കുറെ മുമ്പാണ്, ഇടശ്ശേരിയുടെ “പൂതപ്പാട്ട്”, രണ്ടു രീതിയില്‍ ഞാന്‍ ടെലിവിഷനില്‍ കണ്ടു. ഒരിക്കല്‍, ‘മോഹിനിയാട്ട’ത്തിന്റെ രൂപത്തില്‍. മറ്റൊരിക്കല്‍, ഒരു റിയാലിറ്റി ഷോയില്‍, ‘ബാലെ’ രൂപത്തില്‍. ഇന്നും അത് ഓര്‍ക്കുമ്പോള്‍ എന്റെ വാദം “പൂതപ്പാട്ട്” പലതുകൊണ്ടും മലയാളിയുടെ ടെലിവിഷനു പറ്റില്ല എന്നാണ്‌. അത് കവിത അവതരിപ്പിച്ച ‘രീതി’കൊണ്ടല്ല, ആ കവിത ടെലിവിഷന്‍ കാണിക്കുന്നു എന്നതുകൊണ്ട്.

എന്തുകൊണ്ട് “പുതപ്പാട്ട്” ടെലിവിഷന് പറ്റില്ല? ടെലിവിഷൻ, നമ്മുക്കും, ജനപ്രിയമാധ്യമാണ്. ഇടശ്ശേരിയുടെ പ്രസിദ്ധമായ കവിത മലയാളിയുടെ ഇഷ്ടമുളള കാവ്യസ്മരണകളിലൊന്നാണ്. അതിനാൽ “പൂതപ്പാട്ടിന്” ഇപ്പോഴും വിപണി മൂല്യമുണ്ട്. ടെലിവിഷന്റെ വിപണിമൂല്യം ഇപ്പോഴും അതിന്റെ തത്സമയ പ്രാധാന്യത്തെ പ്രതിയാണ്. അതുകൊണ്ടാണ്, ഒരു റിയാലിറ്റി ഷോയിൽ “പുതപ്പാട്ട്” ചേര്‍ക്കാപ്പെടുന്നത്. ടെലിവിഷൻ കഥ കാണിക്കാൻ താൽപ്പര്യമുളള ജനുസ്സിലും.

ടെലിവിഷന്റെ ജാഡ, എല്ലാം നിങ്ങളുടെ കണ്മുന്നിൽ എന്നാകുമ്പോൾ, ഏതോർമ്മയും വർത്തമാനത്തെ പുൽകുന്നു. ടെലിവിഷനിലെ ഓരോ പരിപാടിയുടെയും അവതരണം ദേശ സ്മൃതികളുടെ പൊട്ടാത്ത ഒരു ചരട് കൊണ്ടാണ്, അങ്ങനെയാണ് അത് പ്രാദേശിക ചാനല്‍ ആവുന്നത്. നിങ്ങൾ കാണുന്നത് എന്തോ അത് നിങ്ങളുടെ ഓർമ്മ കൂടിയാണ് എന്നാണ് ടെലിവിഷൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. നിങ്ങളുടെ ഭാവി പോലും നിങ്ങളുടെ ഓർമ്മയാണ്. ഈ കാലത്ത്, ഇപ്പോൾ, ഇതാ ഇങ്ങനെ നിങ്ങളുടെ ഓർമ്മ – ജനപ്രിയം തന്നെയാണ് ടെലിവിഷൻ.

ഇനി “പുതപ്പാട്ടി” നെക്കുറിച്ച് ചിലത് കൂടി ഓർമ്മിച്ചു നോക്കൂ: ഇടശ്ശേരിയുടെ ഈ കവിത അതിന്റെ വിപണി മൂല്യത്തിലേയ്ക്കെത്തുന്നത് എൺപതുകളിലാണ്. എൺപതുകളിൽ കേരളത്തിൽ ഗൾഫ് പണമെത്താൻ തുടങ്ങുന്നതോടൊപ്പം പ്രചാരത്തിലാവുന്ന ഇലക്ട്രോണിക് സംസ്ക്കാരത്തോടൊപ്പവും “കസെറ്റ് കവിതകൾ” എന്ന് ആ സമയത്ത് ആക്ഷേപിച്ച കവിതാവതരണ രീതിക്കൊൾക്കൊപ്പവും. “പൂതപ്പാട്ടി”ന്റെ ഓഡിയോ ശ്രദ്ധേയമായിരുന്നു. കവിത കൃത്യമായും ഓർമ്മിക്കുന്ന ശബ്ദത്തിലായിരുന്നു ആലാപനം. ഭംഗിയായി സംഗീതം ചിട്ടപ്പെടുത്തിയിരുന്നു. ഒരു കുഴൽവിളിയുടെ തുടർച്ചയായ അകമ്പടിയോടെ.

ഒരേ സമയം കഥയുടെയും ശബ്ദ ശ്രവണത്തിലെയും ഗൃഹാതുരത്വത്തെ, മാന്ത്രികമായിത്തന്നെ, ഇതൊക്കെ സ്പർശിച്ചു.

karunakaran, poothapattu, edasseri, poem,

അല്ലെങ്കിലും, “പുതപ്പാട്ട്”പാടിപ്പതിഞ്ഞ പാട്ടുപോലൊയാണ്. “കേട്ടിട്ടില്ലേ തുടികൊട്ടും കലർന്നോട്ടു ചിലമ്പിൻ കലമ്പലുകൾ” എന്ന് ചൊല്ലാൻ തുടങ്ങുന്നതു മുതൽ ചെവി വട്ടം പിടിക്കാൻ തുടങ്ങുന്നു. ശബ്ദം കാഴ്ചയെ പൊലിപ്പിക്കാൻ തുടങ്ങുന്നു. ഗാനമാണ് അതിനോടടുത്തരീതി. ഒരു സന്ധ്യാനാമത്തോടൊപ്പം ഈ കവിത സഞ്ചരിക്കുന്നു. ഒരു നാടോടിപ്പാട്ടിന്റെ ധർമ്മഗൗരവമോ ഒരു മിത്തിന്റെ ധ്വനിഭംഗിയോ ഈ കവിതയ്ക്കില്ല. എങ്കിലും ഒരു കഥയിൽ കുരുക്കിയിടുന്ന സംഭവങ്ങളുടെ പുനരാഖ്യാനഭംഗി “പുതപ്പാട്ട്” സൂക്ഷിക്കുന്നുണ്ടായിരുന്നു. അത്രയും അത് ഇന്നും ടെലിവിഷന് പറ്റിയ കഥയയാണ്. ഇതുപോലെ : “സ്കൂളിൽ പോയ ഉണ്ണി കാണാതാകുന്നു, വീട്ടിൽ അമ്മയ്ക്ക് പരിഭ്രമമാകുന്നു. അവർ തന്റെ ദുഃഖപൂർണമായ അന്വേഷണം ആരംഭിക്കുന്നു, വേറൊരു സ്ത്രീയുടെ കൈയിൽ അകപ്പെട്ട മകനെ വീണ്ടുകിട്ടാൻ അമ്മ വൈകാരികമായ തീർപ്പോടെ പൊരുതുന്നു, ഒടുവിൽ എല്ലാ തടസ്സങ്ങളും അടവുകളും ഉപേക്ഷിച്ച് മറ്റേ സ്ത്രീ തോറ്റുകൊടുക്കുന്നു. , യഥാർത്ഥ അമ്മ അവരെ വെറുക്കുന്നില്ല.”- ഇങ്ങനെ “പുതപ്പാട്ടി”ന്റെ ഓർമ്മയില്ലാതെ തന്നെ ടെലിവിഷൻ പരമ്പരയ്ക്കു വേണ്ടി ഒരു സ്റ്റോറിലൈൻ ഉണ്ടാക്കാൻ കഴിയും. ടെലിവിഷൻ പരമ്പരകൾക്ക് കഥയെഴുതുന്നവർ കഥയുടെ നാടകീയത പരിശീലിക്കുന്നതു പോലും അതേ നാടകയീതയുടെ കഥാമൂല്യം കളയാതെയാണ്.

എന്നാൽ, “പുതപ്പാട്ടി”ന്റെ വൈകാരിക മൂല്യം എന്നത് (കേൾക്കുമ്പോൾ കവിതയാകുന്നതും ടെലിവിഷനിൽ കാണുമ്പോൾ കഥയാവുന്നതും) അതിന്റെ സ്വത്വത്തെ പ്രകടിപ്പിക്കുന്ന രീതികൊണ്ടാണ്. ആ സ്വത്വം “പുതപ്പാട്ടി”നെ സംബന്ധിച്ചടത്തോളം ഒരു ഏകാന്തഗീതം (solo) എന്നാണ്. ” എവിടെ നിന്നാണീപ്പൂതം വരുന്നത്, നിങ്ങൾക്കറിയാമോ?” എന്ന് കവിത അവതരിപ്പിച്ചു തുടങ്ങുന്ന വരികൾ “പുത”ത്തിന്റെ ജീവചരിത്രത്തേക്കാൾ ഒരു കഥയിലെ സ്ഥലമാണ്. അതേ സമയം ആ സ്ഥലം ഒരിക്കലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും “പുതപ്പാട്ടി”ന്റെ കഥ, ആ സ്ഥലത്തേക്കാൾ കണ്ടുപിടിക്കപ്പെട്ടതാണ്. അങ്ങെയനാണ് “പുതപ്പാട്ടി”ന്റെ പ്രസരണശേഷി നമ്മുടെ ടെലിവിഷൻ പ്രേക്ഷകരെയും സ്പർശിക്കുന്നത്. കൈമാറി വന്ന കഥ പറച്ചിലിന്റെ പാരമ്പര്യം, ടെലിവിഷനും ഇഷ്ടമാണ്. കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്ന വിധം അത് ഭാവനയെ ആലങ്കാരികമായ ഒരനുഭവമാക്കുന്നു.

വാസ്തവത്തിൽ, “കഥപറച്ചിൽ” ഒരു കലാരൂപമെന്ന നിലയിൽ അതിന്റെ ആദ്യാസ്തിത്വത്തെ ഇതിനകം ഉപേക്ഷിച്ചിരുന്നു. അഥവാ, “കഥപറച്ചിൽ” ഘട്ടങ്ങളായുളള വേർപെടലുകളുടെയും ഇടർച്ചകളുമുളള കൂടിച്ചേരലുകളുടെയും രീതി ശീലിക്കാൻ തുടങ്ങിയിരുന്നു. കഥ, ‘റിയലിസ’ത്തിന്റെ കാലത്തെന്ന പോലെ ജീവിതത്തിന്റെ പ്രസ്താവം എന്നതിനേക്കാൾ, ജീവിതത്തിന്റെ തന്നെ ഓർമ്മകളിൽ ചിതറിയിരിക്കുന്നു. “പുതപ്പാട്ടി”ന്റെ കാലം ഇതാണ്: ഇന്ന് കാണുന്ന വിധത്തിലല്ലെങ്കിലും കേരളം ഗ്രാമങ്ങളിൽ നിന്നും വേർപെടാൻ തുടങ്ങിയിരുന്നു. നമ്മുടെ നഗരങ്ങള്‍ക്ക്‌ “താഴെ” “ഗ്രാമക്കാഴ്ചകൾ” എപ്പോഴും ഉണ്ടായിരുന്നു. സമൂഹത്തിൽ പക്ഷേ, ‘നഗരത്തിന്റെ ഇടപെടൽ മുഖ്യമായും സാങ്കേതികജ്ഞാനത്തിന്റെ ഉത്പ്പാദനത്തോടെയും അതിന്റെ സാംസ്കാരിക മൂല്യനിർവ്വഹണത്തിലൂടെയുമാണ്. നമ്മൾ ഭൂതകാലത്തിന്റെ തടവിലല്ല അപ്പോൾ. എന്നാൽ, “പുതിയ കാലത്ത് നഷ്ടപ്പെടുന്ന” പലതിന്റെയും ഓർമ്മയുടെ തടവിലാണ്. ഓർമ്മ വിഖ്യാതമായ സാംസ്കാരിക വ്യഖ്യാനവും.

മലയാളിയുടെ ഭൗമിക സ്മരണയിലുളള സ്ഥലമാണ് ഈ കവിതയിൽ. വളളുവനാട്ടിലെ കാവിലെ ഉത്സവങ്ങളും കൊയ്തുക്കഴിഞ്ഞ പാടങ്ങളും അപ്രത്യക്ഷമാവാത്തതും എങ്കിലും രൂക്ഷത കാണിക്കാത്തതമായ ജാതി- അഭിമുഖീകരണങ്ങളും ഈ കഥയുടെ പശ്ചാത്തലത്തിലുണ്ട്. അതിൽ ” പറയരുടെ പൂത”ത്തിന്റെ ഓർമ്മയിലായിരുന്നു “പുതപ്പാട്ടി”ൽ കുഴൽ വിളികൾ. മലയാളീ-അധുനികതയുടെ ചിത്രകാരന്മരിൽ ഒരാളായ നമ്പൂതിരി “പുതപ്പാട്ടി”ന് വരച്ച ഇലസ്ട്രേഷനുകൾ ഓർമ്മിക്കുന്നവരുണ്ടാകാം: ഉണ്ണിയും അമ്മയും കഥയിലെ ഉന്നത- ജാതി – അടയാളങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ “പൂതവും” “തറ”യുമൊക്കെ അവരുടെ സവിശേഷ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. “പുതപ്പാട്ടി”ലെ സാമൂഹിക ശാസ്ത്രത്തേക്കാൾ അതിലെ ദൃശ്യസംസ്ക്കാരമാണ് ഈ വരയെ ആകർഷകമാക്കുന്നതെന്നു പറയുമ്പോഴും, ആ ചിത്രങ്ങൾ, അതേ സാമൂഹികഘടനയെ അമാനുഷികമാക്കുന്ന ഒരു കഥാശേഷിയിലേക്കും വ്യാപിപ്പിച്ചിരുന്നു.

ടെലിവിഷനിൽ രണ്ടു രീതിയിൽ “പുതപ്പാട്ടി”ന്റെ ദൃശ്യാവിഷക്കാരങ്ങൾ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞിരുന്നല്ലോ, ഒന്ന് മോഹിനിയാട്ടത്തിന്റെ രൂപത്തിൽ, മറ്റൊന്ന് ഒരു റിയാലിറ്റി ഷോയിൽ ഒരു നർത്തക സംഘം കവിതയിലെ കഥാപാത്രങ്ങളെ പലവേഷത്തിലും പല ചേരുവകളും ചേര്‍ത്ത് ‘ബാലെ’ പോലെയുമായിരുന്നു അത്. മോഹിനിയാട്ടം, “പുതപ്പാട്ടി”ന്റ നാടകീയതയെ അതിന്റെ അഭിനയ സംസ്ക്കാരത്തിൽ ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നു. രണ്ടാമത്തേത്, അതേ നാടകീയതയെ ആവുന്നവിധം അയച്ചുകൊണ്ടും. രണ്ടും സ്വാഭാവികവും സങ്കൽപ്പിക്കാവുന്നതുമായ പെരുമാറ്റങ്ങൾ തന്നെ. ചിലപ്പോൾ രണ്ടാമത്തേതാണ് ടെലിവിഷന് പറ്റുക എന്നു തോന്നത്തക്കവിധത്തിൽ ടെലിവിഷന്റെ വർത്തമാന രുചികളെ ഉപജീവിക്കാൻ നോക്കിയിരുന്നു. അതില്‍ മലയാളിയുടെ പരിചയമുളള രംഗകലകളിലെ വേഷങ്ങളെ “സ്ക്രീനിൽ കൊണ്ടു വന്നിരുന്നു”.

poothapattu, edasseri kavitha, karunakaran,

“കാറിൽ അയാൾ ഡ്രൈവ് ചെയ്തു പോകുമ്പോൾ കൊയ്തു കഴിഞ്ഞ പാടവരമ്പിലൂടെ ഒരു പൂതം കളികഴിഞ്ഞ് ഒറ്റയ്ക്കു നടന്നുപോകുന്നതു കണ്ടു” എന്ന വാചകം ഒരേ സമയം നമ്മുടെ ഓർമ്മയ്ക്കും ടെലിവിഷനും പറ്റിയതാണ്. എന്നാൽ, ഇടശ്ശേരിയുടെ രചനയുടെ സവിശേഷത അതിന്റെ ആഖ്യാനം ആദ്യാന്തം പുലർത്തുന്ന ഏകാന്തഗീതമെന്ന ബോധമാണ്. സന്ധ്യയാവുന്നു, വിളക്ക് വെയ്ക്കുന്നു, നാമം ചൊല്ലി കഴിഞ്ഞിരുന്നു എന്ന് ആ ബോധത്തെ കവിത ഒരു കഥയിലേയ്ക്ക് വിടർത്തുന്നു. കഥ എന്നല്ല പാട്ട് എന്നാണ് ഇടശ്ശേരി എഴുതിയത്. അക്കാലത്തെ മലയാളീ ഗൃഹങ്ങളിലെ, (ഹിന്ദു ഗൃഹങ്ങളിലെ എന്നുവേണം) സാമ്പ്രദായികമായ ഒരു സന്ധ്യ രാത്രിയിലേയ്ക്കു നിവർത്തി ഇടുന്നു. കഥകളി കാണാൻ പായയുമായി ഉത്സവപ്പറമ്പിലേയ്ക്ക് പോകുന്ന അമ്മയേയും കുഞ്ഞിനേയും ഓർമ്മ വരും. “പുതപ്പാട്ടി”ന്റെ ആഖ്യാനം, ശ്രദ്ധിച്ചാൽ മനസ്സിലാകും, അത് ഒരമ്മയുടെയും ഒരു ഉണ്ണിയുടെയും കഥ പറയുന്നു, ഇവര്‍ രണ്ടുമല്ലാത്ത വേറൊരു അമ്മയുടെയും കഥ പറയുന്നു. ഒരു സ്വരത്തില്‍ മാത്രം കേള്‍ക്കുന്ന പാട്ടുപോലെ. “പുതപ്പാട്ടി”ന്റെ ഏകാന്തഗീതമെന്ന ‘സ്വത്വ’ത്തിനു മുമ്പിലാണ്, വാസ്തവത്തിൽ, “ടെലിവിഷൻ” പകച്ചുനിന്നത്.

എൺപതുകളിൽ കേരളത്തിലേയ്ക്കെത്തുന്ന ടെലിവിഷൻ അധികം വൈകാതെ തന്നെ “കേരളീയ സംസ്ക്കാര”ത്തിന്റെ ദൈനംദിന സംഘാടകത്വത്തിലും ഇടപെടാൻ തുടങ്ങിയിരുന്നു. ഇതിനും രണ്ട് ദശകങ്ങൾക്കു മുമ്പ് യൂറോപ്പിലും അമേരിക്കയിലും “ആധുനിക സംസ്ക്കാരം”ആ സമൂഹങ്ങളെ ഞെട്ടിച്ചുകൊണ്ട് പരിവർത്തനപ്പെടുത്തിയതിന് സമാനമായ ഒന്നായിരുന്നില്ല ഇതെങ്കിലും “കമ്പോള സംസ്ക്കാരവും അ- കമ്പോള സംസ്ക്കാരവും ” തമ്മിലുളള വിഭജനം ഇവിടെയും പിൻവാങ്ങാൻ തുടങ്ങിയിരുന്നു.
ആധുനികത “വരേണ്യമായി” കരുതിയിരന്ന പലതും പല ആശയങ്ങളും ഈ ഘട്ടം ഉപേക്ഷിക്കുന്നുണ്ടായിരുന്നു. ഇതൊരു പുതിയ സംസ്ക്കാരത്തിന്റെ ഉദയം എന്നതിലുപരി, പുതൊയരു ആസ്വാദനക്ഷമതയുടെയും അവതരണമായിരുന്നു. സാങ്കേതികമായി നമ്മുടെ ടെലിവിഷൻ ഈ പുതിയ സംസ്ക്കാരത്തെ പ്രതിനിധീകരിക്കാൻ അപ്രാപ്തമായിരുന്നപ്പോഴും നമ്മുടെ സംവേദനക്ഷമതയെ, ഗ്രഹണശക്തിയെ, അഴിച്ചു പണിഞ്ഞു. പെരുകുന്ന ഗതിശീലവും വേഗതയും ആൾക്കൂട്ടവും നമ്മുടെ ടെലിവിഷനും പ്രിയമാവുകയും, “ജനപ്രിയം” എന്ന ആശയത്തെ “ആധുനികത” എങ്ങനെയെല്ലാം അവതരിപ്പിച്ചുവൊ, അതിനെ എല്ലാം തിരസ്ക്കരിക്കുകയോ, മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയോ ചെയ്തിരുന്നു. ഇപ്പോൾ രണ്ടായിരമാണ്ടിന്‍റെ അവസാനത്തില്‍ എത്തുമ്പോള്‍ അതേ സംവേദനക്ഷമത “റിയാലിറ്റീ ഷോ”കളിലൂടെ വേറൊരുഘട്ടത്തിലേയ്ക്കും പ്രവേശിച്ചിരിക്കുന്നു.

രാഷ്ട്രീയമായി അപക്വമായ ഒരു സമൂഹം എന്ന നിലയിൽ കേരളം അഭിമുഖീകരിക്കുന്ന സംസ്ക്കാരിക സ്തംഭനത്തെ ഈ “പോപ്പ് കൾച്ചർ” വേറൊരു വിധത്തിൽ വേറൊരു കാലത്ത് എന്നപോലെ നേരിട്ടു. ഓരോ അരമണിക്കൂറിലും പ്രക്ഷേപണം ചെയ്യപ്പെടുന്ന “റിയാലിറ്റി ഷോകൾ” അവയുടെ വിഷയ വൈവിധ്യങ്ങളിൽ തന്നെ ഈ സാംസ്കാരിക സ്തംഭനത്തെ ആശാസ്ത്രീയമെന്ന തോന്നും വിധത്തിൽ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, അവലക്ഷണമായാണ് പലതും പ്രകടിപ്പിക്കുന്നതെന്നു തോന്നുമെങ്കിലും, “കേരളീയ ബോധ”ത്തെ, കഴിഞ്ഞ ദശകളിലെ സാംസ്കാരിക മുരടിപ്പിൽ നിന്നും വേർപ്പെടുത്തി എന്ന് തീർച്ചയാണ്. ഇതൊരു നീതിപൂർവ്വകമായ കണ്ടെത്തലാവില്ല. എങ്കിലും കാറ്റില്ലാതെയും “കുളിരുന്നു” എന്ന് പറയാനാകുന്നതു പോലെ വേറൊരു യാഥാർത്ഥ്യംഉണ്ടാക്കാനാകുമെന്ന കാണിക്കുകയായിരുന്നു. ആഴവും സർഗാത്മകതയും കുറഞ്ഞത് എന്ന് “ടെലിവിഷൻ സംസ്ക്കാര”ത്തെ, “ഉത്തരാധുനികത” യുടെ സാംസ്കാരിക വിമർശം പോലെ, വിമർശിക്കാമെങ്കിലും നാം കലയിലും രാഷ്ട്രീയത്തിലും പുലർത്തിയ “ആദർശാത്മക- ആധുനികത” ശരിക്കും പൊളിഞ്ഞത് ഈ കാലത്താണ്.
സാങ്കേതികമായ ഉന്നതിക്കൊപ്പം തന്നെ ടെലിവിഷൻ ഒരു മാധ്യമം എന്ന നിലയിൽ ജനപ്രിയങ്ങളായ പുതുപരിപാടികളെ, അവയുടെ സംഘാടകരുടെ ചിലപ്പോഴെങ്കിലുമുളള സാംസ്ക്കാരിക സംഭ്രാന്തികളോടെയെങ്കിലും, പ്രകടിപ്പിച്ചു.

വാസ്തവത്തിൽ, ടെലിവിഷൻ എല്ലാം തുറന്നു കാണിക്കുന്ന മാധ്യമമല്ല. തുറന്നു പറയാനാകാത്തതു പോലെ തുറന്നു കാണിക്കാനും മുഴുവനും പറ്റാത്ത ടെലിവിഷൻ അതിന്റെ പ്രേക്ഷകരെ, അവരെ കുറിച്ചുളള ഉറപ്പുകളോടൊപ്പം അവരെ കുറിച്ചുളള സംശയങ്ങളിലും നിർത്തുന്നു. എന്നാൽ, ടെലിവിഷനിലെ റിയാലിറ്റി ഷോയില്‍ ഒരു കലാകാരൻ / കലാകാരി തന്റെ ഒരു ‘പരിപാടി’ അവതരിപ്പിക്കുമ്പോള്‍, ഇതേ ഉറപ്പും സംശയവും മറ്റൊന്നായി അവതരിപ്പിക്കുന്നു. അപരിമിതമായ ഒരു ഭൗതിക ലോകത്തിലേയ്ക്ക് തന്റെ പ്രകടനത്തെ നയിച്ചുകൊണ്ട് താൻ തന്നെ ഒരു “വർക്ക് ഓഫ് ആർട്ട്” ആയി “തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തി” റിയാലിറ്റി ഷോയിലെ അംഗത്തിനുണ്ട്. അങ്ങനെയാണ് ടെലിവിഷന്‍ വാഗ്‌ദ്ധാനം ചെയ്യുന്നത്.

അപരിമിതമായ ഭൗതികതയുടെ ഈ സാധ്യതയെയാണ് ഒരു കവിത എന്ന നിലയ്ക്കു “പുതപ്പാട്ട്” ഉപേക്ഷിക്കുന്നത്. മാത്രമല്ല, ഓർമ്മയുടെ ശമനത്തിനെന്നോണം നാം, പിന്നെയും, ആ “പാട്ടി”ലേയ്ക്കു തന്നെ തിരിച്ചു വരുന്നു. കാരണം “പുതപ്പാട്ടി”ന്റെ “കഥ”, ടെലിവിഷനും ചേരുന്ന, (സാർവ്വലൗകികമായ) ഒന്നാണെങ്കിലും അതിലെ സൂക്ഷ്മാശംങ്ങൾ, നമ്പൂതിരി വരയ്ക്കാൻ ശ്രമിച്ചതുപോലെ, ശബ്ദങ്ങളുടെ അടിയിലുളള പ്രപഞ്ചത്തെപ്പറ്റി കൂടിയായിരുന്നു. ഒരു പക്ഷേ, ചലച്ചിത്രത്തിൽ നാം “സെറ്റ്” ഇട്ട് ചെയ്യുന്ന വിധത്തിൽ. ഈ പ്രപഞ്ചം, പക്ഷെ, ടെലിവിഷൻ സംസ്ക്കാരത്തിന്റെ ഓർമ്മയിലില്ല. നിശൂന്യമായ പാതിരാത്രികളിൽ തലമുടി വേറിടുത്ത് അലസമായി നിൽക്കുന്ന പൂതവും കാറ്റിന്റെ ചുഴലിയായി പേടിപ്പിക്കുന്ന പൂതവും പ്രപഞ്ചത്തിലെ ഏകാഭിനയമായിരുന്നു. അതിനെ ഓർക്കുക മാത്രമേ വഴിയുളളൂ.

karuanakaran, vishnu ram, poothapattu, edasseri,

ടെലിവിഷൻ ദൈവത്തെ കാണിക്കുന്നതിന് മുമ്പാണ് ഇടശ്ശേരിയുടെ പൂതവും ജീവിച്ചിരുന്നത്. കുന്നിൻ ചെരിവിൽ. ഇപ്പോഴും വളളുവനാടൻ വീട്ടുമുറ്റങ്ങളിൽ പൂരക്കാലങ്ങളിൽ പൂതം വരുന്നുണ്ട്. പഴയ പ്രഭാവമില്ലെങ്കിലും. കാരണം, പ്രധാനമായും മൂന്നു പതിറ്റാണ്ടിന്റെയെങ്കിലും ഓർമ്മയുളള ഒരാളുടെ ശബ്ദ (ശ്രവണ) സംസ്ക്കാരം വളരെയധികം മാറിയിരിക്കുന്നു എന്നതുതന്നെ. കുന്നും പുഴയും മരവും കേൾപ്പിച്ചതിനേക്കാൾ ശബ്ദങ്ങൾ ഈ കാലം കൊണ്ട് ടെലിവിഷൻ നമ്മെ കേൾപ്പിച്ചു. കാൽത്തളകളും മണികളും കിലുങ്ങിയത് ഒരു ശരീരത്തിൽ നിന്നായിരുന്നില്ല. “പുതപ്പാട്ടി”ന്റെ ഓഡിയോ വിഷ്വൽ വർത്തമാനത്തിന്റെ കൗതുകമാവുന്നതും പിന്നെ ഗൃഹാതുരത്വമായി മാറുന്നതും അങ്ങനെയാണ്. മാത്രമല്ല, മലയാളിയുടെ ദേശീയ സംസ്ക്കാരത്തിലെ തന്നെ സൂക്ഷമങ്ങളായ വിഭജനങ്ങളിലെ രാഷ്ട്രീയം ഒരു “പൊതു അഭിപ്രായ”ത്തിൽ മുങ്ങിപ്പോവുകയും ചെയ്തിരുന്നു: വർത്തമാനത്തിൽ നമ്മെ കുടുക്കി ഇടുന്നതെല്ലാം ടെലിവിഷനും രസിച്ചു. മാത്രമല്ല, ഈ കാലം കൊണ്ടുതന്നെ, ഓർമ്മ കേട്ടു മറന്ന ഒച്ചയായി, ഇതിനകം മാറിപ്പോയ പ്രകൃതി പോലെ, നാം പ്രകടപ്പിക്കുകയും ചെയ്തിരുന്നു. ഇത് “പുതപ്പാട്ട്” ആഗ്രഹിക്കാത്തതുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ