തനിഷ്‌കിന്റെ എല്ലാ പരസ്യങ്ങളെയും പോലെ, മുസ്ലിം അമ്മായിയമ്മയുടെയും ഹിന്ദു മരുമകളുടെയും പരസ്യവും മനോഹരമാണ്. തെറ്റായ അര്‍ത്ഥമുള്ള ആഖ്യാനമാണെന്നും ഇത്തരം ബന്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിലവിലില്ലെന്നും നാം കരുതുന്നുവെന്നാണ് ഈ പരസ്യം പിന്‍വലിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ അത്തരം ബന്ധങ്ങളുണ്ടെന്നതിന്റ ജീവനുള്ള തെളിവാണ് ഞാന്‍. ആ പരസ്യത്തിലെ അമ്മയുടെ വയറ്റിലെ കുഞ്ഞാണ് ഞാന്‍.
എന്റെ മാതാപിതാക്കള്‍ 1971 ല്‍ കണ്ടുമുട്ടിയപ്പോള്‍ ‘ലൗ ജിഹാദ്’ എന്ന വാക്ക് കേട്ടിട്ടില്ല. തൊഴില്‍മേഖലയിലെ ചൂഷണം, ജാതി അടിച്ചമര്‍ത്തല്‍, ഗോത്രജനതയുടെ പാര്‍ശ്വവല്‍ക്കരണം എന്നിവയ്‌ക്കെതിരെ സമരങ്ങള്‍ നയിച്ച മഹാരാഷ്ട്രയിലെ സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയായ യുവക് ക്രാന്തിദള്‍ അംഗമായിരുന്നു ഇരുവരും. സംഘടനയില്‍ ചേര്‍ന്നപ്പോള്‍ എന്റെ അമ്മ പതിനെട്ടു വയസുള്ള, പച്ചക്കണ്ണുകളുള്ളതും എപ്പോഴും ചിരിക്കാന്‍ സന്നദ്ധയുമായ സുന്ദരിയായിരുന്നു. ചുറ്റുമുള്ള മിക്ക പുരുഷന്മാരും അവളേക്കാള്‍ പ്രായമുള്ളവരായിരുന്നു. ഗ്രാമീണര്‍, ദരിദ്രര്‍, ദളിത്, മുസ്ലിം തുടങ്ങി വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നു അവരെല്ലാം.
പലരും അവളെ കണ്ടമാത്രയില്‍ തന്നെ ആകൃഷ്ടരായി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. വിവാഹം കഴിക്കാനുള്ള ആഗ്രഹമുള്ള ചില ചെറുപ്പക്കാര്‍, അക്കാര്യം തുറന്നുപറയാതെ ആഗ്രഹസാധ്യത്തിനായി ബാബയെ സമീപിച്ചിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അമ്മയുടെ കുടുംബ പശ്ചാത്തലം നിരുത്സാഹപ്പെടുത്തുന്നതായിരുന്നു. മാര്‍ക്സിയന്‍ ഗാന്ധിയന്‍ പണ്ഡിതനായ നളിനി പണ്ഡിറ്റിന്റെ മകളായിരുന്നു അവള്‍. പണ്ഡിറ്റ് കുടുംബം സമ്പന്നരും പ്രശസ്തരുമായിരുന്നു. ദാദറില്‍ അവര്‍ക്ക് ഒരു വലിയ വീടും കാറുകളും ടെലിഫോണും ഉണ്ടായിരുന്നു.
ചിപ്ലൂണില്‍നിന്നുള്ള കൊങ്കണി മുസ്ലിമായിരുന്ന സഖാവിനെ വിവാഹം കഴിക്കാന്‍ അവള്‍ തീരുമാനിച്ചപ്പോള്‍ മതവികാരം ഇരുവശത്തും ഉയര്‍ന്നു. പരിചയക്കാരായ പ്രായമായ സ്ത്രീകള്‍ അവളെ ദാദര്‍ തെരുവുകളില്‍ തടഞ്ഞുനിര്‍ത്തി ‘നീ മുസ്ലിമിനെ വിവാഹം കഴിക്കുകയാണോ? ശ്രദ്ധിക്കണം, അവര്‍ക്ക് മുത്തലാഖ് രീതിയുണ്ട്’ എന്ന് പറഞ്ഞു.
Also Read: മിശ്ര വിവാഹങ്ങൾ ഇന്ത്യയിൽ; കണക്കുകളും വസ്തുതകളും
എന്തുകൊണ്ടാണ് അവന്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നാണ് ബാബയുടെ മൂത്ത ജ്യേഷ്ഠനായ ഹമീദ് ദല്‍വായിയോട് ആളുകൾ ആളുകൾ ചോദിച്ചത്. മുസ്ലിം പരിഷ്‌കരണവാദിയായ അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു ഇത് . സോഷ്യലിസ്റ്റ് ഗാന്ധിയന്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള ചെറിയ വിവാഹം എന്ന ആശയത്തെ തള്ളിയ അദ്ദേഹം വന്‍ ആഘോഷമായി നടത്തണമെന്നും അങ്ങനെ അവര്‍ വിവാഹിതരായെന്ന് എല്ലാവരും അറിയുമെന്നും ചിന്തിച്ചു. ധാരാളം വിവാഹക്കത്ത് അച്ചടിച്ച് കണ്ടുമുട്ടിയവരെയെല്ലാം ക്ഷണിച്ചു.
എന്റെ മുത്തശ്ശിയുടെ കഥകളനുസരിച്ച്, ആ കല്യാണത്തിന് എത്രപേര്‍ പങ്കെടുത്തുവെന്നതിന് ഒരു കണക്കുമില്ല. വിവാഹ ഹാള്‍ ചെറുതും മൊത്തം താറുമാറായതുമായിരുന്നു. കൊകം സര്‍ബത്തായിരുന്നു അതിഥികള്‍ക്ക് ആകെ കിട്ടിയത്. മൂവായിരം ഗ്ലാസ് വിതരണം ചെയ്തു. ധാരാളം ആളുകള്‍ക്കു ഹസ്തദാനം നല്‍കുകയും പുഞ്ചിരിക്കുകയും ചെയ്തതോടെ എന്റെ മാതാപിതാക്കളുടെ കൈകളും കവിളുകളും വേദനിക്കാന്‍ തുടങ്ങി.
”എന്റെ പൊന്നിഷ്ടാ, നിങ്ങളുടെ വിവാഹത്തില്‍ ആകെ ആശയക്കുഴപ്പം. ഞങ്ങള്‍ ഒരു തരത്തില്‍ രക്ഷപ്പെട്ടത് ഭാഗ്യം!”എന്ന് സുഹൃത്തുക്കള്‍ പിന്നീട് അമ്മയോട് പറഞ്ഞു. മിര്‍ജോളി ഗ്രാമത്തിലും വിവാഹാഘോഷം നടന്നു. അവിടെ, മുംബൈയില്‍നിന്ന് കാറുകളില്‍ എത്തിയ പണ്ഡിറ്റ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ദാല്‍വായ് കുടുംബം ബിരിയാണി ഉൾപ്പെടെയുള്ള വലിയ വിരുന്നാണ് ഒരുക്കിയത്.
ഭര്‍ത്താവിന്റെ ബന്ധുക്കളില്‍നിന്ന് തനിഷ്‌ക് രീതിയിലുള്ള സ്വര്‍ണാഭരണങ്ങളൊന്നും അമ്മയ്ക്കു ലഭിച്ചിരുന്നില്ല. വാസ്തവത്തില്‍, എന്റെ അമ്മ ആദ്യമായി ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ വെള്ളിക്കമ്മലുകള്‍ കണ്ട് സ്തബ്ധയായി. ”പാത്രങ്ങളും തളികകളും ഉണ്ടാക്കാനുള്ളതല്ലേ വെള്ളി”എന്ന് സാരസ്വത സമുദായത്തിലെ ദീപാവലി വിരുന്നുകളെക്കുറിച്ച് ആലോചിച്ചുകൊണ്ട് അമ്മ മനസില്‍ പറഞ്ഞു. അത് വര്‍ഗങ്ങള്‍ തമ്മിലുള്ള അകലമായിരുന്നു. എന്നാല്‍ ‘തങ്ങളുടെ കഴിവിന് അനുസരിച്ച് കൊടുക്കുക, ആവശ്യത്തിന് എടുക്കുക’ എന്ന സോഷ്യലിസ്റ്റ് തത്വങ്ങളെ അടിസ്ഥാനമാക്കി വിപുലമായ കുടുംബത്തെ നെയ്തെടുക്കാൻ അമ്മയ്ക്കു കഴിഞ്ഞു.
Also Read: ഡല്‍ഹി കലാപ കുറ്റപത്രം: ഗൂഢാലോചനയെയും ശത്രുവിനെയും സൃഷ്ടിക്കുന്ന തിരക്കഥ
മുംബൈ കോളേജിലെ ലക്ചററായ അമ്മ ശമ്പളത്തില്‍നിന്ന് ഗ്രാമത്തിലെ പാവപ്പെട്ട സഹോദരങ്ങള്‍ക്കു പണം നല്‍കി. കാരണം എന്റെ പിതാവ് മുഴുവന്‍സമയ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. തൊഴിലാളി റാലികളും ഗോത്രവര്‍ഗക്കാരെ സംഘടിപ്പിക്കുന്ന യോഗങ്ങളുമായി അദ്ദേഹം തിരക്കിലായിരുന്നു. വിദ്യാഭ്യാസത്തിനു പണം നല്‍കിയ അമ്മ, ബന്ധുക്കളെ ചികിത്സയ്ക്കും വിവാഹ ഷോപ്പിങ്ങിനുമായി ബോംബെയിലെ ഞങ്ങളുടെ ഫ്‌ളാറ്റിലേക്കു കൊണ്ടുവന്ന് താമസിപ്പിച്ചു. അവര്‍ വിശാല കുടുംബത്തിന്റെ തറവാട്ടമ്മയായി മാറി.
മെലിഞ്ഞ നക്ഷത്രക്കണ്ണുള്ള മരുമകള്‍, സ്ത്രീകള്‍ക്കു മാത്രം കഴിയുന്നതുപോലെ മുസ്ലിം കുടുംബത്തില്‍ നുഴഞ്ഞുകയറിയത് തനിഷ്‌ക് ട്രോളുകള്‍ക്ക് മനസിലാകുന്നില്ല. ഇത് ലൗ ജിഹാദല്ല, മുസ്ലിങ്ങളുടെ ഘര്‍ വാപ്സിയാണ്. ട്രോളുകള്‍ മുസ്ലിം വിരുദ്ധം മാത്രമല്ല, സ്ത്രീവിരുദ്ധം കൂടിയാണ്. മകളെ ‘നല്‍കുന്നത്’ തോല്‍വിയാണെന്ന് അവര്‍ കരുതുന്നു. പരസ്യത്തിലെ മുസ്ലിം കുടുംബം ഹിന്ദു ആചാരം ആഘോഷിക്കുകയാണെന്ന വസ്തുത അവര്‍ക്ക് വിട്ടുകളയുന്നു. എന്റെ കുടുംബം ഇരുവശത്തുനിന്നുമുള്ള ബന്ധുക്കളോടൊപ്പം ഈദും ദീപാവലിയും ആഘോഷിക്കുന്നു. എല്ലാവരും ഉത്സവകാലത്ത് നല്ല ഭക്ഷണം കഴിക്കാനും നല്ല വസ്ത്രങ്ങൾധരിക്കാനും ഇഷ്ടപ്പെടുന്നു.
അച്ഛന്‍ മുസ്ലിമാണെന്നതുപോലെ എന്റെ അമ്മ ഇപ്പോഴും ഹിന്ദുവാണ്. മതപരമായ ആചാരങ്ങള്‍ പാലിക്കുന്നില്ലെങ്കിലും ഇരുവരും സാംസ്‌കാരിക ആഘോഷങ്ങള്‍ ആസ്വദിക്കുന്നു. ജന്നത്ത് പൂകാന്‍ ഇസ്ലാം മതത്തിലേക്കു മാറാന്‍ ആദ്യകാലത്ത് എന്റെ അമ്മയോട് മുതിര്‍ന്ന ബന്ധുക്കള്‍ നിര്‍ദേശിച്ചിരുന്നു. ”ഞാനൊരു ഭൗതികവാദിയാണ്. ഈ ജീവിതത്തില്‍ ഇവിടെ, ഇപ്പോള്‍ എനിക്ക് എങ്ങനെ പ്രയോജനം ലഭിക്കുമെന്ന് പറയുക,” എന്നാണ് അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് അമ്മ അവരോട് പറഞ്ഞിരുന്നത്.
വിവാഹം കഴിഞ്ഞ് കുറച്ചുമാസങ്ങള്‍ക്കു ശേഷം സ്വന്തം വ്യക്തിത്വം സ്ഥാപിക്കാനായി അമ്മ നെറ്റിയില്‍ ചുവന്ന വലിയ പൊട്ട് ധരിക്കാന്‍ തുടങ്ങിയിരുന്നു. ഇക്കണണോമിക്‌സ് അധ്യാപികയായി ജോലി ആരംഭിച്ച അമ്മ വിദ്യാര്‍ത്ഥികളെപ്പോലെ ചെറുപ്പമായി തോന്നിച്ചിരുന്നു. എന്നാല്‍ ചുവന്ന വലിയ പൊട്ടും സാരിയും കാഴ്ചയിൽ അമ്മയെ ഗൗരവക്കാരിയും പ്രൊഫഷണലുമാക്കി. നല്‍കി. വിപ്ലവകരമായ പാത തുടര്‍ന്ന അവര്‍ ബദല്‍ മൂല്യവ്യവസ്ഥയില്‍ ഞങ്ങളെ വളര്‍ത്തി.
Also Read: കോവിഡില്‍നിന്ന് രക്ഷിക്കാന്‍ പ്രായമായവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്
വര്‍ധിച്ചുവരുന്ന വർഗീയത തങ്ങളുടെ മക്കള്‍ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് അവര്‍ക്ക് സംശയമുണ്ടായിരുന്നു. റഷ്യന്‍ പുസ്തകങ്ങളിലൂടെയും മിശ്ര കുടുംബങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും ഞങ്ങള്‍ക്കു ദിശാബോധം നല്‍കാന്‍ അവര്‍ കഠിനമായി ശ്രമിച്ചു. എന്നിട്ടും വർഗീയകലാപങ്ങളില്‍നിന്നും ശത്രുതയില്‍ നിന്നും ഞങ്ങളെ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ, ഭിന്നതകൾ ഞങ്ങള്‍ക്ക് ശക്തി നല്‍കി. ഞങ്ങള്‍ പഠനങ്ങളും പുസ്തകങ്ങളും ആസ്വദിച്ചു, വിദേശനാടുകളിൽ യാത്ര ചെയ്തു, സമാനഗുണമുള്ളവര കണ്ടെത്തി, അവരെ ഞങ്ങളുടെ കുടുംബത്തിലേക്കു ചേര്‍ത്തുവച്ചു.
എന്റെ സഹോദരന്‍ ചൈനയിലെ ഹൈനാന്‍ പ്രവിശ്യയില്‍നിന്നാണ് വിവാഹം കഴിച്ചത്. തെലങ്കാന റെഡ്ഡിയാണ് എന്റെ പങ്കാളി. നാഗാലാന്‍ഡിലെ മോൺ പട്ടണത്തിൽനിന്നു മകളെ ഞാന്‍ ദത്തെടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും പൊതു പാര്‍ക്കില്‍ ഒരുമിച്ച് കളിക്കുമ്പോള്‍ പാതി ചൈനക്കാരനായ ആണ്‍കുട്ടിയെയും മറാത്തി-തെലുങ്ക് പെണ്‍കുട്ടിയെയും അവളുടെ കൊച്ചനുജത്തിയായ കൊച്ചു നാഗ യോദ്ധാവിനെയും കണ്ട് ആളുകള്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കും. കുടുംബം ഒരുമിച്ച് കൂടുമ്പോൾ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തെലുങ്ക്, മാന്‍ഡരിന്‍, കൊങ്കണി എന്നീ ഭാഷകൾ സംസാരിക്കുന്നു
ഏകശിലാ ഭാവനകളുള്ള ‘സാധാരണ’ ആളുകള്‍ ‘പക്ഷേ എങ്ങനെ സംഭവിച്ചു …? അല്ലെങ്കില്‍ ‘ഇത് …?’ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി വരുമ്പോള്‍ ഞങ്ങള്‍ പുഞ്ചിരിക്കുന്നു. ട്രോളുകള്‍ക്കുള്ള ഉത്തരമാണ് ഞങ്ങളുടെ ജീവിതം. ഞങ്ങള്‍ നിലനില്‍ക്കന്നുണ്ട്. സമ്മിശ്ര കുടുംബങ്ങൾ ജീവിക്കുക മാത്രമല്ല അഭിവൃദ്ധിപ്പെടുകയും തഴയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളോ, അങ്ങേയറ്റം മടുപ്പുളവരാകുന്നു.
- ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളിലെ പ്രൊഫസറാണ് സമീന ദല്‍വായ്
Read in IE: Mixed race not only lives but thrives. Withdrawing Tanishq ad means denying our reality