സ്വീഡിഷ് ചലച്ചിത്ര സംവിധായകനായ ഇംഗ്മാര്‍ ബർഗ്‌മാന്റെ ജന്മശതാബ്ദി ഇന്നാണ്. അഞ്ച് ദശകങ്ങൾ നീണ്ട ചലച്ചിത്ര ജീവിതത്തിൽ അറുപത് സിനിമകളാണ് അദ്ദേഹം ലോകത്തിന് സംഭാവന ചെയ്തത്. കാലങ്ങളായി മനുഷ്യകുലത്തെ ആശങ്കയിലാഴ്ത്തുന്ന പാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും അസ്തിത്വപരമായ മൗലികമായ ചോദ്യങ്ങളുയർത്തിയവയായിരുന്നു ആ സിനിമകൾ. ആലോചനാനിമഗ്നമായ, തണുത്ത സ്കാൻഡിനേവിയൻ പ്രകൃതിയുടെ പശ്ചാത്തലത്തിൽ ജീവിതത്തിന്റെ അർത്ഥം, ദൈവവും വിശ്വാസവും എന്നിങ്ങനെ മനുഷ്യബന്ധങ്ങളിലെ സൂക്ഷ്മമായ അടരുകൾ തേടിയവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ. ‘ദ് സെവൻത് സീൽ,’ ‘വൈൽഡ് സ്ട്രോബറീസ്,’ ‘ക്രൈസ് ആൻഡ് വിസ്പേഴ്സ്,’ ‘സൈലൻസ്,’ ‘വിന്റർലൈറ്റ്,’ ‘ത്രൂ എ ഗ്ലാസ് ഡാർക്ക്ലി,’ ‘പേഴ്സണോ വെയറിനോട്ട്,’ എന്നിവയൊക്കെ തീർച്ചയായും ബോക്സ് ഓഫീസ് ഹിറ്റുകളായിട്ടില്ല. പക്ഷേ, ബർഗ്മാന്റെ ചിത്രങ്ങൾ പുറത്തിറങ്ങി ദശകങ്ങൾ കഴിഞ്ഞിട്ടും ഇന്നും അവ ചലച്ചിത്രപ്രേമികളെ ആകർഷിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

ബർഗ്മാൻ എന്ന പ്രതിഭയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തെ വിടാതെ പിന്തുടർന്നിരുന്ന വലിയ ചോദ്യങ്ങൾക്കുളള ഉത്തരം തേടിയുളള യാത്രകളായിരുന്നു ആ സിനിമകളെല്ലാം. ബർഗ്മാന്റെ ഇഷ്ടപ്പെട്ട സ്വീഡിഷ് എഴുത്താകാരനായിരുന്ന  അഗസ്റ്റ് സ്ട്രിൻബർഗിനെ പോലെ അദ്ദേഹത്തിനും തന്നെ അസ്വസ്ഥമാക്കിയ ചോദ്യങ്ങളുടെ ഉത്തരം തേടി നടത്തുന്ന പോരാട്ടത്തിനുളള മാധ്യമമായിരുന്നു സിനിമ. ഛായാഗ്രാഹകനായ സ്വെൻ നിക്വിസ്റ്റ്, അഭിനേതാക്കളായ ലിവ് ഉൾമാൻ, ഹാരിയെറ്റ്, ബിബി അൻഡേഴ്സൺ, മാക്സ്‌വോൺ സിഡൗ തുടങ്ങി ആത്മാർത്ഥയുടെ ഒരു സംഘവുമായി അദ്ദേഹം വീണ്ടും വീണ്ടും ഈ വിഷയങ്ങളുമായി സിനിമകളിൽ നിന്നും സിനിമകളിലേയ്ക്ക് സഞ്ചരിച്ചു. മനുഷ്യാവസ്ഥയെ കുറിച്ച് ലളിതമായ കഥ പറച്ചിലിലൂടെ ലോകത്തോട് സംവദിച്ച റഷ്യൻ സാഹിത്യകാരൻ ഫയോദർ ദസ്തേവിസ്കിയെ പോലെ ബെർഗ്മാനും കല എന്നത് തത്വശാസ്ത്രത്തിന്റെ വ്യവഹാരമായിരുന്നു.

Read More: മരണം കൊണ്ട് നൃത്തം ചെയ്ത സംവിധായകൻ: ഇംഗ്‌മാർ ബർഗ്‌മാനെ ഓർക്കുമ്പോൾ

ബർഗ്മാന്റെ പ്രധാനപ്പെട്ട പല ചലച്ചിത്രങ്ങളും രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ട് പിന്നാലെയായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ​ യൂറോപ്പും ഫാസിസവുമായുളള സമാഗമത്തെ കുറിച്ചുളള പരോക്ഷ അടയാളപ്പെടുത്തലുകളായിരുന്നു. ‘ദ് സെവൻത് സീലി’ലെന്ന പോലെ കുറ്റബോധവും വിശ്വാസ പ്രതിസന്ധിയുമൊക്കെ യുദ്ധകാലത്തിന് ശേഷവും മാറ്റൊലി പോലെ നിലകൊണ്ടു. ‘ദ് സെവൻത് സീലി’ൽ പ്ലേഗിനെ തുടർന്ന് തകർന്ന ഭൂപ്രദേശത്ത് യോദ്ധാവായ കഥാപാത്രം അയാളുടെ ദൈവവിശ്വാസത്തെ കുറിച്ചുളള സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്. മരണവുമായുളള ചതുരംഗക്കളിയിലൂടെയാണ് വിശ്വാസവും അവിശ്വാസവും തമ്മിലുളള മാനസികസംഘർഷത്തിന്റെ അന്തഃസത്തയിലേയ്ക്കുളള കാഴ്ചകൾ. ഇത് യുദ്ധാനന്തര യൂറോപ്പിന്റെ ധാർമ്മികമായ അന്തഃസാരശൂന്യമായ ഇടങ്ങളെ കുറിച്ചുളള അന്യാപദേശ കഥയാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ഏകാന്തത, പ്രണയ പരാജയങ്ങളും ബന്ധങ്ങളെ കരുപ്പിടിപ്പിക്കുന്നതിലും നേരിടുന്ന തോൽവികൾ, ചുറ്റുമുളള​ ലോകത്തെ തിരിച്ചറിയാൻ സാധിക്കാതെ പോകുന്നവരാണ് അദ്ദേഹത്തിന്റെ ധാർമ്മിക ലോകത്തിൽ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ സാർവ്വജനീന സ്വഭാവം ആർജ്ജിച്ചെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook