അഭിപ്രായ സ്വാതന്ത്ര്യത്തെ ഭരണകൂടം അടിച്ചമര്‍ത്തുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. എഴുത്തുകാരെ വരുതിയിലാക്കി നിശബ്ദരാക്കുന്നതിന് ഉതകുന്ന ഭരണഘടന, നിയമങ്ങള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ ഒരു കൃതി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അതിന്റെ പ്രസാധകരെ ലക്ഷ്യമിടുന്നതിലൂടെ അടിച്ചമര്‍ത്തല്‍ പ്രക്രിയ ഭംഗിയായി പൂര്‍ത്തീകരിക്കുന്നതില്‍ കേരള സര്‍ക്കാര്‍ ഒരുപടി കൂടി മുന്നോട്ടു പോയ കാഴ്ചയാണ് നിലവില്‍.
സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു എന്ന ‘കുറ്റകൃത്യ’ത്തിന്റെ പേരില്‍ ജൂണ്‍ ആദ്യവാരം മലയാളത്തിലെ പ്രമുഖ പ്രസാധകരായ കറന്റ് ബുക്സിന്റെ ഓഫീസ് കേരളാ പൊലീസ് റെയ്ഡ് ചെയ്തു. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധേയനായ ജേക്കബ് തോമസ് കഴിഞ്ഞ 18 മാസമായി സസ്പെഷന്നിലാണ്. തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, സര്‍വ്വീസ് നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരം, ആഭ്യന്തര വകുപ്പില്‍ നിന്നും അനുമതി വാങ്ങിയില്ല, ചുമതലകളുടെ ഭാഗമായി തനിക്ക് അറിവുള്ള ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തി എന്നിവയാണ് അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ‘കുറ്റം.’ ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കറന്റ് ബുക്സിനെതിരായി നടന്ന നടപടി, ജേക്കബ് തോമസ് നടത്തിയ സര്‍വ്വീസ് ചട്ടലംഘനം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമാണ് എന്നാണ് അവകാശപ്പെടുന്നത്. പുസ്തകത്തിന്റെ കമ്പോസിംഗ്, പ്രൂഫ് റീഡിങ്, എഡിറ്റിങ് തുടങ്ങിയവയുടെ ഭാഗമായി പ്രവര്‍ത്തിച്ചവരുടെ മൊഴി രേഖപ്പെടുത്തുന്നതിനും മറ്റുമായി നാല് മണിക്കൂര്‍ സമയമാണ് പൊലീസ് ചെലവഴിച്ചത്. പ്രസാധകരും എഴുത്തുകാരനും തമ്മില്‍ നടന്ന എല്ലാ കത്തിടപാടുകളും അവര്‍ ആവശ്യപ്പെട്ടു.
Read in English : Publish And Perish
പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ച് (2017 മെയ് മാസം) രണ്ട് വര്‍ഷങ്ങൾ കഴിയുമ്പോഴാണ് പോലീസ് നടപടി. കറന്റ് ബുക്സ് മാനേജിങ് ഡയറക്ടര്‍ പെപ്പിന് തോമസും പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ ജോണിയും ചൂണ്ടിക്കാട്ടിയതു പോലെ, ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള വിവാദ വിഷയങ്ങളും പുസ്തകത്തില്‍ ഉണ്ട് എന്ന് ആരോപിക്കപ്പെടുന്നില്ല, മറിച്ച്, ഭരണകൂടവും എഴുത്തുകാരനും/ഉദ്യോഗസ്ഥനും തമ്മിലുള്ള ഒരു തര്‍ക്കത്തിലേക്ക് പ്രസാധകനും വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ്.
സെന്‍സര്‍ഷിപ്പ് എന്നത് സാധാരണ ഗതിയില്‍ എഴുത്തുകാരനും ഭരണകൂടവും ഉള്‍പ്പെടുന്ന ഒരു പ്രക്രിയയാണ്. മറ്റുള്ള പങ്കാളികള്‍ അതില്‍ ഭാഗഭാക്കാകാറില്ല. ഇതിനു മുമ്പും പ്രസാധകർക്ക് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് നേരാണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് അവരുടെ എ.കെ രാമാനുജന് ആന്തോളജി പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതും പെന്ഗ്വിന് ബുക്സ് വെന്‍ഡി ഡോണിഗറുഡെ പുസ്തകം പിന്‍വലിക്കേണ്ടി വന്നതുമെല്ലാം ഇതിന്റെ സമീപകാല ഉദാഹരണങ്ങളാണ്. എന്നാല്‍ അവര്‍ക്കെതിരെ ഒന്നും പൊലീസ് നടപടികള്‍ ഉണ്ടായിട്ടില്ല. പൊതുജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ഈ പ്രസാധക സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ഒരു നടപടി കൈക്കൊണ്ടത്. ആവശ്യമെങ്കില്‍ ഭരണകൂട പീഡനത്തെ അഭിമുഖീകരിച്ച് സ്വന്തമായി പിടിച്ച് നില്ക്കാവുന്ന, പ്രസിദ്ധീകരണ രംഗത്തെ വമ്പന്മാരായിരുന്നു ഇവര്‍. എന്നാല്‍ കേരളം ഇപ്പോള്‍ ചെയ്തത് സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ക്ക് പിന്നിലുള്ള, മുഖമില്ലാത്തവരും പേരില്ലാത്തവരുമായ കമ്പോസര്മാരുടേയും പ്രൂഫ് റീഡര്മാരുടേയും മേല്‍ അധികാരത്തിന്റെ നീരാളി പിടുത്തം വരിഞ്ഞുമുറുകുന്നു എന്നതാണ്. തീര്‍ത്തും വിചിത്രമായ ഒരു രീതിയില്‍, ഈ തൊഴിലാളികളുടെ മൂല്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
എഴുത്തുകാരന്റെ വ്യക്തിഗത-സൃഷ്ടിപരമായ ഭാവനയുടെ ഫലമായിട്ടല്ല, കമ്പോസിംഗ്, പ്രൂഫ് റീഡിങ്, എഡിറ്റിങ് എന്നിങ്ങനെ ഒന്നിലധികം പ്രക്രിയകള്‍ക്ക് വിധേയമായ ഒരു ഉത്പന്നമായാണ് സര്‍ക്കാര്‍ ഒരു കൃതിയെ കാണുന്നത് എന്ന് വ്യക്തമാണ്. സൈദ്ധാന്തികമായി പറഞ്ഞാല്‍ ഈ തലങ്ങളിലെല്ലാം ഈ സൃഷ്ടിയെ ‘സെന്‍സര്‍’ ചെയ്യാന്‍ സാധിക്കും. ജോലിയെ കുറിച്ച് ശ്രദ്ധാലുവായ ഒരു കമ്പോസറിന്, ഒരു വാചകം അച്ചടിക്കാന്‍ പോകുന്നതിന് മുമ്പ് അതിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കും. അത് പോലെ, പ്രൂഫ് റീഡര്ക്കോ എഡിറ്റര്‍ക്കോ എഡിറ്റിംഗ് എന്ന ജോലിയില്‍ സെന്‍സര്‍ ചെയ്യാന്‍ സാധിക്കും. അങ്ങനെ, പ്രസിദ്ധീകരണ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഉള്‍പ്പെടുന്ന ഓരോരുത്തരും സെന്‍സറിങ് നടത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നതു വഴി, കൃതി വിവിധ തലങ്ങളില്‍ ‘വെറ്റ്’ ചെയ്യപ്പെടുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുകയാണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ ആന്തരികമായി തന്നെ രചയിതാവ് സ്വീകരിച്ചു തുടങ്ങുമ്പോള്‍, വിയോജിപ്പിനോടുള്ള അസഹിഷ്ണുത ഗുരുതരമാകുകയും രചയിതാവ് സ്വയം-സെന്‍സര്‍ഷിപ്പ് പ്രയോഗിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. എപ്പോഴും ഫൗള്‍ മൂവ്സ് (തെറ്റായ നീക്കങ്ങള്‍) നിരീക്ഷിച്ചുകൊണ്ടേ ഇരിക്കുന്ന റഫറിയായി മത്സരത്തിലെ ഓരോ കളിക്കാരനും മാറുന്ന അവസ്ഥ വളരെ മോശമാണ്.
ഡി എച്ച് ലോറന്‍സിന്റെ ‘ലേഡി ചാറ്റര്‍ലിയുടെ കാമുകന്’ സെന്‍സര്‍ ചെയ്യാത്ത പകര്‍പ്പ് ആദ്യം ഇറ്റലിയില്‍ 1928-ല്‍ സ്വകാര്യമായി പ്രസിദ്ധീകരിച്ചു. ടൈപ്പ് സെറ്റ് ചെയ്തവര്‍ ഇറ്റാലിയന്‍ ഭാഷക്കാരായിരുന്നു എന്നത് സഹായിച്ചു എന്ന് പറയപ്പെടുന്നു. തങ്ങള്‍ കമ്പോസ് ചെയ്യുന്നത് എന്താണ് എന്ന് മനസിലാക്കിയാല്‍ അവര്‍ അതിനെ എതിര്‍ക്കുമെന്ന് പ്രസാധകര് ഭയപ്പെട്ടു. കമ്പോസ് ചെയ്യുന്നത് എന്താണ് എന്നറിയാതെ കമ്പോസ് ചെയ്യുന്ന ആളുകളെ തിരയാന്‍ ഇന്ത്യയിലെ എഴുത്തുകാരും നിര്‍ബന്ധിതരാകുന്ന ഒരു സാഹചര്യം ഉണ്ടാകുമോ?
ടൈപ്പ് സെറ്റ് ചെയ്യുന്നവരെ പോലും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന അടിയന്തരാവസ്ഥയുടെ ജൂണ്‍ മാസ വാര്‍ഷികത്തോട് അടുത്ത് തന്നെ കേരളത്തില്‍ ഒരു പ്രസാധകന് നേരെ ഇങ്ങനെ ഒരു നടപടി ഉണ്ടായത് യാദൃശ്ചികമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഏറെ സഹിച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംസ്ഥാനം ഭരിക്കുമ്പോഴാണ് ഇങ്ങനെയൊരു നീക്കം ഉണ്ടായത് എന്നത് കടുത്ത വിരോധാഭാസമാണ്.