scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ജാനുവിനെ ചൂണ്ടുമ്പോൾ നമ്മുക്ക് നേരെ നീളുന്ന വിരലുകൾ

സി കെ ജാനു വിമർശനത്തിന് അതീതയൊന്നുമല്ല, പക്ഷേ, ഇപ്പോൾ അവരെ വിമർശിക്കാനെടുക്കുന്ന അളവുകോലുകൾ വിമർശകരുടെ പ്രിവില്ലേജുകളിൽ രൂപപ്പെടുന്നത് മാത്രമാണ്, സോഷ്യൽ മീഡയകളിൽ നടക്കുന്ന ജാനുവിചാരണയെ കുറിച്ച് ഒരു വ്യത്യസ്ത നിരീക്ഷണം

ck janu, muthanga, car,

ജാനുവിന്റെ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന അഭിമുഖത്തിലെ കർഷക വിരുദ്ധതയെ കുറിച്ചുള്ള വിമർശനങ്ങൾ കാണാതെ പോവുന്നത് ആദിവാസി രാഷ്ട്രീയത്തിന്റെ ചരിത്രം കൂടിയാണ്. ആഗോളവത്കരണ കാലത്തു കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് നല്ല ബോധ്യമുണ്ട്.അത് കൊണ്ട് തന്നെ കർഷകർ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ അതീവ ഗൗരവതരമാണ് എന്നതിൽ സംശയവുമില്ല.എന്നാൽ ഒരു ആദിവാസിയുടെ മുന്നിൽ കർഷകൻ എന്നത് ഇത്തരം ഏകതാനമായ ബോധ്യം മാത്രമാണോ?അവരുടെ ചരിത്രപരമായ അനുഭവത്തിൽ ഉള്ള ഒരു കർഷകനും അവരുടെ മുന്നിൽ കാണില്ലേ?
കെ. ജെ. ബേബി ‘മാവേലി മന്റം’ എന്ന നോവലില്‍ അമ്പു നായര്‍ എന്ന ഉടമ എട്ട് ഉറുപ്പികക്ക് കൈപ്പാടന്‍ എന്ന അടിമയെ സുബ്ബരായ പട്ടര്‍ക്ക് പണയം വെച്ചതുമായി ബന്ധപ്പട്ടു വയനാട് തുക്കിടി കോടതിയിലെ 1834 ലെ രേഖ ഉദ്ധരിക്കുന്നുണ്ട്.ഇത്തരം അടിമകളെ കൈമാറ്റം ചെയ്തത് വള്ളിയൂര്‍ക്കാവ് ഉത്സവത്തിനാണ്.

മാനന്തവാടിയിലെ പ്രമുഖ ജന്മി കുടിയേറ്റക്കാരനായ ഒരു ക്രിസ്ത്യാനിക്ക് സ്ഥലം വില്‍പ്പന നടത്തിയപ്പോള്‍ ആധാരവ്യവസ്ഥയില്‍ ‘600 ഏക്കര്‍ സ്ഥലവും 60 ആദിവാസികുടുംബവും എന്ന് രേഖപെടുത്തിയതിനെ കുറിച്ചും ബേബി പറയുന്നുണ്ട്.
കർഷകർ കുടകിലെ ഇഞ്ചിത്തോട്ടങ്ങളിൽ (അടിമ)പണിക്ക് കൊണ്ടുപോയ എത്ര ആദിവാസികളിൽ ആത്മഹത്യാ/കൊലപാതകം/ കാണാതായവർ എത്ര?എന്നു കുടകിലെ ഇഞ്ചി തോട്ടങ്ങളിൽ കാണാതായ ആദിവാസികളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ആദിവാസി സംഘടനകൾ 2011 ൽ വിളിച്ചു കൂടിയ പബ്ലിക്ക് ഹിയറിങ്ങിന്റെ ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം റൈറ്റ്സിലെ വി ബി അജയകുമാർ ചോദിക്കുന്ന ചോദ്യവുമുണ്ട്.

മുത്തങ്ങ സമരം പൊലീസ് അടിച്ചമര്‍ത്തിയശേഷം അറസ്റ്റ് ചെയ്ത് സി കെ ജാനുവിന്റെ അടിക്കൊണ്ട് വീര്‍ത്ത മുഖത്തെ കുറിച്ചുള്ള ചോദ്യത്തിന് പോലീസ് നൽകിയ മറുപടി നാട്ടുകാര്‍ കൈകാര്യം ചെയ്തത്തതാണ് എന്നാണ്. ആരാണ് ഈ വായനാടിലെ നാട്ടുകാർ എന്ന നിർണായകമായ ചോദ്യവുമുണ്ട്. ആ ചോദ്യം ഉത്തരം കിട്ടാതെ ഇന്നും അലയുന്നുണ്ട്. പിന്നീടും ഇതേ ചോദ്യം ഉയർന്നിട്ടുണ്ട് പല തവണ. അതിലൊന്ന് തിരുവനന്തപുരം -കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ്. ദലിത് സംഘടനായ ഡി എച്ച് ആർ എം പ്രവർത്തകരെ കുറേയാളുകൾ മർദ്ദിച്ചപ്പോൾ വാർത്ത വന്നത് നാട്ടുകാർ മർദ്ദിച്ചുവെന്നാണ്. അതേ പ്രദേശത്തെ തലമുറകളായി സ്ഥിരതാമസക്കാരാണ് ഡി എച്ച് ആർ എം പ്രവർത്തകർ എന്നു കൂടെ ഓർമ്മിക്കുക. കാണുമ്പോൾ എല്ലാം കാണണം. അത്ര മാത്രമേ പറയുന്നുള്ളൂ.
ഭൂ അധികാര രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ പെട്ടെന്നു വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെല്ലാം കക്ഷി രാഷ്ട്രീയ ഭേദം മറന്നു എല്ലാവരും ഒരു പോലെ പെരുമാറുന്നവരാണ് ചുറ്റിലുമെന്നാണ് അനുഭവം. ആ രാഷ്ട്രീയം ഉയർത്തുന്ന വംശീയതയാണ് ആദിവാസികളെ അപരവത്കരിച്ചത്. നല്ലതമ്പി തേര എന്ന വ്യക്തിയും വ്യവസ്ഥാപിതമല്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സാഹസികത നിറഞ്ഞതും അല്ലാത്തതുമായ സമരങ്ങളും രാഷ്ട്രീയപാർട്ടികളുടെ ഒക്കത്തിരിക്കാത്ത ആദിവാസി, ദലിത് സംഘടനകളും മാത്രമാണ് കേരള രൂപീകരണത്തിന് ശേഷം ഭൂ പ്രശ്നം ഒരു വിഷയമായി, ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടുളളൂവെന്നാണ് തോന്നുന്നുത്. ഭൂ പരിഷ്ക്കരണം അതിന്റെ സ്വഭാവം മാറിയതെങ്ങനെയന്ന് ചരിത്രം പറയുന്നുണ്ട്.

ഡോക്ടർ നല്ലതമ്പി തേരാ കൊടുത്ത കേസിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി വിധി മറികടക്കാൻ എൽ ഡി എഫും യു ഡി എഫും കൂടി ഏകകണ്ഠമായി കൊണ്ട് വന്ന1999ലെ നിയമം ( Kerala Scheduled Tribes (Restriction on Transfer of Land and Restoration of Alienated Lands) Amendment Bill, 1999 act)ന്റെ ഹിംസാത്മകതയാണ് സി കെ ജാനുമാരെ സൃഷ്‌ടിച്ചത്‌.

അന്യാധീനപ്പെട്ട ഭുമിക്ക് പകരം ഭുമി എന്ന ആശയമാണ് ഈ നിയമം മുന്നോട്ട് വെച്ചത്. പകരം ഭൂമി ഈ നിയമം നടപ്പാക്കി കാലം വളരെ കഴിഞ്ഞും ഇന്നും കൊടുത്തിട്ടുമില്ല എന്ന യാഥാർഥ്യം നിലനിൽക്കുകയും ചെയ്യുന്നു. ആരാണ് ജാനു? എന്ത് കൊണ്ട് ജാനു? എവിടെയാണ് ജാനു? എന്നൊക്കെ ചോദിക്കും മുൻപ്,ആദ്യം ചോദിക്കേണ്ടത് ആരാണ് നമ്മൾ? എന്ത് കൊണ്ട് നമ്മൾ? എവിടെയാണ് നമ്മൾ? എന്ന ചോദ്യങ്ങളാണ്.

ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കാതെയുള്ള വിധിക്കലുകൾ ആണ് എന്നെ സംശയാലുവാക്കുന്നത്. തീർച്ചയായും സംഘപരിവാറിന്റെ വംശീയത എതിർക്കപ്പെടണം. എന്നാൽ അത് മറ്റൊരു വംശീയതയുടെ തോളിൽ കയ്യിട്ടു കൊണ്ടാവരുത്.
ഇടതു വലതു ഭേദമില്ലാതെ കേരളീയ പൊതു സമൂഹം ആദിവാസി സമൂഹത്തെ വഞ്ചിച്ചതിന്റെ ചരിത്രം ചുരുക്കി പറയാം:

ആദിവാസി താല്പര്യം മുൻനിർത്തിയിരുന്ന Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975നെ മറികടക്കാൻ ഇടതു പക്ഷവും വലത് പക്ഷവും കൂടി ഏകകണ്ഠമായി കൊണ്ടുവന്ന Kerala Scheduled Tribes (Restriction on Transfer of Land and Restoration of Alienated Lands) Amendment Bill, 1999 Act ന്റെ ലഘു ചരിത്രമാണ് അത്. 1975ലെ നിയമം അട്ടിമറിച്ചു കൊണ്ടുവന്ന 1996ലെ നിയമം, കോൺഗ്രസ്, കേരളകോൺഗ്രസ് , മുസ്ലിം ലീഗ് തുടങ്ങിയ യുഡിഎഫി ലെ പാർട്ടികൾക്കൊപ്പം ചേർന്ന് പാസ്സാക്കിയത് എൽഡിഎഫ് കൂടിയായിരുന്നു . 1988 ഡോ നല്ലതമ്പി തേരാ കൊടുത്ത ഒരു കേസിൽ ആദിവാസികൾക്ക് അനുകൂലമായി വിധി വന്നത് അടിമറിക്കാൻ ആണ് ഈ നിയമം കൊണ്ടുവന്നത്. 1975ലെ നിയമം 1982 മുതൽ ആദിവാസി ഭുമി കൈമാറ്റം നിരോധിച്ചു. ഇതു കുടാതെ 1960 -1982 കാലത്തെ ഭുമി കൈമാറ്റം ഈ നിയമം അസാധുവാക്കി.ഡോ നല്ലതമ്പി തേരാ കൊടുത്ത കേസിൽ ആറ് മാസത്തിന്നകം ആദിവാസികൾക്ക് അന്യധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കാൻ കോടതി വിധിച്ചു. ഇതു നടപ്പാക്കാൻ സർക്കാർ നടപടി എടുത്തില്ല. 1996 തിരഞ്ഞെടുപ്പിന് മുമ്പ് യു ഡിഎഫ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഗവർണ്ണർ അനുവദിച്ചില്ല. തുടർന്നു തിരഞെടുപ്പിൽ ജയിച്ചു അധികാരത്തിൽ വന്ന എൽഡിഎഫ് ഒരു നിയമം കൊണ്ടുവന്നു. യുഡിഎഫ് പാർട്ടികളിൽ ഗൗരിയമ്മ മാത്രം ബില്ലിനെ എതിർത്തു. അന്യാധീനപ്പെട്ട ഭുമിക്ക് പകരം ഭുമി എന്ന ആശയമാണ് ഈ നിയമം മുന്നോട്ട് വെച്ചത്. അതായത് ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭുമിയിൽ നിയമപരമായ അവകാശം നഷ്ടപെടും (പകരം ഭൂമി നിയമം നടപ്പാക്കി കാലം വളരെ കഴിഞ്ഞും ഇന്നും എല്ലാ ആദിവാസികൾക്കും കൊടുത്തുട്ടുമില്ല, കൊടുത്ത ചെറിയൊരു വിഭാഗത്തിന് തന്നെ ഉപയോഗയോഗ്യമായ ഭൂമി എത്രയുണ്ടെന്നതും തിട്ടമില്ല) . ഈ നിയമം ശരിക്കും ആദിവാസികൾക്ക് നേരെ നടന്ന അക്രമങ്ങളെയും ഭുമി കൈയേറ്റങ്ങളെയും സാധുകരിക്കുന്നു.ആദിവാസി സമരം ജാനുവിൽ തുടങ്ങി ജാനുവിൽ അവസാനിക്കുന്നതല്ല. പക്ഷേ കേരളീയ പൊതു സമൂഹത്തിനു മൊത്തം ഉത്തരവാദിത്വമുള്ള ഒന്നാണ്. അതിന്റെ മുകളിൽ കയറിയിരുന്നു ജാനുവിനെ വിധിക്കുന്ന ആ ഉളുപ്പില്ലായ്മയുടെ ആകെ തുകയാണ് അവരെ ഇപ്പോൾ വിധിക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന പൊതു സമൂഹം.

ck janu, sabloo thomas, tribal issues,
നമ്മൾ ചർച്ച ചെയ്യുന്ന കേവലമായ വ്യക്തിഗതമായ അനുഭവ പശ്ചാത്തലത്തിനപ്പുറം ഒരു സാമൂഹിക നീതിയുടെ പ്രശ്നവും ഉൾച്ചേർന്നിട്ടുണ്ട്.

ഒഡിഷയിലെ നിയാംഗരിയില്‍ വേദാന്ത മൈനിംഗ് കമ്പനിക്ക് എതിരെ അവിടത്തെ ആദിവാസികൾ പോരാടിയത് അതിനെ കേവലം പാരിസ്ഥിതിക പ്രശ്നമായി ചുരുക്കിയല്ല. അവരുടെ കമ്മ്യൂണിറ്റി റൈറ്റ്സ് ഉയർത്തിക്കാട്ടിയാണ് . അവിടെ സുപ്രീം കോടതി ഖനനാനുമതി നിഷേധിച്ചത് വനാവകാശ നിയമം ഉയര്‍ത്തിക്കാട്ടിയാണ്. വേദാന്ത കമ്പനിക്ക് നിയാംഗരിയില്‍ നിന്നും പിന്മാറേണ്ടിയും വന്നു.

അതിരപ്പള്ളി പദ്ധതി ഒരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, ഒരു സാമുഹ്യ നീതിയുടെ പ്രശ്നം കൂടിയാണ് എന്ന് കരുതുന്ന ഒരു വലിയ വിഭാഗമുണ്ട്. 2006ലെ വനാവകാശ നിയമവും കമ്യൂണിറ്റി റൈറ്റ്‌സ് അനുവദിച്ചിട്ടുണ്ട്. ഈ നിയമം നടപ്പാക്കിയ ഒമ്പത് ആദിവാസി ഊരുകള്‍ അതിരപ്പിളളി വാഴച്ചാല്‍ വനമേഖലയിലാണ്. ഈ മേഖലയുടെ സംരക്ഷണാധികാരം വനാവകാശ നിയമപ്രകാരം വാഴച്ചാല്‍ ഊരുകൂട്ടത്തിനാണ്. വനാവകാശ നിയമപ്രകാരം വനമേഖല വനേതര അവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിന് ഊരുകൂട്ടത്തിന്റെ അനുമതി നിര്‍ബന്ധമാണ്.

അംബേദ്‌കർ ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ നിർവചിക്കുന്നത് അതിന്റെ ശ്രേണീകൃതമായ സ്വഭാവം വിശദികരിച്ചാണ്. ശ്രേണീകൃത്യമായ ഈ സാമൂഹിക ഘടന തന്നെയാണ് കീഴ്‌നിലകളലെ അദൃശ്യതകൾ സൃഷ്‌ടിക്കുന്നത്‌. വികസന പരിപ്രേഷ്യങ്ങളിൽ ചിലർ പിന്തളളപ്പെട്ടു പോവുന്നത് ഈ അദൃശ്യതകൾ പ്രവർത്തിക്കുന്നത് കൊണ്ടാണ്.

നമ്മുടെ വികസന സങ്കല്പങ്ങളും പ്രവർത്തിക്കുന്നത് ഈ ശ്രേണീകൃതമായ ലോജിക്കിനുള്ളിലാണ്. നർമ്മദ തീരത്തയാലും, കൂടങ്കുളത്തായാലും കുടിയിറക്കപ്പെടുന്നവർ  കീഴ്‌നിലയിലുളളവരാകുന്നത്  ഈ ശ്രേണി നിലനിൽക്കുന്നത് കൊണ്ടാണ്. അത് കൊണ്ട് കേവലം കർഷക വിരുദ്ധമാണോ/അല്ലയോ എന്നതല്ല നമ്മുടെ ലോജിക്കിന് ഈ ശ്രേണിയെ മറികടക്കാനാവുന്നുണ്ടോ എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്.

ദലിതരുടെ ഭൂരാഹിത്യത്തിന്റെ പിന്നിലെ ചരിത്രപരമായ കാരണങ്ങൾ അഭിമുഖീകരിക്കാനാണ് ദലിതർക്ക് ഉൽപ്പാദനക്ഷമമായ ഭൂമി കൊടുക്കണമെന്ന ആവശ്യം ഉണ്ടാവുന്നത്.ആദിവാസികളുടെ കാര്യത്തിൽ കൈവശമുള്ള ഭൂമി സംരക്ഷിക്കണം എന്നതാണ് ആവശ്യം.

പാട്ട ഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യത്തിനു ദലിതരെ ഉൾകൊള്ളാൻ കഴിയാതെ പോയത്, ദലിതരെ കർഷക തൊഴിലാളിയല്ലാതെ കർഷകനാവാൻ അനുവദിക്കാതെ പോയ പാരമ്പര്യനിയമങ്ങൾ ആയിരുന്നു, അവനെ കുടികിടപ്പ് എന്ന പരിമിതിയിലേയ്ക്ക് ഭൂമിക്ക് മേൽ അധ്വാനപരമായ ബന്ധം ഉണ്ടായിട്ടും പരിമിതപ്പെടുത്തിയത്എന്ന തിരിച്ചറിവില്ലാത്ത പോയതാണ്. രാജസ്വം, ദേവസ്വം എന്നിങ്ങനെ അടയാളപ്പെടുത്തിയ ഭൂമിയിൽ അവനു അവകാശം നൽക്കാത്തത് പാരമ്പര്യ നിയമങ്ങൾ ആയിരുന്നു. അത് കൊണ്ടാണ് ദലിതർ പരിമിതമായ ഭൂമിയിൽ ഒതുങ്ങിയത്. ജാതീയമായ ശ്രേണീ വ്യവസ്ഥയും അധികാര കേന്ദ്രീകരണവും ഈ​ ഭൂ രാഹിത്യത്തിന്റെ അച്ചുതണ്ട്.

ആദിവാസിക്ക് പരമ്പരാഗതമായി ഭൂമിയുണ്ടായിരുന്നു. അവർക്ക് അത് ഇല്ലാതെആക്കിയത് ആഭ്യന്തര കുടിയേറ്റത്തിന്റെ ഹിംസയാണ്.

`ഞാനും മറിയാമ്മയും ഒരു ട്രങ്ക് പെട്ടിയുമായി മലകയറി’ എന്ന് കർഷകന്റെ സാഹസികതയെ’ വാഴ്ത്തുന്ന കാല്പനിക വ്യവഹാരങ്ങൾ കാണാതെ പോവുന്നത് കൂടെ ചില അധികാര കേന്ദ്രങ്ങൾ കൂടി മലകയറുന്നുണ്ട് എന്നാണ് ദലിത് ചിന്തകനായ സണ്ണി എം കപിക്കാട് ഒരു പ്രഭാഷണത്തിൽ പറഞ്ഞത്. പള്ളിയും,കേരള കോണ്‍ഗ്രസ്സും, ബന്ധുവായ പോലീസും എന്നാണ് ഇതിനെ സണ്ണി വിശേഷിപ്പിക്കുന്നത്.

കർഷകർ ആത്മത്യ ചെയ്യുന്നത് മനസിലാവില്ല എന്ന് ജാനു പറഞ്ഞതിൽ തീർച്ചയായും ഒരു ഇൻസെൻസ്റ്റിവിറ്റിയുണ്ട് എന്ന് വളരെ സാർവ്വലൗകികമായ നമ്മുടെ അനുഭവ പരിസരത്തിൽ നിന്നും വാദിക്കാം. എന്നാൽ അത്തരം ഒരു സാർവ്വലൗകികമായ അനുഭവപരിസരത്തു നിന്നല്ല ജാനു വരുന്നത്. പലപ്പോഴും നമ്മുടെ സർവ്വലൗകികമായ അനുഭവപരിസരങ്ങൾ അദൃശ്യമാക്കിയ വിഭജിതവും മുറിവേറ്റതുമായ ഒരു അനുഭവ ചരിത്രം അവർക്കുണ്ട്.ആ പരിസരത്തു കർഷകൻ എന്നത് ആഗോളവത്കരണകാലത്തു കടക്കെണിയിൽപ്പെട്ടു പോയ ഒരു സ്വത്വം മാത്രമല്ല. ഭൂതകാലത്തു താങ്കളെ അടിമകളാക്കുകയും തങ്ങളുടെ ഭൂമിയിൽ നിന്നും അന്യരാക്കുകയും ചെയ്ത, വർത്തമാനകാലത്തും തങ്ങളുടെ ജീവിതത്തെ പരിഹസിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു ജനതയുടെ പ്രാതിനിധ്യം കൂടി അവർക്കുണ്ട് എന്ന തിരിച്ചറിവ് ജാനുവിന്റെ പ്രതികരണത്തിലെ നിഷേധാത്മകമായ പ്രതിഷേധത്തിന്റെ അടിത്തട്ടിലുണ്ടാകാം. അത് സ്വാഭാവികവുമാണ്. ഇത് വർഷങ്ങളുടെ നീണ്ടതും തുടരുന്നതുമായ സഹനങ്ങളുടെ പുറത്താണ് ജാനുവിന്റെ പരാമർശം. ജാനുവിനെ വിമർശിക്കുന്നവർക്കുളള പ്രിവില്ലേജുകളൊന്നും ജാനുവിന് ഇല്ല എന്നുകൂടെ ആലോചിക്കേണ്ടതില്ലേ.

വീണ്ടും അംബേദ്‌കർ പറഞ്ഞ ശ്രേണീകൃത വിവേചനത്തിന്റെ പരിസരം എങ്ങനെ സമൂഹത്തിൽ പ്രവർത്തിക്കുന്നുവെന്നതിലേക്ക് വരാം.മുകളിലേക്ക് പോകും തോറും ബഹുമാനവും താഴോട്ട് പോകും തോറും അവജ്ഞയും ഉണ്ടാക്കുന്ന ഒരു ശ്രേണികൃതമായ വിവേചനമാണ് (structured discrimination) ജാതി വ്യവസ്ഥ സൃഷ്ടിക്കുന്നത് എന്നു അംബേദ്ക്കർ എഴുതിയിട്ടുണ്ടല്ലോ. അത്തരം ഒരു വ്യവസ്ഥയുടെ കീഴ്‌നിലയിലാണ് ആദിവാസികൾ. അത് സൃഷ്‌ടിക്കുന്ന അദൃശ്യതയാണ് വയനാടിൽ നിന്നും കർഷകർ കുടകിലെ ഇഞ്ചിത്തോട്ടങ്ങളിൽ (അടിമ) പണിക്ക് കൊണ്ടുപോയ ആദിവാസികളുടെ ദുരൂഹ മരണങ്ങൾ, ആത്മഹത്യകൾ, എന്നിവ കർഷക ആത്മഹത്യകളെ പോലെ ചർച്ച വിഷയമായി തീരാത്തിതന് കാരണമായത്. കുടകിലെ ഇഞ്ചി തോട്ടങ്ങളിൽ കാണാതായ ആദിവാസികളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ആദിവാസി സംഘടനകൾ 2011 ൽ വിളിച്ചു കൂടിയ പബ്ലിക്ക് ഹിയറിങ്ങിന്റെ ഭാഗമായിരുന്ന തിരുവനന്തപുരം റൈറ്റ്സിലെ വി ബി അജയകുമാറിന്റെ ചോദ്യങ്ങൾക്ക് ആരും മറുപടി പറയാൻ മുതിരാതെ,കർഷക ആത്മഹത്യയെ കുറിച്ചുള്ള ജാനുവിന്റെ മാതൃഭൂമി അഭിമുഖത്തിലെ ഇൻസെൻസിറ്റിവിറ്റി മാത്രം ചർച്ച ചെയ്യുന്നത്. കാരണം ജാനുവിന്റെ ഇൻസെൻസിറ്റിവിറ്റി ചർച്ചയ്ക്ക് എടുക്കുന്നത് പോലെ എളുപ്പമല്ലല്ലോ ആദിവാസികളുടെ നേരെയുള്ള നമ്മുടെ ഇൻസെൻസിറ്റിവിറ്റി ചർച്ചയ്ക്ക് എടുക്കുക എന്നത്. കർഷക ആത്മഹത്യകൾ ചർച്ച ചെയ്യപ്പെടുമ്പോൾ പോലും ചർച്ച ചെയ്യാതെ പോകുന്ന ഒന്നാണ് ആദിവാസി സമൂഹത്തിലെ ആത്മഹത്യ പ്രവണത വർധിച്ചുവരുന്നത്. മൂന്ന് വർഷം മുമ്പ് ഇ. ജി ജോസഫ് നടത്തിയ ഒരു പഠനത്തിൽ വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ ആത്മഹത്യ നിരക്ക് വർധിക്കുന്നതിനെ കുറിച്ച പറഞ്ഞിരുന്നു. കിലയുടെ ഭാഗമായാണ് ഈ പഠനം നടത്തിയത്. ആ ആത്മഹത്യകളെ കുറിച്ചോ അതിനുളള​കാരണങ്ങളെ കുറിച്ചോ പൊതുസമൂഹം ചർച്ച ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോൾ കർഷക ആത്മഹത്യയുടെ പേരിൽ ജാനുവിനെതിരെ വാളെടുക്കുന്ന നമ്മൾ ഒന്ന് ആലോചിക്കേണ്ടതില്ലേ.

ck janu, tribal land issue,sabloo thomas
തീർച്ചയായും, ജാനു വിമർശനത്തിന് അതീതയാണ് എന്ന തീർപ്പല്ല ഈ ലേഖനം. അത്തരം ഒരു വിമർശനം ഉയർത്തുമ്പോൾ ആദിവാസി വിഷയത്തിൽ നമ്മുടെ ഇൻസെൻസിറ്റിവായ മൗനങ്ങൾ കൂടി ചർച്ചയാവണം. അത്ര മാത്രം. സംഘപരിവാറിന്റെ രാഷ്ട്രീയ ബോധ്യത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല.എന്നാൽ ഇതിന്റെ മറവിൽ ആദിവാസികളെ വംശ ഹത്യയുടെ വക്കില്ലേക്ക് തള്ളി വിട്ട ആഭ്യന്തര കുടിയേറ്റത്തിന്റെയും ഭരണകൂട അധികാരപ്രയോഗങ്ങളുടെയും ഹിംസയെ സാധുകരിക്കാനുമില്ല. കുടിയേറ്റക്കാർക്കെതിരെ വിദ്വേഷ​പ്രചാരണം നടത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തെ പിന്തുണയ്ക്കാനുമില്ല. പക്ഷേ, കേവലമായി സമകാലിക വിഷയങ്ങൾ വായിക്കുന്നത് അർത്ഥരഹിത വ്യായാമമാണ് എന്ന് പറയേണ്ടതുണ്ട്. ശ്രേണീകൃതമായ വിവേചനത്തിന്റെ പരിസരങ്ങളിൽ നിന്നുകൊണ്ടായിരിക്കണം ആ വായനകൾ, കാരണം അത്തരം വായനകൾ സാമൂഹിക നീതിയെ കുറിച്ചുള്ള സങ്കൽപ്പം കൂടിയാണ്.

ഡെക്കാൻ ക്രോണിക്കിളിലെ മാധ്യമ പ്രവർത്തകനാണ് ലേഖകൻ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Targeting ck janu tribal issues sabloo thomas