Kerala State Budget 2019: ദുരന്തങ്ങൾ പുനർ നിർമ്മിതിക്കുള്ള അവസരം ആണ്. അത് മനസിലാക്കി, കേരളത്തിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കുന്നതോടോപ്പം ഒരു ലോക് സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരു ധനമന്ത്രി എന്തൊക്കെ ചെയ്യണം എന്ന ശ്രമം ആണ് 2019-20 കേരള ബജറ്റിലൂടെ ഡോ തോമസ്‌ ഐസക് നടത്തുന്നത്. ഇതിൽ ഐസക് എത്രമാത്രം വിജയിച്ചിട്ടുണ്ട്?

ആദ്യത്തെ കാൽവയ്പ്, അഭ്യസ്തവിദ്യർക്കുള്ള തൊഴിൽ. ധനമന്ത്രി പറഞ്ഞ പ്രകാരം, ഒരു ലക്ഷം പുതിയ തൊഴിൽ ആണ് വിവിധ സാങ്കേതിക പാർക്കുകളിലൂടെ ഉണ്ടാകുക. അത് തൊഴിൽ ലഭിക്കാതെ നിൽക്കുന്ന അഭ്യസ്ത വിദ്യർക്ക് പ്രതീക്ഷ നൽകുന്ന ഒരു പ്രഖ്യാപനം ആണ്. ഒരു ലക്ഷം ഉണ്ടായില്ലെങ്കിലും, വിവിധ വൻകിട സ്വകാര്യ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയിട്ടുള്ള ധാരണ പ്രകാരം കേരളത്തിൽ തൊഴിൽ മേഖലയിൽ ചെറുതല്ലാത്ത ഉണർവുണ്ടാവും എന്നാണ് കരുതേണ്ടത്. ഒരു കാര്യം മനസിലാക്കേണ്ടത് വൈകിയാണെങ്കിലും സാങ്കേതിക മേഖലയിലെ പല സ്ഥാപനങ്ങള്‍ക്കും കേരളം സ്വീകാര്യമായി തുടങ്ങിയിട്ടുണ്ട്.

സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനപ്പുറം അതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നത് വളരെ പ്രധാനം ആണ്. ധനമന്ത്രി പറഞ്ഞതിൽ നിന്നും വ്യക്തമാവുന്നത് കാര്യമായ സാമ്പത്തിക നീക്കിയിരുപ്പ് വരുത്താതെ നിലവിലുള്ള ശ്രോതസുകളെ ശ്രദ്ധയോടെയും, ബുദ്ധിപരമായും ഒരുക്കി നിർത്തി സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ നാടിനും സാമ്പത്തികോന്നതിക്കും ആയി ഗൈഡ് ചെയ്യുക എന്നതാണ്. പല പദ്ധതികൾ പറയുമ്പോഴും ഈ ഒരു സമീപനം ധനമന്ത്രി കൈക്കൊണ്ടിട്ടുണ്ട്. അതൊരു കുശാഗ്ര ബുദ്ധിയുള്ള രാഷ്ട്രീയക്കാരനായ സാമ്പത്തിക വിദഗ്ധന്റെ മിടുക്കാണ്.

2019-20 ൽ പ്രതീക്ഷിക്കുന്ന മൊത്തം ചിലവിന്റെ ഏകദേശം 60 ശതമാനത്തോളം പുനരുദ്ധാരണ പദ്ധതികൾക്കായി നൽകിയതായാണ് കാണുന്നത്. പക്ഷെ അതിലെത്ര മാത്രം ബജറ്റ് ഇതര ചെലവാണെന്നു വ്യക്തമല്ല. കഴിഞ്ഞ രണ്ടു വർഷത്തെ പോലെ തന്നെ കിഫ്ബിയെ വല്ലാതെ ആശ്രയിച്ചാണ് ഒട്ടുമിക്ക വികസന പദ്ധതികളും അവതരിപ്പിച്ചിരിക്കുന്നത്. കിഫ്ബിയുടെ പ്രവർത്തനത്തെ പറ്റി കുറച്ചുകൂടി വ്യക്തത തന്നിരുന്നെങ്കിൽ, അവലോകനം ധനമന്ത്രി ഉദ്ദേശിച്ചത് തന്നെയാണോ എന്ന് നോക്കാമായിരുന്നു. നേരത്തെ പറഞ്ഞത് പോലെ, അത് ബുദ്ധിപരമായ ഒരു നീക്കം ആയിട്ടാണ് കാണേണ്ടത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും വല്ലാത്ത കടക്കെണിയിൽ പെട്ടിരിക്കുന്ന സമയമാണ്. കേരളത്തിന്റെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. ഈ സാഹചര്യത്തിൽ കടം കൂട്ടാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ധനമന്ത്രി സ്വീകരിച്ച നയം. അത് അത്ര എളുപ്പവുമല്ല. റവന്യു വരുമാനം 10 ശതമാനം  കൂടുമ്പോൾ, ചിലവ് 16 ശതമാനമാണ് കൂടുന്നത്. അവിടെ തന്നെ സാരമായ വിടവുണ്ട്. ഒപ്പം പ്രളയവും, ഓഖി പോലത്തെ മറ്റു ദുരന്തങ്ങളും കൊണ്ടുവന്ന അധിക ബാധ്യതകൾ നികുതി വർധനവിന് കേരളത്തിന് വലിയ സാധ്യതകൾ ഇല്ല.

പ്രളയ സെസ് ഒഴിവാക്കാമായിരുന്ന ഒന്നാണോ എന്നു ചോദിച്ചാൽ അല്ല എന്ന് തീർത്തും പറയാൻ വയ്യ. പിരിക്കാൻ എളുപ്പമുള്ളതാണ് എന്ന ഗുണം മാത്രമേ അതിനുള്ളൂ. സ്വർണത്തിനും, വെള്ളിക്കും ഏർപ്പെടുത്തിയ 0.25 ശതമാനം സെസ് ഒരു ശതമാനത്തിൽ മേലെ ആക്കാമായിരുന്നു. ഒപ്പം കെട്ടിട നികുതി, 2000 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് ഏർപ്പെടുത്തിയിരുന്നെങ്കിൽ, വരുമാനം കുത്തനെ കൂടുമായിരുന്നു. സ്വപ്നഭവനം നിർമ്മിക്കുക എന്നത് മലയാളിയുടെ ധാരാളിത്തത്തിന്റെ നേർക്കാഴ്‌ചയാണ്‌. അധിക ധനവിനിയോഗത്തോടൊപ്പം, പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗവും ചേർന്നതാണ് ഒരു ഭവന നിർമ്മാണം. അതിൽ ചില നിയന്ത്രണങ്ങൾ വരുത്തേണ്ടത് വളരെ അത്യാവശ്യം ആണ്. ആഡംബര വാഹനങ്ങളുടെ നികുതിയും കൂട്ടേണ്ടതായിരുന്നു.

ഒരു ദുരന്തത്തെ എങ്ങനെ അതിജീവിക്കണം എന്നു കൂടി ഈ ബജറ്റ് പഠിപ്പിക്കുന്നുണ്ട്. സാമ്പത്തിക ഉത്തേജക പദ്ധതികൾക്ക് പകരം, സാമ്പത്തിക ഉന്നമന പദ്ധതികളാണ് നടപ്പിലാക്കേണ്ടത് എന്ന ആശയം മുന്നോട്ടു വയ്ക്കുന്നു. പ്രളയ പുനർജീവന പദ്ധതികൾ ഒന്നും തന്നെ പുതുമയുള്ളതൊന്നും അല്ല. സർക്കാർ ഇന്നുവരെ നടപ്പിലാക്കിയ പല പദ്ധതികളെയും ഒന്ന് കൂടെ മിനുക്കി, അതിന്റെ കുറവുകളെ പരിഹരിച്ചു സഹകരണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ടാണ്, പല പുനരുദ്ധാരണ പദ്ധതികളും അവതരിപ്പിച്ചിരിക്കുന്നത്. അത് പ്രശംസനീയമാണ്. കാരണം, ഒരു പദ്ധതി പരാജയപ്പെട്ടാൽ, അതിനെ മറക്കുക എന്നതാണ് പൊതുവെ സർക്കാരുകളും ജനങ്ങളും ചെയ്യുന്നത്, അതിനു പകരം ധനമന്ത്രിയും മന്ത്രിസഭയും പ്രശ്നങ്ങൾ പരിഹരിച്ചു, പ്രായോഗികമായ തലത്തിൽ അവതരിപ്പിക്കുമ്പോൾ, അത്തരം പദ്ധതികൾ വിജയിക്കണം എന്ന ധാരണയും ദൃഢതയും ആണ് കാണിക്കുന്നത്. മാത്രമല്ല, അത് മുൻ ബജറ്റുകളിലെ പദ്ധതികളുടെ സ്വാഭാവികമായ എന്നാൽ മെച്ചപ്പെടുത്തിയ രൂപമാണെന്നത് ആശാവഹം ആണ്.

ധനമന്ത്രിക്ക് ചില ചെലവുചുരുക്കൽ നടപടികകള്‍ ആകാമായിരുന്നു.  സർക്കാർ ഉദ്യോഗസ്ഥർക്കുള്ള, വിനോദയാത്ര അലവൻസ് എടുത്തുകളയാം. അതുപോലെ, വലുതല്ലാത്ത, ചില ചെലവുകൾ, ദുരന്ത അധിക ചെലവിന്റെ പിൻബലത്തിൽ എടുത്തു കളയാം ആയിരുന്നു.

അവസാനമായി കേരളം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങള്‍ക്കും വികസിത രാജ്യങ്ങൾക്കും മാതൃകയാകുന്നത്‌, എങ്ങനെ പരിമിതമായ വിഭവങ്ങളെ ബുദ്ധിപരമായി ഉപയോഗിക്കുന്നു എന്നതിലാണ്. കേരളത്തിലെ ഇടതും വലതും സർക്കാരുകൾ കാല കാലങ്ങളായി ചെയ്യുന്നത് അതാണ്. അതിലപ്പുറം, എന്ന് ഇടതു സർക്കാരുകൾ വികസനോന്മുഖമായ ഒരു ബജറ്റും നയങ്ങളും എന്നും കൊണ്ട് വന്നിട്ടുണ്ട്. ഒരു പക്ഷെ 1957ലെ സർക്കാർ തുടങ്ങി വച്ച പല നയങ്ങളും പിന്നെ വന്ന സർക്കാരുകൾക്ക് മാറ്റാൻ പറ്റിയില്ല എന്ന് മാത്രമല്ല, അതിൽ നിന്നും പിന്തിരിഞ്ഞു നടക്കാനും സാധിച്ചില്ല. അത് തന്നെയാണ്, കേരളത്തെ വലതു പക്ഷം ഭരിച്ച എല്ലാ സംസ്ഥാനങ്ങളെക്കാളും വികസനത്തിന്റെ കാര്യത്തിൽ വേറിട്ടതാക്കുന്നത് എന്ന് പറയേണ്ടി വരും. ഈ ബജറ്റിലും, അത്തരം ചില മാർഗരേഖകൾ ഉണ്ട്. മലയാളിയുടെ സമ്പത്ത് അവന്റെ ബുദ്ധിയാണെന്നു വെളിവാക്കുന്ന ചിലത്.

അടിസ്ഥാന സൗകര്യ നിർമ്മാണത്തിൽ തീരദേശ റെയിൽവേ നല്ല സ്വപ്നം ആണ്. അത് നടപ്പിലാക്കാൻ എന്ത് ചെയ്യുമെന്ന് കാത്തിരുന്നു കാണണം. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള നീക്കം പ്രോത്സാഹിപ്പിക്കേണ്ടതാണ്. അതിൽ, ശ്രദ്ധിക്കേണ്ടത്, അത്തരം വാഹനങ്ങൾ വരുമ്പോൾ ആ കമ്പനികൾ ഇവിടെ വരുത്താൻ ശ്രമിക്കണമെന്ന ധനമന്ത്രിയുടെ വാക്കുകൾ ആണ്. ചുരുക്കത്തിൽ, പുതിയ സാങ്കേതിക വിദ്യയുടെ വെറും ഉപഭോകതാവ് മാത്രമല്ല, അതിന്റെ ഉത്പാദകർ കൂടിയാവണം നാം എന്ന ആശയം ധനമന്ത്രി നൽകുന്നുണ്ട്.

ശബരിമല പാക്കേജിനെ ഉയർത്തി കാട്ടിയപ്പോൾ ഇന്നലെ വരെ പൊതു വികസനത്തിന്റെ ഭാഗമായതിനെ പ്രത്യേകം പൊതിഞ്ഞു വിൽക്കേണ്ട ഒരു അവസ്ഥയിലേക്ക് ധനമന്ത്രിയെ എത്തിക്കുമ്പോൾ, അത് നിലനില്പിന്റെ രാഷ്ട്രീയം ആകുന്നു.

അവസാനമായി, ഈ ബജറ്റ്‌ അസാധാരണതകൾ ഒന്നും ഇല്ലാത്തതാണ്, പക്ഷെ അതിജീവനം എന്നത് ചേക്കുട്ടിയെ പോലെ പുത്തൻ അവസരവും, മേഖലകളും തേടാനുള്ള അവസരം ആണെന്ന് വിളിച്ചോതുന്നതാണ്.

ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും പോളിസി അനലസിറ്റുമാണ് ലേഖിക

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ