ബാലതാരമായിരിക്കുമ്പോള്‍ സ്വാധീനിച്ച ഒരു സംഭവം ശ്രീദേവി ഒരവസരത്തില്‍ അനുസ്മരിക്കുകയുണ്ടായി. നിറയേ കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ചിത്രമായിരുന്നു അത്. സംഘത്തിലെ ഒരു കുട്ടിയെ കാണാനില്ലെന്ന് ഏറെ വൈകിയാണ് മനസ്സിലായത്‌. പിന്നെ തിരക്ക് പിടിച്ച അന്വേഷണമായി. ആ കുട്ടിയെ ഒരു തടാകത്തില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെടുക്കുകയായിരുന്നു. അതറിഞ്ഞ കുഞ്ഞു ശ്രീദേവിയ്ക്ക് മറ്റൊരു തിരിച്ചറിവുമുണ്ടായി. തിരശ്ശീലയില്‍ മാറി വരുന്ന മായക്കഴ്ച്ചകള്‍ പോലെ തന്നെയാണ് അനിശ്ചിതത്വങ്ങളുടെ ഇടയില്‍ കിടക്കുന്ന മനുഷ്യജീവിതവും എന്ന്.

മികച്ച നടിയെന്ന നിലയില്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും അവര്‍ തന്‍റെ സ്വകാര്യത പരമാവധി കാത്തു സൂക്ഷിച്ചതിന്‍റെ കാര്യവും ഇത്തരം തിരിച്ചറിവുകളാകാം. തന്‍റെതായ നിയന്ത്രണരേഖ, ഒരു ‘Protective Sphere’ അവര്‍ തനിക്കു ചുറ്റും സൃഷ്ടിച്ചു. മുംബൈയില്‍ ഒരു ഹോട്ടലില്‍ ഏറെക്കാലം ഒറ്റയ്ക്ക് താമസിച്ച് അഭിനയിച്ചു വന്നപ്പോഴും ബോണീ കപൂറും ആയി വിവാഹം കഴിഞ്ഞു തിരക്കുകളില്‍ നിന്ന് ഒതുങ്ങി കഴിഞ്ഞപ്പോഴുമെല്ലാം.

മിഥുൻ ചക്രവർത്തിയുടെ പേര് അവരുടെ പേരിനൊപ്പം പ്രചരിച്ചുവെങ്കിലും, വിവാഹം കഴിച്ചു എന്ന് വരെ വാര്‍ത്തകള്‍ വന്നുവെങ്കിലും ശ്രീദേവിയെ, അവരുടെ താരമൂല്യത്തെ, സ്വകാര്യ ജീവിതത്തിന്‍റെ മുന്നോട്ടുള്ള യാത്രകളെ, ഒന്നും തന്നെ ബാധിച്ചില്ല. വിവാഹിതനായ നിര്‍മാതാവ് ബോണി കപൂറും ആയി പില്‍കാലത്ത് വിവാഹം  കഴിച്ചപ്പോഴും ആ കൂസലില്ലായ്മ തുടര്‍ന്നു.

കടുത്ത അനുഭവങ്ങള്‍ക്ക് സാക്ഷിയായ ഒരു പെണ്‍കുട്ടിയുടെ സൂപ്പര്‍താര പദവിയിലേക്കുള്ള യാത്ര അത്ര സുഗമമായിരുന്നില്ല എന്ന് ശ്രീദേവി തന്നെ പല വട്ടം പറഞ്ഞ കാര്യങ്ങളില്‍ നിന്നും അനുമാനിക്കാം. സിനിമയ്ക്ക് വേണ്ടി പഠനം ഉപേക്ഷിക്കേണ്ടി വന്നു എന്നതായിരുന്നു അവര്‍ പങ്കുവച്ച ദുഃഖങ്ങളില്‍ പ്രധാനം.

നാലാം വയസ്സില്‍ ‘കുമാരസംഭവ’ത്തില്‍ മുരുകനായി വേഷമിട്ട ശ്രീദേവിയുടെ ജീവിത കഥ  54 ആം വയസ്സില്‍ അവസാനിക്കുന്നുമ്പോള്‍ അരനൂറ്റാണ്ട് നിറഞ്ഞു നിന്ന ആ അഭിനയമികവ് ലോകമൊട്ടാകെ പല തലമുറകളിലായി കോടിക്കണക്കിനു ആരാധകരെയാണ് സൃഷ്ടിച്ചത്. എഴുപതുകളിലും എൺപതുകളിലും ഇന്ത്യന്‍ സിനിമയിലെ സുപ്പര്‍ സ്റ്റാര്‍ ആയിരുന്നു അവര്‍. സൗന്ദര്യവും നൃത്തവും അഭിനയവും ഒന്ന് ചേര്‍ന്ന പ്രതിഭ .

ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ രാജ്യാന്തരമായും ഉയര്‍ന്ന, അമിതാഭ് ബച്ചന്‍റെയും ഖാന്മാരുടെയും കപൂർമാരുടെയും തട്ടകങ്ങളില്‍ കൊടങ്കാറ്റു ഉയര്‍ത്തിയ നടി. ഒരു നടിയുടെ പേരില്‍ ഒരു സിനിമ വിജയിക്കുക എന്നത് അസാധ്യമായ കാര്യമാണ്, പ്രത്യേകിച്ച് ബോളിവുഡില്‍. പക്ഷെ അത് ശ്രീദേവിയാണെങ്കില്‍, കാര്യം വേറെ. വിജയത്തിന്‍റെ മൂന്നക്ഷരം എന്നും  കൂട്ടുവന്ന നടിയാണ് അഭിനയത്തില്‍ 50 വര്‍ഷം തികച്ച ശ്രീദേവി. പകിട്ട് കുറഞ്ഞു എന്ന് തോന്നിയ നിമിഷത്തില്‍ സ്വയം പിന്‍വലിഞ്ഞ വ്യക്തി.

കോളിളക്കം സൃഷ്ടിച്ച എത്രയോ നടിമാര്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെയുണ്ട്. സൗന്ദര്യത്തിന്‍റെയും നൃത്തത്തിന്‍റെയും ബലത്തില്‍ സിനിമയെ കാൽപ്പന്തുപോലെ തട്ടിക്കളിച്ചവര്‍. അവരില്‍പ്പലരും തെന്നിന്ത്യയില്‍ നിന്നുള്ളവരായിരുന്നു. പദ്മിനി, വൈജയന്തി മാല, രേഖ ,ഐശ്വര്യ, ഹേമ മാലിനി, ദീപിക തുടങ്ങിയ വലിയ ഒരു നിര തന്നെയുണ്ട്‌. എന്നാല്‍ ശ്രീദേവി അവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തയായി നിലകൊള്ളുന്നു.

പ്രേക്ഷകരുടെ മനസ്സില്‍ ഒരു ‘മദാലസ സുന്ദരി’യായി മാറുന്നതിനും മുന്‍പേ തന്നെ തന്‍റെ നൈസര്‍ഗ്ഗികമായ അഭിനയശേഷികൊണ്ട് ജനങ്ങളെ വശീകരിച്ച നടിയാണവര്‍.

മലയാളത്തില്‍ ആദ്യചിത്രമായ ‘പൂമ്പാറ്റ’യില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ്‌ അവരെ തേടിയെത്തി. പക്ഷെ ഐ വി ശശി സംവിധാനം ചെയ്ത ‘അംഗീകാര’ത്തിലെ’ നീലജലാശയത്തിലെ’ എന്ന ഗാനത്തിന്‍റെ പേരിലാകും മലയാളികള്‍ അവരെ കൂടുതലും ഓര്‍ക്കുക. പ്രായം തികയും മുന്‍പേ സാരിയും ഉടുത്തു മുതിര്‍ന്നവരുടെ റോള്‍ ചെയ്യേണ്ടിവന്നു എന്ന് അവര്‍ എക്കാലവും പറയുമായിരുന്നു. പില്‍കാലത്ത് ‘ദേവരാഗം’എന്ന സിനിമയിലൂടെ അവര്‍ വീണ്ടും മലയാളത്തില്‍ എത്തി. ശ്രീദേവി തന്നെ അവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ ചിത്രം ഭരതൻ മലയാളത്തിൽ എടുത്തത്. മരണാനന്തര ക്രിയകള്‍ ചെയ്യുന്ന ഒരു ശൗണ്ടിയുമായി പ്രണയത്തിലാകുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ഈ സിനിമ മലയാളത്തില്‍ അത്ര ഏശിയില്ല . പക്ഷെ ശ്രീദേവിയുടെ നൃത്തചുവടുകള്‍ നിറഞ്ഞ ഗാനങ്ങള്‍ മലയാളി മനസ്സില്‍ നിറഞ്ഞു.

ശ്രീദേവി വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചത് തമിഴില്‍ ആയിരുന്നു .അവ റീ മേയ്ക്ക് ആയി ഹിന്ദിയിലും എത്തി. പതിമൂന്നാമത്തെ വയസ്സില്‍ കെ ബാലചന്ദറിന്‍റെ ‘മൂൻട്രൂ മുടിച്ചു’ വില്‍ അസാധാരണമായ ഒരു നെഗറ്റീവ് കഥാപാത്രത്തെ ആണവര്‍ അവതരിപ്പിച്ചു. സഹതാരങ്ങള്‍ കമല്‍ഹാസനും രജനികാന്തും. തടാകത്തില്‍ വീണ തന്‍റെ കാമുകനെ (കമല്‍) മനപൂര്‍വം രക്ഷപെടുത്താത്ത സുഹൃത്തിനെ (രജനി)തിരെ പ്രതീകാരം ചെയ്യാന്‍ ഒരുമ്പെടുന്ന കാമുകിയുടെ റോളില്‍ ശ്രീദേവി തിളങ്ങി. അയാളുടെ അച്ഛനെ വിവാഹം ചെയത് ഫലത്തില്‍ തന്‍റെ മകന്‍ ആയ പ്രതിയോഗിയെ വാക്കുകളില്‍ അവര്‍ കോര്‍ക്കുന്നു. ഒരു പക്ഷെ ആ താരത്രയങ്ങളുടെ സംഗമം ആകാം എഴുപതുകളിലെ വലിയ സിനിമാക്കഥ.

ശ്രീദേവിയും കമലും രജനിയും അഭിനയിച്ച ‘പതിനാറു വയതിനിലെ’ ആ താരസംഗമത്തിന്‍റെ അപൂര്‍വ്വഫലസിദ്ധിയാണ്. ‘പതിനാറു വയതിനിലേ’, രജനി എന്ന നടനെ ഉയരത്തില്‍ എത്തിച്ചു. അതിലെ ചാപ്പാണി മുത്ത്‌ എന്ന ഗ്രാമീണന്‍ കമലിന്‍റെ അപൂര്‍വ്വ അഭിനയ മുഹൂര്‍ഹത്തമായി. ഭാരതിരാജയുടെയും ഇളയരാജയുടെയും യുഗത്തിന്‍റെ തുടക്കം കൂടിയായി അത്. ചതിക്കപെട്ട കാമുകിയായി ശ്രീദേവി സിനിമയില്‍ അപൂര്‍വമായ അഭിനയം കാഴ്ച്ചവെച്ചു. കമലുമായുള്ള പ്രണയ രംഗങ്ങളില്‍ ശ്രീദേവി തിളങ്ങി. പല ഭാഷകളിലായി 21 ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ചു വേഷമിട്ടു. ‘വരുമയിന്‍ നിറം ചുവപ്പ്’ , ‘ചുവപ്പുകല്ല് മൂക്കുത്തി’, ‘മൂന്രാം പിറൈ’, എന്നിവ അതിൽ ചിലത് മാത്രം.

റോളുകളില്‍ മാത്രമല്ല ഏതു തരം വസ്ത്രങ്ങളിലും അവര്‍ തിളങ്ങി. സാരിയോ ആധുനികവേഷങ്ങളോ നര്‍ത്തകിയുടെ വേഷവിതാനങ്ങളിലോ എല്ലാം. ഗാനരംഗങ്ങള്‍ അവര്‍ ആടിത്തകര്‍ത്തു.

‘വാഴ്വേ മായം’ പ്രേമത്തിന്‍റെ ഔന്നത്യം മാത്രമല്ല നടനത്തിന്‍റെ അപൂര്‍വ്വചാരുത കൂടിയാണ്. ദേവിയായി മാറുന്ന പെണ്‍കുട്ടിയാണ് ‘ശിവപ്പുകല്ല് മൂക്കുത്തി’യില്‍ ശ്രീദേവി. ശ്രീദേവിക്കു മാത്രം സാധിക്കുന്ന കാര്യം. പക്ഷേ, ഓർമ്മ നഷ്ടപ്പെട്ട പെണ്‍കുട്ടിയായി അഭിനയിച്ച ‘മൂന്രാം പിറൈ’യിലാണ്  ശ്രീദേവി  അഭിനയത്തിന്‍റെ മറ്റൊരു നാഴികക്കല്ലു കടന്നത്‌. കമലും ശ്രീദേവിയും മത്സരിച്ചു അഭിനയിക്കുന്ന ഈ സിനിമയില്‍ ശ്രീദേവി, കമലിന്‍റെ മാത്രമല്ല പ്രേക്ഷകരുടെയും ഹൃദയം തകര്‍ക്കുന്നു. ഈ സിനിമയിൽ അവിസ്മരണീയമുഹുര്‍ത്തം കാഴ്ച വെച്ചത് സില്‍ക്ക് സ്മിതയും കമലഹാസനും ചേർന്നുളള നൃത്തമായിരുന്നു എന്നത് കൗതുകകരായ മറ്റൊരു വശം. ഹിന്ദിയില്‍ ‘സദ്മ’യായി റീമെയ്ക്ക് ചെയ്ത സിനിമയിലും ഇരുവരും ജോടികളായിരുന്നു. സിനിമ അങ്ങനെയാണ്, നിമിഷം കൊണ്ടു താരങ്ങളെ അത് സൃഷ്ടിക്കും.

രജനിയുമൊത്തു അവര്‍ അഭിനയിച്ച ‘ജോണി’ ആയിരുന്നു വലിയൊരു പ്രണയ കഥയായി മാറിയത്. ഇരട്ടകളായി രജനി അഭിനയിക്കുമ്പോള്‍ ഗായികയായി ശ്രീദേവ . തന്‍റെ കാമുകനായി വേഷം മാറുന്ന ക്രിമിനല്‍ ആയ ഇരട്ടസഹോദരനോട് ശ്രീദേവി ഒരു പെണ്ണിന്‍റെ നൈസര്‍ഗികമായ തിരിച്ചറിവോടെ ചോദിക്കുന്നു – എന്തെ എല്ലാം പറഞ്ഞിട്ടും നിങ്ങള്‍ എന്‍റെ പാട്ടിനെപറ്റി ചോദിച്ചില്ല… മനോഹരമായ പാട്ടുകള്‍ ഇതിനു മറ്റൊരു മാനം നല്‍കുന്നു മഹേന്ദ്രന്‍റെ സംവിധാനവും.

തെക്കേ ഇന്ത്യയില്‍ അഭിനയത്തിന്‍റെ വെന്നികൊടി പാറിച്ചുവെങ്കിലും ഹിന്ദി ശ്രീദേവിക്ക് അത്ര എളുപ്പമായിരുന്നില്ല. ‘ജൂലി’യുടെ റീമെയ്ക്ക് ചിത്രത്തില്‍ ലക്ഷ്മിയുടെ അനുജത്തിയായി അഭിനയിച്ചുവെങ്കിലും അവിടെ ഒരു സെൻസേഷൻ ആകുന്നത് ജീതേന്ദ്രയുമായി അഭിനയിച്ച ‘ഹിമ്മത് വാല’യിലാണ്. വര്‍ഷങ്ങള്‍ക്കു ശേഷം തമന്ന നായിക ആയി ഈ ചിത്രം വീണ്ടും ഇറക്കിയെങ്കിലും ശ്രീദേവി ചിത്രത്തിന്‍റെ വിജയം പിന്നിട് ആവര്‍ത്തിക്കാന്‍ ആയില്ല.

ഹിന്ദിയില്‍ എത്തിയതോടെ ശ്രീദേവി ശാരീരികമായും രൂപന്തരപ്പെട്ടിരുന്നു. അവരുടെ നാസിക കോസ്മെറ്റിക് സര്‍ജറിക്ക് വിധേയമാക്കിയെന്നു പലരും പറയുന്നു. അതീവ സെക്സി ആയി അവരുടെ വേഷങ്ങള്‍. ഗാനചിത്രീകരണങ്ങളില്‍ ഹിന്ദി സിനിമയുടെ ധാരാളിത്തം ആ നടിക്ക് അനുഗ്രഹമായി.

പല സിനിമകളും തെന്നിന്ത്യന്‍ സിനിമകളുടെ റീ മെയ്ക്ക് ആയിരുന്നുവെങ്കിലും ചില പുതുമയുള്ള കഥകള്‍ അവരെ തേടിഎത്തി, ‘മിസ്റ്റര്‍ ഇന്ത്യ’ പോലെ. ‘ഹവാ ഹവായ്‌’ പോലെയുള്ള നൃത്ത രംഗങ്ങള്‍ ആ നടിയെ ഇന്ത്യ കണ്ട മികച്ച താരങ്ങളില്‍ ഒരാളാക്കി. മഞ്ഞയും ചുവപ്പും നീലയും സാരീകളില്‍ ഒരു സ്ത്രീക്ക് എത്ര മാത്രം മാദക സുന്ദരിയാകാം എന്ന് അവര്‍ അതോടൊപ്പം തെളിയിച്ചു. ഓരോ പാട്ടും ഡാന്‍സും അങ്ങനെ മായാത്ത വിസ്മയമായി.

അഭിനയത്തിന്‍റെ അന്‍പതാം വര്‍ഷത്തിലും പുതിയ പുതിയകഥാപാത്രങ്ങളുമായി അവര്‍ രംഗത്തെത്തി .’ഇംഗ്ലീഷ് വിംഗ്ലീഷി’ൽ നിന്ന് ‘മോ’മില്‍ അതെത്തി നില്‍ക്കുന്നു. നടികള്‍ ഇയ്യാംപാറ്റകളെപോലെ എരിഞ്ഞൊടുങ്ങുന്ന നാട്ടില്‍ ഒരു അഭിനേത്രി എന്ന നിലയില്‍ എക്കാലവും തിളങ്ങി നിന്ന ശ്രീദേവി, മറക്കാനും മായ്ക്കാനുമാവാത്ത ഒരു ദൃശ്യസമ്പത്താണ് ഇന്ത്യന്‍ സിനിമയ്ക്ക് അവര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ