scorecardresearch
Latest News

ഇപ്പോൾ വേണ്ടത് രാഷ്ട്രീയം കളിയല്ല; ദരിദ്രർക്കു സഹായം

“മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു ശക്തമായ സംവിധാനമാണ്, ജനങ്ങൾക്ക് ആവശ്യമുള്ള സമയത്ത് അത് ഉപയോഗിക്കണമെന്നാണ് സർക്കാരിനോടുള്ള എന്റെ അഭ്യർഥന,” സോണിയാ ഗാന്ധി എഴുതുന്നു

"Sonia Gandhi, MGNREGA, MNREGA, MNREGA Congress, MGNREGA Congress, Congress Covid-19, coronavirus Congress MGNREGA, BJP Congress Covid-19, Sonia Gandhi Covid-19 crisis, Sonia Gandhi Indian Express, "സോണിയാഗാന്ധി, തൊഴിലു‌റപ്പ് പദ്ധതി, കോൺഗ്രസ്,കോവിഡ് -19, കൊറോണ വൈറസ്,ബിജെപി , ബിജെപി കോൺഗ്രസ്, ഇന്ത്യൻ എക്സ്പ്രസ്, ie malayalam, ഐഇ മലയാളം

പുരോഗമനപരവും യുക്തിസഹവുമായ വ്യവസ്ഥാപരമായ മാറ്റത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎന്‍ആര്‍ഇജിഎ) 2005. ഇത് പുരോഗമനപരമാണ്, കാരണം ഇത് ദരിദ്രരില്‍ ദരിദ്രര്‍ക്ക് അധികാരം കൈമാറുകയും പട്ടിണിയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും മോചനം നേടാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ഇത് യുക്തിസഹമാണ്, കാരണം ഇത് പണം ഏറ്റവും ആവശ്യമുള്ളവരുടെ കൈയില്‍ നേരിട്ട് എത്തിക്കുന്നു. ആ നിയമത്തിന്റെ മൂല്യം അത് എപ്പോഴും തെളിയിച്ചിട്ടുണ്ട്,  ശത്രുതാപരമായ നിലപാടുള്ള സര്‍ക്കാരിന്റെ ആറുവര്‍ഷത്തെ ഭരണകാലത്തു പോലും. എംജിഎന്‍ആര്‍ഇജിഎയെ അപകീര്‍ത്തിപ്പെടുത്താനും ദുര്‍ബലപ്പെടുത്താനും ശ്രമിച്ച ഒരു സര്‍ക്കാര്‍ മനസില്ലാമനസോടെ അതിനെ ആശ്രയിക്കുന്നു. ദരിദ്രരും ദുര്‍ബലരുമായ പൗരന്മാര്‍ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും പോവുന്നത് തടയുന്നതിൽ മുഖ്യസ്ഥാനമാണ് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിതരണ സംവിധാനത്തോടൊപ്പം എംജിഎന്‍ആര്‍ഇജിഎയും അത് കൃത്യമായി നടപ്പാക്കിയ ഇടങ്ങളിലെല്ലാം വഹിക്കുന്നത്, പ്രത്യേകിച്ച് ഇന്നത്തെ കോവിഡ്-19 പ്രതിസന്ധിയില്‍.

പാര്‍ലമെന്റ് നടപടികളുടെ ഭാഗമായി 2005 സെപ്റ്റംബറില്‍ എംജിഎന്‍ആര്‍ജിഎ വിജ്ഞാപനം വന്നത് ഒരു ജനകീയ മുന്നേറ്റം മൂലവും സിവില്‍ സമൂഹത്തിന്റെ വര്‍ഷങ്ങളുടെ പോരാട്ടത്തിനുശേഷവുമാണെന്ന് നാം മറക്കരുത്. കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ശബ്ദങ്ങളും ജനങ്ങളുടെ ശബ്ദവും ശ്രദ്ധിച്ചു. എംജിഎന്‍ആര്‍ഇജിഎ ഞങ്ങളുടെ 2004 ലെ പ്രകടനപത്രികയില്‍ ഒരു പ്രതിബദ്ധതയായിത്തീര്‍ന്നു, യുപിഎ സര്‍ക്കാര്‍ സാധ്യമായത്ര വേഗം എംജിഎന്‍ആര്‍ഇജിഎ നടപ്പിലാക്കിയതില്‍ അഭിമാനിക്കുന്നു.

ആശയം ലളിതമായിരുന്നു: ഗ്രാമീണ ഇന്ത്യയിലെ ഏതൊരു പൗരനും ഇപ്പോള്‍ ജോലി ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശമുണ്ട്, കൂടാതെ സര്‍ക്കാര്‍ നല്‍കുന്ന മിനിമം വേതനത്തില്‍ 100 ദിവസത്തെ ജോലി ഉറപ്പുനല്‍കുകയും ചെയ്തു. അത് എംജിഎന്‍ആര്‍ഇജി എയുടെ മൂല്യം വളരെ വേഗം തെളിയിച്ചു – ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച, അടിത്തട്ടിലുള്ള, ആവശ്യമറിഞ്ഞ് രൂപം നൽകിയ, ഘടനയിലും വ്യാപ്തിയിലും അഭൂതപൂർവമായ, തൊഴിൽ അവകാശ പരിപാടി. പദ്ധതി ആരംഭിച്ചശേഷം 15 വര്‍ഷത്തിനിടെ ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയില്‍നിന്നും ദുരിതത്തില്‍നിന്നും രക്ഷപ്പെട്ടു.

”ഒരു പ്രസ്ഥാനത്തെ കൊല്ലുന്നതില്‍ അധിക്ഷേപം പരാജയപ്പെടുമ്പോള്‍ അത് ആദരവിന് പാത്രമാകുന്നു”വെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്.  സ്വതന്ത്ര ഇന്ത്യയില്‍, ഇത് യാഥാര്‍ത്ഥ്യമാകുന്നതിന്റെ എംജിഎന്‍ആര്‍ഇജിഎയേക്കാള്‍ മികച്ച ഉദാഹരണം വേറെയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരമേറ്റപ്പോള്‍ പദ്ധതി നിര്‍ത്തലാക്കുന്നത് പ്രായോഗികമല്ലെന്ന് മനസിലാക്കി. പകരം, അദ്ദേഹം അതിനെ പരിഹസിക്കാന്‍ ശ്രമിച്ചു, ഒരു പ്രസംഗത്തില്‍ അദ്ദേഹം കോണ്‍ഗ്രസിനെ രൂക്ഷമായി ആക്രമിക്കുകയും എംജിഎന്‍ആര്‍ഇജിഎയെ ‘നിങ്ങളുടെ പരാജയത്തിന്റെ ജീവനുള്ള സ്മാരകം’ എന്ന് വിളിക്കുകയും ചെയ്തു.

അതിനുശേഷമുള്ള വര്‍ഷങ്ങളില്‍, എംജിഎന്‍ആര്‍ഇജിഎയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു, അതിനു തുരങ്കം വയ്ക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സാമൂഹ്യപ്രവര്‍ത്തകരുടെയും കോടതികളുടെയും നിരന്തരമായ സമ്മര്‍ദത്തെയും പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളത്തെയും തുടര്‍ന്ന് പിന്മാറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. പകരം പ്രധാനമന്ത്രിയുടെ സ്വന്തം പരിപാടികളായ സ്വച്ഛ് ഭാരത്, പ്രധാന്‍ മന്ത്രി ആവാസ് യോജന എന്നിവയുമായി സമന്വയിപ്പിച്ച് എംജിഎന്‍ആര്‍ഇജിഎയ്ക്ക് പുതിയ രൂപം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇവ പരിഷ്‌കാരങ്ങളായി പാസാക്കപ്പെട്ടു, പക്ഷേ വാസ്തവത്തില്‍, അവ കോണ്‍ഗ്രസ് കൊണ്ടുവന്ന സംരംഭങ്ങളെ വികലമായി വേഷം ധരിപ്പിച്ചതില്‍ കൂടുതലൊന്നുമായിരുന്നില്ല. തൊഴിലാളികള്‍ക്കുള്ള വേതനം നല്‍കുന്നതില്‍ ഇടയ്ക്കിടെ കാലതാമസം നേരിടുകയും ജോലി നിരന്തരം നിഷേധിക്കുകയും ചെയ്തുവെന്നത് മറ്റൊരു കാര്യം.

കോവിഡ് -19 പകര്‍ച്ചവ്യാധിയും അത് കെട്ടഴിച്ചുവിട്ട ദുരിതവും മോദി സര്‍ക്കാരിനെ പൂര്‍ണ വൃത്തത്തിലെത്തിച്ചു. അഭൂതപൂര്‍വമായ പ്രയാസങ്ങളും ഇതിനകം മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയും കാരണം യുപിഎയുടെ പ്രധാന ഗ്രാമീണ ദുരിതാശ്വാസ പദ്ധതിയിലേക്കു തിരിച്ചുപോകാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായിരുന്നു. വാക്കുകളെക്കാള്‍ പ്രവൃത്തികള്‍ പ്രധാനമാണ്, മൊത്തം പദ്ധതി വിഹിതം ഒരു ലക്ഷം കോടിയിലധികം വര്‍ധിപ്പിച്ച ധനമന്ത്രിയുടെ സമീപകാലത്തെ, വൈകിയ നടപടിയേക്കാള്‍ കൂടുതല്‍ ഒന്നും വാചാലമായി സംസാരിക്കുന്നില്ല. 2020 മേയില്‍ മാത്രം 2.19 കോടി കുടുംബങ്ങള്‍ ഈ നിയമത്തിലൂടെ തൊഴില്‍ ആവശ്യപ്പെട്ടു. ഇത് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു പരിപാടിയോടുള്ള അനിഷ്ടത്തെ മൊത്തത്തില്‍ സ്വീകരിക്കുന്നതുമായി പൊരുത്തപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ഇപ്പോഴും ചില വളച്ചൊടിച്ച യുക്തികള്‍ തേടുന്നുണ്ടാകാം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ്  പദ്ധതിയായ എംജിഎന്‍ആര്‍ഇജിഎ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ കടുത്ത ദാരിദ്ര്യത്തില്‍നിന്ന് ഉയര്‍ത്താന്‍ സഹായിക്കുക മാത്രമല്ല പഞ്ചായത്തിരാജിനെ പരിവര്‍ത്തിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിന് സംഭാവന നല്‍കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തത് എങ്ങനെയെന്ന് രാജ്യം തിരിച്ചറിയുന്നു. എല്ലാവര്‍ക്കും തുല്യവേതനം ഉറപ്പുവരുത്തുക, സ്ത്രീകള്‍, പട്ടികജാതി-വര്‍ഗക്കാര്‍, മറ്റ് ദുര്‍ബല ജനവിഭാഗങ്ങള്‍ എന്നിവരെ ശാക്തീകരിച്ച് എംജിഎന്‍ആര്‍ഇജിഎ സാമൂഹ്യ മാറ്റത്തെ വിളംബരം ചെയ്തു. ഇത് അവരെ സംഘടിപ്പിക്കാന്‍ സഹായിക്കുകയും അന്തസും ആത്മാഭിമാനവും നിറഞ്ഞ ജീവിതം വാഗ്ദാനം ചെയ്യുകയും ചെയ്തു. മികച്ച രീതിയില്‍ സ്ഥാപിതമായ ഈ വസ്തുതകള്‍ മനസിലാക്കുന്നത് ഇന്നത്തെ പ്രതിസന്ധിയില്‍ ഇന്ത്യയെ ശാക്തീകരിക്കുന്നതിന് നിര്‍ണായകമാകും.

നിരാശരായ തൊഴിലാളികള്‍ നഗരങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കൂട്ടമായി തിരിച്ചെത്തുകയും തൊഴില്‍ നഷ്ടപ്പെടുകയും സുരക്ഷിതമല്ലാത്ത ഒരു ഭാവിയെ അഭിമുഖീകരിക്കുകയും ചെയ്യുമ്പോള്‍, മുന്‍പില്ലാത്ത തരത്തിലുള്ള മാനുഷിക പ്രതിസന്ധി നമ്മുടെ മുന്നില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. എംജിഎന്‍ആര്‍ഇജിഎയുടെ മൂല്യം ഒരിക്കലും ഇത്രയധികം വ്യക്തവും സ്പഷ്ടവുമായിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവരുടെ വിശ്വാസം പുനര്‍നിര്‍മിക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കണം. പദ്ധതികളില്‍ അവര്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ നല്‍കുകയെന്നതാണ് ഉടനടി ചെയ്യേണ്ട നടപടി. എംജിഎന്‍ആര്‍ഇജിഎ ഒരു കേന്ദ്രീകൃത പരിപാടിയല്ലാത്തതിനാല്‍, രാജീവ് ഗാന്ധിയുടെ വിപ്ലവകരമായ മുന്‍കൈയാല്‍ ശാക്തീകരിക്കപ്പെട്ട പഞ്ചായത്തുകളെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവരണം. പൊതു പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പഞ്ചായത്തുകളുടെ ശേഷി ശക്തിപ്പെടുത്തുകയും പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വിഭജനത്തിന് മുന്‍ഗണന നല്‍കുകയും വേണം. ജോലിയുടെ സ്വഭാവം ഗ്രാമസഭകളുടെ തീരുമാനത്തിനു വിധേയമാകണം. തദ്ദേശഭരണസ്ഥാപനങ്ങള്‍ അടിസ്ഥാന യാഥാര്‍ഥ്യങ്ങളും തൊഴിലാളികളുടെ എണ്ണവും അവരുടെ ആവശ്യങ്ങളും മനസിലാക്കുന്നു. ഗ്രാമത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും ആവശ്യങ്ങള്‍ക്കനുസൃതമായി അവരുടെ ബജറ്റുകള്‍ എവിടെ ചെലവഴിക്കണമെന്ന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നന്നായി അറിയാം. കാര്‍ഷിക ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനും ഗ്രാമീണ വരുമാനം വര്‍ദ്ധിപ്പിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും ദൃഡമായ ആസ്തികള്‍ പടുത്തുയര്‍ത്താന്‍ തൊഴിലാളികളുടെ കഴിവുകള്‍ ഉപയോഗിക്കണം.

പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍, കുടിശിക തീര്‍ത്തും തൊഴിലില്ലായ്‌മ അലവന്‍സ് ഉറപ്പാക്കിയും, പണം നല്‍കുന്നതിലെ കാലതാമസം ഇല്ലാതാക്കിയും സര്‍ക്കാര്‍ പണം നേരിട്ട് ജനങ്ങളുടെ കൈകളില്‍ എത്തിക്കണം. പ്രവൃത്തിദിനങ്ങളുടെ എണ്ണം 200 ആക്കി ഉയര്‍ത്തണമെന്നും ഓരോ ഗ്രാമപഞ്ചായത്തുകളിലെയും വര്‍ക്ക് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ചെവികൊടുത്തിട്ടില്ല.

യുപിഎ സര്‍ക്കാരിന്റെ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മെച്ചപ്പെടുകയും വികസിക്കുകയും ചെയ്തുകൊണ്ട് എംജിഎന്‍ആര്‍ഇജിഎ അതിന്റെ മൂല്യം തെളിയിച്ചിട്ടുണ്ട്. വിപുലമായ സാമൂഹിക ഓഡിറ്റുകള്‍, സുതാര്യത, മാധ്യമപ്രവര്‍ത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയും സൂക്ഷ്മപരിശോധനയ്ക്കുള്ള അവസരം, ഒരു ഓംബുഡ്സ്മാനെ നിയമിക്കല്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ് ഇത് രൂപപ്പെടുത്തിയത്. മികച്ച രീതികളിലൂടെ പദ്ധതിയെ നവീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ണായക പങ്ക് വഹിച്ചു. ലോകമെമ്പാടുമുള്ള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ മാതൃകയായി ഇത് അറിയപ്പെട്ടു.

പരിപാടിയുടെ പ്രാധാന്യത്തെ മോദി സര്‍ക്കാര്‍ മനസില്ലാമനസ്സോടെയാണ് സമീപിക്കുന്നത്. സര്‍ക്കാരിനോടുള്ള എന്റെ അഭ്യര്‍ഥന ഇതാണ്, ഇത് ദേശീയ പ്രതിസന്ധിയുടെ കാലമാണ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. ഇത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നവുമല്ല. നിങ്ങള്‍ക്ക് ശക്തമായ ഒരു സംവിധാനമുണ്ട്, ദയവായി ഇന്ത്യയിലെ ജനങ്ങളെ അവരുടെ ആവശ്യമുള്ള സമയത്ത് സഹായിക്കാന്‍ ഇത് ഉപയോഗിക്കുക.

Read More: Sonia Gandhi writes: This isn’t BJP vs Congress… use MNREGA to help people of India

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: This is not bjp vs congress sonia gandhi on covid 19 mgnrega