കോൺഗ്രസ് കോട്ടയിൽ ജയിച്ചു കയറാനുള്ള ചികിത്സ വീണ്ടും പരാജയപ്പെട്ട് സി പി എം. 2011ൽ തൃക്കാക്കര മണ്ഡലം രൂപീകരിച്ചതു മുതൽ മണ്ഡലം യു ഡി എഫിന്റെ സ്വന്തമാണ്. ലീഗിന് വേങ്ങര പോലെയാണ് കോൺഗ്രസിന് തൃക്കാക്കര. ആദ്യം ബെന്നി ബെഹനാൻ ആണ് ആ മണ്ഡലത്തിൽ നിന്നും ജയിച്ചത്. പിന്നീട് രണ്ട് തവണ പി ടി തോമസും.
കോൺഗ്രസിന്റെ കൈപ്പത്തിക്കുള്ളിലിരിക്കുന്ന മണ്ഡലം പിടിക്കാൻ സി പി എം നടത്തുന്ന ചികിത്സാവിധികളെല്ലാം തെറ്റുകയും കുടുതൽ ഗുരുതരമായ രോഗാവസ്ഥയിലേക്ക് പാർട്ടി വീഴുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ “എല്ലൊടിഞ്ഞ” സി പി എമ്മിന് ഇപ്പോൾ ഉപതിരഞ്ഞെടുപ്പിൽ “ഹൃദയാഘാതമാണ്” ഉണ്ടായിരിക്കുന്നത്.
2011ൽ സി പി എം എം ഇ ഹസൈനാരെ നിർത്തി രാഷ്ട്രീയ പോരാട്ടം നടത്തി. അന്ന് വി എസിന്റെ രണ്ടാമൂഴം തടയാനുള്ള അണിയറ ശ്രമങ്ങളുടെ ആരവവും പ്രതിപക്ഷ ഊർജ്ജവും എല്ലാം കൂടെ അന്ന് യു ഡി എഫിലെ ബെന്നി ബെഹനാൻ 22,406 വോട്ടിന്റെ ഭൂരിപക്ഷം നൽകി.
എം പി യും എം എൽ എയുമായ സെബാസ്റ്റ്യൻ പോളിനെ നിർത്തിയാണ് 2016ൽ സി പി എമ്മിന്റെ കരുനീക്കം. എന്നാൽ, അന്ന് വിജയം പി ടി തോമസിന് ഒപ്പമായി. അടുത്ത തവണ രാഷ്ട്രീയക്കാരെ ഉപേക്ഷിച്ച് ഓർത്തോപീഡിക് ഡോക്ടറെ ചികിത്സയ്ക്ക് ഇറക്കി സി പി എം. ജെ ജേക്കബ് എന്ന ഡോക്ടറെ രംഗത്തിറക്കിയിങ്കിലും തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ എല്ലൊടിഞ്ഞു. ആ എല്ലൊടിവ് കൂടി കണക്കിലെടുത്ത നടത്തിയ ചികിത്സയിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് എത്തി ജില്ലയിലെ കരുത്തരായ നേതാക്കൾക്ക് എതിരെ വരെ നടപടി എടുത്തു.
പാർട്ടി നടപടിയും വിഭാഗീയത ഇല്ലാതാക്കലും എല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷമാണ് തൃക്കാക്കര എം എൽ എയായിരുന്ന പി ടി തോമസിന്റെ മരണവും തുടർന്ന് ഉപതിരഞ്ഞെടുപ്പുംവരുന്നത്. സഭയിലേക്ക് വരാൻ സഭയുടെ പിന്തുണ വേണമെന്ന ഉൾവിളി ഉണ്ടായപ്പോൾ പാർട്ടിക്ക് വേണ്ടി പണിയെടുത്തവരെല്ലാം പടിക്ക് പുറത്തായി.
നൂറ് എന്ന മാജിക്കൽ സംഖ്യയ്ക്ക് വേണ്ടിയല്ല, പഴയ ചില കടപ്പാടുകളും കൂട്ടിയും കുറച്ചെടുക്കുമ്പോൾ കേരളാ കോൺഗ്രസിനും സഭയ്ക്കുമൊക്കെ ഉള്ളത് കൊടുക്കാതിരിക്കാനാവില്ല. അങ്ങനെ ചികിത്സാവിധി നിശ്ചയിച്ചു പാർട്ടി ഡോക്ടർമാർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലൊടിഞ്ഞ പാർട്ടിയെ രക്ഷിക്കാൻ ഹൃദയവിദഗ്ദ്ധനെ രംഗത്തിറക്കി.
പാർട്ടി ഹൃദയവിദഗ്ദ്ധ ഡോക്ടറെയാണിറക്കിയതെങ്കിലും തൃക്കാരയുടെ ജനങ്ങലുടെ ഹൃദയത്തിൽ പി ടി തോമസിനെ ഇളക്കി പ്രതിഷ്ഠിക്കാൻ സാധിച്ചില്ല. കോട്ട പിടിക്കാൻ കെട്ടിയിറക്കുന്നവരെ കൊണ്ട് സാധിക്കില്ലനെന്ന് രണ്ടാമതും പൊട്ടി വീണ നക്ഷത്രം കണ്ട് സി പി എം പഠിക്കുമോ എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഉയർത്തുന്ന ആദ്യ ചോദ്യം.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി കോൺഗ്രസിന്റെ കുത്തക മണ്ഡലം പിടിക്കാൻ രാഷ്ട്രീയം പറണത്ത് വച്ച സി പി എമ്മിനെ ജനങ്ങൾ ഒരിക്കൽ കൂടി പാഠം പഠിപ്പിച്ചു. തോൽവിയിൽ നിന്നും പാഠം പഠിക്കാത്തവരാണ് സി പി എമ്മെന്ന് എറണാകുളം ജില്ലയെ ഉദാഹരണമാക്കി ഇനി രാഷ്ട്രീയ പാഠം എഴുതാം.
ലോക്‌സഭയിൽ ക്രിസ്റ്റി ഫെർണാണ്ടസിനെ സ്ഥാനാർത്ഥിയാക്കി കെ വി തോമസിനെ ജയിപ്പിച്ച ചരിത്രം സി പി എമ്മിനുള്ളതാണ്. അന്ന് ആ സ്ഥാനാർത്ഥിത്വത്തിനെതിരെ അതിശക്തമായ വിമർശനം ഉയർന്നിരുന്നു. അതിന് ശേഷം അത്തരമൊരു നടപടി ജില്ലയിൽ ഉണ്ടാകുന്നത് കോൺഗ്രസിന്റെ സ്വന്തം മണ്ഡലം എന്ന് വിശേഷിപ്പിക്കുന്ന തൃക്കാക്കരയിലാണ് കഴിഞ്ഞ തവണ ഡോക്ടർ ജെ ജേക്കബ്ബിനെ ഇറക്കുയും ഉപതിരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫിനെ രംഗത്തിറക്കുകയും ചെയ്തു. ജെ യും ജോയും സി പി എമ്മിനെ രക്ഷിച്ചില്ലെന്ന് മാത്രമല്ല, രാഷ്ട്രീയം നഷ്ടപ്പെട്ട സഭാകമ്പമുള്ള പാർട്ടിയായി അതുമാറുകയും ചെയ്തുവെന്ന ആരോപണവും ഉയർന്നു.
അധികാരത്തിനപ്പുറമാണ് മനുഷ്യർ തമ്മിലുള്ള ഇഴയടുപ്പം എന്ന് ഊട്ടിയുറപ്പിച്ചതാണ് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം. പി ടി തോമസിന് വോട്ട് ചെയ്യാത്തവർ പോലും അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭാര്യയായ ഉമാ തോമസിന് വോട്ട് രേഖപ്പെടുത്തി എന്നത് ഭൂരിപക്ഷം നിസ്തർക്കമാക്കുന്നുണ്ട്. അധികാരത്തിന് അപ്പുറം അനുതാപമുള്ള മനുഷ്യരാണ് നാട്ടിലുള്ളതെന്ന് തൃക്കാരയിലെ മഷി പുരണ്ട വിരലുകൾ ഉറപ്പിക്കുന്നുണ്ട്.
രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ പ്രശ്നങ്ങൾ മറന്ന് ട്വന്റി ട്വന്റി എന്ന കമ്പനി പാർട്ടിയുടെ പ്രീതിക്കായി നടത്തിയ ശ്രമങ്ങൾ രണ്ട് മുന്നണികൾക്കും ജനങ്ങളോടുള്ള അകലം എത്രയാണ് എന്ന് കാണിച്ചു തന്ന തിരഞ്ഞെടുപ്പ് കൂടെയായിരുന്നു ഇത്.
തൃക്കാക്കരയിൽ പേരിന് മാത്രമേ ഉള്ളൂവെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വില കൽപ്പിക്കാത്ത ബി ജെപി പ്രചാരണവും ഇതിനൊപ്പം തന്നെയാണ് നിലകൊണ്ടത്. വിലക്കയറ്റമോ, ജനജീവിതം ദുസ്സഹമാക്കുന്ന അധികാര നിലപാടുകളോ ഒന്നും ഈ മൂന്ന് മുന്നണികളും ഉന്നയിച്ചില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയമായ സംവാദങ്ങളൊന്നും ഈ തിരഞ്ഞെടുപ്പിൽ വിഷയമായില്ല. സഭയിലും സഹതാപത്തിലും തുടങ്ങി, വ്യക്തി വിദ്വേഷ പ്രചാരണങ്ങളിൽ അവസാനിച്ച ഒന്ന്.
ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ലാത്ത ഒരാൾ പറഞ്ഞത് കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ ഇതിനേക്കാൾ എത്ര ഭേദം എന്നായിരുന്നു. കുട്ടികൾ പറയുന്ന രാഷ്ട്രീയം പോലും പറയാത്ത കുട്ടിക്കളിയായിരുന്നു തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. കേരള രാഷ്ട്രീയത്തിലെ വൻതോക്കുകളൊക്കെ ഇറങ്ങി കളിച്ച ഉപതിരഞ്ഞെടുപ്പിനെ കുറിച്ചാണ് ഈ പരാമർശം.
ഈ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ കുത്തക മണ്ഡലമാണ് അതുകൊണ്ടാണ് എന്ന് പറയുന്നതൊക്കെ ന്യായം. സഹതാപ വോട്ടും ബി ജെ പിയും ട്വന്റി ട്വന്റിയും വോട്ടു മറിച്ചുവെന്നതും പറയാം. എന്നാൽ, സി പി എമ്മിനെ സംബന്ധിച്ചടത്തോളം യാഥാർത്ഥ്യം അതിലും വലുതാണ്. അവർ ഉള്ളിലേക്ക് നോക്കേണ്ടതും തിരുത്തേണ്ടതുമായ വലിയ പാഠങ്ങളാണ് തൃക്കാക്കര അവർക്ക് മുന്നിൽ വച്ചത്.
തുടർഭരണത്തിനോട് ജനങ്ങൾക്കുള്ള സമീപനം എന്താണെന്ന് കൂടെ ഈ ഫലം അടയാളപ്പെടുത്തുന്നു. അനുതാപത്തിന് അപ്പുറം അധികാര ധാർഷ്ട്യത്തോടുള്ള വിയോജനക്കുറിപ്പ് കൂടെയാണ് ഈ ഫലം എന്ന് സി പി എം തിരിച്ചറിയുമോ. ഇല്ലെങ്കിൽ, കേരളത്തിൽ സി പി എമ്മിനെ കാത്തിരിക്കുന്നത് അത്ര നല്ല ഭാവിയായിരിക്കില്ല.
കോൺഗ്രസിനെ സംബന്ധിച്ചടത്തോളം അവരുടെ പ്രവർത്തന മേന്മയോ പ്രതിപക്ഷ പ്രവർത്തന ഗുണങ്ങളോ ആയി ഇതിനെ കാണുകയും വേണ്ട. മനുഷ്യരുടെ വൈകാരിക പ്രതികരണത്തിന്റെ പ്രതിഫലനമായി ഈ വൻ വിജയത്തെ വിലയിരുത്താനും പ്രതിപക്ഷമെന്ന നിലയിൽ കൂടുതൽ മെച്ചപ്പെടാനും ശ്രമിക്കുക എന്നതാണ് അവർക്ക് മുന്നിൽ ഈ വിജയം മുന്നോട്ട് വെക്കുന്ന പാഠം.
തൃക്കാകരയിൽ നിന്നും പാഠംപഠിക്കാതെ മുന്നോട്ട് പോകാൻ ശ്രമിച്ചാൽ രണ്ട് പാർട്ടികളും നടത്തുക അവരുടെ രാഷ്ട്രീയ ഹരാകിരിയായിരിക്കും.
Read Also: