scorecardresearch
Latest News

പ്രസാർഭാരതിയുടെ സ്വയംഭരണ വാഗ്ദാനം എന്ന വെള്ളത്തിൽ വരച്ച വര

2014-ൽ ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ, ഇന്ത്യയുടെ പൊതു മേഖല സംപ്രേഷണ സ്ഥാപനം സ്വതന്ത്രമാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് “ആ വഴിക്ക്” പോയതായി തോന്നുന്നു.” സ്വതന്ത്ര മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ രാജേഷ് ജോഷി പ്രസാർ ഭാരതിയുടെ സ്വയംഭരണവകാശത്തെ കുറിച്ച് എഴുതുന്നു

Prasar Bharati, Doordarshan

ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2014 മെയ് മാസത്തിൽ അധികാരത്തിൽ വന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, അന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കർ, ഇന്ത്യയുടെ പൊതു മേഖല ബ്രോഡ്കാസ്റ്ററിന് പൂർണ്ണ സ്വയംഭരണാവകാശം ഉറപ്പാക്കുമെന്ന വാഗ്ദാനം നൽകി.

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബി ബി സി) മാതൃകയിൽ പ്രസാർ ഭാരതിയെ പുനഃസംഘടിപ്പിക്കുമെന്ന് കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ ജാവദേക്കർ പറഞ്ഞു. ഭരണപരമായ കാര്യങ്ങളിൽ മാത്രമായിരിക്കില്ല, എഡിറ്റോറിയൽ സ്വാതന്ത്ര്യം, പാർലമെന്ററി ഉത്തരവാദിത്തം, സ്ഥാപനത്തിലെ മാനവവിഭവശേഷിയുടെ നിയന്ത്രണം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. സർക്കാർ നിയന്ത്രണത്തിലുള്ള ബ്രോഡ്കാസറ്റിങ് സ്ഥാപനത്തെ “സർക്കാർ കാര്യമായി” മാത്രം ചുരുക്കില്ലെന്ന് അദ്ദേഹം പൊതുസമൂഹത്തിന് ഉറപ്പ് നൽകി.

ജാവേദക്കറുടെ ഈ പ്രഖ്യാപനത്തിന് ശേഷം യമുനയിലൂടെ ധാരാളം വെള്ളം ഒഴുകി, എല്ലാവരും ജാവദേക്കറുടെ വാഗ്ദാനത്തെക്കുറിച്ച് മറന്നതായി തോന്നുന്നു.

പ്രസാർ ഭാരതിയെ ബിബിസി പോലെ ശക്തവും സ്വതന്ത്രവുമായ പൊതു മേഖലാ സംപ്രേഷണ സംവിധാനം ആക്കുക എന്നത് ഗൗരവത്തോടെയായിരുന്നോ സർക്കാർ പറഞ്ഞത്? ബാഹ്യ ഇടപെലുകളുകളിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ നിയമ ചട്ടക്കൂടിന്റെ അഭാവത്തിൽ ഒരു പൊതുമേഖലാ ബ്രോഡ്കാസ്റ്ററിന്റെ സ്വയംഭരണത്തിൽ എന്തെങ്കിലും അർത്ഥമുണ്ടോ? എന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം. അതോ നേരിട്ടുള്ള ഇടപെടലുകളും സമ്മർദ്ദം ചെലുത്തലും ആരോപിക്കപ്പെടാതിരിക്കാനായി രാഷ്ട്രീയക്കാരുണ്ടാക്കുന്ന വെറും പുകമറയാണോ?

പ്രസാർ ഭാരതിയുടെ സ്വയംഭരണാവകാശമെന്നത് നിയമം ഉറപ്പുനൽകുന്ന ഒന്നാണ്. വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഫ്രണ്ട് സർക്കാർ 1990-ൽ സർക്കാർ നിയന്ത്രണമില്ലാതെ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ സ്ഥാപിക്കാൻ നിയമം കൊണ്ടുവന്നു. നിയമം നടപ്പിലാക്കാൻ നീണ്ട ഏഴ് വർഷമെടുത്തു. അതിന്റെ സ്വയംഭരണവും എഡിറ്റോറിയൽ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനെ കുറിച്ച് രാഷ്ട്രീയക്കാർ അധരവ്യായാമം നടത്തുന്നുവെന്നതല്ലാതെ ഈ സംവിധാനത്തെ ഇതുവരെ സർക്കാർ നിഴലിൽ നിന്നും പുറത്തുവരാൻ അനുവദിച്ചിട്ടില്ല. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, പ്രസാർ ഭാരതിയുടെ ഭരണം നടത്തുന്നത് അതിന്റെ ബ്രോഡ്കാസ്റ്റ് വിങ്ങാണ്, അത് “ഓൾ ഇന്ത്യ റേഡിയോയുടെയും ദൂരദർശന്റെയും കാര്യങ്ങൾ ശ്രദ്ധിക്കുന്നു.”

പ്രസാർ ഭാരതി നിയമം (1990) പൊതുമേഖലാ ബ്രോഡ്കാസ്റ്ററിന് “നിർദ്ദേശങ്ങൾ” നൽകാൻ പോലും കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നു. വിരോധാഭാസമെന്നു പറയട്ടെ, സ്വയംഭരണാവകാശം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ ആശയങ്ങൾ പലപ്പോഴും ചവിട്ടിമെതിക്കപ്പെടുന്നത് അവ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവർ തന്നെയാണ്. ഭൂരിപക്ഷം കേസുകളിലും, സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുപകരം, ഈ സംവിധാനങ്ങളുടെ ചുമതലക്കാർ അവരുടെ നിയമന അധികാരകളുടെ, അതായത് സർക്കാരിന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നു.

പ്രായോഗികമായി, പൊതുമേഖലയിലെ ബ്രോഡ്കാസ്റ്റർ – അതിന്റെ സ്വയംഭരണം നിയമത്താൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും – സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. രാഷ്ട്രീയക്കാർ ഗവൺമെന്റ് ബ്യൂറോക്രസിയോട് പെരുമാറുന്നത് പോലെ തന്നെയാണ് സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരികളോടും പെരുമാറുന്നത്.

“നിയമപ്രകാരമുള്ള സ്വാതന്ത്ര്യം എന്നത് യഥാർത്ഥ സ്വാതന്ത്ര്യത്തിന് ഒരു ഉറപ്പും നൽകുന്നില്ല” എന്നായിരുന്നു ലോകമെമ്പാടുമുള്ള 36 പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററുകളുടെ പ്രവർത്തനത്തെ കുറിച്ച് പഠിച്ച അക്കാദമിക്കായ ക്രിസ് ഹാൻറെറ്റി നിരീക്ഷിച്ചത്. പ്രസാർ ഭാരതി നിയമപരമായി സ്വതന്ത്രമാണ് എന്നതിൽ സംശയമില്ല, എന്നാൽ ഇത് യഥാർത്ഥത്തിൽ സ്വതന്ത്രമാണോ?

സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദത്തിന് മുന്നിൽ നീതി നിർവഹിക്കുവാൻ മടിക്കുമെന്ന് പ്രസാർ ഭാരതി നിയമത്തിന്റെ ശിൽപ്പികൾക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവർ ബ്രോഡ്കാസ്റ്ററിന് സ്വന്തമായി റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തിയത്. അതിനാൽ പ്രോഗ്രാമിങ്ങിലോ സാങ്കേതിക വശത്തോ നിയമനങ്ങളിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല.

എന്നിരുന്നാലും, പ്രസാർ ഭാരതിയുടെ സ്വന്തം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും 2020 ജൂലൈ വരെ മോദി സർക്കാർ ഈ സംവിധാനം നടപ്പിലാക്കിയിരുന്നില്ല. മുതിർന്ന പത്രപ്രവർത്തകൻ ജഗദീഷ് ഉപാസനയെ ചെയർമാനായി നിയമിച്ചു. എന്നാൽ ഒളിഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: ഉപാസനയ്ക്ക് ആർഎസ്എസ്-അനുബന്ധ സംഘടനകളുമായി നേരിട്ട് ബന്ധമുണ്ട്. ആർഎസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യ, ഓർഗനൈസർ എന്നിവയുടെ പ്രസിദ്ധീകരണത്തിന്റെ ചുമതലയുള്ള ഭാരത് പ്രകാശന്റെ തലവനാണ് അദ്ദേഹം.

നരേന്ദ്ര മോദി രാജ്യത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു സ്വയംഭരണ സ്ഥാപനം എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ ഉജ്ജ്വല ഉദാഹരണമായി രുന്നു പ്രസാർ ഭാരതി എന്നൊന്നും പറയാനാവില്ല. രാജീവ് ഗാന്ധിയുടെ കാലത്ത്, ദൂരദർശൻ “രാജീവ് ദർശൻ” എന്ന് പരിഹസിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് മുമ്പ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കും സർക്കാർ മാധ്യമങ്ങളിൽ നിയന്ത്രണം ഉണ്ടായിരന്നു.

പൊതുമേഖലയിലെ മാധ്യമങ്ങളുടെ (പബ്ലിക് ബ്രോഡ്കാസ്റ്റർ) കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ശൈലി നിലനിൽക്കുന്നതിനുള്ള കാരണങ്ങളിൽ കോൺഗ്രസിന് തുല്യ ഉത്തരവാദിത്തമുണ്ട്. ദൂരദർശന്റെ എഡിറ്റോറിയൽ തീരുമാനങ്ങൾ എടുക്കുന്നതിൽ യുപിഎ സർക്കാർ നേരിട്ട് ഇടപെട്ടുവെന്നതിന് ഉദാഹരണമായി പറയപ്പെടുന്നത് 2014 ലെ സംഭവമാണ്. അന്ന്, ഏപ്രിലിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് മോദിയുടെ അഭിമുഖത്തിന്റെ വലിയ ഭാഗങ്ങൾ എഡിറ്റ് ചെയ്തു എന്ന ആരോപണമാണ് ഉയർന്നത്.

ഈ പശ്ചാത്തലത്തിൽ, സർക്കാർ, രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് പ്രസാർ ഭാരതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ജാവദേക്കറുടെ പ്രസ്താവനകൾ വളരെ പ്രതീക്ഷ നൽകുന്നതായി തോന്നി. മോദിയുടെ അഭിമുഖത്തിന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ ഒരു കോൺഗ്രസ് നേതാവിന്റെ അഭിമുഖത്തിൽ പോലും സംഭവിക്കില്ലെന്ന് അദ്ദേഹം ഥാപ്പറിന് ഉറപ്പുനൽകി. എന്നിരുന്നാലും, ആ മനഃസുഖം അൽപ്പായുസ്സാണെന്ന് ബോധ്യമായി.

ഇത് ഉദാഹരണായി എടുക്കാം: ജാവദേക്കറുടെ ഈ പ്രഖ്യാപനം കഴിഞ്ഞ് നാല് മാസങ്ങൾക്ക് ശേഷം, ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗം നാഗ്പൂരിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്ത നടപടി പ്രസാർ ഭാരതി കടുത്ത വിമർശനത്തിന് വിധേയമായി.

ഭരിക്കുന്ന ബി ജെ പിയുടെ പ്രത്യയശാസ്ത്ര കേന്ദ്രത്തിന് പൊതുമേഖലാ സംരഭത്തിലെ ദേശീയ ബ്രോഡ്കാസ്റ്റിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുമെന്നതിന്റെ ആദ്യ സൂചനകളിലൊന്നായിരുന്നു അത്. ത്രിപുരയിൽ സി പി എം നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ മുഖ്യമന്ത്രിയായ മണിക് സർക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം അട്ടിമറിക്കാൻ ദൂരദർശൻ ഉദ്യോഗസ്ഥർ നടത്തിയ ഈ ശ്രമത്തിലൂടെ – ഭരണഘടനാപരമായ അധികാരമോ പദവിയോ ഇല്ലാത്ത ഒരു സ്വകാര്യ വ്യക്തി – ഭാഗവത് ആസ്വദിച്ച പദവി ഇപ്പോൾ ചേർത്ത് വായിക്കുക. തന്റെ പ്രസംഗം “മാറ്റിയെഴുതാതതെ” സംപ്രേഷണം ചെയ്യില്ലെന്ന് അവസാന നിമിഷം പ്രസാർ ഭാരതി അധികൃതർ തനിക്ക് കത്തെഴുതിയതായി മണിക് സർക്കാർ ആരോപിച്ചു.

എഴുത്തുകാരനും അക്കാദമിക്കുമായ ആന്റണി സ്മിത്ത് സ്‌റ്റേറ്റും ബ്രോഡ്‌കാസ്റ്ററും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ ഏറെ ശ്രദ്ധേയമായ പഠനത്തിൽ, സ്വയംഭരണം എന്ന ആശയത്തിന്റെ ദുർബലതയെ ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു ബ്രോഡ്കാസ്റ്റ് സ്ഥാപനത്തിന്റെ സ്വയംഭരണാധികാരം എന്നത് അതിലോലമായൊരു പുഷ്പമാണ്, സങ്കോചത്തോടെ നട്ടുപിടിപ്പിച്ച, ആർദ്രമായി വളർത്തിയെടുക്കുകയും വേരുകളാൽ എളുപ്പത്തിൽ പറിച്ചെടുക്കുകയും ചെയ്യുന്നു.” തീർച്ചയായും, രാജീവ് ഗാന്ധിയുടെ മുഖമായിരുന്ന ദൂരദർശന്റെ പ്രതിച്ഛായ മാറ്റാൻ വി പി സിങ് സങ്കോചത്തോടെയാണെങ്കിലും അതിലോലമായ ആ പുഷ്പം നട്ടുപിടിപ്പിച്ചു. പക്ഷേ, മാറിമാറി വന്ന ഗവൺമെന്റുകൾ ആ പൂവിന്റെ വേരറുക്കാൻ പുസ്തകത്തിലെ എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചു.

മറുവശത്ത്, ബിബിസിക്ക് കൺസർവേറ്റീവ്, ലേബർ ഗവൺമെന്റുകളുമായി കയ്പേറിയ അഭിപ്രായ ഭിന്നതകളുടെ നീണ്ട പട്ടികയുണ്ട്, എന്നാൽ അവരുടെ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ അതിന്റെ മേധാവികൾക്ക് ശ്രദ്ധേയമായ റെക്കോർഡുണ്ട്. ബിബിസിക്ക് അതിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നതിന്റെ ഒരു കാരണം അതിന്റെ ഘടനാപരമായ സംവിധാനത്തിലാണ്.

ബ്രിട്ടീഷ് പാർലമെന്റിൽ നിന്നല്ല, ഒരു രാജകീയ ചാർട്ടറിൽ നിന്നാണ് ഭരണഘടനാപരമായ ഉത്തരവിറക്കുന്നത്. റോയൽ ചാർട്ടർ ബിബിസി മാനേജർമാരുടെ റോളുകളും അധികാരങ്ങളും നിർവചിക്കുന്നു. ബിബിസിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും “സർക്കാരിലെ മന്ത്രിമാരിൽ നിന്നോ മറ്റേതെങ്കിലും വ്യക്തിയിൽ നിന്നോ നിർദ്ദേശങ്ങൾ തേടുകയോ സ്വീകരിക്കുകയോ ചെയ്യരുത്” എന്ന് ചാർട്ടർ ബോർഡ് അംഗങ്ങളോട് വ്യക്തമായി നിർദ്ദേശിക്കുന്നു.

പ്രസാർ ഭാരതിയെ ബിബിസിക്ക് സമാനമായി പുനഃസംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ജാവദേക്കർ, റോയൽ ചാർട്ടറിനെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ബിബിസി മേധാവികൾ ഏതാണ്ട് മതപരമായ പ്രതിജ്ഞ പോലെ നിഷ്പക്ഷതയുടെ നിയമം പിന്തുടരുന്നു. ബിബിസിയുടെ മുൻ ഡയറക്ടർ ജനറൽ, ഹ്യൂ ഗ്രീൻ, 1969-ൽ എഴുതി, യഥാർത്ഥ സ്വാതന്ത്ര്യമില്ലാതെ, “സത്യം, കൃത്യത, നിഷ്പക്ഷത എന്നിവയുടെ ഉന്നത നിലവാരം നിലനിർത്താൻ ഏതൊരു ബ്രോഡ്കാസ്റ്റർക്കും ബുദ്ധിമുട്ടാണ്. നേരെമറിച്ച്, തീർച്ചയായും, ഈ കാര്യങ്ങളോട്- സത്യം, കൃത്യത, നിഷ്പക്ഷത – ബഹുമാനമില്ലാത്ത ഏതൊരു ബ്രോഡ്കാസ്റ്റ് സ്ഥാപനത്തെയും യഥാർത്ഥത്തിൽ സ്വതന്ത്രമെന്ന് അംഗീകരിക്കാനും പൊതുവെ വിശ്വസിക്കാനും പ്രയാസമാണ്.

നിഷ്പക്ഷതയെ ഭ്രാന്തമായ തലത്തിലേക്ക് കൊണ്ടുപോകുന്നതിന് ബിബിസി പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. 1982-ൽ അർജന്റീനയും യുകെയും തമ്മിലുള്ള ഫോക്ക്‌ലാൻഡ് യുദ്ധസമയത്ത്, പോരാടുന്ന സൈന്യങ്ങളെ “നമ്മുടെ സേന”, “ശത്രുസേന” എന്നിവയിൽ നിന്ന് വ്യത്യസ്തമായി “ബ്രിട്ടീഷ് സേന,” “അർജന്റീനിയൻ സേന” എന്നിങ്ങനെ ഉറച്ച നിലപാടോടെ ബി ബി സി വിശേഷിപ്പിച്ചു. ബിബിസി “ശത്രുക്കളെ സഹായിക്കുന്നു” എന്ന പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ കുറ്റപ്പെടുത്തൽ ഏറെ പ്രശസ്തമാണ്.

ഗവൺമെന്റ് നയത്തിന് വിരുദ്ധമായി തികച്ചും സ്വതന്ത്രമായ ഒരു എഡിറ്റോറിയൽ ലൈൻ സ്വീകരിക്കാൻ പ്രസാർ ഭാരതിയെ അനുവദിക്കുന്ന സാഹചര്യം ഇന്ത്യയിൽ നമുക്ക് സങ്കൽപ്പിക്കാനാകുമോ?

  • ഡൽഹി ആസ്ഥാനമായുള്ള സ്വതന്ത്ര പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് രാജേഷ് ജോഷി. ലണ്ടനിലും ഡൽഹിയിലും ബിബിസി വേൾഡ് സർവീസിൽ ജോലി ചെയ്തിരുന്നു

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: The broken promise of prasar bharati