Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

മുസ്‌ലിം മുക്ത ഭാരതം

‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ബി.ജെ.പി യുടെ മുദ്രാവാക്യം മാറ്റി ‘മുസ്‌ലിം മുക്ത ഭാരതം’ എന്നാക്കേണ്ടുന്ന രീതിയിലേയ്ക്കാണ് അവരുടെ പോക്ക്’ നിസ്സിം മണ്ണത്തൂക്കരൻ എഴുതുന്നു

indian muslim

“ഒരു ജനാധിപത്യത്തിലെ ഭൂരിപക്ഷം എപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നടത്താന്‍ കെല്‍പ്പുള്ളവയായിരിക്കും” – എഡ്മണ്ട് ബര്‍ക്ക്

2014 മുതല്‍ ഏറെ വ്യവസ്ഥാപിതമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിം പൗരന്മാരുടെ രാഷ്ട്രീയ തിരോധാനം അല്ലെങ്കില്‍ അദൃശ്യവല്‍ക്കരണം അതുമൂലം വലിയൊരു ന്യൂനപക്ഷത്തിനു നിഷേധിക്കപ്പെടുന്ന രാഷ്ട്രീയ ഇടങ്ങളുമാണ് 69 ആം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന ഈ റിപ്പബ്ലിക്കിന്‍റെ ഏറ്റവും അപകടകരമായ യാഥാര്‍ഥ്യങ്ങളിലൊന്ന്. ഹിന്ദു ഭൂരിപക്ഷവാദത്തിന്‍റെയും മുസ്‌ലിം അപരവല്‍ക്കണത്തിന്‍റെയും സര്‍വ വ്യാപിയായ ഹിന്ദുത്വ പദ്ധതിയുടെ അന്തഃസത്ത ഇതാണെന്ന് പറയേണ്ടിവരും.

മുസ്‌ലിങ്ങള്‍ക്കും ദലിതര്‍ക്കും നേരെ നടക്കുന്ന പൈശാചികമായ ശാരീരിക അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വിദേശമാധ്യമങ്ങളില്‍ നിന്നും മറ്റും രീതിയില്‍ ശക്തമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് 2014 മേയ് മുതലുള്ള കാലയളവില്‍ അപൂര്‍വമായ രീതിയില്‍ മോദി സര്‍ക്കാരിന്‍റെ മതതീവ്രവാദവും, അസഹിഷ്ണുതയും, സ്വാതന്ത്ര്യങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റവും സംബന്ധിച്ച് 16 മുഖപ്രസംഗങ്ങള്‍ ആണ് ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, മുസ്‌ലിം സമൂഹത്തിന്‍റെ രാഷ്ട്രീയ പ്രതിനിധാനം മെല്ലെ ഒഴിവാക്കിക്കൊണ്ട് കുറച്ചുകൊണ്ടുവരുന്നത് അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

 

തീര്‍ത്തും ‘നിയമവിധേയ’വും ‘ജനാധിപത്യപര’വുമായ മാര്‍ഗങ്ങളിലൂടെ നടക്കുന്ന ഈ ‘രാഷ്ട്രീയ ഉന്മൂലനം’ പ്രത്യക്ഷമായ അക്രമങ്ങള്‍ പോലെ എതിര്‍ക്കപ്പെടില്ലല്ലോ. അല്ലെങ്കില്‍ തന്നെ, ഭൂരിപക്ഷത്തിന്‍റെ ഹിതം നടപ്പിലാക്കല്‍ അല്ലേ ജനാധിപത്യത്തിന്‍റെ ഉദ്ദേശം തന്നെയെന്നും ചോദിക്കാവുന്നതാണ്. ഹിന്ദുത്വയുടെ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം മുസ്‌ലിം പ്രാതിനിധ്യം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിനുള്ള ഉത്തരം.

19ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ടോക്യവല്ലി പറഞ്ഞ ‘ഭൂരിപക്ഷത്തിന്‍റെ കിരാതവാഴ്ച്ച’ (tyranny of majority) ഇതല്ലാതെ മറ്റെന്താണ്? ഈ ഏകാധിപത്യ വാഴ്ചയുടെ ഭീതിദമായ നേര്‍ക്കാഴ്ചയാണ്‌ കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഇന്ത്യ കണ്ടത്. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്‌ലിം എം.പി പോലും ബി.ജെ.പി. യില്‍ നിന്നും ഉണ്ടായിരുന്നില്ല. ബി ജെ പിയുടെ ലോകസഭയിലേയ്ക്കുളള സ്ഥാനാർത്ഥിപ്പട്ടികയിൽ മൊത്തം 482 പേരില്‍ വെറും ഏഴ് മുസ്ലീങ്ങളാണ് (അതില്‍ 5 ജമ്മു-കാശ്മീരിലും 1 ബംഗാളിലും) ഇടം നേടിയിരുന്നത്. 1957 നു ശേഷമുള്ള ഏറ്റവും താഴ്ന്ന മുസ്ലീം പ്രാതിനിധ്യം ഉള്ള (നാല് ശതമാനം) പാർലമെന്റാണ് ഇപ്പോഴുള്ളത്.

Read in English

യു.പി.യിലെ ജനസംഖ്യയുടെ 19.2% വരുന്ന 4.3. കോടി മുസ്‌ലിങ്ങളാണ്. അത് ഏതാണ്ട് അര്‍ജന്റീനയുടെ മൊത്തം ജനസംഖ്യയ്ക്കൊപ്പം വരും. എന്നാല്‍ 403ല്‍ 312 സീറ്റ് നേടിയ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, അവിടെ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിപോലും ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. ഒറ്റയടിക്ക് യു പി നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം 17.1 ശതമാനം  ഇല്‍ നിന്ന് 5.9 ശതമാനം ആയി കൂപ്പുകുത്തി.

ജനസംഖ്യയുടെ 34.2 ശതമാനം മുസ്‌ലിം സാന്നിധ്യം ഉള്ള അസ്സമില്‍ ബി.ജെ.പിക്കുളള 61 എം എൽ എ മാരിൽ ഒരൊറ്റ മുസ്‌ലിം ആണുള്ളത്. 16.9 ശതമാനവും 14.5 ശതമാനവും ജനസംഖ്യാ പ്രാതിനിധ്യമുള്ള ബീഹാറിലും ജാർഖണ്ഡിലും ഒരൊറ്റ മുസ്‌ലിം നിയമസഭാസാമാജികനില്ല. 11.54 ശതമാനം മുസ്ങ്ങ‌ലിളുള്ള മഹാരാഷ്ട്രയില്‍ 122പേരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്തു.

2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായി വന്നതിനു ശേഷം ഇന്നോളം ഗുജറാത്തില്‍ നിയമസഭാ, ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും നിർത്തിയിട്ടില്ല. 1980 ൽ ഗുജറാത്ത് നിയമസഭയിൽ മുസ്‌ലിം പ്രാതിനിധ്യം 6.6 ശതമാനമായിരുന്നു. അന്ന് അവിടുത്തെ മുസ്‌ലിം ജനസംഖ്യ 9.67 ശതമാനവും. ഈ രാഷ്ട്രീയ ഉന്മൂലനത്തിലൂടെ മുസ്‌ലിം പ്രാതിനിധ്യം 1.6 ശതമാനമായി. ഈ തന്ത്രംമൂലം ഇപ്പോള്‍ കോൺഗ്രസ് പോലും അന്നാട്ടില്‍ ‘മുസ്‌ലിം’ എന്ന് മിണ്ടുകയില്ല.

ഇനി പറയാന്‍ പോകുന്ന ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍  1418 ബി.ജെ.പി. എം.എല്‍.എ. മാരുള്ളതില്‍ ആകെ നാല് പേരാണ് മുസ്‌ലിങ്ങള്‍. 14.2 ശതമാനം ജനങ്ങള്‍ മുസ്‌ലിങ്ങള്‍ ആയ ഇവിടെ അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം 0.28 ശതമാനം മാത്രമാണ്. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 300 എം.എല്‍.എ മാരുണ്ട്; മൊത്തം എം.എല്‍.എ. മാരുടെ 13 ശതമാനമാണിത്.

രാഷ്ട്രീയത്തില്‍ മാത്രമല്ല, സൈന്യത്തിലും സിവില്‍ സര്‍വീസിലും ജുഡീഷ്യറിയിലും ഉള്ള മുസ്‌ലിം അംഗസംഖ്യ നോക്കിയാല്‍ മതി ‘മുസ്ലീം –സമുദായ ലാളനം’ എന്ന ബി.ജെ.പി.യുടെ വാദത്തിന്‍റെ മുനയൊടിയാന്‍. കോൺഗ്രസ് സമ്പൂര്‍ണമായി ഭരിച്ചിരുന്ന 1952-1977 കാലത്ത് രണ്ട് ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലായിരുന്നു പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം. ഏറ്റവും കൂടിയ മുസ്‌ലിം പ്രാതിനിധ്യം 1980 ൽ ആയിരുന്നു. അന്ന് പത്ത് ശതമാനമായിരുന്നു മുസ്‌ലിം പ്രാതിനിധ്യം.

1951 മുതല്‍ 1977 വരെയൂള്ള കാലഘട്ടത്തില്‍ ഉത്തര്‍ പ്രദേശ് നിയമസഭയിലെ മുസ്‌ലിം സാന്നിധ്യം അക്കാലത്തെ ജനസംഖ്യ അനുപാതത്തില്‍ ഏറെ താഴെ ആയിരുന്നു (5.9-9.5 ശതമാനം). 2012ലാണ് ഇത് 17 ശതമാനം ആയെങ്കിലും അപ്പോഴും ജനസംഖ്യയുമായുള്ള അനുപാതത്തില്‍ കുറവായിരുന്നു. ബീഹാറില്‍ കോൺഗ്രസ്സും ജനതാദളും ആര്‍.ജെ.ഡിയും അടക്കമുള്ള കക്ഷികള്‍ മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. അവിടെ പോലും, 1985 ല്‍ ഉണ്ടായ 10.46 ശതമാനം ആണ് ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം. അവിടത്തെ മുസ്‌ലിം ജനസംഘ്യ 16.9 ശതമാനം ആണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

അതുകൊണ്ട് തന്നെ മുസ്‌ലിം അംഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് കാലങ്ങളായി ഭൂരിപക്ഷ സമുദായങ്ങള്‍ അനുഭവിച്ചിരുന്ന വിവേചനം അവസാനിപ്പിക്കുകയാണ് ബി.ജെ.പി. ചെയ്തത് എന്ന ചിന്ത അബദ്ധജടിലമാണ്. ‘വിജയസാധ്യതയുള്ള മുസ്‌ലിം സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാലാണ് ബി.ജെ.പി. അവരെ മത്സരിപ്പിക്കാത്തത്’ എന്ന വാദവും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കല്‍ തന്നെ.

യു.പി. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വന്‍തോതില്‍ വോട്ട് ചെയ്ത മുസ്‌ലിം സ്ത്രീകളുടെ താൽപര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നത് എന്നതും അയഥാര്‍ത്ഥമാണ്. (ബിജെപിക്ക് മുസ്‌ലിം സമുദായത്തിലെ സ്ത്രീകളോട് പ്രതിപത്തിയുണ്ടെങ്കില്‍, എന്തുകൊണ്ട് അവരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുന്നില്ല എന്ന് ചോദിക്കേണ്ടി വരുന്നു.)

ജനാധിപത്യത്തെ വിശാലമാക്കുന്നതിന് ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സമൂഹത്തില്‍ ഏകാശിലാത്മക ഭൂരിപക്ഷങ്ങളോ ന്യൂനപക്ഷങ്ങളോ ഇല്ലെന്ന് തിരിച്ചറിയുക എന്നതാണ് ഇതിന്‍റെ ആദ്യപടി.

ഹിന്ദുത്വയുടെ നിലനില്‍പ്പ്‌ തന്നെ ജാതി-വര്‍ഗ അസമത്വങ്ങളുടെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് അവയില്‍ തന്നെ അധിഷ്ഠിതമായ ഏകമാനമായ ഒരു ഹിന്ദു സമൂഹം നിര്‍മിക്കുക എന്നതാണ്. ഉനയിലും ഭീമ കൊറെഗാവിലും നടന്ന സംഭവങ്ങള്‍ തുറന്നുകാട്ടുന്നത് ആ അജണ്ട തന്നെയാണ്. മുസ്‌ലിങ്ങളോടുള്ള സമീപനത്തില്‍ നിന്നും വ്യത്യസ്തമായി ദലിതരോട് ചില കൃത്രിമ ഐക്യപ്പെടലുകള്‍ അവര്‍ നടത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം.

മുസ്‌ലിം സമുദായവും ജാതിയുടെയും വര്‍ഗത്തിന്‍റെയും അടിസ്ഥാനത്തില്‍ ആഴത്തില്‍ വേര്‍തിരിഞ്ഞതാണെന്നതാണ് സത്യം. ഈ സമുദായത്തിലെ മുന്നോക്ക വിഭാഗക്കാരായ അഷ്‌റഫികള്‍ സമുദായത്തിന്‍റെ 15-20 ശതമാനം വരും. പസ്‌മന്ദ പോലെയുള്ള പിന്നോക്ക-ദലിത്‌ മുസ്‌ലിം വിഭാഗങ്ങളെ പിന്തള്ളിക്കൊണ്ട് ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ ചെറിയ ചില ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ഇവരാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ യു.പി.യില്‍ നിയമസഭയില്‍ എത്തിയ മുസ്‌ലിങ്ങളില്‍ 70ശതമാനം അഷ്‌റഫികള്‍ ആയിരുന്നു എന്ന് ഗില്‍സ് വേർനിയ്ഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ രാജ്യത്തെ 29 ല്‍ 19 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് പേരിനെങ്കിലും മുസ്‌ലിം പ്രാതിനിധ്യമുള്ളത്. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ബി.ജെ.പി യുടെ മുദ്രാവാക്യം മാറ്റി ‘മുസ്‌ലിം മുക്ത ഭാരതം’ എന്നാക്കേണ്ടുന്ന രീതിയിലേയ്ക്കാണ് അവരുടെ പോക്ക്. മതത്തിന്‍റെയും ജാതിയുടെയും ഇരട്ട-അടിച്ചമര്‍ത്തല്‍ നേരിടുന്ന പസ്‌മന്ദ വിഭാഗക്കാര്‍ ആണ് ഇതിന്‍റെ ദോഷഫലങ്ങള്‍ എറ്റവും കൂടുതല്‍ അനുഭവിക്കുക. രാജ്യത്തിന്‍റെ സാമ്പത്തിക-സാംസ്കാരിക ജീവിതത്തിലെ അരികുകളിലാണ് അവരിപ്പോഴും ജീവിക്കുന്നത്.

രാഷ്ട്രീയപരമായി ന്യൂനപക്ഷങ്ങളെ അദൃശ്യരും അസ്പ്രശ്യരും ആക്കാന്‍ തുനിയുന്ന ഏതൊരു ജനാധിപത്യവും സ്വയം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മതത്തിന്‍റെ പേരില്‍ ഒരു ജനാധിപത്യത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ തമ്മില്‍ വൈരം ഉണ്ടാക്കുമ്പോള്‍ അത് യഥാര്‍ത്ഥ ജനാധിപത്യം അല്ലാതായിത്തീരുന്നു.

 കാനഡയിലെ  ഡല്‍ഹൗസി യുണിവേഴ്സിറ്റിയിലെ
ഇന്റര്‍നാഷണൽ ഡെവലപ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്‍റെ
തലവനാണ് നിസ്സിം മണ്ണത്തൂക്കാരന്‍.

മൊഴിമാറ്റം: ആർദ്ര എൻ ജി 

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: The fast disappearing muslim in the indian republic bjp mla hindu saffron religion

Next Story
മഴ നനഞ്ഞു കൊണ്ടു നിൽക്കുന്ന ഒരു പെൺകുട്ടിsugathakumari,malayalam poet,m.a baby
The moderation of comments is automated and not cleared manually by malayalam.indianexpress.com