scorecardresearch
Latest News

വിശ്വാസ്യത വർധിപ്പിക്കാനും സങ്കേതികവിദ്യ സഹായകമാകണം

പല മാധ്യമങ്ങളും സര്‍ക്കാരുകള്‍ക്കോ അല്ലെങ്കില്‍ കോർപറേറ്റുകള്‍ക്കോ വേണ്ടി പൊതുജന സമ്പര്‍ക്കം നടത്തുന്ന അവസ്ഥയിലേയ്ക്കെത്തിയിരിക്കുന്നു

pinaryi vijayan, ie malayalam, mobile app, kerala@60,

ഡിജിറ്റല്‍ ഡിസ്രപ്ഷന്‍ വാര്‍ത്താ മാധ്യമരംഗത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. പരമ്പരാഗത പത്രങ്ങള്‍ പോലും ഓണ്‍ലൈന്‍ എഡിഷനിലേക്ക് മാറുന്നത് ഇതിന്റെ സൂചനയാണ്.

അച്ചടിച്ച പത്രങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ പത്രങ്ങളിലേക്ക് മാറുമ്പോള്‍ അതിന്റെ സാങ്കേതിക സാമ്പത്തിക ഘടകങ്ങള്‍ തത്ക്കാലം മാറ്റിവച്ചാല്‍ പോലും പൊതുവേ കാണാവുന്ന ഒരു കാര്യം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു എന്നതാണ്.

എല്ലാ ദിവസവും രാവിലെ വീട്ടിലെത്തുന്ന പത്രം വായിച്ച് വാര്‍ത്തകള്‍ മനസിലാക്കിയിരുന്ന കാലം ഏതാണ്ട് മാറുകയാണ്. വാര്‍ത്തകള്‍ സംഭവിച്ച് നിമിഷങ്ങള്‍ക്കകം ജനങ്ങളിലെത്തുന്ന തരത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ മത്സരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ടെലിവിഷന് മുന്നിലിരുന്ന് അത് കാണുക എന്ന ബുദ്ധിമുട്ടു പോലും ഇല്ലാതെ നാമെവിടെയാണോ അവിടെ നമ്മുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണിലേക്ക് വാര്‍ത്തകള്‍ എത്തിച്ചേരുന്ന സ്ഥിതിയുണ്ട്. അങ്ങനെ വേഗത്തിന്റെ കാര്യത്തില്‍ സെക്കന്‍ഡുകളുടെ വ്യത്യാസം പോലും വലിയ മത്സരത്തിന് കാരണമാകുന്നു. ‘ഇതാ ഈ വാര്‍ത്ത ഞങ്ങള്‍ക്കു കിട്ടി’ എന്ന് അഭിമാനത്തിന് അപ്പുറം ‘ഈ വാര്‍ത്ത ഞങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്’ എന്ന് പറയുന്ന മത്സരമാണ് നടക്കുന്നത്. ഏതെങ്കിലും വിഷയം കിട്ടിയാല്‍ അതിന്റെ വസ്തുത അന്വേഷിച്ചറിയുന്നതിനു മുമ്പു തന്നെ വാര്‍ത്ത അവതരിപ്പിക്കാനുള്ള വ്യഗ്രതയാണ് ഇന്ന് മാധ്യമരംഗത്ത് കാണുന്നത്. വിശ്വാസ്യത പോലും ഉറപ്പാക്കുന്നതിനു മുമ്പ് വാര്‍ത്ത കൊടുക്കുന്നത് ആദ്യ ഘട്ടം. അതിശയോക്തി ചേര്‍ത്ത് കഥകള്‍ മെനയുന്നത് രണ്ടാം ഘട്ടം. വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കുക എന്നതിന് പകരം, ജനങ്ങള്‍ ചാനലില്‍ നിന്ന് വിട്ടുപോകാതിരിക്കുക എന്നിടത്തേക്ക് മാധ്യമ രീതി തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.

pinarayi vijayan, ie malayalam, mobile app, kerala @60, vidieo,

സാങ്കേതിക വിദ്യയുടെ വളര്‍ച്ച വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിലെ വേഗത വർധിപ്പിച്ചു എന്നത് സത്യമാണ്. ഇതിനോടൊപ്പം വർധിക്കേണ്ടിയിരുന്നതാണ് വിശ്വാസ്യത. എന്നാല്‍ വിശ്വാസ്യത വർധിപ്പിക്കുന്ന കാര്യത്തില്‍ സാങ്കേതിക വിദ്യ വലിയ ഗുണം ചെയ്തുവെന്ന് കരുതാനാവില്ല. സത്യത്തില്‍ വാര്‍ത്തയുടെ വിശ്വാസ്യത വർധിപ്പിക്കുന്നിലും സാങ്കേതിക വിദ്യയുടെ മുന്നേറ്റം സഹായകമാകണം. അതിനു തക്കവിധമുള്ള ഒരു സമീപനമാറ്റം മാധ്യമ ഉടമകളിൽ നിന്ന് ഉണ്ടാകണം. ആദ്യം കൊടുത്തുവോ എന്നതല്ല, സത്യം കൊടുത്തുവോ എന്നതാവണം മാനദണ്ഡം. അസത്യമാണെങ്കിലും കൊടുക്കുന്നത് ആദ്യമാവണം എന്നതാണ് ഇപ്പോള്‍ സ്വീകരിക്കുന്ന രീതി. ഈ രീതി മാറേണ്ടതായിട്ടുണ്ട്.

Read in English

ഇങ്ങനെ പറയുമ്പോള്‍ ചില മാധ്യമങ്ങളെങ്കിലും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഗൗരവവും പക്വതയും തിരിച്ചറിയുന്നുണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. ഓരോ നിമിഷത്തിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുകയും അതോടൊപ്പം വായനക്കാരുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടേയും കാലമാണിത്. ഈ സമൃദ്ധമായ സംവാദത്തിന്റെ ലോകത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഗ്രൂപ്പിന്റെ പോര്‍ട്ടല്‍ കടന്നുവരികയാണ്. ഇത് തീര്‍ച്ചയായും നല്ല കാര്യമാണ്.

ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ അനവധിയുണ്ട്. പക്ഷെ ഇവയൊക്കെ ഗൗരവത്തോടും ഉത്തരവാദിത്തത്തോടും കൂടി തന്നെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം അവര്‍ തന്നെ വിലയിരുത്തേണ്ട കാര്യമാണ്. ജനാധിപത്യത്തിന്റെ നാലാംതൂണെന്ന വിശേഷണം അവകാശപ്പെടുന്ന മാധ്യമത്തിന് ആ പദവി തന്നെ ചില ഉത്തരവാദിത്തങ്ങളും നല്‍കുന്നുണ്ട് എന്നത് ഓര്‍ക്കേണ്ടതായിട്ടുണ്ട്. നല്ല മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം അന്തര്‍ലീനമായ ചുമതലയാണ് സത്യം വിളിച്ചുപറയുക എന്നത്. അത് സാധ്യമാകണമെങ്കില്‍ കമ്പോള താത്പര്യങ്ങള്‍ക്ക് പിന്നിലേക്ക് പോകണം. കമ്പോള താത്പര്യങ്ങളെ പൂര്‍ണമായി അവഗണിക്കാന്‍ ഒരുപക്ഷെ പലര്‍ക്കും കഴിയുന്നുണ്ടാകില്ല. എങ്കില്‍ പോലും രണ്ടിനുമിടയില്‍ ഒരു സമതുലിതാവസ്ഥ ഉണ്ടാക്കാനെങ്കിലും ശ്രമിക്കണം. സത്യത്തെ കമ്പോള താത്പര്യം പരിപൂര്‍ണമായി മൂടിക്കളയുന്ന ദുരവസ്ഥ ഉണ്ടാകരുത്. സമൂഹത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അവഗണിച്ച് പല മാധ്യമങ്ങളും വിപണിയുടേയും മൂലധന ശക്തികളുടേയും താത്പര്യങ്ങള്‍ മാത്രം പിന്തുടരുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്.

പല മാധ്യമങ്ങളും ഇന്ന് സര്‍ക്കാരുകള്‍ക്കോ അല്ലെങ്കില്‍ കോർപറേറ്റുകള്‍ക്കോ വേണ്ടി പൊതുജന സമ്പര്‍ക്കം നടത്തുന്ന അവസ്ഥയിലേക്കു പോലും ചെന്നെത്തിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ അധികാരത്തിന്റെ ഇടനാഴികളിലെ ഇടനിലക്കാരുടെ ജോലി ഏറ്റെടുക്കുന്നവരുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. വാര്‍ത്താവിതരണ സ്ഥാപനം ഒരു വിനോദ വ്യവസായത്തിന്റെ സഹോദര സ്ഥാപനമായി മാറുന്നു. വാര്‍ത്താ സ്ഥാപനത്തിന് സ്വന്തം നിലയ്ക്ക് ലാഭമുണ്ടാക്കുക എളുപ്പമല്ല. ആ ജോലി പ്രധാനമായും സഹോദര സ്ഥാപനമായി നിലകൊള്ളുന്ന എന്റര്‍ടെയിന്‍മെന്റ് ചാനലാണ് നിർവഹിക്കുന്നത്. ഇടയ്ക്കിടെ ഇവ തമ്മിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതാവുകയും വാര്‍ത്തകളില്‍ പോലും വിനോദത്തിന്റെ താത്പര്യങ്ങള്‍ കടന്നുവരികയും ചെയ്യുന്നു. അപ്പോള്‍ സത്യമറിയിക്കുന്നതിനപ്പുറം ആസ്വദിപ്പിക്കല്‍ എന്നതാവുന്നു ചാനലുകളുടെ താത്പര്യം. അങ്ങനെ വരുമ്പോള്‍ വാര്‍ത്തകളുടെ വസ്തുനിഷ്ഠതകളല്ല മറിച്ച് വാര്‍ത്തകളുടെ ആസ്വാദനക്ഷമതയാണ് പ്രധാനമെന്ന് വരുന്നു. എങ്ങനെ സത്യമറിയിപ്പിക്കാം എങ്ങനെ സത്യമറിയിക്കാം എന്നത് എങ്ങനെ ആസ്വദിപ്പിക്കാം എന്നിടത്തേക്ക് മാറുമ്പോള്‍ മാധ്യമ ധര്‍മ്മം സ്വാഭാവികമായും പിന്നിലേക്ക് തള്ളപ്പെട്ടു പോകുന്നു. ലാഭത്തിനു വേണ്ടിയുള്ള ലാക്ക് മുന്‍നിരയില്‍ നിന്ന് നയിക്കുന്നു. മാധ്യമങ്ങള്‍ക്ക് വസ്തുതകള്‍ പ്രശ്‌നമല്ല എന്നു വരാന്‍ പാടില്ല. മുന്‍വിധികളും വികാരങ്ങളും താത്പര്യങ്ങളും അനുസരിച്ച് നിര്‍മ്മിക്കപ്പെടുന്ന വ്യാജ വാര്‍ത്തകള്‍ ധാരാളമായി പല മാധ്യമങ്ങളിലും വരുന്നു. ഇന്ത്യയിലെ പല പ്രധാന മാധ്യമങ്ങളും രാഷ്ട്രീയ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി വ്യാജ വാര്‍ത്തകളുടെ ലോകം നിര്‍മ്മിക്കാനുള്ള മത്സരത്തിലാണ്.

പെയ്ഡ് ന്യൂസിനെ പറ്റി നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്. വാര്‍ത്ത വരാനും, വാര്‍ത്ത വരാതിരിക്കാനും, വ്യാജ വാര്‍ത്ത കൊടുക്കാനും ഒക്കെ പണം മാനദണ്ഡമാകുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. പരസ്യം കൊടുത്ത് പ്രീതിപ്പെടുത്തിയില്ലെങ്കില്‍ സ്ഥാപനങ്ങളെ വാര്‍ത്തകള്‍ കൊണ്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന നിലപോലും ചിലയിടങ്ങളില്‍ ഉണ്ടാകുന്നു.

കര്‍ഷകരുടെ കൂട്ട ആത്മഹത്യ കവര്‍ ചെയ്യാന്‍ ലേഖകര്‍ ഇല്ലാതെ വരികയും മുംബൈയില്‍ ഫാഷന്‍ ഷോ കവര്‍ ചെയ്യാന്‍ പത്രപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പോകുകയും ചെയ്‌തൊരു സംഭവം കുറേ മുമ്പ് പി.സായ്‌നാഥ് ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രാമീണ ഇന്ത്യയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ രേഖപ്പെടുത്തുന്ന നമ്മുടെ രാജ്യത്തെ ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണല്ലോ സായ്‌നാഥ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 75% ഇന്ത്യന്‍ ഗ്രാമങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതേയില്ല. സിഎംഎസ് സർവേ പ്രകാരം കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ കൊടുക്കുന്ന ഇടം, മൊത്തം വാര്‍ത്തകളുടെ അര ശതമാനം പോലും വരില്ല. ഈ സ്ഥിതിയില്‍ മാറ്റം വരണം. രാജ്യത്താകെയുള്ള ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആ നിലയ്ക്ക് ഉത്തരവാദിത്തപൂര്‍ണമായ ഒരു മാധ്യമ സംസ്‌കാരം ഇവിടെ രൂപപ്പെടേണ്ടതായിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ ദേശീയ തലത്തിലുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ വ്യാപാര താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുടെ പത്രങ്ങളെ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് പ്രൈവറ്റ് ട്രീറ്റീ ജേര്‍ണലിസം എന്നൊന്ന് ഉയര്‍ന്നു വന്നിരിക്കുന്നു. ബിസിനസ് സ്ഥാപനങ്ങളും മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയൊരു മാധ്യമപ്രവര്‍ത്തന രീതിയാണത്. സാമ്പത്തികമായി തകര്‍ച്ചയിലായ കമ്പനിയെക്കുറിച്ച് ഭദ്രമായ സാമ്പത്തിക നിലയുള്ള കമ്പനിയെന്ന നിലയില്‍ പത്രം വാര്‍ത്തകൊടുക്കുന്നു. അങ്ങനെ ആ കമ്പനിയെ ഓഹരിക്കമ്പോളത്തില്‍ ഉയര്‍ത്തിയെടുക്കുന്നു. ഇതിന് പ്രത്യുപകാരമായി പത്രം കമ്പനിയുടെ ഓഹരികള്‍ കൈപ്പറ്റുന്നു. ഇങ്ങനെയൊക്കെ പലതരം ജീര്‍ണതകളിലേക്ക് മാധ്യമപ്രവര്‍ത്തനം കടന്നു ചെല്ലുന്ന കാലവും കൂടിയാണിത്.

pinarayi vijayan, shaji vikraman, sanjay mohan, hareesh damodaran,
ഇന്ത്യൻ എക്സ്‌പ്രസ്സിലെ മാധ്യമ പ്രവർത്തകരായ ഷാജി വിക്രമൻ, സഞ്ജയ് മോഹൻ, ഹരീഷ് ദാമോദരൻ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയനുമായുളള സംഭാഷണം

വലിയ മൂലധനം ആവശ്യമില്ലാത്തതുകൊണ്ട് ധാരാളമായി ഓണ്‍ലൈന്‍ പത്രങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനത്തേയും മറ്റേതൊരു മേഖലയേയും എന്ന പോലെ ഗുണകരമായും ദോഷകരമായും ഉപയോഗിക്കാം. കിംവദന്തിയും അർധ സത്യങ്ങളും കൊണ്ട് തലക്കെട്ടു നിറയ്ക്കുന്ന ക്ലിക്ക്‌ബെയ്റ്റ് ജേണലിസമാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും നടത്തുന്നത്. ചെറുകിടക്കാര്‍ മാത്രമല്ല, ചെറിയ മാധ്യമ സംരംഭങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം, തന്നെ ചില നല്ല മുന്നേറ്റങ്ങളും ഈ പുതിയ ഇടങ്ങളില്‍ നിന്ന് വരുന്നുണ്ട്. കച്ചവട താത്പര്യങ്ങള്‍ ഇല്ലാതെ തന്നെ എഡിറ്റോറിയല്‍ ജോലി നടത്താമെന്ന സ്വാതന്ത്ര്യം മുമ്പെങ്ങും ഇല്ലാത്ത വിധം ഒരവസരം ഒരുക്കിയിട്ടുണ്ട്. ഈ അവസരം മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സാമൂഹ്യ ജീവിതത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന മൂല്യങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള ഇടമായി ഇത് ഫലപ്രദമായി ഉപയോഗപ്പെടുന്നുണ്ട്. സോഷ്യല്‍മീഡിയയുടെ ഒരു പ്രത്യേകത ഏതൊരാള്‍ക്കും തന്റെ അഭിപ്രായം ഒരു എഡിറ്ററുടേയും അനുമതിക്ക് കാത്തുനില്‍ക്കാതെ പോസ്റ്റു ചെയ്യാം എന്നതാണ്. കൈയ്യില്‍ ആധുനിക മൊബൈല്‍ ഫോണുള്ള ഏതൊരാളും ഇന്ന് മാധ്യമ പ്രവര്‍ത്തകരാണ്. അത്തരം മാധ്യമപ്രവര്‍ത്തകരുടെ ഇടപെടല്‍ കൊണ്ടാണ് ഡല്‍ഹിയില്‍ നിര്‍ഭയ സംഭവത്തില്‍ ആയിരക്കണക്കിനാളുകള്‍ ഒറ്റരാത്രികൊണ്ട് പ്രതിഷേധവുമായി ഇരമ്പിയെത്തിയത്. ഈ വിധത്തില്‍ സാമൂഹ്യ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഓരോ പൗരനും ഇടപെടാവുന്ന ഒരവസ്ഥ ഇപ്പോള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് മറച്ചുവയ്ക്കാനാകാത്ത വിധത്തില്‍ പലതിനേയും പുറത്തുകൊണ്ടുവരാന്‍ ഇന്നു കഴിയുന്നുണ്ട്. ഈ സാധ്യത നമ്മുടെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും അനുകൂലമാം വിധം ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസ്സ് ജനാധിപത്യ ധ്വംസനത്തിനെതിരായി പോരാടിയ ചരിത്രമുള്ള പത്രമാണ്. ഇവിടെ നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ അടിയന്തരാവസ്ഥക്കാലത്ത് എഡിറ്റോറിയല്‍ സ്ഥലം ഒഴിച്ചിട്ട് പത്രമിറക്കാന്‍ ധൈര്യം കാട്ടിയ സ്ഥാപനം. അത്തരം പാരമ്പര്യമുള്ള പത്രം മലയാളത്തില്‍ ഓണ്‍ലൈന്‍ പത്രമിറക്കുമ്പോള്‍ സ്വാഭാവികമായും ജനാധിപത്യവാദികളും മതനിരപേക്ഷവാദികളും ആഹ്‌ളാദിക്കും. ഏറെ പ്രതീക്ഷിക്കും. ആ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ ഈ ഓണ്‍ലൈന്‍ പത്രത്തിന് സാധിക്കണം. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഇന്ന് ഏറ്റവും ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നതെന്ന് പ്രത്യേകമായി പറയേണ്ടതില്ല. ഗോവിന്ദ് പന്‍സാരെ മുതല്‍ ഗൗരി ലങ്കേഷ് വരെ പിടഞ്ഞുവീണു മരിച്ച ഒരു ഘട്ടമാണിത്. കെ.എസ്.ഭഗവാനെ പോലെയുള്ളവര്‍ മരണ വാറണ്ട് നേരിടുന്ന ഘട്ടം. എന്തെഴുതണമെന്നും എന്തു വായിക്കണമെന്നും എന്ത് ആസ്വദിക്കണമെന്നും എന്ത് കഴിക്കണമെന്നുമൊക്കെ മറ്റാരോ കല്‍പ്പിക്കും എന്നുവരുന്ന ഘട്ടം. നമ്മുടെ സംസ്‌കാരത്തിന്റെ ബഹുസ്വരതയെ ഏകശിലാ രൂപത്തിലുള്ള വര്‍ഗീയതയുടെ കിരാതത്വം ഇല്ലായ്മ ചെയ്യാന്‍ നിഷ്ഠൂരമായി ശ്രമിക്കുന്ന ഘട്ടം. ഇത്തരമൊരു ഘട്ടത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഓണ്‍ലൈന്‍ പത്രം മതനിരപേക്ഷതയേയും ജനാധിപത്യത്തേയും ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ഇതുരണ്ടും അപകടപ്പെട്ടാല്‍ മാധ്യമ സ്വാതന്ത്ര്യമെന്നൊന്ന് നിലനില്‍ക്കില്ല എന്ന് ഓർമിക്കണം. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ധീരമായ നിലപാടുകള്‍ കൊണ്ട് വ്യത്യസ്തമായി നില്‍ക്കണം. കാലഘട്ടത്തിന്റെ ദുഷിപ്പുകളെ പുറത്തുകൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ ശ്രദ്ധിക്കണം. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ ഒരുമയ്ക്കും എതിരു നില്‍ക്കുന്ന ശക്തികളെ എതിര്‍ക്കുന്നതില്‍ നിഷ്പക്ഷത കാണിക്കേണ്ടതില്ല. അവിടെ വ്യക്തമായ നിലപാടുണ്ടാകണം.

*ഐ ഇ മലയാളത്തിന്രെ ആപ്പ്, കേരളം @ 60 വിഡിയോ റീലിസ് എന്നിവ നിർവഹിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Technology should help enhance credibility pinarayi vijayan iemalayalam app launch