ഡോ. തോമസ് ഐസക്കിന്‍റെ 2018 – 2019 ലെ സംസ്ഥാന ബജറ്റ് കഴിഞ്ഞ ബജറ്റിന്‍റെ തുടർച്ചയാണ്. സ്വപ്നം വിൽക്കുന്ന വ്യാപാരിയല്ല, വളരെ പ്രായോഗികമതിയായ രാഷ്ട്രീയക്കാരനും, സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് താൻ എന്ന് വിളിച്ചോതുന്ന ഒരു ബജറ്റ്. ഈ ബജറ്റിനെ അവലോകനം ചെയ്യുമ്പോൾ തെളിയുന്ന ഒന്ന് കേരളത്തിലെ ആദ്യ ധനമന്ത്രിയായിരുന്ന സി അച്യുതമേനോൻ തുടങ്ങി വച്ച പാത തോമസ് ഐസക്കും തുടരുന്നു എന്നതാണ്. ധനകമ്മി കുറക്കാൻ വേണ്ടി കുറുക്കു വഴിയിൽ അദ്ദേഹം ക്രിയ ചെയ്യുന്നില്ല. അതായത് ധനകമ്മി കുറയ്ക്കാനെന്ന പേരിൽ സാമൂഹിക മേഖലയ്ക്കുള്ള, പ്രത്യേകിച്ചും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കുള്ള നീക്കിയിരുപ്പിൽ ഒട്ടും കുറവു വരുത്തിയില്ല എന്നതാണ് അത്. മാത്രമല്ല അതിനെ വീണ്ടും കേന്ദ്ര ബിന്ദുവാക്കിയിട്ടുള്ള ബജറ്റാണിത്.

കടക്കെണിയിൽ പെട്ട് നിൽക്കുന്ന  സംസ്ഥാനം, വ്യവസായത്തിനും, അടിസ്ഥാനസൗകര്യ വികസനത്തിനും പണം കൂടുതൽ കൊടുക്കാതെ സാമൂഹിക മേഖലക്കിത്ര പ്രാധാന്യം നൽകിയാൽ അത് സാമ്പത്തിക വളർച്ചയെ ബാധിക്കില്ലേ എന്നു പലരും ചോദിച്ചേക്കാം. 1957 ലും 1960 കളിലും വിവിധ കേരള സർക്കാരുകൾ ഇന്ത്യയ്ക്കകത്തു തന്നെയുള്ള സാമ്പത്തിക വിദഗ്ധരുടെ വാക്കുകൾ കേൾക്കാതെ വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനും നല്ല നീക്കിയിരുപ്പു നടത്തിയതിനാലാണ്, കേരളം ഇന്ന് ആളോഹരി വരുമാനത്തിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്ന് മറന്നു കൂടാ.

പ്രയോജനപ്പെടുത്താവുന്ന വിഭവങ്ങളുടെ ഗുണം കൂട്ടുക, അതിനെ കേന്ദ്രികരിച്ചു കഴിഞ്ഞ വർഷം തുടങ്ങിയ കാര്യങ്ങൾ വിപുലപ്പെടുത്തുക, മധ്യവർഗത്തിന്‍റെ ആശങ്കകളായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, പിന്നെ സ്ത്രീകളെ ഊന്നിയുള്ള ചെറുകിട സംരംഭങ്ങളെ വിപുലപ്പെടുത്തുക, അതിലൂന്നിയ ഒരു സാമ്പത്തിക വ്യവസ്ഥക്ക് നല്ല പിന്തുണയും പ്രോത്സാഹനവും കൊടുക്കുക, ഒപ്പം അടിസ്ഥാന സൗകര്യങ്ങൾ – റോഡ്, ടൂറിസം വികസനം, പൊതു മേഖല സംരംഭങ്ങളെ ലാഭ യൂണിറ്റുകളാക്കൽ, യാത്ര സൗകര്യം, കേരള ബാങ്ക്, കിഫ്ബി ചിട്ടി, എന്തിനു ലോട്ടറി ടിക്കറ്റിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ആരോഗ്യ മേഖലയെ വലുതാക്കുക എന്നിങ്ങനെയുള്ള ഈ ബജറ്റിൽ നിന്നും വ്യക്തമാകുന്നത് ഇതൊന്നും അപ്രാപ്യമല്ല, സാധ്യമായ പ്രസ്താവനകൾ തന്നെയാണ് എന്നാണ്.

ഒപ്പം, വളരെ കൃത്യമായി ധനമന്ത്രി പറഞ്ഞു, പൊതു മേഖലയെ ലാഭവിഹിത യൂണിറ്റുകൾ ആക്കും. അല്ലാതെ, സർക്കാർ ഏറ്റെടുത്തു നന്നാക്കാനുള്ള ശ്രമം ഇല്ലായെന്നും വ്യക്തമാക്കി. കെഎസ്ആർടിസിയ്ക്കുളള മറുപടിയാണെങ്കിലും അത് സൂചിപ്പിക്കുന്ന ഒരു രാഷ്ട്രീയം ഉണ്ട്. ഒപ്പം സർക്കാർ ജോലിക്കാരുടെ കർത്തവ്യബോധത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  പെൻഷൻ – ഭക്ഷ്യ സുരക്ഷാ സഹായങ്ങൾ അർഹർക്ക് കിട്ടണം, അനർഹർ അതിനു പുറത്തു സ്വയം ഒഴിഞ്ഞു പോകണം എന്ന് പറയുമ്പോൾ, ഡോ ഐസക് വിഭാവനം ചെയ്യുന്നത് ഒരു ക്ലാസിക് സോഷ്യലിസ്റ്റ് സ്റ്റേറ്റ് ഒന്നുമല്ലെന്നും, നിയോലിബറൽ ചട്ടക്കൂടിൽ നിന്ന് കൊണ്ട് മാക്സിമം ജനത്തിന് പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നതെന്നുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ ഒരു മധ്യ-പാത.

ഈ സമീപനത്തെ സ്വന്തം പാർട്ടിക്കാർ തന്നെ എങ്ങനെ സ്വീകരിക്കും എന്നത് കാത്തിരുന്ന് കാണണം. കാരണം, കെഎസ്ആർടിസിയിലെ, സർക്കാരിലെ ട്രേഡ് യൂണിയനും എൻ ജി ഒ യൂണിയനും ഒന്നും ഇതിഷ്ടപ്പെടാൻ ഒരു സാധ്യതയും ഇല്ല. അവരുടെ കംഫോർട് സോണിനെ ആണ് ഇത് ഇളക്കുന്നത്.

ബജറ്റ് ഒരു നയരൂപരേഖ മാത്രമാണ്, അത് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥ പ്രഭൂതികളാണ് നല്ല നയങ്ങളെ നടപ്പിലാക്കാതെ സ്വാർത്ഥ താൽപര്യങ്ങളിൽ പെടുത്തി ഇല്ലാതാക്കിയത്. സർക്കാർ സ്കൂളുകളുടെ തൊട്ടടുത്ത് സ്വകാര്യ സ്കൂൾ തുടങ്ങി, സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ സ്വന്തം ആശുപത്രികളിലേയ്ക്ക് വലിച്ചു, സർക്കാർ സ്ഥാപനങ്ങളെ ഘട്ടം ഘട്ടം ആയി ഇല്ലാതാക്കിയതിൽ അവർക്കുള്ള പങ്ക് വളരെ വ്യക്തമാണ്. ഉദ്യോഗസ്ഥവൃന്ദം കൂടെ നിന്നാൽ, ഈ ബജറ്റിലെ ഒട്ടുമിക്ക കാര്യങ്ങളും സാധ്യമാക്കാവുന്നതാണ്. ഒപ്പം, സിവിൽ സൊസൈറ്റിയും മാധ്യമലോകവും ഒരു ക്രിയാത്മക റോൾ എടുത്താൽ, ഡോ തോമസ്‌ ഐസക്കിന്‍റെ  ഈ ബജറ്റ്, ഇന്ത്യക്കു മാത്രമല്ല, വികസനേച്ഛയുള്ള രാജ്യങ്ങൾക്കു മുഴുവന്‍ മാതൃകയാക്കാനുള്ള അടിത്തറ നൽകുന്ന ഒന്നാണ്.

ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും പോളിസി അനലസിറ്റുമാണ് ലേഖിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook