മൗലികാവകാശങ്ങൾ സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ട് 1948 ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ ഭരണഘടനാ അസംബ്ലി ചര്‍ച്ച ചെയ്തപ്പോള്‍ കെഎം മുന്‍ഷി ഗഹനമായ ഒരു പ്രസ്താവന നടത്തി. അത് ഇങ്ങനെയായിരുന്നു: ‘വാസ്തവത്തില്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് ജനാധിപത്യത്തിന്റെ സാരം.’

സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുചേരാനും ഇന്ത്യയിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള അവകാശം ഉള്‍പ്പെടെയുള്ള മൗലികാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. ശരിയാണ്, ഈ അവകാശങ്ങള്‍ ‘ന്യായമായ നിയന്ത്രണങ്ങള്‍’ ഏര്‍പ്പെടുത്തുന്ന ഏതൊരു നിയമത്തിനും, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, രാജ്യസുരക്ഷ, പൊതു ക്രമം അല്ലെങ്കില്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കല്‍ എന്നിവയ്ക്കു വിധേയമാണ്.

ഭരണഘടനയുടെ അനുച്ഛേദം 21 എല്ലാ പൗരന്മാരുടെയും ജീവിതത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു. ‘വ്യക്തി സ്വാതന്ത്ര്യം’ എന്നത് ആളുകളുടെ ‘വ്യക്തിപരമായ സ്വാതന്ത്ര്യം’ സൃഷ്ടിക്കുന്ന എല്ലാ തരം അവകാശങ്ങളും ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു സംക്ഷിപ്ത പദമായി സുപ്രീം കോടതി വ്യാഖ്യാനിച്ചു. ‘വ്യക്തിഗത സ്വാതന്ത്ര്യം’ എന്ന വാക്ക് ന്യായമായ രീതിയില്‍ വ്യാഖ്യാനിക്കുകയും ഭരണഘടനാ ശില്‍പ്പികളുടെ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും നേടുകയും ചെയ്യുന്ന ആ അര്‍ത്ഥത്തിന് കാരണമാവുകയും വേണമെന്നും കോടതി വ്യാഖ്യാനിച്ചു.

Also  Read: ദരിദ്രരെ പിന്നോട്ടുവലിക്കുന്ന ഡിജിറ്റല്‍ പഠനം

‘… തെരുവിലോ പൊതുസ്ഥലത്തോ കൂടിച്ചേരുന്നത് നിരോധിച്ചുകൊണ്ട് ഭരണകൂടത്തിനു ഒത്തുചേരാനുള്ള അവകാശം ഇല്ലാതാക്കാനോ കവര്‍ന്നെടുക്കാനോ കഴിയില്ല,’ എന്ന് 1973ല്‍ ഹിമ്മത്ലാല്‍ കെ ഷാ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചു.
ഓരോ പൗരന്റെയും കൂടിച്ചേരാനുള്ള അവകാശത്തെ സഹായിക്കുന്നവയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനോ, പൊതുക്രമത്തിന്റെ താല്‍പ്പര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ മാത്രമേ കഴിയൂ. ‘എന്നാല്‍’ സംസ്ഥാനത്തിന് യുക്തിരഹിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. അനുച്ഛേദം 19 (1) (ബി), അനുച്ഛേദം 13 എന്നി, ഭരണകൂട നടപടികളില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നു.

കൂടിച്ചേരാനുള്ള സ്വാതന്ത്ര്യമെന്നത് ഏതൊരു ജനാധിപത്യ വ്യവസ്ഥയുടെയും അനിവാര്യ ഘടകമാണെന്നു ജസ്റ്റിസ് മാത്യു അഭിപ്രായപ്പെട്ടു. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് അവരുടെ മത, രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികപരമായ ആശയങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ മറ്റുള്ളവരുമായി മുഖാമുഖം കാണാനുള്ള അവകാശമുണ്ട്. ‘തുറന്ന സ്ഥലങ്ങളിലും തെരുവുകളിലും നടക്കുന്ന പൊതുയോഗം നമ്മുടെ ദേശീയ ജീവിത പാരമ്പര്യത്തിന്റെ ഭാഗമാണ്’ എന്ന് അദ്ദേഹം വ്യക്തമാക്കി.

‘സര്‍ക്കാരും പ്രാദേശിക അധികൃതരും എല്ലാ സ്ഥലങ്ങളും നിയമപരമായി അടച്ചുപൂട്ടിയാല്‍, സാമൂഹ്യപരമായി ഒത്തുചേരാനുള്ള പൗരന്മാരുടെ മൗലികാവകാശങ്ങള്‍ പാഴാവും. പൊതുസ്ഥലങ്ങളില്‍ പൊതുകൂടിച്ചേരാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്. ആ അവകാശം ജനങ്ങളില്‍നിന്നു എടുത്തുകളയാന്‍ കഴിയില്ല,’ എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇതാണ് നിയമം. അനുച്ഛേദം 141 പ്രകാരം, എല്ലാ അധികൃതരും സിവില്‍, ജുഡീഷ്യല്‍ സംവിധാനങ്ങളും സുപ്രീം കോടതിയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, അവര്‍ ഈ നിയമം പിന്തുടരാന്‍ ബാധ്യസ്ഥരാണ്.

Also  Read: ഓണ്‍ലൈന്‍ സ്വകാര്യതാ നയങ്ങളിലെ നിയമവിരുദ്ധത

കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം ഈ പ്രഖ്യാപനത്തിന് തികച്ചും വിരുദ്ധമാണ്. അവര്‍ ഭരണഘടനയെ നിന്ദിക്കുക മാത്രമല്ല, സമാധാനപരമായി ഒത്തുചേരാനും സ്വതന്ത്രമായി നീങ്ങാനും സ്വതന്ത്രമായി സംസാരിക്കാനും കര്‍ഷകരെ അനുവദിക്കാതെ അവര്‍ സുപ്രീം കോടതിയെ ധിക്കരിക്കുകയും ചെയ്യുന്നു. മൗലികാവകാശങ്ങളെന്നത് ഭരണഘടനാ ശില്‍പ്പികള്‍ പൗരന്മാര്‍ക്ക് നല്‍കുന്ന സമ്മാനമാണ്. പാര്‍ലമെന്റും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഉള്‍പ്പെടെ ആര്‍ക്കും അവ പരിമിതപ്പെടുത്താനോ എടുത്തുമാറ്റാനോ അവകാശമില്ല.

‘ഈ അവകാശങ്ങള്‍ക്കു നിയമസാധുത നല്‍കുന്നതില്‍ ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു …’ മൗലികാവകാശങ്ങളെക്കുറിച്ചുള്ള ഉപദേശക സമിതിയുടെ അധ്യക്ഷനായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, 1947 ഏപ്രില്‍ 24 ന് ഭരണഘടനാ അസംബ്ലി പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നു. അങ്ങനെ മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശമായ അനുച്ഛേദം 32 രൂപപ്പെട്ടു.

‘എന്നാല്‍ ഈ റിപ്പോര്‍ട്ട് പരിഗണിക്കുന്ന രണ്ട് ചിന്താധാരകള്‍ ഒരു രാജ്യത്തിന്റെ മൗലികാവകാശങ്ങളെയല്ല, ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളെയും കുറിച്ചാണ് പഠിച്ചത്. ലോകത്തിലെ എല്ലാ ഭരണഘടനകളും പഠിച്ച അവര്‍, ന്യായമായതായി കണക്കാക്കാവുന്ന അവകാശങ്ങള്‍ നാം ഉള്‍പ്പെടുത്തണമെന്ന തീര്‍പ്പില്‍ അവര്‍ എത്തിച്ചേര്‍ന്നു,’ 1947 ഏപ്രില്‍ 24 ന് അദ്ദേഹം പറഞ്ഞു.

Also Read: കേരളത്തിന്റെ കോവിഡ് നിരക്ക് ഉയര്‍ന്നതോതില്‍ തുടരാന്‍ കാരണമെന്ത്?

‘പൗരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധം ജനങ്ങളില്‍ വന്നതുമുതല്‍ വ്യക്തിയുടെ സ്വാതന്ത്ര്യമെന്നത് ഏകാധിപതികളുടെയും അവര്‍ക്കെതിരെ പോരാടുന്നവരുടെയും പ്രധാന പോരാട്ടസ്ഥലമാണ്… അതിനാല്‍, ചെറിയ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുമ്പോഴോല്ലാം അത് ഏതെങ്കിലും വ്യക്തിക്ക് ചെറിയ അൗകര്യമോ സംഭ്രമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്വേച്ഛാധിപത്യ അധികാരം പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുറന്നുകൊടുക്കുന്ന ഒരേയൊരു വഴി, അത്തരമൊരു വ്യക്തിയെ കുറ്റം കൂടാതെ അറസ്റ്റ് ചെയ്യുകയോ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുകയോ ചെയ്യുക എന്നതാണ്,’ ഭരണഘടനാ അസംബ്ലിയില്‍ കെ.ടി ഷാ മുന്നറിയിപ്പ് നല്‍കി.

60 ദിവസത്തിലേറെയായി സമാധാനപരമായ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ കര്‍ഷക നേതാക്കളെ ഒരു കാരണവുമില്ലാതെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. അതിശയകരമെന്നു പറയട്ടെ, 2020 ഫെബ്രുവരിയില്‍ അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ഭരണകക്ഷി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് തയാറായില്ല. ഇത് യഥാര്‍ത്ഥത്തില്‍ വിദ്വേഷം, അക്രമം, ജീവഹാനി എന്നിവയ്ക്ക് കാരണമായി.

ജനുവരി 26 നുണ്ടായ അക്രമം ലജ്ജാകരമാണ്. ഇതിന്റെ ‘ഉത്തരവാദികളെ’ നിയമപരമായി നേരിടണം. എന്നാല്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്തവരെ അത്തരം നടപടികളില്‍നിന്ന് ഒഴിവാക്കണം. ചെങ്കോട്ടയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതില്‍നിന്ന് പൊലീസിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പൊലീസിന്റെ ഫലപ്രദമായ പ്രതിരോധ നടപടികളില്ലാതെ, എങ്ങനെ വലിയൊരു ആളുകള്‍ക്ക് ജനക്കൂട്ടത്തിന്  ചെങ്കോട്ടയില്‍ കടക്കാനും അതിനെ കലുഷമാക്കാനും കഴിഞ്ഞുവെന്നും രാജ്യം ഒരിക്കലും അറിയുകയില്ല. കൃഷിക്കാരായി നടിച്ച ഒരു വിഭാഗം ആളുകള്‍ അക്രമത്തില്‍ ഏര്‍പ്പെട്ടത് ഒരു യുവ കര്‍ഷകന്റെ മരണത്തിനും നിരവധി പേര്‍ക്കു പരുക്കേല്‍ക്കാനും കാരണമായി.

പ്രതിഷേധിക്കുന്ന കര്‍ഷകരും അവരുടെ നേതാക്കളും സമാധാനപരവും സംഘടിതവുമായ പ്രതിഷേധവുമായി യോജിക്കുന്ന സമാധാനപരമായ റാലി വേണമെന്നാണ് ആഗ്രഹിച്ചത്. ചില ആളുകള്‍ അവരെ അവരുടെ പാതയില്‍നിന്ന് അകറ്റാനുള്ള ശ്രമം നടത്തി. നിരപരാധികളെയല്ല, കുറ്റവാളികളെ പൊലീസ്, പ്രത്യേകിച്ച് ജുഡീഷ്യറി പിടികൂടുമെന്ന് പ്രതീക്ഷ പുലര്‍ത്താം.

Also Read: പൊതുജനാരോഗ്യം തിരഞ്ഞെടുപ്പ് വിഷയമാകാത്തത് എന്തുകൊണ്ട്‍?

തങ്ങളുടെ ഭാവിയെക്കുറിച്ച് വളരെയധികം ആശങ്കപ്പെടുന്ന കര്‍ഷകര്‍ പ്രതിഷേധിക്കാനുള്ള അവകാശം ഉപയോഗിക്കുന്നു. ബാരിക്കേഡുകളും ആണികളും ഉപയോഗിച്ച് പൊലീസ് സേന പ്രതിരോധം ശക്തിപ്പെടുത്തിയതില്‍ കര്‍ഷകരുടെ ആത്മവീര്യം തകരില്ല, മറിച്ച് ശക്തിപ്പെടുത്തുകയേയുള്ളൂ. ദുഃഖകരമെന്നു പറയട്ടെ, പ്രതിഷേധത്തെ ചിലരെ ഇന്ത്യാവിരുദ്ധ പ്രസ്ഥാനവുമായി തുലനം ചെയ്ത് പൈശാചികവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സിഖ് സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തും.

‘സിഖുകാര്‍ക്ക് സ്വാതന്ത്ര്യത്തോട് ഉജ്ജ്വലമായ അഭിനിവേശമുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സമൂഹവും ഈ ദേശത്തുനിന്നു വിദേശികളെ തുരത്താന്‍ ഇത്രയും കാലം കഠിനമായി പരിശ്രമിച്ചിട്ടില്ല,’ സര്‍ദാര്‍ ഉജ്ജല്‍ സിങ് 1946 ഓഗസ്റ്റ് ഒന്‍പതിന് ഭരണഘടനാ അസംബ്ലിയില്‍ പറഞ്ഞു.’

‘ഇന്ന് നമ്മുടെ പക്കലുള്ള വൈവിധ്യമാര്‍ന്ന സമൂഹം എങ്ങനെ പൊതുവായി തീരുമാനമെടുക്കുകയും ഐക്യത്തിലേക്ക് നയിക്കുന്ന വഴിയിലേക്ക് നീങ്ങുകയും ചെയ്യും എന്നതാണ് നമ്മുടെ പ്രതിബന്ധം,’ ഭാവിയെ ഭയന്ന് ബിആര്‍ അംബേദ്കര്‍ പറഞ്ഞിരുന്നു.

നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഘട്ടത്തില്‍, അമേരിക്കയുമായുള്ള അനുരഞ്ജനത്തെക്കുറിച്ചുള്ള എഡ്മണ്ട് ബര്‍ക്കിന്റെ പ്രസംഗം ഓര്‍മിക്കേണ്ടത് പ്രധാനമാണ്. ‘സര്‍, ബലപ്രയോഗം താല്‍ക്കാലികമാണെന്ന് നിരീക്ഷിക്കാന്‍ ആദ്യം എന്നെ അനുവദിക്കൂ. അത് ഒരു നിമിഷം അധീനമാക്കിയേക്കാം, പക്ഷേ അത് വീണ്ടും അധീനമാക്കേണ്ടതിന്റെ ആവശ്യകതയെ നീക്കം ചെയ്യുന്നില്ല; നിരന്തരം കീഴടക്കപ്പെടുന്ന ഒരു രാഷ്ട്രം ഭരിക്കപ്പെടുന്നില്ല …,’

പരമാധികാരങ്ങള്‍ വിവേകത്തോടെ പ്രയോഗിക്കുന്നുവെന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം ഡോ. അംബേദ്കര്‍ പറഞ്ഞതുപോലെ, ”നമ്മെ ഐക്യത്തിലേക്ക് നയിക്കാന്‍ മറ്റൊരു വഴിയുമില്ല.”

 

  • സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാണ് ലേഖകന്‍

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook