scorecardresearch
Latest News

സംഘടന കൊണ്ട് സിനിമയെ സ്വന്തമാക്കിയവർ

“ഈ പതിറ്റാണ്ടുകളിലെ ചരിത്രമെടുത്തു നോക്കുമ്പോൾ, ഘട്ടം ഘട്ടമായി മലയാള സിനിമാ രംഗത്തെ കൈപ്പിടിയിലൊതുക്കാനായി ഒരു സംഘടന ഉപയോഗിക്കപ്പെട്ടതിന്റെ നാൾവഴികൾ കാണാൻ കഴിയും”, മാധ്യമ പ്രവർത്തകയും ഗവേഷകയുമായ രേണു രാമനാഥ് എഴുതുന്നു

സംഘടന കൊണ്ട് സിനിമയെ സ്വന്തമാക്കിയവർ
Amma Opinion Piece Renu Ramnath

അസ്സോസിയേഷൻ ഓഫ് മലയാളം മൂവീ ആർട്ടിസ്റ്റ്സ് എന്ന സംഘടനയിൽ നിന്നുള്ള നാല് അഭിനേതാക്കളുടെ രാജിയെപ്പറ്റി, വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ അഭിനേതാക്കളെ പ്രതിനിധാനം ചെയ്യുന്ന ഏക സംഘടനയിൽ നിന്ന് രാജി വച്ചിറങ്ങിപ്പോരാൻ ഇവർ നാലു പേർ പ്രദർശിപ്പിച്ച ധൈര്യം പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നുവെങ്കിലും ‘അവർക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ,’ ‘പ്രിവിലേജ്ഡ് അല്ലേ…’ ‘അകത്തു നിന്ന് പൊരുതുകയായിരുന്നു വേണ്ടത്,’ ‘ഇനി എത്ര പേർ രാജി വെയ്ക്കും, എന്നിട്ടു കാണാം,’ തുടങ്ങിയ അഭിപ്രായങ്ങൾ മറുവശത്ത് ശക്തമായി ഉയർന്നു വരുന്നുണ്ട്.

Read More: മഞ്ജുവിന്റെ മൗനം പറയുന്നത്

രൂപം കൊണ്ട നാൾ മുതൽ മലയാള സിനിമാ രംഗത്ത് ഒരു സമ്മർദ്ദ ഗ്രൂപ്പായി നില നിന്നു പോരുന്ന സംഘടനയാണ് ഈ അസോസിയേഷൻ. 2000-ത്തിന് ശേഷം മലയാള സിനിമാ രംഗം കടന്നു പോന്ന പ്രതിസന്ധി ഘട്ടങ്ങൾ പലതും ഈ സംഘടനയും സിനിമാ വ്യവസായത്തിലെ മറ്റു ഘടക സംഘടനകളും തമ്മിലുള്ള ഏറ്റു മുട്ടലിൽ നിന്ന് ജനിച്ചതായിരുന്നു.

ആദ്യ കാലത്ത് മലയാള സിനിമാ രംഗത്തെ പ്രതിനിധാനം ചെയ്തിരുന്ന ഏക പ്ലാറ്റ്ഫോം കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സായിരുന്നു. 1956-ൽ രൂപീകരിച്ച കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ് മലയാള സിനിമാ രംഗത്തെ ‘അപെക്സ്‘ബോഡി’ എന്ന നിലയിൽ ചലച്ചിത്രങ്ങളുടെ രജിസ്ട്രേഷൻ, വിതരണം, പ്രദർശനം തുടങ്ങിയ മേഖലകളിൽ തീരുമാനമെടുക്കുന്ന സമിതിയാണ്. തമിഴ് നാട്, കർണാടക, ആന്ധ്ര ഫിലിം ചേംബർ ഓഫ് കോമേഴ്സുകളോടൊപ്പം സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സിലെ അംഗമാണ് കേരള ഫിലിം ചേംബറും. നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, വിതരണക്കാരുടെ സംഘടനയായ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, പ്രദർശനശാലക്കാരുടെ രണ്ട് സംഘടനകളായ കേരള സിനി എക്സിബിറ്റേഴ്സ് അസ്സോസിയേഷൻ, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ എന്നിവയുടെ ‘അംബ്രല്ലാ ഓർഗനൈസേഷൻ‘ ആണു ഫിലിം ചേംബർ.

ഫിലിം ചേംബറും അസോസിയേഷൻ ഓഫ് മലയാളം മൂവീ ആർടിസ്റ്റ്സും തമ്മിലുണ്ടായ, വർഷങ്ങൾ തന്നെ നീണ്ടു നിന്ന ആദ്യത്തെ ഏറ്റുമുട്ടലിനെ, സിനിമാ താരങ്ങൾക്ക് ചാനൽ പരിപാടികളിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന രീതിയിലാണ് മാദ്ധ്യമങ്ങളും അതു വഴി പൊതുജനവും മനസ്സിലാക്കിയത്. മലയാള ചലച്ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയും, സിനിമാ തിയേറ്ററുകൾ അടച്ചു പൂട്ടപ്പെടാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ആശങ്കാകുലരായ ഫിലിം ചേംബർ, ചലച്ചിത്ര പ്രവർത്തകർ ടെലിവിഷൻ ചാനലുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത് വിലക്കിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

2002 മേയ് ഒമ്പതിന് ചേംബറിന്റെ ആസ്ഥാനമായ എറണാകുളത്ത് ഇറക്കിയ പത്രക്കുറിപ്പിലായിരുന്നു ചലച്ചിത്ര പ്രവർത്തകർ ടെലി സീരിയലുകൾ നിർമ്മിക്കുകയോ അഭിനയിക്കുകയോ അവയുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ അച്ചടക്ക സമിതി തീരുമാനിച്ചതായി അറിയിപ്പു വന്നത്. 2002 ജൂൺ ഒന്ന് മുതൽ വിലക്ക് നിലവിൽ വരുന്നതായിട്ടായിരുന്നു അറിയിപ്പ്. തിയേറ്ററുകൾ നഷ്ടത്തിലാകാൻ പ്രധാന കാരണം കാണികൾ ടെലി സീരിയലുകളിൽ ആകൃഷ്ടരാവുന്നതാണെന്നതായിരുന്നു ചേംബറിന്റെ നിഗമനം. വിലക്ക് ലംഘിക്കുന്ന ചലച്ചിത്ര പ്രവർത്തകരുമായി സഹകരിക്കില്ലെന്നും ചേംബർ പ്രഖ്യാപിച്ചിരുന്നു.

Read More: ‘അമ്മ’യുടെ തകർച്ചയും സിപിഎമ്മിന്റെ ഹൃദയവേദനയും

1993-ലാണ് സാങ്കേതികപ്രവർത്തകരുടെ സംഘടനയായ മലയാളം സിനി ടെക്നീഷ്യൻസ് അസ്സോസിയേഷൻ (മാക്ട), ജോഷി, ജോൺ പോൾ, കലൂർ ഡെന്നിസ്, ഡെന്നിസ് ജോസഫ്, ജേസി, ഷിബു ചക്രവർത്തി, എസ്. എൻ. സ്വാമി, കെ.ജി. ജോർജ്, കെ. മധു, സാജൻ ഹരിഹരൻ, രഞ്ജിത്ത്, രാജീവ് കുമാർ തുടങ്ങിയവരുടെയൊക്കെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. ഏതാണ്ടിതേ കാലത്തു തന്നെയാണു അഭിനേതാക്കളുടെ അസ്സോസിയേഷനും രൂപം കൊള്ളുന്നത്. (സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് രൂപീകരണ വർഷം കണ്ടെത്താനായില്ല). അഭിനേതാക്കളുടെ അസ്സോസിയേഷന്റെ അന്നത്തെ പ്രസിഡന്റ് ഇന്നസെന്റും ജനറൽ സെക്രട്ടറി മമ്മൂട്ടിയുമായിരുന്നു. ചേംബറിന്റെ തീരുമാനത്തെ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും എതിർക്കുകയാണുണ്ടായത്. അങ്ങനെ മലയാള സിനിമാ രംഗത്തെ ഏതാണ്ട് ആദ്യത്തെയെന്നു പറയാവുന്ന ‘സ്റ്റാൻഡ് ഓഫ്’ (പ്രതിസന്ധി) പൊട്ടിപ്പുറപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കെ.എസ്.എഫ്. ഡി.സി, ചേംബറിന്റെയും ചലച്ചിത്ര വ്യവസായത്തിലെ മറ്റു സംഘടനകളുടെയും ഒരു യോഗം കൊച്ചിയിൽ വിളിച്ചുവെങ്കിലും പ്രത്യേകിച്ചൊരു പരിഹാരവും അവിടെ കണ്ടെത്താനായില്ല.

എന്തായാലും ഒരു മാസത്തിനുള്ളിൽ സംഘടനകൾ ഒത്തുതീർപ്പിലെത്തി. ജൂൺ 14-ന് പുറത്തു വിട്ട ഒത്തുതീർപ്പു കരാറനുസരിച്ച്, അഭിനേതാക്കളും നിർമ്മാതാക്കളും സീരിയൽ രംഗത്തു നിന്ന് മാറി നിൽക്കാൻ സമ്മതിച്ചു. ഏറ്റെടുത്ത കരാറുകൾ കഴിഞ്ഞാൽ പുതിയ സീരിയലുകളുമായി കരാറുണ്ടാക്കരുതെന്ന് അസോസിയേഷന്റെ അംഗങ്ങൾക്ക് നിർദ്ദേശം കൊടുക്കുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. നിർമ്മാണച്ചെലവു നിയന്ത്രിക്കുക (ഒന്നരക്കോടിയിൽ കൂടാതെ നോക്കുക) തുടങ്ങിയ നിർദ്ദേശങ്ങളും എല്ലാവരും അംഗീകരിച്ചു. ഫണ്ട് ശേഖരണത്തിനു വേണ്ടി വർഷത്തിൽ ഒരു ബെനഫിറ്റ് ഷോയിൽ ഒഴിച്ച് മറ്റു സ്റ്റേജ് ഷോകളിൽ പങ്കെടുക്കില്ലെന്നും ധാരണയുണ്ടായിരുന്നു. അതിനിടയിൽ അന്ന് അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു തീരുമാനം കൂടി പുറത്തു വന്നിരുന്നു. നടനായ ദിലീപും നിർമ്മാതാവായ ദിനേഷ് പണിക്കരും തമ്മിലുണ്ടായ ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട് ഫിലിം ചേംബർ ഇന്നസെന്റിന്റെയും ദിലീപിന്റെയും പേരിൽ ഉയർത്തിയിരുന്ന ആരോപണങ്ങൾ പിൻവലിക്കാനും യോഗത്തിൽ തീരുമാനമായി എന്നതായിരുന്നു അത്.

തൽക്കാലം വെടി നിർത്തിയെങ്കിലും, സിനിമാ രംഗം ശാന്തമായില്ല. തുടർന്നുള്ള രണ്ടോ മൂന്നോ വർഷങ്ങൾ തുടർച്ചയായ സ്തംഭനങ്ങളും സമരാഹ്വാനങ്ങളും തിയേറ്റർ അടച്ചിടലുകളും ഷൂട്ടിങ് നിർത്തിവെക്കലുകളും കൊണ്ട് കലുഷിതമായിരുന്നു. ഡിസ്ട്രിബ്യൂട്ടർമാരുടെ സംഘടനയും എക്സിബിറ്റർമാരുടെ രണ്ടു സംഘടനകളുമെല്ലാം – എ ക്ലാസ് തിയേറ്ററുകളുടെയും ബി, സി ക്ലാസ് തിയേറ്ററുകളുടെയും – ഇതിൽ സജീവമായ പങ്കു വഹിച്ചിരുന്നു. അഭിനേതാക്കളുടെ അസോസിയേഷനും മാക്ടയും പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരുന്നു. അന്ന് ഇൻഫൊർമേഷൻ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി എം.എം. ഹസ്സനും പ്രശ്നങ്ങളിൽ ഇടപെട്ടു.

Read More: മിണ്ടാതതെന്തേ?

ഏറെ സങ്കീർണ്ണമായിരുന്ന ആ കാലഘട്ടത്തിലാണ് വീണ്ടും ഫിലിം ചേംബറും അസോസിയേഷനും തമ്മിൽ നേരിട്ടുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതുമായി ബന്ധപ്പെട്ടായിരുന്നു തിലകനും പൃഥിരാജും മീരാ ജാസ്മിനും ബാബുരാജുമെല്ലാം ആദ്യമായി അസോസിയേഷന്റെ അച്ചടക്ക നടപടി നേരിടേണ്ടി വന്നതും. ചേംബറുമായി 2002-ൽ ഉണ്ടാക്കിയിരുന്ന കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് അസോസിയേഷനിലെ അംഗങ്ങൾ താരനിശകളിൽ പങ്കെടുക്കാൻ തുടങ്ങുന്നതോടെയാണു പ്രശ്നങ്ങൾ വീണ്ടുമാരംഭിച്ചത്. 2004 മാർച്ച് ഏഴിന് ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ നടത്താനിരുന്ന താരനിശയിൽ അഭിനേതാക്കൾ പങ്കെടുക്കുന്നതിനെ ഫിലിം ചേംബർ എതിർത്തു. ചേംബറിന്റെ എതിർപ്പിനെ വിഗണിച്ച് മോഹൻലാലും ശ്രീനിവാസനും ഉൾപ്പെടെയുള്ളവർ താരനിശയിൽ പങ്കെടുക്കുകയായിരുന്നു.

അതേ തുടർന്ന് ഫിലിം ചേംബർ ഇവർക്കെതിരെ ‘അനൗദ്യോഗിക വിലക്ക്’ ഏർപ്പെടുത്തുമെന്ന ഊഹാപോഹങ്ങൾ പരന്നു. ഷാജി കൈലാസിന്റെ പുതിയ മോഹൻലാൽ ചിത്രത്തിന്റെ രജിസ്ട്രേഷൻ വൈകുന്നതിനെ ചൊല്ലിയായിരുന്നു ഊഹാപോഹങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ചേംബർ പ്രസിഡന്റായിരുന്ന സിയാദ് കോക്കർ അതെല്ലാം പാടെ നിഷേധിച്ചു. ആവശ്യമായ രേഖകളെല്ലാം ഹാജരാക്കിയാൽ ഷാജി കൈലാസിന്റെ ചിത്രത്തിന്റെ രജിസ്ട്രേഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

നിർമ്മാതാവും അഭിനേതാക്കളും തമ്മിൽ ഉണ്ടാക്കുന്ന കരാറിൽ മുൻ വർഷത്തിലുണ്ടാക്കിയ ധാരണയനുസരിച്ചുള്ള വ്യവസ്ഥകൾ ഉണ്ടായിരിക്കണമെന്ന ചേംബറിന്റെ നിബന്ധനയാണ് അസോസിയേഷന്‍ ലംഘിക്കാൻ ശ്രമിച്ചിരുന്നത്. പ്രധാനമായും പ്രതിഫലത്തുകയിൽ ചേംബറിന്റെ നിർദ്ദേശമനുസരിക്കണമെന്നും, താരനിശകളിൽ പങ്കെടുക്കില്ലെന്ന് നിർമ്മാതാവിന് രേഖാമൂലം സമ്മതിപത്രം കൊടുക്കണമെന്നുമുള്ള രേഖകൾ. അസോസിയേഷൻ സമര മുഖത്തിറങ്ങി. ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്നും വിഷു റിലീസ് ചിത്രങ്ങളുടെ ഡബ്ബിങ്ങ് അടക്കമുള്ള പണികൾ നിർത്തി വക്കുകയാണെന്നും അസോസിയേഷൻ പ്രഖ്യാപിച്ചു. വീണ്ടും സിനിമാ രംഗം സ്തംഭിച്ചു. മന്ത്രി എം.എം. ഹസ്സന്റെ മുൻകൈയിൽ ഒത്തുതീർപ്പു ശ്രമങ്ങൾ ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയതോടെ ചലച്ചിത്ര മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തി.

Read More: ‘എഎംഎംഎ’ എന്ന താരസംഘടനയും ജനാധിപത്യവിരുദ്ധതയുടെ ‘വെളളിനക്ഷത്ര’ങ്ങളും

ഈ അവസരത്തിലാണ്, ചേംബറിന്റെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പുതിയ സിനിമയുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയത്. നിർമ്മാതാക്കളും അഭിനേതാക്കളുമായുള്ള കരാർ ആവശ്യമാണെന്ന നിലപാടായിരുന്നു സംവിധായകൻ വിനയൻ എടുത്തത്. മാത്രമല്ല, ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ‘പവർ ഓഫ് ആർബിട്രേഷൻ’ ചേംബറിൽ തന്നെ നിലനിർത്തണമെന്നും. അല്ലാത്ത പക്ഷം തർക്കവിഷയങ്ങൾ കോടതിയിലേക്ക് പോവുകയും വർഷങ്ങൾ നീണ്ടു നിന്നേക്കാവുന്ന നടപടിക്രമങ്ങളിൽ കുടുങ്ങിപ്പോവുകയും ചെയ്യുമെന്ന് വിനയൻ ചൂണ്ടിക്കാട്ടി. അതേ സമയം രേഖാമൂലമുള്ള കരാറുകളില്ലാതെ വന്നാൽ അത് ഒരുപാടു തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ഇത് പിന്നീട് അഭിനേതാക്കളെ തന്നെ ബാധിക്കുമെന്നും വിനയൻ അഭിപ്രായപ്പെട്ടു.

Read More: ‘അമ്മ’ അറിയാന്‍: പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എഴുതുന്നത്‌

അതോടെ താരസംഘടന വിനയനുമായി ഏറ്റുമുട്ടി. അസ്സോസിയേഷന്റെ നിരോധനാജ്ഞ ലംഘിച്ച് തിലകനെയും പൃഥ്വിരാജിനെയും ക്യാപ്റ്റൻ രാജുവിനെയും ലാലു അലക്സിനെയും ഉൾപ്പെടുത്തിക്കൊണ്ട് പുതിയ സിനിമയായ ‘സത്യം‘ വിനയൻ അനൗൺസ് ചെയ്തു. ആ പത്രസമ്മേളനത്തിൽ വിനയനോടൊപ്പം പങ്കെടുത്ത പൃഥ്വിരാജ് അപ്രതീക്ഷിതമായി അസ്സോസിയേഷന്റെ നിലപാടുകൾക്കെതിരെ ആഞ്ഞടിച്ച് സംസാരിച്ചു. വർഷങ്ങൾക്ക് മുമ്പ് പിതാവ് സുകുമാരനെതിരെ നടന്ന വിലക്കിന്റെ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ടാണു ഇരുപത്തൊന്നു കാരനായിരുന്ന പൃഥ്വിരാജ് വികാര നിർഭരമായി സംസാരിച്ചത്.

വിനയനുമായി സഹകരിച്ചതിന്റെ പേരിൽ തിലകനും പൃഥിരാജും ലാലു അലക്സും ബാബുരാജും അസോസിയേഷന് അനഭിമതരായി. ജൂൺ 13-ന് എറണാകുളത്ത് ഹോട്ടൽ അബാദ് പ്ലാസയിൽ രാത്രി വരെ നീണ്ട അസോസിയേഷന്റെ യോഗത്തിൽ ഇവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കണമെന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തിലകനെയും പൃഥിരാജിനെയും വിളിച്ചു വരുത്തി മാപ്പ് പറയിപ്പിക്കാൻ ശ്രമം നടന്നു. ജീവനു ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ട തിലകൻ പോലീസ് അകമ്പടിയോടെയാണു സമ്മേളനത്തിനെത്തിയത്. തന്റെ നിലപാട് അറിയിച്ച ശേഷം തിലകൻ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തുവെന്നും ആ ശരിയുടെ പക്ഷത്ത് നിൽക്കുന്നുവെന്നും തിലകൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അബാദ് പ്ലാസയിലെ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പരസ്യ മാപ്പ് ശ്രമം നടക്കാതെ വന്നപ്പോൾ ഇവർ ‘ഖേദം പ്രകടിപ്പിച്ചു’ എന്ന് അന്ന് ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാൽ പിന്നീട് പത്രസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.

ഇതെത്തുടർന്ന് പൃഥ്വിരാജ് താരസംഘടനയുടെ വിലക്കുനേരിടുക തന്നെയായിരുന്നു. ആ പ്രതിസന്ധിയിൽ നിന്ന് പൃഥിരാജിനെ കരകയറ്റിയത് വിനയൻ തന്നെയാണ്, ‘അത്ഭുതദ്വീപി’ലൂടെ. ‘അത്ഭുതദ്വീപി’ന്റെ വിജയത്തോടെ പൃഥ്വിരാജ് തിരിച്ചെത്തുകയായിരുന്നു. വിലക്ക് സംഘടനയ്ക്ക് പിൻവലിക്കേണ്ടി വന്നു.

ഈ നാളുകളിലെല്ലാം നിശ്ശബ്ദമായി വളർച്ചയുടെ പടവുകൾ കയറുകയായിരുന്നു ദിലീപ് എന്ന നടൻ. അസോസിയേഷനിൽ ദിലീപിന്റെ നിയന്ത്രണവും വർദ്ധിച്ചു കൊണ്ടിരുന്നു. താരങ്ങൾ തന്നെ സിനിമാ മേഖലയിൽ മുതൽ മുടക്കുന്ന സമ്പ്രദായം ആരംഭിച്ചതോടെ പുറത്തു നിന്നുള്ള നിർമ്മാതാക്കളുടെ സഹായം അവശ്യഘടകമല്ലാതായി. സാമ്പത്തിക വിനിമയോപാധികളുടെ നിയന്ത്രണം കൈവശമുണ്ടെങ്കിൽ മറ്റു പല വശങ്ങളെയും തീരുമാനിക്കാൻ എളുപ്പമാണല്ലോ.

വിനയനും അസോസിയേഷനും തമ്മിലുള്ള അടുത്ത ഏറ്റുമുട്ടലുണ്ടാകുന്നത് 2008-ലായിരുന്നു. ദിലീപ് സംവിധായകൻ തുളസീദാസുമായുണ്ടാക്കിയ കരാർ ലംഘിക്കുകയും അഡ്വാൻസായി വാങ്ങിയ 40 ലക്ഷം രൂപ തിരികെ കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്ന തുളസീദാസിന്റെ പരാതിയിൽ അന്ന് മാക്ട സെക്രട്ടറിയായിരുന്ന വിനയൻ ഇടപെട്ടു. പക്ഷെ, അതോടെ മാക്ട പിളർക്കപ്പെടുകയും, ‘ഫെഫ്ക’ രൂപീകരിക്കപ്പെടുകയും ചെയ്യുകയാണുണ്ടായത്. വിനയനും തുളസീദാസും ഒറ്റപ്പെട്ടു. വിനയനുമായി തുടർന്ന് സഹകരിക്കാൻ തയ്യാറായ തിലകന്റെ വിധിയും മറ്റൊന്നായിരുന്നില്ല. 2004-ൽ അഭിനേതാക്കളുടെ പേരിൽ നടപടിയെടുക്കാൻ സംഘടനയ്ക്ക് സാധിച്ചിരുന്നില്ലെങ്കിൽ, 2008 ആയപ്പോഴേക്കും അത് എളുപ്പമായി. അപ്പോഴേക്കും ആദ്യകാലത്തെ അപേക്ഷിച്ച് പരസ്യമായ വിലക്കുകൾ ഏർപ്പെടുത്തുന്ന കാലം കഴിഞ്ഞിരുന്നല്ലോ. പരസ്യപ്രസ്താവനകളേക്കാൾ ഫലപ്രദമായ മാർഗ്ഗങ്ങൾ ആവിഷ്കരിക്കപ്പെട്ടിരുന്നു. രേഖാപരമായ തെളിവുകൾ ശേഷിപ്പിക്കാതിരിക്കൽ പ്രധാനപ്പെട്ടതാണല്ലോ. ഒരൊറ്റ ഫോൺ വിളി കൊണ്ട് ഫലപ്രദമായ രീതിയിൽ കാര്യങ്ങൾ നീക്കാനുള്ള കഴിവും.

ഈ പതിറ്റാണ്ടുകളിലെ ചരിത്രമെടുത്തു നോക്കുമ്പോൾ, ഘട്ടം ഘട്ടമായി മലയാള സിനിമാ രംഗത്തെ കൈപ്പിടിയിലൊതുക്കാനായി ഒരു സംഘടന ഉപയോഗിക്കപ്പെട്ടതിന്റെ നാൾവഴികൾ കാണാൻ കഴിയും. പ്രതിരോധിക്കാൻ എളുപ്പമല്ലാത്ത കോട്ടയാണ് കെട്ടിപ്പൊക്കപ്പെട്ടിരിക്കുന്നതെന്നും. ഫിലിം ഇൻഡസ്ട്രിയുടെ നട്ടെല്ലായ സാമ്പത്തികവശത്തിൽ അടിത്തറയിട്ട ഈ കോട്ടയെ ചെറുത്തു തോൽപ്പിക്കാൻ താരമൂല്യവും ജനപ്രീതിയുമൊന്നും മതിയാവില്ല എന്നതാണ് സത്യം.

ഈ ഘടനയ്ക്കെതിരെ എത്ര ചെറിയ ശബ്ദം ഉയർത്തുന്നതും ഒട്ടും എളുപ്പമുള്ള കാര്യമല്ല. എത്ര മാത്രം ‘പ്രിവിലേജ്ഡ്’ ആയവർക്കു പോലും. ഇതാണ് തിരിച്ചറിയേണ്ടത്. ഇത് സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ലേ, പൊതു സമൂഹത്തിനു ഇതിലും പ്രധാനപ്പെട്ട എന്തൊക്കെ വിഷയങ്ങളുണ്ട് എന്നും സംശയിക്കാം. കോടികളുടെ ടേണോവർ ഉള്ള വ്യവസായമാണ് ചലച്ചിത്ര രംഗം. ഈ ലാഭം വരുന്നത് പൊതുജനങ്ങളിൽ നിന്നും. മാത്രമല്ല, ഒരു സമൂഹത്തിന്റെ പൊതുവെയുള്ള അഭിരുചിയെ രൂപപ്പെടുത്തുന്നതിൽ സിനിമ പോലെയുള്ള മാധ്യമത്തിന്റെ പങ്കും ചെറുതല്ല. അതു കൊണ്ടു തന്നെ ചലച്ചിത്രമേഖലയെ ബാധിക്കുന്ന വിഷയങ്ങൾക്ക് പൊതുപ്രാധാന്യമുണ്ട്.

തൊണ്ണൂറുകളിലാണ് മലയാള ചലച്ചിത്ര മേഖലയിലെ അഭിനേതാക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടെയും സംഘടനകളുടെ പ്രവർത്തനം തുടങ്ങുന്നത്. സംഘടനകളുടെ സാന്നിദ്ധ്യം ചലച്ചിത്രമേഖലയെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെപ്പറ്റി പഠനങ്ങൾ നടക്കുന്നുണ്ട്. സംഘടനകൾക്ക് മുമ്പും ചലച്ചിത്രമേഖല നിലനിന്നിരുന്നു. രണ്ട് പതിറ്റാണ്ടുകൾ എന്നത് ഒരു ചലച്ചിത്രവ്യവസായത്തെ സംബന്ധിച്ച് വലിയ കാലയളവൊന്നുമല്ല. പല തരത്തിലുള്ള അഴിച്ചുപണികൾ എല്ലാ മേഖലകളിലുമെന്ന പോലെ ഇവിടെയും ആവശ്യമാകാമല്ലോ.

അതുകൊണ്ട് തന്നെ മലയാള സിനിമാ മേഖലയിൽ ഇപ്പോൾ നിലവിലുള്ള സംഘടനാരൂപത്തിനെതിരെ ചെറുതെങ്കിലും ശക്തമായ ശബ്ദമുയർത്തിയ അഭിനേതാക്കൾ അനുമോദനമർഹിക്കുന്നു. മാറ്റത്തിന് തുടക്കം കുറിക്കാൻ ചെറിയ ശബ്ദങ്ങൾക്കാകുമെന്ന് പ്രതീക്ഷിക്കാം.

 

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: The origin evolution and the growing clout of cash rich malayalam actors guild