കെട്ടൊക്കെ പഠനത്തെ സാരമായി ബാധിക്കുമെന്ന് തന്നെയാണ് സ്വാനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്.

shruthi namboothiri, pooram, vishnuram,

വെടിക്കെട്ടിന് പുതിയ ഓരോ ഉളളക്കങ്ങൾ ഉപയോഗിക്കുന്നത് കൂടിവരുന്നു ആ മാറ്റങ്ങൾ വരുമ്പോൾ മലിനീകരണത്തിന്റെന്‍റെ അളവ് കൂടുന്നു. മുൻകാലത്തെ വെടിക്കെട്ടിനേക്കാൾ ശക്തികുറഞ്ഞിട്ടുണ്ട് ഇത്തവണത്തെ സാംപിൾ വെടിക്കെട്ടിൽ എന്നാണ് മനസ്സിലാക്കുന്നത്.

വെടിക്കെട്ട് തന്നെ ആവശ്യമില്ല. മലിനീകരണം സൃഷ്ടിക്കുന്ന വെടിക്കെട്ടിനെ ‘കല’ എന്ന് വിളിക്കാൻ പറ്റില്ല. അത് ശബ്ദം മാത്രമല്ല, വായുമലിനീകരണം നടത്തുന്നുണ്ട്. അതിനെ ആർട്ട് ആയി കണക്കാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ വെടിക്കെട്ടുളളപൂരത്തിനോട് എന്‍റെ വിയോജിപ്പിന്‍റെ സത്യവാങ്മൂലം സമർപ്പിക്കുന്നത്.

ആനകളെ പൊരിവെയിലത്ത് എഴുന്നളളിച്ച് ഇത്രയും ഭാരം കയറ്റി വെയ്ക്കുന്നതിനോട് യോജിപ്പില്ല. മനുഷ്യ സ്നേഹി എന്ന നിലയിൽ മാത്രമല്ല, സോഷ്യൽ കമ്മിറ്റ്മെന്റ് ഉളള ഒരാൾ എന്ന നിലയിൽ എനിക്ക് പൂരം ആസ്വദിക്കാൻ കഴിയില്ല. എന്‍റെ പല ആദർശങ്ങൾക്കും എതിരാണ് പൂരത്തിലെ പല കാര്യങ്ങളും. ആനകളെ എഴുന്നളളിക്കുന്നതും വെടിക്കെട്ടുമൊക്കെ.

ഇത്രയും കാലമായി ഇതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല എന്നതിൽ ഖേദം വന്നിട്ടുണ്ട്. ഇതിനെ ശക്തമായി എതിർക്കുന്നവരുണ്ട്, പക്ഷേ അവർ ന്യൂനപക്ഷമാണ്. വളരെയധികം സാമൂഹിക പ്രതിജ്ഞാബദ്ധതയുണ്ടെന്ന് കരുതുന്ന പലരും ഇതിനെയൊക്കെ പിന്തുണയ്ക്കുന്നവരാണ് എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു.

ആനയെഴുന്നെളളിപ്പിനെയും വെടിക്കെട്ടിനെയും പിന്തുണയ്കുന്നവരുടെ ന്യായങ്ങൾ അവരുടെ മാത്രം സന്തോഷത്തിന്‍റെ ന്യായങ്ങളാണ്.

ആനകളോടുളള ട്രീറ്റ്മെന്റ് വളരെ മോശമാണ്. ഒട്ടും മനുഷ്യത്വപരമല്ല. ആനകളെ പോലെ വെയിലത്ത് ഈ പ്രേമികളായ മനുഷ്യരെ ഇങ്ങനെ കെട്ടിയെഴുന്നെളളിച്ച് ആലവട്ടവും വെൺചാമരവും വച്ച് നാലഞ്ചപേർ പുറത്തു കയറിയരുന്നാൽ എങ്ങനെയുണ്ടാകുമെന്ന് അവരൊന്ന് ആലോചിച്ചിരുന്നെങ്കിൽ?

ആനകൾക്കും ജീവിക്കാനുളള അവകാശം ഉണ്ട്. അവരും ഭൂമിയുടെ അവകാശികളാണ്. ആനകൾ ഇതൊന്നും ആസ്വദിക്കുന്നുണ്ടാവില്ല. ഇതൊക്കെ മനുഷ്യാവകാശ ലംഘനമാണ്. സിവിക് റൈറ്റ്സിന്‍റെ വയലേഷനാണ് നടക്കുന്നത്. അങ്ങനെ പൂരത്തെ എല്ലാം മറന്ന് പൂർണമായി അംഗീകരിക്കാൻ കഴിയില്ല. എന്‍റെ കാഴ്ചപ്പാട് മാത്രമാണിത്. പക്ഷേ, ഇതിനോട് യോജിക്കുന്ന ധാരാളം പേരുണ്ട്. ഇതിൽ മനുഷ്യാവകാശലംഘനം വരുന്നുണ്ട്സാ, മൂഹിക നീതി ലംഘനം വരുന്നുണ്ട് എന്ന് മനസ്സിലാക്കുന്ന നിരവധിപേരുണ്ട്.

ഇത്തവണത്തെ മറ്റൊരു പൂരം വിശേഷം പറയാം. എങ്ങനെ ഒരു ഉത്സവത്തെ മനുഷ്യൻ എതിർത്തുപോകും എന്നതിന് തെളിവായിയിരിക്കും അത്. തൃശൂർ നടുവിലാലിൽ ബാഹുബലിയിൽ കാണുന്നത് പോലെയുളള വലിയൊരു ശിൽപ്പം ഉണ്ടാക്കിയിരിക്കുന്നു. ഒരുപാട് നിലകളുളള ശിൽപ്പമാണ് ഉണ്ടാക്കിയിട്ടുളളത്. ഇതുണ്ടാക്കിയ ട്രാഫിക് ബ്ലോക്ക് കുറച്ചൊന്നുമല്ല. എവിടുന്നോ കൊണ്ടുവന്ന് പടുത്തുയർത്തുകയാണ്. ഇതിന്‍റെ ആവശ്യമുണ്ടോ? കഴിഞ്ഞവർഷം വരെ ഇതുണ്ടായിരുന്നില്ല. ഇത് നടുറോഡിൽ തന്നെ കൊണ്ടുവെയ്ക്കേണ്ട കാര്യമുണ്ടോ?

മനുഷ്യാവകാശങ്ങൾ കഴിഞ്ഞിട്ടേയുളളൂ സങ്കൽപ്പങ്ങൾക്ക് വില. സമയത്തിന് വിലയുണ്ട്. ട്രാഫിക് ബ്ലോക്ക് കാരണം അകത്തേ്ക്കും പുറത്തേയ്ക്കും കടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇത്തരം പ്രവർത്തനങ്ങൾ പൂരത്തിന്‍റെ പേരിൽ നടക്കുന്നതിനോട് എതിർപ്പുണ്ട്.

കൊച്ചുനഗരത്തിൽ പൂരത്തിന്‍റെ പേരിൽ നടക്കുന്ന കോലാഹലം എന്തിന് വേണ്ടിയാണ്? പൂരം ഇന്ന് ബിസിനസ് ആയി മാറിയിരിക്കുന്നു. ആസ്വാദന മൂല്യത്തേയ്ക്കാൾ വിപണന മൂല്യമാണ് ഇന്ന് പൂരത്തിന് കൂടുന്നത്. പൂരം കമ്മിറ്റിക്കാരായാലും ആസ്വാദകരായാലും എല്ലാം ഈ​ വിപണനമൂല്യമാണ് അടിസ്ഥാനമാകുന്നത്. ആളുകളുടെ ജീവിതത്തെ മിനക്കെടുത്തിക്കൊണ്ട് ഉളളതാണ് ഇത് എന്നുതന്നെ പറയേണ്ടിവരും.

പൂരം എന്ന് പറയുന്നിടത്ത് സ്ത്രീകൾക്ക് ഇടമില്ല. ആണുങ്ങളുടെ കോലാഹലം മാത്രമാണത്. അവൾക്ക് പലതരത്തിലുളള കടന്നുകയറ്റങ്ങൾ സഹിക്കേണ്ടിവരും. ഞാൻ ഇപ്പോൾ പൂരത്തിന് പോകാറില്ല. പണ്ട് പഠിക്കുന്ന കാലത്ത് പോകേണ്ടി വരുമായിരുന്നു. അത് കൂട്ടത്തിൽ​കൂടേണ്ടിവരുന്നതിനാലാണ് അന്നൊക്കെ പൂരത്തിന് പോയിരുന്നത്. അന്നൊക്കെ തോണ്ടലുകൾ, പിച്ചലുകൾ എന്നിവയൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ഇന്നു പോകുന്ന സ്ത്രീകളും ഇതൊക്കെ നേരിടേണ്ടിവരും. രക്ഷനേടാൻ ധനലക്ഷമി ബാങ്കിന്‍റെ മുകളിലോ ഏതെങ്കിലും വലിയ കെട്ടിടതത്തിലോ കയറിയിരുന്ന് വേണം പൂരം കാണേണ്ടി വരുന്നത്.

shruthi namboothiri, vishnuram, thrissur pooram
പൂരം അടുത്ത് നിന്ന് അസ്വദിക്കാൻ എനിക്ക് സാധിച്ചിട്ടില്ല.  എനിക്കെന്നല്ല ഒരു സ്ത്രീക്കും സാധിച്ചിട്ടുണ്ടാകില്ല. പഞ്ചവാദ്യവും മറ്റ് മേളവുമൊക്കെ അടുത്ത് നിന്ന് വേണം ആസ്വദിക്കാൻ. എന്നാൽ മാത്രമേ വായനയുടെ രീതിയൊക്കെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ സാധിക്കുകയുളളൂ. സ്ത്രീകൾക്ക് ആ സാധ്യത പൂരം തരുന്നില്ല.

സ്തീകൾക്ക് പൂരത്തിൽ ലിമിറ്റഡ് ആയ സ്പേസ് മാത്രമാണ് ഉളളത്. അകന്നു നിൽക്കാനുളള ഇടം മാത്രം. ഇത്ര കാലം തൃശൂർ​ ഉണ്ടായിട്ടും പഞ്ചവാദ്യം അടുത്ത നിന്ന് ആസ്വദിക്കാൻ സാധിച്ചിട്ടില്ല. കെട്ടിടങ്ങളുടെ മുകളിൽ നിന്നുളള​ കാഴ്ച പൂർണമാകുന്നില്ല.  പൂരവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് ഒട്ടേറെ തടസ്സങ്ങൾ ഉണ്ട്, പൂരത്തിന് ഒരു പാട് നെഗറ്റീവ് സൈഡ് ഉണ്ട് എന്ന് തിരിച്ചറിഞ്ഞതുമുതൽ വീട്ടിൽ വെറുതെയിരിക്കും. അടുത്തുപോയി നിന്ന് സംഗീതവശത്തെ ആസ്വദിക്കാനുളള സാധ്യതയില്ല. പിന്നെ എന്തിന് പൂരത്തിന് പോകണം?

സ്ത്രീകളുടെ കാര്യമാകുമ്പോൾ ഈ വിവേചനം തൃശൂർ പൂരത്തിൽ മാത്രമല്ല, ആറാട്ടുപുഴ പൂരത്തിലാണേലും ഇതു തന്നെയാണ് സ്ത്രീകളുടെ സ്ഥിതി. പുരുഷന്മാർക്ക് മാത്രം ആസ്വദിക്കാനുളള കലയാണ് പൂരം. സ്ത്രീകൾക്ക് ഇടമില്ല. അവിടെ സംഗീതം ആസ്വദിക്കാനുളള ഒരു സാഹചര്യം ഉണ്ടായിട്ടില്ല. മുതിരുമ്പോഴാണ് ആസ്വാദനം വളരുന്നത്. കലയുടെ വിവിധ വശങ്ങൾ മനസ്സിലാക്കിവരുമ്പോൾ അത് അടുത്ത് നിന്ന് കാണാനുളള അവകാശം നഷ്ടമാകുന്നു. അല്ലെങ്കിൽ അതിരുകളിലേയ്ക്ക് മാറ്റി നിർത്തപ്പെടുന്നു.

മേളത്തിൽ പ്രമാണി കൊട്ടുന്നതിനെ കുറിച്ച് ആൺ സുഹൃത്തുക്കളൊക്കെ പറയുമ്പോൾ നമ്മൾ​ ഒറ്റപ്പെട്ടു പോകുന്നു. ചെറിയ പൂരങ്ങൾ, നിറമാല, വേല എന്നൊക്കെ പറയുന്ന കൊച്ചു കൊച്ചു പൂരങ്ങൾ, അഥവാ ചെറിയ ആഘോഷങ്ങൾ അതിൽ പോലും സ്ത്രീകൾക്ക് അടുത്ത് ചെന്ന് നിന്ന് കാണാൻ പറ്റില്ല. മാറി നിന്ന് ആസ്വദിക്കേണ്ട ഗതികേട് വരുന്നുണ്ട്. സ്ത്രീകൾക്ക് ആയി ഒരു പൂരം ഉണ്ടാക്കണമെന്നൊന്നും പറയാൻ കഴിയില്ല. ആ തരത്തിൽ നോക്കിയാലും മനുഷ്യാവകാശ ലംഘനം തന്നെയാണ്. സ്ത്രീകളോടുളള സമീപനം.​ അതിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല.

പൂരക്കാഴ്ചകൾക്ക് സംഗീതത്തിന്‍റെതായ ഘടകങ്ങൾ ഉണ്ട്. എനിക്ക് സംഗീതത്തോട് അതിയായ ഭ്രമമുണ്ട്. പൂരത്തിന്‍റെ സർഗാത്മകതയെ പൂർണമായി അംഗീകരിക്കുന്നു.എന്നാൽ അതിലെ പ്രാകൃത ആചാരങ്ങളോട് എതിർപ്പുണ്ട്. ആ എതിർപ്പ് ആനയോടും സ്ത്രീകളോടും കാണിക്കുന്ന അനീതിയിലും വിവേചനത്തിലും മാത്രം ഒതുങ്ങുന്നില്ല.

മലിനികരണമുണ്ടാകുന്ന വെടിക്കെട്ടിലും ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുന്ന നടപടികളിലും കൂടി വളരുന്നു എന്ന് ഖേദകരമായ വസ്തുതയാണ് ഇപ്പോഴും സംഭവിക്കുന്നത്. പ്രാകൃതമായ ആചാരങ്ങൾക്കാണ് ആദ്യം ഒരു കുടമാറ്റം വേണ്ടത്.

തൃശൂര്‍ നിവാസിയായ സിനിമാ-ദൃശ്യമാധ്യമപ്രവര്‍ത്തകയായ ശ്രുതി,
2017ലെ തൃശൂര്‍ പൂരവുമായി ബന്ധപെട്ട് എഴുതിയത്

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Thrissur pooram sans women pollution cruelty to elephants shruthi namboodiri