scorecardresearch

വ്യത്യസ്തരായ 'പ്രവാസി': ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ, യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടവർ

യുഎസിലേക്കുള്ള യൂറോപ്യൻ വരേണ്യവർഗ കുടിയേറ്റം 20-ാം നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ്, അത് യുദ്ധാനന്തര കാലഘട്ടത്തിൽ ആരംഭിച്ച് അതിനുശേഷം വർദ്ധിച്ചു. അറ്റ്ലാന്റിക് കടന്നവര്‍ യൂറോപ്പിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും ഗതികെട്ടവരുമായിരുന്നു.

യുഎസിലേക്കുള്ള യൂറോപ്യൻ വരേണ്യവർഗ കുടിയേറ്റം 20-ാം നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ്, അത് യുദ്ധാനന്തര കാലഘട്ടത്തിൽ ആരംഭിച്ച് അതിനുശേഷം വർദ്ധിച്ചു. അറ്റ്ലാന്റിക് കടന്നവര്‍ യൂറോപ്പിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും ഗതികെട്ടവരുമായിരുന്നു.

author-image
WebDesk
New Update
The other pravasi


മഹാത്മാഗാന്ധി, 1915-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മദിനത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ, വിദേശത്തുള്ള ഇന്ത്യൻ വംശജരും പ്രവാസി ഇന്ത്യക്കാരും (എൻആർഐ) ഒത്തുകൂടുന്ന സദസ്സിനോട്, എല്ലാ പ്രധാനമന്ത്രിമാരും പറയുന്നത്‌, അവർ ഭാരതമാതാവിന്റെ അംബാസഡർമാരാണെന്നാണ്. അവർ ഇന്ത്യൻ സംസ്കാരത്തെയും നാഗരികതയെയും പ്രതിനിധാനം ചെയ്യുന്നു, കഴിവിനെയും സംരംഭത്തെയും പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ മാസം ഭുവനേശ്വറിൽ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, വിദേശ ഇന്ത്യക്കാർ "ഭാരതത്തിന്റെ രാഷ്ട്രദൂത"രാണ് എന്നാണ്.

Advertisment

നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ചെന്ന കുറ്റം ചുമത്തി യുഎസ് സൈനിക വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാർ വ്യത്യസ്തമായ തരത്തിലുള്ള അംബാസഡർമാരാണ്. അവർ ലോകത്തിനെ ഓർമ്മിപ്പിക്കുന്നത് ഇന്ത്യൻ കഴിവുകളെയും സംരംഭങ്ങളെയും സംസ്കാരത്തെയും നാഗരികതയെയും കുറിച്ചല്ല, മറിച്ച് അവസരങ്ങളുടെ അഭാവത്തെയും ഏതെങ്കിലും തരത്തിലുള്ള വിവേചനത്തെയും നിയമവിരുദ്ധ കുടിയേറ്റത്തിന്റെ ബുദ്ധിമുട്ടുകളിലേക്ക് സ്വയംവിധേയരാകാൻ തീരുമാനിക്കുന്നതിന് കാരണമായ, ഇവിടെ ജീവിക്കുന്നതിലെ അസ്വസ്ഥതയെയും കുറിച്ചാണ്.

മനുഷ്യാവകാശങ്ങളോടും വ്യക്തിസ്വാതന്ത്ര്യത്തോടുമുള്ള ആശങ്കയും വിദേശങ്ങളിലെ കുറഞ്ഞ വേതനം ലഭിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ ദുരവസ്ഥ ഭാരതമാതാവിന്റെ മുഖത്തെ കളങ്കമാണെന്ന വീക്ഷണവും കാരണം, യൂറോപ്യൻ കോളനികളിലേക്ക് ഇന്ത്യൻ തൊഴിലാളികളെ നിർബന്ധിതമായി കയറ്റുമതി ചെയ്യുന്നതിനെ ദേശീയ പ്രസ്ഥാന നേതൃത്വം എതിർത്തു.  ദേശീയ നേതൃത്വത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന്, ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ 1915-ൽ ലണ്ടനിലെ സാമ്രാജ്യത്വ സർക്കാരിന് മുന്നിൽ ഇങ്ങനെ കാര്യങ്ങൾ അവതരിപ്പിച്ചു: "കൂലിത്തൊഴിലാളികളുടെ  കുടിയേറ്റത്തിൽ നിന്നുള്ള സാമ്പത്തിക നേട്ടത്തിന്റെ വ്യാപ്തി എന്തുതന്നെയായാലും, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ താൽപ്പര്യങ്ങൾ ഹൃദയത്തിൽ കരുതുന്ന ആർക്കും അത് അവഗണിക്കാൻ കഴിയില്ല എന്നതാണ് പ്രശ്നത്തിന്റെ രാഷ്ട്രീയ വശം... ഈ വ്യവസ്ഥയുടെ നിലനിൽപ്പ്, ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യത്തിന്റെ കണ്ണിൽ അവരുടെ മുഴുവൻ വംശത്തെയും സ്വേച്ഛാധിപത്യത്തിന്റെ കളങ്കത്താൽ മുദ്രകുത്തുന്നുവെന്ന്,ഇതിനെ അടിമത്തമെന്ന് വിശേഷിപ്പിക്കാൻ മടിക്കാത്ത ഇന്ത്യൻ രാഷ്ട്രീയക്കാർ, മിതവാദികളും തീവ്രവാദികളും ഒരുപോലെ വ്യക്തമാക്കുന്നു." 

ഇന്നത്തെ അനധികൃത കുടിയേറ്റക്കാരുടെ അവസ്ഥ, പല കാര്യങ്ങളിലും, 19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും കൂലിത്തൊഴിലാളികളുടെ അവസ്ഥയിൽ നിന്ന് വ്യത്യസ്തമല്ല. ഭാരതമാതാവിന്റെ കൊച്ചുമക്കളെ ഇപ്പോൾ ഇന്ത്യയിൽ ഭാരതമാതാവിന്റെ വിദേശ പ്രതിനിധികളായി ആദരിക്കാം, എന്നാൽ ബ്രിട്ടീഷ് ഇന്ത്യയിലെ ദരിദ്രരെ അടിമത്തത്തിലേക്ക് തള്ളിവിട്ടവരിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത കാരണങ്ങളാൽ നിയമവിരുദ്ധമായി കുടിയേറുന്ന ഭാരതമാതാവിന്റെ നിരവധി കുട്ടികൾ ഇന്ന് ഉണ്ട്.

Advertisment

വികസിത സമ്പദ്‌വ്യവസ്ഥകളുടെ വികസന എഞ്ചിനുകൾക്ക് ഇന്ധനമായി നിയമാനുസൃത കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു. അവർ മനുഷ്യ മൂലധനമോ സാമ്പത്തിക മൂലധനമോ കൊണ്ടുവരുന്നതിനാലാണ് അവരെ സ്വാഗതം ചെയ്യുന്നത്. നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാർക്ക് അവരുടെ കൂലിവേല മാത്രമേ വാഗ്ദാനം ചെയ്യാൻ കഴിയൂ. രണ്ടിനും ആതിഥേയ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകാനുള്ള കഴിവുണ്ട്, കൂടാതെ രണ്ടുപേരും തദ്ദേശീയരിൽ നിന്ന് ജോലി തട്ടിയെടുക്കാൻ സാധ്യതയുണ്ട്, എന്നിരുന്നാലും വികസിത രാജ്യങ്ങൾ നിയമപരവും നിയമവിരുദ്ധവുമായ കാര്യങ്ങളെ വളരെ വ്യത്യസ്തമായി പരിഗണിക്കുന്നു. ജനസംഖ്യാശാസ്‌ത്രവും സാമൂഹിക മനോഭാവങ്ങളും ഇതിൽ ഒരു പങ്കു വഹിക്കുന്നു.

ആതിഥേയ രാജ്യത്തും മാതൃരാജ്യത്തും നിയമവിരുദ്ധ കുടിയേറ്റക്കാരെ അവജ്ഞയോടെയാണ് കാണുന്നത്. ആദ്യത്തേതിൽ, അവരെ ഒരു ആസ്തിയായിട്ടല്ല, മറിച്ച് ബാധ്യതയായാണ് കാണുന്നത്. രണ്ടാമത്തേതിൽ, ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തട്ടിനെ പ്രതിനിധീകരിക്കുന്നതിനാൽ അവരെ അപമാനകരമായ ഒരു വസ്തുവായിട്ടാണ് കാണുന്നത്.

യുഎസ് അധികൃതർ തിരിച്ചറിഞ്ഞ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിലും നാടുകടത്തപ്പെടുന്നവരുടെ എണ്ണത്തിലുമാണ് ഇപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ. കോവിഡിന് ശേഷമുള്ള കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, യുഎസിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച 170,000 ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രസകരമെന്നു പറയട്ടെ, ഇത്തരം അനധികൃത കുടിയേറ്റക്കാരിൽ വലിയൊരു പങ്കും വികസിത സംസ്ഥാനങ്ങളായ ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും, വിദേശത്ത് ഗുജറാത്തികളുടെയും പഞ്ചാബികളുടെയും ഗണ്യമായ സാന്നിധ്യം കുടിയേറാനുള്ള പ്രലോഭനത്തിനും, അവർ വിജയിച്ചാൽ, ബന്ധുത്വ ബന്ധങ്ങളിലൂടെ നെറ്റ്‌വർക്കിങ് നടത്താമെന്നുള്ളതും പ്രതീക്ഷയ്ക്ക്  കാരണമാകുന്ന ഒരു ഘടകമാണ്. എന്നാൽ, വികസിത സംസ്ഥാനങ്ങളിൽ പോലും മതിയായ അവസരങ്ങളുടെ അഭാവം ഈ അനധികൃത കുടിയേറ്റക്കാരുടെ നിരാശയ്ക്ക് കാരണമായിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്.

അനധികൃത കുടിയേറ്റക്കാരെ നിർബന്ധിതമായി തിരിച്ചയച്ച വാർത്ത ഇന്ത്യൻ കുടിയേറ്റത്തിന്റെ സവിശേഷതയായ ദ്വന്ദഭാവത്തെ വ്യക്തമായി ബോധ്യപ്പെടുത്തുന്നു. ഇന്ത്യയിലെ കഴിവുള്ളവരെയും സമ്പന്നരെയും ലോകമെമ്പാടും സ്വാഗതം ചെയ്യുന്നു, അവർ രാജ്യം വിടുന്നതിൽ സന്തോഷിക്കുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ അധഃകൃതരെയും ഗതികെട്ടവരെയും കൂടുതൽ കൂടുതൽ ഒഴിവാക്കുന്നു. ഡൊണാൾഡ് ട്രംപും ഈ വ്യത്യാസം കാണിക്കുന്നു. ഇന്ത്യയിലെ കഴിവുള്ളവർക്ക് മുന്നിൽ അമേരിക്കയുടെ വാതിലുകൾ തുറന്നിടാനും ഇന്ത്യയിലെ ഗതികെട്ടവർക്ക്  മുന്നിൽ വാതിലുകൾ അടയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വശത്ത്, ഗതികെട്ട മനുഷ്യർ നിയമവിരുദ്ധമായി കുടിയേറാൻ ശ്രമിക്കുമ്പോൾ, മറുവശത്ത്, വർദ്ധിച്ചുവരുന്ന സമ്പന്നരും ഒന്നാം ലോക ജീവിതം തേടി ഇന്ത്യൻ തീരങ്ങൾ വിടുകയാണ്. "നിക്ഷേപത്തിലൂടെ" വിദേശ പൗരത്വവും താമസവും നേടുന്നതിന് ക്ലയന്റുകളെ സഹായിക്കുന്ന "ആഗോള പൗരന്മാരുടെ സ്ഥാപനം" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹെൻലി & പാർട്ണേഴ്‌സ് എന്ന സ്ഥാപനം, 2022 ൽ 6,500 സമ്പന്നരായ ഇന്ത്യക്കാരും 2024 ൽ 4,300 പേരും പണമടച്ചുള്ള എമിഗ്രേഷൻ തിരഞ്ഞെടുത്തതായി റിപ്പോർട്ട് ചെയ്യുന്നു. നിരവധി വികസിത സമ്പദ്‌വ്യവസ്ഥകൾ നിശ്ചിത വിലയ്ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നു, ആ വില നൽകാൻ തയ്യാറായ ഇന്ത്യാക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നു.

പാർലമെന്റിൽ  2024 ഓഗസ്റ്റിൽ ഒരു ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ്, നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 2022 ൽ ആകെ 2,25,260 ഇന്ത്യക്കാരും 2023ൽ 2,16,219 ഇന്ത്യക്കാരും "ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു." 2011-23 കാലയളവിൽ ആകെ 18,80,559 ഇന്ത്യാക്കാരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

ഒടുവിൽ, അതിർത്തി കടന്നുള്ള കുടിയേറ്റം എന്നത് 20-ാം നൂറ്റാണ്ടിൽ മാത്രം നിയമവിരുദ്ധമാക്കപ്പെട്ട ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഉപജീവനമാർഗ്ഗവും അവസരങ്ങളും തേടി മനുഷ്യർ പല കാലത്തിലൂടെ സഞ്ചരിച്ചു. "വെള്ളക്കാരായ അമേരിക്കൻ" ജനസംഖ്യയുടെ വലിയൊരു ഭാഗം യൂറോപ്യൻ വരേണ്യവർഗമല്ല, മറിച്ച് യൂറോപ്പിലെ ദരിദ്രരും ഗതികെട്ടവരുമാണ്. യുഎസിലേക്കുള്ള യൂറോപ്യൻ വരേണ്യവർഗ കുടിയേറ്റം 20-ാം നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ്, അത് യുദ്ധാനന്തര കാലഘട്ടത്തിൽ ആരംഭിച്ച് അതിനുശേഷം വർദ്ധിച്ചു. അറ്റ്ലാന്റിക് കടന്നവര്‍ യൂറോപ്പിലെ  പാർശ്വവൽക്കരിക്കപ്പെട്ടവരും ഗതികെട്ടവരുമായിരുന്നു. മെച്ചപ്പെട്ടതും സ്വതന്ത്രവുമായ ജീവിതം തേടുന്ന അത്തരം ആളുകൾക്ക് തുറന്നിട്ട അമേരിക്ക ഇപ്പോൾ ലോകത്തിലെ അരികുവൽക്കരിക്കപെട്ടവർക്ക് മുന്നിൽ വാതിലുകൾ അടയ്ക്കുകയാണ്.

നാട്ടിലേക്ക് മടങ്ങുമ്പോൾ, ഈ "നിയമവിരുദ്ധ" കുടിയേറ്റക്കാർ നിരാശയോടെ ഉപേക്ഷിച്ചുപോയ സമൂഹത്തെ എങ്ങനെ കാണും? "അവസരത്തിന്റെ നാട്ടിൽ" എത്തി, പിന്നീട് അവസരം കുറവുള്ള ഒരു സ്ഥലത്തേക്ക് മടങ്ങാൻ നിർബന്ധിതരായവർക്ക് ജീവിതം എന്താണ് കരുതിവച്ചിരിക്കുന്നത്? നാടുകടത്തപ്പെടുകയും തിരിച്ചയയ്ക്കപ്പെടുകയും ചെയ്തവരോട് നമ്മൾ എങ്ങനെ പ്രതികരിക്കുകയും വീണ്ടും ഒന്നിക്കുകയും ചെയ്യും? പി‌ഐ‌ഒയും എൻ‌ആർ‌ഐയുമായ ഋഷി സുനാക്കുമാരെയും, സത്യ നാദെല്ലമാരെയും, അജയ് ബംഗാക്കളെയും വളരെ അഭിമാനത്തോടെയും ആരവങ്ങളോടെയും സ്വീകരിക്കുന്നു. മറ്റ് പ്രവാസികളെ നമ്മൾ എങ്ങനെ സ്വീകരിക്കും?

  • ഗ്രന്ഥകർത്താവും 'ദ് ഫിനാൻഷ്യൽ എക്സ്പ്രസി'ന്റെ മുൻ എഡിറ്ററുമാണ് സഞ്ജയ ബാരു. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന വർഗ പശ്ചാത്തലത്തെ കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം.
Usa Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: