ഒരേയമ്മയുടെ രണ്ട് മക്കളാണ് ഇന്ത്യയും പാക്കിസ്ഥാനും. അവരവരുടെ രാജ്യത്തിന്റെ ക്ഷേമത്തെക്കുറിച്ചാണ് നല്ല നേതാക്കൾ എപ്പോഴും ചിന്തിക്കുന്നത്. അവർ സമാധാനം ആഗ്രഹിക്കുന്നു. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് നല്ല കാര്യം തന്നെ. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം യുദ്ധം ചെയ്തിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും നേട്ടമുണ്ടാക്കിയോ? എന്തെങ്കിലും ഒരു തീർപ്പിലേക്ക് ആരെങ്കിലും എത്തിച്ചേർന്നോ? സംഭവിച്ചതെല്ലാം തന്നെ നിലനില്‍ക്കുന്ന പ്രതികൂല അവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ് ചെയ്തത്.
ലോക യുദ്ധങ്ങൾ ബാക്കി വച്ചത് വരണ്ടുണങ്ങിയ ഒരു ലോകത്തെയാണ്. ആയിരക്കണക്കിന് നിഷ്കളങ്കരായ സാധാരണ പൗരന്മാർ കൊല്ലപ്പെട്ടു. യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല. ഇന്ത്യയും പാക്കിസ്ഥാനും ഇപ്പോൾ അയൽവാസികളാണ്. അതിനാൽ, ഭൂതകാലത്തിൽ എന്ത് സംഭവിച്ചു എന്നുള്ളത് മറക്കുക. സംഘര്‍ഷം നിലനിൽക്കുന്നുണ്ടെങ്കിലും, രണ്ട് രാജ്യങ്ങളും ഇപ്പോഴത്തേക്ക് നല്ല ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. നമ്മുടെ പൂർവികന്മാര്, ഇന്ത്യക്കാരുടെയും പാക്കിസ്ഥാനികളുടെയും, ഒരുമിച്ചാണ് ജീവിച്ചിരുന്നത്. ഇന്ത്യൻ പൗരന്മാരായ അനേകം മുസ്ലിമുകൾക്ക് ഇന്ത്യ അവരുടെ ഭവനമാണ്. പാക്കിസ്ഥാനി പാസ്പോർട്ട് കൈവശമുള്ള, അനേകം ഹിന്ദുക്കളെ പാക്കിസ്ഥാനും അവരുടെ പൗരന്മാരായി കണക്കാക്കുന്നു.
അയൽവാസികളാകുമ്പോൾ ചില ധാർമികബാധ്യതകളുമുണ്ട്. അയൽവാസികൾ ഒരുമിച്ച് ജീവിക്കുകയും, പരസ്പരം മനസിലാക്കുകയും വേണം. ഇന്ത്യയുടെ ഫൈറ്റർ പൈലറ്റായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയയ്ക്കുക വഴി ഇമ്രാൻ ഖാൻ ഒരു വലിയ ചുവടുവയ്പാണ് നടത്തിയിരിക്കുന്നത്. മറ്റൊരു പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ഇത്തരമൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടു പോലും ഉണ്ടാകില്ല. ഇന്ത്യയുടെ പൈലറ്റിനെ തടവിലാക്കി വയ്ക്കുന്നതിൽ ഒരർത്ഥവുമില്ലായിരുന്നു. അദ്ദേഹം രാജ്യത്തേക്ക് മടങ്ങിയെത്തിയത് ആശ്വാസം നൽകുന്നൊരു കാര്യമാണ്. എന്തെങ്കിലുമൊരു നയതന്ത്ര സമ്മർദത്തിന്റെ ഭാഗമായിട്ടാണ് ഇതു സംഭവിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പരസ്പരം ഏറ്റുമുട്ടുന്നതിൽ ഒരു കാര്യവുമില്ല എന്നതായിരുന്നു സന്ദേശം. ഏറ്റുമുട്ടലിന് എപ്പോഴും പ്രതികൂലമായൊരു വശം മാത്രമേയുള്ളു, അനുകൂലമായ ഒന്നും തന്നെയില്ല.
പാക്കിസ്ഥാൻ സൈന്യത്തിന്റെ ചരടുപാവ മാത്രമാണ് ഇമ്രാൻ ഖാൻ എന്നു പറയുന്നത് തെറ്റാണ്. എല്ലാരും ഒരു രാജ്യത്തിന്റെ ഭാഗമാണെന്നുള്ളത് നമ്മൾ മനസിലാക്കണം. ഒരു രാജ്യത്തിലും തീരുമാനങ്ങൾ ഒരു വ്യക്തി മാത്രമായി എടുക്കുന്നില്ല. പക്ഷേ, ഒരു പ്രധാനമന്ത്രി പ്രധാനമന്ത്രി തന്നെയാണ്. ഉന്നതതലത്തിൽ എല്ലാരേയും പരിഗണിക്കും. ഒരു വ്യക്തി നായകനായി നാമനിർദേശം ചെയ്യപ്പെടുകയോ/ തിരഞ്ഞെടുക്കപ്പെടുകയോ ചെയ്യുന്നു. ക്രിക്കറ്റിലേതെന്ന പോലെ നായകന്റെ ഉത്തരവിനെ എല്ലാരും പിന്തുടരുന്നു. ടീമുകളുടെ യോഗം നടക്കാറുണ്ട്. അവിടെ ഇളമുറക്കാർക്ക് വരെ സംസാരിക്കാനുള്ള അവസരം ലഭിക്കുന്നു. ഉന്നതതലത്തിൽ എല്ലാരും ഒരുമിച്ചിരുന്നു, കൂട്ടമായൊരു തീരുമാനമെടുക്കുന്നു.
1992-ലെ ലോകകപ്പിന് മുന്നോടിയായി ഇമ്രാൻ ഖാൻ പറഞ്ഞത്, കളിയിൽ പാക്കിസ്ഥാന്റെ മാത്രമല്ല, ഈ ഉപഭൂഖണ്ഡത്തിന്റെ മുഴുവൻ നായകൻ താനായിരിക്കുമെന്നാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവർ നമ്മളെ തമ്മിൽ വ്യത്യാസം കാണുന്നില്ല. അവർ നമ്മളെയെല്ലാം തന്നെ ഏഷ്യക്കാർ എന്ന് വിളിക്കുന്നു. നമുക്ക് പ്രതികൂലമായൊരു മനോഭാവം പാടില്ല. രണ്ട് രാജ്യങ്ങളും ആണവ ശക്തികളാണ്. നമുക്ക് നാശത്തിലേക്ക് നയിക്കാന്‍ സാധിക്കും. ഇന്ത്യ വലിയൊരു രാജ്യമാണ്. പക്ഷേ പാക്കിസ്ഥാനെ വേഗത്തിൽ തോൽപ്പിക്കാമെന്നും ഇന്ത്യ കരുതണ്ട. പാക്കിസ്ഥാനും ഒരു ആണവ ശക്തിയാണ്. ‘ബാടോം കോ തോ ചോട്ടോ൦ കോ സംഭാൽന ചാഹിയെ’ (മുതിർന്നവരാണ് സാഹചര്യം കൈകാര്യം ചെയ്യേണ്ടത്/ ഇളയവരെ സംരക്ഷിക്കേണ്ടത്). നമുക്ക് പരസ്പര വിനിമയമുണ്ടാകണം. നമ്മൾ പരസ്പരം കച്ചവടം നടത്തണം. നിയന്ത്രണ രേഖയിലെ ഷെല്ലിങ് പോലുള്ള വിഷയങ്ങൾ ഇവിടെ ഉയർത്തേണ്ടതില്ല. അത് ഇതിനു മുൻപും സംഭവിച്ചിട്ടുണ്ട്.
കായിക വിനോദങ്ങൾ സമാധാനം കൊണ്ടു വരുന്നു. അത് പാലങ്ങൾ/ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നു. രണ്ട് രാജ്യങ്ങളിലേയും സാധാരണ ജനങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. പാക്കിസ്ഥാനിൽ ഇന്നും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ആരാധിക്കപ്പെടുന്നു. അതു പോലെ തന്നെ, 2016-ലെ ലോക ടി20-ക്ക് പാക്കിസ്ഥാൻ കൽക്കട്ടയിൽ ഒരു നിറഞ്ഞ സദസിനു മുൻപിലാണ് കളിച്ചത്. അവർ പാക്കിസ്ഥാന്റെ കളിയെ പ്രശംസിച്ചു.
അതിനാൽ, പരസ്പരം ഹസ്തദാനം നടത്തേണ്ട സമയമായിരിക്കുന്നു. രണ്ടു പ്രധാനമന്ത്രിമാര്‍, നരേന്ദ്ര മോദിയും, ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്തി, യുദ്ധവിരാമം പ്രഖ്യാപിക്കണം. നമ്മുടെ ഭാവി തലമുറകളെ കുറിച്ച് നമ്മൾ ചിന്തിക്കണം. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി നമ്മളെന്ത് പൈതൃകമാണ് ബാക്കി വച്ചു പോകുന്നത്? അതു പോലെ തന്നെ, രണ്ടു പ്രധാനമന്ത്രിമാരും, അവർ കൂടിക്കാഴ്ച നടത്തുകയാണെങ്കിൽ, ഏതെങ്കിലും നിഷ്പക്ഷരാജ്യത്ത് വച്ചല്ല കൂടിക്കാഴ്ച നടത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഇത് നമ്മുടെ പ്രശ്നമാണ്. വാഗാ അതിർത്തി കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമായ സ്ഥലമാണ്.
പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന്‍ക്യാപ്റ്റനാണ് ജാവേദ് മിയാന്‍ദാദ്