scorecardresearch
Latest News

വാളും വെട്ടും: രാഷ്ട്രീയ കൊലപാതങ്ങളുടെ കോറിയോഗ്രഫി

“കോഴിയങ്കം പോരാതെ വരുമ്പോൾ ആളങ്കം എന്ന അഞ്ഞൂറുകൊല്ലത്തിന് മുമ്പുളള ആയോധനാവിദ്യാതീരുമാനമാണ് ആധുനിക ടെക്നോളജി ആദ്യം തന്നെ ആഞ്ഞു പുൽകുന്ന നമ്മുടെ രാഷ്ട്രീയമെന്നത് ആശ്ചര്യകരമാണ്”

വാളും വെട്ടും: രാഷ്ട്രീയ കൊലപാതങ്ങളുടെ കോറിയോഗ്രഫി

കേരള രാഷ്ട്രീയത്തിലെ ആശയസമ്പർക്കങ്ങളും സംവാദങ്ങളും ഉരുത്തിരിയുന്നത് തെരുവിലാണ് ഏറെയും. ആദർശങ്ങളിൽ അധിഷ്ഠിതമായതും പരസ്പരം ആശയപ്രദാനത്തിനു സാദ്ധ്യതകളുള്ളതും ആയ കൂട്ടായ്മയാണു രാഷ്ട്രീയ പാർട്ടികൾ എന്ന ബോധത്തിനു പകരം കറുപ്പും വെളുപ്പും പോലെ സംഘർഷത്തിനുതകുന്ന ദ്വന്ദങ്ങളാണ് അതിന്റെ കാതൽ എന്നാണ് ഇന്ത്യയിൽ പൊതുവേ ഉള്ള ജനധാരണ. നമ്മൾ പിന്തുണയ്ക്കാത്ത മറ്റേ പാർട്ടി തിന്മയുടെ കേന്ദ്രമാണെന്നും അവരെല്ലാം വെറുക്കപ്പെടേണ്ടവരുമാണെന്ന വിശ്വാസം പുരാണത്തിലെ ദേവാസുര ദ്വന്ദങൾക്കു സമമാണ്. പുരാണങ്ങളിലെ നിലപാടുകൾ ഇതു വരെ മാറാതെ പോയത് വിശ്വാസത്തിൽ അതും അന്ധവിശ്വാസത്തിൽ കെട്ടിപ്പടുത്ത വിചാരധാരകൾക്ക് ഇന്നും മുൻതൂക്കം കിട്ടുന്നതുകൊണ്ടാണ്. ആശയസംഹിതകൾ പലതാകാം എന്നും അവ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ഇടച്ചിലുണ്ടാക്കാൻ സാദ്ധ്യമാണെന്നും ചർച്ച ചെയ്താണു സമവായത്തിലേക്കുള്ള വഴിയിൽ എത്തേണ്ടത് എന്നൊന്നും രാഷ്ട്രീയപാർട്ടികൾ തീരുമാനിക്കാറില്ല. എതിർപാർട്ടിയിലുള്ളവർ ശത്രുക്കളാണെന്ന് നേതാക്കന്മാർ അണികളെ വിശ്വസിപ്പിച്ചിരിക്കുന്നത്. ജനാധിപത്യം എന്നതിലെ ‘ആധിപത്യം’ അധികാരമാണെന്നും അത് വിധ്വംസനത്തിലൂടെ നേടേണ്ടതാണെന്നും ഉള്ള തെറ്റിദ്ധാരണ ഉളവാക്കാനും അതുവഴി ഭീതിയുടെ മേൽക്കോയ്മ സ്ഥാപിക്കാനുമാണ് നേതാക്കൾ ശ്രമിക്കുന്നത്. അധികാരം ലഭിയ്ക്കുന്നത് സ്വജനപക്ഷപാതത്തിനാണെന്നുള്ള സത്യം മറയ്ക്കണമെങ്കിൽ ഇത്തരം ക്രൂരപദ്ധതികൾ ആവശ്യമാണ്. ചില യൂറോപ്യൻ രാജ്ജ്യങ്ങളിൽ ഭരണ ഉത്തരവാദിത്തം പ്രതിപക്ഷവുമായി പങ്കിടും എന്ന കാര്യം നമ്മെ സംബന്ധിച്ച് ആലോചിക്കാനേ വയ്യാത്ത കാര്യമാണ്.

വൈകാരികമായി സമീപിക്കുന്ന ജനതയെ അതിൽത്തന്നെ പിടിച്ചിടുന്ന നേതൃത്വം കൃത്യമായി ചിന്തിക്കാൻ കഴിവില്ലാത്തവരെ ആണ് “അണി”കളായി തെരഞ്ഞെടുക്കുന്നത്. പലരും വിലയ്ക്കെടുത്ത ഗുണ്ടാകളാണെന്നത് പരസ്യമായ രഹസ്യം ആണ്. നേതാക്കൾ തീറ്റിപ്പോറ്റുന്ന വംശം. നേതാക്കന്മാരുടെ കുടിലബുദ്ധിക്ക് ഇരയായവരാണിവർ. പഴയ ചാവേറുകളെപ്പോലെ ബുദ്ധിശൂന്യർ. ഈ മൂഢതയാണ് രാഷ്ട്രീയ പകപോലിനു ഉപയുക്തമാക്കുന്നത്. “നേരിട്ടു വെട്ടി മരിച്ചതെങ്കിൽ നാട്ടേയ്ക്കു നല്ലൊരു മാനം തന്നെ“ എന്ന വടക്കൻ പാട്ടു കാലത്താണ് ഇവർ ജീവിക്കുന്നത്, നേതാക്കന്മാരും ഒരു പരിധി വരെ. അനീതിയോട്‌ പടവെട്ടാനുള്ള ഉൽക്കടമായ അമർഷത്തിലൂടെ രൂപപ്പെടുന്ന ഉത്സാഹത്തിമിർപ്പ് കൊണ്ടുളള​ വികാരതളളിച്ചയിൽ നിന്നും ഉന്മൂല സിദ്ധാന്തം ഗ്രസിച്ച നക്സലൈറ്റ് മനോവികാരവുമായി ഇതിനു യാതൊരു ബന്ധവുമില്ല. കൊലപ്പെടുത്തിയവരുടെ എണ്ണത്തിൽ ആരാണ് മുൻപന്തിയിൽ, വെട്ടുകളുടെ എണ്ണത്തിൽ ആരു ജയിച്ചു നിൽക്കുന്നു എന്നിങ്ങനെ ശുദ്ധഭോഷ്ക് അടിസ്ഥാനമാകിയ യുക്തി മാത്രം ബലം നൽകുന്നതിന്റെ പിന്നിൽ നേതാക്കളുടെ സ്പർദ്ധോത്സാഹം തെളിഞ്ഞുവിളങ്ങുന്നു. കൊലപാതകത്തിന്റെ പിന്നിലുള്ള (അ)ധാർമ്മികവശം ആരും ചിന്തിക്കേണ്ടതില്ലെന്നാണ് കണ്ണൂരും ചുറ്റുപാടുകളിലും തൂവിയ കൊലച്ചോരയിൽ തെളിയുന്ന അക്ഷരങ്ങൾ വെളിവാക്കുന്നത്.

ethiran kathiravan, political murder, vishnu ram,

കേരളത്തിലെ ഈ കൊലകൾ, ലോകത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പോലെയല്ല. വെറും കൊലയല്ല, ഭീകരത സൃഷ്ടിക്കുക എന്നത് ഒരു ഉദ്ദേശമാണ്. വാളുകൊണ്ടു വെട്ടുക. ശരീരം തുണ്ടം തുണ്ടമാക്കുക. സാംസ്കാരികമായി നമുക്ക് വെറും മരണം പോരാ. പുരാണപ്രോക്തമായ ദ്വന്ദയുദ്ധം വേണം, രക്തം ചൊരിയണം. മലയാളിയുടെ രഹസ്യവാഞ്ചകളിലെ ചില ഇരുൾ ഇടങ്ങളെ തൃപ്തിപ്പെടുത്തുന്നു ഇത് എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഇതിനു ഒരു അറുതി ഇതുവരെ സാദ്ധ്യമാവാതിരിക്കുന്നത്. മലയാളിയുടെ മനസ്സിൽ സാഡിസ്റ്റ് പ്രവണതകളുണ്ടെന്ന് പണ്ടേ മനഃശാസ്ത്രജ്ഞർ സൂചിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ തോക്കു കൊണ്ടാണെങ്കിൽ എന്ന് സങ്കൽ‌പ്പിച്ചു നോക്കുക. വെറുതെ ഒരാൾ വെടിയേറ്റു മരിച്ചു കിടന്നാൽ അത് വാർത്ത പോലുമായിരിക്കില്ല. അതുകൊണ്ടാണ് ദാരുണമരണങ്ങൾ ഏറുന്നത്. പരസ്യമായിരിക്കണം വെട്ടിക്കീറൽ.- ബസ്സിൽ യാത്രക്കാരുടെ ഇടയ്ക്ക് വച്ചായിരിക്കണം. കെ. വി സുധീഷ് വധംപോലെ അച്ഛനമ്മമാരുടെ മുന്നിലാകണം. ജയകൃഷ്ണൻ വധം പോലെ ക്ലാസിൽ കുട്ടികൾക്ക് മുൻപിൽ വച്ചായാൽ നന്നായി. അമ്മയുടെയോ ഭാര്യയുടേയോ മുൻപിൽ വച്ചും ആകുന്നത് വളരെ മെച്ചം. കൈ മാത്രം വെട്ടിമാറ്റുക, പിന്നീട് ശരീരഭാഗങ്ങൾ ഓരോന്നായി വെട്ടുക ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ അതൊന്നും കൊലപാതകമായി ഗണിക്കപ്പെടുകയില്ല. 51 വെട്ടുകൾ വേണ്ടതേ അല്ല ഒരാളെ കൊല്ലാൻ. വെട്ടിന്റെ എണ്ണവും ദാരുണതയുടെ ആധിക്യവും ഇരു കൂട്ടർക്കർക്കും അത്യാവശ്യം കണക്കെടുത്തു വെയ്ക്കേണ്ടതാണ്. സമൂഹത്തിന്റെ പിന്തുണ ഇല്ലെങ്കിലും രാഷ്ട്രീയത്തിൽ പെരുമാറുന്നവർക്കെല്ലാം പ്രിയങ്കരമാണ് ഈ ദാരുണ അവസ്ഥ സൃഷ്ടിക്കൽ. വരമ്പത്ത് കൂലി എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ആശയസംഹിത അല്ല. ചെറുപ്പക്കാരായ മക്കൾ തുണ്ടം തുണ്ടമായി കിടക്കുന്നത് അച്ഛനമ്മമാർ കാണണം, അതിന്റെ ഭീകരത എന്നും മനസ്സിൽ ഉറച്ചുകിടക്കണം എന്നത് പാർട്ടികളുടെ ഉദ്ദേശം ആയി മാറുന്നത് പ്രചണ്ഡമായ സാഡിസം ജനാധിപത്യത്തിന്റെ ഉൾക്കോണുകളിൽ മുളപൊട്ടുന്നു എന്ന സത്യം ബോധ്യപ്പെടുത്തുന്നതാണ്. ബോംബു നിർമ്മാണത്തിനിടെ അബദ്ധത്തിൽ പൊട്ടി മകന്റെ കൈ നഷ്ടമായെങ്കിൽക്കൂടി ഈ വികലമായ രാഷ്ട്രീയത്തിന്റെ പേരിലുള്ള പകപോക്കൽ അച്ഛനമ്മമാരെ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്നത് മനുഷ്യസഹജമായ യുക്തിയില്ലായ്മയുടെ രൂക്ഷത തെളിയിക്കുന്നു.

എന്നാ‍ൽ, പകപോക്കലിന്റെ അംശം ഈ കരാളദൃശ്യപ്പെടുത്തലിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ സാമാന്യവൽക്കരിക്കാൻ വയ്യ. നേതാക്കന്മാർ ചെല്ലും ചെലവും കൊടുത്ത് നിർത്തിയവരാണ് പല സംഘങ്ങളിലും. അവർക്ക് ഉണ്ണുന്ന ചോറിനോട്‌ നന്ദി കാണിക്കണമെന്നേ ഉള്ളൂ. പല സന്ദർഭങ്ങളിലും മുമ്പേ തീരുമാനിച്ച പടി, കോറിയോഗ്രാഫി ചെയ്തു വച്ചവണ്ണം കലാപം പൊട്ടിപ്പുറപ്പെടും. പ്രത്യയശാസ്ത്രമോ സജീവമാകുന്ന അന്തർധാരകളോ അറിയുന്നവരോ അതിനെക്കുറിച്ച് ആലോചിക്കുന്നവരോ അല്ല ഈ ഘോരനാടകത്തിലെ അഭിനേതാക്കൾ. ഏതുപാർട്ടിയുടെ പിണിയാളുകളാണെങ്കിലും മനുഷ്യച്ചോരയോട്‌ വികൃതാസക്തി ഉത്പ്പന്നമായവരാണിവർ. നേതാക്കളും പോലീസും ഭരണകൂടവും കൂടിച്ചേർന്നുള്ള കളികളിൽ ഇവരിൽ മിക്കവരും രക്ഷപ്പെടുകയുമാണ് ഇന്നോളം നടന്നിട്ടുള്ളത്.

തച്ചോളി ഒതേനനോ ആരോമൽ ചേകവരോ?

മൂപ്പിളമ തർക്കം പരിഹരിയ്ക്കാൻ കോഴിയങ്കം പോരാതെ വരുമ്പോൾ ആളങ്കം പ്രാവർത്തികമാക്കുന്ന അഞ്ഞൂറുകൊല്ലത്തിൽക്കൂടുതൽ പഴക്കമുള്ള ആയോധനാവിദ്യാതീരുമാനമാണ് ആധുനിക ടെക്നോളജി ആദ്യം തന്നെ ആഞ്ഞു പുൽകുന്ന കേരളജനതയുടെ രാഷ്ട്രീയ അടവുകൾ എന്നത് ആശ്ചര്യജനകമാണ്. വാൾ തച്ചോളി ഒതേനന്റെയോ ഉണ്ണിയാർച്ചയുടേയോ ആരോമൽ ചേവകരുടേയോ ആയുധമാണ്, അതിൽനിന്നും ലോകം മുന്നോട്ട് പോയത് ഇവർ അറിയാഞ്ഞിട്ടല്ല.. എന്തു കൊണ്ട് ഈ പിന്തിരിപ്പൻ ചെയ്തി?

ethiran kathiravan, kannur political murder, politial violence, ,
മനുഷ്യത്വരഹിതം, പൈശാചികത്വം, ക്രൂരത എന്നിവയുടെ എളുപ്പമുള്ള പ്രദർശനോപാധി തന്നെ. വെറും തോക്ക് കൊണ്ടു മരിക്കുന്നത് വാർത്തയേ അല്ല നമുക്കും മീഡിയകൾക്കും. മാധ്യമങ്ങൾ ഈ കാടത്തദൃശ്യങ്ങളും വിവരണങ്ങളും അത്യുത്സാഹത്തോടെ യാതൊരു സെൻസർഷിപ്പുമില്ലാതെ പൊതുജനങ്ങളിലേക്ക് പകരുന്നതിൽ ഹരമുള്ളവരാണ്. ലോകത്തൊരിടത്തും കാണാത്ത മാധ്യമപ്രവർത്തനമാണിത്. മലയാളിസൈക്കിൽ ആഴത്തിൽ വേരോടിയിരിക്കുന്ന, രാഷ്ട്രീയസംഘർഷങ്ങൾ തെരുവിൽ വെട്ടിക്കൊന്നാണു തീർക്കേണ്ടത് എന്ന ആശയം മാറിവരാൻ സമയടുക്കും, മാറ്റാൻ ആർക്കും താൽ‌പ്പര്യവുമില്ല.

രാഷ്ട്രീയപ്പാർട്ടികളുടെ ദ്വന്ദയുദ്ധങ്ങളിൽ മാത്രമല്ല ഈ ദാരുണാ‍സക്തി വെളിവാകുന്നത്. മറ്റവന്റെ ആഹാരം എന്താണെന്ന് നോക്കി അതനുസരിച്ച് അവനെ വെട്ടിയും കുത്തിയും തല്ലിച്ചതച്ചും കൊല്ലുന്നതും ഭാരതീയ സംസ്കാരമാണ്. അയൽവീട്ടിലെ അടുക്കളയിൽ പാകം ചെയ്തു വരുന്നത് ഇറച്ചിയോ ഇലക്കറിയോ എന്നത് തീർച്ചപ്പെടുത്തേണ്ടതുണ്ട് പലർക്കും. പശുവിറച്ചിയാണെങ്കിൽ അയൽക്കാരൻ മരിക്കേണ്ടവനാണ്. ഈ കൊലപാതകങ്ങളും തീവ്രവും ഹീനവുമായ മുന്നറിയിപ്പ് എന്നവണ്ണം ഇഞ്ചിഞ്ചായി ജീവനെടുത്തുകൊണ്ടാണ്. രാഷ്ട്രീയത്തിന്റെ ചതിവുകളികളൊലൊന്നു തന്നെ ഇത്.

തോക്ക് വേണ്ടാ? തോക്ക് വേണ്ട

ആയോധനം എന്നത് ഒരു കലയായി വികസിപ്പിച്ചെടുത്തവരുടെ നാടാണ് നമ്മുടേത്. നൃത്തച്ചുവടുകൾ വിന്യസിക്കപ്പെട്ട മാരക അടവുകൾ എതിരാളിയെ ധ്വംസിക്കാൻ നിയുക്തമാക്കുന്ന കളരിപ്പയറ്റ് ധ്വംസനം എന്നത് ഒഴിവാക്കിയ ദൃശ്യവിനോദമാണ്. ഉറുമിയെ മഹത്വവൽക്കരിക്കുന്ന സിനിമ നിർമ്മിച്ചെടുത്ത് അതിൽ പറ്റിയിരിക്കുന്ന വിജയത്തിന്റെ രക്തത്തുള്ളികളെ ആരാധിച്ചവരാണു നമ്മൾ. സമൂഹത്തിന്റെ മുഴുവൻ സ്വത്തും സ്വർണ്ണവും സമാഹരിച്ച് ഉറുമി നിർമ്മിച്ചെടുക്കുന്ന രംഗമുണ്ട് സിനിമയിൽ. വളരെ മൃദുവായ സ്വർണ്ണം ഒരു ആയുധനിർമ്മാണത്തിനും പറ്റിയ ലോഹമല്ല എന്നത് അറിവുണ്ടെങ്കിലും കാൽ‌പ്പനികതാസൃഷ്ടിക്കു വേണ്ടിയുള്ള സൗജന്യമാണിത്. നമ്മുടെ സാംസ്കാരികത്തനിമയിലെ ഒരു ഏകകം ലോഹനിർമ്മിതവും മൂർച്ചയുള്ളതുമായ ഇത്തരം ആയുധങ്ങളാണ്. പടിഞ്ഞാറൻ യാന്ത്രികയുഗത്തിന്റെ സംഭാവനയായ തോക്ക് ഹിംസയ്ക്ക് ഉപയുക്തമാക്കാൻ ഉള്ളിലെ “ഉറുമിത്തം” സമ്മതിക്കുന്നില്ല. അതിരുകടന്ന മതചിന്തയും പുരാണേതിഹാസങ്ങൾ സാഹിത്യകൃതികൾ ആണെന്ന് അറിവില്ലായ്മയും അന്ധവിശ്വാസങ്ങളും പ്രാചീനതയെ നിലനിർത്താൻ സഹായിക്കുന്ന മാനസിക ഘടകങ്ങളാണ്. ഈ മനോനില വിദഗ്ധമായി ചൂഷണം ചെയ്യുകയാണൂ നേതാക്കന്മാർ. തോക്ക് എന്ന ‘അർബൻ സംസ്കാരം’ നമ്മൾ ഏറ്റുപിടിയ്ക്കാതിരിയ്ക്കാൻ ഇത്തരം ഒരുപിടി കാരണങ്ങളുണ്ട്. കൊലപാതകമാണ് ഉദ്ദേശമെങ്കിൽ പെട്ടെന്നു കഥ തീരുന്ന തോക്ക്പ്രയോഗമല്ലേ എളുപ്പം എന്ന ചോദ്യം ഇവിടെ ഇല്ല എന്നതാണ് ഇതിലെ (ക്രൂരമായ) തമാശ. ഒറ്റവെടി-അധികം വേദന അറിയാൻ നേരമില്ല, ചോര ചിന്തലില്ല, രഹസ്യമാണ്, മരണം പെട്ടെന്നാണ് ഇതൊക്കെ തോക്ക് പ്രദാനം ചെയ്യുന്ന ആനുകൂല്യങ്ങളാണ്. എന്നാൽ മലയാളികൾക്ക് ഇത് സ്വീകാര്യമല്ല. അത് സിനിമയിൽ മാത്രം കണ്ട്‌ കോൾമയിർ കൊള്ളാനുള്ളതാണ്. തോക്ക് സിനിമയിൽ മാത്രം സ്ലോ മോഷനിൽ കാണിക്കാനുള്ളത് മാത്രം, ഹോളിവുഡ് അനുകരണം മാത്രം. തമിഴ് സിനിമയിലും ഇത് വളരെ പ്രചലിതമാണ്. കേരളത്തിലോ തമിഴ്നാടിലോ തോക്കുമായി ധീരോദാത്ത നായകർ നടന്നു നീങ്ങാറേ ഇല്ല. തോക്ക് ഇന്നും നമ്മൾ സാംസ്കാരികമായി വർജ്ജിക്കുന്ന ഒന്നാണ്. സിനിമയിലെ രംഗങ്ങൾ അതീവ കൃത്രിമത്തം പേറുന്നതാണ് എന്ന്‌ അറിയാഞ്ഞിട്ടല്ല മലയാളികൾ ഇതുകണ്ട്‌ ആത്മഹർഷം കൊള്ളുന്നത്. തോക്ക് കൊണ്ടു നടക്കുന്നവനും അതുപയോഗിക്കാതെ വില്ലനുമായി അടിപിടി നടത്തും. വെടിവച്ചുള്ള വെറും ചത്തുവീഴൽ പോരാ നമുക്കെന്ന്! വളരെ അപൂർവ്വമായിട്ടല്ലാതെ തോക്ക് ഉപയോഗിച്ചുകൊണ്ടുള്ള കൊലപാതകങ്ങൾ കേരളത്തിൽ നടക്കാറേ ഇല്ല. പോലീസുകാരുടെ തോക്ക് ഉപയോഗവും വിരളമാണ്.

ethiran kathiravan, kannur political violence,, political murder,

എന്നാൽ, ആശയങ്ങളോട് ഇടയുമ്പോൾ മറുചിന്തനശിപ്പിക്കാൻ തോക്ക് ഉപയോഗിക്കുന്നതാണു ഭേദം എന്ന വഴിയിലാണു വടക്കെ ഇന്ത്യയിലെ കാര്യങ്ങൾ, പ്രത്യേകിച്ചും മുംബൈ ഭാഗങ്ങളിൽ. തങ്ങളുടെ ചിന്താഗതിക്ക് അനുസാരിയല്ലാത്ത വിചാരധാരകൾ പേറുന്നവരെ വകവരുത്തുക എന്നതിനു പരസ്യാത്മകത വേണമെന്ന് നിർബ്ബന്ധമില്ല ഇക്കൂട്ടർക്ക്. കൽബുർഗി, ദബോൽക്കർ, പൻസാരേ എന്നിവരെ കൊന്നൊടുക്കിയത് തോക്ക് ഉപയോഗിച്ചു തന്നെ. ഇവിടെ പക എന്നത് അപ്രത്യക്ഷ്യമായിരിക്കുകയും ഒരു മനുഷ്യനെ പകരംവീട്ടലിനു വേണ്ടി ഇല്ലാതാക്കുകയും ചെയ്യുക എന്നതിൽ നിന്നും വേറിട്ട് അവരുടെ ജനസ്വാധീനത്തെ ഇല്ലാതാക്കുക എന്നതാണു ഉദ്ദേശം. അതുകൊണ്ട് കരാളതയുടെ സാംഗത്യം ഇല്ലാതാകുകയാണ്. എന്നാൽ സഫ്ദർ ഹാഷ്മിയെ കൊല്ലാൻ ഇരുമ്പുവടിപ്രയോഗം തന്നെ വേണ്ടി വന്നു, പകയുടെ കനൽ എരിഞ്ഞുതീരാൻ തോക്ക് പോരാ ചിലപ്പോൾ.

പതിനഞ്ചാം നൂറ്റാണ്ടിൽ നിന്നും ഒരിഞ്ചു മുന്നോട്ടു പോകാത്ത മലയാളി (ആധുനിക ടെക്നോളജി വിനിയോഗത്തിൽ കേരളം മുൻപന്തിയിലാണെന്ന് ഓർക്കുക. എന്തൊരു ഐറണി!) തോക്ക് ഉപയോഗിച്ചു തുടങ്ങിയാലോ? അണികളുടെ കയ്യിൽ നേതാക്കൾ തോക്ക് കൊടുത്തു വിട്ടാലോ? അതിൽ പരിശീലനവും നൽകിയാലോ? ഒന്നാമതായി ഭീകരത ഇല്ലാതാകും. അത് രണ്ടു കൂട്ടർക്കും മാത്രമല്ല ടെലിവിഷൻ-പത്രമാധ്യമങ്ങൾക്കും സംതൃപ്തി ഇല്ലാതാക്കും. പകരംവീട്ടൽ എന്ന മാനസികപ്രക്രിയയ്ക്ക് ആക്കം കിട്ടാതെ പോകും. പൊതുജനങ്ങളുടെ ദൃശ്യസംതൃപ്തി ഇല്ലാതാകുന്നു ഇതോടെ. സമീപഭാവിയിലെങ്ങും അണികളുടെ കയ്യിൽ തോക്ക് കൊടുക്കും എന്ന് തോന്നുന്നില്ല. ഒളിപ്പിക്കാൻ എളുപ്പവും പ്രയോഗിക്കാൻ ലാഘവമാർന്നതുമായ ഈ ആയുധത്തെ നേതാക്കന്മാർക്കും പേടി ആയിരിക്കണം. കാരണം നിരാശനായ ഒരു അണി/അംഗം നേതാവിനു നേരേ എളുപ്പം ചൂണ്ടിയേക്കാം ഈ ചെറു ആയുധം. അത് രഹസ്യമായി ചെയ്തു തീർക്കാവുന്നതുമാണ്. നേതാക്കൾക്ക് കരുതലുണ്ട്, ചെന്നൈ എയർപോർട്ടിൽ വച്ച് ഒരു പ്രമുഖനേതാവിന്റെ ബാഗിൽ നിന്ന് വെടിയുണ്ട പിടിച്ചെടുത്ത സംഭവം ഈ മുൻകരുതലിനെ സൂചിപ്പിക്കുന്നു.

ദാരുണഹത്യയുടെ പരസ്യസ്വഭാവം ഇല്ലാതാകുന്നത് അതിന്റെ ഉദ്ദേശത്തെ തന്നെ ചോദ്യം ചെയ്യുന്നതാ‍ണ്. ഇരുളിന്റെ മറവിൽ ഒറ്റവെടിയിൽ അമരുന്ന മറുപക്ഷക്കാരന്റെ ജീവൻ, പിറ്റേന്ന് വഴിയരികിൽ കാണപ്പെടുന്ന മൃതദേഹം- ഇതിലെന്ത് നാടകീയത? ഇതിലെന്ത് ന്യൂസ് വാല്യൂ? പത്രത്തിലെ പ്രാദേശിക പേജിൽ വരുന്ന വാർത്തയല്ലേ ഇത്? ഇതുകൊണ്ട് പൊതുജനം സ്വന്തം ചേരിയുടെ മേധാവിത്തം അംഗീകരിക്കുമോ? വെട്ടുകളുടെ എണ്ണത്തെ പരിതപിച്ച് കവിതകളെഴുതി അതിനു കാൽ‌പ്പനികത്വം നൽകാനാവുമോ? വാളും തോക്കും തമ്മിലുള്ള സാംസ്കാരികവ്യത്യാസം ഈ ചോദ്യങ്ങളുടെ ഉത്തരത്തിൽ തെളിയും.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: The choreography of political killings ethiran kathiravan