‘അമ്മ’ എന്ന സംഘടനയുമായി ഒരേ സമയം അടുപ്പവും അകലവും സൂഷിക്കുന്ന ആളാണ് മഞ്ജു വാര്യര്‍. ‘അമ്മ’യിലെ അംഗമായിരിക്കുമ്പോഴും ‘അമ്മ’ പൊതുയോഗങ്ങളില്‍ അവര്‍ പങ്കെടുത്ത് കണ്ടിട്ടില്ല. അഭിനയത്തിലേക്കുള്ള മഞ്ജുവിന്റെ മടങ്ങി വരവിന്റെ സമയം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ‘അമ്മ’യുടെ താക്കോല്‍ സ്ഥാനത്ത് നടനും അവരുടെ മുന്‍ഭര്‍ത്താവുമായിരുന്ന ദിലീപ് ആയിരുന്നു. മാധ്യമങ്ങള്‍ കൂടി സന്നിഹിതരായ ഒരു പരസ്യമായ വേദിയില്‍ വച്ച് ഇരുവരും കണ്ടുമുട്ടുന്നത് ഒഴിവാക്കാന്‍ കൂടിയാവാം ‘അമ്മ’ യോഗങ്ങളില്‍ നിന്നും മഞ്ജു വിട്ടു നിന്നിരുന്നത്. കാലങ്ങള്‍ കൂടി ദിലീപ് പങ്കെടുക്കാത്ത ‘അമ്മ’ പൊതു യോഗം ഉണ്ടായപ്പോളാകട്ടെ, അടുത്തുണ്ടായ അച്ഛന്റെ വിയോഗം മൂലമാകണം, മഞ്ജു യോഗത്തില്‍ പങ്കെടുത്തില്ല.

ഈ യോഗത്തിലാണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പുറത്താക്കി എന്നറിയിച്ച ദിലീപിനെ തിരിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ ‘അമ്മ’യില്‍ നടന്നത്. ഇതിനെത്തുടര്‍ന്ന് ‘അമ്മ’ അംഗത്വമുണ്ടായിരുന്ന വനിതാ കളക്റ്റിവിലെ മൂന്ന് പേര്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് രാജി വച്ചു. വനിതാ കളക്റ്റിവിന്റെ ധീരമായ നിലപാടിനെ അഭിനന്ദിച്ച് സ്വീകരിച്ചപ്പോഴും മഞ്ജു ഉള്‍പ്പെടുന്ന വനിതാ കളക്റ്റിവിലെ ‘അമ്മ’ അംഗങ്ങള്‍ ഈ തീരുമാനത്തില്‍ പങ്കു ചേരാത്തത് എന്ത് എന്ന ചോദ്യം അവശേഷിച്ചു.

Read More: സംഘടന കൊണ്ട് സിനിമയെ സ്വന്തമാക്കിയവർ

‘അമ്മ’യ്ക്കകത്ത് നിന്ന് വനിതാ കളക്റ്റിവിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു അവയ്ക്ക് വേണ്ടി പോരാടാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് അമ്മയില്‍ തുടരാന്‍ തീരുമാനിച്ചവര്‍ ഇന്ന് അറിയിച്ചിട്ടുണ്ട്. ‘അമ്മ’യുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്കുള്ള മുന്നൊരുക്കങ്ങളും അവര്‍ തുടങ്ങിക്കഴിഞ്ഞു. ഇതുമായി ബന്ധപെട്ട് ഇവര്‍ ‘അമ്മ’ ഭാരവാഹികള്‍ക്ക് അയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം വനിതാ കളക്റ്റിവിന്റെ ഫേസ്ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതില്‍ ഒപ്പിട്ടിരിക്കുന്നത് മഞ്ജു വാര്യര്‍ ഒഴികെയുള്ള മൂന്നു പേര്‍ (രേവതി, പദ്മപ്രിയ, പാര്‍വ്വതി തിരുവോത്ത്) ആണ്. ഈ കത്തില്‍ ഒപ്പിടുന്നതില്‍ നിന്നും മഞ്ജു പിന്‍വാങ്ങിയതിന്റെ കാരണങ്ങളാണ് മഞ്ജു പറഞ്ഞു കേള്‍ക്കണം എന്ന് കേരളം ആഗ്രഹിക്കുന്നത്. ‘അമ്മ’യില്‍ തുടരണോ വേണ്ടയോ എന്ന തീരുമാനം ഓരോ അംഗവും അവരുടെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ചതാണ് എന്നാണ് മഞ്ജുവിന്റെ ഈ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രേവതി പ്രതികരിച്ചത്.

എന്ത് തന്നെയായാലും മഞ്ജുവിന്റെ ഈ മൗനമല്ല മലയാളി ഇത്തരുണത്തില്‍ ആഗ്രഹിക്കുന്നത്, മറിച്ച് നേരിട്ടുള്ള ഒരു ഇടപെടലാണ്. ഒരിക്കല്‍ അവരത് ചെയ്തു കാര്യങ്ങളുടെ ഗതി തിരിച്ചു വിടുന്നത് നടി ആക്രമിക്കപ്പെട്ട അവസരത്തില്‍ മലയാള സിനിമ ഒന്നടങ്കം കൂടിയ ഒരു വേദിയില്‍ വച്ച് നമ്മള്‍ കണ്ടതാണ്. ‘ക്രിമിനല്‍ ഗൂഡാലോചന’ എന്നവര്‍ പറഞ്ഞ ഒരു വാക്ക് പിന്‍പറ്റിയാണ് ജനവികാരം അണമുറിഞ്ഞത്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ ഇത് വരെ പ്രതികരിക്കാതിരിക്കുന്ന മഞ്ജു വാര്യരുടെ ശബ്ദം ഏറെ പ്രധാനപ്പെട്ടതാകുന്നു. ‘അമ്മ’യുടെ നിലപാടിനെ മഞ്ജു എതിര്‍ത്താലും ഇല്ലെങ്കിലും, ആ തീരുമാനത്തിന്റെ മാനങ്ങള്‍ വളരെ വലുതാണ്‌. മലയാള സിനിമയിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രഗതിയില്‍ നിര്‍ണ്ണായകമാകും എന്ന് ഉറപ്പാണ്.

എന്ത് കൊണ്ട് മഞ്ജു?

മഞ്ജു വാര്യര്‍ എന്ന നടിയുടെ പ്രതികരണം ഈ വിഷയത്തില്‍ പ്രസക്തമാകുന്നതിന് വേറെയും കാരണങ്ങള്‍ ഉണ്ട്. വനിതാ കളക്റ്റിവിന്റെ സ്ഥാപക അംഗമായ മഞ്ജുവിന്റെ സ്വകാര്യ ജീവിതവുമായി ഇതെല്ലാം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് ആദ്യം. മുന്‍ഭര്‍ത്താവും അടുത്ത കൂട്ടുകാരിയുമാണ് രണ്ടു ചേരികളില്‍. രണ്ടാം വരവില്‍ കൈകൊടുത്ത സിനിമാ ലോകത്തിന്റെ ഭൂരിഭാഗവും ഭര്‍ത്താവിനൊപ്പം. താന്‍ ഉള്‍പ്പെടുന്ന പെണ്‍ സമൂഹം കടന്നു പോകുന്ന സങ്കടങ്ങളെ പ്രതിനിധീകരിക്കുന്ന വനിതാ കളക്റ്റിവ് മറു ഭാഗത്തും. മഞ്ജുവിന്റെ തീരുമാനമോ തീരുമാനം ഇല്ലായ്മയോ, എന്തുമാകട്ടെ, അതില്‍ സങ്കീര്‍ണ്ണതകളുടെ അടരുകള്‍ നിവരും എന്നത് തീര്‍ച്ച.

കഴിഞ്ഞ വര്‍ഷം സ്ഥാപിതമായ വിമന്‍ ഇന്‍ സിനിമാ കളക്റ്റിവിന്റെ മുഖമാണ് മഞ്ജു വാര്യര്‍. വനിതാ കളക്റ്റിവിന്റെ ആദ്യ മീറ്റിംഗില്‍ മുഖ്യ മന്ത്രിയെ ചെന്ന് കണ്ടതും അന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിലും ഒക്കെ സജീവ സാന്നിദ്ധ്യമായിരുന്നു മഞ്ജു. പിന്നീടുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ കണ്ടില്ലെങ്കിലും പിന്നണിയില്‍ ചുക്കാന്‍ പിടിക്കാന്‍ മഞ്ജു ഉണ്ടായിരുന്നു. ആ കൂട്ടത്തിലെ സീനിയര്‍ മാത്രമല്ല, ബോക്സ്ഓഫീസ് മൂല്യമുള്ള ഒരേയൊരു നടിയും കൂടിയാണ് മഞ്ജു വാര്യര്‍. അത് കൊണ്ട് തന്നെ സിനിമയെ ആകമാനം നിയന്ത്രിക്കുന്ന ‘അമ്മ’യ്ക്ക് പ്രിയപ്പെട്ടവളും പ്രധാനപ്പെട്ടവളുമാണ് ഈ അഭിനേത്രി. മഞ്ജു വാര്യരുടെ അഭാവം അല്ലെങ്കില്‍ സംഘടനയില്‍ നിന്നുള്ള പിന്മാറ്റം ‘അമ്മ’യില്‍ നിന്നും ഉണ്ടാക്കാന്‍ പോകുന്ന പ്രതികരണം മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമായിരിക്കും. അത് പോലെ തന്നെ ഒരു സമവായ ചര്‍ച്ചയ്ക്കായി മഞ്ജുവാണ് വരുന്നതെങ്കില്‍ ‘അമ്മ’യുടെ സമീപനവും വേറെയായിരിക്കാനാണ് സാധ്യത. ഇന്ന് വനിതാ കളക്റ്റിവ്‌ ‘അമ്മ’യ്ക്കയച്ച കത്തില്‍ മഞ്ജു ഒപ്പിടാത്തത് ഇത് കൂടി കണക്കിലെടുത്താവാം. കാരണം വനിതാ കളക്റ്റിവ്‌-അമ്മ ചര്‍ച്ചയില്‍ മധ്യസ്ഥം വഹിക്കാന്‍ ഏറ്റവും അഭികാമ്യയായത്‌ ഇരു കൂട്ടര്‍ക്കും ഒരു പോലെ സ്വീകാര്യയായ മഞ്ജു തന്നെയാണ്.

ഇവിടെ മാത്രമല്ല പൊതുവില്‍ കേരളത്തില്‍ എല്ലായിടത്തും തന്നെ ‘ഗുഡ് വില്‍ അംബാസിഡര്‍’ എന്നൊക്കെ പറയാവുന്ന സ്ഥാനമാണ് മഞ്ജു വാര്യര്‍ക്ക്. ഓഖി ദുരന്തത്തില്‍ മുഖം നഷ്ടപ്പെട്ടു നിന്നപ്പോള്‍ ‘ഡാമേജ് കണ്ട്രോള്‍’ നടത്താന്‍ സര്‍ക്കാര്‍ വിനിയോഗിച്ച സ്നേഹത്തിന്റെ മുഖമാണ് അവര്‍. അതേ ‘ഡാമേജ് കണ്ട്രോള്‍’ ഇവിടെയും നടത്താന്‍ അനുയോജ്യയായത്‌ അവര്‍ തന്നെയാണ്.

Read More: മിണ്ടാത്തതെന്തേ?

നിലപാട് എടുക്കാനും അതില്‍ ഉറച്ചു നിലക്കാനും സാധിക്കുന്ന ആളാണ്‌ മഞ്ജു എന്നിരിക്കെത്തന്നെ ഈ വിഷയത്തില്‍ അവര്‍ അങ്ങനെ കര്‍ക്കശമായി ഇടപെടുമോ എന്നും സംശയമുണ്ട്. വിഷയത്തിന്റെ പ്രത്യേകത കൊണ്ട് മാത്രമല്ല അത്. മഞ്ജു വാര്യര്‍ എന്ന വ്യക്തിയുടെ പ്രത്യേകതയും കൂടിയാണ്. ചില വിഷയങ്ങളെ എങ്ങനെയാണ് മൗനം കൊണ്ട് മൂടേണ്ടത് എന്നും ചോദ്യങ്ങളുമായി നേര്‍ക്ക്‌ നേര്‍ വരാതെ എങ്ങനെ ഒഴിഞ്ഞു മാറണം എന്നും മഞ്ജു വാര്യരെ കടന്നു പോയ കാലവും അനുഭവങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ആ പാഠങ്ങളെ സ്വയരക്ഷയ്കുള്ള ആവരണമാക്കി അവര്‍ കൊണ്ട് നടക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ചര്‍ച്ചയില്‍ ഇരിക്കുന്ന വിഷയം തന്നെയെടുക്കാം. ‘അമ്മ’യുമായുള്ള മഞ്ജുവിന്റെ നിലപാട് എന്താണ്, എന്ത് കൊണ്ടാണവര്‍ ആ കത്തില്‍ ഒപ്പിടാതിരുന്നത്, മഞ്ജു വനിതാ കളക്റ്റിവില്‍ തുടരുമോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ സംസാരമാകുന്നത്. മഞ്ജുവിന്റെ ഇത് വരെയുള്ള സ്വഭാവം പരിശോധിച്ചാല്‍ അവരുടെ തീരുമാനം രണ്ടിലേതായാലും അവര്‍ അത് സ്പഷ്ടമായി പുറത്തു പറയില്ല എന്ന് കരുതേണ്ടി വരും. വനിതാ കളക്റ്റിവ് വിടാനാണ് തീരുമാനമെങ്കില്‍ പ്രത്യേകിച്ചും. ഒരു ‘പാന്‍ഡോറ ബോക്സ്’ തുറക്കല്‍ ആയിരിക്കും അത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും അത് തുറക്കാതിരിക്കാനുള്ള വിവേകവും അവര്‍ക്കുണ്ട്.

സിനിമാ ലോകത്ത് നിന്നുള്ള ഒരു നിരീക്ഷണം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook