രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കേരള ഘടകത്തിൽ​രൂപപ്പെട്ട വിവാദം ചൂടുപിടിക്കുകയാണ്. അത് കോൺഗ്രസിന്റെ സംഘടനാപരമായ കുറവുകളിലേയ്ക്ക് വെളിച്ചം വീശുന്നതും കൂടെയാണ്. പി ജെ കുര്യനെ( 77) നാലാമത്തെ തവണ രാജ്യസഭയിലേയ്ക്ക് അയ്ക്കുന്നതിനെതിരെ ആറ്  യുവ കോൺഗ്രസ് എം എൽ എമാരാണ് രംഗത്തുവന്നത്. രാജ്യസഭയിൽ​ മൂന്ന് ടേം പൂർത്തിയാക്കുന്ന കുര്യൻ അതിന് മുമ്പ് ആറ് തവണ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. കുര്യൻ മാറി നിന്ന് രാജ്യസഭയിലേയക്ക് യുവനേതാക്കൾക്ക് അവസരം കൊടുക്കണമെന്നാണ് യുവ എം എൽ എ മാരുടെ ആവശ്യം. അടുത്തകാലത്തായി വിരലിലെണ്ണാവുന്ന ചില മുതിർന്ന നേതാക്കളുടെ കൈപ്പിടിയിലാണ് രാജ്യാസഭാ സീറ്റെന്ന് യുവ എം എൽ എമാർ ആരോപിക്കുന്നു.

അവരുടെ അവകാശവാദങ്ങളിൽ ഒരു സത്യമുണ്ട്. 1983 മുതൽ 20 രാജ്യസഭാ ടേമുകളിൽ ഏഴ് മുതിർന്ന നേതാക്കൾക്ക് മാത്രമാണ് അവസരം ലഭിച്ചത്. അതിൽ​ തന്നെ അഞ്ച് പേർക്ക് മൂന്നോ അതിലധികമോ തവണ അവസരം ലഭിച്ചു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് സംസ്ഥാനഘടകത്തിൽ അഴിച്ചുപണി ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയരുന്നതെന്നത് പ്രസക്തമാണ്. “മാർഗദർശക് മണ്ഡൽ” കോൺഗ്രസിന് വേണമെന്നും മുതിർന്ന നേതാക്കൾ യുവാക്കൾക്കായി വഴിമാറണമെന്നുമുളള ആവശ്യത്തെ മുതിർന്ന നേതാക്കൾ പരിഹസിക്കുന്നു. യുവനേതാക്കൾക്ക് അധികാരസ്ഥാനങ്ങളോടുളള ആഗ്രഹങ്ങളാണെന്ന 2021 ൽ രാജ്യസഭയിലെ നാലാം ടേം അവസാനിക്കുന്ന എൺപത്തിയൊന്നുകാരനായ വയലാർ രവി പറയുന്നു.

കോൺഗ്രസിന്റെ രാജ്യവ്യാപകമായ തകർച്ചയ്ക്കുളള​ കാരണങ്ങളിലൊന്ന് മുതിർന്ന നേതാക്കളോടുളള അതിന്റെ അമിതാശ്രിതത്വമാണ്. മുതിർന്ന നേതാക്കളിൽ ഭൂരിപക്ഷവും താഴെതട്ടിലുളള ബന്ധം നിലനിർത്തുന്നതിൽ വൈമനസ്യം പുലർത്തുന്നവരുമാണ്. രാജ്യസഭ മുതിർന്നവരുടെ സഭയായാണ് കാണപ്പെടുന്നത്. എന്നാൽ അടുത്ത ചില ദശകങ്ങളിലായി തിരഞ്ഞെടുപ്പുകളിൽ​ മത്സരിച്ച് ജയിക്കാൻ സാധിക്കാത്ത ചില നേതാക്കൾക്ക് അധികാരമാസ്വദിക്കാനുളള മേച്ചിൽപ്പുറമാക്കി അതിനെ മാറ്റിയിരിക്കുന്നു. ഇതേ നേതാക്കൾ തന്നെ പാർട്ടിയിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്നുവെന്നതിൽ യാദൃശ്ചികതയൊന്നുമില്ല. മാത്രമല്ല, അവർ പാർട്ടിയുടെ തകർച്ചയെ തടയുന്നതിൽ ഗൗരവമുളള ഒന്നും ചെയ്യുന്നുമില്ല.

കോൺഗ്രസിനെ സംബന്ധിച്ചടത്തോളം യുവനേതൃത്വത്തിലുളള​ കലാപങ്ങളാണ് മുൻകാലങ്ങളിൽ ആ പാർട്ടിയിലെ തലമുറ മാറ്റത്തിന് ചുക്കാൻ പിടിച്ചിട്ടളളത്. നേതൃമാറ്റത്തിലൂടെ സംഘടനയ്ക്ക് പുതു ജീവൻ നൽകിയത് ആ കലാപങ്ങളായിരുന്നു. ഇന്ദിരാഗാന്ധി വാർധക്യം ബാധിച്ച നേതൃത്വത്തിൽ നിന്നുളള കലാപം നേരിട്ടാണ് 1960കളിൽ ശക്തയായ നേതാവായി ഉയർന്നു വന്നത്. അതിന് ഇന്ദിരാഗാന്ധിക്ക് യുവതലമുറയുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. പാർട്ടിയെ വിറ്റുതിന്നുന്ന അധികാരദല്ലാളന്മാരെ കുറിച്ച് രാജീവ് ഗാന്ധിയുടെ പ്രസിദ്ധമായ പ്രസംഗവും ഉണ്ടായിട്ടുണ്ട്. പരിചയസമ്പന്നരെയും യുവരക്തത്തെയും  സമതുലനാവസ്ഥയിലും സ്വരചേർച്ചയിലും വിളക്കിച്ചേർത്ത് ഒരു ടീം കെട്ടിപ്പെടുക്കുകയെന്നതാണ് രാഹുൽ ഗാന്ധിയുടെ മുന്നിലുളള​ വെല്ലുവിളി. രാഹുലിന് അത് കേരളത്തിൽ നിന്നാരംഭിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook