സോഷ്യല്‍ മീഡിയ എന്നത് സമൂഹത്തിന്റെ പൊതുബോധത്തില്‍ നിന്നും സ്വതന്ത്രമായ ഒരു ഇടമല്ല സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയും വര്‍ണ്ണവെറിയും വംശവെറിയും മുസ്ലീംവിരുദ്ധതയും ഒക്കെ തന്നെയാണ് സോഷ്യല്‍ മീഡിയയിലും പ്രതിഫലിക്കുന്നതും നിറഞ്ഞു നില്‍ക്കുന്നതും. എന്നാല്‍ സാധാരണ പൊതു ഇടങ്ങളില്‍ നിന്ന് വത്യസ്തമായി അസാധാരണമായ സ്ത്രീ സാന്നിധ്യം സോഷ്യൽ മീഡിയയില്‍ കാണാന്‍ കഴിയും സ്ത്രീ അടുക്കളയില്‍ നിന്നും വീട്ടില്‍ നിന്നും ഇറങ്ങി വന്നു കവലയില്‍ ഭയാശങ്ക ഇല്ലാതെ ചര്‍ച്ചകളുടെ ഭാഗമാകുന്നത് കാണാം അതിനര്‍ത്ഥം സോഷ്യല്‍ മീഡിയയില്‍ സ്ത്രീ സമത്വം ഉണ്ടാകുന്നു എന്നല്ല. പൊതുഇടങ്ങളില്‍ നിന്നും വത്യസ്തമായി സമയത്തിന്റെ നിയന്ത്രണങ്ങളോ ശരീരഭയമോ ഇല്ലാതെ സ്ത്രീക്ക് സംവദിക്കാന്‍ കഴിയും എന്നതാണ് സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ സമൂഹത്തിനേക്കാള്‍ കൂടുതല്‍ ഇടപെടാന്‍ കാരണം. എന്നാല്‍ ഈ പ്രായോഗിക അനുകൂല ഘടകത്തിലും സോഷ്യല്‍ മീഡിയയിലെ സ്ത്രീ നേരിടുന്ന സമകാലിക വെല്ലുവിളികൾ നേരിടുന്നുണ്ട്.
സ്ത്രീയുടെ സൈബര്‍ ജീവിതത്തില്‍ പുരുഷസമൂഹം കല്‍പ്പിച്ചു നല്‍കുന്ന ഇടങ്ങള്‍ക്കുള്ളില്‍ കഴിയാതെ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകള്‍ ഉള്ള ഓരോ സ്ത്രീയുടെയും ഓരോ ദിവസത്തെയും സോഷ്യല്‍ മീഡിയ ജീവിതം ഒരു സമരമാണ് . പൊതുബോധം കല്‍പ്പിച്ചു നല്‍കുന്ന ഇടങ്ങള്‍ എന്നാല്‍ ഒന്നുകില്‍ പാചക ഗ്രൂപ്പുകള്‍ അല്ലെങ്കില്‍ രാഷ്ട്രീയമോ ലിംഗസമത്വമോ ഒന്നും സംസാരിക്കാത്ത സിനിമാ,സാഹിത്യ ഗ്രൂപ്പുകള്‍ ഇവയിലൊക്കെ സ്ത്രീവിരുദ്ധതയുടെ വക്താക്കളായി “കുടുംബസ്ത്രീ” ആയി മാറുന്ന സ്ത്രീകള്‍ക്ക് വലിയ വരവേല്‍പ്പാകും സോഷ്യല്‍ മീഡിയ ആണ്‍കൂട്ടം നല്‍കുക . വലിയ ആക്രമണങ്ങള്‍ ഒന്നും അവര്‍ക്ക് നേരെ ഉണ്ടാകില്ല അവര്‍ തന്നെ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീവിരുദ്ധതയുടെ പ്രതിരൂപമായ ഓണ്‍ലൈന്‍ ആങ്ങളമാര്‍ സംരക്ഷകരായി ഉണ്ടാകും. അല്ലെങ്കില്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും ഫോട്ടോ ഒക്കെ ഷെയര്‍ ചെയ്തു കുറച്ചു പൂവും കായും പൂച്ചക്കുട്ടിയും ഒക്കെ മാത്രം പോസ്റ്റ് ചെയ്തു ഇരുന്നാലും കാര്യമായ ആക്രമണങ്ങള്‍ ഒന്നും ഉണ്ടാകില്ല ഇൻബോക്സ് തേടിയെത്തുന്ന ഞരമ്പ് രോഗികളെ മാത്രം ഭയന്നാല്‍ മതി.
ഇന്ത്യയിലെ പത്ത് പേരിൽ എട്ടുപേരും ഓൺലൈൻ ആക്രമണങ്ങൾക്ക് വിധേയരാകുന്നുവെന്നാണ് പുതിയപഠനം പറയുന്നു. 41 ശതമാനം സ്ത്രീകൾ ലൈംഗിക ആക്രമണങ്ങൾക്ക് ഓൺലൈനിൽ വിധേയമായതായും സൈബർ സെക്യൂരിറ്റി സൊലൂഷൻ സ്ഥാപനം നടത്തിയ പഠനത്തിൽ പറയുന്നു. ഇന്ന് പുറത്ത് വന്ന വാർത്തയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രധാനപ്പെട്ട നഗരങ്ങളിലാണ് ഇത് സംബന്ധിച്ച സർവേ നടത്തിയത്. അസഭ്യം, അധിക്ഷേപം, പരദൂഷണം, അപവാദപ്രചരണം, മോശമായ അഭിപ്രായപ്രകടനങ്ങൾ, ഭീഷണി, സംഘം ചേർന്നുളള ആക്രമണങ്ങളും അസഭ്യവർഷവുമെല്ലാം ഇതിലുണ്ട്.
ഗുരുതരമായ തലത്തിലുളള ഓൺലൈൻ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നത്. സർവേ പ്രകാരം 45ശതമാനം പേരം ശാരീരിക അക്രമത്തിന്രെ ഭീഷണി നേരിട്ടിട്ടുണ്ട്. 44 ശതമാനം പേർ സൈബർ ബുളളിയിങിന് വിധേയരായിട്ടണ്ടെന്നും റിപ്പോർട്ട് പറയുന്നു
അതിന്റെ തീവ്രത മനസിലാക്കാന്‍ ഒരു ഉദാഹരണം പറയാം തികച്ചും അപരിചിത ആയ ഒരു മുസ്ലീം പെണ്‍കുട്ടിയോട് സംഘടിത മത സംവിധാനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അപരിചിതനായ ഒരു യുവാവ് പൊതുനിരത്തില്‍ പോയി നീ തല മറച്ചു നടന്നോണം എന്ന് പറയാനുള്ള സാധ്യത വിരളമാണ് എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ തട്ടമിടീക്കല്‍ സംഘത്തിന്റെ ആക്രമണം നേരിടാത്ത സ്വതന്ത്ര നിലപാടുള്ള മുസ്ലീം നാമധാരികളായ സ്ത്രീകള്‍ വിരളം ആയിരിക്കും. ആദ്യം ഒരു ഉപദേശത്തിന്റെ രൂപത്തില്‍ തുടങ്ങുന്നവ പിന്നീടു ശകാരമായും പിന്നീടു റേപ്, ആസിഡ് ആക്രമണം നടത്തും എന്നൊക്കെയുള്ള ഭീഷണികളായും രൂപാന്തരം പ്രാപിക്കുന്നത് കാണാം ഏതെങ്കിലും ഒരു മതത്തിന്റെ കാര്യമല്ല ഇത് കക്ഷി രാഷ്ട്രീയ, മത, ജാതി, വര്‍ഗ്ഗ ഭേദമന്യേ പുരുഷാധിപത്യത്തിന്റെ വക്താക്കള്‍ പൊതുവേ പിന്തുടരുന്ന ഒരു രീതിയാണ് . തങ്ങള്‍ക്കു പരിചയമുള്ള ചുറ്റുപാടില്‍ നിന്ന് വത്യസ്തമായി സ്ത്രീ സാന്നിധ്യം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി പുരുഷബോധത്തില്‍ ഉടലെടുക്കുന്ന അസഹിഷ്ണുതയാണ് ഇതിന്റെ മൂല കാരണം.
കേരളത്തില്‍ ആയാലും ദേശീയ തലത്തില്‍ ആയാലും സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ഒട്ടു മിക്ക സ്ത്രീകളും ഈ ആക്രമണത്തിന് ഒരിക്കല്‍ എങ്കിലും വിധേയര്‍ ആയിട്ടുണ്ടാകും ചിന്താ ജെറോം, സിന്ധുജോയ് , രഞ്ജിനി ഹരിദാസ് എന്ന് തുടങ്ങുന്ന ആ നിര കേരളത്തില്‍ ഒടുവില്‍ ദീപാ നിശാന്തിലും അരുന്ധതി.ബി യിലും വന്നു നില്‍ക്കുന്നത് കാണാം അരുന്ധതി റോയ്, കവിതാ കൃഷ്ണന്‍, സുനിതാ കൃഷ്ണന്‍, സാനിയാ മിര്‍സാ തുടങ്ങി രാജ്യാന്തരതലത്തിൽ പ്രശസ്തരായവർ വരെ ഈ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡ് നടിമാരെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിച്ചു സാരി ഉടുപ്പിക്കാന്‍ നടക്കുന്ന സൈബര്‍ സംഘപരിവാര്‍ കൂട്ടം ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഫണ്‍ എലിമെന്റാണ് .
എന്തുകൊണ്ടാവും ഇങ്ങനെ ഒരു അസംഘടിതമായ ആള്‍ക്കൂട്ട ആക്രമണം തുടര്‍ച്ചയായി സ്ത്രീകള്‍ക്ക് മേല്‍ ഉണ്ടാകുന്നത് എന്നത് പരിശോധിക്കണം. സ്ത്രീ എന്നത് ആഹാരം പാചകം ചെയ്യാനും തന്റെ ലൈംഗീക സംതൃപ്തി വരുത്താനും കുട്ടികളെ പ്രസവിക്കാനും മാത്രമുള്ള ഉപകരണം മാത്രമാണ് എന്ന സങ്കപ്പത്തില്‍ നിന്നും ലോകം മുന്നോട്ടു പോയപ്പോള്‍ താന്‍ സ്വയം എന്ത് മാറി എന്ന് ഓരോ പുരുഷനും പുരുഷാധിപത്യ വക്താക്കളായ സ്ത്രീകളും സ്വയം ചോദിക്കണം. അവിടെ ഈ ആക്രമണങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിനുള്ള ഉത്തരവും ലഭിക്കും ഒരു പക്ഷെ, ഈ മാറ്റം ഉണ്ടായ രണ്ടു നൂറ്റാണ്ടു കൊണ്ട് നിങ്ങള്‍ അധികമായി വളര്‍ന്നത് കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് മുകളില്‍ സ്ത്രീയെ തൊഴിലെടുക്കാന്‍ അനുവദിക്കാം എന്നതിലേക്ക് കൂടി മാത്രം ആയിരിക്കാം.
ഈ പ്രകൃതി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ പ്രാകൃത വൈവാഹിക/കുടുംബ ജീവിത സങ്കല്‍പ്പത്തില്‍ ഒരു പുരുഷനെ മാത്രം അനുസരിച്ച് അടിമയായി കഴിയേണ്ട സ്ത്രീ സ്വതന്ത്രമായി വ്യക്തിത്വം ഉയ്യര്‍ത്തിപ്പിടിക്കുക എന്നാല്‍ അവനെ ധിക്കരിക്കുക എന്നാണു പൊതുബോധം അത് മുഴുവന്‍ പുരുഷാധിപത്യ അധികാര സങ്കല്‍പ്പങ്ങളുടെയും നേര്‍ക്കുള്ള വെല്ലുവിളി ആയാണ് മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുക സ്വാഭാവികമായും വികാരം വ്രണപ്പെടുമ്പോള്‍ അവര്‍ ദയനീയമായി നിലവിളിക്കും ആ നിലവിളിയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണമായി മാറുന്നത്. അപ്പോള്‍ ചികിത്സ ലഭ്യമാക്കേണ്ടതും ആ പൊതുബോധ സങ്കല്‍പ്പങ്ങൾക്കാണ്. സ്വന്തം യുക്തിക്ക് നിരക്കാത്ത അടിമത്ത ആശയങ്ങള്‍ അച്ഛനമ്മാര്‍ പറഞ്ഞു പഠിപ്പിച്ചാല്‍ പോലും തിരസ്കരിക്കാന്‍ പെണ്‍കുട്ടികള്‍ പഠിക്കണം സ്വന്തം ജീവിതത്തെ സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിയുന്ന സ്ത്രീക്ക് ധീരമായി പുരുഷാധിപത്യത്തെ ചോദ്യം ചെയ്യാന്‍ കഴിയും. ലിംഗ സമത്വം ആദ്യം സ്ഥാപിതമാകേണ്ടത് സ്ത്രീകളുടെ മനസിലാണ്.
ആക്രമണങ്ങള്‍ക്ക് ലിംഗ രാഷ്ട്രീയ മത ഭേദം ഒന്നും ഇല്ലെങ്കിലും ആക്രമ ശൈലിക്ക് കൃത്യമായ സ്ത്രീവിരുദ്ധതയുടെയും വര്‍ണ്ണവെറിയുടെയും വംശീയ അധിക്ഷേപത്തിന്റെയും ദളിത്‌വിരുദ്ധതയുടെയും ഒക്കെ മുഖമാണ് . അതൊരുപക്ഷേ നമ്മുടെ മുഖ്യധാര സിനിമകളും കോമഡി എന്ന് സ്വയം അവകാശപ്പെടുന്ന ടെലിവിഷന്‍ പ്രോഗ്രാമുകളും പകര്‍ന്നു നല്‍കുന്ന പൊതുബോധത്തിന്റെ പ്രതിഫലനം കൂടിയാകാം. ‘സ്ലട്ട് ഷെയിമിങ്’, ‘ബോഡി ഷെയിമിങ്’ എന്നിവയൊക്കെയാണ് മറ്റൊരു രീതി . അരാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ട തലമുറ മാത്രമല്ല കൃത്യമായ കക്ഷിരാഷ്ട്രീയ നിലപാടുള്ള വ്യക്തികളും ഇത്തരം ആക്രമണങ്ങളുടെ ഭാഗമാകുമ്പോള്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് വിരുദ്ധമായ പ്രകടനമാണ് നടത്താറുള്ളത്.
സൈബര്‍ ആക്രമണങ്ങളുടെ മറ്റൊരു മുഖമാണ് തരാരാധന. അരാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ട യുവത്വം ചെന്ന് വീഴുന്നത് ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന ഫാന്‍സ് അസോസിയേഷനുകളില്‍ ആണ് . അതില്‍ പ്രത്യേകമായി ഇന്ന താരം എന്നൊന്നും ഇല്ല . കുറെയേറെ കേസുകളില്‍ പ്രതിയായി ഗുണ്ടാ ആക്ടിലോക്കെ ജയില്‍ശിക്ഷ അനുഭവിച്ച ഒരാള്‍ ഈ ലേഖികയോട് പറഞ്ഞത് നമുക്ക് എളുപ്പത്തില്‍ കുറച്ചു കുട്ടികളെ സംഘടിപ്പിക്കണം എങ്കില്‍ ഏതെങ്കിലും തമിഴ് തെലുങ്ക് താരത്തിന്റെ പേരില്‍ ആ നാട്ടില്‍ ഒരു ഫാന്‍സ് യൂണിറ്റ് തുടങ്ങി കുറച്ചു സൗജന്യ സിനിമാ ടിക്കറ്റുകള്‍ വിതരണം ചെയ്‌താല്‍ മതി എന്നാണു . ഇതിന്റെ ഓണ്‍ലൈന്‍ പതിപ്പാണ് സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്ന ഫാന്‍സ് ഗ്രൂപ്പുകള്‍ പലതിന്റെയും പേര് ശ്രദ്ധിച്ചാല്‍ തന്നെ മനസിലാകും “മമ്മൂക്കയുടെ ചാവേറുകള്‍” “ലാല്‍ ആര്‍മി” ഇങ്ങനെയൊക്കെയാണ് പേരുകള്‍ 99 ശതമാനവും വ്യാജ IDകള്‍ ആയിരിക്കും വിതരണ കമ്പനികളുടെയും സിനിമാ പ്രമോഷന്‍ കമ്പനികളുടെയും ആസൂത്രണം അനുസരിച്ച് ഉപയോഗിക്കപ്പെടുകയാണ് ഇതില്‍ പെടുന്നവര്‍. സിനിമകളെ വിമര്‍ശിക്കുന്നവര്‍ താരങ്ങളെ വിമര്‍ശിക്കുന്നവര്‍ ഇവര്‍ക്കൊക്കെ നേരെ ലിംഗ രാഷ്ട്രീയ ഭേദമെന്യേ സൈബര്‍ ആക്രമണം നടത്തുക എന്നതാണ് രീതി. ഈയടുത്തു നടന്‍ ദിലീപ് ബലാത്സംഗ കേസിന്റെ ഗൂഢാലോചനയ്ക്ക് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴും ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ദൃശ്യമായിരുന്നു.
ഈ ആക്രമണങ്ങളുടെ അത്ര തലയെണ്ണം ഇല്ലെങ്കിലും ഇതിനെ ധീരമായ നേരിടുന്ന സ്ത്രീകളുടെ എണ്ണം സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി കൂടുന്നുണ്ട് എന്ന വസ്തുത പകര്‍ന്നു നല്‍കുന്ന പോസിറ്റീവ് എനര്‍ജി ചെറുതല്ല. സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നു എന്നതിനര്‍ത്ഥം സമൂഹത്തില്‍ ഉണ്ടാകുന്നു എന്നാണു ആക്രമണഭീതി ഇല്ലാതെ സമയ നിയന്ത്രണങ്ങള്‍ ഇല്ലാതെ സഞ്ചാര സ്വാതന്ത്ര്യം ലഭ്യമാകുന്ന ഒരു സുരക്ഷിത സമൂഹം ഉണ്ടാകുന്നതിന് ആനുപാതികമായി ഈ സൈബര്‍ ഇടത്തിലെ സ്ത്രീ സാന്നിധ്യം പതിയെ പൊതു ഇടത്തിലേയ്ക്കിറങ്ങും . എങ്ങനെ അധിക്ഷേപിച്ചാലും സ്ത്രീ ഭയപ്പെട്ടു മാളത്തില്‍ കഴിയും എന്ന പരമ്പരാഗത പുരുഷ ബോധം സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപെടുന്നുണ്ട്. രാഷ്ട്രീയ ബോധം ഉണ്ട് എന്ന് പുറമേ മുഖംമൂടി അണിയുന്ന പുരുഷന്‍മാര്‍ പോലും ആ മുഖംമൂടി സംരക്ഷിക്കാന്‍ ആ പരമ്പരാഗത ബോധത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് പിറകില്‍ അണിനിരക്കുന്നുണ്ട്.
നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലുകളെ പുറംകാലു കൊണ്ട് തൊഴിച്ചു കൊണ്ട് ലിംഗസമത്വത്തിന്റെ പതാകവാഹകര്‍ ആണ് ഈ നൂറ്റാണ്ടിലെ സ്ത്രീ. ലിംഗസമത്വത്തിന്റെ രാഷ്ട്രീയ വായനകളാണ് ലോകത്തെ ഇനി മുന്നോട്ട് നയിക്കുക.
മോഡലും ആക്ടിവിസ്റ്റുമാണ് ലേഖിക