കുറെ ദിവസങ്ങളായി വിപ്ലവ ജനകീയകവി എന്നറയിപ്പെടുന്ന ഗദ്ദർ എന്തോ മഹാപരാധം ചെയ്തു എന്ന അർത്ഥത്തിൽ  മലയാളി  ബുദ്ധിജീവികളുടെ പോസ്റ്റുകൾ കാണുന്നു. അവരുടെ വെപ്രാളം കാണുമ്പോൾ അവർ കാത്തിരിക്കുന്ന ഏതോ ഒരു വിപ്ളവത്തിന് എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തോന്നും. ആ തോന്നൽ തന്നെയാണ് അവരുടെ കാൽപനികതയും യാഥാർത്ഥ്യവും തമ്മിലുളള വ്യത്യാസം. ഗദ്ദർ ജനങ്ങൾക്കിടിയിൽ ജീവിക്കുന്ന മനുഷ്യനാണ്. കവിയാണ്. അതിനുപരി, അദ്ദേഹം സ്വയം ഒരു വിപ്ലവമാണ്. മലയാളിയുടെ കാൽപ്പനിക വാക്‌വിപ്ളവത്തിന് പുറത്താണ് ഗദ്ദർ തന്റെ വിപ്ലവം സൃഷ്ടിക്കുന്നത്. അത് മനസ്സിലാകുകയെന്നത് സൈദ്ധാന്തിക വിശ്വസ, അവിശ്വാസ കാൽപ്പനികതയിൽ ഉറഞ്ഞ,​അല്ലെങ്കിൽ അധികാരത്തിന്റെ വ്യവസ്ഥകളോട് സന്ധി ചെയ്ത മലയാളി ബുദ്ധിജീവിതങ്ങൾക്കു മനസ്സിലാകില്ല. കാരണം. ഗദ്ദറിന്റെ കാലുകൾ മണ്ണിലാഴ്ന്നു നിൽക്കുന്നതാണ്. ജൈവ ജീവിതമാണ് ഗദ്ദർ. അതുകൊണ്ടാണ് നമ്മൾ മലയാളി ബുദ്ധിക്ക് ഗദ്ദർ അപരാധം ചെയ്തു എന്ന് തോന്നുന്നത്. എന്തിന് ഗദ്ദറിനെ അന്വേഷിക്കണം ജോയിയേട്ടനെ (ടി എൻ ജോയി നജ്മൽ ബാബു) പോലും മനസ്സിലാക്കാൻ നമ്മുക്കായിട്ടില്ലല്ലോ.പിന്നല്ലെ ഗദ്ദറിനെ എന്ന് ആശ്വസിക്കാം.

gaddar, poet, revolution,maoist
എന്നാലും ഫെയ്സ്ബുക്ക് പോസ്റ്റുകളും അല്ലാതെയുളള എഴുത്തുകളും സംഭാഷണങ്ങളുമെല്ലാം ഗദ്ദറിന വിമർശിച്ച് ഉയർന്ന സാഹചര്യത്തിൽ ചില കാര്യങ്ങൾ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. എഴുത്തുകാരനല്ലാത്ത എനിക്ക് എഴുതാതെ വയ്യ, അല്ലെങ്കിൽ വെറുതെ മലയാളി ബുദ്ധിയുടെ പരദൂഷണത്തിന് ഗദ്ദർ​എന്ന ജൈവജീവിതം ഇരയാകുമ്പോൾ ആ ജീവിതം നേരിട്ടു കണ്ടിട്ടും അതിനെതിരെ ഒരു വാക്കുപോലും മിണ്ടാതിരുന്നതിന് ചരിത്രം കുറ്റക്കാരനെന്ന് വിധിക്കും. അതുകൊണ്ട് മാത്രം. വളരെ ചുരുക്കി ചില കാര്യങ്ങൾ.
സുഹൃത്തുക്കളെ. അദ്ദേഹം, ഗദ്ദർ ഇങ്ങനെയാണ്, അമ്പലങ്ങളിൽ പോകും, ദർഗകളിൽ പടി കയറി നിസ്ക്കാരിക്കുകയും ചെയ്യും .ഗാന്ധിജിയെപ്പോലെ അർദ്ധ നഗ്നൻ, യോഗദണ്ഡിൽ ചെങ്കൊടി, കാലിൽ ചിലങ്ക, നെറ്റിയിൽ കുങ്കുമം.അതിന്നലെ വന്ന വാർത്തിയല്ല, എത്രയോ നാളുകളായി അതാണ് ഗദ്ദർ.
എവിടെപോയാലും എങ്ങനെ പോയാലും പതിനായിരങ്ങൾ അദ്ദേഹത്തെ കാത്തിരിക്കും. ഗദ്ദർ വരുന്നു എന്ന് പറഞ്ഞാൽ തെലുങ്കാനയിലെ ഗ്രാമങ്ങൾ സടകുടഞ്ഞെഴുന്നേൽക്കുന്നത് പലതവണ നേരിൽ കണ്ട ആളാണ് ഞാൻ.ഗദ്ദറിനൊപ്പം തിരമാലകളെ പോലെ ഇളകിയെത്തുന്ന ഗ്രാമങ്ങളെ കണ്ടിട്ടുണ്ട്. കാറ്റുപോലെ സർവചരാചരത്തെയും തൊട്ടുതഴുകിയൊഴുകും ഗദ്ദർ. അത് കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. പലതവണ. വിപ്ലവസ്വപ്നങ്ങളെല്ലാം അട്ടത്ത് വച്ച് (പറണത്ത് വച്ച്) ജീവിക്കുന്ന ഒരുവനായിട്ടുകൂടി ഗദ്ദർ എന്നിൽ, എന്നിലെ മനുഷ്യനെ ഉണർത്തി. എന്നെ മാത്രമല്ല, ആ മനുഷ്യൻ ഒഴുകിയെത്തിയിടങ്ങളിലെല്ലാം എല്ലാം ഉണർന്നു. ചിലതെല്ലാം വിറച്ചു.ചിലതെല്ലാംവീണു. വെറുംവാക്കല്ല, ചരിത്രവും  അനുഭവവുമാണ്.

gaddar, naxalbari, kondapally. cpm,
തെലുങ്കാനയിലെ സാധാരണക്കാരൻ മഴയ്ക്ക് വേണ്ടി തവളകളോട് പ്രാർത്ഥിക്കുന്പോൾ മാർക്സിസം ഒരു സെമറ്റിക് മതം പോലെ ഗദ്ദർ കൊണ്ടുനടക്കില്ല.അതാണ് യാഥാർത്ഥ്യം. വെള്ളത്തിൽ മീൻ എന്നപോലെയാണ് ഗദ്ദർ, ജനങ്ങളോടെ ഇടയിലാണ് അദ്ദേഹം ഒഴുകുന്നത് . അതിനാൽ ഗദ്ദറിനെ സംബന്ധിച്ചടത്തോളം മാവോയിസവും കമ്മ്യൂണിസവുമെല്ലാം ജനപക്ഷരാഷ്ടീയത്തിന്റെ തുടർച്ചയാണ്. അല്ലാതെ നമ്മൾ മലയാളികൾ ഇഷ്ടാനിഷ്ടം പോലെ തിരിച്ചും മറിച്ചും പ്രയോഗിക്കുന്ന വെളളം കയറാത്ത സിദ്ധാന്തങ്ങളുടെ അറകളല്ല.
തെലുങ്കാനയിലെ ടി.ആർ.എസ് സർക്കാരിനും ബി ജെ പിക്കും എതിരെ ജനകീയസമരങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് മേഖലകളിൽ നിന്ന് കഴിഞ്ഞമാസം സി പി എം കാൽ നട ജാഥകളൂം റാലിയും സംഘടിപ്പിക്കുകയുണ്ടായി. ഈ മാർക്സിസ്റ്റ് – അംബേദ്ക്ക്റിസ്റ്റ് സ്വപ്നത്തിന് ഗദ്ദറും ഒരു കൂട്ടാളി ആയിരുന്നു. പിണറായി വിജയന്റെ ഹൈദരാബാദ് യോഗത്തിൽ ജനം കൂടിയത് ഗദ്ദരെ കാണാനും കേൾക്കാനും കൂടി ആയിരുന്നു. അതിനാലാണ് സി.പി.എം തെലുങ്കാന സംസ്ഥാനകമ്മറ്റി അംഗമായ പ്രഭാകർ റെഡ്ഡി പറയുന്നത് ” ഗദ്ദർ ഒരു സ്വയം നിർമ്മിതനായ കമ്മ്യൂണിസ്റ്റ് ആണ്,അയാൾക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെ കൂടെയും അയാൾ നിൽക്കും.” മാവോയിസ്റ്റുകളിൽ ‘കൊണ്ടപള്ളി’ ക്കാലം കഴിഞ്ഞപ്പോൾ അദ്ദേഹം ആ മാർഗ്ഗം ഉപേക്ഷിച്ചു.”  ഗദ്ദറിന്റെ “ആത്മീയത” കേരളത്തിൽ ചർച്ചാവിഷയമാണെന്ന് ഞാൻ റെഡ്ഡി സഖാവിനോട് പറഞ്ഞപ്പോൾ ‘ലോകം തിരിയാത്ത’ ഗദ്ദറിനെ അറിയാത്ത ഏതോ ഒരു പത്രറിപ്പോർട്ട് നിങ്ങൾ കേരളക്കാരെ ഇങ്ങനെ ആഘോഷിക്കൂ” എന്ന് പറഞ്ഞു അദ്ദേഹം ചിരിച്ചു.

gaddar, poet, naxalite, maoist, cpm,
ഗദ്ദറുടെ ജീവചരിത്രം തെലുങ്കിൽ തയ്യാറക്കുന്ന തിരക്കിലാണ് ‘ഈ നാട്’ പത്രത്തിലെ എന്റെ സുഹൃത്ത് ഭിക്ഷാപതി. കേരളത്തിൽ പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹത്തോട് പറഞ്ഞപ്പോൾ പൊട്ടിചിരിച്ചു ആ മാധ്യമപ്രവർത്തക സുഹൃത്തിന്റെ മറുപടി.​ ഈ രണ്ട് ചിരികളിൽ തീർന്നുപോകുന്നതേയുളളൂ മലയാളി ബുദ്ധിയെന്ന് തോന്നുന്നു.
ഗദ്ദർ എന്ന പേരിൽ അറിയപ്പെടുന്ന ഈ മനുഷ്യന്റെ യഥാർത്ഥ പേര് ഗുമ്മാഡി വിത്തൽ റാവു എന്നാണ്. ഒരു ദളിത് കുടുംബത്തിൽ 1949- ൽ ജനനം, ഹൈദരാബാദ് റീജിയണൽ എഞ്ചിനിയറിങ്ങ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം. വിദ്യാർത്ഥി ജീവിതത്തിൽ തന്നെ ‘മഹാത്മാ ഗാന്ധി’ എന്ന നാടക ട്രൂപ്പ് രൂപികരിച്ച് ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങളെ ജനസമക്ഷം കൊണ്ടുവന്നു. 1975- മുതൽ 84 വരെ കാനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 84-ൽ ആ ജോലി രാജിവെച്ചു. ‘ജനനാട്യ മണ്ഡലി’ എന്ന സംഘടനയിലൂടെ, ദളിതർ-ആദിവാസികൾ-ഭൂ രഹിതർ എന്നിവർ നേരിടുന്ന പോലീസ് പൊലീസ് അതിക്രമം ഉൾപ്പെടെയുള്ള വിഷയങ്ങൾ , തെലുങ്കാനയുടെ ഫോക് ലോർ പാരമ്പര്യത്തിൽ ഊന്നിനിന്ന് ഇദ്ദേഹം ജനസമക്ഷം ചർച്ചാവിഷയമാക്കി.

gaddar, maoism, trs,cpm, poet
ഗദ്ദർ പീപ്പിൾസ് വാറിന്റെ പ്രവർത്തകനാകുന്നതും ഈ ഒരു രാഷ്ടീയത്തിന്റെ തുടർച്ചയായി മാത്രമാണ്. 1997- ഏപ്രിൽ രണ്ടിനാണ് ഗദ്ദറിനെതിരെ പോലീസ് വധശ്രമം നടത്തുന്നത്. നെഞ്ചിൽ തറച്ച മൂന്ന് ബുള്ളറ്റുകളിൽ രണ്ടെണ്ണം മാത്രം നീക്കം ചെയ്തു. അപകടകരമായ ഒന്ന് ഇപ്പോഴും അവിടെ കിടക്കുന്നു.
ഗദ്ദറിന് ഒരു ക്ഷണം ഉണ്ടായിരുന്നു കഴിഞ്ഞവർഷം , വാറങ്കൽ ലോകസഭാ സീറ്റിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ, ക്ഷണിച്ചത് പത്ത് ഇടത് പക്ഷ പാർട്ടികളുടെ സഖ്യമാണ്.പിന്നീട് ആ ക്ഷണം അറിഞ്ഞപ്പോൾ ഗദ്ദർ അണ് സ്ഥാനർത്ഥിയെങ്കിൽ കോൺഗ്രസ്സ് പിന്തുണ അറിയിച്ചു. പിന്നാലെ ഭരണകക്ഷിയായ ടി.അർ.എസും വന്നു .’ ഗദ്ദർ സ്ഥാനാർത്ഥിത്വം അംഗീകരിച്ചാൽ ഞങ്ങളും സ്ഥാനാർത്ഥിയെ നിർത്തില്ല എന്ന് പറഞ്ഞു. പക്ഷെ ഗദ്ദർ ആ വ്യവസ്ഥാപിത വ്യാമോഹങ്ങൾക്ക് കീഴ്പെട്ടില്ല. അതാണ് ഗദ്ദർ.

gaddar, poet, malyalam, maoist, cpm

ചിത്രീകരണം: വിഷ്ണുറാം

പിന്നെ ആത്മീയതയാണ് പ്രശ്നമെങ്കിൽ , ഗദ്ദർ അമ്പലങ്ങളിലും പള്ളികളിലും പോകുന്നത് ദൈവത്തെ തേടിയല്ല അശരണരായ ജനങ്ങളെതേടിയാണ് എന്ന് മനസ്സിലാക്കുന്നത് ആയിരിക്കും ഭംഗി.
പ്രബോധനം ഗദ്ദർ രാഷ്ടീയത്തിന്റെ വഴിയേ അല്ല!! ഗദ്ദറിന്റെ ‘ബുരകഥ’ കളിൽ ജനം കാഴ്ച്ചക്കാരല്ല. പങ്കാളികൾ ആണ്. എപ്പിക് തിയേറ്റർ എന്നൊക്കെ പറഞ്ഞ് മലയാളികൾ കൊണ്ടുനടന്ന കെട്ടുകാഴ്ചകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഗദ്ദറിന്റെ ജനസങ്കലിതാവതരണങ്ങൾ. അതിനാലാണ് ഗദ്ദർ വരുന്നിടം കാള വണ്ടികളിലും കാൽ നടയായും വന്ന് ഗ്രാമീണരും നിരക്ഷരരുമായ ജനം അരങ്ങായും, അരങ്ങിലും വാഴുന്നത്.
സായുധ സമരത്തിൽ രക്തസാക്ഷികളായ ആയിരങ്ങൾ ഉണ്ട് തെലുങ്കാനയിൽ അവർക്കായി ഉയർത്തിയ മണ്ഡപങ്ങളും സ്തൂപങ്ങളും നിരവധി. അവിടെ എത്തിയാൽ മുഷ്ടി ചുരുട്ടി ആ പഴയ സ്റ്റാലിനിസ്റ്റ് മുദ്രാവാക്യം വിളിക്കുകയല്ല ഗദ്ദർ ശൈലി, മണ്ണിൽ വീണ് സാഷ്ടാംഗ പ്രണാമം,ചിലപ്പോൾ പൊട്ടിക്കരയും. കണ്ട് നില്ക്കുന്ന ജനവും തിരയിളകുന്നതുപോലെ വൈകാരികമാകും. നാട്യങ്ങൾ ഇല്ലാത്ത ഈ മനുഷ്യൻ തെലുങ്കാനയുടെ ഹൃദയത്തിലാണ്, മനസ്സിലാണ്, ജീവിക്കുന്നത്. നമ്മളെ പോലെ വീൺവാക്കുകളിലല്ല.
ഒരു പക്ഷെ രവിനാരയൺ റെഡ്ഡിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയനായ കമ്മ്യൂണിസ്റ്റ് ഇദ്ദേഹം ആയിരിക്കണം. കാഞ്ച ഇളയ്യ ഗദ്ദറിനെ കുറിച്ച് പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് നിർത്തുന്നു.
“Gaddar was the first Telangana intellectual who established a link between the productive masses and the literary text and, of course, that text established a link between the masses and educational institutions.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ